അർണോസ് പാതിരിയുടെ സൗന്ദര്യശാസ്ത്രം – റോയ് എം. തോട്ടം

അർണോസ് പാതിരിയുടെ സൗന്ദര്യശാസ്ത്രം –  റോയ് എം. തോട്ടം

അർണോസ് പാതിരിയുടെ ജീവിതത്തിന്റെ താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്ത വശമായ കലയ്ക്കും സൗന്ദര്യശാസ്ത്രത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ  പരിശോധിക്കുകയാണ് ഈ ലേഖനം. ഭാഷയിലും സംസ്‌കാരത്തിലും അദ്ദേഹത്തിന്റെ ബഹുമുഖ സംഭാവനകൾ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും സർഗാത്മകമേഖലകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അധികം അന്വേഷണവിധേയമായിട്ടില്ല.  അർണോസ് പാതിരിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന സാംസ്‌കാരിക ഘടകങ്ങൾ പരിശോധിച്ചുകൊണ്ട് കലയോടും സൗന്ദര്യശാസ്ത്രത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തെ   മനസ്സിലാകാന്‍  കഴിയുമെന്ന് വിശ്വസിക്കുന്നു: വേലൂരിൽ അദ്ദേഹം നിർമിച്ച പള്ളി, അദ്ദേഹത്തിന്റെ കാവ്യ രചനകൾ, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള നാടോടി കഥകൾ.


കല മനുഷ്യന്റെ ക്രിയാത്മകശേഷിയുടെയും ഭാവനയുടെയും ആവിഷ്കാരമാണ്. ദൃശ്യ,ശ്രാവ്യ അവതരണരൂപങ്ങളിലുള്ള ഈ കലാവിഷ്കാരങ്ങൾ സൗന്ദര്യ-വൈകാരിക ഭാവാത്മകതയുടെ അനുഭവം നല്കുന്നു.കലാഭിരുചികളെയും സൗന്ദര്യത്തെയും സംബന്ധിക്കുന്ന തത്ത്വവിചാരമാണ് സൗന്ദര്യശാസ്ത്രം. സൗന്ദര്യം സങ്കീർണമായ ഒരു പദമാണ്. നമ്മുടെ കണ്ണുകൾക്ക് സുഖം തരുന്നത്, നമ്മുടെ ഇഷ്ടത്തിന് പാത്രമാകുന്നത് എന്തോ അതാണ് സൗന്ദര്യമുള്ളത് എന്നാണ് പൊതുവെയുള്ള ധാരണ. സൗന്ദര്യത്തിന് പകരമായി ഉപയോഗിക്കാവുന്ന പദങ്ങളെ കുറിച്ച് ഉംബർട്ടോ എക്കോ സൂചിപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ‘സൗന്ദര്യത്തെക്കുറിച്ച്’ (On Beauty) എന്ന പ്രസിദ്ധമായ പുസ്തകത്തിൽ. സുഭഗം(graceful), ഉദാത്തം(sublime), ലയം (harmony), നന്മ (good) എന്നീ പദങ്ങൾ സൗന്ദര്യത്തിന്റെ അർഥത്തെ വിശാലമാക്കുന്നു. നന്മയായിട്ടുള്ളത് എന്തോ അത് സുന്ദരമായത് എന്ന കാഴ്ചപ്പാടാണ് ഈ പദങ്ങൾ നല്കുന്നത്. ‘ദൈവം സൗന്ദര്യമാണ്’ എന്ന് സെന്റ് അഗസ്റ്റിൻ പറഞ്ഞതിന്റെ അര്‍ഥം ദൈവമെന്നത് ആത്യന്തികമായ നന്മയാണ് എന്നാണ്.


