മേരീവിജ്ഞാനീയത്തിലെ മലയാള മാതൃക – ബെന്നി ഡൊമിനിക്

മേരീവിജ്ഞാനീയത്തിലെ മലയാള മാതൃക – ബെന്നി ഡൊമിനിക്

വിഭിന്നങ്ങളായ ധാരകളായി ഒഴുകിനിറയുന്ന മേരിധ്യാനത്തിന്റെ ആവിഷ്കാരനിലകളെ പരിശോധിക്കുന്ന ‘ആവേമരിയ: വിശുദ്ധമേരിയുടെ അർഥതലങ്ങൾ’  എന്ന ഗ്രന്ഥം മേരിയോളജി വിഭാഗത്തിൽ മലയാളത്തിലുണ്ടായിട്ടുള്ള എണ്ണപ്പെട്ട രചനയാണ്.


യേശുവിന്റെ അമ്മ മറിയത്തിന്റെ സ്വരൂപവും പ്രഭാവവും കണ്ടെത്തി വിവരിക്കുന്നതിനുള്ള ആത്മീയപ്രേരണയാണ് കെ.പി.രമേഷിന്റെ ‘ആവേമരിയ  വിശുദ്ധമേരിയുടെ അർഥതലങ്ങൾ’ എന്ന ഗ്രന്ഥം സാക്ഷാത്കരിക്കുന്നതിന് നിമിത്തമായിട്ടുള്ളത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അളവില്ലാത്ത മേരിഭക്തിയാണ് ഈ ഉദ്യമത്തിനു കരുത്ത് പകർന്നിട്ടുള്ളത് എന്നതിൽ സംശയമില്ല.


പിതൃദായകക്രമത്തിലുള്ള ദൈവശാസ്ത്രത്തിനുള്ളിലെ തികച്ചും വിഭിന്നമായ ഒരു തലമാണ് മേരിയോളജി പാരമ്പര്യത്തിനുള്ളത്. റോസ് മേരി റാഡ്ഫോർഡ്  റൂഥറിനെ ഉദ്ധരിച്ചുകൊണ്ട് ദൈവശാസ്ത്രത്തിനുള്ളിൽ മേരിയോളജി പാരമ്പര്യം ‘പിതൃദായക സ്ത്രൈണത’ വെളിപ്പെടുത്തുന്നുവെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുമ്പോൾ പിതൃകേന്ദ്രിതമായ ക്രൈസ്തവദർശനത്തെ മാതൃസങ്കല്പത്തിലേക്കുകൂടി ഉന്മുഖമാക്കുന്നതിനുള്ള ശ്രമം കാണാം. ഭാരതീയ സംസ്കാരത്തിൽ മാതൃദേവതാ സങ്കല്പം അന്യമല്ലല്ലോ.


ഭാരതീയവും പാശ്ചാത്യവുമായ സംസ്കൃതികളിൽ അമ്മ മറിയത്തിന്റെ തുറവികൾ കണ്ടെത്തുന്നതിനുള്ള നിസ്തന്ദ്രമായ പരിശ്രമം ആവേമരിയ എന്ന ഗ്രന്ഥത്തിലുടനീളം അനുഭവവേദ്യമാകുന്നുണ്ട്. മേരീവിജ്ഞാനീയത്തിൽ വിപുലമായ പഠനങ്ങളൊന്നും മലയാളത്തിലുണ്ടായിട്ടില്ല. കെ.പി.അപ്പന്റെ ‘മധുരം നിന്റെ ജീവിതം’ എന്ന ധ്യാനസാന്ദ്രമായ ഒരു പുസ്തകമാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്. ക്രൈസ്തവചിന്തയിൽ അമലോത്ഭവ രാജ്ഞിയെന്നും ഉഷഃകാല നക്ഷത്രമെന്നും സമുദ്രതാരകമെന്നും (ബോണി തോമസ്സിന്റെ ‘ദേവാസ്ത’ എന്ന കഥയിൽ സമുദ്രതാരകത്തെക്കുറിച്ചുള്ള സൂചനയുണ്ട്. മേരിയോളജി വിഭാഗത്തിൽ പരാമർശിക്കേണ്ടിയിരുന്ന ഒരു കഥയാണ് ദേവാസ്ത.)  വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മേരിയെക്കുറിച്ച് പാശ്ചാത്യരുടെയിടയിൽ നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. അവകൂടാതെ പ്രതിഭാശാലികളായ കലാകാരന്മാരിലൂടെ മേരീസാക്ഷാത്കാരമുണ്ടായിട്ടുണ്ട്. രമേഷിന്റെ ‘ആവേമരിയ’ മറിയത്തിന്റെ നിർമലമായ ജീവിതവും ശാശ്വതമായ കീർത്തിയും ബഹുവിധങ്ങളായ അന്വേഷണ നിരീക്ഷണങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന മേരിയോളജി വിഭാഗത്തിൽപ്പെട്ട ഒരു കൃതിയാകുന്നു.


