പരമാധികാരവും രാഷ്ട്രീയ ദൈവശാസ്ത്രവും – ഫാ.ഡോ.വൈ.റ്റി.വിനയരാജ്

പരമാധികാരവും  രാഷ്ട്രീയ ദൈവശാസ്ത്രവും – ഫാ.ഡോ.വൈ.റ്റി.വിനയരാജ്

രാഷ്ട്രീയത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും വിഭജനം എല്ലായ്പ്പോഴും കടുത്ത സംവാദത്തിനും പുനരാലോചനകള്‍ക്കുമുള്ള ഇടമാണ്. കാൾ ഷ്മിറ്റിന്റെ പരമാധികാര സിദ്ധാന്തങ്ങൾ മുതൽ സ്വേച്ഛാധിപത്യ ഭരണത്തിന്റെ സമകാലിക വിമർശനങ്ങൾ വരെയുള്ള അതിന്റെ പരിണാമം അന്വേഷിക്കുന്ന ഈ ലേഖനം പൊളിറ്റിക്കൽ തിയോളജിയെ ചുറ്റിപ്പറ്റിയുള്ള വിമർശനാത്മക വ്യവഹാരമാണ്.


മതവും രാഷ്ട്രീയവും അഥവാ സഭയും രാഷ്ട്രവും തമ്മിലുള്ള വ്യവസ്ഥാപിത ബന്ധത്തെക്കുറിച്ചു വിശദീകരിക്കുന്ന പഠന മേഖലയാണ് രാഷ്ട്രീയ ദൈവശാസ്ത്രം. ജർമനിയിൽ നാത്‌സി ഭരണകൂട കാലത്തു കാൾ ഷ്മിറ്റ് (Carl Schmitt ) എന്ന നിയമജ്ഞനാണ് രാഷ്ട്രീയ ദൈവശാസ്ത്രം (1922) എന്ന പേരിലുള്ള തന്റെ പുസ്തകത്തിലൂടെ പ്രസ്തുത പഠന ശാഖയ്ക്ക് നിയതമായ ഒരു രൂപരേഖ നൽകിയത്. കാൾ ഷ്മിറ്റിന്റെ  രാഷ്ട്രീയ ദൈവശാസ്ത്രം പരമാധികാരത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രം കൂടിയായിരുന്നു.  കാൾ ഷ്മിറ്റ്  ഒരു നിയമ പണ്ഡിതൻ എന്നതിനെക്കാൾ ഉപരി ഒരു ദൈവ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ആധുനിക ഭരണകൂട സങ്കല്പത്തിന്റെ ഉപജ്ഞാതാവ് എന്ന് വിളിക്കാവുന്ന  തോമസ് ഹോബ്ബ്സിന്റെ ചിന്താപദ്ധതിയെത്തന്നെയാണ് കാൾ സ്മിത്തും പിന്തുടർന്നത്.


ദൈവത്തിന്റെ പരമാധികാരം  രാഷ്ട്രീയ പരമാധികാരമായി പകർത്തിയെഴുതുകയായിരുന്നു, തോമസ് ഹോബ്സ് ചെയ്തത്. അതിലൂടെ രാഷ്ട്രീയ പരമാധികാരവും നിയതമായ ഒരു ഘടനാരൂപമായി വിവക്ഷിക്കപ്പെട്ടു.  ദൈവശാസ്ത്രത്തിന്റെ ഈ രാഷ്ട്രീയവൽക്കരണം അഥവ സെക്കുലർവൽക്കരണം ഭരണകൂടവും ദൈവശാസ്ത്രവും തമ്മിലുള്ള കൂട്ടുകെട്ടിനെയാണ് വെളിപ്പെടുത്തിയത്. ഇത് ആധുനിക കാലത്തു മാത്രമല്ല ക്രൈസ്തവസഭ, വ്യവസ്ഥാപിതമായ ഘടനാരൂപം ആർജിക്കുന്ന ആദ്യ നൂറ്റാണ്ടുകളിലും പ്രത്യേകിച്ചും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്തും പ്രകടമായിരുന്നു.


എന്നാൽ, ആധുനിക ലിബറലിസത്തിന്റെ കാലത്തു ഭരണകൂടത്തിന്റെ കേന്ദ്രീകൃത അധികാരം ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കാൾ ഷ്മിറ്റിന്റെ  പരമാധികാര രാഷ്ട്രീയ ദൈവശാസ്ത്രം ശക്തിയാർജിക്കുന്നത്. രാഷ്ട്രീയ പരമായിരുന്നാലും ദൈവശാസ്ത്രപരമായിരുന്നാലും പരമാധികാരം, ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അപരിഹാര്യമായ ഭിന്നത നിലനിറുത്തുന്നു എന്നും  അത് ഭരിക്കപ്പെടുന്നവരുടെ രാഷ്ട്രീയ അധികാരം എന്ന പരമമായ ജനാധിപത്യ സത്യം ഉൾക്കൊള്ളുന്നില്ലായെന്നുമുള്ള സമകാലിക ബോധ്യത്തിൽ നിന്നാണ് പരമാധികാര രഹിതമായ രാഷ്ട്രീയവും ദൈവശാസ്ത്രവും ചർച്ചയ്ക്ക് വിഷയീഭവിക്കുന്നത്.  


