സ്ത്രീകൾക്ക് നിയമസഭകളിൽ തുല്യപ്രാതിനിധ്യം – ചില സംശയങ്ങൾ ജെ ദേവിക
നിയമസഭകളിൽ സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യത്തിന്റെ വിഷയം സ്ത്രീശാക്തീകരണം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 1990-കളിൽത്തന്നെ ഇന്ത്യയിലും ചർച്ചയായതാണ്. അതിനു മുൻപുതന്നെ ഇന്ത്യൻ സാഹചര്യങ്ങളിൽ അതു ചര്‍ച്ചചെയ്തിരുന്നു. സ്ത്രീകൾക്ക് നിയമനിർമാണസഭകളിൽ സീറ്റുസംവരണം വേണമെന്ന് ബ്രിട്ടിഷ്ഭരണകാലത്തുതന്നെ അന്നത്തെ പല സ്ത്രീ-അവകാശപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നെങ്കിലും, ദേശീയപ്രസ്ഥാനം ആ അവശ്യത്തെ പൊതുവെ സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. ദലിതർക്ക് പ്രത്യേക സംവരണം ആവശ്യമാണെന്ന അംബേദ്ക്കറുടെ അഭിപ്രായത്തെ ഹിന്ദുക്കളിൽ വേർതിരിവുണ്ടാക്കാനുള്ള കുതന്ത്രമായി വായിച്ച അതേ മനോഭാവംതന്നെയാണ് സ്ത്രീകൾക്ക് പ്രത്യേകസംവരണം എന്ന ആശയത്തെയും സംശയത്തിന്റെ നിഴലിൽപ്പെടുത്തിയത്. സ്ത്രീകൾക്ക് പ്രത്യേകസംവരണമെന്നാൽ, അവരെ ഭരണകൂടത്തിന്മേൽ സവിശേഷ അവകാശങ്ങളുള്ള പ്രത്യേക താത്പര്യ-സംഘമായി അംഗീകരിക്കൽ തന്നെയാകുമെന്ന് ദേശീയപ്രസ്ഥാനത്തിലെ യാഥാസ്ഥിതികർ, പ്രത്യേകിച്ചു പുരുഷന്മാർ, ഭയപ്പെട്ടു.
തിരുവിതാകൂറിലും മറ്റും നിയമനിര്‍മാണസഭകളിൽ സ്ത്രീകൾക്ക് പ്രത്യേകപ്രാതിനിധ്യം നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ല, സർക്കാർ പ്രത്യേക സമുദായങ്ങളിലെ പ്രമുഖരായ സ്ത്രീകളെ നാമനിർദേശം ചെയ്യുന്ന രീതിയായിരുന്നു നിലവിൽ. ഈ പ്രതിനിധികൾ പലപ്പോഴും തങ്ങളുടെ ജാതിസമുദായങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം പരസ്പരം ചേർന്നുനിന്നുകൊണ്ട് സ്ത്രീകൾക്കായി വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തര നിയമസഭകളിൽ സ്ത്രീകൾ എന്ന സാമൂഹികവിഭാഗത്തെ സവിശേഷമായി പ്രതിനിധീകരിക്കുന്ന സ്ത്രീകൾ ഇല്ലാതെയായി. മേൽപ്പറഞ്ഞ വിഭാഗീയതാഭീതിയായിരുന്നു അതിനു കാരണം.
സ്ത്രീകളുടെ താത്പര്യങ്ങളെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്ത പ്രഗത്ഭയായ സ്വാതന്ത്ര്യസമരസേനാനി അക്കമ്മ ചെറിയാൻപോലും അപഹസിക്കപ്പെടുകയാണുണ്ടായത്. മാത്രമല്ല, അന്നത്തെ കോൺഗ്രസിലെ പല പ്രമുഖരും സ്ത്രീകൾക്ക് 15 ശതമാനം സ്ഥാനാർഥിത്വം മാറ്റിവയ്ക്കണമെന്ന നെഹ്രുവിന്റെ നിർദേശത്തെ നിരാകരിക്കുകയാണുണ്ടായത്. കുമ്പളത്ത് ശങ്കുപ്പിള്ളയെപ്പോലുള്ളവർ സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്കിനെ വല്ലാതെ കുറച്ചുകാട്ടുകയും, അവർ ഗൃഹഭരണംകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണമെന്നും പ്രഖ്യാപിച്ചു. അക്കമ്മ ചെറിയാൻ വളരെ കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടതെങ്കിലും അതിനുശേഷം താൻ സ്ത്രീകളുടെ പ്രതിനിധിയാണെന്ന് പ്രഖ്യാപിക്കാൻ ഒരു വനിതാസ്ഥാനാർഥിയും തയാറായതുമില്ല.
