മാർകേസും അപൂർണമായ അവസാനനോവലും – എൻ.ഇ.സുധീർ 

മൊഴിയാഴം


അന മഗ്‌ദലേന ബക് ഭർത്താവിനോടും കുട്ടികളോടുമൊപ്പം സുഖമായി ജീവിക്കുകയാണ്. 27 കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽപ്പോലും അവൾ വിശ്വാസവഞ്ചന നടത്തിയിട്ടില്ല.  അമ്മയുടെ മരണത്തിനുശേഷം എല്ലാ ആഗസ്റ്റിലും അമ്മയെ അടക്കംചെയ്ത ഒരു കരീബിയൻദ്വീപിലേക്ക് അവൾ  ഒറ്റയ്ക്ക് യാത്ര പോകാറുണ്ട്. ഈ ഓരോ യാത്രയിലും അവൾ പതിവുകൾ തെറ്റിക്കാറില്ല. എല്ലാവർഷവും ആഗസ്റ്റ് 16-ന് അവിടെയെത്തി, ഒരേ ടാക്സിയിൽ യാത്രചെയ്ത്, ഒരേ പൂക്കാരനിൽനിന്ന് ഒരേതരം പൂക്കൾവാങ്ങി അമ്മയെ അടക്കംചെയ്ത ശ്മശാനത്തിലെത്തി കല്ലറയിൽച്ചെന്ന് അമ്മയുടെ ഓർമയിൽനിന്നുകൊണ്ട് കഴിഞ്ഞുപോയവർഷത്തെ കുടുംബ സംഭവങ്ങളെപ്പറ്റി അമ്മയോട് ചുരുക്കിപ്പറഞ്ഞ്,  ആ രാത്രി അവിടെ തങ്ങി അടുത്ത രാവിലെയുള്ള ബോട്ടിൽ വീട്ടിലേക്ക്  മടങ്ങും. അതിനിടയിൽ  പ്രിയപ്പെട്ട സംഗീതം ആസ്വദിക്കും. ഇഷ്ടപുസ്തകങ്ങൾ കൈയിലുണ്ടാവും. അത് കുറച്ചൊക്കെ വായിക്കും. 


ആദ്യതവണ ദ്വീപിലെ  രാത്രിയിലെ  ഡിന്നറിനുശേഷം  അവൾ അപരിചിതനായ ഒരു പുരുഷനെ ആകർഷിച്ച് തന്റെ മുറിയിലേക്കെത്തിക്കുന്നു. ആ രാത്രി അയാളോടൊപ്പം  കിടക്കപങ്കിടുന്നു. അഥവാ, രതിക്രീഡയിലേർപ്പെടുന്നു. വളരെ ഉത്സാഹത്തോടെയാണ് അവളതിനു നേതൃത്വംകൊടുക്കുന്നത്. തന്റേതല്ലാത്ത ഒരു പുരുഷനോടൊപ്പമാണ് താൻ രാത്രി ചെലവഴിച്ചതെന്ന ചിന്ത അവൾക്കുണ്ടാവുന്നുണ്ട്. അയാളാരെന്നുപോലും അവൾക്കറിയുമായിരുന്നില്ല. ഊരുംപേരുമറിയില്ല.  ആ മാദകരാത്രിയുടേതായി ബാക്കിയുണ്ടായിരുന്നത് അയാളുടെ ശരീരത്തിന്റെ ഗന്ധം മാത്രമായിരുന്നു. രാത്രിയിൽ ഉറങ്ങും മുമ്പ് അയാൾ ചോദിച്ചിരുന്നു: 


“എന്തുകൊണ്ട് ഞാൻ ?”  

“പെട്ടന്നുണ്ടായ ഓരാവേശം ”  അവൾ മറുപടി പറഞ്ഞു.

“നിങ്ങളെപ്പോലൊരു സ്ത്രീയിൽനിന്നു ലഭിക്കുന്ന ഒരംഗീകാരമാണിത്” അയാൾ പറഞ്ഞു. 

