അനിത്യസമുദയങ്ങളുടെ പുതുകലാചാരവഴക്കം – ഡോ. അജയ് എസ്. ശേഖർ
കോതായം
മണ്ണിനെയും മനുഷ്യരെയും കോതയുടെ അറിവൻപനുകമ്പയുടെ അരുളിൻ ആഴത്തിലടയാളപ്പെടുത്തിയ ആദിമ അദ്വയവാദമായ അനിത്യവാദവും സമുദയവാദവും അനാത്മവാദവും വർത്തമാന ചരിത്രത്തെയും സംസ്കാരത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പുതുകലയെയും നിർണയിക്കുന്നതെങ്ങനെയെന്നാണ് കോതായം എന്ന പുതുകലാചാരവഴക്കം തിരയുന്നത്.
മഞ്ഞവന്നു, പച്ചവന്നു, വന്നിതോറഞ്ചുവർണവും
കലർന്നിരുന്ന കരിയിൽ പരന്നീവർണമൊക്കെയും – “മിശ്രം,” സഹോദരനയ്യപ്പൻ
നിങ്ങളേതു കോത്താഴത്തുകാരാണെന്ന ചോദ്യം ഭാഷയിലുണ്ട്. കോതായം, കോത്താഴം എന്നിവയെല്ലാം കോട്ടയത്തിൻ കിഴക്കൻപ്രദേശങ്ങളുടെ പുരാതന ഊരുപേരുകളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളാണ്. ഇന്നത് പൊൻകുന്നം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി ദേശക്കാരെക്കുറിച്ചുമാത്രമുള്ള പരിഹാസാഖ്യാനമായി മാറിയിരിക്കുന്നു. കോതയുടെ അഥവാ കോതമരുടെ അതായത് ഗോതമബുദ്ധരുടെ പേരിലാണതു തുടങ്ങുന്നത്. തിരുഗോതമപുരം ഇന്നത്തെ കോട്ടയം പട്ടണവട്ടത്തിനകത്തുണ്ട്. അവിടെനിന്നാണ് ബുദ്ധരുടെ ശില്പം കിട്ടിയതെന്ന് എസ്. ശങ്കു അയ്യർ കേരളവും ബുദ്ധമതവും എന്ന പുത്തകത്തിൽ (എൻ.ബി.എസ്, 1963) എഴുതി.
കേരപുത്തോ എന്നു കേരളമക്കളെ ചരിത്രത്തിലാദ്യമായി അക്ഷരാഭിവാദ്യം ചെയ്ത മഹാനായ അശോകമൗര്യരുടെ കാലംമുതലുള്ള സ്തൂപ, സ്തംഭ, ചൈത്യവിഹാരസൂചകങ്ങളായ സ്ഥലനാമങ്ങൾ, മുട്ടങ്ങളും വട്ടങ്ങളും പള്ളികളും മംഗലങ്ങളും കോട്ടയത്തെ വട്ടംചുറ്റുന്നു. ആധുനിക കോട്ടയത്തിൻ ചുറ്റുവട്ടങ്ങളെല്ലാം കോതയുടെ ഭൂതായ്മയും നിതാന്തസന്നിഹിതത്തവും നിറയുന്നു. കേരളത്തിലെയും തമിളകത്തെയും ഊരുപേരുകളിലും കോതയും മംഗളങ്ങളും നിറയുന്നു. മുസിരിസിന്റെ പഴയ പേരുകളിലൊന്ന് മാക്കോതൈപട്ടണം എന്നതായിരുന്നു.
