പദപ്രശ്നങ്ങൾക്കിടയിലെ അരങ്ങും അയാളും – സതീഷ് കെ.  സതീഷ്/ സതീഷ് ജി. നായർ

മലയാള നാടകത്തിന്റെ നവീനവഴി എവിടെ തുടങ്ങി,എവിടെ എത്തി നില്ക്കുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് സതീഷ് കെ. സതീഷ്. 1980 മുതൽ ഇന്നുവരെ നാടകം എന്ന കലയിലൂടെ മനുഷ്യൻ നടത്തുന്ന യാത്ര മലയാളനാടകത്തിന്റെ  ചരിത്രമാണ്. മികച്ച നാടകകൃതികൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ രചനകൾക്കും സംവിധാനത്തിനും  നിരവധി  സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിക്കൊണ്ട്  മലയാള നാടകവേദിയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുകയാണ്  പ്രതിഭ. പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും എന്ന പേരു പോലെ ആത്മസംഘർഷത്തിന്റെ  തീക്ഷ്ണതയിലും അരങ്ങിനെ പ്രണയിച്ചുകൊണ്ട് യാത്ര തുടരുന്ന    സതീഷ് കെ.  സതീഷ് സമകാലിക നാടകകാലത്തെക്കുറിച്ച് ഇവിടെ മനസ്സ് തുറക്കുകയാണ്.

 

രചന,സംവിധാനം സംഘാടനം, പ്രസാധനം തുടങ്ങി നാടകത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിൽ അടയാളപ്പെടുത്തൽ നടത്തിയ ഒരു നാടക പ്രവർത്തകനാണല്ലോ താങ്കൾ. ഇതിൽ ഏതു മേഖലയിൽ പ്രവൃത്തിക്കുമ്പോഴാണ്  കൂടുതൽ സംതൃപ്തി ലഭിക്കുന്നത്?അതിനുള്ള കാരണം എന്താണ്?

 

തീർച്ചയായും. ഈ മേഖലകളൊക്കെ വലിയ സന്തോഷം തരുന്നുണ്ട് എനിക്ക്. ആത്മസംതൃപ്തി തരുന്നുണ്ട്. എഴുത്ത്, സംവിധാനം, സംഘാടനം, പ്രസാധനം ഈ നാലു മേഖലകളും തരുന്ന അനുഭവങ്ങൾ വേറെ വേറെയാണ്. എന്റെ തുടക്കം എഴുത്തിൽനിന്നാണ്. മറ്റെന്തിനെക്കാളും ഞാൻ ഏറെ സ്നേഹിക്കുന്നത് എന്നിലെ എഴുത്തുകാരനെയാണ്. അതുകൊണ്ടുതന്നെ രചനാവേളയിലെ ആ അപൂര്‍വത എനിക്കേറെ പ്രിയം. മനസ്സിൽ തിങ്ങിവിങ്ങി നിന്നത് ഒരു മഴപോലെ എഴുത്തിലേക്ക് പെയ്തിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്ന അസഹ്യമായ വേദനയും ആനന്ദവും ഉണ്ട്. രചനയുടെ നോവ് എന്നൊക്കെ പറയാറില്ലേ, അത്.കുറെനാൾ കഴിഞ്ഞ് എഴുതിയതൊക്കെ എടുത്തുനോക്കുമ്പോഴുള്ള ആ അമ്പരപ്പ്. ഇതു ഞാൻതന്നെ എഴുതിയതാണോ എന്നൊരു ആന്തൽ. അതു പറഞ്ഞറിയിക്കാനാവാത്ത ഒരനുഭവംതന്നെയാണ്. നാടകം ചെയ്യുന്നത് മറ്റൊരു അനുഭവമാണ്. എഴുത്തിനെ മറ്റൊരു രീതിയിൽ പ്രകാശിപ്പിക്കുകയാണവിടെ. എഴുതിവച്ചതിന് ജീവൻ വയ്ക്കുകയാണ്. എഴുത്തിൽ കാണാത്ത ഒരു തലത്തിലേക്കത് വളരുകയാണ്. നാടകം അവതരണത്തോടടുക്കുമ്പോൾ ഒരു പനി വരും എനിക്ക്. ഞാനറിയാതെ കീറിമുറിയും ഞാൻ. നാടകം കഴിയുമ്പോൾ ഒരു നനഞ്ഞ തുണിപോലെയാവും. പിന്നീട് എന്തെന്നില്ലാത്ത ഒരു എനർജി എന്നെ വന്ന് പൊതിയും. ഒരുപാട് ദിനരാത്രങ്ങളുടെ സഹനത്തിലൂടെയാണ് ഞാൻ ചെയ്ത ഓരോ പുസ്തകവും കടന്നുപോകുന്നത്. മികച്ച കവർ ഡിസൈനിങ്ങിനും മികച്ച പുസ്തകനിർമിതിക്കും ഒക്കെയായി ഒട്ടേറെ അംഗീകാരങ്ങൾ. ഞാൻ ചെയ്ത കോഴിക്കോട്ടെ പൂർണ പബ്ലിക്കേഷൻസിന്റെ കുഞ്ഞുണ്ണി ഒരോർമ പുസതകത്തിനാണ് മികച്ച കവർ ഡിസൈനിങ്ങിനുള്ള പ്രഥമ ശങ്കരൻകുട്ടി അവാർഡ്. പിന്നെ സംഘാടനത്തെക്കുറിച്ച്, ഈ പറഞ്ഞതൊക്കെ ചെയ്യാൻ നല്ല സംഘാടനപാടവമുള്ള ഒരാൾക്കേ കഴിയൂ. സംഘാടനവും ഒരു കലയാണ്. ഓടിനടന്ന് പ്രസരിപ്പോടെ ജോലി ചെയ്യാനാവുന്നത് സംഘാടനവും ചോരയിലലിഞ്ഞ് ചേർന്നതുകൊണ്ടാണ്.

 

തീയറ്റർ ടെസ്റ്റ്, തിയേറ്റർ സ്പെയ്സ്, തിയറ്റർ ടൈം തുടങ്ങിയ നാടകപുസ്തകങ്ങൾ കേരളത്തിലെ അമേച്ച്വർ തിയറ്റർ പ്രസ്ഥാനങ്ങൾക്ക് പുതിയ ദിശാബോധം നല്കിയ കൃതികൾ ആയിരുന്നു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പരിശ്രമത്തിന് പിന്നിലെ കാരണമെന്താണ്?

