അർണോസ് പാതിരിയുടെ പൈതൃകം – ജോൺ തോമസ്

അർണോസ് പാതിരിയുടെ പൈതൃകം  – ജോൺ തോമസ്

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജർമനിയിൽനിന്ന് ഭാരതത്തിലെത്തിയ യോഹാൻ ഏണസ്റ്റ് ഹാങ്സ്ലേഡൻ എന്ന അർണോസ് പാതിരി ഇന്ത്യയിലെ പ്രഥമ ഇൻഡോളജിസ്റ്റ് എന്ന നിലയിൽ ഭാരതീയസാഹിത്യത്തെയും പുരാണങ്ങളെയും സംസ്കൃതഭാഷയെയും യൂറോപ്പിനു പരിചയപ്പെടുത്തിയ മഹാ വ്യക്തിയാണ്. വൈയാകരണൻ, നിഘണ്ടുനിർമാതാവ്, കവി, തർജമകാരൻ എന്നീ നിലകളിൽ   ഭാഷയുടെയും സാഹിത്യത്തിന്റെയും നാനാതുറകളിൽ തനതായ മുദ്രചാർത്തിയ പ്രമുഖ പണ്ഡിതൻ ആയിരുന്നു.


ഡോ.സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചതുപോലെ രണ്ടാം എഴുത്തച്ഛനെന്ന വിശേഷണത്തെക്കാൾ ഉപരി കിഴക്കിനെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിച്ച പാലമായിരുന്നു അർണോസ് പാതിരി. അർണോസ് പാതിരിയുടെ ജീവിതവും സാഹിത്യസംഭാവനകളും, ഭാഷയ്ക്കായി നല്കിയ സംഭാവനകളും, സാംസ്കാരികവിനിമയം, ഇൻഡോളജിസ്റ്റ് എന്ന നിലയിലുള്ള സംഭാവനകൾ, മതസമന്വയം പ്രോത്സാഹിപ്പിക്കാൻ ചെയ്ത പ്രവർത്തനങ്ങൾ, കേരളത്തിലെ നവോത്ഥാനനായകരെ രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമം എന്നിവ ഉൾപ്പെടെ, അർണോസ് പാതിരിയുടെ മഹത്തായ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന സെമിനാർ എറണാകുളത്ത് കലൂരിലുള്ള റിന്യൂവൽ സെന്ററിൽ കഴിഞ്ഞ മെയ് മാസം നടത്തുകയുണ്ടായി.


“മതവും സാഹിത്യവും – അർണോസ് പാതിരിയുടെ പാരമ്പര്യം “എന്ന വിഷയത്തെ അധികരിച്ചായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. കേരള ജസ്വിറ്റ് പ്രൊവിൻസും, വേലൂരിൽ പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാദമിയുമാണ് ഈ സെമിനാറിനു നേതൃത്വം നല്കിയത്. രണ്ടുദിവസം നീണ്ടുനിന്ന ദേശീയ സെമിനാറിൽ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ പ്രവർത്തിക്കുന്ന പണ്ഡിതന്മാരും ഗവേഷകരും  ഭാഷാ അധ്യാപകരും പങ്കെടുത്തു.