“ഓ അപ്പോൾ – അതൊരാനന്ദമായിരുന്നില്ല അല്ലേ ?” 

അവളുടെ ആ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞില്ല. 


സ്വന്തം  നേതൃത്വത്തിൽ നടന്ന രതിയുടെ ആഹ്ലാദത്തിൽ അവളുറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോൾ അയാൾ മുറിയിലുണ്ടായിരുന്നില്ല. എന്നാൽ, അവൾ വായിച്ചുകൊണ്ടിരുന്ന ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള എന്ന  പുസ്തകത്തിന്റെ ഏതോ  താളുകളുടെ ഇടയിൽ അയാൾ വച്ച ഇരുപതു ഡോളറിന്റെ ഒരു നോട്ടുണ്ടായിരുന്നു. അതവളെ വല്ലാതെ അസ്വസ്ഥയാക്കി. താൻ അപമാനിതയായല്ലോ എന്നവൾ ചിന്തിക്കുന്നു. തന്നെ അയാൾ ഒരു വേശ്യയായി കണ്ടതിലുള്ള അസ്വസ്ഥതയോടെയാണ് അവൾ മടങ്ങിയത്. 


ലോകം ഒരിക്കൽക്കൂടി മാർകേസിയൻ ഭാവനയുടെ ലഹരി നുകരുകയാണ്. അദ്ദേഹം മരിച്ചിട്ട് പത്തുവർഷം പിന്നിടുമ്പോൾ അവിചാരിതമായി ലഭിച്ച ഈ ആനന്ദത്തിന് നമ്മൾ മാർകേസിന്റെ മക്കളോട് നന്ദി പറയണം. ഓർമകൾ കടഞ്ഞെടുത്തുകൊണ്ട് വിസ്മയിപ്പിക്കുന്ന ഭാവനാലോകം സൃഷ്ടിച്ച ആ മാന്ത്രികൻ ജീവിതാസ്തമയ കാലത്ത്, തന്നിൽനിന്നു ഓർമകൾ പടിയിറങ്ങി പോയിക്കൊണ്ടിരുന്ന ഒരു കാലത്ത് വലിയൊരു സർഗാത്മക പോരാട്ടത്തിലൂടെ സൃഷ്ടിച്ചെടുത്ത അപൂർണമെന്ന് വിശേഷിപ്പിക്കാവുന്ന  രചനയാണ് ഇപ്പോൾ പുറത്തിറങ്ങിയ  ‘Until August’ എന്ന ഈ ലഘുനോവൽ. 


തന്റെ തൃപ്തിക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾക്കോ, മിനുക്കുപണികൾക്കോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നതിനാൽ നശിപ്പിച്ചേക്കാമെന്ന് അദ്ദേഹത്തിനു തന്നെ തോന്നിയ  ഒരു രചനയാണിത്.  മക്കളത് സൂക്ഷിച്ചുവച്ചു. അച്ഛനു തൃപ്തി തോന്നാത്ത ആ രചന മക്കളുടെ പുനർചിന്തയിലൂടെ പത്തു വർഷങ്ങൾക്കുശേഷം ഇന്നിപ്പോൾ വായനക്കാരിലെത്തിയിരിക്കുന്നു. അവരുടെ ഈ തീരുമാനത്തിന്റെ പിന്നിലെ ശരിതെറ്റുകളെപ്പറ്റിയാണ്  സാഹിത്യലോകം  ഇപ്പോൾ ചർച്ചചെയ്യുന്നത്.  ലോകത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളെല്ലാം ഈ വിഷയത്തിൽ ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യലോകം രണ്ടു തട്ടിലാണ്. അത്തരമൊരു കൃതി പുറത്തു വരുന്നത് അദ്ദേഹത്തിനോട് ചെയ്യുന്ന ഒരു ക്രൂരതയാണെന്ന് ഒരുപക്ഷം. അദ്ദേഹത്തിന്റെ ഒരു രചന എത്ര തന്നെ അപൂർണമാണെങ്കിലും വായനക്കാർക്ക് ലഭ്യമാക്കേണ്ടതാണെന്ന് മറ്റൊരു കൂട്ടർ. സാഹിത്യചരിത്രത്തിൽ ഇത് ഒരു പുതിയ കാര്യമല്ല. സമാനസന്ദർഭങ്ങൾ പല എഴുത്തുകാരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. നബക്കോവ്, ഹെമിങ്‌വേ, കാഫ്ക എന്നിവരുടെ അപൂർണമായ അവസാനരചനകൾ മരണാനന്തരം വർഷങ്ങൾക്കുശേഷം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കാഫ്കയുടെ കാര്യത്തിൽ അവയെല്ലാം മികച്ചവയുമായിരുന്നു.  അപൂർണമായ അവസാനരചനയെ  മാത്രമെടുത്ത് ആ എഴുത്തുകാരെ വിലയിരുത്തുമ്പോൾ  പ്രതിസന്ധിയുണ്ടാകുമെന്നേയുള്ളൂ. അങ്ങനെയാരും ചെയ്യാറില്ലല്ലോ. 