 

ഞാൻ എഡിറ്റിങ്ങ് മേഖലയിലേക്ക് വരുന്നത് വളരെയാദൃച്ഛികമായിട്ടാണ്. അതിനൊരു കാരണമാകുന്നത് പ്രശസ്ത എഴുത്തുകാരനായ ടി.വി.കൊച്ചുബാവയും. എനിക്കേറെ ഇഷ്ടപ്പെട്ട കഥാകാരനാണ് കൊച്ചുബാവ. അദ്ദേഹം അന്ന് ഷാർജയിൽ ജോലി നോക്കുകയാണ്. ഇടയ്ക്ക് ലീവിനുവരുമ്പോൾ കാണും. ‘ഗൾഫ് വോയ്സ്’ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു. ബാവക്ക അതിലേക്ക് ഒരു കഥ ചോദിച്ചപ്പോൾ ഞാൻ കൊടുത്തത് ഒരു നാടകമാണ്. കേരളത്തിലെ കാമ്പസുകളും അമേച്ച്വർ സംഘങ്ങളും ഏറെ ആഘോഷിച്ച എന്റെ ‘ജാലകം’ എന്ന നാടകം. അത് ബാവക്കയുടെ സഹോദരന്റെ മകൻ സലീം റഹ്‌മാന്റെ മനോഹരമായ ഇലസ്ട്രേഷനോടുകൂടെ അച്ചടിച്ചു വന്നു. ഞാൻ എഴുത്തുകാരനെന്ന നിലയ്ക്കും നാടകക്കാരനെന്ന നിലയ്ക്കും അറിയപ്പെട്ടു തുടങ്ങുന്ന നാളുകളായിരുന്നു അത്.

 

ബാവക്ക ഗൾഫിൽനിന്ന് തിരിച്ചെത്തി കോഴിക്കോട്ടെ ചെലവൂരിലുള്ള വീട്ടിൽ താമസമാക്കുന്നു. താമസിയാതെ ‘ഗൾഫ് വോയ്സ്’ മാസികയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പിന്നീട് സായാഹ്നങ്ങളിൽ അവിടെയായിരുന്നു എഴുത്തിലേക്കും സിനിമയിലേക്കും ഒക്കെ പിച്ചവയ്ക്കുന്ന ഞങ്ങളുടെ ഒരിടം. ഒരു രാത്രി പിരിയാൻ നേരം ബാവക്ക ചോദിച്ചു “സതീഷേ നീ ‘ഗൾഫ് വോയ്സി’ലേക്ക് വരുന്നോ ഇവിടെ ഒരു സബ് എഡിറ്ററുടെ ഒഴിവുണ്ട്. താത്പര്യം  ഉണ്ടെങ്കിൽ വാ.” ആതു കേട്ടതും ഞാനമ്പരന്ന് നിന്നു. എന്നെപ്പോലെ ഒരാൾക്ക് ചെന്നെത്താൻ പറ്റാത്ത ഒരിടം. പത്രപ്രവർത്തനത്തിലോ പ്രസിദ്ധീകരണ രംഗത്തോ ജോലി ചെയ്ത് ഒരു പരിചയവും ഇല്ല. അക്കാദമിക് ബിരുദമൊന്നുമില്ലാതെ SSLC യ്ക്ക് എട്ടുനിലയിൽ പൊട്ടി നാടകവും സിനിമാ മോഹവുമായി ഇത്തിരി ബുദ്ധിജീവി ചമഞ്ഞ് ദിനേശ് ബീഡിയും പുകച്ച് മാനാഞ്ചിറയിലും അൻസാരി പാർക്കിലും കിഡ്സൺ കോർണറിലും അലഞ്ഞുതിരിയുന്ന കാലം. ഓർക്കാപ്പുറത്തുള്ള ആ വിളി എന്നെ ‘ഗൾഫ് വോയ്സി’ലെത്തിച്ചു. ‘ഗൾഫ് വോയ്സ്’ മാസിക കുറഞ്ഞകാലംകൊണ്ട് എന്നിലെ എന്നെ മാറ്റി പണിയുകയായിരുന്നു. അവിടെ സർക്കുലേഷനിൽ ജോലി നോക്കിയിരുന്ന അജയനാണ് എന്റെ രണ്ടാമത്തെ നാടകപുസ്തകം ‘പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും’ മൺസൂൺ പബ്ലിക്കേഷന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നത്. ആ കാലങ്ങളിൽ അവതരിപ്പിക്കപ്പെട്ട എന്റെ പത്തോളം നാടകങ്ങളുടെ സമാഹാരമായിരുന്നു അത്. മലയാളത്തിന്റെ നാടകാചാര്യനും കോഴിക്കോടിന്റെ പ്രിയ നാടകക്കാരനുമായ കെ.ടി. മുഹമ്മദായിരുന്നു ടി.വി. കൊച്ചുബാവയ്ക്ക് നല്കിക്കൊണ്ട് ആ പുസ്തകം പ്രകാശനം നടത്തിയത്. അതിനായിരുന്നു 2000-ത്തിലെ മികച്ച നാടക കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ്. ആ കാലത്താണ് എന്റെ നാടകസുഹൃത്ത് ഹെൻസലി ഒരു നാടകപുസ്തകം പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹവുമായി വരുന്നത്. എന്റെ നാടകങ്ങളുടെ കളക്‌ഷനായിരുന്നു ലക്ഷ്യം. ഞാൻ ചില നാടക മത്സരങ്ങളിലൊക്കെ വിധിനിര്‍ണയത്തിനിരുന്ന് നാടകത്തിലേക്കു കടന്നുവരുന്ന പുതിയ എഴുത്തുകാരെ അറിഞ്ഞുതുടങ്ങുന്ന സമയം. മധുമാഷാണ് ‘ഏകാങ്കകാലം’ എന്ന അദ്ദേഹം എഡിറ്റുചെയ്ത നാടക പുസ്തകത്തിൽ എന്റെ നാടകമായ ‘ഗ്രീൻ റൂമി’ന് ഒരിടം തന്ന് നാടക പ്രസിദ്ധീകരണരംഗത്തേക്ക് വഴി തെളിക്കുന്നത്. ഗ്രീൻ റൂമും, മധുമാഷിന്റെ ക്രൈം എന്ന നാടകവും പില്ക്കാലത്ത് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് പാഠപുസ്തകമായി. ഈ അംഗീകാരത്തിനൊക്കെ കാരണമാകുന്നത് മധുമാഷ് ഒരാളാണ്. കോഴിക്കോട്ടെ മൾബറി ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു. ഈ ഞാനും. അങ്ങനെ പുതിയ പുസ്തകം ഇറക്കാനായി കൈവന്ന അവസരം ഞാൻ പരിചയപ്പെട്ട നാടക എഴുത്തിലെ പുതിയവർക്കായി ഉപയോഗിക്കുകയായിരുന്നു ‘നാടകകാലം’. ‘Theatre time’ എന്ന ആ നാടകപുസ്തകത്തിന്റെ രണ്ട് എഡിഷൻ, രണ്ടായിരം കോപ്പികൾ ഒറ്റ വർഷംകൊണ്ട് വിറ്റുതീർന്നു. നാടകപുസ്തകം വിറ്റുപോവില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു അത്.  ആ ആത്മവിശ്വാസത്തിന്റെ പുറത്താണ് ഞാൻ പിന്നീടുള്ള നാടകപുസ്തകങ്ങൾ എഡിറ്റുചെയ്യുന്നത്. തിയേറ്റർ ടൈം,  തിയേറ്റർ ഓഫ് യൂത്ത്, തിയേറ്റർ ട്രൂത്ത്, തിയേറ്റർ ടൈം രണ്ടാം വോള്യം, തിയേറ്റർ സ്പെയ്സ്, തിയേറ്റർ ടെക്സ്റ്റ് രണ്ടാം വോള്യം. കുട്ടികളുടെ നാടക കളക്ഷൻ കളിവീട്. ഇതിനകം ഏഴു നാടകപുസ്തകങ്ങൾ എഡിറ്റുചെയ്തു. എട്ടാമത് നാടകപുസ്തകത്തിന്റെ ജോലി നടക്കുന്നു. വരാനിരിക്കുന്ന ഈ നാടകപുസ്തകത്തിൽ നാടക എഴുത്തിലെ ഏറ്റവും പുതിയവരായ 41 പേരുടെ 41 രചനകൾ. അരങ്ങിന്റെ ഭാവിയും ഭാഷയും എന്തെന്നറിഞ്ഞ പി.എം താജിനായി മൂന്നു വോള്യങ്ങളിലായി 101 നാടകങ്ങൾ താമസിയാതെ പുറത്തിറക്കും. വരാനിരിക്കുന്നത് 41നാടകങ്ങളാണ്. അത് എളുപ്പമല്ലെന്നറിയുക. നാടക പ്രസാധനരംഗത്ത് ഇങ്ങനെയൊരു ശ്രമം നടന്നിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. സ്വയം ആഘോഷിക്കുന്നവർക്കിടയിൽനിന്നു മാറിനടക്കുന്നതുകൊണ്ട് പലരും പലതും അറിയാതെ പോകുന്നു. ഒരു വിഷമവുമില്ല. എനിക്കുശേഷം പ്രളയമെന്ന് വിലപിക്കുന്നവർക്കിടയിലാണ് ഞാൻ പുതിയവരെ ചേർത്തുപിടിക്കുന്നത്.

