പ്രതിസന്ധി നേരിടുന്ന അടിസ്ഥാനജന വിദ്യാഭ്യാസം – ഷാജു വി. ജോസഫ്,
അടിസ്ഥാനജനത (പട്ടികജാതി, പട്ടികവർഗ, പട്ടികജാതി ക്രൈസ്തവ) വിദ്യാഭ്യാസപുരോഗതിയിൽ എല്ലാക്കാലവും വളരെ പിന്നാക്കമായിരുന്നു. ആധുനിക (പാശ്ചാത്യ) വിദ്യാഭ്യാസത്തിനു തുടക്കംകുറിച്ച ബ്രിട്ടീഷ് കൊളോണിയലിസത്തിനു മുൻപ് അവർക്കു വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. കൊളോണിയൽ കാലത്തു തുടർന്ന അവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സ്വാതന്ത്ര്യാനന്തര കാലത്തും മാറ്റമില്ലാതെ തുടരുന്നു. പ്രവേശനംമുതൽ പരീക്ഷകളിലെ വിജയംവരെ ഈ പിന്നാക്കാവസ്ഥ നീണ്ടുപോകുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്താണ് ഈ സ്ഥിതി കൂടുതൽ രൂക്ഷമാകുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനജന പ്രാതിനിധ്യം
വിദ്യാഭ്യാസമേഖലയിലെ പ്രാതിനിധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട സൂചകങ്ങളിലൊന്നാണ് ഗ്രോസ്സ് എൻറോൾമെന്റ് റേഷ്യോ (ജി.ഇ.ആർ.). ഉന്നതവിദ്യാഭ്യാസ പ്രായ വിഭാഗത്തിൽ (17 വയസ്സു മുതൽ 23 വയസ്സു വരെ) ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരും അതേ പ്രായത്തിലുള്ളവരുടെ ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് ഉന്നതവിദ്യാഭ്യാസത്തിലെ ജി.ഇ.ആർ. സാധാരണയായി ജി.ഇ.ആർ. രേഖപ്പെടുത്തപ്പെടുന്നത് ശതമാനത്തിലാണ്.
2022-ൽ ഇന്ത്യയിൽ എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നതവിദ്യാഭ്യാസത്തിലെ ജി.ഇ.ആർ. 27.1 ശതമാനമായിരുന്നെങ്കിൽ കേരളത്തിൽ അത് 38.8 ശതമാനമായിരുന്നു (കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ 11.7 ശതമാനം കൂടുതൽ). പട്ടികജാതിക്കാരുടെ കാര്യത്തിൽ ഇത് യഥാക്രമം 23.4 ശതമാനവും 26.7 ശതമാനവുമാണ് (ദേശീയ ശരാശരിയെക്കാൾ കേരളത്തിൽ 3.3 ശതമാനം കൂടുതൽ). അതായത് ഇന്ത്യയിൽ ഒട്ടാകെ ഉന്നതവിദ്യാഭ്യാസംചെയ്യുന്ന പട്ടികജാതിക്കാരേക്കാൾ വെറും 3.3 ശതമാനം മാത്രം കൂടുതലാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസംചെയ്യുന്ന പട്ടികജാതിക്കാരെന്നർഥം. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ജി.ഇ.ആറും പട്ടികജാതിക്കാരുടെ ജി.ഇ.ആറും തമ്മിലുള്ള അന്തരം 12.1 ശതമാനമാണ്. ഇക്കാര്യത്തിൽ ദേശീയ ശരാശരിയിലെ അന്തരത്തെക്കാൾക്കൂടുതൽ അന്തരമാണ് കേരളത്തിലേത്. ദേശീയതലത്തിൽ പട്ടികജാതിക്കാരുടെ ജി.ഇ.ആർ. കേരളത്തിലേതിനെക്കാൾ കൂടുതലായ പത്തിലധികം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ടെന്ന യാഥാർഥ്യം ഇതിനോട് ചേർത്തുവായിക്കണം. കേരളത്തിലെ പട്ടികജാതിക്കാരുടെ ജി.ഇ.ആർ വളരെയേറെ പിന്നിലാണെന്ന വസ്തുതയാണ് ഈ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. പട്ടികവർഗ വിദ്യാർഥികളുടെ കാര്യത്തിൽ സ്ഥിതി ഇതിലും മോശമാണ്. പട്ടികജാതി ക്രൈസ്തവരുടെ ജി.ഇ.ആർ. കണക്കുകൾ ലഭ്യമല്ല.
