വെനീസിലെ മരണവും ചില സാഹിത്യചിന്തകളും
എഴുത്തുകാരന്റെ സന്തോഷം എന്നത് പൂര്‍ണ്ണമായും വികാരമായി മാറാൻ കഴിയുന്ന ചിന്തയിലും ചിന്തയായി മാറാൻ കഴിയുന്ന വികാരത്തിലുമാണ് എന്ന ഒരു വാചകം സത്യത്തിന്റെ ശോഭയോടെ വായനക്കാരനെ എഴുത്തിന്റെ ലോകത്തേക്ക് അടുപ്പിക്കുന്നു.
ഗൂസ്റ്റാഫ് അഷൻബാഹിന് പെട്ടന്നൊരുനാൾ ഒരു യാത്രപോകണമെന്ന അഭിലാഷമുണ്ടായി. അയാൾ വലിയൊരു എഴുത്തുകാരനായിരുന്നു. അയാൾക്ക് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ഭാര്യ മരിച്ചതോടെ അയാൾ ദിവസത്തിന്റെ പകുതിയും കിടന്നുറങ്ങും. അങ്ങനെയിരിക്കുമ്പോഴാണ് യാത്രാമോഹം അയാളെ പിടികൂടിയത്. ട്രെയിനിലും കപ്പലിലുമൊക്കെ യാത്രചെയ്ത് അയാളെത്തിപ്പെട്ടത് വെനീസിലാണ്. രണ്ടുമൂന്നാഴ്ച അവിടെ കഴിയാമെന്ന് അയാൾ തീരുമാനിച്ചു. എന്നാൽ, അവിടെയും അയാളെ അസ്വസ്ഥനാക്കുന്ന ചിലതൊക്കെയുണ്ടായി. ഒരുദിവസം രാത്രിഭക്ഷണത്തിനായി താമസിക്കുന്ന ഹോട്ടലിലെ റെസ്റ്റോറന്റിലിരിക്കുമ്പോൾ തൊട്ടു മുന്നിലിരുന്ന, കുലീനത തോന്നിപ്പിക്കുന്ന, ഒരു പോളിഷ് കുടുംബത്തെ അയാൾ കാണുന്നു. അവരുടെ കൂട്ടത്തിൽ സുന്ദരനായ ഒരു യുവബാലനുമുണ്ടായിരുന്നു. ഒരു ഗ്രീക്ക് പ്രതിമയുടെ സൗന്ദര്യം ആ കുട്ടിയിൽ അയാൾ കാണുന്നു. അയാൾക്ക് അവനോട് പ്രത്യേകമായ ഒരിഷ്ടം തോന്നുകയുണ്ടായി. നല്ല ആർഭാടവസ്ത്രങ്ങൾ ധരിച്ച സഹോദരിമാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അഷൻബാഹിന് അവരെയൊന്നും ഇഷ്ടമായതേയില്ല. അവർക്കൊക്കെ കന്യാസ്ത്രീകളുടെ രൂപമാണെന്നാണ് അയാൾക്ക് തോന്നിയത്.
