കല്‍പ്പറ്റ നാരായണന്‍/ഡോ. രോഷ്നിസ്വപ്ന – മരണത്തെ ഊറാന്‍ വയ്ക്കുന്ന സമയപ്രഭു

കല്‍പ്പറ്റ നാരായണന്‍/ഡോ. രോഷ്നിസ്വപ്ന  –  മരണത്തെ ഊറാന്‍ വയ്ക്കുന്ന സമയപ്രഭു

“Man has no knowledge” -Michel De Montaigne


തന്റെ സമ്പൂർണസമാഹാരത്തില്‍ Michel de Montaigne    എഴുതിയ വരികള്‍ ശ്രദ്ധേയമാണ്. If I speak of myself in different ways, that is because I look at myself in different ways” എന്നാണദ്ദേഹം വിശ്വസിക്കുന്നത്. ഇതൊരു തുറന്നുപറച്ചിലാണ്. അനുഭവങ്ങളുടെ സവിശേഷമായ സ്പര്‍ശങ്ങളെ അതല്ലാത്ത മറ്റൊന്നിലേക്ക് പരിവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകളെ തിരിച്ചറിയുന്ന അനുഭവസാക്ഷ്യമാണ്. അത് മനുഷ്യന്റെ ഏകാന്തതയാവം ക്രിയാത്മകതയാവാം ഹിംസാത്മകതയാവാം അപരശരീരങ്ങളുടെ ഇടപെടലാവാം. തീര്‍ച്ചയായും സാമൂഹിക വ്യവഹാരങ്ങളില്‍നിന്നൊരാള്‍ സ്വയം അരിച്ചെടുത്ത കണ്ടെത്തലുകളാവാം. അതില്‍ നിന്ന് തീര്‍ച്ചയായും രാഷ്ട്രീയസാധ്യതകളെ തള്ളിക്കളയാനാവില്ല. കവിതയിലായാലും ജീവിതത്തിലായാലും അതു ചിലപ്പോള്‍ ചില ഇടങ്ങളെ അസ്വസ്ഥമാക്കാം. അങ്ങനെ വേണം താനും.


കല്‍പ്പറ്റ നാരായണന്‍ എന്ന കവിയുടെ കവിതകള്‍ അതിസൂക്ഷ്മമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്, അതേസമയം, ചില സത്യങ്ങളെ അലോസരപ്പെടുതുകയും ചെയ്യുന്നുണ്ട്. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് വേണ്ടിയല്ല ഈ കവി എഴുതുന്നത്. തീവ്രമായ നിഷ്ഠയോടെ അനനുകരണീയമല്ലാത്ത വഴികള്‍ കല്‍പ്പറ്റക്കവിതകള്‍ക്കുണ്ട്. അത് ഏകാന്തതയുടെയോ കാലത്തോടുള്ള തീക്ഷ്ണമായ വിമര്‍ശനങ്ങളുടെയോ ചരിത്രത്തിന്റെ പഴുതുകളിലൂടെ കളഞ്ഞുപോയവയ്ക്കു വേണ്ടിയുള്ള കലഹത്തിന്റെയോ ഒച്ചകള്‍ കേള്‍പ്പിക്കുന്നു.


