ഇന്ത്യയിൽ  ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ – ബി. ആർ. പി. ഭാസ്‌കർ/ബേബി ചാലിൽ

അഭിമുഖം


രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വെറും കക്ഷിരാഷ്ട്രീയ ചർച്ചകളെക്കാൾ രാജ്യത്തിന്റെ ഘടനാപരവും മാനസികവും സാംസ്കാരികമായി സവിശേഷതകളിൽ ഊന്നിനിന്നുള്ള ഗൗരവമുള്ള അന്വേഷണങ്ങൾ ആവശ്യമാണ്. സവിശേഷമായ ജനാധിപത്യ ഭരണസംവിധാനമുള്ള ഒരു രാജ്യം എന്ന് ഇന്ത്യ പുറമെ അറിയപ്പെടുമ്പോഴും അകമേ ഭൂരിഭാഗം ഇന്ത്യക്കാരും സ്വേച്ഛാധിപത്യത്തെ ഇഷ്ടപ്പെടുകയും അനുകൂലിക്കുകയും ചെയ്യുന്നു. ഇന്ത്യക്കാരുടെ ജീവിതത്തിലും സംസ്കാരത്തിലും അധിനിവേശവും സ്വേച്ഛാധിപത്യവും അടിമത്തവും വരുത്തിയ മാറ്റങ്ങളുടെ വ്യാപ്തി വലുതാണ്. ഇത് ഭൗതികതലത്തിൽ മാത്രമല്ല, സ്വത്വനിർമിതിയുടെ സൂക്ഷ്മതലങ്ങളിലും സങ്കീർണമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകനും ആക്റ്റിവിസ്റ്റുമായ ബി.ആർ.പി.ഭാസ്കറുമായി ഐക്കഫ് (AICUF) അഡ്വൈസർ ബേബി ചാലിൽ സംസാരിക്കുന്നു.


# രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു.എന്താണ് ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. പുറമേ നിന്നുള്ള വിശകലനത്തിൽ ഒരു പരിധിവരെ ഇതിൽ ശരിയില്ലാതില്ല. പൊതുവേ, ജനാധിപത്യത്തെ നിര്‍ണയിക്കുന്നത്  നിയമനിർമാണം, ഭരണ നിർവഹണം, നീതിന്യായ നിർവഹണം, മാധ്യമസ്വാതന്ത്ര്യം  എന്നീ നാല് അടിസ്ഥാനശിലകളിന്മേലാണ്. ഈ നാലു സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അതാതുരാഷ്ട്രത്തിലെ ജനതയുടെ മൗലികമായ കാര്യങ്ങളിൽ ഇടപെട്ട് ജനാധിപത്യത്തിന്റെ വഴിയിൽ നീതി ഉറപ്പാക്കുക എന്നതാണ്.


കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ഇന്ത്യൻ ജനാധിപത്യത്തിന് ആഴത്തിലുള്ള മുറിവുകളേറ്റതായി കാണാം. രാഷ്ട്രീയനിരീക്ഷകരും സാമൂഹിക,സാംസ്കാരിക ശാസ്ത്രജ്ഞൻമാരും ഇന്ത്യയിലെ ജനാധിപത്യം അപ്രത്യക്ഷമാവുകയും രാഷ്ട്രത്തിന്റെ അടിസ്ഥാനഘടനകളെ തകർക്കുകയും ചെയ്യുന്ന ഏകാധിപത്യത്തിന്റെ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യം അതിഭീകരമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം ശക്തമാകുന്നത് അതിന്റെ പ്രധാനപ്പെട്ട ഘടനകളും സ്ഥാപനങ്ങളും കൃത്യതയോടെ പ്രവർത്തനനിരതമാകുമ്പോഴാണ്. ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റ്, അന്തർസംസ്ഥാന കൗൺസിൽ, പ്രതിരോധസേന, സര്‍വകലാശാലകൾ,സ്വയംഭരണ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഭാരതീയ റിസർവ് ബാങ്ക്, വിവരാവകാശ നിയമം എന്നീ സ്ഥാപനങ്ങളെയും ഘടനകളെയും ഓരോന്നായി തകർത്തു കൊണ്ടിരിക്കുന്നു. ഭാഷ,മതം,പ്രാദേശികവാദം,വംശീയത,ജാതി എന്നിവ ആയുധമാക്കി ജനാധിപത്യത്തെ കൊല്ലുകയും തകർക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു.  ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നുണ്ടെങ്കിലും ചങ്ങാത്തമുതലാളിത്തവും മതത്തിൽ ചാലിച്ച ഫാസിസ്റ്റ് ബന്ധവും, സാംസ്കാരിക ദേശീയതാ വാദവും, ഏകാധിപത്യ പ്രവണതയും നിരാശയിലേക്ക് നയിക്കുന്നു


#സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്നവരിലും മധ്യവര്‍ഗത്തിലും ജനാധിപത്യ രീതികളിൽ വിശ്വാസം കുറഞ്ഞു വരുന്നുണ്ട് എന്നതിനോടുള്ള അഭിപ്രായം?