കോതമംഗലം എറണാകുളം ജില്ലയിലും കോഴിക്കോടുജില്ലയിലെ കൊയിലാണ്ടിയിലുമുണ്ട്. കോതാട്, കോതപറമ്പ്, കോതനല്ലൂർ, കോതകുളങ്ങര എന്നിങ്ങനെ കോതമരുടെ പേരിലുള്ള ഊരുപേരുകൾ കേരളത്തിലെമ്പാടും ആവർത്തിക്കുന്നു. രായാ അസോകോ എന്നു പാലിയിൽ ധമ്മലിപിയിൽ സന്നതി സ്തൂപത്തിലടക്കം രേഖപ്പെടുത്തിയിട്ടുള്ള അശോകമന്നരുടെ പേരിലുള്ള അശമന്നൂരും മന്നർകാടുകളും മന്നവൻചോലയും രായമംഗലവുമെല്ലാം കേരളത്തിലെമ്പാടും ചെറിയ രൂപമാറ്റങ്ങളോടെ നിലനിൽക്കുന്നു. ഇത്രയധികം സ്ഥലനാമങ്ങളുടെ പൊതുസൂചകവും സൂചിതവുമായ കോത ലോകചരിത്രത്തെത്തന്നെ തന്റെ അനിത്യസമുദയവാദങ്ങളിലൂടെ കാരുണികമായും മൈത്രീപൂർണമായും മാറ്റിയ കോതമ അഥവാ ഗോതമബുദ്ധനാണെന്നു വ്യക്തം.
മധ്യകാലത്തു നടന്ന ജാതിജന്മിനാടുവാഴിത്ത സൈനികസായുധവൽക്കരണങ്ങളെയും സംസ്കാരാധിനിവേശങ്ങളെയും ചാതുർവർണ്യ അധീശവൽക്കരണങ്ങളെയും തുടർന്ന് കോതയുടെ അയവും ആഴവും കോട്ടയുടെ അയമായ അഥവാ കുളമായ കോട്ടയമായി. അശോകകാലം മുതൽ ബൗദ്ധമായിരുന്ന തളിയിൽ കോട്ടവരികയും അതു ബ്രാഹ്മണികഹൈന്ദവമായി മാറുകയുംചെയ്തു. പതിനഞ്ചാംനൂറ്റാണ്ടോടെ തെക്കുംകൂറും വടക്കുംകൂറും നാട്ടുമാടമ്പിത്തമാർന്നു. പൗരോഹിത്യപടയാളി ചങ്ങാത്തങ്ങളും പടവെടികളും ഗൂഢാലോചനകളും മധ്യകാലംവരെ നിലനിന്ന അശോകൻ പ്രബുദ്ധതയുടെ തുടർച്ചയായിരുന്ന പേരകത്തുശ്ശേരി തണ്ടാരുടെ മുസ്ലീം പടയാളികളെയുപയോഗിച്ചുള്ള കുൽസിതമായ വധവും നടന്നു. തണ്ടാർ കേവുവഞ്ചിയിൽ തേങ്ങയ്ക്കുപകരം ഒതളങ്ങയുമായി വരുന്നുവെന്ന കള്ളപ്രചരണംനടത്തിയായിരുന്നു ഇത്. മാബലി അഹങ്കാരിയാണെന്നായിരുന്നു വാമനവേദാന്തവ്യാഖ്യാനം. ശംബൂകനും മോക്ഷം നൽകുന്ന ആത്മാരമണൻമാർ ഗാന്ധിയൻ രാമരാജ്യത്തിൽ സ്മൃതികൾനോക്കി ഭരിക്കുന്നു. അവിടെ ശൂദ്രനും സ്ത്രീക്കും അവർണർക്കും സഹോദരമതസ്ഥർക്കും നീതികിട്ടുമോ എന്ന ചോദ്യം ഒരു നൂറ്റാണ്ടുമുമ്പു ചോദിച്ചത് ഗുരുവാണ്.