പ്രണയത്തിലാവുന്നതെന്തോ അതാണ് സൗന്ദര്യം എന്ന്‍ സൗന്ദര്യത്തിന് വശ്യമായ ഒരു നിർവചനമുണ്ട്. പ്രണയത്തിലാകുക എന്നത് നിങ്ങളെ ആവേശമുള്ളവരാക്കും കാവ്യാത്മകമാക്കും. അപ്പോള്‍ എല്ലാറ്റിലും സൗന്ദര്യം കാണാൻ  നിങ്ങള്‍ക്കാവുന്നു. അടിസ്ഥാനപരമായി സൗന്ദര്യബോധം കാവ്യാത്മക ഭാവുകത്വ (poetic sensibility) മാണ്. ഒരു യഥാർഥ ജസ്വിറ്റ് എന്ന നിലയിൽ അർണോസ് പാതിരിയെ സംബന്ധിച്ച് ഇതു സത്യമാണ്. തന്റെ മാതാപിതാക്കളെയും വീടിനെയും നാടിനെയും ഉപേക്ഷിച്ച് ഇനി ഒരിക്കലും തിരിച്ചുവരില്ലായെന്നറിഞ്ഞുകൊണ്ട് ബഹുദൂരം ഇന്ത്യയിലേക്ക് യാത്രചെയ്ത തീക്ഷ്ണമതിയായ ഒരു ജസ്വിറ്റ് മിഷനറി. അങ്ങനെ അദ്ദേഹത്തിന്റെ ഹ്ര്വസ്വകാലജീവിതം അതും ഒരു വിദേശരാജ്യത്ത്, സാഹസികവും ക്രിയാത്മകവുമായ ഒരു ജീവിതചരിത്രമായി മാറി.


കലയ്ക്കും സൗന്ദര്യശാസ്ത്രത്തിനും അർണോസ് പാതിരി നല്കിയ സംഭാവനകൾ മനസ്സിലാക്കാൻ, അദ്ദേഹത്തെ ജസ്വിറ്റ് കലാ സംസ്കാര പാരമ്പര്യത്തിൽ ഉൾപ്പെടുത്തി കാണേണ്ടതുണ്ട്. അർണോസ് പാതിരി 1773-ല്‍ ജസ്വിറ്റ് സൊസൈറ്റി നിരോധിച്ചതിനു മുമ്പുള്ള കാലഘട്ടത്തിലായിരുന്നതിനാൽ ആ കാലഘട്ടത്തിലെ ജസ്വിറ്റ് കലാ സാംസ്കാരിക പാരമ്പര്യം അദ്ദേഹം നന്നായി ഉൾക്കൊണ്ടിരിക്കാൻ സാധ്യതയുണ്ട്.


ജസ്വിറ്റ് സഭയുടെ തുടക്കംമുതൽ, യൂറോപ്പിലും അതിന്റെ ആഗോളദൗത്യങ്ങളിലും കലയ്ക്ക് കാര്യമായ പ്രാധാന്യം നല്കിയിരുന്നു. ജസ്വിറ്റ് സഭാസ്ഥാപകനായ ഇഗ്നേഷ്യസ്  ലയോള തന്റെ ധ്യാനങ്ങളിൽ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. അതുപോലെ, കത്തോലിക്കാ ഭക്തിചിത്രങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1542-ൽ ഇന്ത്യയിലേക്കുള്ള തന്റെ പ്രാരംഭദൗത്യം ആരംഭിക്കുമ്പോൾ, ഭാഷാ അതിർവരമ്പുകൾ മറികടക്കാൻ ചിത്രങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താൻ ഇത്തരം വിശുദ്ധചിത്രങ്ങൾ നിറഞ്ഞ ഒരു പെട്ടി അദ്ദേഹം കൂടെ കരുതിയിരുന്നു. തന്റെ പ്രബോധനവേളയിൽ ഇത്തരം ചിത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുകയും നന്ദിസൂചകമായി  വിശിഷ്ടവ്യക്തികൾക്ക്  അദ്ദേഹം സമ്മാനമായി അവ നല്കുകയും ചെയ്തിരുന്നു.


നവോത്ഥാനത്തിന്റെ അവസാന ഘട്ടത്തിലും ബറോക്ക് കലയിലും നിര്‍ണായകമായ  സംഭാവനകള്‍ നല്കിയതിന് ജസ്വിറ്റുകൾ അംഗീകരിക്കപ്പെടുകയും പഴികേള്‍ക്കുകയും ചെയ്തിട്ടുണ്ട്. “പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ. വാസ്തുവിദ്യയിലും ദൃശ്യകലയിലും ഏർപ്പെട്ട് പുതിയ പള്ളികൾ നിർമിച്ചുകൊണ്ട് ജസ്വിറ്റുകൾ ലോകത്തിലെ കലയുടെ മികച്ച രക്ഷാധികാരികളും നിർമാതാക്കളുമായിത്തീർന്നു” എന്ന് ചരിത്രകാരനായ ജോൺ ഒ മാലി എസ്.ജെ പറയുന്നുണ്ട്. പ്രാദേശികശൈലികളിൽനിന്നും സാങ്കേതികതകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പള്ളിനിര്‍മാണവും കലാസൃഷ്‌ടികളും നടത്താൻ ജസ്വിറ്റുകൾ ശ്രമിച്ചിരുന്നത്. ചിത്രങ്ങളുടെ വൈകാരികശക്തിയിൽ ജസ്വിറ്റുകൾ വിശ്വസിച്ചിരുന്നു. പ്രഭാഷണത്തിനു സമാനമായിട്ടാണ് അവർ കലയെയും കണ്ടത്. പ്രസംഗംപോലെതന്നെ കലയ്ക്കും വിനോദിപ്പിക്കാനും പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും (to delight, to teach and to move) ശ്രദ്ധേയമായ കഴിവുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.


