പ്രമുദ്യ അനന്ത തുറും ടി.ജെ.എസ് ജോർജും – എൻ.ഇ.സുധീർ 

പ്രമുദ്യ അനന്ത തുറും ടി.ജെ.എസ് ജോർജും – എൻ.ഇ.സുധീർ 

ചില പുസ്തകങ്ങൾ കൈയിലെടുക്കുമ്പോൾ അതിലെന്തൊക്കെയാണുണ്ടാവുക എന്നു വ്യക്തമാവുകയില്ല. എഴുത്തുകാരനെക്കുറിച്ചുള്ള സാമാന്യജ്ഞാനം കണക്കിലെടുത്ത് നമ്മൾ ചില മുൻധാരണകളിലെത്തുമെന്നു മാത്രം. ആ ധാരണകളെ പൊളിച്ചടുക്കുന്ന ചില എഴുത്തുകാരുണ്ട്. അങ്ങനെയൊരാളാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ടി.ജെ.എസ്. ജോർജ്. ഫ്രീ പ്രസ്സ് ജേർണലിലൂടെ 1950-ൽ പത്രപ്രർത്തനരംഗത്ത് വന്ന അദ്ദേഹം പിന്നീട് ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പത്രാധിപരൊക്കെ ആയി. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലെ സ്ഥിരം പംക്തിയിലൂടെ ദീർഘകാലം ഇന്ത്യയുടെ രാഷ്ട്രീയമനസ്സിനെ വായിച്ചെടുത്തു. ഇങ്ങനെയുള്ള അദ്ദേഹം പ്രശസ്ത സംഗീതജ്ഞ എം. എസ്. സുബ്ബലക്ഷ്മിയെപ്പറ്റിയും ഹിന്ദി നടി നർഗീസിനെപ്പറ്റിയും  മനോഹരമായ ജീവചരിത്രങ്ങളെഴുതി വായനക്കാരെ വിസ്മയിപ്പിച്ചു.  ഇതുപോലെ വിസ്മയിപ്പിക്കുന്ന ഉള്ളടക്കവുമായി ടി.ജെ.എസ് രചിച്ച  പുതിയൊരു പുസ്തകമാണ് ‘ഗജവും അജവും മണ്ടത്തരങ്ങളും’. പലപ്പോഴായി അദ്ദേഹമെഴുതിയ പതിനൊന്നു ലേഖനങ്ങളുടെ ഒരു  സമാഹാരമാണിത്. (ഗജവും അജവും മണ്ടത്തരങ്ങളും, ടി.ജെ.എസ്.ജോർജ്, ഡി.സി.ബുക്സ്, കോട്ടയം).


ഇതിൽ എന്നെ വിസ്മയിപ്പിച്ചത്  ‘ഒരു എഴുത്തുകാരൻ ഒരു രാജ്യത്തെ ഇളക്കിമറിച്ച കാലം’ എന്ന മൂന്നാമത്തെ ലേഖനമാണ്.  ഇൻഡോനേഷ്യയിലെ  പ്രമുദ്യ അനന്ത തുർ ( Pramoedya Ananta Toer – 1925- 2006) എന്ന മഹാനായ സാഹിത്യകാരനെപ്പറ്റിയാണ് ഈ ലേഖനം. അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും സമഗ്രമായി പ്രതിപാദിക്കുന്ന ഇത്തരമൊരു ലേഖനം ടി.ജെ.എസ് ജോർജിൽനിന്ന്  വായനക്കാർ  സാധാരണഗതിയിൽ പ്രതീക്ഷിച്ചിരിക്കാനിടയില്ല. മുമ്പൊരിക്കൽ ഒരു വാരികയിൽ പ്രസിദ്ധീകരിച്ച  ഈ  ലേഖനം അന്നു വായിച്ചതുകൊണ്ട് ഇപ്പോഴിത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ഏതായാലും ടി.ജെ.എസ്. ജോർജ് എന്ന മാധ്യമപ്രവർത്തകൻ ഇങ്ങനെ അപ്രതീക്ഷിത മേഖലകളിൽ അവിചാരിതമായി കടന്നുചെന്ന്  ഗംഭീരമായി അക്ഷരവിന്യാസം നടത്തും. 


