കേരളം തേടേണ്ടത് സംരഭകത്വവഴി – ജോസ് സെബാസ്റ്റ്യൻ
കേരളം ഇന്ന് ഒരു നാൽക്കവലയിലാണ്. ആറ് പതിറ്റാണ്ടായി കൊണ്ടുനടക്കുന്ന കേരളമാതൃകാവികസനവുമായി മുന്നോട്ടുപോകാനാവില്ല എന്നുവന്നിരിക്കുന്നു. മുഖ്യമായും മനുഷ്യവിഭവശേഷി കയറ്റുമതിചെയ്തു സമ്പാദിക്കുന്ന പണംകൊണ്ട് ഏറക്കുറെ എല്ലാ ഉപഭോഗവസ്തുക്കളും ഇറക്കുമതിചെയ്യുകയാണല്ലോ നമ്മൾ. അതിനുപകരം കാർഷിക-വ്യാവസായികമേഖലകളിൽ ഉൽപാദനവളർച്ചയിലൂടെ ഒരു പുതിയമാതൃക സൃഷ്ടിക്കാനാവുമോ? ഇതു സാധ്യമാണെന്നും അതിനു നിലവിലുള്ള മാതൃക സൃഷ്ടിച്ചിട്ടുള്ള മൂല്യങ്ങളും മനോഭാവങ്ങളും സ്ഥാപനങ്ങളുമൊക്കെ കുറെയെങ്കിലും പൊളിച്ചെഴുതേണ്ടതുണ്ടെന്നും വാദിക്കുകയാണ് ഈ ലേഖനം.
സംരംഭകത്വത്തെക്കുറിച്ച് അല്പം
സംരഭകത്വമെന്നത് സമ്പത്തുൽപാദനത്തിൽ തന്റെ ചുറ്റുമുള്ള അവസരങ്ങളെ തിരിച്ചറിയാനും അതു പ്രയോജനപ്പെടുത്താനും വ്യക്തിയെ സഹായിക്കുന്ന വ്യക്തിത്വഗുണങ്ങളുടെ ആകത്തുകയാണ്. സ്വാതന്ത്ര്യബോധം, തനിക്കുതാൻപോരിമ, സ്ഥിരപരിശ്രമം, സാഹസികത, സൃഷ്ടിപരത, വിജയത്തിനായുള്ള അദമ്യമായ ആഗ്രഹം തുടങ്ങി ഒട്ടേറെ വ്യക്തിത്വഗുണങ്ങളെ സംരംഭകത്വവുമായി ബന്ധപ്പെടുത്തി പറയാറുണ്ട്.
ഈ ഗുണങ്ങളൊക്കെ ഏറിയും കുറഞ്ഞും എല്ലാ വ്യക്തികളിലും അന്തർലീനമാണെങ്കിലും അനുകൂലമായ സാമൂഹികാന്തരീക്ഷത്തിലേ അവ പുഷ്പിതമാവുകയുള്ളു. ഇത് ഒട്ടനവധി ഘടകങ്ങൾ ചേർന്നതാണ്. നിയമവാഴ്ചയുമായി ബന്ധപ്പെട്ട പോലീസ് സംവിധാനം, കോടതികൾ മുതലായവ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽത്തമ്മിലും സർക്കാരുമായും ഏർപ്പെടുന്ന കരാറുകൾ സമ്പത്തുൽപാദന പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ഇവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നത് പോലീസും കോടതികളുമാണ്. സംരംഭകപ്രക്രിയ, അതായത് കൃത്യമായ കണക്കുകൂട്ടലുകളോടെ സാമ്പത്തികമായ സാഹസങ്ങളിലേക്ക് എടുത്തുചാടാൻ ആളുകൾക്ക് ആത്മവിശ്വാസം നല്കുന്നത് ഇവയുടെ നിഷ്പക്ഷവും കാര്യക്ഷമവുമായ പ്രവർത്തനമാണ്.
സംരംഭകരോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് മറ്റൊന്ന്. സംരംഭകരെ അംഗീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന സമൂഹങ്ങളിൽ അവർ അനുകരണീയമായ മാതൃകകളായി മാറുന്നു. ഇതാണ് കൂടുതൽ ആളുകളെ സംരംഭകരാക്കുന്നത്. സ്വാഭാവികമായും ഇത്തരം സമൂഹങ്ങളിലെ സർക്കാർസംവിധാനങ്ങളും നിയമവ്യവസ്ഥയുമൊക്കെ സംരംഭകരോടുള്ള സമൂഹത്തിന്റെ മനോഭാവം പ്രതിഫലിപ്പിക്കുന്നതാവും.
കേരളത്തിലെ അന്തരീക്ഷം ഒരുകാലത്തും സംരംഭകത്വത്തിന് അനുയോജ്യമായിരുന്നില്ല. കേരളത്തിലെ ജാതിവ്യവസ്ഥയിൽ ഒരു വൈശ്യസമുദായം ഉണ്ടായിരുന്നില്ല. രാജഭരണകാലത്ത് ഗുജറാത്തിൽനിന്ന് കച്ചവടത്തിനായി ആളുകളെ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നല്ലോ. മരുമക്കത്തായദായക്രമം, കൂട്ടുകുടുംബ വ്യവസ്ഥ തുടങ്ങിയവ പൊതുവേ സംരംഭകത്വവിരുദ്ധമായ മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഊട്ടിയുറപ്പിച്ചത്. ഇവയിൽനിന്നു കുറെയൊക്കെ വിമുക്തമായ ക്രിസ്ത്യൻ-മുസ്ലീം സമുദായങ്ങൾ സംരംഭകത്വത്തിന്റെ കാര്യത്തിൽ പിൽക്കാലത്ത് താരതമ്യേന മുന്നിലായി എന്നോർക്കണം.
ഈ പരാധീനതകളൊക്കെ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കേരളം ഇന്നത്തെക്കാൾ വ്യവസായവത്കൃതമായിരുന്നു എന്നതാണ് വിരോധാഭാസം. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും എണ്ണം പറഞ്ഞ വ്യവസായങ്ങൾ ഉണ്ടായിരുന്നു. അവ നിലനിന്നിരുന്നുവെങ്കിൽ സംരംഭകത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനം വളരെ മുന്നേറുമായിരുന്നു. പക്ഷേ, തൊള്ളായിരത്തിനാല്പതുകൾമുതൽ എൺപതുകളുടെ തുടക്കംവരെ അരങ്ങേറിയ തൊഴിൽസമരങ്ങളും ഘെരാവൊപോലുള്ള സമരതന്ത്രങ്ങളുമാണ് സംരംഭകത്വത്തെ പിന്നോട്ടടിച്ചത്. അനേകം വ്യവസായങ്ങൾ പൂട്ടിപ്പോവുകയോ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ മാത്രമല്ല ഉണ്ടായത്. ജനമധ്യത്തിൽ സംരഭകന്റെ പ്രതിച്ഛായ വികൃതമാക്കപ്പെടുകയായിരുന്നു. തൊഴിലാളികളിൽനിന്ന് മിച്ചമൂല്യം കവർന്നെടുക്കുന്ന മൂരാച്ചിയെന്ന നിലയിൽ സംരംഭകൻ എതിർക്കപ്പെടേണ്ടവനും സംരംഭകത്ത്വം നിരുത്സാഹപ്പെടുത്തേണ്ട ഒരു മൂല്യവുമായി.
കുടിയേറ്റം സൃഷ്ടിച്ച കേരളമാതൃക.