ഹോട്ടലിനോടു ചേർന്നുള്ള കടൽത്തീരത്തുവച്ചുകേട്ട സംസാരത്തിൽനിന്നു ആ ബാലന്റെ പേര് താദ്സിയൊ എന്നാണെന്ന് അയാൾ മനസ്സിലാക്കുന്നു. അവന് പതിനാലു വയസ്സാണെന്നും. തുടർന്നുള്ള ദിവസങ്ങളിലും ഇടയ്ക്കൊക്കെ അയാൾ അവനെ കണ്ടു. ദിവസങ്ങൾ കഴിഞ്ഞതോടെ അതൊരുതരം അനുരാഗമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അയാൾക്ക് ജീവിതത്തോട് പുതിയൊരിഷ്ടം തോന്നിത്തുടങ്ങി. അവനെ കാണാതെ അയാൾക്ക് പകലുകൾ കടന്നുപോകാൻ കഴിയില്ല എന്ന നില വന്നു. എന്നാൽ പെട്ടെന്നൊരുനാൾ ആ നഗരത്തിലാകെ കോളറ പടർന്നുപിടിച്ചു. അതോടെ ആ ഹോട്ടലിൽനിന്നു പലരും വിട്ടുപോയിത്തുടങ്ങി. അയാളതിനെ കാര്യമായെടുത്തില്ല. വൈകാതെ ഒരു നാൾ താദ്സിയോയും കുടംബവും അവിടം വിടാൻ തയ്യാറായി. അന്നും അവൻ പതിവുപോലെ കൂട്ടുകാരോടൊപ്പം ഹോട്ടലിനു സമീപത്ത് കളിച്ചുകൊണ്ടിരുന്നു. അന്നും അവനെ നോക്കിക്കൊണ്ട് അയാളവിടെയിരിപ്പുണ്ടായിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്. ആ സംഭവത്തോടെ നോവൽ അവസാനിക്കുകയാണ്.
ജർമനിയിലെ മഹാനായ നോവലിസ്റ്റ് തോമസ് മൻ തഴുതിയ ‘Death in Venice’ എന്ന ലഘു നോവലിന്റെ സംക്ഷിപ്തകഥയാണ് മുകളിലെഴുതിയത്. ബുഡെൻബ്രൂക്സ്, മാജിക് മൗണ്ടൻ തുടങ്ങിയ ബൃഹദ് രചനകളൊക്കെ എഴുതി സാഹിത്യത്തിനുള്ള നോബേൽസമ്മാനം നേടിയ വിഖ്യാത എഴുത്തുകാരനാണ് മൻ. സ്വന്തം രചനകളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് നൂറുപേജിൽത്താഴെ വരുന്ന ‘ഡെത്ത് ഇൻ വെനീസ്’ എന്ന ഈ ലഘുനോവലായിരുന്നു. ഒരെഴുത്തുകാരന്റെ ജീവിതമാണ് ഇതിലൂടെ അദ്ദേഹം വരച്ചിട്ടത്. കുറച്ചൊക്കെ ആത്മകഥാംശമുള്ളത് എന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിയെന്ന നിലയിലെ അയാളിലെ സ്വത്വപ്രശ്നങ്ങൾ പറയുവാനുള്ള ശ്രമം. ഒരാളുടെ ജീവിതക്കാഴ്ചപ്പാട് എങ്ങനെ രൂപപ്പെടുത്തുന്നു എന്ന അന്വേഷണം. ജീവിതകാമനകളിൽ നമുക്കുള്ള നിസ്സഹായത്വം കാണിച്ചുതരിക കൂടിയാണ് നോവലിസ്റ്റ്. അയാളിലെ സ്വവർഗാനുരാഗം പുറത്തുവരികയായിരുന്നു. കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ പുതിയൊരനുഭവതലത്തെ കാണിച്ചുതരുവാനാണ് തോമസ് മൻ ഇതിലൂടെ ശ്രമിച്ചത്.
അതോടൊപ്പം ഒരെഴുത്തുകാരന്റെ മനസ്സും ഈ കൃതിയിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. അയാളുടെ സൗന്ദര്യാന്വേഷണങ്ങൾ, ലോകവീക്ഷണങ്ങൾ എല്ലാം കഥയിൽനിന്നു വായിച്ചെടുക്കാൻ നല്ല വായനക്കാർക്ക് കഴിയും. അതോടൊപ്പം ഇതിന്റെയെല്ലാം നിസ്സാരത മുഖ്യകഥാപാത്രത്തിന്റെ മരണരംഗത്തിൽ ഒളിപ്പിച്ചുവച്ചിട്ടുമുണ്ടായിരുന്നു. പ്രത്യാശാപൂർണമായ അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോൾ അയാൾ കസേരയിൽ ചെരിഞ്ഞുവീഴുകയാണ്. തന്നെ കൊതിപ്പിച്ച സൗന്ദര്യാനുഭൂതിയെ നുകർന്നുകൊണ്ട് മരണത്തിലേക്ക് നീങ്ങാനായിരുന്നു അയാളുടെ വിധി. അത് ഇങ്ങനെയാണ് തോമസ് മൻ എഴുതിവച്ചിരിക്കുന്നത് : “Minutes passed before people rushed to the aid of the man, who had slumped sideways in his chair. He was carried to his room. And that very day a respectfully stunned world received word of his death.”