ഒരാളും അയാള്‍ മാത്രമല്ല എന്ന സൂക്ഷ്മധ്യാനവും അത്രമേൽ പ്രണയവും അത്രമേൽ ഏകാഗ്രതയും അത്രമേൽ മൃത്യുശൈത്യവും ഈ കവിതകള്‍ക്ക് മേലുണ്ട്. ആഴത്തിലുള്ള രാഷ്ട്രീയജാഗ്രത ഈ കവിതകളുടെ അടിയൊഴുക്കായി നിലകൊള്ളുന്നുണ്ട്. വേർതിരിച്ചെടുക്കാൻ ആവാത്തവിധം വേരുകൾക്കിടയിൽ അറിയാതെ മുളയ്ക്കുന്ന പച്ചിലപ്പൊടിപ്പുകളാണവ. നിശ്ചലമായ ജലപ്പരപ്പിൽ ഒരു അരയന്നച്ചിറകടി മതിയാകും ഉള്ളിൽ ഉറക്കംനടിച്ചുകിടക്കുന്ന ഓളങ്ങൾക്ക് മുകളിലേക്ക് കുതിച്ചുയരാനെന്ന്  സ്വപ്നംകാണുംപോലെ ഗുപ്തമായാണ് കൽപ്പറ്റയുടെ കവിതകളിൽ പ്രണയവും മരണവും ഏകാന്തതയും രാഷ്ട്രീയവും ഒളിച്ചു കളിക്കുന്നത്.


അടുത്തെത്തും തോറും/ അകലം കൂട്ടിക്കൊണ്ടിരിക്കുന്ന/ഒരു ദൈവം വേണം പ്രണയത്തിൽഎന്ന പ്രാര്‍ഥനപോലെ ഉറങ്ങുന്നവർ മരണം പരിശീലിക്കുകയാണോഎന്ന ആശങ്ക പോലെ, “നിത്യവും/പരിചയിച്ചില്ലെങ്കിൽ/മരണം മെരുങ്ങില്ലെന്നു / വരുമോഎന്ന ആധി പോലെ ഗുപ്തമാണ് ഈ സങ്കല്പം.


ഈ വരികൾ ഒന്നുകൂടി വായിക്കേണ്ടതുണ്ട്. നിത്യവും നാം മരണത്ത കൂടുതൽക്കൂടുതൽ അടുത്തുനിന്ന് അറിയാൻ പരിശീലിപ്പിക്കുകയാണ് എന്ന തിരിച്ചറിവ് കവിയെക്കൊണ്ട് തുടർന്ന് എഴുതിക്കുന്നത്: “”മരിച്ചവരെ നോക്കൂ/മരണവുമായി/എത്ര മൈത്രിയിൽ ആണവർ!എന്നാണ്.  എത്രയേറെ മരണവുമായി മൈത്രിയിൽ ആകുമ്പോഴും തുടിക്കുന്ന ജീവിതമാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത്. സ്വന്തം മണ്ണിനു മേൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ലാത്ത ഒരു പ്രവാചകനും, സ്വന്തം ആളുകൾക്കിടയിൽ അപരിചിതനായി പോകുന്ന കവിക്കും മരണം ഒരുപോലെയാണെന്ന ജിബ്രാന്റെ വരികൾ പോലെയാണത്. കവി തിരക്കേറിയ ജീവിതപ്പാത മുറിച്ചു കടക്കാൻ കാത്തുനില്ക്കുകയാണ്. ബുദ്ധന് ഏറെ എളുപ്പം മുറിച്ചുകടക്കാൻകഴിഞ്ഞ, തനിക്ക് മുറിച്ചുകടക്കാൻ ആവാത്ത ജീവിതം അയാളെ അമ്പരപ്പിക്കുന്നു. ഒരാൾക്കും ഉറങ്ങാൻകഴിയാത്ത വെളിച്ചത്തിലും സ്ഥലത്തും സമയത്തും ഒച്ചപ്പാടിലും നിശ്ചിന്തമുറങ്ങാൻ കുറഞ്ഞ പരിശീലനം മതിയോ എന്ന് അയാൾ ഒരു നിമിഷം ആലോചിക്കുന്നു.


2023-ലെ കേരള സാഹിത്യ അക്കാദമി കവിതാപുരസ്കാര നിറവില്‍ കല്പറ്റ നാരായണന്‍ കവി   രോഷ്നിസ്വപ്നയുമായി സംസാരിക്കുന്നു.  