എക്കാലവും കുടിയേറ്റത്തിൽനിന്നുള്ള പുറംവരുമാനം കേരള സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ചാലകശക്തിയായിരുന്നു. ആദ്യകാലത്ത് ഇതു സിലോൺ, ബർമ, മലയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വ്യവസായനഗരങ്ങളിലേക്കുമായിരുന്നു. പക്ഷേ, ഇന്നത്തെ കേരളമാതൃകാവികസനം വലിയൊരളവോളം ഗൾഫ് കുടിയേറ്റത്തിന്റെ സംഭാവനയാണ്. നാട്ടിൽ മിച്ചമൂല്യചൂഷണത്തെ എതിർത്തുതോല്പിച്ച മലയാളി, മണലാരണ്യത്തിലെ കൊടിയ ചൂഷണത്തിനു നിന്നുകൊടുത്ത് നാട്ടിൽ സമ്പത്തുൽപാദനം നടക്കുന്നില്ല എന്ന വസ്തുതയെ സമർഥമായി മറച്ചുവയ്ക്കാൻ ഇതൊരു മാതൃകയാക്കി ഉയർത്തിക്കാട്ടി. ഗൾഫ് പണംമൂലം മലയാളികളുടെ ആളോഹരി ഉപഭോഗം വളരെ വർധിച്ചു.
1999-2000 മുതൽ ഇന്ത്യൻസംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. കടകമ്പോളങ്ങളും ഹോട്ടലുകളുമൊക്കെയായി സമ്പദ്‌വ്യവസ്ഥയിലെ തൃദീയമേഖല ചീർത്തുവന്നു.
‘ഡച്ച്ദീനം’ തളർത്തിയ ഉൽപാദനമേഖലകൾ
ഗൾഫ് പണം സത്യത്തിൽ കേരളത്തിലെ ഉൽപാദനമേഖലകൾക്ക് ഉണർവുപകരേണ്ടതായിരുന്നു. അതു സംഭവിക്കാത്തതിന് പ്രധാനകാരണം ധനശാസ്ത്രത്തിൽ ‘ഡച്ച്ദീനം’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. വൻതോതിൽ പുറംവരുമാനം ഒഴുകുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദനമേഖലകൾ തളരുന്നത് പലയിടത്തും അനുഭവപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ കാര്യത്തിൽ ഉയർന്ന കൂലിനിരക്കും ഭൂമിയുടെ ഉയർന്ന വിലയും ഒക്കെ ഈ ദീനത്തിന്റെ ലക്ഷണങ്ങളായിരുന്നു.
മറ്റൊരുകാരണം സംരംഭകന് കേരളസമൂഹത്തിലുള്ള താഴ്ന്ന വിലയും നിലയുമാണ്. സംരംഭകരായി വിജയിച്ചിട്ടുള്ളവർ അധികമില്ല. സൂട്ടും കോട്ടുമിട്ട് വിമാനമിറങ്ങുന്ന പേർഷ്യക്കാരൻ എവിടെ, വിയർത്തൊലിച്ച് സർക്കാർ ഓഫീസുകളുടെ തിണ്ണനിരങ്ങുന്ന സംരംഭകൻ എവിടെ? ഈ പെടാപ്പാട് പെടുന്നതിലും നല്ലത് ഗൾഫിൽ എങ്ങാനും പോയി നാലു പുത്തൻ ഉണ്ടാക്കുന്നതാണ് എന്നു പലർക്കും തോന്നിയെങ്കിൽ അതിന് അവരിൽ കുറ്റം കണ്ടെത്താനാവില്ല.