ഇതിന് പല വ്യാഖ്യാനങ്ങളും നിരൂപകലോകത്തുനിന്നുണ്ടായിട്ടുണ്ട്. മുഖ്യ കഥാപാത്രത്തിന്റെ ധാർമ്മിക അപഭ്രംശത്തിന്റെ സൂചകമായാണ് കോളറയും അതിലൂടെയുള്ള മരണവും എന്നു ചിലർ അക്കാലത്ത് വിലയിരുത്തുകയുണ്ടായി. സ്വവർഗാനുരാഗവും കോളറക്കാലവുമാണ് മിക്കപ്പോഴും ചർച്ചയായത്. എന്നാൽ സർഗാത്മകതയുടെ ശക്തിയും സൗന്ദര്യവുമാണ് ആ കൃതിയെ കാലത്തിനിപ്പുറവും നിലനിറുത്തിയത്. അതിലെ എഴുത്തുകാരൻ ഇപ്പോഴും ഉയർന്നുതന്നെ നിൽക്കുന്നു. എഴുത്തുകാരന്റെ സന്തോഷം എന്നത് പൂര്‍ണ്ണമായും വികാരമായി മാറാൻ കഴിയുന്ന ചിന്തയിലും ചിന്തയായി മാറാൻ കഴിയുന്ന വികാരത്തിലുമാണ് എന്ന അതിലെ ഒരു വാചകം സത്യത്തിന്റെ ശോഭയോടെ വായനക്കാരനെ എഴുത്തിന്റെ ലോകത്തേക്ക് അടുപ്പിക്കുന്നു. നവീനമായ വികാരവും ചിന്തയും സൃഷ്ടിക്കുമ്പോഴാണ് സാഹിത്യം മികവുറ്റതാക്കുന്നത്. വെനീസിലെ മരണം അത്തരമൊരു രചനയാണ്. മാറി വരുന്ന കാലത്തോട് സംവദിക്കാനുള്ള വലിയൊരെഴുത്തുകാരന്റെ ശ്രമവും.
1912-ലാണ് തോമസ് മൻ ഇതെഴുതി പ്രസിദ്ധപ്പെടുത്തുന്നത്. ജീവിതനാടകത്തെക്കുറിച്ചുള്ള അസാധാരണ ഉൾക്കാഴ്ച നൽകുന്ന ഈ രചനയെപ്പറ്റി ഇപ്പോൾ ഓർക്കാനിടയായത് അതിന്റെ ഒരു മലയാള പരിഭാഷ കണ്ടതുകൊണ്ടാണ്. സെലിൻ മാത്യു ആണ് ജർമൻഭാഷയിൽനിന്നു നേരിട്ട് മലയാളത്തിലേക്ക് ഇതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പരിഭാഷ മൂലകൃതിയോട് ഭാഷാപരമായി നീതി പുലർത്തിയതായി കാണാം. എന്നാൽ, പരിഭാഷയിൽ ആഖ്യാനത്തിന്റെ ജീവൻ നഷ്ടപ്പെട്ടു എന്ന തോന്നലാണ് എനിക്കുണ്ടായത്. കഥയുടെ ആത്മാവ് മലയാളത്തിലൂടെ കാണിച്ചുതരാൻ പരിഭാഷകയ്ക്ക് കഴിഞ്ഞില്ല. അവരുടെ മലയാളം ഒട്ടും ആധുനികവുമല്ല. അതിനാൽ തോമസ് മൻ വാക്കുകളിലൂടെ സൃഷ്ടിച്ച സൗന്ദര്യാനുഭൂതി ഈ മലയാള പരിഭാഷയിലൂടെ പുതിയകാല വായനക്കാർക്ക് ലഭിക്കുന്നില്ല. (വെനീസിലെ മരണം – തോമസ് മൻ – പരിഭാഷ: സെലിൻ മാത്യു, മാതൃഭൂമി ബുക്സ്-2024) . ഇത്തരം പരിഭാഷകൾ വായിച്ച് വായനക്കാർ വലിയ എഴുത്തുകാരുടെ സർഗാത്മക കഴിവുകളെ കുറച്ചുകാണുമല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു. മോശം പരിഭാഷ സാഹിത്യത്തിലെ ക്രൈം തന്നെയാണ്.
