വേണ്ടത് സുരക്ഷിത കേരളം – സി.ആർ നീലകണ്ഠൻ

വേണ്ടത് സുരക്ഷിത കേരളം   – സി.ആർ നീലകണ്ഠൻ

പുതിയ കേരളത്തിന്റെ മുദ്രാവാക്യം കേവലം ഹരിതകേരളമല്ല, മറിച്ച് സുരക്ഷിതകേരളമാണ്. നമുക്കിനി പഴയകാലത്തെ തർക്കങ്ങൾ ഉപേക്ഷിക്കാൻ സമയമായി. പഴയ സാമ്പത്തിക-വികസന-പരിസ്ഥിതി സംവാദങ്ങളും പ്രസക്തമല്ലാതായി. നമ്മുടെ യുക്തികൾ പുതിയ യാഥാർഥ്യങ്ങൾകൊണ്ട് രൂപപ്പെടുത്താൻ സമയമായി.


കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ലോകത്തിനാകെ മാതൃകയാകുന്ന വികസനാനുഭവം ഉള്ള പ്രദേശമാണ്, ശ്യാമസുന്ദരമാണ്, ലോകത്തെ വിനോദസഞ്ചാരലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്, ആയുർവേദത്തിന്റെ തലസ്ഥാനമാണ്. അങ്ങനെ നീണ്ടുപോകുന്നതാണ് നമ്മുടെ സ്വയം വിശേഷണങ്ങൾ. പക്ഷേ, ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ഇത്രമാത്രം അഭിമാനാർഹമാണോ? പ്രത്യേകിച്ചും പിന്നിട്ട ഒരു പതിറ്റാണ്ട് നമ്മുടെ ജീവിതങ്ങളെ ഏതു രീതിയിലെല്ലാം മാറ്റിയിരിക്കുന്നു എന്ന് ഒരു ആത്മപരിശോധനയെങ്കിലും നടത്താൻ തയാറാണോ?


പല പഠനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും പല സന്നദ്ധ ഗവേഷണസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരള സർക്കാരിന്റെ മുൻകൈയിൽ ഏഷ്യൻ വികസനബാങ്കും ലോകബാങ്കും ഐക്യരാഷ്ട്രസഭയും ചേർന്നു തയാറാക്കിയ ഒരു റിപ്പോർട്ടാണ് – പി.ഡി.എൻ.എ, പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അനാലിസിസ് – ദുരന്തനാന്തര ആവശ്യങ്ങൾ സംബന്ധിച്ച വിശകലനം എന്നര്‍ഥം.  ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദുരന്തങ്ങളുണ്ടാകുമ്പോൾ ഐക്യരാഷ്ട്രസഭയും ലോകബാങ്കുമെല്ലാം ചേർന്ന് ഇത്തരം അന്വേഷണങ്ങൾ നടത്തുകയും ദുരന്തത്തിനു മുമ്പുള്ള ജീവിതാവസ്ഥയിലേക്കു ദുരന്തബാധിതരെ  തിരിച്ചുകൊണ്ടുപോകാൻ വേണ്ടി  പ്രയോജനപ്പെടുത്തുകയുമാണ് ലക്‌ഷ്യം. അത്തരം  റിപ്പോർട്ടുകളെ പറയുന്ന പേരാണ് പി.ഡി.എൻ.എ (P.D.N.A). കേരളത്തിലെ 2018-ലെ മഹാപ്രളയത്തിനുശേഷം തയാറാക്കിയ ഈ റിപ്പോർട്ടിലെ ഏതെല്ലാം കാര്യങ്ങളിൽ നമുക്കു മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമാണല്ലോ.  ആ റിപ്പോർട്ടിൽ പറയുന്ന ചില പ്രധാന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.