മേരിയോളജി അഥവാ മേരീവിജ്ഞാനീയം യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപഠന വിഭാഗമാണ്. മേരിയെക്കുറിച്ച് ബൈബിളിലും ക്രിസ്തീയപാരമ്പര്യത്തിലുമുള്ള അറിവുകളെയും ആലോചനകളെയും സമന്വയിപ്പിക്കുകയും അന്വേഷണമനനങ്ങളിലെത്തിച്ചേരുകയുമാണ് ഈ വിജ്ഞാനശാഖയുടെ ആത്യന്തികമായ ലക്ഷ്യം. മേരിഭക്തിയാണ് ഈ ജ്ഞാനശാഖയുടെ അധിഷ്ഠാനമായി നിലകൊള്ളുന്നത്. എല്ലാ അർഥത്തിലും  ‘നന്മ നിറഞ്ഞവൾ’ ആണ് മറിയം. വാളിനെക്കാൾ മൂർച്ചയുള്ള മരണത്തിനു (യേശുവിന്റെ മരണം) മുമ്പിലും മറിയത്തിന്റെ ശോഭ കെടുന്നില്ല. വിശ്വാസികൾക്കു മാത്രമല്ല മേരി ഒരു വിശുദ്ധിയാർന്ന അനുഭവമായി മാറുന്നത്. അവിശ്വാസികൾക്കും മേരി ശാശ്വത യശസ്സാർന്നവളാണ്.


മേരിയോളജി വിശാലമായ അർഥത്തിൽ കന്യാമറിയത്തോടുള്ള ഭക്തിയിലും ആരാധനയിലും മാത്രം ഒതുങ്ങുന്നതല്ല. ക്രിസ്തുവും ക്രൈസ്തവതയുടെ ആധാരശിലകളായ വീണ്ടെടുപ്പും (redemption) മാധ്യസ്ഥവും അതിലൂടെ ഊറി നിറയുന്ന കൃപയും അതിന്റെ അംശങ്ങളാണ്. ക്രൈസ്തവരുടെയിടയിൽത്തന്നെ മേരിപൂജയുമായി ബന്ധപ്പെട്ട് വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്. റോമൻ കത്തോലിക്കമതത്തിൽ മേരിയെ ആരാധിക്കുന്നത് അനുവദനീയമാണെങ്കിൽ പ്രോട്ടസ്‌റ്റന്റ് മതത്തിൽ മേരിപൂജ ബിംബപൂജയാണെന്ന വിമർശനമുണ്ട്. ഓർത്തഡോക്സ് മേരിയോളജിയുടെ സമീപനത്തിൽ മേരി വിശുദ്ധിയുടെ പരമപദവും വീണ്ടെടുപ്പിലേക്കു നയിക്കുന്നവളും കൃപാവരം നല്കുന്നവളുമാണ്. മാത്രമല്ല, ഇവിടെ മറിയത്തിന്റെ കന്യാപദവിയിലാണ് മേരിയോളജി അധിഷ്ഠിതമായിട്ടുള്ളത്.