 

എപ്പിക് തിയേറ്ററിന്റെ സാധ്യത മലയാളത്തിൽ ശക്തമായി പരീക്ഷിച്ച നാടകമാണ് ‘റോസ്മേരി പറയാനിരുന്നത്’. ആ നാടകത്തിന്റെ പിറവി എങ്ങനെയായിരുന്നു?

 

കലാലയ, സ്കൂൾ, അമേച്ച്വർ വേദികളിലായി ഒട്ടേറെ നാടകങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നാളുകൾ. വായിച്ച കഥകളും അനുഭവങ്ങളുമൊക്കെ നാടകത്തിലേക്ക് വാർന്ന് കൊണ്ടിരിക്കുകയാണ്. വിക്ടർ ലീനസ്സിന്റെ വേഷപ്പകർച്ചകൾ, അൻസാരി പാർക്കിലെ കാക്കകൾ, നിദ്രാടനം തുടങ്ങിയ നാടകങ്ങളുടെ റിഹേഴ്സൽ പലയിടങ്ങളിലായി നടക്കുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും അവതരണ ശ്രമങ്ങളുമാണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെങ്കിലും അതിൽ നിന്നൊക്കെ മാറി ഒരു നാടകം എഴുതണമെന്നു തോന്നി. ഒരു ബാംഗ്ലൂർ യാത്രയ്ക്കിടെ അവിടെവച്ച് ഒരു വിദേശ നാടക ഗ്രൂപ്പ് അവതരിപ്പിച്ച ബ്രഹ്തിന്റെ ‘കോക്കേഷ്യൻ ചോക്ക് സർക്കിൾ’ കണ്ടിരുന്നു. ആ നാടകാവതരണം എന്റെ നാടക ബോധത്തെ, ചിന്തയെ ആകെ ഇളക്കിമറിക്കുകയാണ്. മറ്റൊരു ദിശയിലേക്ക് നയിക്കുകയാണ്. ആ യാത്ര കഴിഞ്ഞു വന്ന് ബ്രഹ്തിനെക്കുറിച്ച് പഠിക്കുകയാണ്. മലയാളത്തിൽ കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിച്ചു. ബ്രഹ്തിന്റെ പ്രശസ്ത കവിതയായ ചോരക്കുഞ്ഞിനെ കൊന്ന മേരി ഫെറാർ എന്ന കവിതയെ അവലംബിച്ചുള്ള നാടകവും കോഴിക്കോട് സാംസ്കാരിക വേദി അവതരിപ്പിച്ച  ബ്രഹ്ത്, മാക്സിം ഗോർക്കിയുടെ പ്രശസ്ത നോവലായ അമ്മയെ അവലംബിച്ചെഴുതിയ മധുമാഷ് സംവിധാനം ചെയ്ത നാടകവും കണ്ടിരുന്നു. അതുപോലെ എപ്പിക് രീതിയിലുള്ള ഒരെഴുത്ത് ഞാനുമാഗ്രഹിച്ചു. അങ്ങനെ മനസ്സിലേക്കു വന്നതാണ് ‘റോസ്മേരി പറയാനിരുന്നത്’.

 

എന്റെ മൂത്ത ചേച്ചി കാലിൽ പഴുപ്പ് കയറി ഓപ്പറേഷനുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപുത്രിയിൽ അഡ്മിറ്റായ അവസരത്തിൽ ഒരു ദിവസം ഞാൻ ചേച്ചിയെ കാണാൻ ചെല്ലുമ്പോൾ ആ സർജറി വാർഡിന് വെന്തശരീരത്തിന്റെ അസഹ്യഗന്ധം. ചേച്ചിയുടെ ബെഡിന് തൊട്ടപ്പുറത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് ശിരീരമാകെ വെന്ത ഒരു പെൺകുട്ടിയെ കിടത്തിയിരിക്കുന്നു. സ്വന്തം അച്ഛനിൽനിന്ന് ക്രൂരമായ പീഢനത്തിനിരയായ ആ പാവം പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ്. അടുത്തദിവസം ഞാൻ ചെന്നപ്പോൾ ആ പെൺകുട്ടി കിടന്ന ബെഡ് ശൂന്യമായിരുന്നു. അവൾ കഴിഞ്ഞ രാത്രിയിൽ മരിച്ചിരുന്നു. കരിഞ്ഞമാംസത്തിന്റെ ഗന്ധവും ആ കുട്ടിയുടെ പ്രാണൻ പിടഞ്ഞുള്ള നിലവിളിയും കാലങ്ങളോളം എന്നിൽ തറഞ്ഞുനിന്നിരുന്നു. പുതിയ നാടകാന്വേഷണങ്ങൾക്കിടയിലാണ് മനസ്സിൽ വിങ്ങിനിന്ന ഈ അനുഭവം തെളിഞ്ഞെത്തുന്നത്. പിന്നെ, നാടകത്തിരക്കിനിടെ പല രാത്രികളിലും പകലുകളിലുമായി എഴുതിത്തീർത്തു.

