പോരാട്ടത്തിന്റെ നാളുകളില്‍ കല – സുദേശ്ന മജുംദാർ

പോരാട്ടത്തിന്റെ നാളുകളില്‍ കല  – സുദേശ്ന മജുംദാർ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ, പലസ്തീൻ കലാകാരന്മാർ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും നിരന്തരമായ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ചെറുത്തുനില്പായി തങ്ങളുടെ സർഗ്ഗാത്മക വൈദഗ്ധ്യം പ്രയോഗിക്കുന്നു. ക്യാൻവാസ് ഒരു യുദ്ധക്കളമായി മാറുന്നു, ഒരു പെയിന്റ് ബ്രഷിന്റെയോ സ്ക്രീനിലെ ഡിജിറ്റൽ ഗ്രാഫിറ്റിയുടെയോ ചെരുവരകൾപോലും ഊർജസ്വലരായ ആളുകളുടെ പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വികാരാധീനമായ ശബ്ദങ്ങളായി മാറുന്നു.


ലോകം ഒരിക്കലും പൂർണമായ സമാധാനത്തിലായിരുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ 3400 വർഷങ്ങളിൽ വെറും 268 വർഷങ്ങൾ മാത്രമാണ് മനുഷ്യർ സമ്പൂർണസമാധാനത്തോടെയുണ്ടായിരുന്നത്.  അതായത് രേഖപ്പെടുത്തിയ ചരിത്രത്തിന്റെ വെറും എട്ടു ശതമാനം മാത്രം.


പുരാതനകാലംമുതൽതന്നെ പലസ്തീൻ യുദ്ധത്തിൽ തകർന്ന ഒരു രാജ്യമാണ്. കാനാൻദേശക്കാർ, അസീറിയക്കാർ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, റോമാക്കാർ, ഈജിപ്തുകാർ, ഓട്ടോമൻമാർ, യഹൂദർ എന്നിവരുടെ ഭരണത്തിനും ആക്രമണത്തിനും വിധേയമായിരുന്നു ഈ ജനത. വിവിധസംസ്കാരങ്ങളുടെ ഈ അധീശത്വം  രാജ്യത്തെ സാംസ്കാരിക സഹവർത്തിത്വത്തിന്റെ കേന്ദ്രമാക്കി മാറ്റി.


ഗാസ മുനമ്പിൽ ഇസ്രയേൽ അടുത്തിടെ നടത്തിയ നിരന്തരമായ ആക്രമണം പലസ്തീനിലെ നിരവധി പൈതൃകസ്ഥലങ്ങളുടെ നാശത്തിലേക്ക് നയിച്ചു. പുരാതന പലസ്തീൻ സ്മാരകങ്ങളിൽ പലതും നശിപ്പിക്കപ്പെട്ടു.


പലസ്തീൻ പുരാവസ്തു ഗവേഷകൻ സലാഹ് അൽ ഹൗദാലിഹ് പറഞ്ഞതുപോലെ, “ഗാസ യുദ്ധത്തിന്റെ ആദ്യ ആറു മാസങ്ങളിൽ ഇസ്രയേൽസൈന്യം മുനമ്പിലെ 60 ശതമാനം സാംസ്കാരിക പൈതൃകസ്ഥലങ്ങളും സ്മാരകങ്ങളും നശിപ്പിച്ചു.” 1700 വർഷം പഴക്കമുള്ള സെന്റ് ഹിലറിയോൺ മൊണാസ്ട്രി, പതിമൂന്നാം നൂറ്റാണ്ടിലെ പാഷയുടെ കൊട്ടാരം, ഒമാരി ഗ്രാൻഡ് മോസ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2023 ഒക്ടോബറിലെ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ പള്ളിയാണെന്ന് വിശ്വസിക്കപ്പെടുന്ന സെന്റ് പോർഫിറിയസ് പള്ളി വെറുമൊരു കല്‍ക്കൂമ്പാരമായി മാറിയിരുന്നു. ഇസ്രയേലിന്റെ ആസൂത്രിതമായ ഇത്തരം ആക്രമണങ്ങളും തച്ചുടയ്ക്കലും പലസ്തീൻ കലയ്ക്കും സംസ്കാരത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയത്.