ഓർവെലിന്റെ 1984 – എലിഫ് ഷഫാക്ക് വായിക്കുമ്പോൾ
രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണാത്ത കലാകാരൻ കോമാളിയാണ് എന്നാണ് പൊതുവിൽ പറയാറുള്ളത്. എഴുത്തുകാർക്ക് സമൂഹം എന്നത് പ്രധാനമാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന, നയിക്കുന്ന ചാലകശക്തി എല്ലായ്പ്പോഴും രാഷ്ട്രീയമാണല്ലോ. അതിനാൽ സമൂഹത്തെ ആഴത്തിൽ മനസ്സിലാക്കാൻ രാഷ്ട്രിയത്തെ സൂക്ഷ്മസ്പർശിയായി അറിയേണ്ടതുണ്ട്. എഴുത്തുകാരുടെ മുന്നിലത് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച കേവലവിശ്വാസങ്ങളല്ല. പ്രതിഭകൾ അവരുടെ മുന്നിലെ ലോകത്തുനിന്നു രാഷ്ട്രീയം വായിച്ചെടുക്കും. അതിന്റെ അടിസ്ഥാനത്തിൽ അവർ സൃഷ്ടിയിലൂടെ പുതിയ ന്യായവിചാരണകൾ നടത്തിക്കൊണ്ടിരിക്കും. അവർ പുതിയ സ്വാതന്ത്ര്യത്തെ കണ്ടെത്തും. അങ്ങനെ സാഹിത്യസൃഷ്ടി നടത്തി ലോകത്തെ അമ്പരപ്പിച്ച എഴുത്തുകാരനാണ് ജോർജ് ഓർവെൽ. അദ്ദേഹം മരണക്കിടക്കയിൽ നിന്നെഴുതിയ നോവലാണ് ‘1984′. 1946 ആഗസ്റ്റിലാണ് ഓർവെൽ 1984 എന്ന നോവലെഴുതാനാരംഭിച്ചത്. 1948-ൽ പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മനസ്സിലെ ആധിയും സ്വാതന്ത്ര്യദാഹവുമാണ് ഈ രാഷ്ട്രീയനോവലിൽ പ്രതിഫലിച്ചത്. അന്നുതൊട്ട് ഈ നോവൽ പല കാലങ്ങളിൽ പല കോണുകളിലൂടെ വായിക്കപ്പെട്ടു. ചർച്ചചെയ്യപ്പെട്ടു. സത്യനാശത്തെക്കുറിച്ചും, ഓർമ്മനാശത്തെക്കുറിച്ചും സ്നേഹരാഹിത്യത്തെക്കുറിച്ചുമുള്ള വേവലാതികളായിരുന്നു ആ നോവലിൽ. ഇതൊക്കെ സംഭവിച്ചുകഴിഞ്ഞാൽ മനുഷ്യർ ഒന്നുമല്ലാതായിത്തീരുമെന്നും സമൂഹം വെറും അക്കങ്ങളാവുമെന്നും ഓർമ്മിപ്പിക്കുകയായിരുന്നു, ഓർവെൽ തന്റെ നോവലിലൂടെ.