കോതായം കോതാഴവും കോത്താഴവുമായി അപരവൽക്കരിക്കപ്പെട്ട് കിഴക്കൻ മലയടിവാരത്തെങ്ങോ കാഞ്ഞിരപ്പള്ളിയോരങ്ങളിൽ മൂടൽമഞ്ഞുപോല മാഞ്ഞുമറഞ്ഞു. ഏതപ്പാ കോതമംഗലമെന്നും വായിൽവരുന്നത് കോതയ്ക്കു പാട്ടെന്നും വരേണ്യരായ മലയാളികുലീനർ സ്വയംപറഞ്ഞു. അവളൊരു സുന്ദരിക്കോതയെന്ന് അവർണരായ സ്ത്രീകളെയും അവരുടെ ഉടലഴകുകളെപ്പോലും ഇകഴ്ത്തുകയും അപരവൽക്കരിക്കുകയുംചെയ്യുന്ന നവവാങ്മയവ്യവഹാരങ്ങളുണ്ടായി. ജനായത്തപരവും പ്രാതിനിധ്യപരവുമായ ഭരണഘടനാഭരണത്തിനെതിരായ ബ്രാഹ്മണീയമായ ആണത്താധീശത്തത്തിൽ സവർണ സിറിയൻ സമവായവും പൊതുബോധവും മാധ്യമപരവും അക്കാദമികവുമായ നവചങ്ങാത്തവുമുണ്ടായി. കോത്താഴത്തുകാരെ കളിയാക്കുന്നതിലൂടെ തങ്ങളുടെ മൂലത്തെ തന്നെ അവരപരവൽക്കരിച്ചു സ്വയം വരേണ്യരും കുലീനരും ബൗദ്ധികശ്രേഷ്ഠരുമായി. സ്വന്തം ചരിത്രത്തെ മായിക്കാനായി പളളിപ്പേരുകളെ വരേണ്യത പിള്ളിയും പുള്ളിയും വള്ളിയും മുള്ളിയുമാക്കി കൃതാർഥതതേടി. ഈളം അഥവാ സംഘത്തെ സൂചിപ്പിക്കുന്ന സംഘടിതമായ ഇഴചേർന്ന ഈഴം എന്നപദം ചേർന്ന ഊരുപേരുകളെ ഇളവും ഏഴവും ഏലവുമൊക്കെയാക്കി. ഇളംപള്ളിയും ഇളംകാവും ഇളംകല്ലും ഇളംകുളവും ഏലംകുളങ്ങളും ഏഴംകുളവും ഏഴങ്ങളും വീട്ടുപേരുകളിലടക്കം വ്യാപകമായി.
ഇന്നും കോത്താഴത്തുകാരെക്കുറിച്ചുള്ള അപരവൽക്കരണ പരിഹാസാഖ്യാനങ്ങൾ ധാരാളമാണ്. പതിനാറാംനൂറ്റാണ്ടിൽ പളളിവാണർ രണ്ടാമൻ ബുദ്ധവിഹാരമായി സ്ഥാപിച്ച കിളിരൂർ കുന്നുമ്മേൽ ഭഗവതിയുടെ, ബുദ്ധമാതാവായ മഹാമായയുടെ സാന്നിധ്യത്താൽ കിളിരൂരുകാർക്ക് പാക്കിൽ പടനിലത്തും തെക്കുംകൂറിൻ അപമാനം നേരിട്ടു. ജാതിയെയും ബ്രാഹ്മണ്യത്തെയും ചെറുത്ത ബൗദ്ധരെ ഹീനരും മ്ലേഛരും ശൂന്യരുമാക്കിയ ബ്രാഹ്മണിക വൈദികവർണാശ്രമധർമ്മത്തിന്റെ അപരവൽക്കരണ വംശഹത്യാവ്യവഹാരമായിരുന്നു അത്. കുട്ടനാട്ടിലെ കരിമണ്ണിലും ചേറിലും കരുമാടിക്കുട്ടന്മാരും പള്ളിഭഗവതിമാരും പുതഞ്ഞു.
മണ്ണിനെയും മനുഷ്യരെയും കോതയുടെ അറിവൻപനുകമ്പയുടെ അരുളിൻ ആഴത്തിലടയാളപ്പെടുത്തിയ ആദിമ അദ്വയവാദമായ അനിത്യവാദവും സമുദയവാദവും അനാത്മവാദവും വർത്തമാന ചരിത്രത്തെയും സംസ്കാരത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പുതുകലയെയും നിർണയിക്കുന്നതെങ്ങനെയെന്നാണ് കോതായം എന്ന പുതുകലാചാരവഴക്കം തിരയുന്നത്. കലയിലും സംസ്കാരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലാണിത്. മിശ്രമാധ്യമങ്ങളിലൂടെ ചിത്രണത്തിലും ഛായാചിത്രണത്തിലും ഛായാഗ്രഹണത്തിലും ജൈവികവും നൈതികവുമായ ജനായത്തപ്രതിനിധാനങ്ങളുടെ മെത്തയും മുദിത്തവും പുത്തിയും പോതവുമുള്ള പുത്തനഴകിയവും കലാചാരവഴക്കവുമാണ് അരുളായ് പൊരുളായ് അറിവൊളിയായ് ഉണരുന്നത്. മെത്ത അഥവാ മേധയും മൈത്രിയുമുള്ളവനെ മേത്തനും മ്ലേഛനും തുലുക്കനുമായപരവൽക്കരിച്ച അധീശസംസ്കാരവ്യവഹാരങ്ങളെയും പ്രതിനിധാനങ്ങളെയും നൈതികവും വിമർശാത്മകവുമായി അപനിർമിക്കുകയും സാംസ്കാരികമായി ചെറുക്കുകയും മാറ്റിയെഴുതുകയും ചെയ്യുന്ന പുതുകലാചാരവഴക്കങ്ങളുടെ വിമോചനവേലയാണ് കോതായം..