ശക്തനായ എതിരാളിയായ ഇസ്രായേലിന്റെ അധീനതയിൽനിന്ന് മോചനം നേടാനുള്ള പോരാട്ടത്തിൽ പലസ്തീനികൾ അടങ്ങാത്ത വീര്യം പ്രകടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പരമാധികാരം പുനഃസ്ഥാപിക്കാനുള്ള നിശ്ചയദാർഢ്യം അവരുടെ ഓരോ പ്രതിരോധത്തിലും പ്രകടമാണ്. ചരിത്രപരമായ പലസ്തീൻ മണ്ണിൽ അവരുടെ സ്വാഭാവിക അവകാശങ്ങൾ നേടുന്നതിനായി പതിറ്റാണ്ടുകളായി ഫലസ്തീനികൾ വിവിധ പ്രതിരോധ മാർഗങ്ങളും പോരാട്ട രീതികളും ഉപയോഗിച്ചുവരുന്നു, കല അതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.


ചരിത്രത്തിലുടനീളം, കല പലസ്തീൻ ചെറുത്തുനില്പിൽ ഒരു പ്രധാന ഘടകമായിരുന്നു. ഇത് ആവിഷ്കാരത്തിനുള്ള ഒരു മാർഗമായും രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാനുള്ള ഉപകരണമായും പ്രവർത്തിക്കുന്നു. നിലവിലെ സംഘർഷം പലസ്തീൻ കലാകാരന്മാർക്കിടയിൽ സർഗ്ഗാത്മകതയുടെ തീജ്വാലകൾ വീണ്ടും ജ്വലിപ്പിച്ചു. കഥകൾ പങ്കിടുന്നതിനും വികാരങ്ങൾ ഉണർത്തുന്നതിനും ആഗോളതലത്തിൽ ഐക്യദാർഢ്യം വളർത്തുന്നതിനും ഈ കരകൗശലവൃത്തി പ്രയോഗിക്കാൻ അവരെ പ്രേരിപ്പിച്ചു.


കല ഒരു വ്യക്തിയുടെ ആന്തരികവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രകടനമാണെങ്കിലും, ചിലപ്പോൾ കല അതിജീവനത്തിനുള്ള ഒരു മാർഗവും ചെറുത്തുനില്പിന്റെ ഉപകരണവുമാകാറുണ്ട്. ഗാസയിലെ റാഫയിൽ നടന്ന കുട്ടികളുടെ ആര്‍ട്ട് വർക്‌ഷോപ്പിൽ പലസ്തീൻ കുട്ടികൾ ബോംബാക്രമണം നടത്തിയ ചരിത്രസ്മാരകങ്ങളുടെ ഓർമകൾ വരച്ചതായ വാര്‍ത്തകൾ വന്നിരുന്നു. അവരിൽ പലരും ബോംബ് ആക്രമണങ്ങളെ അതിജീവിക്കാൻ കഴിയാത്ത മഹത്തായ പഴയ രൂപത്തിലുള്ള ഖസ്ർ അൽ-ബാഷ, ഒമാരി മസ്ജിദ് എന്നിവ വരച്ചു. യു.കെയിലെ ചാരിറ്റി ക്രിസ്ത്യൻ എയ്ഡ് ധനസഹായം നല്കുന്ന ഈ പദ്ധതിക്ക് പലസ്തീൻ എൻ.ജി.ഒയായ കൾച്ചർ ആൻഡ് ഫ്രീ തോട്ട് അസോസിയേഷനാണ് നേതൃത്വം നല്കിയത്.


