വീടുവിട്ടുപോകാത്ത കഥകൾ – ഡോ. തോമസ് സ്കറിയ
മറ്റുള്ളവരുടെ ജീവിതത്തെ കൊള്ളയടിക്കുന്ന ഒരു ബൗദ്ധികനരഭോജിയാണ് എഴുത്തുകാരന്റെ ഭാവനയെന്ന് നദീൻ ഗോഡിമർ പറയുകയുണ്ടായി. ആ ഭാവനയുടെ സർവാധിപത്യത്തെ അനുഭവിക്കാൻ സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ വായിക്കണം.
ചെറുകഥ ഭാവനയുടെ വികാസത്തെയല്ല, ഏകാഗ്രതയെയാണ് പ്രതിനിധീകരിക്കുന്നത്. സംഭവങ്ങളുടെ കേവലമായ സംയോജനമല്ല, മറിച്ച് സംഭവങ്ങളിലൂടെയുള്ള അര്‍ഥത്തിന്റെ വികാസമാണ് ചെറുകഥ. കഥപറച്ചിലിന് മനുഷ്യരാശിയോളം പഴക്കമുണ്ട്, കുറഞ്ഞത് സംസാരഭാഷയോളം പഴക്കമുണ്ടെന്നെങ്കിലും സമ്മതിക്കണം. അവയെ ചരിത്രമുദ്രിതമായ മനുഷ്യഭാവനയുടെ ആവിഷ്കാരങ്ങളായി പരിഗണിക്കണം. പുരാതനസംസ്കാരങ്ങളുടെ അതിമനോഹരമായ മിത്തോപോയറ്റിക് “ചരിത്രങ്ങൾ” എല്ലാം കഥയുടെ ഓരോ രൂപങ്ങളാണ്. എണ്ണിയാലൊടുങ്ങാത്ത ചെറിയ അരുവികൾ ചേർന്ന് ഒഴുകുന്ന ഒരു നദിപോലെ, മനുഷ്യഭാവനയുടെ പല സ്രോതസ്സുകളിൽനിന്ന് ഉത്ഭവിച്ച് ഒഴുകി ഉരുത്തിരിഞ്ഞതാണ് ആധുനിക ചെറുകഥ. അവ വിമർശനാത്മകചിന്തയെ മാത്രമല്ല, ഭാവനാത്മകജ്ഞാനത്തെയും ഉണർത്തുന്നു.
മറ്റുള്ളവരുടെ ജീവിതത്തെ കൊള്ളയടിക്കുന്ന ഒരു ബൗദ്ധികനരഭോജിയാണ് എഴുത്തുകാരന്റെ ഭാവനയെന്ന് നദീൻ ഗോഡിമർ പറയുകയുണ്ടായി. ആ ഭാവനയുടെ സർവാധിപത്യത്തെ അനുഭവിക്കാൻ സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ വായിക്കണം. വീട് അദ്ദേഹത്തിന്റെ കഥകളിൽ ഒരു പ്രധാന സാന്നിധ്യമാകുന്നുണ്ട്. വീട്ടകങ്ങളിലേക്ക് ഇത്ര സൂക്ഷ്മതയോടെ നോക്കുന്ന കഥകൾ ഇപ്പോൾ മലയാള കഥാസാഹിത്യത്തിലുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ, വീട്ടിലേക്കു ചുരുങ്ങിച്ചുരുങ്ങി വരുകയല്ല, വീട്ടിൽനിന്നു പുറത്തേക്കു വികസിക്കുന്നതാണ് അതിന്റെ ആശയഭൂപടമെന്ന വസ്തുത നിഷേധിക്കാനുമാവില്ല. ആധിയുടെയും വ്യാധിയുടെയും ആനുഭവികമണ്ഡലത്തിൽനിന്നാണ് അദ്ദേഹത്തിന്റെ കഥകളാരംഭിക്കുന്നത്.