‘അർണോസ് പാതിരിയുടെ കാവ്യരചനകൾ’ എന്ന വിഷയത്തെ അധികരിച്ച് ഡോ.കുര്യാസ് കുമ്പളക്കുഴി (മുൻ വകുപ്പധ്യക്ഷൻ, മലയാള സാഹിത്യവിഭാഗം എം.ജി. യൂണിവേഴ്സിറ്റി)   ‘അർണോസ് പാതിരിയുടെ കാവ്യരചനകളിൽ സ്ത്രീകൾ’ എന്ന വിഷയത്തെ അധികരിച്ച് ഡോ. ഐറിസ് കൊയിലോ (തുമ്പ, സെന്റ് സേവിയേഴ്സ് കോളേജിലെ മുൻ മലയാള വകുപ്പധ്യക്ഷ) ‘അർണോസ് പാതിരിയുടെ ഗദ്യസാഹിത്യ സംഭാവനകൾ’ എന്ന വിഷയത്തെ അധികരിച്ച് പ്രഫ. ജോൺ തോമസ് (സെന്റ് തോമസ് അക്കാദമി തൃശൂർ) ‘അർണോസ് പാതിരിയുടെ കേരളത്തിലെ ജീവിതവും പ്രവർത്തനങ്ങളും’ എന്ന വിഷയത്തെ പശ്ചാത്തലമാക്കി ഫാ.ഡോ.സണ്ണി ജോസ്,  (തുമ്പ, സെന്റ് സേവ്യഴ്സ് കോളേജ് മുൻ പ്രിൻസിപ്പൽ) ‘അർണോസ് പാതിരിയുടെ കലയും സൗന്ദര്യത്മകമായ സംഭാവനകളും’ എന്ന വിഷയത്തെ  ഫാ.റോയി തോട്ടത്തിൽ എസ്.ജെ (തന്മയ മീഡിയാ സെന്റർ, കോട്ടയം) ‘അർണോസ് പാതിരിയെ സംബന്ധിച്ച പഠനത്തിലും ഗവേഷണത്തിലുമുള്ള സാധ്യതകളും വെല്ലുവിളികളും കാഴ്ചപ്പാടുകളും’ എന്ന വിഷയത്തെ പശ്ചാത്തലമാക്കി അർണോസ് പാതിരി അക്കാദമി ഡയറക്ടർ, ഫാ.ഡോ.ജോർജ് തേനാടിക്കുളം  എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.


‘അർണോസ് പാതിരിയും കേരള നവോത്ഥാനവും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഫാ.ഡോ. ബിനോയ് പിച്ചളക്കാട്ട് മോഡറേറ്ററായിരുന്നു.  ഡോ.ജോർജ് അലക്സ്, പ്രഫ.എം.ഡി.ജോസ്, ഡോ.ഇന്ദു ജോൺ  എന്നിവർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ അർണോസ് പാതിരിക്കുള്ള പങ്ക് ഒരിക്കലും തമസ്കരിക്കാൻ സാധ്യമല്ല എന്ന് കാഴ്ചപ്പാടിലാണ് ചർച്ചസമാപിച്ചത്.