പി.ഡി.എൻ.എ റിപ്പോർട്ട്


കേരളത്തിന്റെ കിഴക്കൻ ഭാഗത്തെ ഉയർന്ന പശ്ചിമഘട്ടവും അതിന്റെ കനത്ത ചരിവുകളും, ഇടനാടും നീണ്ട തീരവും, പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയിലെ അനിശ്ചിതത്വങ്ങളും കാരണം ഈ പ്രദേശം അങ്ങേയറ്റം അപകടസാധ്യതയുള്ളതായി പരിഗണിക്കപ്പെടുന്നു. കേരളത്തിന്റെ ദുരന്തസാധ്യതാ പ്ലാനിൽ 39 തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. ഇതിൽ  മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള  ദുരന്തങ്ങളും പെടുന്നു. ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് കേരളം. (ച.കിമിയിൽ 860 പേർ) എന്നതുതന്നെ മനുഷ്യജീവന് ഒരു ദുരന്തം എത്രമാത്രം ബാധകമാണെന്നു കാണാം. ഏതാണ്ട് 14.5 ശതമാനം ഭൂമിയും പ്രളയസാധ്യതയുള്ളതാണ്,ചില ജില്ലകളിൽ ഇത് 50 ശതമാനം വരെയാണ്.  കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഏറെ സാധ്യതയുള്ള ജില്ലകളാണ്.


വേനൽമാസങ്ങളിൽ കടുത്ത വരൾച്ച ബാധിക്കുന്ന  പ്രദേശങ്ങളും ധാരാളമായുണ്ട്. കഴിഞ്ഞ 120 വർഷങ്ങളിൽ 75-ലധികം വർഷങ്ങൾ വരൾച്ചാവര്‍ഷങ്ങളായിരുന്നു. വരണ്ടപുഴകൾ പല ജില്ലകളിലെയും ഭൂമിക്കടിയിലെ ജലനിരപ്പ് നഗര-ഗ്രാമ മേഖലകളെ ബാധിക്കുന്നവിധത്തിൽ കുറയ്ക്കുന്നുണ്ട്. സോയിൽപൈപ്പിങ്, തീരശോഷണം, വേഗതകൂടിയ ചുഴലിക്കാറ്റുകൾ, എന്നിവയ്ക്ക് പുറമെ നമ്മൾ ജീവിക്കുന്നത് ഭൂകമ്പസാധ്യതയിൽ സോൺ 3-ൽ ആണ്. 2018 ജൂൺ ഒന്നിനും ആഗസ്റ്റ് 18-നും ഇടയിൽ ഉണ്ടായ അതിവര്‍ഷങ്ങളുടെ ഫലമായി 37 അണക്കെട്ടുകളിൽനിന്നു വെള്ളം തുറന്നുവിടേണ്ടിവരികയും 341  ഉരുൾപൊട്ടലുകൾ ഉണ്ടാകുകയും ചെയ്തു എന്നും ഇതിൽ പറയുന്നു. അതിൽ 143-ഉം ഇടുക്കി ജില്ലയിൽ ആയിരുന്നു. ആ മഴക്കാലത്തു മാത്രം നമുക്ക് നഷ്ടമായത് 433 ജീവനുകളായിരുന്നു. കേരളത്തിലെ 1664 വില്ലേജുകളിൽ 1259-നെയും ഈ ദുരന്തം ബാധിച്ചു. പ്രളയവും ഉരുൾപൊട്ടലും 54 ലക്ഷത്തിലധികം പേരെ ബാധിച്ചു. 14 ലക്ഷം പേർക്ക് വീട് വിട്ടു പോകേണ്ടിവന്നു. വിവിധരീതികളിലുണ്ടായ മൊത്തം നഷ്ടം 31000 കോടിയിലധികമാകുമെന്നാണ് ഈ റിപ്പോർട്ട് കണക്കാക്കിയത്.

കേരളത്തെ തിരിച്ചുപിടിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ‘നവകേരളം കര്‍മപദ്ധതി’ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതിന്റെ അടിസ്ഥാനതൂണുകളായി നാല് സമീപനങ്ങളാണ് മുന്നോട്ടുവച്ചത്.