പിന്നീട്, സ്ത്രീകളെ ഒരു പ്രത്യേകവിഭാഗമായി രാഷ്ട്രീയത്തിൽ കണക്കാക്കണമെന്ന ആവശ്യം വീണ്ടും പ്രസക്തമായത് 1990-കളിലാണ്. ആഗോളതലത്തിൽ സ്ത്രീശാക്തീകരണം അംഗീകരിക്കപ്പെട്ടെങ്കിലും അധികവും തദ്ദേശതലഭരണത്തിലൂടെയാണ് അതു നടപ്പാക്കേണ്ടതെന്ന സമാവായവും അതേ സമയത്തുണ്ടായി. ഒ.ബി.സി വിഭാഗങ്ങളുടെ സംവരണത്തെപ്പറ്റിയുള്ള ദേശീയചര്ച്ചയിൽ കീഴ്ജാതികളനുഭവിച്ച ചരിത്രപരമായ നഷ്ടങ്ങളെ പരിഹരിക്കാനുള്ള മാർഗമായിയാണ് അത് അവതരിപ്പിക്കപ്പെട്ടത്. സ്ത്രീസംവരണവും അതേവിധം അവതരിപ്പിക്കപ്പെടാനുളള ചരിത്രകാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ചുള്ള ചര്‍ച്ച വ്യത്യസ്തമായിരുന്നു. തദ്ദേശസമൂഹത്തിന്റെ വികസനത്തിനും നൽവാഴ്വിനും ഉതകുംവിധം സ്ത്രീകളുടെ കഴിവും അധ്വാനവും ലഭ്യമാക്കാൻ ഉതകുന്ന നടപടിയെന്ന നിലയ്ക്കാണ് സ്ത്രീസംവരണം അംഗീകരിക്കപ്പെട്ടത്.
കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഇവിടെ രാഷ്ട്രീയരംഗത്ത് അതിപ്രഗത്ഭകളുണ്ടായിരുന്നിട്ടും, നമ്മുടെ ട്രേഡ് യൂണിയൻ രംഗത്ത് കീഴ്ത്തട്ടുകളിൽ കഴിവുറ്റ നിരവധി വനിതാനേതാക്കളും പ്രവർത്തകരും ഉണ്ടായിട്ടും അവരൊന്നും അർഹിച്ച ഉയർച്ചയിലേക്കു വളർന്നില്ല. അഥവാ, അതിനുള്ള സാഹചര്യം പാർട്ടി നേതൃത്വങ്ങൾ ഒരുക്കിയില്ല. ഗൗരിയമ്മയുടെ അനുഭവം നല്ലൊരുദാഹരണമാണ്. അവർക്കു മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതിനു തൊട്ടുപിന്നാലെയുള്ള വർഷങ്ങളിലാണ് പഞ്ചായത്തുകളിലെ വനിതാസംവരണത്തിന്റെയും സ്ത്രീശാക്തീകരണ-വികസനത്തിന്റെയും വക്താക്കളെന്ന നിലയ്ക്ക് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ലോകപ്രശസ്തി പിടിച്ചുപറ്റിയത്. ഇത് ഒരു വിരോധാഭാസമായിരുന്നില്ലെന്നാണ് മുൻപുന്നയിച്ച വാദങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്നും കേരളനിയമസഭയിൽ സ്ത്രീകളുടെ എണ്ണക്കുറവ് സങ്കടകരമായ യാഥാർഥ്യമായി തുടരുന്നു. തദ്ദേശതലങ്ങളിൽ അമ്പതുശതമാനം സംവരണം സ്ത്രീകൾക്കായി ഒരുക്കിയത് ഈ കുറവിനെ അല്പവും ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സ്വന്തംനിലയിൽ ഊർജസ്വലമായ പ്രവർത്തനം കാഴ്ചവെച്ചവരാണെങ്കിൽപ്പോലും വിവാഹത്തിൽ പിന്നീട് ഒതുങ്ങിയ സ്ത്രീകൾ പിൽക്കാലത്ത് രാഷ്ട്രീയത്തിൽ മരിച്ചുപോയ നേതാവിന്റെ ഭാര്യ എന്ന നിലയിൽ മടങ്ങിയെത്തുന്നതും കാണുന്നു. സ്വന്തമായ നില പണിഞ്ഞെടുത്താലും അവരെ ഭാര്യാസ്ഥാനാർഥിയെന്ന് അപഹസിക്കാൻ മടിക്കാത്ത പ്രതിപക്ഷങ്ങളും ഇന്ന് പരിചിതരാണ്. പുരുഷനേതൃത്വങ്ങളോടുള്ള വണക്കം, അനുസരണ മുതലായവയ്ക്കും, സമൂഹഭൂരിപക്ഷത്തിന് രുചിക്കുന്ന മിടുക്കിയായ നല്ലകുട്ടിയായി ചിത്രീകരിക്കാനുള്ള സാധ്യതയുമല്ലേ ഇന്ന് സ്ത്രീസ്ഥാനാർഥിയാകാനുള്ള മാനദണ്ഡങ്ങളെന്നുപോലും സംശയിച്ചുപോകുന്നു. സ്ത്രീകളുടെ താത്പര്യങ്ങളെ ഒരുവിധത്തിലും സഹായിക്കാനിടയില്ലെന്നു മാത്രമല്ല, ഇത്തരം സ്ത്രീസ്ഥാനാർഥികൾ – വനിതാക്കമ്മിഷൻ അധ്യക്ഷയായാൽപ്പോലും – അധികാരത്തിന്റെ ആൺപ്രയോഗങ്ങളുടെ ഉറച്ച വക്താക്കളായിത്തുടരുന്നതും നിരാശാജനകമായ കാഴ്ച തന്നെ.