മേരിയെ ദൈവമാതാവായി അംഗീകരിക്കുന്നില്ലാത്തവർക്കും വായിക്കാൻ നിർദേശിക്കാവുന്ന പുസ്തകമാണ് ആവേമരിയ. മരിയൻസംഗീതം, ചിത്ര-ശില്പകല, മരിയൻദേവാലയങ്ങളുടെ വാസ്തുമാതൃകകൾ, ചരിത്രം എന്നിങ്ങനെ വിശദമായി, വിഭിന്ന ധാരകളായി ഒഴുകുന്ന മേരിപ്രഭാവത്തിന്റെ ആവിഷ്കാരമാതൃകകളെ സാമാന്യമായി പരിശോധിക്കുന്ന ഭാഗം ഈ ഗ്രന്ഥത്തിന് സവിശേഷമായ മിഴിവ് നല്കുന്നു.മേരിയോളജിയിലാകൃഷ്ടനായ ഒരാൾ കലാനിരൂപണത്തിലും മിടുക്ക് പ്രദർശിപ്പിക്കുമ്പോൾ ഇത്തരമൊരു ഗ്രന്ഥം യാഥാർഥ്യമാവുന്നു. മേരിസങ്കല്പത്തെക്കാൾ യുങ് കണ്ടത് പാശ്ചാത്യബോധത്തിലെ പുരുഷനും സ്ത്രീയും ശരീരവും ആത്മാവും ഭൂമിയും സ്വർഗവും തമ്മിലുള്ള തീവ്രദ്വന്ദ്വങ്ങളുടെ പ്രതീകാത്മക പുനരുദ്ഗ്രഥനം എന്ന നിലയ്ക്കാണ്. ഹവ്വ എന്ന സ്ത്രൈണ മിത്തിന്റെ അപരഭാവം എന്ന നിലയ്ക്കാണ് മേരിയുടെ അമലോത്ഭവചരിത്രത്തെ വീക്ഷിക്കേണ്ടതെന്ന റോസ് മേരി റാഡ്ഫോർഡ് റൂഥറുടെ നിരീക്ഷണം സന്ദർഭോചിതമായി രേഖപ്പെടുത്തുന്നുണ്ട് ആവേമരിയയിൽ.


ഭക്തന്മാർക്ക് സ്വപ്നം കാണിച്ചുകൊടുക്കുന്ന ദൈവത്തെപ്പോലെയാണ് ഗിൽബർട്ട് അച്ചൻ തനിക്ക് ബൈബിൾ പരിചയപ്പെടുത്തിയതെന്ന് ‘മധുരം നിന്റെ ജീവിതം’ എന്ന പുസ്തകത്തിൽ കെ.പി.അപ്പൻ പറയുന്നുണ്ട്. അച്ചന്റെ വാക്കുകളാണ് തന്റെ മനസ്സിൽ വിശുദ്ധമറിയത്തിന്റെ ചിത്രം മായാത്തവിധം വരച്ചുചേർത്തതെന്നും അപ്പൻ പറയുന്നുണ്ട്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് അപ്പന്റെ ബൈബിൾ ജ്ഞാനസ്നാനം സംഭവിച്ചത്. അയിലൂർ എസ്.എം.ഹൈസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ    യോഹന്നാന്റെ സുവിശേഷം ഒരു വരദാനംപോലെ ലഭിച്ച ദിവസം രമേഷ് ഓർമിച്ചെടുക്കുന്നു. പിന്നീട് അയിലൂർ യൂണിയൻ ലൈബ്രറിയിൽനിന്ന് ലഭിച്ച സത്യവേദപുസ്തക പാരായണം രമേഷിനെ ക്രിസ്തുഭക്തനും മേരിഭക്തനുമാക്കിത്തീർത്തു.