വൈകിവന്ന വെളിപാട്
തൊണ്ണൂറുകളുടെ മധ്യത്തിലെങ്ങോ മാർക്‌സിസ്റ്റ് ആചാര്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിൽ ഉൽപാദനം നടക്കുന്നില്ല എന്നു വിലപിച്ചതോടെയാണ് ഇതൊരു ഗൗരവമാർന്ന വിഷയമാണെന്ന് പലർക്കും തോന്നിത്തുടങ്ങിയത്. ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളിവന്നു എന്നപോലെ ഈ പ്രഖ്യാപനം നടത്തിയ ഇ.എം.എസ്. ‘ഭരണവും സമരവും’പോലുള്ള താത്വികപരീക്ഷണങ്ങളിലൂടെ മൂന്നുനാലു പതിറ്റാണ്ട് കേരളത്തിലെ ഉൽപാദനശക്തികളെ കെട്ടിയിട്ടു എന്നോർക്കണം. അതിനുശേഷം ജനകീയാസൂത്രണം പോലുള്ള പരീക്ഷണങ്ങൾ 25 വർഷത്തോളം നടത്തിയെങ്കിലും ഉൽപാദനമേഖലകളിലെ മരവിപ്പ് വലിയ മാറ്റമില്ലാതെ തുടർന്നു. ഇതും മറ്റു പല കാരണങ്ങളാലും കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടിയിൽ സംരംഭകരോടുള്ള സമീപനത്തിൽ മാറ്റംവന്നു. കിഴക്കമ്പലത്തെ അന്നാ അലുമിനിയം കമ്പനിയുടെ സ്ഥാപകൻ എം.സി. ജേക്കബ് പണ്ടൊരു മൂരാച്ചിയായിരുന്നെങ്കിലും പിന്നീട് പുരസ്‌കാരാർഹനായി. അതുപോലെ, കേരളത്തിലെ എടുത്തുപറയാവുന്ന സംരംഭകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും അംഗീകരിക്കപ്പെട്ടു. നോക്കുകൂലിക്കെതിരെ സംസാരിക്കാൻ 2016-ലെ സർക്കാരിന്റെ കാലത്തുതന്നെ മുഖ്യമന്ത്രി പിണറായി വിജയനും തയാറായി.
മാറുന്ന സംരംഭകത്വ അന്തരീക്ഷം
കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ സംരംഭകത്വത്തിനുള്ള അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പസൂചികയിൽ മുന്നിലാവുക എന്നത് മാറിമാറിവന്ന മുന്നണി സർക്കാരുകളുടെ മുഖ്യപരിഗണനയായിട്ടുണ്ട്. പലതലങ്ങളിലുള്ള അനുമതികൾക്കായി ഏകജാലക സംവിധാനം നിലവിൽവന്നു കഴിഞ്ഞു. സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ വ്യവസായപാർക്കുകൾ എന്നുതുടങ്ങി ഒരുകാലത്ത് ചിന്തിക്കാൻപ്പോലുമാവാത്ത മാറ്റങ്ങൾ വന്നുകഴിഞ്ഞു.
തൊഴിൽവിപണിയിലുണ്ടായ മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയിൽത്തന്നെ ജനസംഖ്യയിൽ വൃദ്ധജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഉള്ള ചെറുപ്പക്കാർക്കാകട്ടെ, കായികാധ്വാന പ്രധാനമായ ജോലികളിൽ താത്പര്യമില്ല. തുടക്കത്തിൽ കായികാധ്വാന പ്രധാനമായ ജോലികൾ ചെയ്തുവന്ന അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് ഏറക്കുറെ എല്ലാ മേഖലകളിലും കടന്നുകയറിക്കഴിഞ്ഞു.
മറ്റൊന്ന് ചരക്കുസേവനനികുതിയുടെ വരവാണ്. പരോക്ഷനികുതികളുടെ കാര്യത്തിൽ വടക്കേ ഇന്ത്യയിലെ സംരംഭകനും കേരളത്തിലെ സംരംഭകനും ഒരേപോലെയാണ്. അസംസ്‌കൃതവസ്തുക്കൾക്കും യന്ത്രസാമഗ്രികൾക്കും ഒരിടത്തുകൊടുക്കുന്ന നികുതി ഉൽപ്പന്നങ്ങളുടെ മേൽ അടയ്ക്കുന്ന നികുതിയിൽനിന്ന് കുറവുവരുത്താം.