ഒരു സ്ത്രീ ഈ രാത്രിയിൽ ആളൊഴിഞ്ഞ ഒരിടത്തു വച്ച് മാനഭംഗം ചെയ്യപ്പെടാനുള്ള സാധ്യതയിലാണ് ‘ആഗസ്ത് 15’ ആരംഭിക്കുന്നത്. രാവിലെയാണ് ആമോസിനെ പോലീസ് പിടിച്ചുകൊണ്ടുപോയതെന്നു പറഞ്ഞുകൊണ്ടാണ് ജൂഹുവിനും റൂമിക്കുമായി സമർപ്പിക്കപ്പെട്ടൊരു കഥയുടെ തുടക്കം. അംബ്രോസ് ഇന്നീ രാത്രി വീടിനകത്തു വച്ച് കൊല്ലപ്പെടുമോയെന്ന ആകാംക്ഷയിലാണ് ന്യായവിധിയുടെ ആരംഭം. ഇരുപതുമിനിറ്റിനുള്ളിൽ വിഷവാതകം വഹിച്ച കാറ്റ് ഓരോ വീട്ടിലേക്കും എത്തിച്ചേരുമെന്ന ഭയത്തിൽനിന്നാണ് ‘പാമരം’ വികസിതമാകുന്നത്. ഇങ്ങനെ ആകാംക്ഷയ്ക്കു സമാന്തരമായി ഭയത്തെ കൊണ്ടുപോകുന്നത് സോക്രട്ടീസ് കെ. വാലത്തിന്റെ ഒരു ആഖ്യാന സവിശേഷതയാണ്. രണ്ടിന്റെയും അതിർത്തികൾ നേർത്ത് ഇല്ലാതാകുമ്പോഴാണ് കഥയുടെ പ്രമേയം വെളിപ്പെട്ടു കിട്ടുന്നത്.
ജീവിതത്തിൽ ഓരോരുത്തരും ചില കണക്കുകൂട്ടലുകൾ നടത്താറുണ്ട്. കുട്ടിയ കണക്കുകളൊക്കെയും തെറ്റിപ്പോയെന്നും കണക്കുകൂട്ടലിനപ്പുറത്തു മനസ്സിലാകാത്തൊരു കണക്ക് ഉണ്ടായിരുന്നുവെന്നും തിരിച്ചറിയുന്ന ഒരുവന്റെ കഥയാണ് ‘ആവർത്തനപ്പുസ്തകം’. ‘കവചിതം’ എന്ന സമാഹാരത്തിലെ ഈ കഥ സോക്രട്ടീസ് കെ. വാലത്തിന്റെ ആഖ്യാനത്തിലെ അച്ചടക്കത്തിനും കൈയടക്കവിദ്യയ്ക്കും ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
ആത്മാക്കളുടെ ദിവസം പാതിരാത്രിയിൽ ഒരപ്പനും അമ്മയും മകനും അവർ ജീവിച്ചിരുന്ന അവരുടെ വീട്ടുമുറ്റത്ത് തമ്മിൽ കാണുന്നതാണ് കഥ. പാപവും ശാപവും തുടർക്കഥകളായി മാറുന്നത് മകൻ ഓർക്കുന്നു. പരസ്പരമുള്ള വെറുപ്പും വിദ്വേഷവും വൈരാഗ്യവും മാത്രമേ അപ്പനും അമ്മയ്ക്കും ഇടയിലുണ്ടായിരുന്നുള്ളു. അതിനിടയിൽപ്പെട്ട് പൂതലിച്ചുപോയ ബാല്യവും കൗമാരവും യൗവനവുമായിരുന്നു അവന്റേത്. അപ്പൻ മരപ്പണിക്കാരനായിരുന്നു. ഒരുകാലത്ത് അപ്പന്റെകൂടെ കെട്ടിടംപണിക്കു പോയിരുന്ന ലോനൻ ആശുപത്രി കെട്ടുന്നതിനിടയിൽ മൂന്നാം നിലയിൽനിന്നു വീണ് നടുവ് കേടുപറ്റി കിടപ്പിലായി. അയാളുടെ ഭാര്യ റൂത്തിന്റെ ജാരനായി അപ്പൻ. ഒരുദിവസം ലോനയുടെ ശവം ഇടയക്കുന്നം പാലത്തിനു