1965-ൽ ഇൻഡോനേഷ്യയിൽ അധികാരമേറ്റ കമ്യൂണിസ്റ്റുവിരുദ്ധ സർക്കാർ രണ്ടുലക്ഷത്തോളം പൗരന്മാരെ ജയിലിലടച്ചു. അക്കൂട്ടത്തിൽ പ്രമുഖനായിരുന്നു പ്രമുദ്യ അനന്ത തുർ. 1979-ൽ പതിനാലുവർഷത്തെ ജയിൽജീവിതം കഴിഞ്ഞ് തടവറയിൽനിന്നു പുറത്തേക്ക്  കടക്കുമ്പോൾ എട്ടുപുസ്തകങ്ങളുടെ കൈയെഴുത്തുപ്രതികൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. അതിൽ നാലെണ്ണം ചേർന്നാണ്  ബുറു ക്വാർട്ടേറ്റ്


(Buru Quartet) എന്ന പേരിൽ ലോകപ്രശസ്തമായ നോവലുണ്ടായത്. അനന്ത തുറിനെ ലോക സാഹിത്യരംഗത്ത് പ്രശസ്തനാക്കിയ ഈ രചന 2000 വരെ  ഇൻഡോനേഷ്യയിൽ നിരോധിച്ചിരുന്നു.  സാമൂഹിക പ്രസക്തിയുള്ള നോവലുകളാണ് അനന്ത തുർ എഴുതിയതൊക്കെയും. രാജ്യത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഴത്തിൽ മനസ്സിലാക്കി സമൂഹത്തെ സമഗ്രസ്പർശിയായി വിശകലനംചെയ്യുന്ന രീതിയിലുള്ള ആഖ്യാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. എന്നാൽ അവയൊക്കെ അസാധാരണ സൗന്ദര്യത്തോടെ ഉത്തമ സാഹിത്യസൃഷ്ടികളായി വേറിട്ടു നില്ക്കുകയും ചെയ്തു. ലക്ഷ്യമില്ലാതെ കലാസൃഷ്ടി ചെയ്യുന്നതിൽ കാര്യമൊന്നുമില്ലെന്ന്  ഈ നോവലിസ്റ്റ്  വ്യക്തമാക്കിയിട്ടുമുണ്ട്. ടി. ജെ.എസിന്റെ ലേഖനത്തിൽ അനന്ത തുറിന്റെ ഒരഭിമുഖഭാഗം ഉദ്ധരിക്കുന്നുണ്ട്:


“നാം എഴുത്തുകാർ ഒരു ഗൂഢസ്വാധീനമെന്നതിൽ കവിഞ്ഞ് ഒന്നുമല്ല; ഒരു അനൗപചാരിക പ്രതിപക്ഷം. നമ്മിലുള്ള സർവശക്തിയും ഉപയോഗിച്ച്, സ്വയം പ്രേരിതരായി, നാം തുറന്നുസംസാരിക്കുന്നു: ഒരേയൊരു സദാചാരത്തിൽ മാത്രം വിശ്വാസമർപ്പിച്ചുകൊണ്ട്. അതുകൊണ്ടാണ് പരാജയപ്പെടുമ്പോൾ നാം പൂർണമായും പരാജയപ്പെടുന്നത്. വിട്ടുവീഴ്ചകൾ അനുവദിക്കുമ്പോൾ മാത്രമാണ് നാം ചത്തുചീർത്ത് വിരസരാകുന്നത്.”


ലോകം ആദരിച്ച ഈ ഇന്തോനേഷ്യൻ സാഹിത്യകാരന്റെ വ്യക്തമായ ഒരു ചിത്രം ടി.ജെ.എസ് ഈ ലേഖനത്തിലൂടെ കാണിച്ചുതരുന്നുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് ഇതിലും മികച്ച ഒരു ലേഖനം ഇംഗ്ലീഷിൽപ്പോലും ഞാൻ കണ്ടിട്ടില്ല. 


നെരൂദയുടെ രണ്ടാം മരണം. 