 

മെഴുകുതിരികളുടെ വെളിച്ചത്തിൽ, ബിബ്ലിക്കൽ ഇമേജുകൾ ചേർത്ത് ബ്യൂഗിളിന്റെ സംഗീതത്തിൽ ബാന്റ് മേളത്തിൽ ഒരു പള്ളിപ്പെരുന്നാൾ പശ്ചാത്തലമായി വളരെ ലൈവായി ആളുകൾക്കിടയിൽ അവതരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ആളുകളും സാമ്പത്തികവും ഒത്തുവന്നില്ല. പാതിവഴിയിൽ ആ ശ്രമം ഉപേക്ഷിച്ചു. എന്റെ നാടക എഴുത്തിൽ ഇത്രയും വേദനയോടെ  എഴുതിയ ഒരെഴുത്ത് ഇന്നോളം എനിക്കുണ്ടായിട്ടില്ല. അച്ഛൻ മരിച്ചതിൽപ്പിന്നെ അമ്മയുടെ തോരാത്ത കണ്ണുനീർ പെൺമക്കളെക്കുറിച്ചായിരുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും എന്റെ അമ്മ എന്നിലെ നാടകക്കാരനെ സ്നേഹിച്ചു. അമ്മയുടെ ആ കണ്ണുനീർ റോസ്മേരിയിലെ അമ്മച്ചിയായ മേരിക്ക് ഞാൻ പകർന്നിട്ടുണ്ട്.

 

ഞാൻ അഞ്ചാം ക്ലാസ് മുതൽ വീട്ടിനരികിൽ മലാപറമ്പിലുള്ള ക്രൈസ്റ്റ് ഹാൾ സെമിനാരിയിൽ റ്റ്യൂഷന് പോയിരുന്നു. മറ്റു കുട്ടികളോടൊപ്പം സൺഡേക്ലാസ്സിലും പോകാൻ തുടങ്ങി. ബൈബിൾ കഥകളും ബൈബിളും എന്നെ ആവേശിച്ചു തുടങ്ങി. അത് എന്റെ കഥകളിലും നാടകങ്ങളിലുമൊക്കെ ഞാനറിയാതെ ഇഴചേർന്നു വന്നു. റോസ്മേരിയിലേക്ക് വരുമ്പോൾ അതിന്റെയൊരു വൻ സ്വാധീനം കാണാം. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ വെർജിൻ മേരിയുടെ പേരാണ് ഇതിലെ അമ്മ മേരിക്കും പെൺമക്കൾക്കും നല്കിയിരിക്കുന്നത്. മേരി ജെയ്ൻ, മേരി  ജോയ്സ്, ആൻമേരി, റോസ്മേരി, തുടങ്ങിയ മേരിയുടെ പരമ്പരകളിലൂടെ അവരനുഭവിക്കുന്ന പീഢനവഴികളെ, സഹനങ്ങളെ ആവിഷ്ക്കരിക്കുകയായിരുന്നു. എന്നും വീട് തൂത്തുവാരിക്കൊണ്ടിരിക്കുന്ന അമ്മ മേരി ആത്മരോഷത്തോടെ പറഞ്ഞുകൊണ്ടിരിക്കും. “ഈ ഭൂമിയിപ്പം കൊള്ളരുത്താത്തവരുടെ കൈകളിലാ വന്ന് പെട്ടിരിക്കുന്നേ. കണ്ടില്ലേ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നത്.” അമ്മ മേരിയുടെ അഗാധസങ്കടങ്ങൾ നിറഞ്ഞ ഈ വാക്കുകളിൽ നാടകമുണ്ട്. ഈ വാക്കുകളിൽ റോസ്മേരി പറയാനിരുന്നതിന്റെ ട്ടോട്ടാലറ്റി അത്രയും ഉണ്ട്. അന്ന് കളിക്കാൻ കഴിയാതെപോയ ആ നാടകം കേരള സംഗീതനാടക അക്കാദമി സംസ്ഥാനതല നാടകമത്സരത്തിൽ കോഴിക്കോട് ദേശപോഷിണി വായനശാല അവതരിപ്പിച്ചു. മികച്ച നടിക്കും മികച്ച നാടകാവതരണത്തിനും മികച്ച രചനയ്ക്കുമുള്ള രണ്ടാം സമ്മാനം നേടി. എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് ഞാൻ ഏറെ ആരാധിക്കുന്ന ഇടശ്ശേരിയുടെ പേരിലുള്ള പുരസ്ക്കാരത്തിന് ആ കൃതി അർഹമായി എന്നതാണ്. അതുപോലെ കേരള യൂണിവേഴ്സിറ്റി പി.ജിക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്കും അത് പാഠപുസ്തകമാക്കി.

 

താങ്കളുടെകാഴ്ചപ്പാടിൽ ഒരു രചിതപാഠം രംഗപാഠത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടത്

എങ്ങനെയാണ്?  