മാർകേസിന്റെ ഈ രചന അപക്വമായ ഒന്നാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാലതിൽ ചിലേടത്തൊക്കെ ആ പ്രതിഭാശാലിയുടെ  കൈമുദ്രങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അദ്ദേഹം സൃഷ്ടിക്കാറുള്ള മധുരമായ ഒരു സൗന്ദര്യതലം ഈ ചെറിയ രചനയിലും കാണാൻ കഴിയുന്നുണ്ട്. ജിവിതത്തിന്റെ വേറിട്ട ഒരു സൗന്ദര്യം പ്രകാശിതമാക്കാനാണ് മാർകേസ് ഈ കൃതിയിലൂടെയും ശ്രമിക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.  മധ്യവയസ്കയായ ഒരു സ്ത്രീയുടെ നാലഞ്ചുവർഷത്തെ ജീവിതമാണ് നോവലിലെ പ്രമേയം. അവൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും  കാണിച്ചുതരാനാണ് മാർകേസ്  ശ്രമിച്ചിരിക്കുന്നത്. 


സാമാന്യം നല്ലൊരു വായനാനുഭവമായി നില്ക്കുമ്പോഴും ഒരു നോവലിന്റെ പൂർണത ഇതിനില്ല എന്നത് യാഥാർഥ്യമാണ്. അപൂർവം ചില സന്ദർഭങ്ങൾ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അന ബക് എന്ന പ്രധാന കഥാപാത്രമൊഴികെ മറ്റൊരു കഥാപാത്രസൃഷ്ടിയും മികവാർന്നതായി തോന്നിയില്ല. ആഖ്യാനത്തിൽ പലേടത്തും കല്ലുകടി അനുഭവപ്പെടുന്നുമുണ്ട്. സന്ദർഭങ്ങൾ പലതും മാർകേസിന്  ഉദ്ദേശിച്ചതുപോലെ മികവുറ്റതാക്കാൻ സാധിച്ചില്ല. രോഗത്തിന്റെ പിടിയിലും,  താനെഴുതിയത്  മികച്ചതായില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ശരിക്കും അദ്ദേഹമപ്പോൾ  രണ്ടു മനസ്സിലായിരുന്നിരിക്കും. എഴുതിയതിൽ തൃപ്തി തോന്നിയതുമില്ല; നശിപ്പിക്കാൻ മനസ്സു വന്നതുമില്ല. ഈ പുസ്തകത്തിന്റെ എഡിറ്റർ കൃസ്റ്റോബൽ പെരാ എഴുതിയ കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:  ” His memory did not allow him to fit together all pieces and corrections of his last version, but the revision of the text was for a time the best way to occupy his days in his study, doing what he most enjoyed: suggesting an adjective to change here, or a detail there.” 