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ  സ്പാനിഷ് കവിയായിരുന്നു ചിലിയിലെ പാബ്ലോ നെരൂദ.  ലോകത്തിന്റെ മഹാകവികളിലൊരാളായി അദ്ദേഹം വാഴ്ത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഏതു ഭാഷയിലുമുള്ള ഏറ്റവും മഹാനായ കവി എന്നാണ് ഗാർസിയ മാർകേസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1973-ൽ അന്തരിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങൾ  ഇന്നും ലോകത്തെ ബെസ്റ്റ്സെല്ലർ ലിസ്റ്റുകളിൽ അവയുടെ സ്ഥാനം നിലനിറുത്തുന്നു. മലയാളിവായനക്കാരുടെ  ഏറ്റവും പ്രിയപ്പെട്ട  കവിയും നെരൂദയാണ്.  അദ്ദേഹത്തിന്റെ മിക്കവാറും രചനകൾ നമ്മുടെ ഭാഷയിലെ പ്രധാന കവികൾതന്നെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. അവയ്ക്കൊക്കെ ഇന്നും ധാരാളം വായനക്കാരുണ്ട്. ഇപ്പോൾ നെരൂദയെപ്പറ്റി പറയാൻ കാരണം ഫെബ്രുവരി 6-ന്റെ ലക്കം ന്യൂയോർക്കർ മാസികയിൽ വന്ന ഒരു ലേഖനമാണ്. ‘The Second Death of Pablo Neruda’ എന്ന ആ ലേഖനമെഴുതിയത് Graciela Mochkofsky എന്നൊരു ലേഖകനാണ്. നെരൂദയുടെ ജീവിതത്തെ അദ്ദേഹത്തിന്റെ ജന്മനാടായ ചിലിയിൽ  പുതിയൊരു കാഴ്ചപ്പാടിലൂടെ വിലയിരുത്തപ്പെട്ടു തുടങ്ങിയതിനെപ്പറ്റിയാണ് ഈ ലേഖനം. അതത്ര സുഖകരമായ ഒരു വിലയിരുത്തലല്ല. 


കവിയുടെ അനുയായികളെ വിഷമവൃത്തത്തിലാക്കുന്ന ചില വിവാദങ്ങൾ  അവിടെ ആരംഭിച്ചിട്ടുണ്ട് എന്നാണ് ലേഖകൻ പറയുന്നത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഢത വർഷങ്ങളായി നില നില്ക്കുന്നുണ്ട്. ഇന്നിപ്പോൾ  അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളും  സൂക്ഷ്മമമായ ചില അന്വേഷണങ്ങൾക്കും പുതിയ വിലയിരുത്തലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ചിലിയിലെ ഫെമിനിസ്റ്റ് സംഘടനകളാണ് ഇതിന് പ്രധാനമായും നേതൃത്വം കൊടുക്കുന്നത്. സ്ത്രീകളുമായുണ്ടായ അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധങ്ങളാണ് അവരെ അലോസരപ്പെടുത്തുന്നത്. അദ്ദേഹം ആത്മകഥയിൽ എഴുതിയതും ജീവചരിത്രകാരന്മാർ വിശദമാക്കിയതുമായ നെരൂദയുടെ ജീവിതത്തിലെ ചില വസ്തുതകളാണ് വിവാദത്തിന് കാരണമായിട്ടുള്ളത്. അന്റോണിയ ഹാഗനർ,  ദെൽകാരിൽ, മറ്റിൽഡ യുറൂഷിയ എന്നീ മൂന്നു ഭാര്യമാരാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ആദ്യ ഭാര്യ ഹാഗനറിൽ അദ്ദേഹത്തിനുണ്ടായ മകളാണ് മാൽവാ മരിന. ആ മകളോട്  നെരൂദ ഒട്ടും നീതി കാണിച്ചില്ല എന്ന ആരോപണവും ശക്തമായിട്ടുണ്ട്. Hydrocephalic (കുട്ടികളുടെ തലച്ചോറിൽ സെറിബ്രോ സ്പൈനൽ ദ്രാവകം അടിഞ്ഞുകൂടി തലയുടെ വലുപ്പം അതിവേഗം വർധിക്കുന്ന അവസ്ഥ) എന്ന ആരോഗ്യ പ്രശ്നവുമായി ജനിച്ച ആ കുട്ടിയെ നെരൂദ പൂർണമായും ഒഴിവാക്കുകയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണംപോലും അദ്ദേഹം കൊടുത്തില്ലത്രേ. ഒരു സുഹൃത്തിനെഴുതിയ കത്തിൽ മകളെ അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചു: ” … perfectly ridiculous being- three kilogram of vampire … ” തികച്ചും മനുഷ്യത്വവിരുദ്ധമായ നിലപാടാണ് അദ്ദേഹം മകളോട് കാണിച്ചത്. നെരൂദയെപ്പോലുള്ള ഒരാൾക്കുചേർന്ന നിലപാടല്ല ഇത് എന്ന വാദമാണ് മുന്നോട്ടുവന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധതയോടൊപ്പം ഇതും  ഫെമിനിസ്റ്റുകൾ ചർച്ചയാക്കുന്നുണ്ട്.