നവംബര് രണ്ടാംവാരം കോട്ടയത്തെ ഗുഡ് ഷെപ്പേഡ് റോഡിലെ ഡി. സി. കിഴക്കേമുറിയിടത്തിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലായിരുന്നു ചിത്രപ്രദര്ശനം. അനിരുദ്ധ് രാമൻ, ഡോ. അജയ് എസ്. ശേഖർ എന്നീ കലാപ്രവർത്തകരുടെ കേരളവും ബുദ്ധിസവുമായുളള സംസ്കാരബന്ധങ്ങളെക്കുറിച്ചുളള ഈ സംഘചിത്രപ്രദർശനവും ഫോട്ടോപ്രദർശനവും കലാപ്രവർത്തകരും സൗന്ദര്യശാസ്ത്രചിന്തകരും എഴുത്തുകാരും കവികളും കലാവിമർശകരും കലാചരിത്രകാരികളും പങ്കെടുത്ത സംവാദങ്ങൾകൊണ്ടും ബഹുജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാപ്രവർത്തകരും പ്രദർശനം സന്ദര്ശിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുമുണ്ടായി.
കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണനായിരുന്നു കോതായം പ്രദര്ശനത്തിന്റെ ഉദ്ഘാടകൻ. ബുദ്ധിസവുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങൾ നടത്തിയ ഡോ. അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കലാചരിത്രകാരിയും ചിത്രകാരിയുമായ അമലു കലാധികാരചരിത്രങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രാദേശികചരിത്രകാരനും പുരാവസ്തുഗവേഷകനും പുരാലിഖിതപഠിതാവും പാലിപണ്ഡിതനും വിവർത്തകനുമായ കൃഷ്ണകുമാർ കെ. ജി., ഗ്രന്ഥകാരനും ഗവേഷകനും നിയമജ്ഞനും ജനനേതാവുമായ അഡ്വ. അനിൽകുമാർ കെ. എന്നിവർ സംവാദങ്ങൾ നയിച്ചു. കവിയും ചിത്രകാരനും എഴുത്തുകാരനുമായ രേണുകുമാർ എം.ആർ. കാവ്യഭാഷണം നിർവഹിച്ചു. എഴുത്തുകാരനും വിമർശകനും സാമൂഹ്യസാംസ്കാരിക പ്രവർത്തകനുമായ സ്വാമി വി. വിയും കവിയും അധ്യാപകനും ലാവണ്യചിന്തകനും കഥാകാരനുമായ മനോജ് കുറൂരും കലാപ്രവർത്തകരും ബഹുജനങ്ങളുമായി സംവദിച്ചു.