  1. സമഗ്ര ജലവിഭവ മാനേജ്‌മെന്റ്
  2. ഭൂവിനിയോഗത്തിലും മനുഷ്യവാസ പ്രദേശങ്ങൾ നിശ്ചയിക്കുന്നതിലും പാരിസ്ഥിതികവബോധവും അപകടസാധ്യത മുൻകൂട്ടി അറിയലും
  3. എല്ലാവരെയും ഉൾക്കൊള്ളുന്ന ജനകേന്ദ്രിത സമീപനം.
  4. അറിവ്, അന്വേഷണം, സാങ്കേതിക വിദ്യ ഇവയോരോന്നും വിശദമാക്കുന്നുമുണ്ട്.

ഈ റിപ്പോർട്ട് സർക്കാരിന്റെ ഔദ്യോഗികരേഖയാണ്. അവരുടെ പ്രഖ്യാപിതനയമാണ്. 2018 ഒക്ടോബറിൽ   ഇതു വന്നതിനുശേഷം കേരളത്തിൽ സംഭവിച്ചതെന്തെല്ലാമാണ് എന്ന് നമുക്കറിയാം. നൂറ്റാണ്ടിലെ പ്രളയം എന്ന് ആശ്വസിച്ചിരുന്ന നമ്മുടെ  (ഇനി ഒരു നൂറ്റാണ്ട് കഴിഞ്ഞല്ലേ ഉണ്ടാകൂ എന്ന ആശ്വാസം) ധാരണകളെ തകർത്തുകൊണ്ട് അടുത്ത വര്‍ഷങ്ങളിലെല്ലാം പ്രളയവും ഒപ്പം ഭീതിദമായ ഉരുൾപൊട്ടലുകളും മറ്റു നാശനഷ്ടങ്ങളും ഉണ്ടായി. പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുട്ടിയിലും  കുറാഞ്ചേരിയിലും കൂട്ടിക്കലിലും കൊക്കയാറിലും ഏറ്റവുമൊടുവിൽ മുണ്ടക്കൈയിലും ചൂരൽമലയിലുമെല്ലാമായി നൂറുകണക്കിന് ജീവനുകൾ നഷ്ടമായി. അനേകായിരം കുടുംബങ്ങൾ അനാഥമായി. 2022-ൽ ലോകസഭയിൽ നല്കിയ ഒരു മറുപടി അനുസരിച്ച് ഇന്ത്യയിൽ കഴിഞ്ഞ പത്തു വര്‍ഷങ്ങൾക്കിടയിലുണ്ടായ ഉരുൾപൊട്ടൽ മരണങ്ങളിൽ 59 ശതമാനവും ഉണ്ടായത് ഈ കൊച്ചു കേരളത്തിലാണ്. വയനാട് ദുരന്തത്തിനു മുമ്പാണിത്. 


ഇത് പശ്ചിമഘട്ടത്തിലെ മാത്രം പ്രശ്നമല്ല. ഇടനാടും തീരങ്ങളും വലിയതോതിൽ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒന്നു,രണ്ടു പതിറ്റാണ്ടുകളായി (സുനാമിക്കുശേഷം) അറബിക്കടലിലുണ്ടായ മാറ്റങ്ങൾ നമ്മുടെ ശ്രദ്ധയിൽ ഇതുവരെ വേണ്ടരീതിയിൽ വന്നിട്ടില്ല.  കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതങ്ങൾ പലതരത്തിൽ തകർന്നുകൊണ്ടിരിക്കുന്നു. കാലാവസ്ഥാമാറ്റങ്ങൾമൂലം ഒട്ടനവധി ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ടാകുന്നു. കടലിലെ താപനിലയിലെ മാറ്റങ്ങളും മറ്റുംമൂലം അവർക്കു ലഭിക്കുന്ന മത്സ്യത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടാകുന്നു. എല്ലാവിധത്തിലും അവരുടെ വരുമാനം കുറയുന്നു. ഒപ്പം കടലാക്രമണവും കള്ളക്കടലുംമൂലം അവരുടെ മണ്ണും വീടും ചിലപ്പോൾ ജീവൻതന്നെയും നഷ്ടമാകുന്നു. ഇതൊന്നും നമ്മുടെ വികസന ആസൂത്രണത്തിന്റെ വിഭവങ്ങൾ പങ്കുവയ്ക്കുന്നതിലോ പ്രതിഫലിക്കപ്പെടുന്നില്ല.