അപ്പനും രമേഷുമൊക്കെ കേവലമായ കൗതുകത്തിന്റെ പേരിൽ ക്രിസ്തുവിനെയും മേരിയെയും പിന്തുടർന്നവരല്ല.  മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നീതിബോധത്തിന്റെയും പരമകാഷ്ഠയായിരുന്നുവല്ലോ ക്രിസ്തു. ക്രിസ്തുവിന്റെ അമ്മ ആ ഗുണങ്ങളുടെ  വിളനിലവും. വിശ്വാസം എന്ന വരദാനമാണ് ഈ എഴുത്തുകാരെ ഉത്തേജിപ്പിച്ചത്. വിശ്വാസത്തിന്റെ തലത്തിലല്ലാതെയും മേരിയെയും ക്രിസ്തുവിനെയും ഒരാൾക്കു പിന്തുടരാം. അവിശ്വാസികൾക്കും എതിരിടാൻ കഴിയാത്ത വ്യക്തിപ്രഭാവങ്ങളായിരുന്നല്ലോ ആ ചൈതന്യസ്വരൂപങ്ങൾ. അപ്പൻ വിശുദ്ധമേരി തന്റെ ആത്മീയാനുഭവത്തെ എങ്ങനെ പ്രോജ്ജ്വലിപ്പിച്ചു എന്ന് അനുഭവസാന്ദ്രമായ ഭാഷയിലൂടെ പറഞ്ഞു. ‘പള്ളികളുടെ വാതിലുകളും ജനാലകളും എനിക്ക് മേരീവിജ്ഞാനീയത്തിന്റെ ദൃശ്യ സൗന്ദര്യമാണ്.’ അപ്പൻ ഏറ്റുപറഞ്ഞു. ‘മധുരം നിന്റെ ജീവിതം’ ഒരു പഠനഗ്രന്ഥമാണെന്നു പറയാൻ നിവൃത്തിയില്ല. അതൊരു സമർപ്പിത ചേതസ്സിന്റെ, മറിയത്തിലുള്ള ആത്മസമർപ്പണമായിരുന്നു. എന്നാൽ, ‘ആവേമരിയ വിശുദ്ധമേരിയുടെ അർഥതലങ്ങൾ’ ഒരു പഠനഗ്രന്ഥമാണ്. മേരിഭക്തിയാണ് അതിനുള്ള പ്രചോദനം എന്നു മാത്രം.


ആവേമരിയ വായിച്ചുതുടങ്ങുമ്പോൾ ഏറ്റവും ആകർഷിക്കുന്ന ഭാഗം മരിയൻസംഗീതത്തെക്കുറിച്ച് നിരൂപിക്കുന്നയിടമാണ്. മരിയൻസംഗീതത്തിന്റെ ചരിത്രം പരിശോധിച്ചുകൊണ്ട് മൊത്‌സാർട്ടിന്റെ ‘ക്ലാരിനെറ്റ് കൺസെർറ്റോ’ എന്ന അമൂല്യ സംഗീതശില്പത്തെക്കുറിച്ചെഴുതുന്നു. ഏഴര മിനിട്ട് നീണ്ടുനില്ക്കുന്ന ആ സംഗീതരചന വിശ്വാസികളെ സ്നേഹത്തിലേക്കും കാരുണ്യത്തിലേക്കും നയിക്കുന്നത് അഭിവ്യക്തമാക്കുന്നു. ആവേമരിയയെ ഓർമയിലെത്തിക്കുന്ന അലിഗ്രോ ദ് മേജർ സ്കെയിലിലാണ് വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ‘മാസില്ലാ കന്നിയേ മാതാവേ ഉൻമേൽ’ എന്ന ഗാനമെന്നും ആവേമരിയയെ അഡാജിയോ സ്കെയിലിൽ സമർഥമായി സ്വാംശീകരിച്ചാണ് ഇളയരാജ ‘കാതൽ ഓവിയം  പാടും കാവിയം’ എന്ന അനശ്വര പ്രണയഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും നിരീക്ഷിക്കുന്നു. കൂടാതെ ആൻദ്രിയോ ബോച്ചെല്ലിയും ലൂസിയാനോ പാവറോത്തിയും ആവേമരിയയ്ക്കു പകർന്ന ശ്രുതിഭാഷ്യങ്ങളെക്കുറിച്ച് പറയുന്നു. ആവേമരിയയ്ക്ക് ക്ലാസ്സിക് സ്പർശമേകിയ ഫ്രാൻസ് ഷൂബെർട്ടിനെയും ഐഗർ സ്ട്രാവിൻസ്കിയെയും സ്മരിച്ചുകൊണ്ട് അതേ കലാസൃഷ്ടി മിറൂസിയ ലൂവോസ്, ഇൽ ദിയോ, സെലിൻ ഡിയോൻ, അമീറാ വിലിഗാഗൻ എന്നിവരുടെ ശ്രുതിഭേദങ്ങളിലൂടെ മരിയസ്തുതി എങ്ങനെ കർണാമൃതമായിത്തീരുന്നു എന്ന് വ്യക്തമാക്കുന്നു.