എത്രതന്നെ കുറവുണ്ടെങ്കിലും ഇതു നശിപ്പിക്കാത്തതു നന്നായി എന്നാണ് എന്നിലെ വായനക്കാരനും സമാധാനിക്കുന്നത്. വലിയ എഴുത്തുകാരുടെ ഡയറിക്കുറിപ്പുകളും നോട്ടുബുക്കുകളും കത്തുകളുമൊക്കെ കണ്ടെത്തി പുസ്തമാക്കുന്നത് പതിവാണ്. അവരുടെ പ്രതിഭയെ തൊട്ടറിയാൻ എന്തെങ്കിലും ചിലത് അവിടെയും ഉണ്ടാകും എന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അപ്പോഴാണ് ഗബ്രിയേൽ ഗാർസിയ മാർകേസിനെപ്പോലൊരു എഴുത്തുകാരന്റെ അപൂർണനോവൽ പ്രസിദ്ധപ്പെടുത്തിയത് വിവാദമാവുന്നത്. ഇതു തികച്ചും ബാലിശമായ വിവാദം തന്നെയാണ്. (Until August, Gabriel Garcia Marquez, Viking – An Imprint of Penguin Books)


നാടകങ്ങളുടെ ലോകം 


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാടകങ്ങൾക്ക് പ്രസക്തിയുണ്ടോ? ഈ ചോദ്യം കേരളത്തിലെ വായനക്കാരിൽ നിന്നുയരുന്നുണ്ട്. എന്നാൽ ലോകം ഒരിടവേളയ്ക്കുശേഷം വീണ്ടും നാടകസാഹിത്യത്തെ ചേർത്തുപിടിക്കുകയാണ്. ഈ നൂറ്റാണ്ടിൽ രണ്ടു നാടക രചയിതാക്കൾ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടുകയുണ്ടായി. 2005- ൽ ബ്രിട്ടിഷ് നാടകകൃത്ത് ഹരോൾഡ് പിന്ററും 2023-ൽ നോർവീജിയൻ നാടകകൃത്ത് യോനെ ഫോസ്സെയും. 2008- ലാണ് നോർവീജിയൻ  ഗവൺമെന്റ് നാടകത്തിനായി ഇബ്സെൻ പ്രൈസ് സ്ഥാപിച്ചത്. രണ്ടരക്കോടി രൂപയാണ് സമ്മാനമായി ഓരോ വർഷവും കൊടുക്കുന്നത്. പീറ്റർ ബ്രൂക്ക്, യോൻ ഫൊസ്സെ, പീറ്റർ ഹാൻഡ്കെ എന്നിവരൊക്കെ ഇതു നേടുകയുണ്ടായി. പെറുവിലെ പ്രശസ്ത നോവലിസ്റ്റും നൊബേൽ ജേതാവുമായ  മറിയോ വർഗാസ് യോസ 2015-ൽ തന്റെ തന്നെ ഒരു നാടകത്തിൽ അഭിനയിച്ചുകൊണ്ട് വാർത്തയിലെത്തി. ‘Tales of the Plague’ എന്ന സ്വന്തം നാടകത്തിലാണ് അദ്ദേഹം അഭിനയിച്ചത്. പില്ക്കാലത്ത് നൊബേൽ സമ്മാനം നേടിയ പല നോവലിസ്റ്റുകളും നാടകരചയിതാക്കൾ കൂടിയായിരുന്നു. എന്തിനേറെ, ഇന്ത്യയിലെ ഏക സാഹിത്യനൊബേൽ ജേതാവായ രബീന്ദ്രനാഥ ടാഗോർ ധാരാളം നാടകങ്ങൾ എഴുതുകയും രംഗത്തവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  