ലിബറലിസവും പരമാധികാര രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയും 


പൊതുരാഷ്ട്രീയചരിത്രത്തെ ശത്രുവും മിത്രവും നന്മയും തിന്മയും ദൈവവും പിശാചും ധാര്‍മ്മികതയും അധാര്‍മ്മികതയും തമ്മിലുള്ള സംഘർഷത്തിന്റെ ഭൂമികയായിട്ടാണ് കാൾ ഷ്മിറ്റ് കണ്ടത്. ഇവിടെ ധാര്‍മ്മികമായൊരു തിരഞ്ഞെടുപ്പ് നടത്താൻ മനുഷ്യന് മതത്തിന്റെ (ദൈവശാസ്ത്രത്തിന്റെ) സഹായം ആവശ്യമുണ്ട് എന്ന് സ്മിത്ത് വാദിച്ചു. തെരഞ്ഞെടുപ്പുകൾ അനിവാര്യമാക്കുന്ന ലിബറൽ ചിന്താഗതിയുടെ പ്രതിസന്ധിയാണിത് എന്ന് വ്യക്തമാക്കിയ ഷ്മിറ്റ്, ആത്യന്തികമായ രാഷ്ട്രീയ നിലപാടുകൾക്ക് മതവും അതിന്റെ ധാര്‍മ്മികപ്രമാണങ്ങളും അനിവാര്യമാണെന്ന് വാദിച്ചു.  

ലിബറലിസത്തിന്റെകാലത്തു ജനങ്ങളുടെ അനിയന്ത്രിതമായ  സ്വാതന്ത്ര്യം അരാജകത്വം സൃഷ്‌ടിക്കുമെന്നും അതുകൊണ്ടു ഭരണകൂട പരമാധികാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഈ ചിന്താഗതിയാണ് ഹിറ്റ്ലറിന്റെ ഏകാധിപത്യഭരണക്രമത്തെ പിന്താങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു കരുതാം.


കാൾ ഷ്മിറ്റിന്റെ പരമാധികാരം, പക്ഷേ, ബഹിഷ്‌കൃതത്തിന്റെ ഇടം (state of exception) നീതിമത്കരിക്കുന്ന ഒന്നായിരുന്നു. പരമാധികാര ഭരണകൂടം  അധികാര കേന്ദ്രീകരണം നടത്തുമ്പോൾത്തന്നെ  ബഹിഷ്‌കൃതത്തിന്റെ ഇടം സ്വാഭാവികമായി സൃഷ്ടിക്കപ്പെടുമെന്നും ആ ബഹിഷ്‌കൃതയിടം  നിയപരമായിത്തന്നെ നിർവചിക്കപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. അതായത്, ബഹിഷ്‌കൃതത്വം  നിയപരമായി നിലനിറുത്തപ്പെടുന്ന  അന്തഃച്ഛിദ്രത്തിന്റെ രാഷ്ട്രീയ ക്രമമാണ് ആധുനിക ജനാധിപത്യം എന്ന് സാരം. ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഭിന്നത അപരിഹാര്യമായിത്തന്നെ തുടരുന്നുവെന്നതാണ് ഇവിടത്തെ കാതലായ പ്രശ്നം.


ഈ സ്ഥായിയായ ഭിന്നതയുടെ പ്രശ്‍നം സംബോധന ചെയ്യാതെ അല്ലെങ്കിൽ ജനാധിപത്യക്രമത്തെ അടിസ്ഥാനപരമായി അഴിച്ചുപണിയാതെ ഭരണകൂടവും ആ ഭരണക്രമത്തിന്റെ പരമാധികാര രാഷ്ട്രീയവും പുറന്തള്ളുന്ന ജനസമൂഹങ്ങളും തമ്മിലുള്ള ഒത്തുതീർപ്പിനു ശ്രമിക്കുന്ന ഒത്തുതീർപ്പിന്റെ ജനാധിപത്യക്രമം (managed democracy) ആണ് നമുക്കുള്ളത്. ഇവിടെ രാഷ്ട്രീയം കേവലം ഉൾക്കൊള്ളലിന്റെ (accommodation) ഭരണക്രമമായി മാറുന്നു. ഭരിക്കപ്പെടുന്നവരുടെ രാഷ്‌ടീയ അധികാര പ്രവേശനം അഥവാ രാഷ്ട്രീയ കർതൃത്വം എന്ന സമസ്യ ഇവിടെ സംബോധന ചെയ്യുന്നതേയില്ല. ഇതാണ് സമകാലിക ജനാധിപത്യം നേരിടുന്ന കാതലായ പ്രതിസന്ധി. 