ഒരാളും അയാള്‍ മാത്രമല്ല എന്നെഴുതുന്നുണ്ടല്ലോ. കവിയില്‍ എത്രമാത്രം മറ്റൊരാളുണ്ട്? ഈ മറ്റൊരാളായി നിന്ന സ്വന്തം കവിതകളെ വായിക്കാറുണ്ടോ ? നോക്കാറുണ്ടോ?


ഒരാളും ഉടനീളം അയാളല്ല/ സൂത്രംപിടിക്കുമ്പോൾ ഒറ്റക്കണ്ണൻ ഒറ്റക്കണ്ണനല്ല/ കേൾക്കുമ്പോൾ അന്ധൻ അന്ധനല്ല/ കള്ളൻ സ്വന്തം വീട്ടിൽ കള്ളനല്ല” .ഇതാണെന്റെ കാഴ്ച്ചപ്പാട്. ജീവിതം ഒരു ‘സിംഗിൾ സ്റ്റോറി’ അല്ല. നദി ഒന്നല്ല, അതിനാൽ നിങ്ങൾക്ക് രണ്ടുതവണ ഒരേ നദിയിൽ കാലുകുത്താനാവുകയില്ല എന്ന് എല്ലാ കാലത്തേക്കുമായി, ഒഴുകുന്ന, അഥവാ ജീവിക്കുന്ന എല്ലാറ്റിനും ബാധകമായ സത്യം ഹെറാക്ലിറ്റസ് പറഞ്ഞിരിക്കുന്നു. സൂക്ഷ്‌മമായി പറഞ്ഞാൽ അതുവരെ ഇല്ലാതിരുന്ന ഒരാളാണ് ഓരോ കവിതയുമെഴുതുന്നത്. എങ്കിലും അത് അതേ പുഴയാണ് എന്ന് മറ്റൊരര്‍ഥത്തിൽ പറയാവുന്നതുപോലെ അതേ വ്യക്തിയാണ് എഴുതുന്നത് എന്നും പറയാവുന്നതാണ്. ഈ സന്ദിഗ്ദത എന്റെ കവിതകൾ വായിക്കുമ്പോഴുമുണ്ട്. എപ്പോഴത്തെയും ഞാനല്ല അത്. അയാളാവാൻ എനിക്കിനി കഴിയുകയുമില്ല, എന്നാലും എന്റെ തന്നെ പരിണാമമാണയാൾ. അയാൾ വീണ്ടും വരും എന്ന് കവലയിൽ ഞാൻ കാത്തിരിക്കുന്നു. ബാല്യകാലത്തെ എന്റെ ഫോട്ടോ നോക്കിയിരിക്കുമ്പോൾ അത് എന്റെ ഛായയുള്ള എന്നാലിപ്പോഴില്ലാത്ത അനിയനാണ് എന്നു തോന്നുന്ന ആ ആൾ എപ്പോഴത്തെയും ഞാനല്ല, ഞാനല്ലാതേയുമല്ല. മനഃപൂർവം എനിക്കയാളാവാനാവില്ല. ഒരു രാജാവിന്റെ ഛായാചിത്രം കണ്ട് ഇതാണോ രാജാവ് എന്നൊരു സെൻ ബുദ്ധിസ്റ്റ് പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട്. കവിത എപ്പോഴുമെനിക്ക് എത്തിച്ചേരാനാവാത്ത, ചിലപ്പോൾ അനായാസമായെനിക്കെത്തിച്ചേരാനാവുന്ന ഒരു ‘എൻലൈറ്റൻമെന്റ്’ ആണ്. എങ്കിലും ‘ഛായ’നോക്കി ‘സമയപ്രഭു’നോക്കി ‘ആശ്വാസം’നോക്കി ഞാനത്ഭുതത്തോടെ എന്നോട് ചോദിക്കുന്നു എങ്ങനെ ഇതിനാളായി ?


ആ തോന്നല്‍ എളുപ്പത്തില്‍ സ്വായത്തമാകുന്നതല്ലല്ലോ. എഴുതിയ കവിതകളെ എന്നപോലെ എഴുതി ഉപേക്ഷിച്ച  കവിതകളെക്കുറിച്ച് പറയാമോ? എഴുത്തിലെ ചേർത്തുനിറുത്തലും ഉപേക്ഷിക്കലും കവിതയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?