പലസ്തീനിയൻ ദൃശ്യകലാകാരനായ അബെദ് അബ്ദി അഭയാർഥി ക്യാമ്പുകളിൽ താമസിച്ചതിന്റെ ബാല്യകാല ഓർമകൾ തന്റെ കലാസൃഷ്ടികളിൽ ഉപയോഗിക്കുകയുണ്ടായി. 1948-ൽ നക്ബയുടെ സമയത്ത് (1948-ൽ ഇസ്രായേൽ സൈന്യം പലസ്തീനികളെ ഉന്മൂലനം ചെയ്തത്.) പലസ്തീൻ തുറമുഖ നഗരമായ ഹൈഫയിൽനിന്ന് അദ്ദേഹത്തിന്‌ അയൽരാജ്യത്ത് അഭയം തേടേണ്ടിവന്നു. പലസ്തീനിൽ സയണിസ്റ്റ് സേനയുടെ കടുത്ത ഷെല്ലാക്രമണവും താമസക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും കാരണം ഏകദേശം 750,000 പലസ്തീനികൾ അവരുടെ മാതൃരാജ്യത്തുനിന്ന് ബലമായി കുടിയിറക്കപ്പെട്ടു. പലസ്തീനിലെ ഈ വംശീയ ഉന്മൂലനം നക്ബ എന്ന പേരിൽ അറിയപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും അയൽരാജ്യങ്ങളായ ലെബനനിലും സിറിയയിലും അഭയം തേടി.


യുദ്ധത്തെയും പ്രവാസത്തെയും കുറിച്ചുള്ള ഓർമകൾ തന്റെ കലയ്ക്ക് ഉത്തേജകമായി പ്രവർത്തിച്ചതെങ്ങനെയെന്ന് അബ്ദി പറയുന്നത് ഇങ്ങനെയാണ് : “ആ രംഗങ്ങൾ വളരെ വേദനാജനകമാണ്. ആ നിമിഷങ്ങളെക്കുറിച്ചുള്ള എന്റെ ഓർമ എനിക്ക് ഒരു നിധിപോലെയാണ്. ഹൈഫ തുറമുഖത്തെ ജനക്കൂട്ടത്തെ ഞാൻ ഓർക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാട് ഞാൻ ഓർക്കുന്നു”


ഹൈഫ ആസ്ഥാനമായുള്ള അൽ ഇത്തിഹാദ് പത്രത്തിന്റെയും അൽ ജാദിദ് സാഹിത്യ ജേണലിന്റെയും ചീഫ് ഗ്രാഫിക് ഡിസൈനറായും ചിത്രകാരനായും അബ്ദി പ്രവർത്തിച്ചു. അക്കാലത്തെ പല പ്രശസ്തരായ എഴുത്തുകാർക്കും അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നു. രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചും നാടുകടത്തപ്പെട്ട ജനങ്ങളുടെ ചരിത്രത്തെക്കുറിച്ചും പുതിയ തലമുറയിലെ കലാകാരന്മാരുടെ മനസ്സിൽ അവബോധം വളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.


ലെബനനിലെയും സിറിയയിലെയും അഭയാർഥി ക്യാമ്പുകളിലാണ് അബ്ദി കുട്ടിക്കാലം ചെലവഴിച്ചത്. അദ്ദേഹം പറയുന്നു: “ഞാൻ എന്റെ വിഷ്വൽ മെമ്മറി സജീവമാക്കേണ്ട സാഹചര്യമായിരുന്നു എന്നു തിരിച്ചറിഞ്ഞു.”അബ്ദിയുടെ പല പെയിന്റിംഗുകളും നക്ബയ്ക്ക് മുമ്പും ശേഷവുമുള്ള ഹൈഫയുടെ ചുറ്റുമുള്ള പ്രദേശങ്ങളെ ചിത്രീകരിക്കുന്നു. അസ്തിത്വത്തിന്റെ പങ്കാളിത്തമായും നമ്മുടെ സാംസ്കാരിക ഉൽപാദനം മെച്ചപ്പെടുത്തുന്നതിനുമാണ് താൻ വിഷ്വൽ ആർട്ട് പരിശീലിക്കുന്നതെന്ന് അബ്ദി പറയുന്നു.