മരിയൻസംഗീതത്തിലെ പ്രധാന രചനകളായ ‘കൊറോണേഷൻ മാസ്സ്’, ഹെർമാനസ് കോൺട്രാക്റ്റസിന്റെ ‘ആത്മ റിഡംപ്റ്റോറിസ് മേറ്റർ’, ജ്യോവനി പിയർലൂഗി ദ് പാലെസ്ത്രീനയുടെ ‘സാൽവെ റജീന’, ജോസഫ് ഹെയ്ദന്റെ  ‘തെർസൈൻമസ്’, എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വയലാർ-ദേവരാജൻ-പി.സുശീല കൂട്ടുകെട്ടിൽ ഉണ്ടായിട്ടുള്ള  ‘ഉരുകിയുരുകിത്തെളിയും മെഴുതിരികളെ’, ഗിരീഷ് പുത്തഞ്ചേരി-ജോൺസൺ-യേശുദാസ് കൂട്ടിൽ വന്നിട്ടുള്ള ‘ഉരുകിയുരുകി എരിയുമീ മെഴുതിരികളിൽ’, സിന്ധുഭൈരവി രാഗത്തിൽ വാർന്നുവീണ ‘മാതാ ഉൻ കോവിലിൽ മണിദീപം ഏറ്റ്റിനേൻ’ എന്ന മരിയഗീതം പിൽക്കാലത്ത് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ ‘മണിയോശൈ കേട്ട് എഴുന്ത്’ എന്ന ഗാനമായി പരിണമിച്ചത് സാന്ദർഭികമായി പരാമർശിക്കുന്നു.


ബോണി എമ്മിന്റെ ‘മേരീസ് ബോയ്ചൈൽഡ് ജീസസ് ക്രൈസ്റ്റ്’ , സെർജീ റാഷ്മനിക്കോഫിന്റെ ‘ഓൾ നൈറ്റ് വിജിൽ’, റിച്ചാർഡ് മാർക്സിന്റെ ‘ഹസാർഡ്’ എന്നീ രചനകൾ, ‘അമ്മ കൈവിട്ട പിഞ്ചു പൈതലിൻ’, ‘പരിശുദ്ധ കന്യാമറിയമേ’, ‘അമ്മ കന്യാമണി തന്റെ’ എന്നീ ഗാനങ്ങളിലാകെ മേരിഭാവം ദുഃഖച്ഛവി കലർന്നൊഴുകുന്നതായി നിരീക്ഷിക്കുന്നു.


ലോറൻസോ മൊണാക്കോയുടെ കൊറോണേഷൻ ഓഫ് ദ വെർജിൻ, ഹിറോണിമസ് ബോഷിന്റെ ‘ദി അഡോറേഷൻ ഓഫ് ദ ഷെപ്പേഡ്’ , എൽ ഗ്രെക്കോയുടെ ‘ദി അസംപ്ഷൻ ഓഫ് ദി വെർജിൻ’, ജ്യോവനി ബെല്ലിനിയുടെ ‘മഡോണ ആന്റ് ചൈൽഡ് ബിറ്റ്‌വീൻ സെയ്ന്റ് കാതറിൻ ആന്റ് സെയിന്റ് മഗ്ദെലെൻ’, മഥീസ് ഗ്രൂൻവാൾഡിന്റെ ‘ദി മഡോണ ഇൻ ദ ഗാർഡൻ’, റാഫേലിന്റെ ‘മഡോണ ദെൽ പ്രാത്തോ’ തുടങ്ങിയ ചിത്രങ്ങളിൽത്തുടിക്കുന്ന മേരിഭാവങ്ങളുടെ സങ്കീര്‍ണധ്വനികൾ ഇവയെല്ലാം ഗ്രന്ഥകാരന്റെ ആലോചനയ്ക്കു വിഷയീഭവിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിൽ ഒരു ചെറിയ പോരായ്മ കാണുന്നുണ്ട്. ക്ലാസ്സിക് ചിത്രരചനകളും ശില്പങ്ങളും പരാമർശിക്കുമ്പോൾ പ്രസക്തമായ ചിത്രങ്ങൾ തിരഞ്ഞെടുത്ത് ചേർക്കേണ്ടതായിരുന്നു. അത് ഗ്രന്ഥത്തിന് കൂടുതൽ മിഴിവും ആധികാരികതയും നല്കുമായിരുന്നു. അടുത്ത പതിപ്പിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്.