അക്രിലിക്കിലും എച്.ഡി. ഡിജിറ്റൽ പ്രിന്റിലും മിശ്രമാധ്യമങ്ങളിലുമാണ് കലാരചനകൾ. കാർട്രിജ് പേപ്പറിൽ അനിരുദ്ധ രാമൻ ചെയ്ത വലിയ അമൂർത്ത രചനകൾ സഹൃദയരെ ഏറെ ആകർഷിച്ചു. നിതാന്തചലനത്തെയും മാറ്റത്തെയും പ്രതിനിധാനംചെയ്യുന്ന പുത്തരുടെ അനിത്യവാദത്തിൻ കലാവിഷ്കാരമായതു ശ്രദ്ധിക്കപ്പെട്ടു. എൻ. ബാലമുരളീകൃഷ്ണന്റെ അഭിപ്രായത്തിൽ അമൂർത്തചിത്രണരീതിയാണ് അനുരുദ്ധനിണങ്ങുന്നത്. അമൂർത്തതയുടെ അടിയിലും കുടിയിരിക്കുന്ന പുത്തരുടെ ബിംബം അനിരുദ്ധചിത്രങ്ങളെ സാംസ്കാരികമായി സവിശേഷമാക്കുന്നു. സൂക്ഷ്മമായ മൈത്രിയുടെ ആവിഷ്കാരങ്ങളാണ് പേപ്പറിൽ ബോൾപേനകൊണ്ട് അജയ് ശേഖർ നടത്തിയ ചെറുരചനകൾ. ഗുരുവും അയ്യങ്കാളിയും അപ്പച്ചനും കറുപ്പനും മൂലൂരുമെല്ലാം പെന്നിലും ചാർക്കോളിലുമുള്ള ഛായാചിത്രങ്ങളായി കാണികളെ ആകർഷിച്ചു. കലാവിമർശകനായ പി. ജെ. ബിനോയി പോർട്രെയിറ്റുകളെ കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പാരിസ്ഥിതികവും കാരുണികവുമായ പ്രകൃതിചിത്രണവും മൃഗവൽക്കരണവും അപരവൽക്കരണവും വിമർശപ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങളും ബഹുജനശ്രദ്ധ നേടി. സംസ്കാരത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ ജനായത്തപരവും പ്രാതിനിധ്യപരവുമാക്കി മാറ്റുന്ന കോതായം സാമൂഹികമാധ്യമങ്ങളിലൂടെ ബഹുജനശ്രദ്ധനേടുകയുണ്ടായി.
കേരളത്തിലെ ബൗദ്ധസംസ്കാരത്തെ പൗരോഹിത്യ ആൺകോയ്മയും പടയാളിയാണത്തങ്ങളും കൂടി എങ്ങനെ ചതിയിലും ഹിംസയിലും മാബലിയെ വാമനെന്ന പോലെ ചവിട്ടിത്താഴ്ത്തിയെന്ന് പാതിയമൂർത്തമായി ദൃശ്യാവിഷ്കാരംചെയ്യുന്ന പാണ്ടൻനായ എന്ന ചിത്രം ഏറെ നോട്ടങ്ങളെ ഉണർത്തി. സിന്ധുവിൽനിന്നു ഇടക്കലിലേക്ക് എന്ന എഴുത്തുപടവും സംസ്കാരനാഗരീകാന്വേഷകരെ ആകർഷിച്ചു. പശ്ചിമഘട്ടനിരകളിലെ വാഗമണ്ണിലെ പുള്ളിക്കാനമാക്കപ്പെട്ട പഴയ പള്ളിക്കാനവും ഉളുപ്പൂണിയും പരുന്തുപാറയും വാഗമരങ്ങളും എല്ലാം ചെറുചിത്രപടങ്ങളായി മൈത്രിയുടെ കാരുണികദർശനത്തെയും സമുദയവാദത്തെയും അനിത്യതയെയും മൂർത്തവും സൂക്ഷ്മവും കലാപരവുമായി അടയാളപ്പെടുത്തുന്നു.