ഇടനാട്ടിലെ ജീവിതങ്ങളും സുരക്ഷിതമല്ല. അതിവര്‍ഷവും കടുത്ത വേനലും അവരെ പലപ്പോഴും ദുരിതത്തിലാഴ്ത്തുന്നു. പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിയുമ്പോഴാണ് വരൾച്ച വരുന്നത്. കാര്‍ഷികമേഖലയുടെ തകർച്ചയ്ക്കും കടുത്ത കുടിവെള്ള ക്ഷാമത്തിനും ഇതു കാരണമാകുന്നു. കാർഷികമേഖല ഇനി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. മലയോരത്തുണ്ടാകുന്ന വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളും കാലാവസ്ഥാമാറ്റത്തിന്റെ ഫലം കൂടിയാണ്.  ഒപ്പം വിളകൾക്ക് വില കിട്ടാത്തതും നെല്ലും തേങ്ങയും പോലുള്ള വിളകൾക്ക് സമയത്തിന് വില നല്കാൻ സർക്കാരുകൾക്ക് കഴിയാത്തതുമെല്ലാം പ്രശ്നങ്ങളാണ്.


ഒരൊറ്റ ചോദ്യം മാത്രം. മേല്പറഞ്ഞ റിപ്പോർട്ടിലെ ഏതെല്ലാം കാര്യങ്ങളിൽ നമുക്കു മുന്നോട്ടുപോകാനായി? നമ്മൾ ഇപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിനെപ്പറ്റി തർക്കിച്ചുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇനി അതൊന്നും പ്രസക്തമല്ല. കാരണം, ഗാഡ്ഗിൽ പരിസ്ഥിതി സംരക്ഷണത്തെകുറിച്ചാണ് പറഞ്ഞതെങ്കിൽ, ഇപ്പോൾ ആ അവസ്ഥ പിന്നിട്ടു ദുരന്തങ്ങളും അവയിൽനിന്നുള്ള അതിജീവനവും പ്രധാനമായി വരുന്നു. നിലനില്പാണ് ഇനി പ്രശ്നം. പുതിയ കേരളത്തിന്റെ മുദ്രാവാക്യം കേവലം ഹരിതകേരളമല്ല, മറിച്ച് സുരക്ഷിതകേരളമാണ്. നമുക്കിനി പഴയകാലത്തെ തർക്കങ്ങൾ ഉപേക്ഷിക്കാൻ സമയമായി. പഴയ സാമ്പത്തിക-വികസന-പരിസ്ഥിതി സംവാദങ്ങളും പ്രസക്തമല്ലാതായി. നമ്മുടെ യുക്തികൾ പുതിയ യാഥാർഥ്യങ്ങൾകൊണ്ട് രൂപപ്പെടുത്താൻ സമയമായി. ഇന്ന് പാരിസ്ഥിതിക സുരക്ഷ എന്നത് പ്രകൃതിയുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ലാതായിരിക്കുന്നു. മറിച്ച്, ഒരു സമൂഹത്തിന്റെ ജീവനും ജീവനോപാധികളും ഒരു പരിധിവരെ കേരളംതന്നെയും സംരക്ഷിക്കാനുള്ള മാർഗമായിരിക്കുന്നു. അതിനു നാം എന്തുചെയ്യണം?