ഇപ്പോൾ നാടകങ്ങളെപ്പറ്റി ചിന്തിക്കാനിടയായത് മലയാളത്തിലെ പ്രശസ്ത നാടകരചയിതാക്കളിലൊരാളായ ടി.എം എബ്രഹാമിന്റെ ‘തിരഞ്ഞെടുത്ത നാടകങ്ങൾ’  എന്ന പുസ്തകം കണ്ടതുകൊണ്ടാണ്. എബ്രഹാം പല കാലങ്ങളിലായി രചിച്ച 36 ലഘുനാടകങ്ങളുടെ ഒരു സമാഹാരമാണിത്. ക്ലാസിക്ക് സാഹിത്യകൃതികളിൽനിന്നും പുരാണേതിഹാസങ്ങളിൽനിന്നും മിത്തുകളിൽനിന്നുമൊക്കെ പ്രമേയം കണ്ടെത്തി രംഗാവതരണത്തിനു ചേർന്നവിധത്തിൽ തയാറാക്കിയവയാണ് ഈ നാടകങ്ങൾ. പലതും ആശയപ്രധാനമാണ്. ആ ആശയങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ തക്കവണ്ണം നാടകീയമുഹർത്തങ്ങളിലൂടെ, ലളിതസംഭാഷണങ്ങളിലൂടെ നാടകങ്ങളാക്കി മാറ്റിയിരിക്കുന്നു. 


ഇവയിൽ എനിക്കേറ്റവും മികച്ചതെന്ന് തോന്നിയത് ‘കീറിമുറിച്ച കണ്ണ്’ എന്ന നാടകമാണ്. എച്ച്.ജി. വെൽസിന്റെ ‘The Country of the Blind’ എന്ന ചെറുകഥയെ ആധാരമാക്കി രചിച്ച നാടകമാണിത്. കാഴ്ചയെ സംബന്ധിച്ച ഒരു ദാർശനികാന്വേഷണമാണ് ഇതിൽ അവതരിപ്പിക്കുന്നത്. വെളിച്ചവും കാഴ്ചയും തമ്മിലുള്ള വൈരുധ്യത്തെ കാണിച്ചുതരുന്ന ഒന്ന്. എന്താണ് സൗന്ദര്യം, എന്താണ് സ്വാതന്ത്ര്യം, എന്താണ് മോചനം തുടങ്ങിയ മൗലികമായ അന്വേഷണങ്ങൾ ഇതിൽ നടക്കുന്നുണ്ട്. പെരുന്തച്ചൻ, പ്രോമിത്യൂസ്, ജ്വാലാമണികൾ,  ഏകാകിയുടെ താഴ്‌വര തുടങ്ങിയ എബ്രഹാമിന്റെ മികച്ച രചനകളെല്ലാം ഈ സമാഹരത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ജീവിതമെന്ന കാരാഗൃഹത്തെ സമഗ്രമായി തുറന്നുകാട്ടാനാണ് ഈ നാടകകൃത്ത് തന്റെ സർഗസപര്യയിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മികവിന്റെ സൂചകങ്ങൾ ഇതിൽ പലതിലും കാണാനുണ്ട്. മലയാളത്തിലെ നാടകവേദിക്കും നാടകസാഹിത്യത്തിനും മുതൽക്കൂട്ടാണ് ഈ പുസ്തകം. (ടി.എം.എബ്രഹാമിന്റെ തിരഞ്ഞെടുത്ത നാടകങ്ങൾ – പൂർണ പബ്ലിക്കേഷൻസ് – കോഴിക്കോട്) 