ചുവട്ടിൽ പൊങ്ങി. ലോനയെപ്പോലെ ചങ്കുപൊട്ടിയാണ് അപ്പന്റെ ചേട്ടൻ വറുതും മരിച്ചത്. അയാളുടെ ഭാര്യ സലോമിയുടെയും ജാരനായിരുന്നു അപ്പൻ. വറുതു വല്യപ്പനോടും ലോനയോടും പാപംചെയ്ത് അവരുടെ ശാപം വാങ്ങി അപ്പൻ അനുഭവിച്ചു മരിച്ചു. ഒരു പാതിരാത്രിയിൽ ലോനയുടെ വീട്ടിൽ പതിവു സന്ദർശനംകഴിഞ്ഞ് വീട്ടിലേക്കുവരുന്നവഴി തീവണ്ടിപ്പാളം മുറിച്ചു കടക്കുമ്പോൾ അടിതെറ്റി പാളത്തിൽ വീണു ട്രെയിൻ കയറിയാണ് അപ്പൻ മരിച്ചത്. അവന് വേണമെങ്കിൽ അപ്പനെ രക്ഷിക്കാമായിരുന്നു. അമ്മയ്ക്കുവേണ്ടിയാണ് അവനതു ചെയ്തത്. എന്നാൽ അപ്പനെക്കൊന്ന മഹാപാപി എന്നാണ് അമ്മ അവനെ വിളിച്ചത്. അപ്പോഴാണ് അവന്റെ കണക്കുകൂട്ടലുകൾ തെറ്റിയത് അവനാദ്യം അറിയുന്നത്. അപ്പനെക്കൊണ്ട് ദണ്ണം അനുഭവിക്കാൻ മാത്രം ലോനയും വറുതു വല്യപ്പനും ചെയ്ത പാപം എന്തായിരുന്നുവെന്നതാണ് അവനു മനസ്സിലാകാതെ പോയ മറ്റൊരു കാര്യം. അതറിയാൻ പിന്നിലേക്കു പോവാൻ വയ്യാതെ അവനും അവസാനിച്ചു.
ഈ കഥയെക്കുറിച്ച് എടുത്തു പറയുവാൻ കാരണം ഹൃദയസ്പർശിയാണിത് എന്നതാണ്. ഭാവതീവ്രത നശിപ്പിക്കാതിരിക്കാനുള്ള കഥാകൃത്തിന്റെ ശ്രദ്ധ ഓരോ വാക്യത്തിലും പ്രകടമായി കാണാം. ഭാവാന്തരീക്ഷത്തെ വാക്കുകളിലൂടെ സമര്‍ഥമായി വിനിമയംചെയ്യുവാൻ സോക്രട്ടീസ് കെ. വാലത്തിന് അപൂർവമായ സിദ്ധിയുണ്ടെന്ന് കഥ വായിക്കുന്ന ഓരോരുത്തർക്കും ബോധ്യമാകും. “പാളത്തിൽ ഒരു മുഴുത്ത നായ തലയറ്റു കിടന്നിരുന്നു. അതിന്റെ അറ്റുപോയ ശിരസ്സിലെ കണ്ണുകൾ എന്നെ നന്ദിയോടെ ഉഴിഞ്ഞു”. വാക്കുകളിൽ വല്ലാത്ത മിതത്വം സോക്രട്ടീസ് കെ. വാലത്ത് പാലിക്കുന്നുണ്ട്. “ലോകം ശൂന്യമായി. എല്ലായിടവും ഒഴിഞ്ഞും പാഴായും കിടന്നു. നിലാവു താഴ്ന്നു. കാക്കകൾ ദാഹപൂർവം കരഞ്ഞു. ആകാശം ചാരനിറമാണ്ടുകിടന്നു. ഞാൻ നടന്നു”. കഥയവസാനിക്കുന്നത് അവരുടെ വീട് മെല്ലെ ഇടിഞ്ഞമർന്ന് നിശ്ശബ്ദം പൊടിയിലേക്കു മടങ്ങുന്ന കാഴ്ചയിലാണ്. സോക്രട്ടീസ് കെ. വാലത്തിന്റെ പല കഥകളും വീടുകളുടെ നാശം ഭൗതികതലത്തിൽ മാത്രം വിലയിരുത്തേണ്ട ഒരു വിഷയമല്ലെന്ന് ഓർമ്മിപ്പിക്കുന്നവയാണ്.