വിവരസാങ്കേതികവിദ്യ കൊണ്ടുവന്ന വിപ്ലവം
സംരംഭകത്വ പ്രക്രിയ ഇന്നു വളരെയേറെ എളുപ്പമായിരിക്കുന്നു. കണക്കുകൂട്ടലുകളോടെ സാമ്പത്തിക സാഹസങ്ങളിലേക്ക് എടുത്തുചാടാൻ വ്യക്തികളെ സഹായിക്കുന്നത് വിശ്വസനീയമായ വിവരങ്ങളാണ്. ഉൽപ്പന്നത്തിന്റെ/സേവനത്തിന്റെ തിരഞ്ഞെടുപ്പ്, യന്ത്രസാമഗ്രികൾ, ഉൽപാദനപ്രക്രിയ, വിപണനം എന്നുതുടങ്ങി ഏറക്കുറെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇന്റർനെറ്റിലും യൂട്യൂബിലും ലഭിക്കുമെന്നായിരിക്കുന്നു.
വിപണനമാണ് സംരംഭകർക്ക് എക്കാലവും വെല്ലുവിളിയായിട്ടുള്ളത്. ഗുണനിലവാരമുള്ള ഒരു ഉൽപ്പന്നമോ സേവനമോ ഇന്നു വിൽക്കുക എന്നത് ഒരു പ്രശ്‌നമല്ല. ആമസോൺ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നു തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയായി വിപണനം ചെയ്യാം. ചെറുതായിത്തുടങ്ങി ഉൽപ്പന്നം വിപണി പിടിക്കുന്നതനുസരിച്ച് വിപുലീകരിക്കാം.
ചുരുക്കത്തിൽ, സംരംഭകത്വത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു സംരംഭകന് ഇനി പറയത്തക്ക ഒഴിവുകഴിവുകൾ ഒന്നുമില്ല. എന്നുകരുതി ഏതുൽപ്പന്ന/സേവനമേഖലയിലേക്കും എടുത്തുചാടാനും പറ്റില്ല. കേരളത്തിലെ പശ്ചാത്തലത്തിൽ പ്രവേശിക്കാൻ പറ്റിയ ഉൽപ്പന്ന/സേവനവഴികൾ സൂചിപ്പിക്കാം.
ഉൽപ്പന്നങ്ങളടെ കാര്യം പരിഗണിക്കുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് വ്യക്തമായ മത്സര മേൽക്കൈ ഉള്ള ഉൽപ്പന്ന വഴികളിലേക്ക് കേരളത്തിലെ ഒരു സംരംഭകൻ പ്രവേശിക്കാൻ മുതിർന്നാൽ കൈ പൊള്ളുകയേ ഉള്ളൂ. ഇന്നിപ്പോൾ ചൈനയിൽ നിർമിച്ച് ഇറക്കുമതിചെയ്ത് സ്വന്തം ബ്രാൻഡിൽ പായ്ക്ക് ചെയ്താണ് പല ഉൽപ്പന്നങ്ങളും വിൽക്കുന്നത് എന്നോർക്കണം. അത്തരം ഉൽപ്പന്നങ്ങളോട് കൊമ്പുകോർക്കുന്നതിനുപകരം കേരളത്തിന് മത്സര മേൽക്കൈ ഉള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കണം.
കേരളത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും യോജിച്ചത് കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങളാണ്. കൃഷിയും വ്യവസായവും തമ്മിലുള്ള മുൻപിൻ ബന്ധങ്ങൾ പ്രയോജനപ്പെടുത്തുകവഴി കൃഷിയും വ്യവസായവും ഒരുപോലെ വളരാൻ ഇതു സഹായിക്കും. റബർ, കയർ തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾക്ക് ലോകവിപണയിൽ എക്കാലത്തും പ്രിയമുണ്ടാകും. മറ്റു രാജ്യങ്ങളുമായി ഇവയുടെ കാര്യത്തിൽ കടുത്ത മത്സരമുണ്ട് എന്ന കാര്യം മറക്കുന്നില്ല. പഴം, പച്ചക്കറി, സുഗന്ധദ്രവ്യങ്ങളായ കുരുമുളക്, ഏലം, കറുവപ്പട്ട മുതലായവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ കേരളത്തിന് വ്യക്തമായ മത്സര മേൽക്കൈ ഉണ്ട്.