അരുന്ധതി റോയി 


അരുന്ധതി റോയി ഇതുവരെ രണ്ടു നോവലുകളേ എഴുതിയിട്ടുള്ളൂ. 1997-ൽ ‘The God of SmaII Things’ എന്ന ആദ്യ നോവലും 2017-ൽ പ്രസിദ്ധപ്പെടുത്തിയ  ‘The Ministry of Utmost Happiness’ എന്ന രണ്ടാമത്തെ നോവലും. ഇവ കൂടാതെ അവരെഴുതിയതെല്ലാം രാഷ്ട്രീയലേഖനങ്ങളാണ്. ഇത്തരം ലേഖനങ്ങൾ അരുന്ധതിയെ ലോകശ്രദ്ധയിലെത്തിച്ചു. അവരുടെ പുതിയൊരു ലേഖനം ഇപ്പോൾ  ചിന്ത പബ്ലിഷേഴ്സ് ‘കനിവോടെ കൊല്ലുക.’ എന്ന പേരിൽ പുസ്തമാക്കി പുറത്തിറക്കിയിട്ടുണ്ട്. (Finish The Job,  But Do It Kindly- Arundhati Roy- Chintha Publishers, Thiruvananthapuram)


വർത്തമാനകാല ഇന്ത്യയുടെ ദുരവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തുന്ന ഒന്നാണിത്. ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മുടെ ധാര്‍മിക ദിശാബോധം നഷ്ടപ്പെട്ടുവെന്ന് അവർ ഇതിൽ വിശദീകരിക്കുന്നു. വളരെ അടുക്കുംചിട്ടയോടും കൂടി നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ പൊളിച്ചടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവിശ്വസനീയമാംവണ്ണമുള്ള വൈവിധ്യത്തെ വ്യാജവും സങ്കുചിതവും ഏകമുഖാത്മകവുമായ ദേശീയതയുടെ പേരിൽ മൂലയ്ക്കൊതുക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ സാധ്യതയൊരുക്കുന്ന ഒരു ലോകാവസ്ഥയെയും അവർ കാണുന്നുണ്ട്. അതിങ്ങനെയാണ്:  “ഇന്ന് ലോകത്തെമ്പാടുമായി, അധികാരത്തിൽനിന്ന് സ്വയം നിഷ്കാസിതരാകാനായി ജനങ്ങൾ തങ്ങൾക്കെതിരെതന്നെ വോട്ടുചെയ്യുന്ന കാഴ്ച അമ്പരപ്പിക്കുന്ന ഒരു സമസ്യയായി നമുക്കുമുന്നിൽ നിലനില്ക്കുന്നു. അവരിങ്ങനെ ചെയ്യുന്നത് അവർക്കു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്താണ് അവർക്കു ലഭിക്കുന്ന വിവരങ്ങൾ? ആരാണ് അതു നിയന്ത്രിക്കുന്നത്? അത് ആധുനികകാലത്തിന്റെ വിഷലിപ്തമായ പാനപാത്രമാണ്. ആരാണോ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത്, അവർ ലോകത്തെ നിയന്ത്രിക്കും.” ലോകത്തിന്റെ വർത്തമാനകാല കുരുക്കിനെയാണ് അരുന്ധതി  ഇതിലൂടെ തുറന്നു കാട്ടുന്നത്. 