ഇന്ദ്രിയാനുഭവതലവും ഭാവനാതലവും ഉപയോഗിച്ച് മാനസികചിത്രങ്ങൾ രൂപപ്പെടുത്തി ധ്യാനിക്കാൻ അനുയായികളെ ഉദ്ബോധിപ്പിച്ച ഇഗ്നേഷ്യസ് ലയോള തന്റെ ആധ്യാത്മികസാധനയിൽ   ധ്യാനത്തിൽ ഇമേജിന്റെ സാധ്യതയെ ഊന്നിപ്പറയുന്നുണ്ട്. ജസ്വിറ്റുകളുടെ ആത്മീയവികാസത്തിന് ഈ ആന്തരികപരിശീലനം നിർണായകമായിരുന്നു. ജസ്വിറ്റ് ഐഡന്റിറ്റിയുടെ സൃഷ്ടിപരവും ഭാവനാത്മകവുമായ വശത്തിന്റെ അടിത്തറയാണ് ഈ ആത്മീയ ഭാവനാരീതി. വാസ്തവത്തിൽ, ഓരോ ജസ്വിറ്റും ക്രിയാത്മകസാഹസികതയും കാവ്യാത്മകഭാവുകത്വവും ഉള്ളവനായിരിക്കണം. അർണോസ് പാതിരിയുൾപ്പെടെ പ്രമുഖ ജസ്വിറ്റുകളായ, മാറ്റെയോ റിച്ചി, റോബർട്ടോ ഡി നോബിലി, കാമിൽ ബുല്‍ക്കെ, ബെസ്കി, തോമസ് സ്റ്റീഫൻസ് തുടങ്ങിയവർ സാഹസികവും കാവ്യാത്മകവുമായ സർഗാത്മകത പ്രദർശിപ്പിച്ച ശ്രദ്ധേയരായ ജസ്വിറ്റുകളാണ്.


വിദേശ പ്രേഷിതദൗത്യങ്ങളിൽ ജസ്വിറ്റുകൾ കലയ്ക്ക് പ്രത്യേക പ്രാധാന്യം നല്കിയിരുന്നു. ഭാഷാതടസ്സങ്ങളെ മറികടക്കാൻ ചിത്രങ്ങൾ നിർണായകമാണെന്ന് അവർ മനസ്സിലാക്കി. കലയെ ഒരു സാർവത്രിക ഭാഷയായി വീക്ഷിച്ചു. മാത്രമല്ല, ജസ്വിറ്റുകൾ അവരുടെ സ്വന്തം പാരമ്പര്യത്തെ അനുസ്മരിക്കാൻ കലയെ ഉപയോഗിച്ചു.1609-ല്‍ സെന്റ് ഇഗ്നേഷ്യസിനെയും സെന്റ് ഫ്രാൻസിസ് സേവ്യറിനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച കാലഘട്ടത്തിൽ അവരുടെ ജീവിതം കലയിലൂടെ അനശ്വരമാക്കാൻ പ്രസിദ്ധ കലാകാരന്മാരെ നിയോഗിച്ചിരുന്നു.