സേവനങ്ങളുടെ കാര്യത്തിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായവയിൽ കേരളത്തിന് വ്യക്തമായ മേൽക്കൈ ഉണ്ട്. നമ്മുടെ ജില്ലാതലസ്ഥാനങ്ങളായ പട്ടണങ്ങളിൽപ്പോലും പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഐ.ടി പാർക്കുകൾ നിലവിൽവന്നുകഴിഞ്ഞു. ഐ.ടി രംഗത്ത് പരിശീലനംസിദ്ധിച്ച ചെറുപ്പക്കാരുടെ ലഭ്യതയും കുറവല്ല. കേരള ഐ.ടി മിഷന്റെയും സ്റ്റാർട്ട്അപ് മിഷന്റെയും ആഭിമുഖ്യത്തിൽ ഐ.ടി സംരംഭകർക്കായി ആകർഷകമായ പദ്ധതികളുണ്ട്.
വേണം, നൂതനത്വവും സൃഷ്ടിപരതയും
ഒന്നാം തലമുറക്കാരായ സംരംഭകരുടെ എങ്കിലും കാര്യത്തിൽ വിപണയിൽ വിജയിച്ചുകണ്ട ഒരു ഉൽപ്പന്നമോ സേവനമോ തിരഞ്ഞെടുക്കാനുള്ള പ്രലോഭനം വളരെക്കൂടുതലാണ്. സംരംഭകർ പരാജയപ്പെടുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. കുറേ അധ്വാനിച്ചും സഞ്ചരിച്ചും പല ഉൽപ്പന്നവഴികളെക്കുറിച്ച് പഠിച്ചുമാണ് അന്തിമമായി ഒരു ഉൽപ്പന്നമോ സേവനമോ തിരഞ്ഞെടുക്കേണ്ടത്. ഉൽപ്പന്നത്തിൽ/സേവനത്തിൽ മാത്രമല്ല, ഉൽപ്പാദനപ്രക്രിയ, വിപണനം, വില്പനാനന്തരസേവനം എന്നിവയിലൊക്കെ നൂതനത്വവും സൃഷ്ടിപരതയും പ്രദർശിപ്പിക്കുന്ന സംരംഭകരാണ് വിപണിയിൽ വിജയിക്കുക. ഇക്കാര്യങ്ങളിലൊക്കെ വിവരസാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധ്വാനിയായ സംരംഭകന് ഇന്നവസരമുണ്ട്.
സംരംഭകത്വത്തിനുള്ള ഭീഷണികൾ
സംരംഭകത്വ അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടെന്ന് പറയുമ്പോഴും സംരംഭകത്വവിരുദ്ധമായ പ്രവണതകൾ കേരള സമൂഹത്തിൽ ശക്തമാവുന്നു എന്ന കാര്യം കാണാതിരുന്നുകൂടാ.
വിദ്യാഭ്യാസം എന്ന ആഭാസം : സംരംഭകത്വമെന്നത് അടിസ്ഥാനപരമായി ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കലാണ്. അല്ലെങ്കിൽ ആശ്രിതസംസ്‌കാരത്തിനുപകരം സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്. നിർഭാഗ്യവശാൽ കേരളത്തിലെ വിദ്യാഭ്യാസം ചെയ്യുന്നത് ആശ്രിതസംസ്‌കാരത്തെ ശക്തിപ്പെടുത്തുകയാണ്. സർക്കാർ ജോലിക്കോ അല്ലെങ്കിൽ എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയവയ്ക്കപ്പുറം ചിന്തിക്കാൻപോലും ചെറുപ്പക്കാർക്ക് കഴിയുന്നില്ല. ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്കുശേഷം പി.എസ്.സി കോച്ചിംഗിനായി 35 വയസ്സുവരെയൊക്കെ അവർ പാഴാക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ആഴത്തിലുള്ള അറിവോ നൈപുണ്യമോ പ്രദാനംചെയ്യാത്ത വെറും ഓർമശക്തിപരീക്ഷിക്കുന്ന ഈ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ആർത്തി കൂടിവരികയാണ്. തൊഴിലിന്റെ മാന്യതയെക്കുറിച്ചൊക്കെ മൈതാനപ്രസംഗങ്ങൾ നടത്തുന്നവരുടെ മക്കൾപോലും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി നാട്ടിൽ ചെയ്യാൻ മടിക്കുന്ന കായികാധ്വാനപ്രധാനമായ ജോലികൾപോലും ചെയ്യുകയാണ്. ഈ ഭീഷണി സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ബോധപൂർവകമായ ഇടപെടലുകൾകൊണ്ടേ മാറ്റിയെടുക്കാനാവൂ.