ഉപേക്ഷിച്ച കവിതകൾ അനവധിയാണ്. കയറിനോക്കി താമസയോഗ്യമല്ലെന്നുകണ്ട് ഉപേക്ഷിക്കുന്ന വാടകവീടുകൾ പോലെയാണവ. ചിലപ്പോൾ സംശയംതോന്നി അതിലേക്ക് മടങ്ങിവരാറില്ല എന്നുമില്ല. അതിന്റെ പോരായ്മ‌കൾ നികത്തി അതിൽ താമസിച്ചെന്നുംവരും. അതിലെ സ്‌പാർക്ക് കെടാതെ നില്ക്കുന്നത് കാണുന്നതുകൊണ്ടാണത്. ഞാനിറങ്ങിപ്പോയത് അതിന് പിടിച്ചിട്ടില്ല.


അത് ജീവിതത്തെ മുറിച്ചു കടക്കലും  സ്വയം കരകവിയലുമാണ് എന്നു തോന്നുന്നു. ബുദ്ധന് ഏറെ എളുപ്പം മുറിച്ചുകടക്കാൻ കഴിഞ്ഞ, തനിക്ക് മുറിച്ചുകടക്കാനാവാത്ത ജീവിതം കവിയെ അമ്പരപ്പിക്കുന്നുണ്ടോ? ഈ ജീവിതമാണോ കവിതയിലേക്ക് കൊണ്ടുവരുന്നത് ?


കവിതയെഴുതുമ്പോഴത്തെ ഞാനും അല്ലാത്തപ്പോഴത്തെ ഞാനും തമ്മിലുള്ള അന്തരമുണ്ടതിൽ. കാവ്യശക്തി കൈവരുമ്പോൾ കാവ്യപാത അനായാസമായി മുറിച്ചുകടക്കാനാവും. അതു നേരത്തെ അവിടെയുണ്ടായിരുന്ന അതുവരെ ഞാൻ കണ്ടിരുന്നിട്ടില്ലാത്ത വിജനമായ പാത. നഗ്നദൃഷ്‌ടി സത്യദൃഷ്ടിയായി മാറുകയാണ്. അല്ലാത്തപ്പോൾ സ്‌തംഭിച്ച് ഇക്കര തന്നെ നില്ക്കും. ബുദ്ധനായപ്പോൾ സിദ്ധാര്‍ഥനു സാധ്യമായത് അനല്‍പം. ബുദ്ധനല്ലാത്ത സിദ്ധാര്‍ഥനോ അഥവാ മിക്കപ്പോഴത്തേയും എനിക്കോ പാത മുറിച്ചുകടക്കാനാവാതെ ഇപ്പുറത്ത് തന്നെ ചിരകാലം വിഡ്ഢിയായി നില്ക്കാം.


ഒരാൾക്കും ഉറങ്ങാൻകഴിയാത്ത വെളിച്ചത്തിലും സ്ഥലത്തും സമയത്തും ഒച്ചപ്പാടിലും നിശ്ചിന്തമുറങ്ങാൻ കുറഞ്ഞ പരിശീലനം മതിയോ എന്ന്  ഒരുനിമിഷം ആലോചിക്കുന്നുണ്ടോ? കവിതയെ ഇതിനെല്ലാമുള്ള പരിഹാരമായി കാണാന്‍   കഴിയുന്നുണ്ടോ?