ജസ്വിറ്റ് മൂല്യങ്ങൾ സ്വാധീനിച്ച ചില കലാകാരന്മാർ


കെന്നത്ത് ക്ലാർക്കിന്റെ ‘സിവിലൈസേഷന്‍’ എന്ന പുസ്തകത്തിൽ, പ്രശസ്ത കലാകാരന്മാരും ജസ്വിറ്റുകളും തമ്മിലുള്ള അടുത്ത ബന്ധത്തെ പരാമര്‍ശിക്കുന്നുണ്ട്. അതിൽ ഇഗ്നേഷ്യസ് ലയോളയുടെ ആധ്യാത്മികസാധനയോടുള്ള അവരുടെ പ്രതിബദ്ധതയെ അദ്ദേഹം ഊന്നിപ്പറയുന്നു. ബെർണിനി, റൂബൻസ്, മൈക്കലാഞ്ചലോ തുടങ്ങിയ കലാകാരന്മാർ ജസ്വിറ്റ് മൂല്യങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടവരായിരുന്നു. ജസ്വിറ്റ് തത്ത്വങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെട്ട ബറോക്ക് കല ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായി മാറി. ജസ്വിറ്റുകൾ, പ്രത്യേകിച്ച് പരാഗ്വേ റിഡക്ഷൻ എന്ന ചരിത്രപ്രസിദ്ധമായ പ്രസ്ഥാനത്തിലൂടെ തദ്ദേശീയ സമൂഹങ്ങൾക്കിടയിൽ സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വികസനത്തിനുള്ള ഒരു ഉപകരണമായി കലയെ ഉപയോഗിച്ചു. ഗോവിൻ അലക്‌സാണ്ടർ ബെയ്‌ലി എന്ന എഴുത്തുകാരൻ  മതാധിഷ്ഠിതകലയിൽ ജസ്വിറ്റുകളുടെ സ്വാധീനം തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിന്റെ വികാരപരവും ഉപദേശപരവുമായ സാധ്യതകളെ ഊന്നിപ്പറയുന്നു. പാശ്ചാത്യ സംസ്കാരം അടിച്ചേല്പിക്കുന്നതിനുപകരം കലയെ സാംസ്കാരികസംവാദത്തിനുള്ള മാധ്യമമായി ഉപയോഗിച്ചുകൊണ്ട് പ്രാദേശികസംസ്കാരങ്ങളുമായി സമന്വയിപ്പിക്കുന്നതിൽനിന്നാണ് ജസ്വിറ്റുകളുടെ വിജയം ഉരുത്തിരിഞ്ഞത്.


മുഗള്‍കലയിലെ ജസ്വിറ്റ് സ്വാധീനം


റുഡോൾഫ് അക്വാവിവയുടെ നേതൃത്വത്തിലുള്ള ജസ്വിറ്റുകൾ മുഗൾസാമ്രാജ്യത്തിൽ സുവിശേഷവത്കരണദൗത്യവുമായി തലസ്ഥാനനഗരിയായ ഫത്തേപ്പൂർ സിക്രിയിൽ എത്തിച്ചേരുകയും മൂന്നുവര്‍ഷക്കാലത്തേക്ക് കൊട്ടാരത്തിൽ താമസിക്കുകയും ചെയ്തു. അവർ ആധ്യാത്മികചിത്രങ്ങൾ അക്ബർ ചക്രവര്‍ത്തിക്ക് നല്കി. യൂറോപ്യൻ ചിത്രങ്ങളുടെ ഈ അവതരണം   ഇന്ത്യൻ കലയെ സമ്പന്നമാക്കി എന്നു കരുതാം. തുടക്കത്തിൽ സുവിശേഷവത്കരണത്തിന് ഉദ്ദേശിച്ചിരുന്ന ഈ ചിത്രങ്ങൾ മുഗൾ, യൂറോപ്യൻ കലാരൂപങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകള്‍ക്ക്  തുടക്കമിട്ടു. അക്ബറിനെയും ജഹാംഗീറിനെയും പോലുള്ള ചക്രവർത്തിമാർ യൂറോപ്യൻ കലയിൽ അതീവ താത്പര്യംകാണിച്ചു. മതപരമായി ബന്ധമില്ലാത്ത കൊട്ടാരം പ്രവർത്തകരിലും പൊതുജനങ്ങളിലും  ഈ ചിത്രങ്ങൾ  വ്യാപകമായ ആവേശം വളർത്തി. ക്രൈസ്തവചിത്രങ്ങൾക്ക് മുമ്പിൽ തലപ്പാവും ഷൂസും അഴിച്ചുമാറ്റി അക്ബർ ആദരവ് പ്രകടിപ്പിച്ചു. തങ്ങളുടെ സുവിശേഷവേലയ്ക്ക്  ഈ അവസരങ്ങൾ ഈശോസഭക്കാർ ഉപയോഗപ്പെടുത്തി, മുഗൾ ചക്രവർത്തിമാർ തങ്ങളുടെ രാജസദസ്സുകളിൽ ക്രിസ്ത്യൻ കലാസൃഷ്ടികൾ പകർത്താൻ വിദഗ്ധരായ ചിത്രകാരന്മാരെ നിയോഗിച്ചു. ഇതോടെ യൂറോപ്യൻ-മുഗൾ കലാപാരമ്പര്യങ്ങൾ കൂടുതൽ സമന്വയിപ്പിക്കപ്പെട്ടു. ചില ചിത്രങ്ങളിൽ ജസ്വിറ്റുകളുടെ രൂപത്തിലുള്ള യേശുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് മുഗൾ കലയിൽ ജസ്വിറ്റ് സാന്നിധ്യം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.