ആത്മീയതയെന്ന കാപട്യം: സംരംഭകത്വത്തിന് ഒരു വലിയ ഭീഷണിയായി കപട ആത്മീയത ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ ഒരുകാലത്ത് സംരംഭകത്വത്തിൽ മുന്നിൽനിന്ന സുറിയാനി ക്രിസ്ത്യൻ വിഭാഗമാണ് ഇതിനു തുടക്കമിട്ടത് എന്നതാണ് വിരോധാഭാസം. തീരപ്രദേശത്തുനിന്നും ഇടനാട്ടിൽനിന്നും മലനാട്ടിലേക്ക് കുടിയേറിയ കാലത്തോ പിന്നീട് ഗൾഫുനാടുകളിലേക്ക് കുടിയേറിയ കാലത്തോ ഇത്രമാത്രം ആത്മീയത ഇല്ലായിരുന്നു. ഇന്നിപ്പോൾ അളവറ്റ സമ്പത്തിന്റെയും സ്ഥാപനങ്ങളുടെയും മേൽ അടയിരിക്കുന്ന പുരോഹിതവർഗം കുഞ്ഞാടുകളെ ആത്മീയതയിൽ കെട്ടിയിടുകയാണ്. മാക്‌സ് വെബർ തന്റെ The Protestant Ethic and the Spirit of capitalism എന്ന പുസ്തകത്തിൽ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റ് മതം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ യൂറോപ്പിൽ മുതലാളിത്തത്തിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിച്ചു എന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലാകെ മുളച്ചുപൊന്തിയിട്ടുള്ള ധ്യാനകേന്ദ്രങ്ങൾ സമ്പത്തുൽപ്പാദന പ്രക്രിയയോട് നിഷേധാത്മകമായ മനോഭാവം വളർത്തുകയാണ്. ധ്യാനകേന്ദ്രങ്ങളിൽനിന്ന് ഇറങ്ങുന്നവർ നിരുന്മേഷവാൻമാരും കുറ്റബോധമുള്ളവരുമായി മാറുന്നു. ബിസിനസ് രംഗത്ത് ക്രിസ്ത്യാനികൾക്കു മേൽകൈ ഉണ്ടായിരുന്ന മേഖലകളിൽ മുസ്ലീങ്ങൾ കടന്നുവരുന്നതിനെ വർഗീയത പറഞ്ഞാണ് അവർ നേരിടുന്നത്. ചെറുപ്പക്കാരുടെ വ്യാപകമായ കുടിയേറ്റത്തിൽ വിറളിപൂണ്ട് ചങ്ങനാശ്ശേരി രൂപത സംരംഭകത്വ വികസന പരിപാടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതാണ് ഐറണി. ക്രിസ്ത്യാനികളുടെ വളരെ പ്രകടനപരമായ ആത്മീയതയാണ് മറ്റു മതങ്ങളിലേക്ക് പടർന്നത്. സംരംഭകത്വത്തിൽ ഇന്ന് ക്രിസ്ത്യാനികളെ ബഹുദൂരം പിന്നിലാക്കി മുസ്ലീങ്ങൾ മുന്നേറുന്നു. അതിന്റെ കാരണം ഇസ്ലാമിൽ സമ്പത്തുൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന മൂല്യങ്ങളും മനോഭാവങ്ങളും ഉള്ളതുകൊണ്ടുകൂടിയാണ്.