അവർ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രശ്നം പല സ്ത്രീകൾക്കുമെതിരെ അദ്ദേഹം നടത്തിയെന്നു പറയുന്ന  ലൈംഗിക അതിക്രമങ്ങളാണ്. കൊളംബോയിൽവച്ച് ഒരു തമിഴ് ജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് അദ്ദേഹം തന്നെ ആത്മകഥയിൽ മടികൂടാതെ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ തലനാരിഴ കീറി പരിശോധിക്കുകയാണ് പുതിയ വിമർശകർ. നെരൂദയുടെ ചില കവിതകളിലും സൂക്ഷ്മവിശകലനത്തിൽ ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ‘Neruda, You Shut Up’ എന്ന ബാനറുമായി ചിലിയിലെ സ്ത്രീകൾ പ്രകടനം നടത്തുകയുണ്ടായി. നെരൂദയെ അവഗണിച്ചുകൊണ്ട് ചിലിയിലെ പ്രധാന കവിയായി ഗബ്രിയേല മിസ്ത്രാലിനെ കണക്കാക്കണമെന്ന ആവശ്യംവരെ അവർ മുന്നോട്ടുവച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പ്രകാശമാനമായ ആ രചനാലോകത്തിനോടൊപ്പം നീളുന്ന ഒരു കറുത്ത ചരടാണ് എന്ന് റാൾ സുറിത എന്ന  ചിലിയൻ കവി അടുത്തിടെ അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം മകളോടും സ്ത്രീകളോടും നെരൂദ കാണിച്ചത് ക്രൂരതയാണ് എന്ന് പ്രശസ്ത നോവലിസ്റ്റും നെരൂദയുടെ സുഹൃത്തായിരുന്ന സാൽവദോർ അയൻഡെയുടെ ബന്ധുവുമായ ഇസബെൽ അയൻഡെയും പറഞ്ഞിരുന്നു. അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു – “Like many young feminists in Chile I am disgusted by some aspects of Neruda’s life and personality. However, we cannot dismiss his writing.”  നെരൂദയുടെ സർഗാത്മക ലോകത്തെ ആരാധനയോടെ നോക്കിക്കാണുന്ന ആർക്കും ഇസബെൽ അയൻഡെയോട് യോജിക്കാനെ കഴിയൂ. നെരൂദയുടെ വ്യക്തിത്വത്തെ നമുക്ക് വിമർശിക്കാം. അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെ ചേർത്തുനിറുത്തുകയും ചെയ്യാം. 


പുസ്തക എഡിറ്റർ


പ്രസാധകലോകത്തെ പ്രശസ്തരായ ചില എഡിറ്റർമാർ വിഖ്യാതരായ എഴുത്തുകാരെപ്പറ്റി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവരുടെ ആത്മകഥകളിൽ എഴുത്തുകാരെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതും കണ്ടിട്ടുണ്ട്. ചുരുക്കം ചില എഴുത്തുകാർ അവരുടെ  കൃതികളിൽ എഡിറ്റർമാരെപ്പറ്റി ചെറുതായി പരാമർശിച്ചുപോകുന്നതും വായിച്ചിട്ടുണ്ട്. എന്നാൽ ഒരെഴുത്തുകാരൻ തന്റെ എഡിറ്ററെപ്പറ്റിയും അവർ തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഒരു പൂർണപുസ്തകം എഴുതിയത് ഇതാദ്യമാണ് എന്നു തോന്നുന്നു. പറഞ്ഞുവന്നത് ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പുതിയ പുസ്തകത്തെപ്പറ്റിയാണ്. 


പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ രാമചന്ദ്ര ഗുഹയിൽനിന്നു പ്രതീക്ഷിക്കാത്ത ഒരു രചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ‘The Cooking of Books’ എന്ന ഗ്രന്ഥം. തികച്ചും വ്യത്യസ്തമായ ഈ പുസ്തകം റുകുൺ അദ്വാനി എന്ന എഡിറ്ററുമായി എഴുത്തുകരനെന്ന നിലയ്ക്ക് ഗുഹയ്ക്കുണ്ടായ ബന്ധത്തെപ്പറ്റി വിശദീകരിക്കുന്ന ഒന്നാണ്. എഴുത്തുകാരനും എഡിറ്ററും തമ്മിലുള്ള ബന്ധത്തെയും അതിന്റെ പ്രാധാന്യത്തെയും അടയാളപ്പെടുത്തുന്ന ഈ കൃതി എഴുത്തിന്റെ ലോകത്ത് പ്രവർത്തിക്കുന്ന എല്ലാവരും നിശ്ചയമായും  വായിച്ചിരിക്കേണ്ട ഒന്നാണ് എന്നു ഞാൻ കരുതുന്നു. റുകുൺ അദ്വാനി ഇന്ത്യ കണ്ട മികച്ച  പുസ്തക എഡിറ്ററാണ്. 


ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ എഡിറ്റർ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്. പിന്നിടദ്ദേഹം പെർമനന്റ് ബ്ലാക് എന്ന പ്രസാധന സ്ഥാപനത്തിന്റെ എഡിറ്ററായി. മികവുറ്റ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി  ഇന്ത്യയിലെ സാമൂഹികശാസ്ത്ര മേഖലയെ ലോകനിലവാരത്തിലേക്കെത്തിച്ച ഒരു എഡിറ്റർ. ഗുഹ പറയുന്നത് അദേഹം അസാധാരണനാണ് എന്നാണ്. അദ്ദേഹത്തെപ്പോലുള്ള എഡിറ്റർമാർ വിരളമായ ഒരു കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത് എന്നും ഗുഹ കൂട്ടിച്ചേർക്കുന്നു. മികവിനെക്കാൾ മുൻഗണന കമ്പോള താത്പര്യങ്ങൾ നേടിയെടുത്ത ഒരു കാലമാണിത്. എല്ലാതരം എഴുത്തിലും ഇത് ബാധകവുമാണ്. 


എന്താണ് ഒരു എഡിറ്റർ ചെയ്യേണ്ടത് എന്ന് അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. എഴുത്തുകാരന്റെ ഭാഷയെ ഭംഗിയാക്കുകയും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന വാദങ്ങളെ കൂടുതൽ വ്യക്തവും ശക്തവുമാക്കുക എന്നതാണ് എഡിറ്ററുടെ പ്രധാന ധർമം. അവ്യക്തത ഇല്ലാതാക്കുക, ആധികാരികത ഉറപ്പാക്കുക. പുതിയ വിജ്ഞാനമേഖലകളിൽ പുതിയ എഴുത്തുകാരെ കണ്ടെത്തി എഴുതാൻ പ്രോത്സാഹിപ്പിക്കുക. റുകുൺ ചെയ്തതും ഇതു തന്നെയാണ്. 


റുകുണും ഗുഹയും തമ്മിലുള്ള  ചങ്ങാത്തത്തിന്റെ സാക്ഷ്യപത്രംകൂടിയാണ് ഈ പുസ്തകം. അവർ തമ്മിൽ നടത്തിക്കൊണ്ടിരുന്ന  ദീർഘമായ കത്തിടപാടുകളൂം ഇ-മെയിൽ സന്ദേശങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്. എങ്ങനെയാണ് ഒരു എഡിറ്റർ എഴുത്തുകാരന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട വ്യക്തിയായി മാറുന്നത് എന്ന് ഈ കൃതി കാണിച്ചുതരുന്നു. നഷടപ്പെട്ട ഒരു കാലത്തെയോർത്തുള്ള ഒരു വിലാപകാവ്യമാണ് തന്റെ പുസ്തകം എന്ന് ഗുഹ ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. 