അർണോസ് പാതിരിയുടെ കലാപരമായ സംഭാവനകൾ


ഗുജറാത്തിലെ സൂററ്റ് തുറമുഖത്ത്  1700 ഡിസംബർ 13-ന് എത്തിച്ചേര്‍ന്ന  യോഹാന്‍ ഏണസ്റ്റ് ഹാങ്സ്ലേഡൻ എന്ന അര്‍ണോസ് പാതിരി  തുടര്‍ന്നു ഗോവയിലേക്കും അവിടെനിന്നു  കൊച്ചിയിലേക്കും പിന്നീട്  തൃശൂരിനു സമീപം അമ്പഴക്കാട്ടുണ്ടായിരുന്ന ഈശോസഭ സെമിനാരിയിലേക്കും പോന്നു. അവിടെ വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1707 അവസാനം പൗരോഹിത്യം സ്വീകരിച്ചു. വൈദികനായശേഷം കുറെക്കാലം മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം സുവിശേഷപ്രചാരണത്തിൽ ഏര്‍പ്പെട്ടു.


കലയുടെയും സംസ്കാരത്തിന്റെയും ജസ്വിറ്റ് പൈതൃകം ഉൾക്കൊണ്ട് തന്റെ കാലഘട്ടത്തിലെ ജസ്വിറ്റ് മാതൃകയെ പ്രതിനിധാനം ചെയ്ത അർണോസ് പാതിരി, കല, വാസ്തുവിദ്യ, സാഹിത്യം, ഭാഷാശാസ്ത്രം എന്നിവയിൽ ഗണ്യമായ മികവ് പുലർത്തി. ഇവിടത്തെ ഭാഷ, സാഹിത്യം, ചരിത്രം, നാടോടിവിജ്ഞാനം, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, എന്നിവ മാത്രമല്ല വാസ്തുവിദ്യയിലും ചിത്രകലയിലും അർണോസ് പാതിരി വേണ്ടത്ര അറിവ് നേടി. ഇത് അക്കാലത്തെ സമഗ്രമായ ജസ്വിറ്റ് വിദ്യാഭ്യാസ ചട്ടക്കൂടിനെ പ്രതിഫലിപ്പിക്കുന്നതാണ്.


1712-ൽ അദ്ദേഹം വേലൂരിൽ പള്ളി പണിയിച്ച് അവിടെ വികാരിയായി സേവനം അനുഷ്ഠിച്ചു തുടങ്ങി. ഇക്കാലത്ത് അദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും കൂടുതൽ പഠനങ്ങൾ നടത്തുകയും കാവ്യരചന ആരംഭിക്കുകയും ചെയ്തു എന്നു കരുതേണ്ടിയിരിക്കുന്നു. 1724-ൽ വേലൂരിൽ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി പണിയുകയും, ഹിന്ദു ക്ഷേത്രസങ്കേതങ്ങളെ  അനുസ്മരിപ്പിക്കും വിധം ചതുരാകൃതിയിലുള്ള രണ്ടു നിലകളുള്ള ഒരു വസതി തനിക്കായി നിർമിക്കുകയും ചെയ്തു. പള്ളിയുടെയും വസതിയുടെയും നിർമാണത്തിൽ കേരളീയ വാസ്തുശില്പമാതൃകയും ക്ഷേത്രനിർമാണ മാതൃകകളും ചിത്രരചനാസങ്കേതങ്ങളും  അദ്ദേഹം സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ  ജസ്വിറ്റ് പാരമ്പര്യ സൗന്ദര്യബോധവും അവലംബനവും  പ്രാദേശികവും കേരളീയവുമായ ഈ വാസ്തുവിദ്യാ ശൈലികളുടെ സംയോജനത്തെ സ്വാധീനിച്ചിരിക്കാം. വേലൂരിലെ പള്ളിയിൽ ബറോക്ക് കലാസവിശേഷതകൾ   ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