ഇത് ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരുടെ കാര്യമാണെങ്കിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ ശതമാനം ഇതിലും താഴെയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തുതന്നെ ബിരുദാനന്തര, പ്രഫഷണൽ പഠനങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണ വിഹിതംപോലും പട്ടികജാതി അപേക്ഷകരുടെ അഭാവത്തിൽ ഇപ്പോൾ പൂർണമായി നികത്തപ്പെടുന്നില്ലെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ശരാശരി രണ്ടു ശതമാനത്തിനു മുകളിലുള്ള കുറവാണിക്കാര്യത്തിൽ പ്രകടമാകുന്നത്. ശാസ്ത്ര, പ്രഫഷണൽ പഠനങ്ങൾക്കാണ് പ്രവേശനത്തിലെ സംവരണ വിഹിതം ഏറെയും പൂർത്തിയാക്കാത്തത്. അടിസ്ഥാനജന വിദ്യാർഥികൾ ഇത്തരം വിഷയങ്ങളിൽ പഠനം വിജയകരമായി പൂർത്തിയാക്കാത്തതോ കുറഞ്ഞ യോഗ്യത നേടാത്തതോ ആകാം ഇതിന്റെ കാരണം.
കൊഴിഞ്ഞുപോക്ക്
വിദ്യാഭ്യാസരംഗത്തു അടിസ്ഥാനജനതയുടെ കൊഴിഞ്ഞുപോക്ക് സെക്കന്ററി തലംമുതൽ ആരംഭിക്കുന്നു. ഈ വിഷയത്തിൽ വിവിധ പഠനങ്ങൾ വ്യത്യസ്ത സ്ഥിതിവിവരക്കണക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ കൊഴിഞ്ഞുപോക്ക് 22 ശതമാനത്തോളമാണെന്നു 2022-ൽ കേരളത്തിൽ നടത്തിയ (ഇനിയും പ്രസിദ്ധീകരിക്കാത്ത) ഒരു പഠനം വ്യക്തമാക്കുന്നു. കൊഴിഞ്ഞുപോക്കിനുള്ള പ്രധാനകാരണങ്ങൾ സാമ്പത്തികബുദ്ധിമുട്ട്, പഠനത്തിൽ താത്പര്യമില്ലായ്മ, ഗൃഹാന്തരീക്ഷം എന്നിവയാണ്. ഏകദേശം 40 ശതമാനത്തോളം വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി അറിയില്ലെന്ന വസ്തുത പഠനത്തിൽ താത്പര്യമില്ലായ്മയിലേക്കു നയിക്കുന്നുണ്ടാകാം. ഇവയെല്ലാം ഘടനാപരമായ പ്രശ്നങ്ങളാണ്. അതുകൊണ്ട് സമൂഹഘടനയുടെ പൊളിച്ചെഴുത്താണ് ആവശ്യം.
നിലവാരത്തകർച്ച
വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയാണ് മറ്റൊരു പ്രധാന പ്രശ്നം. ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അഭാവത്തിൽ 2024-ൽ പ്രസിദ്ധീകരിച്ച കേരളത്തിലെ പത്താംക്ലാസ് പരീക്ഷാ ഫലം പരിശോധിക്കാം.
2015-ൽ പത്താംക്ലാസ് ജയിച്ചവരിൽ എല്ലാ ജാതി വിഭാഗങ്ങളിലും പെടുന്ന 27.96 ശതമാനം വിദ്യാർഥികൾക്ക് ഡി പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. എന്നാൽ 2024 ആയപ്പൊഴേക്കും ജയിച്ചവരിൽ ഡി പ്ലസ് ഗ്രേഡ് കിട്ടിയ എല്ലാ ജാതി വിഭാഗങ്ങളിലും പെടുന്ന വിദ്യാർഥികൾ 9.44 ശതമാനവും പൊതു (ഉയർന്ന ജാതി) വിഭാഗത്തിൽ അതു 4.3 ശതമാനവുമായി കുറഞ്ഞു. വിജയിച്ച ആകെ വിദ്യാർഥികളിൽ ഡി പ്ലസ് ഗ്രേഡ് ലഭിച്ചവരിൽ കഴിഞ്ഞ പത്തു വർഷംകൊണ്ട് 18.52 ശതമാനം കുറവുണ്ടായി. അല്ലെങ്കിൽ എല്ലാ വിഭാഗങ്ങളിൽനിന്നും ജയിച്ച 18.52 ശതമാനം വിദ്യാർഥികൾ ഡി പ്ലസ് ഗ്രേഡിനു മുമ്പുള്ള എ പ്ലസ് ഉൾപ്പെടുന്ന ആറു ഗ്രേഡുകളിലേക്കു കഴിഞ്ഞ പത്തുവർഷം കൊണ്ടുയർത്തപ്പെട്ടു.