കവിത ആസന്നമരണന്റെ പായയിലും ഇരിക്കണം. പരിഹാരമുള്ളതിനും ഇല്ലാത്തതിനും അതു കൂട്ടിരിക്കണം. മരണത്തെയോ പാപത്തേയോ കുറിച്ചുകൂടി ഉൽക്കണ്ഠപ്പെടാത്ത കവി എന്റെ കവിയല്ല. അസ്‌തിത്വവ്യഥ അയാളെ നീറ്റണം. “ആ കുറ്റവാളിയും കുറ്റം തീർന്ന്/ വീട്ടിലേക്ക് പോയി / ജയിൽ വാർഡൻ ദൈവത്തോട് ചോദിക്കുന്നു/ എന്നാണ് എന്റെ കുറ്റം തീരുക”. മരണശേഷം ഭൂമിയിൽത്തുടരുന്ന മരിച്ചവനെപ്പോലൊരു ഏകാകിയില്ല എന്നെഴുതിയിട്ടുണ്ട്. മരണത്തെപ്പറ്റി കൂടുതലെഴുതിയിട്ടുള്ളവരിൽ ഒരാൾ ഞാനായിരിക്കാം. മറ്റെങ്ങനെയാണ് ജീവിതത്തെക്കുറിച്ചെഴുതുക, വ്യാപ്തിയോടെ. ഞാൻ വഹിക്കുന്ന ‘അധികച്ചുമതലകളിൽ’ അത് മുഖ്യം. “ഇന്ന് വൈകുന്നേരം/ കുഴഞ്ഞ് വീണ് തീരുവാനിരിക്കുന്നവളോട് / പിണങ്ങിയുണ്ണാതിരിക്കുകയാണ് ഭർത്താവ് / അവളാവുമ്പോലെ അനുനയിക്കുന്നു / നോക്കൂ ഇനിയുണ്ടാവില്ല, ഒരിക്കലും ഒരിക്കലും/ അയാൾ ഗൗനിക്കുന്നില്ല”. ഒരിക്കലും ഒരിക്കലും എന്നവൾ ആവർത്തിച്ചിട്ടും സമീപത്തെത്തിയ മരണത്തിലേക്ക് അയാളുടെ കാത് ചെല്ലുന്നില്ല.  ‘പോട്ടെ’ എന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങാൻ അമ്മ സമ്മതിക്കുമായിരുന്നില്ല. ‘വരട്ടെ’ എന്നു പറയൂ എന്നു നിർബന്ധിക്കും. ആ മരണഭയം എഴുതുന്ന എന്നിലെപ്പോഴുമുണ്ട്.


മരണം, ജീവിതം, കവിത


മരണത്തെക്കുറിച്ചുള്ള ഒരു ഗാഢമായ ധ്യാനം എന്ന കോൺസെപ്റ്റിൽ എഴുതിയതാണ് ‘ഇത്രമാത്രം’ എന്ന നോവൽ. മരിച്ച ഒരുവൾ മറവ് ചെയ്യപ്പെടുന്നത് വരെയുള്ള കഥ. ഇത്രമാത്രം അവൾ ജീവിച്ചിട്ടില്ല ജീവിച്ചകാലത്ത്. കഠിനമായ ശരീരവേദനയും മനോവ്യഥയുംകൊണ്ട് ഉറക്കംവരാതെ കിടക്കുന്നവർ പുലർത്തുന്ന പുലരിയെക്കുറിച്ചുള്ളതാണ് ‘എവിടമിവിടം’ എന്ന നോവൽ. ആസിഡിരയെപ്പോലൊരിരയില്ല. അതിന്റെ സാരാംശം കവിതയായി ആവിഷ്ക്കരിച്ചപ്പോൾ ഇങ്ങനെയായി : “വേദനകൊണ്ടോ കുറ്റബോധം കൊണ്ടോ/ ഉറക്കം കിട്ടാതെ കിടക്കുന്നവരാണ്/   ദിവസത്തെ അടുത്ത ദിവസമാക്കാൻ/ എടുത്തു മാറ്റേണ്ട ഭാരിച്ച കല്ല്/  നിശ്ശബ്ദ‌മായി എടുത്തു മാറ്റുന്നത്”.