മൈക്കലാഞ്ചലോയുടെ ‘പിയെത്ത’യെ മൂല്യവിചാരം ചെയ്തുകൊണ്ട് ഗ്രന്ഥത്തിലൊരിടത്ത് ഇങ്ങനെ എഴുതുന്നു: ‘മാനവരാശിക്കായുള്ള പ്രത്യാശയുടെ ക്രൈസ്തവവിശ്വാസവും പുതിയ വാഗ്ദാനവുമൊക്കെ വെളിപാടിന്റെ രൂപം പ്രാപിക്കുകയും അത് സുവ്യക്തവും സുന്ദരവുമായി ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ ശില്പത്തിൽ.’ ആ സമുന്നതമായ കലാസൃഷ്ടി മനുഷ്യാത്മാവിന്റെ അനശ്വരതയെ പുനഃസ്ഥാപിക്കുന്നു. തുടർന്ന് ക്രൈസ്തവദർശനത്തിന്റെ വികാസഘട്ടങ്ങൾ ചിത്രകലാചരിത്രത്തിൽ ആരായുന്നു. ടിഷ്യന്റെ ‘മഡോണ ആന്റ് ചൈൽഡ്’, ആങ്ദ്രിയാസ് മന്തേന്യായുടെ ‘ദി മഡോണ ദെല്ല വിത്തോറിയ’, മാക്കിയോയുടെ ‘ദി മഡോണ ആന്റ് ചൈൽഡ്’  തുടങ്ങിയ മഡോണച്ചിത്രങ്ങൾ വീക്ഷിച്ചതിനുശേഷം മൈക്കലാഞ്ചലോയുടെ ‘പിയെത്ത’ ശില്പം കാണുമ്പോൾ ബെത്‌ലെഹേമിൽനിന്ന് കാൽവരിയിലേക്കുള്ള പീഡാനുഭവയാത്ര അനുഭവിക്കാം എന്ന ശ്രദ്ധേയ നിരീക്ഷണം ചിത്രകലയെ സസൂക്ഷ്മം പിന്തുടരുന്ന ഒരാളിൽനിന്നു മാത്രമേ വരികയുള്ളു.


ലൂയി ബ്യുനുവേലിന്റെ ‘മിൽക്കി വേ’, ഴാങ് ലുക് ഗൊദാർദിന്റെ ‘ ഹെയിൽ മേരി ‘, സ്പൈക് ലീയുടെ യുദ്ധചിത്രമായ ‘മിറാക്ക്ൾ അറ്റ് അന്ന’ എന്നീ ചലച്ചിത്രങ്ങൾ, എ.ഡി. 345-ൽ പണിതീർത്ത കുറവിലങ്ങാട്ടെ മാർത്തമറിയം ചർച്ച് പോലുള്ള വിശുദ്ധമേരിയുടെ നാമത്തിലുള്ള പള്ളികൾ, മരിയൻ തീർഥാടനകേന്ദ്രങ്ങൾ, കേരളത്തിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന കൊരട്ടി മാതാകോവിൽ, മണർകാട് മാർത്തമറിയം കത്തീഡ്രൽ, അവ സ്ഥാപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ചരിത്രം, കന്യാമറിയവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള കുറവിലങ്ങാട്, മണർകാട്, കുടമാളൂർ, വല്ലാർപ്പാടം പള്ളികൾ എന്നിവയെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ ഈ ഗ്രന്ഥത്തിൽനിന്നു ലഭിക്കുന്നു.


മലയാളകവിതയിലും ഫിക്ഷനിലുമൊക്കെ കന്യാമറിയത്തിന്റെ വിഭിന്നഭാവങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട്, സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, വിജയലക്ഷ്മി, വി.ജി.തമ്പി എന്നീ കവികൾ മറിയത്തിന്റെ തിരുസ്വരൂപത്തെ കവിതയിലേക്ക് ആവാഹിച്ചതെങ്ങനെയെന്നും പരിശോധിക്കുന്നു. പി.മോഹനന്റെ ‘അമ്മകന്യ’ പോലുള്ള നോവലുകൾ ഇവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുന്നു.