എഴുത്തു തരുന്ന വലിയ ഒരു സ്വാതന്ത്ര്യമുണ്ട്. നമുക്ക് ഭാവനയിൽ അതിരുകളില്ലാതെ പാറിപ്പറക്കാം. അതൊക്കെയും എഴുതി വയ്ക്കാം. പക്ഷേ, ആ എഴുത്തിനെ പ്രായോഗികമാക്കുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. അരങ്ങിന്റെ ഇത്തിരിപ്പോന്ന അതിരുകളിലേക്കാണ് സ്ഥലകാലങ്ങളെ (Space and time) നാം കൊണ്ടുവരേണ്ടത്. രചിതപാഠത്തിൽനിന്ന് (Text) രംഗപാഠത്തിലേക്ക് (Theatre text) വരുമ്പോൾ എന്നെ സംബന്ധിച്ച് ആദ്യം അപ്രത്യക്ഷമാകുന്നത് ഈ ടെക്സ്റ്റ് തന്നെയാണ്. എഴുതി വച്ചതല്ലാത്തത് കടന്നുവരികയും വന്നുവന്ന് നേരത്തെ തയാറാക്കിവച്ച ടെക്സ്റ്റ് തന്നെ ഇല്ലാതായെന്നുവരും. അങ്ങനെയാണ് സംഭവിക്കേണ്ടതും. പണ്ട് കലാസമിതകളുടെ വാർഷികത്തിനും മറ്റും അവതരിപ്പിക്കാൻ അച്ചടിച്ച നാടകപുസ്തകങ്ങൾ കൊണ്ടുവരും. അതിൽ നാടകകൃത്തിന്റേതായ ഒരു കുറിപ്പു കാണും. ഇതിലെ സംഭാഷണഭാഗങ്ങളോ വരികളോ വെട്ടിമാറ്റുകയോ ചെയ്യുന്നത് രചയിതാവിന്റെ അറിവോടുകൂടിയായിരിക്കണമെന്നോ മറ്റോ. ആ കാലങ്ങളിലെ നാടകസംവിധായകർ ഒരു പ്രോംപ്റ്ററുടെ ജോലിയല്ലേ ചെയ്തു കൊണ്ടിരുന്നത്. അരങ്ങത്ത് നിന്നുകൊണ്ടുള്ള കാര്യം പറച്ചിലായിരുന്നില്ലേ നാടകം? നാടകവളർച്ചയിൽ എന്തൊക്കെ മാറ്റങ്ങൾ വന്നു? ഒരു രചനയിൽനിന്ന് ആദ്യവായനയിൽത്തന്നെ ആ നാടകം വികസിപ്പിക്കേണ്ട ഒരാശയത്തിന്റെ സ്പാർക്ക്  കിട്ടും. അതുവച്ചാണ് മുമ്പോട്ട് നീങ്ങേണ്ടത്. സെറ്റ് ഡിസൈനും മറ്റു ഘടകങ്ങളും ആ നാടകത്തിനു വേണ്ടുന്ന ടെക്നീഷ്യൻസുമൊത്തുള്ള ചർച്ചയിൽ നിന്നു രൂപപ്പെടുത്താം. സംവിധാനം ചെയ്യുന്ന ഒരാൾക്ക് ഇതേക്കുറിച്ചുള്ള ധാരണയുണ്ടാവും. പ്രൊഡക്ഷൻ ഡിസൈനർ, പ്രൊഡക്ഷൻ മാനേജർ, ആർട്ട് ഡയറക്ടർ, കോറിയോഗ്രാഫർ, ലൈറ്റ് ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർമാർ, ചമയം തുടങ്ങി ഒട്ടേറെപ്പേർ ഇതിൽ ജോലി ചെയ്യണ്ടതുണ്ട്. അതാതു മേഖലകളിലെ പ്രതിഭകളുടെ സങ്കലനമാണ് ഒരോ അവതരണവും. ഗ്രാമീണ കലാവേദികളുടെ നാടകാവതരണങ്ങളിൽനിന്നു നാം ഏറെ മുമ്പോട്ട് പോയിരിക്കുന്നു. അവർ ഉഴുതുമറിച്ചിട്ട, നാടകവിത്തിട്ട ആ നാടകമണ്ണിലൂടെയാണ്  നമ്മുടെ നാടകയാത്ര. എന്റെ കുട്ടിക്കാല നാടകരാത്രികളിൽ സി.എൽ.ജോസ്, മരട് രഘുനാഥ്, മുഹമ്മദ് പുഴക്കര, പറവൂർ  ജോർജ് തുടങ്ങിയ പ്രശസ്ത നാടകകൃത്തുക്കളോടൊപ്പം പ്രാദേശിക നാടകകൃത്തുക്കളും കാണും. ഇവരിൽനിന്നൊക്കെയാണ് ഞാൻ നാടകലോകത്തേക്ക് പിച്ചവയ്ക്കുന്നത്. ഇവരുടെയൊക്കെ എഴുത്തിനെ എന്റെ ഇച്ഛയ്ക്കൊത്ത് മാറ്റിപ്പണിതാണ് ഞാനെന്റെ അവതരണ വഴികളിലേക്ക് എത്തുന്നത്. ആദ്യ എഴുത്തിനെ ഒരു ബ്ലൂ പ്രിന്റായിട്ട് മാത്രം കണ്ടാൽ മതി. അവതരണഭൂമിയിലേക്ക് ചെന്നെത്തേണ്ടത് രംഗപാഠമാണ്. അവിടേക്കുള്ള ദൂരം ഒരോ സംവിധായകരുടെ ഇച്ഛയ്ക്കൊത്തിരിക്കും. അതാണ് വേണ്ടത്. ഇപ്പോൾ മിക്ക അവതരണങ്ങളും ഉണ്ടാവുന്നത് ചില ആശയങ്ങളിൽനിന്നാണ്. അതു നടന്മാരും സംഘമായുള്ള ചർച്ചയിൽനിന്നു രൂപപ്പെടുകയും രംഗപാഠത്തിലേക്ക് വളരുകയും ചെയ്യുന്നുണ്ട്. സ്വഭാവികമായും ചോദ്യം ഉയർന്നുവരാം. അപ്പോൾ  രചന ഉണ്ടാവുന്നുണ്ട്. എഴുത്തിലല്ല ചെയ്ത്തിലാണെന്നു മാത്രം. ഈയൊരു രീതി നല്ല റിസൽട്ട് തരുന്നുണ്ട്. ഇത് ഞാൻ നേരത്തെ പരീക്ഷിച്ചതാണ്. ‘ഒച്ചുകൾ മെല്ലെ ഇഴയുന്നതെന്തു കൊണ്ട്’ എന്ന നാടകം ഒരു ആശയത്തിൽനിന്നാണ് വികാസം പ്രാപിക്കുന്നത്. അതിന് എഴുതിവച്ച ഒരു സ്കിപ്റ്റ് ഇല്ലായിരുന്നു. ആ നാടകത്തിനായിരുന്നു ബി-സോണിനും ഇന്റർസോണിനും മികച്ച നാടകത്തിനുള്ള അംഗീകാരം ലഭിച്ചത്.

 

സ്കൂൾ,കോളേജ് കലോത്സവ നാടകവേദികൾ ആയിരുന്നു ഒരുകാലത്ത് മികച്ച നാടകങ്ങൾ സംഭാവന ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഗ്രേസ് മാർക്ക് കിട്ടാൻ വേണ്ടിയുള്ള കടിപിടികളായി കലോത്സവവേദികൾ മാറിയപ്പോൾ സർഗാത്മകത തൊട്ടുതീണ്ടാത്ത ഒരുകൂട്ടം ക്രിമിനൽ മാഫിയകളുടെയും യോഗ്യതയില്ലാത്ത വിധികർത്താക്കളുടെയും കൈകളിലാണ് പല കലോത്സവ നാടകവേദികളും. അപചയത്തിന് കാരണമെന്താണ്?