ഓര്‍മയുടെ കോന്തലയും കല്പറ്റയുടെ ഭാഷയും


കോന്തലയിലെ ‘അച്ഛൻ’ എന്ന അധ്യായം മാതൃഭൂമിവാരാന്തപ്പതിലൊരുകുറി തനിച്ചുവന്നു. അന്ന് എൻ. പ്രഭാകരൻ, പി.എൻ.ദാസ് എന്നിവർ അതിനെപ്പറ്റി അസ്സലായി എന്നു പറഞ്ഞു. അതിന്റെ മുമ്പും പിമ്പുമുള്ള അധ്യായങ്ങൾക്ക് പുറത്തുവരാൻ അതുത്സാഹമായി. കെ.സി.നാരായണൻ അതിനവസരമുണ്ടാക്കി. ആത്മഗ്ലാനികളല്ലാതെ ആത്മരതി എഴുതാത്ത ആ പുസ്‌തകത്തെ ദേവകി നിലയങ്കോട് അതുചൂണ്ടിക്കാട്ടിത്തന്നെ പ്രശംസിച്ചു. മറന്നുപോകുമായിരുന്ന ചിലർ, ഇല്ലാതാകുമായിരുന്ന ചിലത് അതുമൂലം ഭൂമിയിൽ നിലനിർത്തപ്പെട്ടു. എന്റെ പുസ്‌തകങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടത് കോന്തലയാണ്. വയനാട്ടിൽ മുട്ടോളം ചളിയിൽ ജീവിച്ച, അദൃശ്യനും അഗണ്യനുമായ ഒരു കുട്ടിയിലൂടെയല്ലാതെ ആ അനുഭവങ്ങൾ ഇങ്ങനെ എഴുതപ്പെടില്ല. രാമപുരത്ത് വാരിയരെഴുതിയതുപോലെ എനിക്കുമെഴുതാമായിരുന്നു. “ദീനദീനനാകകൊണ്ടും ഏറ്റം ഹീനനാകകൊണ്ടും ഞാനിതിന്നു തുനിയുന്നു ഞാനല്ലാതെ മതിയാകയില്ലെന്നും നൂനം”. ഞാൻതന്നെ വേണം ഇതെഴുതാൻ എന്നു തോന്നാത്തതൊന്നും എഴുതാൻ ഇന്നോളം ധൈര്യം വന്നിട്ടുമില്ല.


മരണത്തെക്കുറിച്ച് വീണ്ടും ചോദിക്കട്ടെ. അപ്രതീക്ഷിതമായിട്ടാണ് മരണം ചില കവിതകളിൽ കടന്നുവരുന്നത്. പുത്രൻഎന്ന കവിതയിൽ മരണം എന്ന വാക്കേ ഉച്ചരിക്കുന്നില്ല. അച്ഛനു കൊടുക്കേണ്ട മരുന്നുമായി വരുമ്പോൾ ദൂരെനിന്നു വരുന്ന ബന്ധുക്കളാണ് മരണത്തെ അനുഭവിപ്പിക്കുന്നത്. അവനാണ് മരിച്ചതിനുശേഷവും ഏകാകിയായി അലയുന്നവൻ.  ജീവിച്ചിരുന്നപ്പോൾ ഇത്ര സുവ്യക്തമായി അയാൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം. ഒരിക്കൽ മരിച്ചുകഴിഞ്ഞാൽ/ഒന്നും പഴയതുപോലെ/ആവില്ലല്ലോ. വിശപ്പ് ഭൂമിയിൽവച്ച് മറന്നുപോയവരെക്കുറിച്ചാണ്.  നരകത്തിലെയും സ്വർഗത്തിലെയും ജീവിതംഎന്ന കവിത. ജീവിതത്തിന്റെ അവ്യവസ്ഥിതങ്ങളെ കോർത്തുകെട്ടുകയാണ് ഈ കവിത. ഏകാന്തതയും ആത്മാവിനെ കാർന്നുതിന്നുന്നത് എന്തുകൊണ്ടാണ് ഈ കവിതകളിൽ?