നമ്മുടെ രാജ്യത്തെ പശ്ചാത്തലം നോക്കിയാൽ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. അടിസ്ഥാനപരമായി  ഒരു ജനാധിപത്യസമൂഹമല്ല നമ്മുടേത്. നമ്മുടെ ഭരണഘടന ഒരു ജനാധിപത്യ വ്യവസ്ഥ ഇവിടെ ഏർപ്പെടുത്തുവാനായി ഉണ്ടാക്കിയതാണ്. ഭരണഘടന വിഭാവനംചെയ്തിട്ട് അരനൂറ്റാണ്ടിലധികം ആയിരിക്കുന്നു. പക്ഷേ, നമ്മുടെ രാജ്യത്തിലെ സാമൂഹിക സാഹചര്യങ്ങൾ അതിനൊത്തു മാറിയിട്ടുണ്ടോ എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. നമ്മൾ ഈ വിഷയത്തെ സമീപിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം അടിസ്ഥാനപരമായി ഫ്യൂഡൽ ജനാധിപത്യ വിരുദ്ധ സമീപനം നിലനിന്നിരുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നതാണ്.


നമ്മുടെ സമൂഹം എല്ലായ്പ്പോഴും സമത്വത്തിന്റെ ആശയത്തിന് ഊന്നൽ നല്കിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ജനാധിപത്യത്തിന്റെ ചരിത്രം നോക്കിയാൽ, ബ്രിട്ടീഷ് ഭരണകാലത്ത് പരിമിതമായ രൂപത്തിലാണ് ഇത് രാജ്യത്ത് നടപ്പിലാക്കിയത്. ഭരണഘടന നിലവിൽ വന്നതോടെയാണ് രാജ്യം യഥാർഥ അർഥത്തിൽ ജനാധിപത്യരാഷ്ട്രമായി മാറിയത്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പ് വ്യവസ്ഥ ഇതിന്റെ പ്രധാന സവിശേഷതയാണ്.


അതേസമയം, ദീർഘകാലത്തെ ഒരു ജനാധിപത്യപാരമ്പര്യം ഉള്ള രാജ്യമാണ് നമ്മുടേത് എന്നു നാം വിശ്വസിക്കുന്നുണ്ട്; അവകാശപ്പെടുന്നുണ്ട്. പക്ഷേ, ഇപ്പോൾ നാം നോക്കേണ്ടത് ശരിയായ രീതിയിലുള്ള ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് അനുകൂലമായ ഒരു സാഹചര്യമായിരുന്നോ 1947-ൽ രാജ്യം സ്വതന്ത്ര്യമാകുമ്പോൾ ഉണ്ടായിരുന്നത് എന്നതാണ്. അല്ല എന്നു പറയേണ്ടി വരും. കാരണം നമ്മുടെ സമൂഹം ശരിക്കും ഫ്യൂഡൽ കെട്ടുപാടിൽനിന്ന് മോചിതമായിരുന്നില്ല. അങ്ങനെയുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ആധുനിക ജനാധിപത്യരീതി പിന്തുടരാൻ ഒരു ശ്രമം നടത്തുന്നത്. ഈ വ്യവസ്ഥിതിക്കുള്ളിൽ ചില പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ആരാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്? ജാതി, മത സംഘടനകളോ മറ്റു സങ്കുചിത താത്പര്യങ്ങൾ ഉള്ളവരോ സ്വാധീനിക്കുന്നുണ്ടെങ്കിൽ അവിടെ യഥാർഥത്തിലുള്ള ജനാധിപത്യം സാധ്യമല്ല എന്നതാണ് വാസ്തവം. കാരണം, ഇത് ആധുനിക ജനാധിപത്യ സമീപനവുമായി പ്രത്യക്ഷത്തിൽത്തന്നെ വിരുദ്ധമായിട്ടുള്ള സമീപനമാണ്. ഇത്തരം സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നമ്മൾ സ്വാതന്ത്ര്യം നേടിയ കാലംതൊട്ട് ഇന്നുവരെ കണ്ടുവരുന്നത്. അതായത് നമ്മുടെ സമൂഹത്തിൽ ഫ്യൂഡൽശക്തികളും ജാതി,മത സംഘടനകളും പ്രവർത്തിക്കുന്നു. അവർക്കൊക്കെ സാമാന്യം വലിയ തോതിലുള്ള സ്വാധീനം പല ഇടങ്ങളിലുമുണ്ട്. ഒരുപക്ഷേ, ഇതിൽനിന്നൊക്കെ മോചനമുള്ളൊരു പ്രദേശമായി കാണേണ്ടത് നഗരങ്ങളെയാണ്. പക്ഷേ, സൂക്ഷ്മമായി നോക്കിയാൽ നമ്മുടെ നഗരങ്ങളിലും ഇവർക്കൊക്കെ സ്വാധീനമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.


#ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം ഉപരിപ്ലവമായിട്ടാണോ നമ്മൾ നടപ്പിലാക്കിയത്?


നമ്മുടെ പാർലമെന്ററി ജനാധിപത്യ സംവിധാനം രൂപപ്പെട്ടത് പ്രധാനമായും ബ്രിട്ടീഷ് അനുഭവത്തിന്റെ സ്വാധീനത്തിലാണ്. എന്നിരുന്നാലും, ഈ പ്രക്രിയയിൽ ചില പ്രതിലോമ ശക്തികളും സ്വാധീനം ചെലുത്തിയിട്ടുണ്ട്.


ചിലർ പുരാതന ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നിലനില്പിനെക്കുറിച്ച് വാദിക്കാറുണ്ട്. ഈ വാദത്തിൽ യാഥാർഥ്യത്തിന്റെ ഒരംശമുണ്ട്. ബൗദ്ധകാലത്ത്, ഇന്ത്യ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ജനാധിപത്യപരമായ പ്രവർത്തനങ്ങൾ നിലനിന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബൗദ്ധ റിപ്പബ്ലിക്കുകൾ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ബൗദ്ധകാലത്തെ റിപ്പബ്ലിക്കുകൾ നമ്മുടെ ഓർമയിൽ വരണം. ഇന്ത്യയെ സമഗ്രമായി ബാധിച്ച ഒരു സംവിധാനമായിരുന്നു ഇത്. ഈ ഘട്ടത്തിൽ രാജ്യം വലിയൊരു ജനാധിപത്യസമൂഹമായി മാറിയിരുന്നു.


ബൗദ്ധകാലഘട്ടത്തിനുശേഷം ഇന്ത്യയിൽ ഫ്യൂഡൽ വ്യവസ്ഥിതിയാണ് നിലനിന്നിരുന്നത്. തുടർന്ന് രണ്ട് നൂറ്റാണ്ടുകളോളം രാജ്യം വൈദേശിക കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു. നമ്മുടെ ജനാധിപത്യവ്യവസ്ഥ രൂപപ്പെട്ടത് സ്വാതന്ത്ര്യം നേടിയ ശേഷമാണ്. എന്നിരുന്നാലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതി, മത സംഘടനകൾ സ്വാധീനം ശക്തമാക്കി. ഈ യാഥാർഥ്യങ്ങൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിച്ചുപോകുന്നതല്ല. രാഷ്ട്രീയപാർട്ടികൾക്ക് ഈ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങൾ ഇപ്പോഴും രാജ്യത്ത് നിലനില്ക്കുന്നു. ഈ സാഹചര്യത്തിൽ, സാമൂഹിക അടിസ്ഥാനത്തിൽ സംഘടിക്കേണ്ടത് അനിവാര്യമാണ്. പ്രശ്നങ്ങൾ നേരിടുന്നവർ തന്നെ അവയ്ക്കെതിരെ പ്രവർത്തിക്കേണ്ടതുണ്ട്.


നമ്മുടെ തലമുറ ജനാധിപത്യത്തെ സ്വാഗതം ചെയ്തപ്പോൾ സമൂഹത്തിൽ ഈ പ്രശ്നങ്ങൾ ശക്തമായിരുന്നു. അതിനെ അഭിസംബോധന ചെയ്യുവാനായിട്ടാണ് ജാതി-മത സംഘടനകൾ രൂപപ്പെട്ടത്. ഈ പ്രവർത്തനങ്ങൾ ജനാധിപത്യത്തിന്റെ വളർച്ചയുടെ ഭാഗമായി കണക്കാക്കാവുന്നതാണ്. എന്നിരുന്നാലും, ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ രാഷ്ട്രീയകക്ഷികൾ വളരെ പിന്നിലായി.