വീടും വീട്ടുപരിസരവും സോക്രട്ടീസ് കെ. വാലത്തിന്റെ കഥകളിൽ ആവർത്തിച്ചു പരാമർശിതമാകുന്നുണ്ട്. സ്വയം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന കഥാകൃത്താണ് എങ്കിലും കാത്തിരിപ്പിന്റെ കഥകളാണ് അദ്ദേഹം പറയുന്നതേറെയും. ജീവിതം കാത്തിരിപ്പല്ലാതെ മറ്റൊന്നുമല്ലെന്ന് ഓർമിപ്പിക്കുന്ന കഥയാണ് ‘കിളിവാതിലിനിപ്പുറം’. കടൽത്തീരത്തെ മറ്റു വീടുകളിൽനിന്നു ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു വലിയ വീടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ആ കഥയാരംഭിക്കുന്നത്. മകനെക്കാത്തിരിക്കുന്ന ഒരമ്മ ആ വീട്ടിലുണ്ട്. ‘മരണക്കളി’ എന്ന കഥയിൽ എന്തോ പരതി നടക്കുന്ന കടിയൻ ഉറുമ്പുകളാണ് വീടുനിറയെ എന്നു കാണാം. വീട് വൃത്തിയായി സൂക്ഷിക്കാത്തതുകൊണ്ടാണ് അതെന്ന് അശോകന്റെ അച്ഛൻ. തനിക്കും പ്രായമായി എന്ന് അമ്മയും. അങ്ങനെ പരസ്പരം പഴിപറഞ്ഞ് ഒടുക്കം അസുഖകരമായ മൗനത്തിൽ മൂടിപ്പൊതിഞ്ഞു നില്ക്കുന്ന ഒരു വീട്. വീടും കുടുംബവും വീട്ടിലെ പ്രശ്നങ്ങളുമൊക്കെ ആർക്കും ഒഴിവാക്കാൻ പറ്റുന്ന വിഷയങ്ങളല്ല. ‘ഇരുതലമൂരി’യിലും ‘ആനന്ദ് നഗറിലെ കാറ്റി’ലും ‘ശേഷപത്ര’ത്തിലുമൊക്കെ വീട്ടുവിഷയങ്ങളാണ് ഇതിവ്യത്തമായി വരുന്നത്.
വീടിന്റെ ആകൃതിയും പ്രകൃതിയും ഒരു സമൂഹത്തിൽനിന്ന് മറ്റൊന്നിലേക്ക് പരക്കെ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിലും, വീടുകൾ ഏറെക്കുറെ സാർവത്രികമാണ്. പല സമൂഹങ്ങളിലും വീടുകൾ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നുമാണ്. വീടുകൾ താമസക്കാരെ നിലനിറുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭൗതികസൗകര്യങ്ങൾ വാഗ്ദാനംചെയ്യുന്നു, മാത്രമല്ല, അവ പലപ്പോഴും മനുഷ്യരുടെ നിലനില്പിന് അത്യന്താപേക്ഷിതവുമാണ്. മാനസികവും വൈയക്തികവുമായ വികാസത്തിനും പ്രകടനത്തിനുമുള്ള പ്രധാനകേന്ദ്രങ്ങളാണ് വീടുകൾ. വ്യക്തികൾ സ്വത്വത്തെ വികസിപ്പിക്കുകയും വീടുകളിൽ സ്വകാര്യത നിയന്ത്രിക്കുകയും ചെയ്യുന്നു. കുടുംബങ്ങൾ വീടുകളിൽ ഒരു ഏകകമായി തങ്ങളെത്തന്നെ സ്ഥാപിക്കുകയും മറ്റുള്ളവരുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, വീട് ഒരു അഭയകേന്ദ്രമാണ്. മനുഷ്യരുടെ അത്യാവശ്യവും സാംസ്കാരികവുമായ പ്രക്രിയകളുടെ ശേഖരമാണ് വീടുകൾ. സ്വസ്ഥമായി വ്യവഹരിക്കാവുന്ന വിശ്വസ്തമായ ഇടമാണ് ഒരാൾക്ക് സ്വന്തം വീട്. ഏത് അവസ്ഥയിലും എല്ലാ തിരക്കുകളിൽനിന്നും ഓടിയെത്താനാഗ്രഹിക്കുന്ന ഒരിടം. വീട്ടിലേക്ക് ഓരോരുത്തരേയും വലിച്ചടുപ്പിക്കുന്ന പല ഘടകങ്ങളുണ്ട്.