ഏകാന്തതകളാണ്  കവിതകളായി മാറുന്നത്. പങ്കിടാനാവാത്തത്. പറകവയ്യാത്തത്.  ഓരോ ദിവസം കഴിയുമ്പോഴും മരണം തന്റെ  ടേബിൾ കലണ്ടറിൽനിന്ന് ഒരേട് കൂടി കീറി ചവറ്റുകുട്ടയിലിടുന്നുണ്ട് എന്ന് മനുഷ്യനറിയുന്നില്ല. നിത്യജീവിതമുള്ളതു പോലെ അവനുത്സാഹത്തിലാണ്. ജീവിതത്തിലെ ഭിവസങ്ങൾ കൂടുകയാണ് നിത്യവും എന്നവൻ കരുതുന്നു. വരുമാനം വർധിക്കും പോലെ. കൂട്ടിവയ്ക്കുന്നതിലെ സന്തോഷത്തിനടിയിൽ ഒരാത്മവഞ്ചനയില്ലേ? ചിലപ്പോൾ സത്യത്തിന്റെ ചതുപ്പിൽ എന്റെ പാദങ്ങൾ താഴുന്നു.  “വച്ചു കുത്തിയപ്പോഴാണ്/ എന്റെ പെരുവിരൽ ഉറങ്ങുകയായിരുന്നുവെന്നത് ഞാനറിഞ്ഞത്/ എനിക്ക് എന്നോട് തോന്നിയ അനുകമ്പ കുറച്ചല്ല”. തെറ്റുദ്ധാരണയുടേതല്ലാത്ത ഒരു നിമിഷം. അതറിയുന്നു: “എത്ര ശരീരങ്ങൾ/ കത്തിയ വെളിച്ചത്തിലിരുന്നാണ്/നാം തർക്കിക്കുന്നത്/വായിക്കുന്നത്?”. അതിലിരുന്നു കാണുമ്പോൾ തെളിയുന്നതാണ്  ‘പുത്രൻ’പോലുള്ള രചനകൾ. കുറച്ചു നേരത്തേക്ക് മാത്രമായി തെളിഞ്ഞുകത്തുന്ന ഒരു വിളക്ക്


കൈയിലിരുന്നു പ്രകാശം തന്നപ്പോൾ കാണാനായവ എന്നെന്റെ കവിതകളേക്കുറിച്ച് തോന്നുന്നു. അന്ധനായ പിതാവിന് പുത്രൻ മരിച്ചപ്പോൾ അവനെ, ജീവിച്ചിരുന്നപ്പോൾ കഴിഞ്ഞതിലേറെ വ്യക്തതയോടെ കാണാൻ കഴിയുന്നു. വിരുദ്ധോക്തിയിലൂടെയല്ലാതെ പറയാനാവില്ല ഈഉൾക്കാഴ്ചകളെ.


“യഥാര്‍ഥ സിംഹം /സിംഹത്തിനു നിരക്കുന്നതല്ല /എപ്പോഴും ചെയ്യുക /ശില്പത്തിലെ /ചിത്രത്തിലെ /നേരില്‍ കാണാത്തവരുടെ സങ്കല്പത്തിലെ /സിംഹമാണ് എല്ലായ്പ്പോഴും സിംഹം” എന്ന് സിംഹം എന്ന കവിതയില്‍ എഴുതുന്നുണ്ടല്ലോ.  പല കവിതകളിലും മനുഷ്യേതരചേതനകളെ മനുഷ്യന്റെ എല്ലാ ഹിംസകളോടും വൈകാരികതളോടും ചേര്‍ത്തുവച്ചു വിമര്‍ശിക്കുന്നുണ്ടല്ലോ. മനുഷ്യരെക്കുറിച്ച് കല്‍പ്പറ്റയുടെ കവിത എന്താണ് കരുതുന്നത് ?