എന്നാൽ 2024-ൽ പത്താംക്ലാസ് ജയിച്ച പട്ടികജാതി വിദ്യാർഥികളിൽ ഡി പ്ലസ് ഗ്രേഡ് ലഭിച്ചവർ 18.34 ശതമാനവും പട്ടികവർഗ വിദ്യാർഥികളിൽ അതു 26.75 ശതമാനവുമാണെന്നതു ശ്രദ്ധിക്കുക. അങ്ങനെ നോക്കുമ്പോൾ, ഡി പ്ലസ് ഗ്രേഡ് കിട്ടിയ പട്ടികജാതി വിദ്യാർഥികൾ അത്തരം ആകെ വിദ്യാർഥികളെക്കാൾ 8.9 ശതമാനം കുടുതലും, ഉയർന്നജാതി വിദ്യാർഥികളെക്കാൾ 14 ശതമാനം കുടുതലുമാണെന്നു കാണാം. അതുപോലെ ഡി പ്ലസ് ഗ്രേഡ് കിട്ടിയ പട്ടികവർഗ വിദ്യാർഥികൾ അത്തരം ആകെ വിദ്യാർഥികളെക്കാൾ 17.31 ശതമാനം കുടുതലും, ഉയർന്നജാതി വിദ്യാർഥികളെക്കാൾ 22.45 ശതമാനം കൂടുതലുമാണ്.
പൊതു (ഉയർന്ന ജാതി) വിഭാഗത്തിലെ 28.15 ശതമാനം വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കിട്ടിയപ്പോൾ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കിട്ടിയ പട്ടികജാതി വിദ്യാർഥികൾ ആകെ എ പ്ലസ് കിട്ടിയ വിദ്യാർഥികളുടെ 6.65 ശതമാനം മാത്രമാണ്. എ പ്ലസ് ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാർഥികളുടെ നാലു മടങ്ങിലധികമാണ് പൊതു (ഉയർന്ന ജാതി) വിഭാഗങ്ങളിലെ അത്തരം വിദ്യാർഥികൾ. എ പ്ലസ് ഗ്രേഡ് കിട്ടിയ പട്ടികവർഗ വിദ്യാർഥികൾ ഉയർന്നജാതി വിദ്യാർഥികളുടെ 2.47 ശതമാനം മാത്രമാണ്. എ പ്ലസ് ഗ്രേഡ് ലഭിച്ച പട്ടികവർഗ വിദ്യാർഥികളുടെ പതിനൊന്നു മടങ്ങിലധികമാണ് പൊതു (ഉയർന്ന ജാതി) വിഭാഗങ്ങളിലെ അത്തരം വിദ്യാർഥികൾ. പത്താംക്ലാസ് പരീക്ഷാഫലത്തിലെ ഗ്രേഡ് വിതരണം സാമൂഹികശ്രേണീകരണത്തിനു അനുസരിച്ചാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ച് ഉയർന്നഗ്രേഡ് ( എ പ്ലസ്) ലഭിക്കുന്ന അടിസ്ഥാനജന വിദ്യാർഥികളുടെ ശതമാനം വളരെ കുറവും ജയിക്കാൻവേണ്ടുന്ന താഴ്ന്ന ഗ്രേഡ് (ഡി പ്ലസ്) കിട്ടുന്ന വിദ്യാർഥികളുടെ ശതമാനംവളരെ കൂടുതലുമാണ്. ഈ വിദ്യാർഥികൾ ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് സാധാരണയായി താഴ്ന്ന ഗ്രേഡിലെത്തുന്നത്. ഒരേ വിദ്യാലയവും ഒരേ പാഠ്യപദ്ധതിയും ഒരേ അധ്യാപകരുമായിട്ടുകൂടി എന്തുകൊണ്ട് പട്ടികവിഭാഗ വിദ്യാർഥികൾ പരീക്ഷാഫലത്തിൽ പിന്നാക്കം പോകുന്നെന്ന വളരെ ഗൗരവമായ ചോദ്യം ഇവിടെ ഉയരുന്നു.