എന്നാൽ, നിയോലിബറലിസത്തിന്റെയും നവമുതലാളിത്തത്തിന്റെയും സമകാലിക സ്ഥിതി ഭരണകൂട പരമാധികാരത്തിന്‌  പുതിയ ആവിഷ്കാരങ്ങൾ നൽകുന്നു. ദേശ-രാഷ്ട്രങ്ങളുടെ അധികാരം നിഷ്പ്രഭമാക്കുകയും അതേസമയം പുതിയ ആഗോള സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക പരമാധികാരം രൂപപ്പെടുകയും ചെയ്യുന്നു. മൂലധന ആഗോളവൽക്കരണത്തിന്റെ  ഭാഗമായി സംഭവിച്ചതാണത്. വികസിതരാജ്യങ്ങളും അവരുടെ സാമ്പത്തിക ദല്ലാളുകളായ കോർപ്പറേറ്റുകളും കൂടിച്ചേരുന്ന ഈ കൂട്ടുകെട്ടിനെ സാമ്രാജ്യത്ത്വം (Empire) എന്നാണ് അന്റോണിയോ നെഗ്രിയും മിഷേൽ ഹാർട്ടും വിളിക്കുന്നത്.


സാമ്രാജ്യത്ത്വം, പക്ഷേ, പഴയ കാലങ്ങളിലേതുപോലെ പട്ടാള കടന്നുകയറ്റമോ ഭൂപ്രദേശങ്ങൾ കീഴടക്കുന്നതോ ആയ സൈനിക സാമ്രാജ്യത്ത്വമല്ല, മറിച്ചു, മാനസികമായും ശാരീരികമായും പിന്നെ മനുഷ്യന്റെ, സാമൂഹിക-സാംസ്കാരിക സങ്കല്പങ്ങളിലും ഒക്കെയുള്ള കീഴടക്കപ്പെടലുകളിലൂടെയാണ്  നവ സാമ്രാജ്യത്ത്വം ദേശ-രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അതിജീവിക്കുന്നത്. ഇത് മറ്റൊരുതരത്തിലുള്ള പരമാധികാരമാണ്.


ആഗോള സാമ്പത്തികമൂലധനത്തിന്റെ ഈ ഉണ്മാശാസ്ത്രം പുറമേ സമജാതീയത സൃഷ്ടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും ഉള്ളിൽ അന്തഃച്ഛിദ്രത്തിന്റേതാണ്. ഇവിടെ വടക്കും തെക്കും, ഉള്ളവനും ഇല്ലാത്തവനും തൊഴിലാളിയും തൊഴിലുടമയും, വെളുത്തവനും കറുത്തവനും എന്നൊക്കെയുള്ള വിഭജനങ്ങൾ കൂടുതൽ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് അതു നമ്മൾ കണ്ടറിഞ്ഞതാണ്. ഇന്ത്യൻ  തെരുവുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഒക്കെ ആൾക്കൂട്ടമായി മാറിയ പ്രവാസി തൊഴിലാളികളുടെ ജീവിതങ്ങൾതന്നെ ഇത്തരത്തിലുള്ള സാമ്പത്തിക പരമാധികാര പ്രവണതയുടെ ജീവിക്കുന്ന അടയാളങ്ങളാണ്.


ഈ കോർപ്പറേറ്റ്‌വൽക്കരണ കാലത്ത് ഇന്ത്യയിലെമ്പാടും ഉണ്ടാകുന്ന കർഷകരുടെയും തൊഴിലാളികളുടെയും പൗരത്വം നിഷേധിക്കപ്പെട്ടവരുടെയും അടിസ്ഥാന സമൂഹങ്ങളുടെയും അതിജീവനസമരങ്ങൾ വാസ്തവത്തിൽ ഈ പരമാധികാര ജനാധിപത്യത്തിന്റെ ചൂഷണാത്മകമായ (അ)ക്രമത്തെയാണ്   വെളിവാക്കുന്നത്.