ഓർവൽ ഈ നോവലിലൂടെ മുന്നോട്ടുവച്ച രാഷ്ട്രീയത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഒരു ലേഖനം Literary Hub എന്ന ഓൺലൈൻ മാഗസിനിൽ വായിച്ചു. ‘75 Years of 1984: Why George Orwell’s Classic Remains More Relevant Than Ever’ എന്നാണ് ലേഖനത്തിന്റെ പേര്. ടർക്കി എഴുത്തുകാരിയായ എലിഫ് ഷഫാക്കാണ് ലേഖനമെഴുതിയിരിക്കുന്നത്. വർത്തമാനകാല ലോകരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഷഫാക്ക് ഓർവെലിന്റെ 1984 എന്ന കൃതിയുടെ പുനർവായന നടത്തുന്നത്.
തലമുറകളിൽ അഴമേറിയ സ്വാധീനംചെലുത്തിയ കൃതി എന്ന വിശേഷണത്തോടെയാണ് ഷഫാക്ക് ഈ ലേഖനം തുടങ്ങിയിരിക്കുന്നത്. ടർക്കിയിൽ ഒളിവുജീവിതം നയിക്കേണ്ടിവന്നകാലത്താണ് അവരിത് ആദ്യമായി വായിക്കുന്നത്. “അതിന്റെ അവസാന പേജ് വായിച്ച് മടക്കിവച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അതിലെ കഥയെപ്പറ്റി ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. അതൊരുതരം വേട്ടയാടലായിരുന്നു.” സ്വന്തം രാജ്യത്തെ മനുഷ്യാവകാശധ്വംസനങ്ങളെ നേരിടേണ്ടിവരുമ്പോഴൊക്കെ 1984 അവരുടെ ഓർമ്മയിലേക്കെത്തി. മുറിവേല്പിക്കപ്പെട്ട ജനാധിപത്യത്തിൽനിന്നു സേച്ഛാധിപത്യത്തിന്റെ ബാല്യദിശയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന രാജ്യങ്ങളിൽനിന്നുമുള്ളവർക്കൊക്കെ ഓർവലിന്റെ നോവലിലെ ലോകം ഭീതി സൃഷ്ടിച്ചിരിക്കും എന്നവർ തറപ്പിച്ചു പറയുന്നു. ഷഫാക്കിന്റെ മുന്നിൽ അതൊരു യാഥാർഥ്യമായി സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇന്നിപ്പോൾ പാശ്ചാത്യരാജ്യങ്ങൾപോലും സേച്ഛാധിപത്യത്തിന്റെ പിടിയിൽനിന്നു അകന്നു നിൽക്കുന്നു എന്നു തറപ്പിച്ചു പറയുക വയ്യ. അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങളാണ് അവിടെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി ഉപയോഗത്തിൽ നിറഞ്ഞ ഒരു വിശേഷണപദമാണ് ‘ഓർവെല്ലിയൻ’ എന്നത്. 1984- എന്ന ഡിസ്റ്റോപ്പിയൻ നോവൽ മറ്റേതുകാലത്തെക്കാളും പ്രസക്തമായ ഒരു സമയത്താണ് നമ്മൾ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നത് എന്നവർ ഓർമ്മിപ്പിക്കുകയാണ്. ഭരണകൂടഭീകരത പുതിയ മുഖങ്ങൾ കണ്ടെത്തിയ ഒരു കാലം. സാങ്കേതികവിദ്യയും സാമൂഹികമാധ്യമങ്ങളുമൊക്കെ അധികാരത്തിന്റെ ഉപകരണങ്ങളായി മാറിയ കാലം. വൈകാതെ നമ്മുടെയൊക്കെ ലൈബ്രറികളിൽനിന്നുപോലും ഓർവെലിന്റെ ഈ നോവൽ നീക്കം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായേക്കാം. ആ ദിവസം വരാതിരിക്കാൻ 1984 എല്ലാവരും വായിക്കുകയും ലോകമെമ്പാടും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഷഫാക്ക് ലേഖനം അവസാനിപ്പിക്കുന്നത്. നോവലിലൂടെ ലോകത്തിന് പ്രവചനാത്മകമായ മുന്നറിയിപ്പ് ഓർവെൽ തന്നിട്ട് 75 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന 1984-ന്റെ പ്രത്യേക പതിപ്പിൽ ആമുഖമായി ഷഫാക്കിന്റെ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഫോർട്ടി റൂൾസ് ഓഫ് ലവ്’’ എന്ന വിഖ്യാതനോവലിലൂടെ ലോകസാഹിത്യത്തിലേക്ക് വന്ന എഴുത്തുകാരിയാണ് എലിഫ് ഷഫാക്. അവരുടെ ഏറ്റവും പുതിയ നോവലായ There are Rivers in the Sky ഈയിടെയാണ് പുറത്തുവന്നത്.
കെ.ജി.എസിന്റെ ഗദ്യം
“തെക്കു രുദ്രാക്ഷം. വടക്കു ബദാം. ഈ രണ്ടു മരങ്ങൾക്കിടയിലായിരുന്നു പണ്ടു മഹാരാജാസിലെ മലയാളവിഭാഗം. ഓടു മേൽക്കൂരയ്ക്കുമേൽ പച്ചിലക്കൂര. പൊക്കത്തിനുമേൽ പൊക്കം. പടർപ്പിനുമേൽ പടർപ്പ്. ഭാഷയ്ക്കുമേൽ ഭാഷ. അറിവിനുമേൽ അറിവ്. മൗനത്തിനുമേൽ മൗനം. സമരത്തിനുമേൽ സമരം. ജയത്തിനുമേൽ ജയം… ജീവന്റെ തീരപ്പടർപ്പുകൾ.” മഹാരാജാസ് കോളെജിലെ ഓർമ്മകൾ കെ.ജി.എസ് ഓർത്തെഴുതുകയാണ്. മഹാരാജാസ് കോളെജിൽ പോയ ഒരനുഭൂതി ഇതിന്റെ വായനക്കാരിലുണ്ടാവുകയാണ്. (മുറ്റത്തും മുറിയിലും എന്ന ലേഖനം) അതേ ലേഖനത്തിൽത്തന്നെ ഇതും വായിക്കാം: “പടിഞ്ഞാറൻ കയങ്ങളിൽനിന്നു വടക്കേ നെടുമ്പരവരാന്തയിലൂടെ ഒറ്റമുണ്ടുടുത്തൊരു കാറ്റ് കിഴക്കോട്ടു മെല്ലെ നീങ്ങുന്നു. ഭാവുകത്വത്തെ അപകോളനീകരിച്ച് ദ്രാവിഡ ഗരിമയിലേക്കു മുന്നേറുന്ന ആ ചലനത്തിന് ടി.ആറിന്റെ ഛായ. മറ്റൊരു നാൾ.നടുമുറ്റത്തേക്കുള്ള വരാന്ത. ഉച്ചതിരിഞ്ഞുള്ള വിചാരവെയിലിന്റെ നേരം. പതിവു നിർമസദിര്.” ഈ ഗദ്യത്തിന് എന്തോ ഒരു സവിശേഷ സൗന്ദര്യമുണ്ടെന്ന് എനിക്കു തോന്നുന്നു. ഒരു കവിയുടെ കാഴ്ചയും കാവ്യഭാഷയും നിറഞ്ഞ കുറെ ലേഖനങ്ങൾ ചേർന്നതാണ് ‘നിലക്കണ്ണാടിയും പഴയ ഫോട്ടോകളും ‘ എന്ന കെ.ജി.എസിന്റെ പുതിയ പുസ്തകം.