കാലാവസ്ഥാമാറ്റം സത്യമാണ്


ഇവിടെയാണ് ഒന്നാമതായി കാലാവസ്ഥാമാറ്റം എന്ന യാഥാർഥ്യം അംഗീകരിക്കണം. വരുംകാലത്ത് കാലാവസ്ഥാമാറ്റം എന്ന യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടല്ലാതെ ഒരു നാടിനും ആസൂത്രണം നടത്താന്‍ കഴിയില്ല. പക്ഷേ, പ്രളയത്തിനുശേഷവും ഈ സർക്കാർ മുന്നോട്ടുപോയത് തെറ്റായ വഴിയിലൂടെയാണ്. പാറമടകൾക്കുള്ള ഇളവ് കൂട്ടുന്നതും നെൽവയൽ സംരക്ഷണനിയമം തന്നെ നിഷ്ഫലമാക്കുന്നതും മൂന്നാറിലും മറ്റും നടത്തുന്ന കൈയേറ്റങ്ങൾക്ക്‌ പിന്തുണ നല്കുന്നതും കണ്ടു. നമ്മുടെ നദികളെ വിവിധരീതികളിൽ നശിപ്പിക്കുന്ന വനനശീകരണം, കൈയേറ്റങ്ങൾ, മലിനീകരണം തുടങ്ങിയവയിൽ ഒരു കുറവും ഉണ്ടായില്ല.   


എന്തു ചെയ്യണം?


അടിയന്തരമായി നമുക്കു വേണ്ടത് ഒരു ദുരന്തസാധ്യതാഭൂപടമാണ്. ഇപ്പോഴുള്ളത് 2016-ൽ നിർമിച്ചതാണ്. അന്ന് ചിന്തിക്കാൻപോലും കഴിയാത്ത മാറ്റങ്ങളാണ് ഇപ്പോഴുള്ളത്. ഇതിനോടൊപ്പം ഒരു പ്രളയഭൂപടവും തയാറാക്കപ്പെടണം. ഭാവിയിലെ ഭൂമിയിലെ എല്ലാ ഇടപെടലുകൾക്കും ഈ ഭൂപടങ്ങൾ അടിസ്ഥാന രേഖയാകണം. ഇതും പി.ഡി.എൻ.എ. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതാണ്. ഭാവി വികസന പദ്ധതികളായി ഉയർത്തിക്കാട്ടുന്ന സിൽവർലൈനും തീരദേശഹൈവേയും വയനാട്ടിലെ നിർദിഷ്ട തുരങ്കപ്പാതയുമെല്ലാം പുനഃപരിശോധിക്കപ്പെടണം. കേരളത്തിനു കുറുകെ 300 കി.മീ അണക്കെട്ടു പോലെ എംബാങ്ക്മെന്റ് തീർത്താൽ നീരൊഴുക്കിനെന്തു സംഭവിക്കും? ഇപ്പോൾ നിർമാണം നടക്കുന്ന ദേശീയപാതയുടെ പല ഭാഗങ്ങളിലും കടുത്ത വെള്ളക്കെട്ടും വരൾച്ചയും മണ്ണിടിച്ചിലും കാണുന്നു. തീരദേശം ഇല്ലാതാക്കുന്ന രീതിയിലാണ് തീരദേശഹൈവേ വരുന്നത്. ഇന്നത്തെരീതിയിൽ കടൽനിരപ്പുയർന്നാൽ പലയിടത്തും പാത കടലിനടിയിലാകും.


പി.ഡി.എൻ.എ റിപ്പോർട്ടിന്റെ തുടർച്ചയായി വന്ന റിബിൽഡ് കേരളം വികസന പദ്ധതി (ആർ.കെ.ഡി.പി) ആക്കി മാറ്റിയതോടെ അതിന്റെ എല്ലാ സത്തകളും നഷ്ടപ്പെട്ടു കേവലമൊരു നിർമാണ പദ്ധതി മാത്രമായി.