വിദ്യാഭ്യാസം സാമൂഹികശ്രേണികരണത്തിന്റെ ശാശ്വതീകരണ ഉപകരണം
ഇത്തരം നിരവധി പ്രശ്നങ്ങൾ നല്കുന്ന സൂചനകൾ നിർണായകമാണ്. പ്രവേശനത്തിന് അടിസ്ഥാനജന വിദ്യാർഥികൾക്ക് സംവരണം ലഭിക്കുന്നെണ്ടെങ്കിലും ഉയർന്നക്ളാസ്സുകളിൽ സംവരണംചെയ്ത സീറ്റുകൾ പൂർണമായി നികത്തപ്പെടാത്തതു സംവരണം നടപ്പാക്കുന്ന രീതിയിലെ പിശകും അടിസ്ഥാനജന വിദ്യാർഥികളുടെ താഴ്ന്നക്ളാസ്സുകളിലെ കൊഴിഞ്ഞുപോക്കുംകൊണ്ടാണ്. വിദ്യാഭ്യാസവ്യവസ്ഥ ആകമാന സമൂഹവ്യവസ്ഥയുടെ ഉപവ്യവസ്ഥയാണെന്നതിനാൽ സമൂഹവ്യവസ്ഥയിൽ നിലനില്ക്കുന്ന ശ്രേണികളെ വിദ്യാഭ്യാസവ്യവസ്ഥ പുനരുത്പാദിപ്പിക്കുന്നെന്ന വിദ്യാഭ്യാസത്തിന്റെ സാമൂഹികശാസ്ത്രപ്രമാണം ഇവിടെ യാഥാർഥ്യമാകുന്നു. സാമൂഹിക ഘടനാപരമായ പൊളിച്ചെഴുത്തലുകൾ കൂടാതെ അടിസ്ഥാനജനവിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുവാൻ സർക്കാർ ചെലവാക്കിയ തുക പാഴായിപ്പോയതായി ഇപ്പോൾ നല്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് അതു കൊണ്ടാണ്. അത്തരം പരിപാടികൾ കർശനമായ (അടിസ്ഥാനജന) പങ്കാളിത്ത വിലയിരുത്തലിനു (participatory appraisal) ശേഷം അടിമുടി പരിഷ്ക്കരിക്കണമെന്നാണ് ഇവിടെ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതുക്കിയ സ്കോളർഷിപ് പദ്ധതി
മേൽവിവരിച്ച വിധം അടിസ്ഥാനജനവിദ്യാഭ്യാസം ദുർബലമായ സന്ദർഭത്തിലാണ് അടിസ്ഥാനജന വിദ്യാർഥികളുടെ സ്കോളർഷിപ് പദ്ധതിക്ക് കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം പുതുക്കിയ മാർഗ നിർദേശങ്ങൾ 2021-മാർച്ചിൽ പുറപ്പെടുവിപ്പിച്ചത്. ഒട്ടനവധി പ്രതിലോമ, ജനാധിപത്യവിരുദ്ധ, ഭരണഘടനാ ധ്വംസന വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് പുതുക്കിയ മാർഗനിർദേശങ്ങൾ. മേൽവിവരിച്ച കാതലായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന വ്യവസ്ഥകളില്ലാത്ത പുതുക്കിയ മാർഗനിർദേശങ്ങൾ അടിസ്ഥാനജനതയ്ക്കിന്നു വരെ ലഭ്യമായിരുന്ന പരിമിത അവകാശങ്ങളും സൗകര്യങ്ങളും കവർന്നെടുക്കുന്നെന്നതാണ് യാഥാർഥ്യം.
സ്കോളർഷിപ്പിനുള്ള അർഹത കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയാക്കി നിശ്ചയിച്ചതും, സ്കോളർഷിപ് വിതരണരീതി പുതുക്കിയതുമാണ് ഈ വ്യവസ്ഥകളിൽ അടിസ്ഥാനജനവിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്നത്. വളരെയധികം അടിസ്ഥാനജനവിദ്യാർഥികൾ 2.5 ലക്ഷം രൂപയെന്ന വരുമാന പരിധിക്കു പുറത്തായതിനാൽ സ്കോളർഷിപ്പിനു വെളിയിലാകും. ഇപ്പോൾ അങ്ങനെയുള്ള വിദ്യാർഥികൾക്കുള്ള മുഴുവൻ സ്കോളർഷിപ്പും കേരളസർക്കാർ നല്കുന്നുണ്ടെങ്കിലും കേരളസർക്കാരിന്റെ സാമ്പത്തികസ്ഥിതി ഈ നില തുടരുവാൻ കഴിയാതെ വരുമെന്നത് തീർച്ച. തൽക്കാലം വിദ്യാർഥികളുടെ ഭാഗിക സ്കോളർഷിപ്പ് നല്കിയും സ്കോളർഷിപ് വിതരണം വൈകിപ്പിച്ചും സർക്കാർ മുഖം രക്ഷിക്കുവാൻ വിഫല ശ്രമം നടത്തുന്നു തത്ഫലമായി വിദ്യാർഥികളുടെ സ്കോളർഷിപ് മുടങ്ങുന്നു. സ്വതന്ത്ര ഇന്ത്യയിൽ 2021-വരെ തുടർന്നുവന്നിരുന്ന അടിസ്ഥാനജന വിദ്യാഭ്യാസ അവകാശത്തെ അഞ്ചുവർഷത്തെ പ്രൊജക്റ്റ് ആക്കി ചുരുക്കി അതിന്മേൽ സാമ്പത്തിക മാനദണ്ഡം അടിച്ചേല്പിച്ചതാണ് അതിലേറെ പ്രധാനപ്പെട്ടത്.