എഡിറ്റർമാർ എന്ന വംശം തന്നെ  അപ്രസക്തമാണ് എന്ന ചിന്തയിലേക്ക് പുതിയ കാലം പോകുമ്പോൾ ഗുഹയുടെ ഈ രചനയ്ക്ക് പ്രസക്തിയേറുന്നു.  (The Cooking of Books- A Literary Memoir- Ramachandra Guha – Juggernaut Publishers). 


ഫിക്‌ഷന്റെ അവതാരലീലകൾ


സാറാ ജോസഫിന്റെ പുതിയ നോവലായ ‘കറ’ വായിച്ചു കഴിഞ്ഞപ്പോൾ ‘ഫിക്‌ഷന്റെ അവതാരലീലകൾ’  എന്ന കെ.പി.അപ്പന്റെ പ്രയോഗമാണ് ആദ്യം മനസ്സിലേക്കു വന്നത്. ജോയിസിന്റെ യുളീസിസ് എന്ന നോവലിനെപ്പറ്റി എഴുതുമ്പോഴാണ് അപ്പൻ ഈ പ്രയോഗം നടത്തിയത്. അത്രമാത്രം സവിശേഷമായ ഒരവതാരം തന്നെയാണ് സാറാ ജോസഫിന്റെ  ഈ നോവലും. ഇതിലെ അടിസ്ഥാനപ്രമേയം നീതിയാണ്. ബൈബിളിന്റെ ആഖ്യാനകാലഘട്ടത്തിൽനിന്നുകൊണ്ട്, നാളിതുവരെയായി  മനുഷ്യൻ നിർമിച്ചെടുത്ത് നടപ്പിലാക്കിക്കൊണ്ടിരുന്ന വിവിധതരത്തിലുള്ള അനീതികളെ ചിത്രീകരിച്ച് നീതിയുടെ ആവശ്യം കണ്ടെത്താൻ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ദൈവം,മതം,കുടുബം,പുരുഷാധിപത്യം  തുടങ്ങിയ എല്ലാവിധ അധികാര സ്വരൂപങ്ങളെയും ചോദ്യംചെയ്യുന്ന ഒരു നോവലാണിത്.  തന്റെ അന്വേഷണം  ഏതെങ്കിലും സവിശേഷ ഭൂമികയുടെയോ കാലത്തിന്റെയോ അതിർത്തികളിൽ പരിമിതപ്പെട്ടു പോകാതിരിക്കാൻ  വേണ്ടിത്തന്നെയാണ് ഒരു സാർവലൗകിക ഭൂമികയുമായി  ആഖ്യാനത്തെ നോവലിസ്റ്റ് ചേർത്തുവച്ചത്. ഇതിഹാസ പശ്ചാത്തലം ഈ ചോദ്യം ചെയ്യലിനെ എല്ലാ കാലത്തെയും മനുഷ്യന്റേത് എന്ന തോന്നലിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അനീതിയുമായുള്ള പോരാട്ടത്തിന് മനുഷ്യവംശത്തോളം പഴക്കമുണ്ടെന്ന് സാറാ ജോസഫ് ഈ രചനയിലൂടെ കാണിച്ചുതരുന്നു. 