ഉരുൾപൊട്ടലുകളുടെ എണ്ണം,ശക്തി,ആഘാതങ്ങൾ എന്നിവയിൽ എങ്ങനെ കുറവ് വരുത്താം എന്നാലോചിക്കേണ്ടതുണ്ട്. ഉരുൾപൊട്ടലുകൾ ഒഴിവാക്കാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ എണ്ണം കുറയ്ക്കലും. ഓരോ ഉരുൾപൊട്ടലിനും അതിന്റേതായ കാരണങ്ങളുണ്ട്. അതിൽ കാലാവസ്ഥാമാറ്റം, അതിവർഷം, ഭൂമിയുടെ സ്വഭാവം തുടങ്ങിയ പല കാരണങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ, എല്ലാ ഉരുൾപൊട്ടലുകളും പ്രകൃതിയുടെ മാത്രം പ്രശ്നമാണെന്ന് പറയാനും കഴിയില്ല. അതിൽ ചില ഇടങ്ങളിലെല്ലാം ഖനനമോ നിർമാണങ്ങളോ അതിന് ആക്കം കൂട്ടുന്നതിനു സഹായകമായിട്ടുണ്ടാകാം. കേരളത്തിലെ 10 ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതകളുണ്ടെന്നു  ഐ.എസ്.ആർ.ഒ, സെസ്സ് തുടങ്ങിയ   സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾ കാണിക്കുന്നു. ദുരന്തസാധ്യതാപ്രദേശങ്ങളിലെ  റോഡ്, കെട്ടിടങ്ങൾ മുതലായവയുടെ  നിർമാണം ചരിഞ്ഞ മേഖലകളിൽ, വമ്പൻ  റിസോർട്ടുകൾ, അനുബന്ധ സൗകര്യങ്ങൾ, ടൂറിസ്റ്റുകളുടെ എണ്ണം താങ്ങൽ  ശേഷി, മുതലായവ പഠിക്കണം. തെറ്റായ പദ്ധതികൾക്ക്  സർക്കാർ പ്രോത്സാഹനം നല്കരുത്. ഉദാഹരണം: ഓഫ് റോഡ് യാത്രകൾ.  കിഴക്കു-പടിഞ്ഞാറു ജലപ്രവാഹങ്ങളെ തടയുന്നവിധത്തിലുള്ള ഒരുവിധ റോഡ്, റെയിൽ നിർമാണങ്ങളും പാടില്ലെന്നു വാദിച്ച മുഖ്യമന്ത്രിതന്നെ കെ-റയലിനു വേണ്ടി വാദിക്കുന്നു. തെറ്റായ വികസനങ്ങളെ എതിർക്കുക തന്നെ വേണം.


കേരളം നേരിടുന്ന മറ്റൊരു മഹാദുരന്തമാണ്‌ ഖരമാലിന്യങ്ങൾ. ഇതു സംബന്ധിച്ച് നിരവധി പ്രാവശ്യം പലരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും സുസ്ഥിരവും ശാശ്വതവുമായ ഒരു പരിഹാരമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ജൈവമാലിന്യങ്ങൾ ഉത്ഭവസ്ഥാനത്തു സംസ്കരിക്കൽ എന്നത് കാര്യമായി മുന്നേറിയിട്ടില്ല. കേന്ദ്രീകൃത മാലിന്യ സംവിധാനങ്ങളിൽ ബ്രഹ്മപുരം ഒഴിച്ചെല്ലാം പൂട്ടിക്കഴിഞ്ഞു. നിയമങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിലും അവ പ്രയോഗിക്കാൻശേഷിയുള്ള ഭരണകൂടങ്ങളാണ് ഇല്ലാത്തത്. ആമയിഴഞ്ചാൻ തോട്ടിൽ ഇപ്പോഴും മാലിന്യം നിറഞ്ഞുകിടക്കുന്നുവെങ്കിൽ കുറേദിവസം നമ്മൾ കേട്ട, കണ്ട കാര്യങ്ങൾക്കൊന്നും ഒരു വിലയുമില്ലെന്നല്ലേ? സാക്ഷരകേരളം സുരക്ഷിത കേരളമാകണമെങ്കിൽ ഈ പ്രശ്നവും പരിഹരിച്ചേ  പറ്റൂ.