 

ഒരിക്കൽ കേരളത്തിലെ കലാലയങ്ങളാണ് കേരളീയ രാഷ്ട്രീയത്തിലെ ജീർണതകളെ എടുത്തിട്ട് കുടഞ്ഞത്. ക്യാമ്പസ് തിയേറ്റർ കത്തിനിന്ന കാലങ്ങളായിരുന്നു അത്. കേരളം എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ ചലിക്കണമെന്നും കേരളത്തെ വിളിച്ചറിയിച്ചത് അക്കാലത്ത് ജ്വലിച്ചുനിന്ന ക്യാമ്പസ്സ് തിയേറ്ററുകളാണ്. മികച്ച നാടങ്ങളിലൂടെ കുട്ടിത്വവും ലാളിത്യവും ഇഴചേർന്ന സമ്പന്നമായ യുവജനോത്സവ അരങ്ങുകൾ. മാറിവരുന്ന കാലത്തിന്റെ തിയേറ്റർ സാധ്യതകളിലൂടെ പുതിയ ദൃശ്യബോധത്തിന്റെ അന്വേഷണ വഴികളിലേക്ക് സഞ്ചരിച്ച അമ്വേച്ചർ നാടകവേദി എന്ന സ്നേഹ നാടകവേദി.

 

പിന്നെ പ്രഫഷണൽ നാടകവേദി; കെ.പി.എ.സി നാടകവളർച്ചയുടെ ആ കാലങ്ങളിൽനിന്നുതന്ന നാടകവേദിയുടെ ഇത്തിരി ചതുരങ്ങളിൽനിന്നു അവർക്കിപ്പോഴും മാറാൻ കഴിഞ്ഞിട്ടില്ലെന്നത് വളരെ സങ്കടകരം. സിനിമയോടു മത്സരിക്കുന്ന അവതരണ ശ്രമങ്ങളിൽനിന്നു അവർക്ക് വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ചില മികച്ച അവതരണ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പറയാതെ വയ്യ. അത് അഭിനന്ദനാർഹം തന്നെയാണ്. സ്കൂൾ, കലാലയ, അമേച്ച്വർ,  പ്രഫഷണൽ വേദികളിലായി   വർഷാവർഷം ആയിരക്കണക്കിന് പുതിയ നാടകങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകനാടകവേദിയിൽത്തന്നെ ഇതൊരു അപൂര്‍വസംഭവമാണ്. ഒരോവർഷവും മലയാളത്തിൽ ആയിരക്കണക്കിന് പുതിയ രചനകളുണ്ടാവുന്നുണ്ടെന്നത് വലിയ ഒരു സംഭവം തന്നെയല്ലേ?   എന്നിട്ടും ലോക നാടകവേദിയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ, നാടകരചനകൾ എവിടെ നില്ക്കുന്നുവെന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. വർഷാവർഷം നമ്മുടെ നാടകവേദി ഇങ്ങിനെ എണ്ണമറ്റ അവതരണങ്ങളിലൂടെ കടന്നുപോരുമ്പോഴും നാടകവർത്തമാനങ്ങൾ ഏറെ ആഹ്ലാദകരമാവുമ്പോഴും മലയാളനാടകവേദി കടന്നുപോകുന്നത് അരാഷ്ട്രീയ നാടകങ്ങളിലൂടെയാണെന്നു പറയാതെവയ്യ. സ്കൂൾ,കലാലയ അരങ്ങുകളിൽ കാലങ്ങളായി മാറ്റുരയ്ക്കുന്നത്, മത്സരം ജയിച്ചുവരാനുള്ള മത്സര ഉത്പന്നങ്ങൾ മാത്രമാണ്. അമേച്ച്വർ വേദിയിലാവട്ടെ വിദേശനാടകങ്ങൾ അനുകരിക്കാനുള്ള ശ്രമങ്ങളിൽ കാടുകയറുന്ന ചില വികൃതാനുകരണശ്രമങ്ങളും. ഇതിനിടെ സംഭവിക്കുന്ന ചില മികച്ച അവതരണശ്രമങ്ങളെ മറന്നുകൊണ്ടല്ല പറയുന്നത്. നമ്മുടെ ജീവിതാവസ്ഥയുടെ നാനാതുറകളിലും നമുക്ക് കാണാനാവുന്നത് പരുപരുത്ത ജീവിതാവസ്ഥകളെ പൊതിഞ്ഞുവച്ചുള്ള മറച്ചുവച്ചുള്ള വര്‍ണവിസ്മയങ്ങളുടെ കാഴ്ചകളാണ്. അതു നാടകമാവട്ടെ മറ്റ് എഴുത്തുമേഖലകളാവട്ടെ അവതരണമേഖലകളാവട്ടെ കായികരംഗത്താവട്ടെ എവിടെയും കടന്നുകയറിയിരിക്കുന്നു. ഈ കടന്നുകയറ്റം കോർപ്പറേറ്റ് ഭീകരതയുടെ അജണ്ടയാണ്. നാം നമ്മുടെ നാടകങ്ങളിലൂടെയും എഴുത്തുകളിലൂടെയുമൊക്കെ ഫാസിസം നമ്മുടെയൊക്കെ വീട്ടുപടിക്കലെത്തിയിരിക്കുന്നുവെന്ന് ആഞ്ഞു പറയുമ്പോഴും അതു നമ്മുടെയൊക്കെ തലച്ചോറിൽ കയറി പൊട്ടിയിരിക്കുന്നുവെന്ന പരമസത്യം നമ്മളറിയുന്നില്ല. നമ്മുടെ ചോരയിൽ, ചിന്തകളിൽ അറിയാതെ അതു അലിഞ്ഞുചേർന്നിരിക്കുന്നു. ഇരയേത് വേട്ടക്കാരനേത് എന്നറിയാത്ത ഒരു വിഭ്രാത്മകതയുടെ ലോകത്തേക്കാണ് കോർപ്പറേറ്റ് ദല്ലാളന്മാർ നമ്മെ വലിച്ചിഴച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം നീറുന്ന ഒരവസ്ഥയെ മറികടക്കാനെന്തുവഴി എന്നാണ് ഒരോ നാടകക്കാരനും അന്വേഷിക്കേണ്ടത്. അല്ലാതെ മത്സര അരങ്ങിൽ ആവശ്യമില്ലാതെ വിഴുപ്പലക്കാനല്ല സമയം കണ്ടെത്തേണ്ടത്. പ്രതിരോധത്തിന്റെ സമരായുധമായി നാടകത്തെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്.

 

വീടായ വീട്ടിൽ നിന്നെല്ലാം/പൂക്കൾക്ക് പകരം/ഉരുകിയ ലോഹമൊഴുകുന്നു./കുഞ്ഞുങ്ങൾ/പാവം കുഞ്ഞുങ്ങൾ/ ഉരുകിത്തീരുന്നു.” ‘ഇലകൾ മഞ്ഞ, പൂക്കൾ പച്ച’ എന്ന നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്.  പറക്കാൻ മോഹിച്ച കുഞ്ഞുങ്ങൾ കളിസ്ഥലങ്ങൾ നഷ്ടമായി ഫ്ലാറ്റിനുള്ളിൽ ഉരുകിത്തീരുന്ന കഥ പറഞ്ഞ നാടകം എഴുതിയ കാലത്തിൽ നിന്നു പുതിയ കാലത്തെ കുഞ്ഞുങ്ങളിലേക്ക് നോക്കുമ്പോൾ എന്താണ് തോന്നുന്നത്?