#എന്താണ്  ജനാധിപത്യ രീതിയിലുള്ള സംഘാടനത്തിന്റെ അടിസ്ഥാനം?


നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായി നാം സ്വീകരിച്ചിരിക്കുന്ന ഒരു സിദ്ധാന്തമാണ് എല്ലാ മനുഷ്യരും തുല്യരാണെന്നത്. ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരാണ്. അവരുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ എന്തുതന്നെയായിരുന്നാലും, മനുഷ്യനെന്ന നിലയിലും രാജ്യത്തിന്റെ പൗരന്മാരെന്ന നിലയിലും അവരെല്ലാം തുല്യരാണ്. എന്നാൽ, ഈ തുല്യത നമ്മുടെ ജീവിതത്തിൽ പ്രായോഗികമായി നടപ്പാക്കണമെങ്കിൽ മറ്റു ചില കാര്യങ്ങളും ശരിയായ രീതിയിൽ നടപ്പിലാക്കേണ്ടതുണ്ട്. അതായത്, എല്ലാ തരത്തിലുള്ള വ്യത്യാസങ്ങൾക്കും വൈവിധ്യങ്ങൾക്കും ഇടയിൽ സമത്വം എല്ലാവരും അംഗീകരിക്കുന്ന ഒരു അവസ്ഥ നിലനില്ക്കണം. ഇതാണ് ഇന്ത്യൻ ഭരണഘടനയിൽനിന്നുയരുന്ന ശംഖൊലി.


ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥാനാർഥിനിര്‍ണയം മറികടക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെങ്കിൽ അവരിതിനെതിരെയൊക്കെ ഉണർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ബോധ്യപ്പെടുത്തുകയും വേണം.


#ജനാധിപത്യരീതിയിൽ നിലവിൽവരുന്ന സർക്കാരുകളുടെ ഭരണതകർച്ച തന്നെയാണോ ജനാധിപത്യത്തിലുള്ള വിശ്വാസം കുറഞ്ഞു വരുന്നതിന് കാരണം?


ജനാധിപത്യവ്യവസ്ഥയുടെ പ്രയോഗത്തിലും പ്രവർത്തനത്തിലും ജനങ്ങൾ തൃപ്തരല്ല എന്നത് ഒരു വസ്തുതയാണ്. 1947 മുതലുള്ള ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ സൂക്ഷ്മമായി പരിശോധിച്ചാൽ, പ്രബലരും ജാതിയിൽ ഉന്നതരുമായ ആളുകളുടെ ആഗ്രഹങ്ങളും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് ഈ വ്യവസ്ഥ പ്രധാനമായും ചെയ്തിരിക്കുന്നത് എന്നു കാണാൻ കഴിയും. എന്നിരുന്നാലും, ദീർഘകാലമായി അനുഭവിക്കുന്ന ഉച്ചനീചത്വത്തിന്റെ ദുരവസ്ഥയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന ചില സാമുദായിക വിഭാഗങ്ങൾക്ക് ജനാധിപത്യം വാഗ്ദാനംചെയ്ത നീതിയും സമത്വവും ലഭ്യമായിട്ടില്ല എന്നതാണ് വൈരുധ്യം.


ലോകത്തിലെ രണ്ടാമത്തെ ശക്തിയായി ഉയർന്ന സോവിയറ്റ് യൂണിയൻ തകരുന്നത് ഭരണം കിട്ടി 75 കൊല്ലം കഴിയുമ്പോഴാണ്. ആ തകർച്ചയുടെ കാരണമെന്താണ്? 75 കൊല്ലം ഭരണം കിട്ടിയിട്ടും ഒരു കമ്മ്യൂണിസ്റ്റ് ഭരണ സമ്പ്രദായത്തിന് ജനങ്ങളെ ഒന്നിപ്പിക്കാനും നിലനിറുത്താനുമുള്ള കഴിവുണ്ടായില്ല. കമ്മ്യൂണിസ്റ്റ് ഭരണം തകരുന്നുവെന്ന് കണ്ടപ്പോൾ എല്ലാ വിഘടന താത്പര്യങ്ങളും ഒത്തുകൂടുകയും പെട്ടെന്ന് പല രാജ്യങ്ങളായി മാറുകയും ചെയ്തു.