ക്രിസ്തുവിന്റെ ജീവിതം മാത്രമല്ല, മരണവും ഉത്ഥാനവും (വിശ്വാസത്തിന്റെ അടിത്തറ ഉത്ഥാനസങ്കല്പത്തിൽ പടുത്തുയർത്തിയതാണ്.) ക്രിസ്തുസങ്കല്പത്തെ അഗാധവും ദീപ്തവുമാക്കിത്തീർക്കുന്നു. ക്രൈസ്തവ വിശ്വാസത്തിനടിസ്ഥാനംതന്നെ ഈ സങ്കല്പമാണ് എന്നിരിക്കെ വിശ്വാസപക്ഷത്തുനിന്ന് രചിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല എന്നും ബുദ്ധമത സ്വാധീനമുൾക്കൊണ്ടു എന്നും ഒടുവിൽ ഭാരതത്തിലെ കാഷ്മീർ താഴ്‌വരയിലെത്തി പ്രായാധിക്യത്താൽ മരിച്ചു എന്നും പറയുന്ന ഹോൾജർ കേസ്റ്റന്റെയും നിക്കോളാസ്  നോട്ടോവിച്ചിന്റെയും ഗ്രന്ഥത്തിലെ ആശയങ്ങളെ പിൻപറ്റിക്കൊണ്ട് ആവേമരിയയിൽ വിവരിക്കുന്ന കാര്യങ്ങൾ ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനസ്വഭാവത്തിന് വിരുദ്ധമാണെന്നു പറയേണ്ടിയിരിക്കുന്നു. അതായത് ആവേമരിയ എന്ന മേരിവിജ്ഞാനീയ ഗ്രന്ഥത്തിന്റെ ലക്ഷ്യാർഥത്തോട് അനുരോധകമായി നില്ക്കുന്നതല്ല അത്തരം പാഠങ്ങൾ എന്നര്‍ഥം. കാരണം ക്രിസ്തുവിനെയും മറിയത്തെയും ഗ്രന്ഥകാരൻ പ്രമാണമാക്കുന്നത് ബൈബിൾ മുഖാന്തരമാണെന്നു മുൻകൂർ പ്രസ്താവിക്കുന്നു എന്നതാണ്. നിശ്ചയമായും ദൈവികപരിവേഷമില്ലാതെ ക്രിസ്തുവിനെയും മറിയത്തെയും സമീപിക്കാൻ കഴിയും. എന്നാൽ, രമേഷ് ഈ ഗ്രന്ഥരചനയിൽ പാലിച്ച ഒരു തത്ത്വം ദൈവികമായ കാഴ്ചപ്പാടിന്‌ അനുയോജ്യമാണ്. ആ നിലയ്ക്ക് ഹോൾജർ കേസ്റ്റനെപ്പോലുള്ളവരുടെ ഭാഷ്യത്തിന് പ്രാധാന്യം നല്കുന്നതിൽ ഔചിത്യഭംഗമുണ്ട്. അതല്ല, സ്വതന്ത്രമായ അന്വേഷണമാണെങ്കിൽ യാതൊരു അപാകവുമില്ലതാനും.


മരിയൻസംഗീതം, ചിത്ര-ശില്പകലയിലെ മേരി, അഭ്രപാളിയിലും അരങ്ങിലും അവതീര്‍ണമായ മേരി, സാഹിത്യകലയിൽ പ്രത്യക്ഷയാവുന്ന മറിയം, മരിയൻദേവാലയങ്ങളുടെ വാസ്തുമാതൃകകൾ, ഐതിഹ്യം, ചരിത്രം എന്നിങ്ങനെ വിഭിന്നങ്ങളായ ധാരകളായി ഒഴുകിനിറയുന്ന മേരിധ്യാനത്തിന്റെ ആവിഷ്കാരനിലകളെ പരിശോധിക്കുന്നതിലൂടെ ‘ആവേമരിയ: വിശുദ്ധമേരിയുടെ അർഥതലങ്ങൾ’  എന്ന ഗ്രന്ഥം മേരിയോളജി വിഭാഗത്തിൽ മലയാളത്തിലുണ്ടായിട്ടുള്ള എണ്ണപ്പെട്ട രചനയാണ്. ദീർഘനാളത്തെ പഠനവും ഉപാസനയും ഇതിന്റെ പിന്നിലുണ്ടെന്നത് വ്യക്തമാണ്. പ്രണത ബുക്സാണ് ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്.