 

സൂപ്പർമാൻ ആകാൻ കൊതിച്ച് ആ വേഷവുമണിഞ്ഞ് ബോംബയിലെ പതിനെട്ടോളം നിലകളുള്ള ഒരു ഫ്ലാറ്റിൽനിന്നു പറന്നു താഴേക്കുവീണ് ചിന്നിച്ചിതറിയ ഒരു  നാലാം ക്ലാസുകാരന്റെ ദുരന്തകഥ ചാനലുകാരും പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ആ സംഭവമാണ് കോഴിക്കോട് ചീനംവീട് സ്കൂളിലെ കുട്ടികൾക്കായി നാടകമാക്കുന്നത്. കുട്ടികളുടെ മാറ്റവും പതിവുരീതിവിട്ടുള്ള കുട്ടികളുടെ നാടകാവതരണത്തിന്റെ മാറ്റവും ആ നാടകത്തിനുണ്ട്. ആകെ മാറിപ്പോയ കുട്ടികളുടെ കഥ പറയുന്നതുകൊണ്ട് പേരിലും ആ ഒരു മാറ്റം വരുത്തി. ‘ഇലകൾ മഞ്ഞ, പൂക്കൾ പച്ച’ കളിസ്ഥലങ്ങൾ നഷ്ടമായ, സ്വാതന്ത്ര്യം നഷ്ടപ്പെട്ട, പഠിക്കാൻ മാത്രമുള്ള ഉപകരണങ്ങളായി മാറുന്ന കുട്ടികളുടെ മാനസികാവസ്ഥയുണ്ടല്ലോ? ഫ്ലാറ്റിലെ ഇത്തിരി ചതുരങ്ങളിൽ എ.സിയുടെ തണുപ്പിലും അവർ ഉരുകിയൊലിച്ച് ആകാശത്തിന്റെ അനന്തതയിലേക്ക് പറക്കും. സ്വാതന്ത്ര്യത്തിന്റെ ഒരു ലോകത്തേക്ക്. അതാണ് ആ നാടകം. തീർച്ചയായും പുതിയ കാലത്തെ കുട്ടികളിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. നമ്മുടെ കുട്ടിക്കാലം വച്ച് അവരെ അളക്കാതിരുന്നാൽ മതി. ഒരു നേഴ്സറിക്കുട്ടി വളരെ എളുപ്പത്തിൽ ഐഫോൺ ഉപയോഗിക്കുന്ന കാലമാണിത്. എനിക്കെന്റെ ഫോൺ ഇപ്പോഴും ഉപയോഗിക്കാനറിയില്ല. ഒരുതരം പേടി. അങ്ങനെ പല കാര്യങ്ങളിലും എന്നെ പിറകോട്ട് വലിക്കുകയാണ്. പുതിയ കുട്ടികൾ മുമ്പോട്ടാണ് കുതിക്കുന്നത്. ഈയൊരു തിരിച്ചറിവു മതി പുതിയ കാലത്തിന്റെ കുട്ടിയെ അറിയാൻ. പ്രധാനമായും അവർക്കു നഷ്ടപ്പെടുന്നത് സ്നേഹമാണ്. ഒരു മെഡിക്കൽ ജേർണലിൽ വായിച്ചതാണ്, നാം നമ്മുടെ കുട്ടികളെ ചേർത്തുപിടിച്ച് സ്നേഹത്തിന്റെ രണ്ടുവാക്കു പറയാൻ മറന്നുപോയിരിക്കുന്നു എന്ന്. നമ്മുടെ തിരക്കുതന്നെ കാരണം. കുട്ടികളുമായി ബന്ധപ്പെട്ട പല ക്രൈമുകളും ഒളിച്ചോട്ടവും, ലഹരിക്ക് അഡിക്റ്റാവലും മറ്റു ദുരന്തങ്ങളുമൊക്കെ സംഭവിക്കുന്നത് ഈ സ്നേഹനിരാസമാണ്. ഒന്നുംവേണ്ട അവരെ മനസ്സറിഞ്ഞ് സ്നേഹിക്കുക, ചേർത്തുപിടിക്കുക. അവർ നമ്മോടൊപ്പം ഉണ്ടാകും. കുട്ടികൾക്കുവേണ്ടി അടുത്തിടെ എഴുതിയ ‘വീടിപ്പോൾ നിശ്ശബ്ദമാണ്’ എന്ന നാടകം പറയുന്നത് അതാണ്.

 

ഒരു ജനതയുടെ ദ്രവിച്ചുപോകുന്ന ബോധത്തെ രാകി മൂർച്ചപ്പെടുത്താൻ നാടകം എന്ന വിശുദ്ധ കലയ്ക്കേ കഴിയൂ എന്ന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പുതിയകാല നാടകപ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ നവീകരണം സാധ്യമാണോ?

 

സ്വയം ആഹ്ലാദിക്കപ്പെടുന്നവരുടെയും ആഘോഷിക്കപ്പെടുന്നവരുടെയും ഒരു വലിയ നിരതന്നെ ലോകമെങ്ങും രൂപപ്പെട്ടു കൊണ്ടിരിക്കയാണ്. ആത്മരതിയുടെ രതിമൂർച്ചയിൽ സ്വയം വിളംബരംചെയ്യപ്പെട്ട് ഒരോരുത്തരുടെയും വിരൽത്തുമ്പ് തേഞ്ഞുപോയിരിക്കുന്നു. സോഷ്യൽമീഡിയയുടെ അനന്തമായ ആകാശപ്പരപ്പിൽ പാറിപ്പറക്കുമ്പോൾ പതിക്കാൻ പോകുന്ന ആഴത്തിന്റെ വ്യാപ്തി ആരും അറിയുന്നില്ല. വൻകിട കോർപ്പറേറ്റ് കമ്പനികൾ സ്വപ്നസദൃശ്യമായ ഒരു ലോകം മലർക്കേ തുറന്നിട്ടുതന്ന് നമ്മെ നാം അറിയാതെ വിഭ്രാത്‌മകമായ ഒരു ലോകത്തേക്ക് തള്ളി വീഴ്ത്തിയിരിക്കുകയാണ്. ചിരിപ്പിച്ച്, കൊതിപ്പിച്ച് വർണാഭമായ കാഴ്ചകളാൽ ഇതുവരെ കേട്ടിട്ടില്ലാത്ത മോഹനവാഗ്ദാനങ്ങളാൽ വിപണി ലോകമെങ്ങുമുള്ള മനുഷ്യരെ ചുറ്റിപ്പിണയുകയാണ്. നാം അവരുടെ കളിപ്പാട്ടങ്ങളായി മാറിപ്പോയിരിക്കുന്നു. അല്ലെങ്കിൽ അവർ അങ്ങിനെ മാറ്റിയിരിക്കുന്നു (Big Toys). നമ്മുടെ കണ്ണീരിനും സ്വപ്നങ്ങൾക്കുംവരെ സ്പോൺസേഴ്സുള്ള ഈ കാലത്ത്, എല്ലാം വിൽക്കപ്പെടുന്ന ഈയൊരു കാലത്ത് നേരിന്റെ നേർകാഴ്ച്ചയായ നാടകംപോലും നമ്മുടെ കാഴ്ചകളിലേക്ക് എഴുന്നള്ളിയെത്തുന്നത് അവരുടെ ചെലവിലാണ്. കോർപ്പറേറ്റ് ദല്ലാളന്മാരുടെ ആർത്തിപൂണ്ട ചോരക്കണ്ണുകൾ എല്ലാം അവരുടെ വരുതികളിലേക്ക് അടുപ്പിക്കുകയാണ്.