അർണോസ് സ്മാരകങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ തുടക്കക്കാരനായ ജോൺ കള്ളിയത്ത് പറയുന്നത്, വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന് സമാനമായി പാശ്ചാത്യശൈലിയിൽ കേരളവാസ്തു സമന്വയിപ്പിച്ചാണ് വേലൂരിലെ പള്ളി നിർമിച്ചത് എന്നാണ്. സിസ്റ്റൈൻ ചാപ്പലിലെന്നപോലെ, വേലൂർ പള്ളിയിലും നിറയെ മ്യൂറൽ പെയിന്റിംഗുകൾ ഉണ്ടായിരുന്നു. പക്ഷേ, പിന്നീടുള്ള നവീകരണങ്ങൾ കാരണം അവയിൽ പലതും നഷ്ടപ്പെട്ടു. പാശ്ചാത്യ, കേരള മ്യൂറൽ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് സൂചിപ്പിക്കുന്ന ഈ ചിത്രണങ്ങളിൽ അർണോസ് നേരിട്ട് പങ്കാളിയാണെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി ബ്രാഹ്മണ പണ്ഡിതന്മാരുടെ അടുത്ത സുഹൃത്തെന്ന നിലയിലും വിവിധ മതങ്ങളിൽപ്പെട്ടവരുമായുള്ള ആശയവിനിമയത്തിലൂടെയും അദ്ദേഹം ഹിന്ദു ക്ഷേത്രകലകളോടും അതിന്റെ ചുവർചിത്ര ശൈലികളോടും നന്നായി പരിചിതനായിരുന്നു.


പ്രധാനമായി ആറു മ്യൂറല്‍ചിത്രങ്ങളാണ് മദ്ബഹായിലെ മേല്‍ത്തട്ടിൽ ചിതീകരിച്ചിരിക്കുന്നത്.വിശുദ്ധ ഇഗ്നേഷ്യസ് ലയോളയും പരിശുദ്ധ കന്യകാമറിയവും  സെന്റ്‌ പീറ്റർ, സെന്റ്‌ തോമസ്‌    എന്നിവരുടെ ചിത്രങ്ങളാണവ.മേല്‍ത്തട്ടിൽ പരിശുദ്ധരൂപിയുടെ പ്രതീകമായ പ്രാവിന്റെ ചിത്രവും ഉണ്ട്.


സാര്‍വത്രികമായി ഉപയോഗിക്കുന്ന മോട്ടീഫുകളായ പൂക്കളും വള്ളികളും ചുവർ ചിത്രത്തോടൊപ്പം ഉപയോഗിച്ചിട്ടുണ്ട്. മുഗള്‍കലയിലും, ടിബറ്റന്‍ ചുവര്‍ചിത്രങ്ങളിലും മധുബനി ഉള്‍പ്പെടെയുള്ള നാടൻകലാ പാരമ്പര്യങ്ങളിലും അലങ്കാരപ്രധാനങ്ങളായ പൂക്കളും വള്ളികളും പ്രധാനഘടകമാണ്. അലങ്കാരഭംഗി  വരുത്തുന്നതിനും ശൂന്യസ്ഥലം നികത്തുന്നതിനും ഈ മോട്ടീഫുകൾ ഉപയോഗിക്കുന്നു. ക്ഷേത്രചുവര്‍ ചിത്രങ്ങളിൽ ഇവ ചിത്രങ്ങള്‍ക്കുള്ളിലും കാണപ്പെടുന്നുണ്ട്. ഇത്തരം ചിലത് മണ്ഡല മാതൃകകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇത് ഹിന്ദു പാരമ്പര്യത്തിൽനിന്ന് കടമെടുത്തതാകാം. വേലൂരിൽ  പള്ളിയുടെ മദ്ബഹായുടെ മേല്‍ത്തട്ടിൽ (തോറ) പൂക്കളുടെയും വള്ളികളുടെയും മനോഹരങ്ങളായ ഡിസൈനുകൾ ഉണ്ട്. പ്രകൃതിദത്തമായ വര്‍ണങ്ങൾ ഉപയോഗിച്ചായിരിക്കണം ചിത്രങ്ങൾ വരച്ചത്. ചുമരിലെ പ്രതലം തയാറാക്കിയിരുന്നതും വര്‍ണങ്ങൾ ഒരുക്കിയിരുന്നതും ചുവര്‍ചിത്രകലയിലെ പാരമ്പര്യധിഷ്ഠിതമായ സാങ്കേതികവിദ്യകൾ അനുസരിച്ചായിരുന്നു. ഈ രൂപങ്ങൾ ആത്മീയസൗന്ദര്യം ഉണർത്തുകയും ദേവാലയ ത്തിന്റെ പവിത്രത വർധിപ്പിക്കുകയും ചെയ്യുന്നു. പള്ളിയുടെ മുൻവശത്തെ കൽക്കുരിശും അർണോസ് പാതിരി നിർമിച്ചതാണ്.   കുരിശിന്റെ പീഠത്തിൽ ജസ്വിറ്റ് ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്.