ജനാധിപത്യ സംവിധാനത്തിന്റെ നിലനില്പിന് രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം അനിവാര്യമാണ്. ഈ മത്സരത്തിലൂടെയാണ് ജനങ്ങൾക്ക് അവരുടെ താത്പര്യങ്ങൾക്ക് അനുയോജ്യമായ ഭരണകൂടത്തെ തിരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഇന്ത്യയെപ്പോലുള്ള വലിയ രാജ്യങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭരണത്തിൽ ഏകാധിപത്യം സ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. കാരണം, വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത താത്പര്യങ്ങളും ആവശ്യങ്ങളും ഉള്ള ജനങ്ങളാണുള്ളത്.


അടിസ്ഥാനപരമായിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്വാതന്ത്ര്യ സമരകാലത്ത് രൂപീകൃതമായ ഒരു കുട്ടായ്മയാണ്. അതൊരു സാമ്പ്രദായക രാഷ്ട്രീയപ്പാർട്ടിയുടെ സ്വഭാവമുള്ള ഒന്നായിരുന്നില്ല, മറിച്ച് ഒരു പരിവർത്തന അജണ്ടയുള്ള ഒരു സംഘടനയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് അത് ഒരു സുപ്രധാന ദേശീയപ്രസ്ഥാനമായി പ്രവർത്തിച്ചു.  പക്ഷേ, അധികാരം ഏറ്റെടുത്തപ്പോൾ, അത് വേറൊരു സ്വഭാവം ആർജിക്കുകയാണ്. തുടക്കനാളുകളിൽ കോൺഗ്രസ്സ് ഒരു പ്രസ്ഥാനമെന്ന നിലയിലും ഭരണകക്ഷിയെന്ന നിലയിലും  വ്യത്യാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീടുള്ള ഘട്ടങ്ങളിൽ ജനാധിപത്യപരമായ കാര്യങ്ങളിൽ വൻ പരാജയം അഭിമുഖീകരിക്കേണ്ടതായി വന്നു. സ്വാതന്ത്ര്യ കാലഘട്ടത്തിനു മുമ്പുള്ള നേതാക്കന്മാരായ ഗാന്ധിജി, ജവഹർലാൽ നെഹ്റു,പട്ടേൽ തുടങ്ങിയവരുടെ കരിസ്മയിലാണ് കുറെക്കാലം കോൺഗ്രസ്സ് പ്രസ്ഥാനം പ്രവർത്തിച്ചതും മുന്നോട്ടു പോയതും. പിന്നീട്, ജനാധിപത്യ ഭരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചപ്പോൾ, കോൺഗ്രസ്സിനു നിരവധി വെല്ലുവിളികളും പരാധീനതകളും നേരിട്ടു.


കോൺഗ്രസിന്റെ നേതൃത്വകാലഘട്ടത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. നെഹ്രുവിന്റെ കാലം, ഇന്ദിരാഗാന്ധിയുടെ കാലം, അതിനു ശേഷമുള്ള കാലം. ഈ മൂന്ന് കാലഘട്ടങ്ങളും ജനാധിപത്യത്തിന്റെ പ്രത്യേകഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രാരംഭഘട്ടത്തിൽ സ്വാതന്ത്ര്യസമര നേതാക്കന്മാർ വളരെ ഉയർന്ന തലത്തിലുള്ളവരായിരുന്നു. പിന്നീട്, ഇന്ത്യൻ ജനാധിപത്യ പ്രയോഗത്തിൽ രണ്ടു തരത്തിലുള്ള സ്വാധീനമാതൃകകൾ നിരീക്ഷിക്കാൻ കഴിയും: പ്രാദേശിക പാർട്ടികളുടെ സ്വാധീനവും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടികളുടെ ആവിർഭാവവും.


#ജനാധിപത്യത്തെ ശാക്തീകരിക്കുന്നതിന് ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെയൊക്കെ സാധ്യമാണ്?


നിലവിലെ സാഹചര്യത്തിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ന് നമ്മൾ കാണുന്നത് അധികാരത്തിനായുള്ള മത്സരമാണ്, അത് തന്നെ ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാൽ, ഈ മത്സരത്തിനപ്പുറം, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നിങ്ങനെയുള്ള ഉയർന്ന ലക്ഷ്യങ്ങളും ജനാധിപത്യത്തിൽ അടങ്ങിയിരിക്കുന്നു.