 

ലോകത്തിലെ ഭരണകൂടങ്ങളത്രയും ഇത്തരം കോർപ്പറേറ്റ് ഭീമന്മാർക്ക് ഓശാനപാടി ദാസ്യവേല ചെയ്യുമ്പോൾ അതിനെതിരെ എഴുതുകയെന്നത്, പൊരുതുകയെന്നത് സർഗാത്മഗതയുടെ രാഷ്ട്രീയം തന്നെയാണ്. വിട്ടുവീഴ്ചയില്ലാതെ ശക്തമായ നിലപാടുകളിലൂടെ യാത്ര തുടരുന്ന ലോകമെങ്ങുമുള്ള ഒട്ടേറെ നാടകക്കാരെ സാക്ഷിനിർത്തി ഞാൻ പറയട്ടെ, പൊടിഞ്ഞുതീരുന്ന ഈ ലോകത്തിന് പ്രതീക്ഷയുടെ പ്രത്യാശയുടെ വെളിച്ചം പകർന്നുതരുന്നത് നാടകക്കാരാണ്, നാടകങ്ങളാണ്.

 

ആവിഷ്കാര സ്വാതന്ത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിൽ നിന്നുമാണ് നമ്മൾ സംസാരിക്കുന്നത് ‘കക്കുകളി’ പോലെയുള്ള മികച്ച പല നാടകങ്ങൾക്കും അരങ്ങുകൾ നിഷേധിക്കപ്പെട്ട വാർത്ത സമീപകാലത്തും നമ്മൾ വായിച്ചു. പുതിയകാലത്ത് നാടക പ്രവർത്തനം നടത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ആകുലതകൾ വേട്ടയാടപ്പെടുന്നുണ്ടോ?

 

‘കക്കുകളി’ക്ക് മുമ്പേ ആ ഒരു വിഷയം കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചവനാണ് ഞാൻ. ‘റോസ്മേരി പറയാനിരുന്നത്’ എന്ന നാടകത്തിലൂടെ.   അന്നത്തേതിലും കാലം ഏറെ ഇരുണ്ടുപോയിരിക്കുന്നു. ഇന്ന് ഏതു വിഷയം പറയുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എഴുതുമ്പോൾ ആ ഒരു ആശങ്ക എന്നിലുണ്ട്. നാം അറിയാതെ ഒരാൾ നമ്മെ നിയന്ത്രിക്കുന്നുണ്ടെന്നു തോന്നിയാൽ അതു നമ്മളെ ബാധിക്കും. ആ ഒരു ബോധത്തെയാണ് ഞാൻ എന്നിൽനിന്ന് എടുത്തെറിയാൻ ശ്രമിക്കുന്നത്. ഇത് എല്ലാം നിശ്ശബ്ദമാക്കപ്പെടുന്ന കാലമാണ്. ആ ഒരു നിശ്ശബ്ദതയെയാണ് ഞാൻ എന്റെ എഴുത്തിലൂടെ നാടകങ്ങളിലൂടെ ഭേദിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

 

‘കറുത്ത പക്ഷിയുടെ പാട്ട്’ ഒരു തനതുനാടകം ആയിരുന്നല്ലോ. പിന്നീട് അത്തരത്തിലുള്ള പരീക്ഷണങ്ങൾ ഒന്നും നടത്തിയിട്ടില്ലേ?

 

കേരളം അന്ന് ദലിത് എന്ന പദം ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അക്കാലത്താണ് ഒരു ദലിത് പെൺകുട്ടിയുടെ, അടിയാള പെൺകുട്ടിയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ ഞാൻ അരങ്ങിലേക്ക് കൊണ്ടുവന്നത്. കീഴ്പ്പെടുമോന്നു ചോദിച്ച വാഴ്ന്നോർക്കുനേരെ അവൾ പണിയായുധമുയർത്തി. അധികാരപ്രമത്തതയ്ക്കെതിരെ ഒരു ജ്വാലയായി ജ്വലിച്ചുയർന്ന തേയി യെന്ന പുലയപ്പെണ്ണിനെ ചുട്ടെരിച്ചുകൊന്ന് ദൈവമാക്കി മാറ്റിയ ഫ്യൂഡൽ പാരമ്പര്യത്തിനെതിരെയുള്ള എന്റെ ആഞ്ഞുള്ള പ്രഹരമായിരുന്നു എന്റെ ‘കറുത്തപക്ഷിയുടെ പാട്ട്’ എന്ന നാടകം. അളിഞ്ഞ് ജീർണിച്ച ആ പഴയ ഫ്യൂഡൽ പാരമ്പര്യത്തിൽനിന്നു താമസിയാതെ മറ്റൊരു രചന കൂടി വരുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും തത്കാലം പോകുന്നില്ല.

 

സതീഷ് കെ. സതീഷിന് എന്താണ് നാടകം?

 

അതൊരു വല്ലാത്ത ചോദ്യമാണ്. നാടകമാണ് എന്നെ ഞാനാക്കിയത്. നാടകമില്ലെങ്കിൽ ഞാനില്ല. ഞാൻ നാടകത്തിലേക്ക് എത്തിപ്പെട്ടിരുന്നില്ലെങ്കിൽ, കോഴിക്കോട്ടങ്ങാടിയിലെ ഏതോ തുന്നൽക്കടയിൽ എന്റെ ജീവിതം ഒടുങ്ങിയേനേ. കോടികളുടെ ബാങ്ക് ബാലൻസ് ഇല്ലെങ്കിലും ഞാൻ സമ്പന്നനാണ് ലോകമെങ്ങുമുള്ള നാടക സൗഹൃദങ്ങളിൽ.