ബത്തക്കത്തെയ്യം സുറാബ്

കവിത


കുഞ്ഞിത്തെയ്യം

കുറുമാട്ടിത്തെയ്യം

കൂക്കിവിളിത്തെയ്യം

മാപ്ലത്തെയ്യം.


തെയ്യങ്ങൾ പലവിധം. 

അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും.


കണ്ടതും കേട്ടതും തെയ്യം.

എല്ലാതെയ്യങ്ങൾക്കും

ഒരേ പ്രാർത്ഥന.

” ഗുണം വരണം, മാലോകർക്ക്, പൈതങ്ങൾക്ക് “.


ബത്തക്കത്തെയ്യം 

2അസർ നിസ്ക്കാരത്തിനു പള്ളിയിൽ പോയി.


നെറ്റിയിൽ മുഖത്തെഴുത്തല്ല,

നിസ്ക്കാരത്തഴമ്പ്.

ചമയം ചുകന്ന പട്ടല്ല,

വെളുത്ത കൈലിയും ബനിയനും.

തലയിൽ കിരീടമില്ല,

ഇസ്തിരിത്തൊപ്പി.

അരമണികൾക്കു പകരം

പച്ച അരപ്പട്ട.


നിസ്ക്കാരം കഴിഞ്ഞു

നേരെ പോയത് ചന്തയിലേക്ക്.

ചുമടിറക്കുന്ന നാണുവിന് നടുവേദന.

കിടപ്പിലാണ്.

ഒന്നും ആലോചിച്ചില്ല,

എല്ലാ ചുമടും ഒറ്റയ്ക്കിറക്കി

അതിന്റെ കൂലിയുമായി 

നാണുവിന്റെ മുറ്റത്തേക്ക്.

“കാക്കണേ, പൈതങ്ങളെ,

ഗുണം വരണേ 3ബദരീങ്ങളേ….”


പിറ്റേന്ന് സൈക്കിൾ യജ്ഞക്കാരൻ വീണു.

അങ്ങാടിയിൽ പുതിയൊരഭ്യാസം.

സൈക്കിൾ ആകാശത്തിൽ കറക്കി

നിലത്തിട്ടു കുലുക്കി.

4യാറബ്ബുൽ ആലമീൻ.

എന്തൊരുശിര്, തുട്ടുകൾ തുരുതുരാ.


തീർന്നില്ല, ഓട്ടൊ പായുന്നു കുന്നിലേക്ക്.

യാത്രക്കാരി, ഗർഭിണി.

ഓട്ടൊ നിന്നു കുന്നിനു താഴെ.

എന്തോ തകരാറ്,

മുന്നോട്ട് പോകുന്നില്ലൊട്ടും.

ഒറ്റവലിക്കു പിടിച്ചു കുന്നിലേക്ക്.

അവിടെയാണാശുപത്രി.

സുഖപ്രസവം,

അമ്മ കുഞ്ഞിനെ മുലയൂട്ടുന്നു. 


മടങ്ങിവരുമ്പോൾ

തലേന്നിറക്കിയ ചെമ്പല്ലിക്കൂട് പൊക്കി.

എല്ലാവർക്കും വരമുണ്ട്,

ചോദിച്ചവർക്കും ചോദിക്കാത്തവർക്കും.

പിടയ്ക്കുന്നു ചെമ്പല്ലി, തിരുത.

വാരിക്കൊടുത്തു, പലർക്കും. 

ഒടുവിൽ വീടണയുമ്പോൾ

അരപ്പട്ടയിൽനിന്നു ചില്ലറയെടുത്തു,

വാങ്ങി നങ്കും നത്തോലിയും.


ഈ തെയ്യം കാണാൻ പച്ച

ഉള്ളുനിറയെ ചോപ്പ്.

നാട്ടിൽ പുതിയൊരു പേര് വീണു,

ബത്തക്കത്തെയ്യം.


നാളും നേരവും ഇരുണ്ടു.

ചെണ്ടയില്ല, ചേമ്പിലയും

വായ്‌ക്കുരവയാൽ നിവേദ്യം,

അരിയും പൂവും 

കാവുതീണ്ടൽ സമാഗമം.


1) ബത്തീഖ് എന്ന അറബി വാക്കാണ് ബത്തക്ക. ചിലയിടത്ത് വത്തക്ക എന്നും പറയും.

2) അസർ നിസ്ക്കാരം – വൈകുന്നേരത്തെ പ്രാർത്ഥന.

3) ബദരീങ്ങൾ – ബദർ യുദ്ധത്തിലെ പോരാളി.

4) യാറബ്ബുൽ ആലമീൻ – എന്റെ പ്രിയപ്പെട്ട നാഥാ.