ചാക്കുതുണികൊണ്ട് മറകെട്ടിയാണ് ലെബനനിലെ അഭയാർഥിക്യാമ്പിലെ കുടുംബങ്ങൾതമ്മിൽ വേർതിരിച്ചിരുന്നത്. അദ്ദേഹം ഓർക്കുന്നു. അതിനാൽ, അദ്ദേഹം തന്റെ കൊളാഷിൽ ചാക്കുതുണി  വ്യാപകമായി ഉൾപ്പെടുത്തി. കുട്ടിക്കാലത്തെ പലായനത്തിന്റെ ഓർമ്മകളെ അടിസ്ഥാനമാക്കിയുള്ള കല നിർമിക്കാൻ അത് അദ്ദേഹത്തെ പ്രചോദിപ്പിച്ചു.


പലസ്തീനിൽനിന്നുള്ള ഡിജിറ്റൽ, ഗ്രാഫിറ്റി ആർട്ടിസ്റ്റായ ലൈല അജ്ജാവി ഒരു ജൈവ ശാസ്ത്രജ്ഞയായിരുന്നു, പിന്നീട് കലയെ പ്രതിഷേധത്തിന്റെ ഒരു രൂപമായി അവർ സ്വീകരിച്ചു. ജോർദാനിലെ ഒരു അഭയാർഥി ക്യാമ്പിലാണ് ലൈല ജനിച്ചത്. നക്ബയുടെ കാലത്ത് പലായനംചെയ്ത പലസ്തീൻ അഭയാർഥികളെ പാർപ്പിക്കുന്നതിനായി 1951-ലാണ് ഇർബിദ് ക്യാമ്പ് സ്ഥാപിതമായത്. അഭയാർഥി ഭൂതകാലം ലൈലയുടെ കലയിലും പ്രതിഫലിക്കുന്നുണ്ട്. ക്യാമ്പിന്റെ ഇടുങ്ങിയതും ഒറ്റപ്പെട്ടതുമായ അതിരുകളാണ് ലൈലയെപ്പോലുള്ള അഭയാർഥികളെ ആവിഷ്കാരത്തിനുള്ള മാർഗമായി മങ്ങിയ മതിലുകളിലേക്കും കെട്ടിടങ്ങളിലേക്കും തിരിയാൻ പ്രേരിപ്പിക്കുന്നത്. യുവ അഭയാർഥികൾക്ക് കിട്ടുന്ന ആദ്യത്തെ കാൻവാസാണ് അവ.


ഒരു സ്ത്രീയെന്ന നിലയിലും അഭയാർഥിയെന്ന നിലയിലും ലൈലയുടെ സൃഷ്ടികൾ പല വേദികളിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ പല അന്താരാഷ്ട്ര മാസികകളിലും അവ ഇടംനേടി. ഒരു കലാകാരിയും പലസ്തീനിയുമായതുകൊണ്ട് തന്റെ ജനതയുടെ ദുരിതങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു. കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും, ഈ ചുവർചിത്രങ്ങൾ അഭയാർഥികൾക്ക് സ്വാഭാവിക ജീവിതചര്യ നയിക്കാന്‍ ആവശ്യമായ പ്രചോദനം നൽകുന്നു. ചെറുത്തുനിൽപ്പ് അഹിംസാത്മകമാകാം എന്നതിന്റെ തെളിവായി അവരുടെ കലാസൃഷ്ടികൾ നിലകൊള്ളുന്നു. പലപ്പോഴും, നീതി, അവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയ്ക്കായുള്ള പോരാട്ടത്തിനും പരിവര്‍ത്തനത്തിനുമുള്ള കൂടുതൽ ഫലപ്രദമായ ഉപകരണമാണ് കല എന്നു തെളിയിക്കുന്നു.


മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു പലസ്തീനിയൻ ചിത്രകാരനായ ജെനിൻ യാസീൻ പറയുന്നത് പലസ്തീനികളെന്ന നിലയിൽ അവർ അവരുടെ കോളനിവത്കൃത അവസ്ഥയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അവരുടെ കഷ്ടപ്പാടും വീണ്ടെടുക്കലും ഒരു കലാകാരനെ വൈകാരികമായും ശാരീരികമായും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.