എല്ലാ വഴികളും ചതിച്ചാലും വീട്ടിലേക്കുളള വഴി ഒരിക്കലും പിഴയ്ക്കില്ലെന്നു റഫീക്ക് അഹമ്മദ് ‘പാർപ്പിടം’ എന്ന കവിതയിൽ എഴുതിയതോർക്കുന്നു. “മുഖമൊരേപോലെ വീടുകൾക്കെങ്കിലും മറവി കാൽകളെ ചുറ്റുന്നുവെങ്കിലും മിഴിയടച്ചാലുമവിടെയെത്തിക്കുമെൻ കഴലുകൾ ” എന്നതൊരു വിശ്വാസമാണ്. വീടിന് അതിന്റെ ഭൂഗുരുത്വബലം നഷ്ടമാകുന്നതിന്റെ ആധികൾ സോക്രട്ടീസ് കെ. വാലത്തിന്റെ കഥകളിൽ അവതരിപ്പിക്കപ്പെടുന്നു. വിഷവാതകചോർച്ചയറിഞ്ഞ് വീടു വിട്ടോടുന്നവരെ അവതരിപ്പിച്ചുകൊണ്ടാരംഭിക്കുന്ന ‘പാമരം’ മർത്യാസ് അപ്പൂപ്പൻ കൊച്ചുമകൻ ബിനുവിന് അതിജീവനപാഠം പകർന്നുകൊടുക്കുന്ന കഥയാണ്. അവന്റെ കണ്ണുകൾ വീട്ടിൽനിന്നു പുറത്തിറങ്ങി ഓടാൻ പഴുതുതേടി പരതുകയാണ്. പണ്ട് ബണ്ടുപൊട്ടീന്ന് പറഞ്ഞ് കിട്ടിയതുംകൊണ്ട് എല്ലാവരും ഓടിയപ്പോൾ മർത്യാസിന്റെ അപ്പൻ ചിക്കു അവനെക്കൂട്ടി നെഞ്ചുവിരിച്ചുനിന്നു പൊരുതിയ കഥ പറഞ്ഞുകൊടുത്ത് ബിനുക്കുട്ടനു ധൈര്യംപകരുന്നു. വെഷപ്പുക പൊഴയ്ക്കിപ്പുറത്തേക്ക് വരില്ലെന്നും പടിഞ്ഞാറൻ കാറ്റിൽ ആ പൊകമൊത്തം തള്ളിത്തള്ളി കെഴക്കോട്ട് കൊണ്ടുപോയി മലേടപ്പുറത്തേക്ക് തള്ളുമെന്നും അയാൾ അവനു പറഞ്ഞുകൊടുക്കുന്നു. അപ്പോൾ, പോയവരൊക്കെ തിരിച്ചുവരുമെന്നും നിനക്ക് നിന്റപ്പനെയും അമ്മയെയും ഒക്കെ കാണാൻപറ്റുമെന്നും അവനെ ധരിപ്പിക്കുന്നു. ഇത്രേംമാത്രം വിചാരിക്ക്. വേറൊന്നും ചിന്തിക്കാണ്ട് കിടക്ക്. എന്താ വരുമ്പോണേന്ന് നുമ്മക്ക് നോക്കാം. ഇതായിരുന്നു മർത്യാസ് അപ്പാപ്പന്റെ നിലപാട്. പുറത്ത് അടുത്തടുത്തുവരുന്ന പരിചിതശബ്ദങ്ങളിലേക്കാണ് അവൻ ഉറക്കംവിട്ടുണരുന്നത്. അപ്പോഴേയ്ക്കും മർത്യാസ് അപ്പാപ്പന്റെ പോരാട്ടവീര്യം അവനിലേക്കും സംക്രമിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ വീടുവിട്ടോടാതെ പൊരുതുന്ന മർത്യാസ് അപ്പാപ്പന്റെ അതിജീവന ശേഷിക്ക് ബിനുക്കുട്ടനിലൂടെ വ്യാപ്തി കൈവരുന്നു.