എല്ലാ കാലത്തെയും മനുഷ്യർക്ക് പേടിക്കാൻ ഇഷ്ടമാണ്. ഈ പേടിയാണ് അധികാരത്തെ നിരന്തരം ശക്തിപ്പെടുത്തുന്നത്. അനീതിയുടെ ബലം അധികാരമാണ്. മനുഷ്യർ കണ്ടെത്തിയ ഏറ്റവും വലിയ അധികാര കേന്ദ്രം ദൈവമാണ്. അതിന്റെ പേരിലാണ് ഏറ്റവുമധികം അനീതികൾ നടന്നുകൊണ്ടിരിക്കുന്നത്. അന്നും ഇന്നും. അതു ചോദ്യംചെയ്യുന്ന നിരവധി കഥാസന്ദർഭങ്ങൾ ഈ നോവലിലുണ്ട്. അധികാരം മനുഷ്യനെ പലതരം കറകളുടെ കേന്ദ്രമാക്കുന്നു. വെറുപ്പും പകയുമൊക്കെ അത്തരം ചില കറകളാണ്. ചില കറകൾ കാലാകാലങ്ങളായി മനുഷ്യസമൂഹത്തിന്റെ  മേൽ ആധിപത്യം നേടിയിട്ടുണ്ട്. അതൊക്കെ തുറന്നുകാട്ടാൻ കൂടിയാണ് സാറാ ജോസഫ് ഈ നോവലിലൂടെ ശ്രമിച്ചിരിക്കുന്നത്.  വലിയ രീതിയിൽ സൂക്ഷ്മവായനകൾ ഇതിനുണ്ടാവണം. ഇതിന്റെ പുറകിലെ സത്യസന്ധമായ മാനവിക കാഴ്ചപ്പാട് നല്ല വായനക്കാർ കണ്ടെത്തുക തന്നെ ചെയ്യും. അവരെ അത് അസ്വസ്ഥമാക്കുകയും ചെയ്യും. വായന അത്ര സുഖകരമാണെന്നൊന്നും ഞാൻ പറയുന്നില്ല. ഇതിൽ നിറച്ചിരിക്കുന്ന ഭാവനാലോകം എളുപ്പമൊന്നും എല്ലാ വായനക്കാർക്കും വഴങ്ങിയെന്നു വരില്ല . നോവലിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന സന്ദേഹങ്ങൾ ഇക്കാലത്തും  പ്രസക്തമായവയാണ്. നോവലിസ്റ്റ് എന്ന നിലയിൽ സാറാ ജോസഫ് ഒരു പടികൂടി ഉയരുകയാണ് ഈ മികച്ച രചനയിലൂടെ. (കറ- സാറാ ജോസഫ് – കറന്റ് ബുക്സ് – തൃശൂർ) 


കാലാവസ്ഥാ വ്യതിയാനം 


ഞാനിതെഴുതുന്നത് ഒരു രാത്രിയിലാണ്. മുറിയിൽ അസഹനീയമായ ചൂട്. ചൂടുകൊണ്ട് ശ്വാസംമുട്ടുന്ന അവസ്ഥ.  ചൂട് വർധിക്കുമെന്ന മുന്നറിയിപ്പുകൾ കാണുന്നുണ്ട്. അമിതമായ ചൂടിൽ ജാഗ്രത പുലർത്തണമെന്ന് സർക്കാർ പത്രങ്ങളിലൂടെ അറിയിപ്പു നല്കുന്നുണ്ട്. 37 ഡിഗ്രിയൊക്കെ പതിവായിരിക്കുന്നു. സ്വഭാവികമായ ഒരു മാറ്റമായാണോ ഇതിനെ മനസ്സിലാക്കേണ്ടത്? എന്താണ് പരിഹാരം? ഇത്തരം ചോദ്യങ്ങൾ അലട്ടിക്കൊണ്ടേയിരിക്കുന്നു. അടുത്തകാലത്തായി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ലേഖനങ്ങളും വായിക്കുന്നത് ഞാനും പതിവാക്കിയിട്ടുണ്ട്.  


ഇതേപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനം ഫെബ്രുവരി 12-19 ലക്കം മാധ്യമംവാരികയിൽ വായിക്കാനിടയായി. കെ.ബാബു ജോസഫ്  ‘ആഗോളതാപനത്തിന്റെ ചുവപ്പ് സിഗ്നൽ’ എന്ന ലേഖനത്തിലൂടെ  ഈ പ്രശ്നത്തിന്റെ ഭീകരമുഖം  വരച്ചുകാട്ടുകയാണ്. ദിനംപ്രതി രണ്ടുലക്ഷം മനുഷ്യക്കുഞ്ഞുങ്ങൾ പിറന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ ഭൂമിയുടെ ത്രാണി അതിലംഘിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ജനസംഖ്യാവർധനവ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കംകൂട്ടുന്ന പ്രധാന കാരണമാണെന്ന് ലേഖകൻ വസ്തുതകളുടെ  പിൻബലത്തോടെ  വാദിക്കുന്നു. ജീവജാലങ്ങളുടെ നിലിനില്പുപോലും അപകടത്തിലാണെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു. ശാസ്ത്രസംബന്ധിയായ ഇത്തരം  മികച്ച ലേഖനങ്ങൾ മലയാളത്തിലെ ആനുകാലികങ്ങളിൽ ഇപ്പോൾ അധികമൊന്നും കാണാറില്ല.