ലോകമെമ്പാടുമുള്ള കലാകാരന്മാർ ഈ പലസ്തീൻ കലാകാരന്മാർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു. ഒരു പ്രവാസിയെന്ന നിലയിൽ, പലസ്തീനികളുടെ അവസ്ഥ ലോകത്തോട് പറയണമെന്ന് അവർ കരുതുന്നു. യാസീനിന്റെ കൃതികളുടെ തീവ്ര ഉൽപ്പതിഷ്ണുത്വവും രാഷ്ട്രീയ സ്വഭാവവും കാരണം, റോയൽ ഒന്റാറിയോ മ്യൂസിയം ജെനിനോട് ‘പലസ്തീൻ’, ‘പ്രവാസം’ എന്നീ വാക്കുകൾ അവരുടെ കൃതികളിൽനിന്ന് നീക്കംചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി.


കലാപത്തിനും അരാജകത്വത്തിനും എതിരായ ചെറുത്തുനില്പിന്റെ ഒരു മാർഗമായി കലയെ സ്വീകരിക്കുന്നത് കലാകാരന്മാർ മാത്രമല്ല, യുദ്ധത്തിന്റെ ആഘാതത്തിൽനിന്ന് രക്ഷപ്പെടാൻ കലയിൽ അഭയം തേടുന്ന കുട്ടികളെയും നമുക്ക് കാണാം. ഇസ്രയേലിന്റെ ബോംബുകളിൽനിന്ന് അഭയംതേടിയ പലസ്തീൻ കുട്ടികൾക്കായി യൂത്ത് പലസ്തീൻ പ്രവർത്തകർ അൽ-ഷിഫ ആശുപത്രിയിൽ കലാ പ്രവർത്തന ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ഈ ക്യാമ്പിൽ പങ്കെടുത്ത അഭയാർഥി കുട്ടികൾ പലസ്തീൻ പതാകയും നഷ്ടപ്പെട്ട വീടുകളുമാണ് ചിത്രീകരിച്ചത്. ഗാസയിലെ ബോംബാക്രമണ സമയത്ത് കുട്ടികളുടെ മാനസികാവസ്ഥ ഉയർത്താനുള്ള ശ്രമമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.


ഇസ്രയേൽ ബോംബാക്രമണവും നാശനഷ്ടങ്ങളും കാരണം ഗാസ മുനമ്പിലെ പ്രായമായവർ മുതൽ കുട്ടികൾവരെ എല്ലാവരും നരകത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സംഘാടകരിലൊരാളായ നദീം ഹമീദ് ജാദ് പറഞ്ഞു.


ഇത്തരം കലപരമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിലൂടെ അവരുടെ ഭയങ്ങൾ കുറച്ചുനേരത്തെങ്കിലും മാറ്റിവയ്ക്കാൻ അവരെ സഹായിച്ചേക്കാം. അങ്ങനെ ആക്രമണോത്സുകമായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും അക്രമത്തിന്റെയും സമയത്ത്, പലസ്തീനികൾ പരസ്പരം ബന്ധപ്പെടാനും അനുഭവങ്ങൾ പങ്കിടാനും പലസ്തീൻ സംസ്കാരവും സ്വത്വവും സംരക്ഷിക്കാനും കല ഒരു ഉപാധിയാകുന്നു. ചിത്രരചനയിലൂടെ മാത്രമല്ല, ഫോട്ടോഗ്രാഫിയിലൂടെയും ഡോക്യുമെന്ററികളിലൂടെയും പലസ്തീൻ ചെറുത്തുനില്പിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ അവരുടെ രാഷ്ട്രീയ അസ്തിത്വം ഊട്ടിയുറപ്പിക്കാനും സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുമുള്ള ഒരു ഉപകരണമായും മാറുകയാണ്.


(ലേഖിക: പശ്ചിമബംഗാളിലെ രാംപൂർഹട്ട് കോളെജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്).