രോഗാതുരമായ കേരളം : സംരംഭകത്വം ശാരീരികവും മാനസികവുമായ അധ്വാനം ആവശ്യപ്പെടുന്ന പ്രക്രിയയാണ്. പക്ഷേ, ഇന്നു കേരളം ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ആരോഗ്യം ആശുപത്രികൾ നല്കുന്നതാണ് എന്ന പൊതുധാരണയ്ക്ക് പകരം ഒരുപരിധിവരെ വ്യക്തികൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് എന്ന സന്ദേശം പൊതുസമൂഹവും സർക്കാരും ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്.
സംരംഭകർക്ക് സാമൂഹിക സുരക്ഷ
സംരംഭകത്വം എന്നത് സാഹസികതയും അനിശ്ചിതത്വവും നിറഞ്ഞതാണ്. വിപണിയിലെ രുചിഭേദങ്ങൾ, സാങ്കേതികവിദ്യ എന്നിവയിലെ മാറ്റങ്ങൾകൊണ്ട് സംരംഭങ്ങൾ പരാജയപ്പെടാം. സുരക്ഷിതമായ സർക്കാർ ജോലിക്കായി പരക്കംപായുന്ന സമൂഹത്തിൽ സംരംഭകർക്ക് സാമൂഹികമായ സുരക്ഷിതത്വം ഏർപ്പെടുത്തുന്നത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നടപടിയായിരിക്കും. ഉദാഹരണമായി പത്തുവർഷം അഞ്ചുപേർക്കെങ്കിലും ജോലി നല്കിയ ഒരു സംരംഭകൻ പരാജയപ്പെടുന്നു എന്നിരിക്കട്ടെ. സർക്കാർ ജോലിയിൽ അങ്ങനെയുള്ളവർക്ക് അഞ്ചുശതമാനം സംവരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
പരിഷ്‌കൃതസമൂഹങ്ങളിലൊക്കെ പൊതു-സ്വകാര്യ വ്യത്യാസമില്ലാതെ ഓരോ വ്യക്തിയും പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിച്ച് പെൻഷന് അർഹത നേടുന്നു.
ഇന്ത്യയിൽ പക്ഷേ, ബ്രിട്ടീഷ് വാഴ്ചക്കാലത്തെ സ്റ്റാട്ട്യൂട്ടറി പെൻഷൻ തുടരുകയാണ് (2013-നുശേഷം നിയമനം കിട്ടിയവർക്ക് പങ്കാളിത്ത പെൻഷൻ ആണ് എന്ന കാര്യം മറക്കുന്നില്ല). വെറും രണ്ടു ശതമാനം വരുന്ന സ്റ്റാട്ട്യൂട്ടറി പെൻഷൻകാർക്ക് മൊത്തം വരുമാനത്തിന്റെ 23.06% പോകുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. മുഴുവൻ വൃദ്ധജനങ്ങളെയും ഉൾക്കൊള്ളുന്ന ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷനിലേക്ക് കേരളം അടിയന്തരമായി മാറണം. സാമൂഹികസുരക്ഷയുണ്ടെന്ന തോന്നൽമാത്രംമതി ഒരുപാടുപേർ സംരംഭകത്വത്തിലേക്ക് എടുത്തുചാടാൻ.
ചുരുക്കത്തിൽ കേരളം തേടേണ്ടവഴി സംരംഭകത്വത്തിന്റേതാണ്. അതു കേരളത്തെ അടിമുടി അഴിച്ചുപണിത് ഒരു പുതിയ കേരളമാതൃക സൃഷ്ടിക്കുകതന്നെ ചെയ്യും.
(ലേഖകൻ, അഹമ്മദാബാദിലെ ഒൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ മുൻ ഫാക്കൽറ്റിയംഗവും, സംരംഭകർക്ക് ഒരു ആസൂത്രണസഹായി എന്ന കൃതിയുടെ കർത്താവുമാണ്.)