പരിഷ്ക്കരിച്ച സ്കോളർഷിപ് വിതരണ രീതി അതുപോലെതന്നെ അപകടകരമാണ്. സ്കോളർഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന (കേരളാ) സർക്കാരുമാണ് നല്കേണ്ടത്. (മുമ്പ് ഇത് 50 ശതമാനം വീതമായിരുന്നു). സംസ്ഥാനവിഹിതം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തി 15 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമേ കേന്ദ്രവിഹിതം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തുകയുള്ളൂ. ഇതാണ് പുതുക്കിയ മാർഗനിർദേശങ്ങളിലെ ഒരു നിബന്ധന. സംസ്ഥാനസർക്കാർ യഥാസമയം അതിന്റെ വിഹിതമടയ്ക്കാതിരുന്നാൽ വിദ്യാർഥികളുടെ സ്കോളർഷിപ് മുടങ്ങും. ഇപ്രകാരം രണ്ടിലധികം വർഷമായി സ്കോളർഷിപ് ലഭിക്കാത്ത അനവധി അടിസ്ഥാനജന വിദ്യാർഥികൾ ഇന്ന് കേരളത്തിലുണ്ട്. ഇതും പുതിയ മാർഗനിർദേശങ്ങളുടെ ഫലമാണ്.
സ്കോളർഷിപ്പിന് രണ്ടു ഭാഗങ്ങളുണ്ട് : വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചെല്ലേണ്ടുന്ന ഫീസും വിദ്യാർഥികളുടെ നിത്യചെലവിനായുള്ള അക്കാദമിക് അലവൻസുകളും (ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പൻഡ്, പോക്കറ്റ് മണി ഇത്യാദി). ഫീസ് സർക്കാർ നേരിട്ട് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അടയ്ക്കുകയും അക്കാദമിക് അലവൻസുകൾ വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുകയുമായിരുന്നു മുമ്പ്, 2021-ലെ പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതു വരെ, ചെയ്തുപോന്നിരുന്നത്. പുതിയ മാർഗനിർദേശമനുസരിച്ചു സർക്കാരുകളിൽനിന്ന് സ്കോളർഷിപ്പ് ലഭിക്കുമ്പോൾ വിദ്യാർഥികൾ അവരുടെ ഫീസ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു നേരിട്ടുനല്കണം. സ്കോളർഷിപ് വൈകുന്നതിനാൽ വിദ്യാർഥികൾക്കു ഫീസ് സമയത്തിനടയ്ക്കുവാൻ സാധിക്കുകയില്ല. അങ്ങനെ വരുമ്പോൾ വിദ്യാർഥികളെ പരീക്ഷ എഴുതുവാൻ അനുവദിക്കാതിരിക്കുകയോ അഥവാ, പരീക്ഷ എഴുതുവാൻ അനുവദിച്ചാൽ വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റു തടഞ്ഞുവയ്ക്കുകയോ ചെയ്യും. പഠനം തുടരുവാൻ വിദ്യാർഥികൾ ഏതു വിധേനയും ഫീസടയ്ക്കുവാൻ നിർബന്ധിതരാകും. അല്ലാത്തവർ വിദ്യാഭ്യാസത്തിനു വെളിയിലാകും. ഈ നില തുടർന്നാൽ മുൻ ഖണ്ഡികയിൽ സൂചിപ്പിച്ച കൊഴിഞ്ഞുപോക്ക് നിരക്ക് 22 ശതമാനത്തിനും മുകളിലാകും.
അടിസ്ഥാനജന വിദ്യാർഥികളുടെ വിദ്യാഭ്യാസപ്രശ്നത്തെ സമഗ്രമായി മനസ്സിലാക്കി, 2021-ലെ കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റ മാർഗനിർദേശങ്ങൾ അടിയന്തരമായി റദ്ദാക്കേണ്ടതാണ്.
(ലേഖകന്‍ : എ.പി.ഡി.എഫ്. ജനറൽ സെക്രട്ടറി)