കാവ്യ സൗന്ദര്യാത്മക ഭാവാത്മകത


ഭാഷകളോടുള്ള സ്വാഭാവിക അഭിരുചികൊണ്ടാണ് അർണോസ് പാതിരി കേരളത്തിലെത്തിയപ്പോൾ ഭാഷാപരിമിതികളെ അതിജീവിച്ചതെന്ന് അനുമാനിക്കാം. ചിത്രങ്ങളെ ആശ്രയിക്കുന്നതിനുപകരം, ആളുകളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം പ്രാദേശികഭാഷ വേഗത്തിൽ പഠിച്ചു. തത്ഫലമായി, മിഷനറി പ്രവർത്തനത്തിന്റെ പരമ്പരാഗതസങ്കല്പത്തെ പുനർനിർവചിച്ചുകൊണ്ട് അദ്ദേഹം കവിയും മിഷനറിയും ഭാഷാപണ്ഡിതനുമായിത്തീർന്നു.


നേരത്തെ സൂചിപ്പിച്ച പള്ളിനിര്‍മാണവും ചിത്രപ്പണികളിലെ  അദ്ദേഹത്തിന്റെ  പങ്കാളിത്തവും  കൂടാതെ, അർണോസ് പാതിരി മറ്റേതെങ്കിലും കലാരൂപങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നതിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, അദ്ദേഹത്തിന് അനന്യസാധാരണമായ കലാപരമായ ഒരു മനസ്സ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ ഉജ്ജ്വലമായ ധാരാളം  ഇമേജറികളാൽ സമ്പന്നമാണ്. പ്രത്യേകിച്ചു ‘പുത്തൻ പാന’ പോലുള്ള കൃതികളിൽ ഇത് വളരെ പ്രകടമാണ്. അവ വായനക്കാരെ വാക്കുകൾക്കപ്പുറം ദൃശ്യാനുഭവങ്ങളുടെ മണ്ഡലത്തിലേക്ക് ആനയിക്കുന്നു. ആധ്യാത്മികസാധനയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യവത്കരണരീതി തന്റെ കാവ്യാത്മകരചനകൾ രൂപപ്പെടുത്തുമ്പോൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. പ്രത്യേകിച്ച് പുത്തൻ പാനയിലെ പന്ത്രണ്ടാമത്തെ കാണ്ഡം അഗാധമായ വൈകാരിക തീവ്രത നിറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കുന്നു.


‘സർവ നന്മ കടലോന്റെ സർവ പങ്കപ്പാട് കണ്ടു

സർവ ദുഃഖം നിറഞ്ഞുമ്മ പുത്രനെ നോക്കി’

ഈ വരികൾ വായിക്കുമ്പോൾ, മനസ്സിൽ തെളിയുന്നത് തീവ്രദുഃഖിതയായ അമ്മ, മകന്റെ മൃതദേഹം മടിയില്‍ക്കിടത്തി  ഇരിക്കുന്ന  മൈക്കലാഞ്ചലോയുടെ പിയത്ത എന്ന ശില്പമാണ്.

‘മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്‌

മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ’


ദാരുണമായ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഇത്രയും ശക്തമായ ഒരു കാവ്യചിത്രം നമ്മുടെ ഹൃദയങ്ങളെ അതിയായ ദുഃഖത്തോടെ സ്പർശിക്കുന്നു എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ കവിതകൾ വാക്കുകളാൽ വരച്ച ചിത്രങ്ങൾ പോലെയാണ് – ഓരോ വരിയും ഒരു കാവ്യാത്മക ദൃശ്യം തന്നെയാണ്.