സമൂഹത്തെക്കാൾ വ്യക്തിയിൽ കേന്ദ്രീകരിക്കുന്നവയാണ് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ. സമൂഹത്തിലാണ് വ്യാപരിക്കുന്നതെങ്കിലും വ്യക്തി എന്ന നിലയിൽ അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സമ്മർദങ്ങളിലേക്കാണ് വായനക്കാരെ അദ്ദേഹം ആനയിക്കുന്നത്. ‘ആഗസ്ത് 15’ എന്ന കഥയിലെ സ്ത്രീയും അവളെ പിന്തുടരുന്ന അജ്ഞാതനും തമ്മിലുള്ള സംഭാഷണത്തിലൂടെ ഭയത്തെ മാന്ത്രികമായി നിലനിറുത്തുന്ന ആഖ്യാനതന്ത്രം ഈ കഥാകൃത്തിന്റെ കഥനവൈഭവത്തെ വെളിപ്പെടുത്തുന്നു. വെറുതെ ജീവിതത്തെ ആവിഷ്കരിക്കുന്നതല്ല ചെറുകഥയെന്ന് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ ഓർമിപ്പിക്കുന്നു. ഇരുതലമൂരി എന്ന കഥ ഒരു രതിവിജ്ഞാന ഗ്രന്ഥം എഴുതാൻ നിർബന്ധിതനാകുന്ന ജോസ് സാറിന്റെ അനുഭവങ്ങളെ ആവിഷ്കരിക്കുന്നു. അദ്ദേഹത്തിന് ഒരേയൊരു മകളേയുള്ളു, നീന. നീനയുടെ കല്യാണത്തിന് കേവലം ഏഴു ദിവസങ്ങൾക്കുമുൻപാണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനമെടുത്തത്. റിസ്കാണ് എന്നറിഞ്ഞുകൊണ്ടുന്നെയാണ് അദ്ദേഹം അതിനു തുനിയുന്നത്. മകൾ അതുവായിച്ചിരിക്കണം. കാര്യങ്ങളെക്കുറിച്ച് ഒരേകദേശധാരണ നേടണം. തന്റെ ഗതി മരുമകനും വരരുത്. അതേ അദ്ദേഹത്തിനുദ്ദേശ്യമുള്ളൂ. എന്നാൽ, നിരവധി പ്രശ്നങ്ങളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. കല്യാണത്തിനു നാലുദിവസം മുൻപേ അയാൾ കൈപ്പുസ്തകം പൂർത്തിയാക്കി. എങ്ങനെ അതു മകളിലേക്ക് എത്തിക്കും എന്നതാണ് ഒരു പ്രധാന പ്രശ്നം. കൈയക്ഷരം മനസ്സിലാവുമല്ലോ. അതിനെന്താണു വഴി ? ഡി.ടി.പി എടുക്കാം. പരിസരത്തെങ്ങും കൊടുക്കാനാവില്ല. പഠിപ്പിച്ച പിള്ളേരുണ്ട്. ഒടുക്കം പത്തുകിലോമീറ്റർ അകലെയുള്ള ഡി.ടി.പി സെന്ററിൽ കൊടുക്കാം എന്നു തീരുമാനിച്ചു. കൈയെഴുത്തുപ്രതി തന്റെ കിടപ്പുമുറിയിൽ ഭദ്രമായി വച്ചു. കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നതാണ് പിന്നീട് കാണുന്നത്. വൈകുന്നേരമായപ്പോഴേക്കും അതിഥികൾ ഓരോരുത്തരായി വന്നു. ജോസ് സാറിന് കിടപ്പുമുറിയിൽ കയറാനേ സാധിച്ചില്ല. എന്നു മാത്രമല്ല