ജനാധികാരത്തെ ഭരണകൂടവുമായി ബന്ധിപ്പിച്ചു നിറുത്തുക എന്ന തന്ത്രമാണ് ആധുനിക ലിബറൽ ജനാധിപത്യത്തിന്റെ കാതൽ. ഭരണകൂടപൂർവമായ ജനാധികാരത്തെക്കുറിച്ചുള്ള ചിന്തകൾ ഇന്നു പ്രസക്തമാകുന്നതും അതുകൊണ്ടാണ്. അത്തരമൊരു അധികാരത്തെക്കുറിച്ചുള്ള ചർച്ച പാശ്ചാത്യ തത്വചിന്തയിൽ തുടക്കമിടുന്നത് ബാരൂക്ക് സ്പിനോസയാണ്.


മനുഷ്യർ തമ്മിൽ ഭൗതികമായി കണ്ടെത്തുന്ന  ബന്ധുത്വത്തിന്റെ ജൈവ അധികാരം (potentia) ജനസാമാന്യത്തിന് മുകളിലൂടെ അടിച്ചേല്പിക്കുന്ന അതിഭൗതിക/ദൈവിക/ഭരണകൂട അധികാരത്തെക്കാൾ സ്വാഭാവികവും പുനരാവിഷ്കാരത്തിന് സാധ്യതയുള്ളതുമാണെന്ന് സ്പിനോസ പറഞ്ഞുവച്ചു. അതിഭൗതികതയെ നിരാകരിച്ച ഫ്രീഡ്റിക്‌ നീത്ഷേയും  ഭൗതികതയുടെ പരിക്രമണത്തെക്കുറിച്ചു പ്രത്യയശാസ്ത്ര നിരൂപണം മുന്നോട്ടുവച്ച കാൾ മാർക്സും പരമാധികാരത്തെ ഭൗതികതലത്തിൽ അഴിച്ചുപണിയാൻ ശ്രമിച്ചവരാണ്.


എന്നാൽ, മാർക്സിന്റെ വർഗ്ഗരഹിത സമൂഹവും വർഗ്ഗവിപ്ലവും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ യുഗാന്ത്യ ദൈവശാസ്ത്രത്തിന്റെ വാർപ്പുമാതൃകയാണെന്നും മനുഷ്യരുടെ അധ്വാനവും  ഉത്പാദന പ്രക്രിയയിലെ പങ്കാളിത്തവും  എങ്ങനെയാണ് ജൈവാധികാരത്തെ ഉൽപാദിക്കുന്നതെന്നുമുള്ള ചോദ്യങ്ങൾ പോസ്റ്റ് മാര്‍ക്സിസ്റ്റ് ചിന്തകൾക്ക് തുടക്കംകുറിച്ചു. അതിൽ ഏറ്റവും വ്യക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശദീകരണങ്ങൾ നൽകിയത് അന്റോണിയോ നെഗ്രിയും മിഷേൽ ഹാർട്ടുമാണ്. 


മാർക്സിസത്തിന്റെ പൊതുവായത് (common ) എന്ന സങ്കല്പം ഏകീകൃതമാണെന്നും ജനം എന്നും തൊഴിലാളി എന്നും ഒക്കെയുള്ള സംജ്ഞകൾ ബഹുസ്വരാത്മകമല്ലെന്നും സാംസ്കാരിക, സാമ്പത്തിക, മൂലധന രൂപവല്‍ക്കരണത്തിൽ അദൃശ്യനായി മാത്രം പങ്കെടുക്കുന്ന സമൂഹങ്ങളെ ഇതു പരിഗണിക്കുന്നില്ലായെന്നും ഹാർട്ടും നെഗ്രിയും വ്യക്തമാക്കി. പകരം ജനസഞ്ചയരാഷ്ട്രീയം എന്ന ആശയമാണ് അവർ മുന്നോട്ടുവയ്ക്കുന്നത് .


നെഗ്രിയും ഹാർട്ടും മുന്നോട്ടുവയ്ക്കുന്ന ജനസഞ്ചയരാഷ്ട്രീയം (Multitude) പക്ഷേ, പരമാധികാര ജനാധിപത്യത്തെ പുറത്തുനിന്ന് പരിവർത്തിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമല്ല. മറിച്ചു അതിനുള്ളിൽനിന്നുതന്നെ അതിനെ പുനരാവിഷ്കരിക്കുന്ന ബദൽ ജൈവഅധികാര പ്രക്രിയയാണ്. പരമാധികാരം ജൈവശരീരത്തിലും സാമൂഹികശരീരത്തിലും ആധിപത്യം സ്ഥാപിക്കുന്ന നവമുതലാളിത്തകാലത്തു പുനർനിര്‍മിതിയിലൂടെ നവീകരിക്കാനാവുന്ന ജൈവാധികാരം (potentia) തിരിച്ചറിയുക എന്ന ആശയമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.