ജെ.ജെ.പള്ളത്ത് അർണോസ് പാതിരിയെക്കുറിച്ചുള്ള തന്റെ  പുസ്തകത്തിൽ പറയുന്നത് അര്‍ണോസ് കണ്ണുനീരിന്റെ മനുഷ്യനായിരുന്നു എന്നാണ്. ഇഗ്നേഷ്യൻ തത്ത്വങ്ങളാൽ രൂപപ്പെടുത്തിയ അർണോസിന്റെ ആത്മീയത, മാതാവ് മറിയത്തോടുള്ള സ്നേഹവും യേശുവിനോടുള്ള അഭിനിവേശവുമാണ്. മാതൃത്വത്തോടുള്ള അർണോസിന്റെ അഗാധമായ സ്നേഹം, സ്വന്തം അമ്മയിൽനിന്നുള്ള വേർപിരിയൽകൊണ്ട് സ്വാധീനിച്ചതാകാം. കന്യാമറിയത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി, പ്രത്യേകിച്ച് കുരിശുമരണത്തിലെ അവളുടെ സങ്കടത്തിന്റെ തീവ്രചിത്രീകരണത്തിൽ പ്രകടമാകുന്നുണ്ട്. അർണോസിന്റെ കലാപരമായ സംവേദനം പരമ്പരാഗത കലാരൂപങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചുവെന്ന് പള്ളത്ത് അഭിപ്രായപ്പെടുന്നു. ഹൃദയത്തിന്റെ സർഗാത്മക ചൈതന്യത്തിന്റെ നൂലുകളിൽ നെയ്ത ഒരു ഉജ്ജ്വലമായ  ചിത്രകമ്പളമാണ് പാതിരിയുടെ കാവ്യം. കല, ഭാഷാശാസ്ത്രം, സാഹിത്യം, വാസ്തുവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള സാഹസിക സർഗാത്മകത ഉൾക്കൊള്ളുന്ന ഇഗ്നേഷ്യൻ ആദർശത്തെ അർണോസ് മാതൃകയാക്കി. സുകുമാർ അഴീക്കോട്‌ ഒരിക്കൽ സൂചിപ്പിച്ചതുപോലെ  മൂന്നു ജന്മങ്ങള്‍കൊണ്ട് സാധിക്കാവുന്ന കാര്യങ്ങൾ ഒരു ജന്മംകൊണ്ട് അര്‍ണോസ് പാതിരി ചെയ്തുതീര്‍ത്തു.


അർണോസ് പാതിരിയുടെ ബഹുവിധ കഴിവുകളും ഗുണങ്ങളും വിവരിക്കുന്ന നിരവധി നാടോടി കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. അദ്ദേഹത്തിന് കൂര്‍മബുദ്ധിയായിരുന്നു. സ്വതസിദ്ധമായ നർമം പാതിരിയുടെ സൗന്ദര്യാത്മക സംവേദനക്ഷമതയുടെ മറ്റൊരു മുഖമായിരുന്നു. അദ്ദേഹത്തിന്റെ ഉരുളയ്ക്കുപ്പേരിപോലുള്ള സംഭാഷണചാതുരിയും   നർമബോധവും ഉയർത്തിക്കാട്ടുന്ന നിരവധി കഥകൾ നിലവിലുണ്ട്. പാതിരിയെ കളിയാക്കാനായി ചെന്ന ഒരു നമ്പൂതിരിക്ക് സംഭവിച്ച അമളി അതിലൊന്നാണ്. പാതിരിയുടെ നീലനിറത്തിലുള്ള കണ്ണുകളെ പരിഹസിച്ച് നമ്പൂതിരി ‘ഗണപതി വാഹന രിപു നയനാ’യെന്ന് വിളിച്ചുവെത്രെ. (ഗണപതിയുടെ വാഹനംതിന്റെ ശത്രുവിന്റെ കണ്ണുള്ളവനേ-പൂച്ചക്കണ്ണാ) ഒട്ടും അമാന്തമില്ലാതെ പാതിരി തിരിച്ചടിച്ചു, ‘ദശരഥ നന്ദന ദൂതമുഖായെന്ന്. (ദശരഥ നന്ദനന്റെ ദൂതന്റെ  മുഖമുള്ളവനേ – കുരങ്ങിൻ മുഖത്തോട് കൂടിയവനേ)


അർണോസ് പാതിരിയുടെ കലാപരമായ സംഭാവനകൾ അദ്ദേഹത്തിന്റെ ആത്മീയ,സാഹിത്യ, ഭാഷാശാസ്ത്ര സംഭാവനകളിൽനിന്ന് വേർതിരിക്കുക അസാധ്യമാണ്. അദ്ദേഹത്തിന്റെ സാഹിത്യ,ഭാഷാകൃതികൾപോലെ, അദ്ദേഹത്തിന്റെ കലാസൃഷ്ടികളെപ്പറ്റി കൃത്യമായ വിവരണം നല്കാന്‍ നമുക്ക് കഴിയില്ല. എന്നിരുന്നാലും, അദ്ദേഹം അസാമാന്യമായ സർഗാത്മകതയും കാവ്യദർശനവുമുള്ള വ്യക്തിയായിരുന്നു എന്നതിൽ സംശയമില്ല.