പത്തായപ്പുരയിൽ കിടന്നുറങ്ങേണ്ടിയും വന്നു. ഉറങ്ങി എണീറ്റപ്പോഴേയ്ക്കും കുട്ടിപ്പട കൈയെഴുത്തുപ്രതി പരസ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. ജോസ് സാർ ഒരശ്ലീലസാഹിത്യകാരനായിത്തീർന്ന പോലെയായി എന്നു പറഞ്ഞാൽ മതിയല്ലോ. സകലമുഖങ്ങളിലും പരിഹാസം, പുച്ഛം. നാട്ടിലുംപാട്ടായി. ജോസ് സാർ അതൊന്നും വിഷയമാക്കാതെ ഉഷാറായി കല്യാണച്ചടങ്ങു നടത്തി. രതിസംബന്ധമായി എന്തു നല്ല കാര്യം ചെയ്താലും ദുരനുഭവമാണല്ലോ എന്നദ്ദേഹം ദുഃഖിച്ചു. കൈയെഴുത്തുപ്രതിയും കിട്ടിയില്ല. അതിനിടെ മകളും മരുമകനും ആദ്യത്തെ വിരുന്നിനു വന്നു. അന്നു രാത്രി മരുമകൻ കൈയെഴുത്തുപ്രതി ജോസ് സാറിനെ ഏല്പിച്ചിട്ടു പറഞ്ഞു, ഗ്രേറ്റ് പപ്പാ. പുസ്തകമാക്കി ഇറക്കിയിട്ട് കാര്യമില്ലെന്നും ഇത് വിഷ്വലായിട്ട് അവരിരുവരും മോഡലായി ചെയ്താലോന്നാലോചിക്കുവാണെന്നുംകൂടി കേട്ടപ്പോൾ അയാൾക്ക് ഒരു തലമയക്കമുണ്ടായി. അയാൾ കണ്ടു, തന്റെ ഭാര്യയുടെയും മകളുടെയും രൂപങ്ങൾ പരസ്പരംചേർന്ന് ഒറ്റ ഉടൽ. അതിനു പക്ഷേ, രണ്ട് തലകൾ ഉണ്ട്. ലാഘവത്തോടെ കഥപറയുന്ന സോക്രട്ടീസ് കെ. വാലത്ത് ദുരനുഭവങ്ങളെ ചിരിയാക്കിമാറ്റുന്ന തന്ത്രം ഈ ആഖ്യാനത്തിൽ പരീക്ഷിക്കുന്നു.
‘ആനന്ദ്നഗറിലെ കാറ്റ്’ ആനന്ദൻ മാഷിനു സംഭവിച്ച ദുരന്തത്തിന്റെ മാത്രം കഥയല്ല. ആനന്ദ് നഗറിൽ വിരിഞ്ഞ കടും നിറവും മാസ്മര സുഗന്ധവുമുള്ള പനിനീർപ്പൂക്കളുടെ കഥയും ആനന്ദൻ മാഷിന്റെ ദുരന്തത്തിനു കാരണക്കാരായവരുടെ വീഴ്ചയുടെ കഥയും കൂടിയാണ്. കാര്യവും കാരണവും തേടാതെ പ്രചരിപ്പിക്കുകയും കാണാതെയും അറിയാതെയും സ്ഥിരീകരണം നടത്തുകയും ചെയ്യുന്നവർക്കിടയിൽ സത്യം വിറങ്ങലിച്ചു നില്ക്കുന്നു. പതിന്നാലുകാരിയായ ജെമ്മ എന്ന ജോലിക്കാരിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ലൈംഗികോപയോഗത്തിനിരയാക്കി എന്ന പരാതിയിലാണ് താൻ ജയിലിലായതെന്നുപോലും അദ്ദേഹം സ്റ്റേഷനിലെത്തി ചാർജ് ഷീറ്റ് കേട്ടപ്പോഴാണറിഞ്ഞത്. ചാനലുകളും പോർട്ടലുകളും ലോകമെങ്ങും വാർത്ത എത്തിച്ചു. സത്യാനന്തരകാലത്തെയും മാധ്യമങ്ങളുടെ വിചാരണയെയും വിമർശിക്കുന്ന ഒരു കഥകൂടിയായി ‘ആനന്ദ് നഗറിലെ കാറ്റ്’ മാറുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം ജയിൽപ്പുള്ളികളിൽ വലിയ മാറ്റംവരുത്തി. ജാമ്യം നേടി തിരിച്ചെത്തിയ ആനന്ദൻ മാഷിന്റെ വീട്ടിൽനിന്നു വരുന്ന സുഗന്ധത്താൽ അവിടെയെങ്ങും ഒരു ലാഘവത്വം അനുഭവപ്പെട്ടു. തടവുകാലം കഴിഞ്ഞു മാഷ് വന്നതോടെ പനിനീർച്ചെടികൾ തളിർത്തു. ജെമ്മ ആനന്ദൻ മാഷ് നിരപരാധിയാണെന്നും സമീപവാസികൾ പിതാവിനെ സ്വാധീനിച്ച് ഒപ്പു വയ്പിച്ചതാണെന്നും കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് മാഷിന്റെ വിയോഗമറിഞ്ഞ് എത്തിയവരിൽ പുരുഷന്മാർ ആ വീട്ടിൽ നിന്നും മുറിച്ചുകൊണ്ടുപോയ കമ്പ് നട്ട് വളർന്നു പൂത്ത് ആ പ്രദേശം മുഴുവൻ സുഗന്ധം പരന്നു. ആനന്ദൻ മാഷിന്റെ വീട് പിന്നീട് ഇടിഞ്ഞുപൊളിഞ്ഞു പോയെങ്കിലും ആ പനിനീർച്ചെടികൾ ഓരോ വീട്ടിലും സുഗന്ധം പരത്തിക്കൊണ്ടിരുന്നു. അവിടങ്ങളിൽ ചെല്ലുന്നവർക്കെല്ലാം ആനന്ദം ലഭിച്ചു. അങ്ങനെ ആനന്ദനഗർ എന്ന പേരും ആ പ്രദേശത്തിനു ലഭിച്ചു. ആർക്കാണ് ആനന്ദം അനുഭവിക്കാനാവുന്നത് എന്ന ചോദ്യത്തിന് ആനന്ദ് നഗറിലെ കാറ്റ് ഉത്തരംതരും സ്നേഹംപകരുമ്പോഴാണ് ആനന്ദം കൈവരുന്നത്. ആനന്ദൻ മാഷ് പനിനീർച്ചെടികളെ പരിചരിക്കുന്നതിൽ നല്കുന്ന ശ്രദ്ധ സവിശേഷമായതായിരുന്നു. അതിൽ വിരിഞ്ഞ പനിനീർപ്പൂക്കളുടെ അപരിമേയമായ സൗരഭ്യത്തിലൂടെ അയൽവീടുകളിലെ പെണ്ണുങ്ങൾക്കും അളവറ്റ ആനന്ദംകിട്ടുന്നു.
ആനന്ദം പകരുന്നവയാണ് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ. സത്യത്തിന്റെ സുഗന്ധം അതിൽ പ്രസരിക്കുന്നു. സമൂഹത്തിന്റെ പൊതു മനോഭാവത്തിനു നേർക്കുയർത്തുന്ന ചോദ്യങ്ങളാണ് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകളിൽ പൊതുവെ ആവിഷ്കൃതമാകുന്നത്. വീടുവിട്ടുപോകാൻ മടിക്കുന്ന വീട്ടുകാരനെപ്പോലെ സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾ വായനക്കാരുടെ ഉള്ളിൽനിന്നു വിട്ടുപോകാൻ മടിക്കും. എഴുതിയവയിൽ പലതും മലയാളത്തിലെ മികച്ച കഥകളുടെ നിരയിൽ ഇടംനേടാനർഹമാണെങ്കിലും വരാനിരിക്കുന്നത് ഈ എഴുത്തുകാരന്റെ കാലമാണെന്നു പറയാനാണ് എനിക്കിഷ്ടം.