അയ്യങ്കാളിയെക്കുറിച്ചുള്ള രണ്ടുപേരുടെയും അക്രിലിക് രചനകൾ 2023-ലെ അയ്യങ്കാളി ജയന്തിയിൽ ചെറായി കടപ്പുറത്തുവച്ചു നടത്തിയ കലാകൂട്ടായ്മയിൽ വരച്ചവയാണ്. സൈബർഭീകരരായ കുകുച്ചകളെന്ന മലയാളി കുലീന കുത്തക ചൂത്തിരർ സാമൂഹ്യമാധ്യമങ്ങളിലൂടെ അയ്യങ്കാളിയുടെ പടത്തിൻ തലവെട്ടി പട്ടിയുടെ പടത്തിൻ കഴുത്തിലിട്ട് പ്രചരിപ്പിച്ചത് ഈ കാലത്താണ്. നീതിനിയമ വ്യവസ്ഥയെ കാറ്റിൽപ്പറത്തി ഇവരിന്നും നിർബാധം മേയുകയാണ്. ഈ അവസരത്തിലാണ് കലാപരവും സാംസ്കാരികവുമായ പ്രതിരോധം ഉയർത്തി അയ്യൻകാളിയെക്കുറിച്ചുള്ള ചിത്രങ്ങൾ ജനമധ്യത്തിൽ വരയ്ക്കാനും അവരുടെ സഹായത്തോടെ പ്രദർശിപ്പിക്കാനുമായി ലേഖകനും അനിരുദ്ധനും കൂടി മുൻകൈ എടുത്തത്. അയ്യങ്കാളിയുടെ തലപ്പാവും വില്ലുവണ്ടിയുടെ ചക്രവും പള്ളിക്കൂടം പോരാട്ടവും പുത്തരുടെയും അശോകരുടെയും ധമ്മചക്രവും പാലിയിലെ ധമ്മചക്കപ്പവത്തനവുമായി ബിംബാത്മകമായി ബന്ധിപ്പിക്കുന്ന രചനകളാണിവ. അയ്യന്റെ സംഘവും സാധുജനവും തികഞ്ഞ ബൗദ്ധതാക്കോൽവാക്കുകളാണെന്ന കാര്യവും കൂടി ഓർക്കാവുന്നതാണ് അയ്യങ്കാളി ജയന്തിയിൽ സഹോദരന്റെ ജന്മനാടായ ചേറായിയിലെ അംബേദ്കർ ബീച്ചിൽ വച്ചായിരുന്നു ഈ അയ്യങ്കാളി പെയിന്റിങ്ങുകൾ രചിച്ചത്. ബുദ്ധരുടെ ഭൂമീസ്പർശ മുദ്രയെ സൂചിതമാക്കുന്നപോലെ അവിടുത്തെ മണലും ഈ മിശ്രമാധ്യമരചനയിൽ ഉപയോഗിക്കുന്നു. കേരള അറിവൊളിയുടെ നവോത്ഥാനമെന്നു സ്ഥാപിതമായി വിളിക്കുന്ന പുത്തനുയിർപ്പിൻ അറിവടയാളങ്ങളെയും അതിൻ പ്രാചീനമായ അശോകൻ പ്രബുദ്ധതയുടെ വംശാവലികളെയും വ്യതിരിക്തമായി ചിത്രണംചെയ്യുന്ന കലാപരിശ്രമങ്ങളായി അയ്യൻപെയിന്റിങ്ങുകളെ കാണാം.
കേരളത്തിലെമ്പാടുനിന്നുള്ള ബൗദ്ധമായ പുരാവസ്തുക്കളുടേയും ചരിത്രയിടങ്ങളുടെയും ഫോട്ടോഗ്രാഫുകളാണ് കോതായത്തിൻ മറ്റൊരു സവിശേഷത. ഐഫോണിൽ പകർത്തി ഹൈഡഫനിഷൻ പേപ്പറിൽ ഹൈഡഫനിഷൻ പ്രിന്റർ ഉപയോഗിച്ചു പകർപ്പെടുത്തവയാണിത്. അമിത പ്രാതിനിധ്യം ചെയ്യപ്പെട്ട കുട്ടനാടൻ പുത്തരച്ചന്മാരേയും കരുമാടിക്കുട്ടനെയും ഒഴിവാക്കി പ്രാതിനിധ്യം കിട്ടിയിട്ടില്ലാത്ത പുതുപുത്തരൂപങ്ങളും ബിംബങ്ങളുമാണിവിടെ. കാലടി ഓണമ്പള്ളിയിലെ പെരിയാറോരത്ത് ശ്രീരാമഹനുമാനായിരിക്കുന്ന തികഞ്ഞ ബുദ്ധശില്പവും മൂവാറ്റുപുഴ പള്ളിക്കൽക്കാവിലെ നാഗയക്ഷിയെന്ന മായയക്ഷി അഥവാ മായമ്മയെന്ന പുത്തമാതാവായ മായാദേവിയും പാലക്കാട് ആലത്തൂരെ വിഴുമലയുടെ വടക്കൻ താഴ്വരയിലെ പാതി തകർക്കപ്പെട്ട പദ്മാസനത്തിലുള്ള പുത്തരും വൈക്കം അമ്പലത്തിനകത്തുള്ള പനച്ചിക്കൽകാവിനു പടിഞ്ഞാറുള്ള ആൽത്തറയെന്ന പ്രാചീന വേദികയിലെ നിരവധി ബൗദ്ധശില്പങ്ങളിലൊന്നായ ബുദ്ധരൂപവും കൊയിലാണ്ടിയിലെ പാത്തിക്കലപ്പനെന്ന ബോധിസ്വത്വശില്പവും ചെങ്ങന്നൂർ മംഗളത്തെ തേഞ്ഞുമാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന പുത്തരൂപവും ബോണക്കാട്ടെ അഗസ്ത്യനാക്കപ്പെടുന്ന കാണിക്കാരുടെ മുനിയും മക്കിയിലെ ശാസ്താവായി മാറ്റപ്പെട്ട മൈത്രേയ ബോധിസ്വത്വനും ചെമ്പഴന്തിയിലെ നാരായണഗുരുവിൻ വയൽവാരം കുടിയിൽ ധമ്മതീർഥരെടുത്തുവച്ച മൈത്രേയ ബോധിസ്വത്വനും മണർകാടായ മന്നർകാട്ടു കാവിനടുത്തുള്ള മുചിലിന്ദസർപ്പത്തിനു കീഴിലിരിക്കുന്ന അഭയവരദാന മുദ്രകാട്ടുന്ന താന്ത്രികരൂപത്തിലുള്ള നാഗപ്പനും വാഴപ്പള്ളിയമ്പലത്തിനു കിഴക്കുള്ള കാവിലെ സുഖാസനത്തിലിരിക്കുന്ന നാഗരാജാവും പട്ടാമ്പിക്കടുത്തുളള കട്ടിലമാടത്തിലെ ചൈത്യവാതായനത്തിനുള്ളിലെ ബുദ്ധമുഖവും കോതയെന്ന ഗോതമരുടെ പേരിലുള്ള കോതമംഗലത്തെ കാളിയാറെന്ന പഴയ പള്ളിയാറ്റിൻകരയിലെ നാഗക്കല്ലിലെ അഭയവരദാനമുദ്രകളോടെ ഉഷ്ണീഷവും ധ്യാനഭാവവുമായിരിക്കുന്ന കോതമപുത്തരും കോട്ടയം വെള്ളിലാപ്പള്ളിയിൽനിന്നു അടുത്തകാലത്തു കിട്ടിയ മുഖമുരച്ചില്ലാതാക്കിയ പുത്തരുടെ തലയും ബൗദ്ധരെ വംശഹത്യചെയ്തത്തിൻ പുരാവസ്തു അടയാളങ്ങളായ അശമന്നൂരിലെയും തിരുനെല്ലിയിലെയും കൂത്താട്ടുകുളത്തെയും കഴുവേറ്റിക്കല്ലുകളും ഫോട്ടോഗ്രാഫുകളായി സംസ്കാരചരിത്രകുതുകികളെ ആകർഷിക്കുന്നു.
ചരിത്രത്തെയും യാഥാർഥ്യത്തെയും സംസ്കാരരാഷ്ട്രീയത്തെയും മൂർത്തമാക്കുന്ന അധീശവിരുദ്ധവും ജനായത്തപരമായ ബഹുസ്വരതയിലും വൈവിധ്യത്തിലും വ്യതിരിക്തതയിലും അടിയുറച്ച നൈതികമായ പുതുലാവണ്യശാസ്ത്രവും ജനായത്തരാഷ്ട്രീയവും വികസിപ്പിക്കുന്ന കലാവിഷ്കാരങ്ങളും പുത്തനഴകിയവും സാമൂഹികപ്രയോഗവുമാണ് കോതായം അടയാളപ്പെടുത്തുന്നത്.
(ലേഖകന് : കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ, സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഫണ്ടർ കോഡിനേറ്റർ, കേരളസംസ്ഥാന സർവവിജ്ഞാനകോശം ഭരണസമിതിയംഗം. കേരളാധുനികതയെയും ബുദ്ധിസത്തെയുംകുറിച്ചുള്ള നിരവധിഗ്രന്ഥങ്ങളുടെ രചയിതാവും കലാചിന്തകനും ക്യൂറേറ്റുമാണ്.)