അവർ ഓര്‍മിപ്പിക്കുന്ന മറ്റൊരു കാര്യം സർക്കാരും പൗരനുമിടയിൽ വന്ന അറിവിന്റെ അന്തരത്തെപ്പറ്റിയാണ്. “നമ്മെക്കുറിച്ച് നമുക്കറിയാവുന്നതിൽ കൂടുതൽ സർക്കാർ മനസ്സിലാക്കുകയും, എന്നാൽ സർക്കാരിനെക്കുറിച്ചുള്ള അറിവിൽ നാം കൂടുതൽ കൂടുതൽ അജ്ഞരായിത്തീരുകയും ചെയ്തു എന്നാണ് പുതിയ യാഥാർഥ്യം.”  ഈ ലേഖനം കൂടാതെ, ബോസ്റ്റൺ റിവ്യുവിനുവേണ്ടി അവ്നി സേജ്പാൽ അരുന്ധതിയുമായി നടത്തിയ ഒരു  ദീർഘ അഭിമുഖവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർത്തമാനകാലലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരഭിമുഖമാണിത്.  ഈ പുസ്തകത്തിന്റെ വിചിത്രമായ സവിശേഷത ഇത് bilingual എഡിഷനാണ് എന്നതാണ്. അരുന്ധതിയുടെ  ലേഖനവും അഭിമുഖവും ഇംഗ്ലിഷിലും മലയാളത്തിലും ഇതിൽ അച്ചടിച്ചിട്ടുണ്ട്. പ്രസാധകരംഗത്ത് പതിവില്ലാത്ത ഒന്നാണ് ലേഖനങ്ങൾ ബൈലിംഗ്വൽ എഡിഷനുകളായി പുറത്തിറക്കൽ. കവിതകളും കഥകളുമൊക്കെ അത്തരത്തിൽ വരാറുണ്ട്.  മലയാളി വായനക്കാർക്ക് ഇങ്ങനെയൊരു ദ്വിഭാഷാ പതിപ്പിന്റെ ആവശ്യമുണ്ടോ എന്ന ചിന്തയോടെയാണ് ഈ നല്ല പുസ്തകം ഞാൻ മടക്കി വച്ചത്.  


വഴികളിൽ തെളിയുന്ന മുഖങ്ങൾ


പുതിയകാല യാത്രാവിവരണഗ്രന്ഥങ്ങളിൽ പൊതുവിൽ  മനുഷ്യരെ കാണാറില്ല. സ്ഥലങ്ങളും കെട്ടിടങ്ങളും ആഘോഷങ്ങളുംകൊണ്ട് നിറഞ്ഞ അവയിൽ മനുഷ്യർക്ക് ഇടമില്ലാത്തതാവാം. അതിലുപരി, ചെന്നെത്തുന്ന ഇടങ്ങളിലെ മനുഷ്യരുമായി യാത്രികർ ഇടപഴകുന്നത് കുറഞ്ഞുവരുന്നു എന്ന യാഥാർഥ്യവും ഉണ്ട്. ഈ പൊതുരീതിക്ക്  വിരുദ്ധമായ ഒരു യാത്രാവിവരണഗ്രന്ഥമാണ് രമ്യ എസ്. ആനന്ദ് രചിച്ച ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’. (ഇന്ദുലേഖ പുസ്തകം – കോട്ടയം). രമ്യ ആനന്ദ് യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരോട് സൗഹൃദം പുലർത്തുകയും പിന്നിടവരെ ഓർത്തെടുത്ത് ഭംഗിയായി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയുമാണ്.  രമ്യ പറയുന്നതുപോലെ, ചില മനുഷ്യർ കണ്ടുമുട്ടൽ അവസാനിച്ചാലും നമ്മളെ വിട്ടുപോകില്ല. അവർ നമ്മൾ പോലുമറിയാതെ നമ്മുടെ ഓർമകളിൽ ജീവിക്കും. അത്തരം ചില ഓർത്തെടുക്കലുകളാണ് ഈ 19 കുറിപ്പുകളിലുള്ളത്. അപൂര്‍വരായ ചിലരെയൊക്കെ ഇതിന്റെ വായനയ്ക്കിടയിൽ  കണ്ടുമുട്ടാനിടയായി. 


ടോന്യേ പോവാങ് എന്നയാൾ ലോങ്ങ് വാ ദേശത്തിന്റെ രാജാവാണ്. ഇന്ത്യയിലും മ്യാൻമറിലുമായി കിടക്കുന്ന ഒരു പ്രദേശത്തിന്റെ രാജാവ്.  അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നടുവിലൂടെയാണ് ഇന്ത്യാ- മ്യാൻമർ അതിർത്തി കടന്നുപോകുന്നത്. രാജാവും ആദ്യഭാര്യയും മക്കളും മ്യാൻമറിൽ കിടന്നുറങ്ങുമ്പോൾ രണ്ടാമത്തെ ഭാര്യ കുഞ്ഞുങ്ങളുമായി ഇന്ത്യയിൽ കിടക്കുന്നു എന്നാണ് രമ്യ എഴുതിയിരിക്കുന്നത്. രണ്ടുരാജ്യങ്ങളിലും ഇദ്ദേഹത്തിന് വോട്ടവകാശമുണ്ട്. അദ്ദേഹം ഇന്നുവരെ ഇന്ത്യയിലാണ് വോട്ടുചെയ്തിട്ടുള്ളത്. 