ഒരു കാവ്യപ്രതിഭ ഓർമ്മകളിൽ മുങ്ങിത്തപ്പുന്ന കാഴ്ച ഇതിലെ മിക്കവാറും ലേഖനങ്ങളിലുണ്ട്. ആ കാഴ്ചകളിലൂടെ കുറെ സാംസ്കാരികചിത്രങ്ങൾ നമുക്കുമുന്നിൽ ഭംഗിയോടെ വിരിഞ്ഞുവരുന്നുണ്ട്. ഒരിളംകാറ്റിന്റെ സുഖംപകരാൻ കവി കെ.ജി.എസിന്റെ ഈ ഗദ്യത്തിന് കഴിഞ്ഞിരിക്കുന്നു. (നിലക്കണ്ണാടിയും പഴയ ഫോട്ടോകളും – കെജിഎസ് – മനോരമ ബുക്സ് – കോട്ടയം)
എന്താണ് സാഹിത്യം?
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച സാഹിത്യരചനകളുടെ ഒരു സമാഹാരം 2010 മുതൽ ഡാൽക്കി ആർക്കൈവ് (Dalkey Archive) എന്ന പ്രസാധകർ എല്ലാ വർഷവും പ്രസിദ്ധപ്പെടുത്താറുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് ‘Best European Fiction 2016’. അസർബൈജാൻ, ഡെൻമാർക്, പോർച്ചുഗൽ, ഉക്രൈൻ, ബെലറുസ്, ബെൽജിയം,ലാറ്റ്വിയ,ബൾഗേറിയ തുടങ്ങി 29 രാജ്യങ്ങളിൽനിന്നുള്ള ഗദ്യരചനകളാണ് ഇതിലുള്ളത്. ആധുനികസാഹിത്യത്തിന്റെ ഒരു നല്ല ചിത്രം ഇതിലൂടെ വായനക്കാർക്ക് ലഭിക്കും. 2016- ലെ സമാഹാരത്തിൽ യോൺ ഫോസ്സെ (Jon Fosse) എഴുതിയ ഒരാമുഖലേഖനവുമുണ്ട്. The Majority is Always Wrong എന്നാണ് ആ ലേഖനത്തിന്റെ ശീർഷകം.
എന്താണ് സാഹിത്യമെന്ന ചോദ്യത്തെ അഭിസംബോധനചെയ്യുകയാണ് ഫോസ്സെ. സാഹിത്യത്തിലെ കളകളെ കണ്ടെത്താനാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. സാഹിത്യമെന്ന് ആരോപിക്കപ്പെടുന്ന പലതും സാഹിത്യമല്ല. ഏറ്റവുമധികം വിറ്റഴിയുന്ന കഥ സാഹിത്യമാവണമെന്നില്ല. പ്രണയകഥകളും കുറ്റാന്വേഷണ കഥകളും സാഹിത്യമല്ല. സത്യത്തിൽ അവ സാഹിത്യത്തിന്റെ എതിർപക്ഷമാണ്. “Crime fiction is a lie that represents an untruth – that is, it is fake – while real literature is a lie that represents the truth.” യഥാർഥസാഹിത്യത്തിന്റെ ഉത്തമ മാതൃകകളാണ് ഈ സമാഹാരത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
സാഹിത്യമെന്നത് എഴുത്തുകൊണ്ട് നിർമ്മിക്കുന്ന ഒരു സവിശേഷ വിഭാഗമാണെന്നു സമർഥിക്കാനാണ് ഫോസ്സെ പ്രകോപനപരമായ ഈ ആമുഖലേഖനത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. നോർവെയിൽനിന്നുള്ള ഫോസ്സെയ്ക്ക് 2023-ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. (Best of European Fiction 2016- Preface by Jon Fosse- Dalkey Archive Press)