ഭാഷയെയും സാഹിത്യത്തെയും നവീകരിക്കുന്നതിലൂടെ അർണോസ് പാതിരി മുന്നോട്ടുവച്ച മാർഗരേഖ തുടർന്നുവന്ന മിഷനറിമാരെയും കേരളത്തിലെ നവോത്ഥാനനായകരെയും   പുതിയ ഒരു പാതയിലേക്കാണ് നയിച്ചത്. ഇന്ത്യയിലേക്ക് കടന്നുവന്ന മറ്റ് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ജർമൻസമൂഹം പലനിലകളിലും വ്യത്യസ്തമായ നിലപാടുകൾ ഉള്ളവരായിരുന്നു. സാമ്രാജ്യ മോഹങ്ങളുമായി ആയിരുന്നില്ല അവരുടെ കടന്നുവരവ്. ജർമനിയിൽനിന്ന് ഇന്ത്യയിലേക്കുവന്ന  മിഷനറിമാർ നമ്മുടെ പൗരാണിക സാഹിത്യ-സാംസ്കാരികസമ്പത്തിന്റെ ആഴങ്ങൾ കണ്ടറിയുവാനും വൈജ്ഞാനികശേഖരങ്ങൾ സമന്വയിപ്പിക്കുവാനുമാണ് ശ്രമിച്ചത്. യോഹാന്‍ ഏണസ്റ്റ് ഹാങ്സ്ലേഡൻ, ഹെർമൻ ഗുണ്ടർട്ട്, മാക്സ് മുള്ളർ തുടങ്ങിയവർ നല്കിയ സംഭാവനകൾ ഈ  സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. നമ്മുടെ ഭാഷയെയും സാഹിത്യത്തെയും മറ്റു വൈജ്ഞാനികസംസ്കാരങ്ങളെയും യൂറോപ്പിനു പരിചയപ്പെടുത്തുന്നതിൽ  അവർ വളരെ താത്പര്യമെടുത്തു. ഇവരിൽ  ഏറെ പ്രമുഖനാണ് അർണോസ് പാതിരി. അക്കാലത്ത് മലങ്കര എന്ന് അറിയപ്പെട്ട കേരളദേശത്തിൽ, വേലൂർ എന്ന പ്രദേശത്ത് എത്തിച്ചേരുകയും തദ്ദേശവാസികളുടെ പിന്തുണയോടുകൂടി ഒരു വസതിയും ദേവാലയും സ്ഥാപിച്ച് തന്റെ കർമമണ്ഡലം വ്യാപിപ്പിച്ചു. ഭേദചിന്തകൾ കൂടാതെതന്നെ തദ്ദേശീയരുമായി ഇടകലർന്ന്‍ അവരുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി. കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി പിന്തുടർന്ന്, പ്രാദേശികഭേദങ്ങളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ഒരു മഹത്തായ സാംസ്കാരിക സമന്വയമാണ് അദ്ദേഹം നിർവഹിച്ചത്. തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ, മതപരിവർത്തന പ്രവർത്തനങ്ങളെക്കാൾ അധികമായി ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകൾ നല്കുന്നതിലാണ് അദ്ദേഹം തന്റെ കർമമണ്ഡലം പരിപൂർണമായും ഉപയോഗിച്ചതെന്ന് മനസ്സിലാവും. 300 വർഷങ്ങൾക്കു ശേഷവും അർണോസ് പാതിരിയെ നാം ഓർമിക്കുന്നതിന് കാരണവും  ഇതര മിഷണറിമാരിൽനിന്ന് വേറിട്ടുള്ള ഈ പ്രവർത്തനങ്ങൾ തന്നെയാണ് എന്നു കാണാം. സംസ്കൃതവും മലയാളവും പഠിക്കുന്നതിന് കഠിനമായ പരിശ്രമം അദ്ദേഹം നടത്തിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്ണ്ട്. തദ്ദേശവാസികൾക്കുപോലും സാധിക്കാത്തതരത്തിൽ സംസ്കൃതഭാഷയ്ക്ക് മഹത്തായ ഒരു വ്യാകരണം ചമയ്ക്കുകയും, മലയാളവും സംസ്കൃതവും വിദേശികൾക്ക് പഠിക്കുവാൻ സൗകര്യപ്രദമായ നിലയിൽ ബഹുഭാഷാ നിഘണ്ടു നിർമാണത്തിലും അദ്ദേഹം വ്യാപൃതനായി. ഭാഷാശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പണ്ഡിതന്മാർക്കും വൈജ്ഞാനികമേഖലയിൽ പ്രവർത്തിക്കുന്നവർക്കും അർണോസ് പാതിരി ഒരു വിസ്മയമായി മാറുന്നതിന് കാരണവും ഇതുതന്നെയാണ്.