വിശ്വനാഥ് പാൽ മണ്ണുകൊണ്ട്  ദൈവങ്ങളുടെ പ്രതിമയുണ്ടാക്കുന്നയാളാണ്. അയാളുടെ ജീവിതംപറയുന്ന ഇതിലെ കുറിപ്പും ശ്രദ്ധേയമാണ്. മണ്ണിൽനിന്ന് ദൈവത്തെ മെനയുന്ന ആ മനുഷ്യനെ അറിയുമ്പോൾ ഗ്രന്ഥകാരി ഭൂമിയിലെ മനുഷ്യാവസ്ഥയുടെ നിസ്സഹായതയെപ്പറ്റി വാചാലയാവുന്നു. വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഈ അധ്യായം. അതിന്റെ അടിക്കുറിപ്പായി ചേർത്ത വാചകം ഇതാണ്:  “ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദാരിദ്ര്യം ഒരു തീരാരോഗംപോലെ പിന്തുടരുന്നത് എന്തുകൊണ്ടാണ്? ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദൈവങ്ങൾക്കു പരിചയമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ് ?” വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു യാത്രാവിവരണഗ്രന്ഥമാണ് രമ്യയുടേത്. കാരണം ഇതിൽ പച്ചയായ മനുഷ്യജീവിതമുണ്ട്. 


ഗ്യോർഗി ഗുസ്പുദിനോവിന്റെ ജീവിതം.  


‘The Physics of Sorrow’, ‘Time Shelter’ എന്നീ മികച്ച നോവലുകളിലൂടെ പ്രശസ്തനായ ഗ്യോർഗി ഗുസ്പുദിനോവ് എഴുതിയ ചെറിയൊരു  ഓർമപ്പുസ്തകമാണ് ‘The Story Smuggler’. കമ്യൂണിസ്റ്റ് ബൾഗേറിയയിലെ ജീവിതാനുഭവങ്ങളും എഴുത്തുകാരൻ എന്ന നിലയിലേക്കുള്ള വളർച്ചയുടെ വേരുകളും അദ്ദേഹം വിശദീകരിക്കുന്ന ഒരു പുസ്തകം. എല്ലാവരും പരസ്പരം കഥകൾ കൈമാറ്റം ചെയ്യുന്ന ഒരു പുതിയ ലോകത്തെ സ്വപ്നംകണ്ടുനടന്ന കാലത്തെ അദ്ദേഹം ഇതിൽ ഓർക്കുന്നുണ്ട്. പണത്തിനുപകരം കഥകൾ ഉപയോഗിക്കുന്ന ഒരു കാലം. എത്ര രസകരമായ ആശയം. അങ്ങനെ ഒരഴുത്തുകാരന്റെ സ്വപ്നങ്ങളും ജീവിതശകലങ്ങളും ഓർമകളുമൊക്കെക്കൂടിചേർന്നതാണ് മനോഹരമായ ഈ  പുസ്തകം. രണ്ടു നോവലുകളിലൂടെ ലോകത്തെ കീഴടക്കിയ ഒരു കഥാകാരന്റെ ആത്മകഥനം എന്ന നിലയിൽ ഇതു വേറിട്ടുനില്ക്കുന്നു. (The Story Smuggler- A Very Brief Memoir- Georgi Gospodinov (Weidenfeld & Nicolson Publishers)