അർണോസ് പാതിരിയുടെ മഹിമയെ വാഴ്ത്തിയ പണ്ഡിതന്മാർ കേരളത്തിൽ ധാരാളമുണ്ട്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, ഡോ. സുകുമാർ അഴീക്കോട്, പ്രഫ.എസ് ഗുപ്തൻ നായർ, മഹാകവി അക്കിത്തം, എന്നിങ്ങനെ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിന്റെ സംഭാവനകളെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.  മിഷണറിമാരായി  കേരളത്തിലെത്തിയ  പൗളിനോസ് പാതിരി, മാക്സ്മുള്ളർ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങി എല്ലാ പ്രമുഖ പണ്ഡിതന്മാരും അർണോസ് പാതിരിയുടെ സംഭാവനകളെ സമഗ്രമായി വിലയിരുത്തിയിട്ടുണ്ട്. ‘ഗ്രമാറ്റിക്കാ ഗ്രന്ഥോണിക്ക’ എന്ന സംസ്കൃതവ്യാകരണം പിൽക്കാലത്ത് യൂറോപ്പിലേക്കു വന്ന മിഷനറിമാർക്ക് പലതരത്തിൽ പ്രചോദനമായി മാറി. മലയാളസാഹിത്യത്തിലെ പ്രഥമ വിലാപകാവ്യം  അർണോസ് പാതിരി രചിച്ച  ‘ഉമ്മാടെ ദുഃഖം’എന്ന കൃതിയാണ്. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം  ‘ ജനോവ പർവം’ എന്ന കൃതിയാണ്. മലയാളസാഹിത്യത്തിലെ പ്രഥമ സ്ത്രീപക്ഷ കവി എന്ന സ്ഥാനവും അർണോസ് പാതിരിക്കുമാത്രം അവകാശപ്പെട്ടതാണ്. വാസുദേവന്റെ  ‘യുധിഷ്ഠിരവിജയം’ എന്ന സംസ്കൃത കാവ്യത്തിന്  അർണോസ് പാതിരി രചിച്ച വ്യാഖ്യാനം അദ്ദേഹത്തിന്റെ പ്രഥമ ഗദ്യസാഹിത്യകൃതിയായി പരിഗണിക്കപ്പെടുന്നു. അർണോസ് പാതിരി വേലൂരിൽ ജീവിക്കുന്ന കാലത്ത് തദ്ദേശീയമായ നാടോടികല, സംസ്കാരം, പാരമ്പര്യം എന്നിവ ആഴത്തിൽ പഠിക്കുകയും തന്റെ കാവ്യരചനകളിൽ അത് ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്തു. ക്രൈസ്തവ മതസങ്കല്പങ്ങളിലേക്ക് ഭാരതത്തിലെ മിസ്റ്റിക് ആത്മീയതയെ കൂട്ടിയിണക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഗണ്യമാണ്.


ജർമനിയിലെ ഒസ്നാബ്രൂക് ഭദ്രാസനത്തിൽനിന്നുള്ള ചില പണ്ഡിതർ   അർണോസ് പാതിരിയുടെ പ്രവർത്തനമണ്ഡലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സന്ദർശനം നടത്തി. ഫാ.തിയോ പോൾ, ഫാ. കാൾ ഹൈൻസ് ന്യൂഫെൽഡ് എസ്.ജെ, ഡോ. ക്രിസ്റ്റീൻ മൊള്ളർ, പ്രഫ. മാർട്ടിൻ ബെൽസ്, യാന ബെഹറൻസ്, ഡോ. റെജിന വിൽഡ്ഗ്രൂബർ എന്നിവരാണ് സന്ദർശകരായി എത്തിയത്. അർണോസ് പാതിരിയുടെ അന്ത്യവിശ്രമസ്ഥലമായ പഴുവിൽ സെന്റ് ഫറോനാ ചർച്ച്, അർണോസ് പാതിരിയുടെ പ്രവർത്തനമേഖലയായിരുന്ന വേലൂരിലെ വസതിയും അദ്ദേഹം സ്ഥാപിച്ച ദേവാലയവും, അർണോസ് പാതിരി അക്കാദമിയും അവർ സന്ദർശിക്കുകയുണ്ടായി.


ജസ്വിറ്റ് സമൂഹത്തിന്റെ കേരളത്തിലെ പ്രൊവിൻഷ്യൽ റവ.ഫാ.ഇ.പി.മാത്യുവിന്റെ അധ്യക്ഷതയിൽ, എറണാകുളം അങ്കമാലി രൂപതയുടെ സഹായമെത്രാനായിരുന്ന ബിഷപ്പ് തോമസ് ചക്യത്ത് ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഡോ.സണ്ണി ജോസ് എസ്.ജെ, ഫാ.ഡോ.ജോർജ് തേനാടിക്കുളം എസ്.ജെ, ഫാ.ഡോ.ബിനോയ്‌ പിച്ചളക്കാട്ട് എന്നിവർ സെമിനാറിന് നേതൃത്വം നല്കി.