എങ്കിലും, ഇതൊന്നും തുല്യപ്രാതിനിധ്യ ആവശ്യത്തിന്റെ സാധുതയെ ബാധിക്കുന്നില്ല. ഇന്ത്യൻ സ്ത്രീകളും ഇന്ത്യയിലെ പൗരജനങ്ങളുടെ എല്ലാ അവകാശങ്ങളും അനുഭവിക്കുന്നവരാണെന്ന യാഥാർഥ്യത്തിൽനിന്ന് നേരിട്ട് ഉളവാകുന്ന അവകാശമത്രെ അത്. സ്ത്രീകൾ അവരുടെ പൊതുപ്രവർത്തനങ്ങളിൽ പുരുഷന്മാരെക്കാളധികം സംശുദ്ധി പാലിക്കാൻ ബാധ്യസ്ഥരല്ല. സ്ത്രീകളുടെ അവകാശങ്ങളെ അവർ നിർബന്ധമായും പിൻതാങ്ങിക്കൊള്ളണമെന്നും പറയാനാകില്ല. കേവല അവകാശമെന്ന നിലയിൽ സ്ത്രീകൾക്കു കിട്ടേണ്ട അധികാരത്തിന്റെ പങ്കിനെയാണ് സ്ത്രീസംവരണ വക്താക്കൾ ആവശ്യപ്പെടുന്നത്.
ജനാധിപത്യവ്യവസ്ഥയിൽ വിശ്വസിക്കുന്ന ഏതൊരു രാഷ്ട്രീയകക്ഷിയും സ്വയം നല്‍കേണ്ട അവകാശമാണ് തുല്യസ്ഥാനാർഥിത്വം. എന്നാൽ, അവയെല്ലാം ഒരുപോലെ സംവരണക്വോട്ട ഉണ്ടെങ്കിൽ മാത്രമേ അധികം സ്ത്രീകളെ മത്സരിപ്പിക്കൂ എന്ന ശാഠ്യത്തിലാണ്. സമീപകാലത്തു ദേശീയതലത്തിൽ പാസായ വനിതാസംവരണ ബിൽ ആ സാധ്യതയെ ഭാവിയിലേക്കു തള്ളിനീക്കിയിരിക്കുന്നു. മാത്രമല്ല, ഈ നിയമത്തിന്റെ വ്യവസ്ഥകൾ സ്ത്രീസ്ഥാനാർഥികൾക്ക് രാഷ്ട്രീയത്തിൽ സ്വന്തമായ ഇടങ്ങൾ (ഒരേ നിയമസഭാമണ്ഡലത്തെ പലതവണ പ്രതിനിധീകരിക്കുന്നതിലൂടെ) പണിയാനുള്ള സാധ്യത നല്‍കുന്നില്ലെന്നും വിമർശനമുണ്ട് – അതായത് രാഷ്ട്രീയരംഗത്ത് ഉറച്ചുനില്‍ക്കാനുള്ള അവസരമല്ല ഇതിലൂടെ അവർക്ക് ലഭിക്കുന്നതെന്നര്‍ഥം.
സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ ഇത്ര മടി കാട്ടുന്നതെന്തുകൊണ്ടാണ്? ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെല്ലാം ഏറിയോ കുറഞ്ഞോ പിതൃമേധാവിത്വസംസ്കാരത്തെ പിൻപറ്റുന്നവയാണ്. അവയുടെ നേതൃത്വമടക്കം പലപ്പോഴും കഴിവുറ്റ സ്ത്രീകളോട് അസഹിഷ്ണുതയും അവരെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയും കാട്ടാറുമുണ്ട്. എങ്കിലും, ഇവയെക്കാൾ പ്രധാനമായ കാരണം സ്ത്രീസ്ഥാനാർഥികളുടെ കുറഞ്ഞ വിജയസാധ്യതതന്നെയാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പിതൃമേധാവിത്വമുൻവിധികൾ ഇപ്പോഴും ജനങ്ങൾക്കിടയിൽ തഴച്ചുവളരുന്നതു തന്നെയാണ് ഇതിനു പിന്നിലെ മുഖ്യതടസ്സം. വിജയസാധ്യതയിലെ ഈ കുറവ് കഴിഞ്ഞ രാജസ്ഥാൻ-ഛട്ടിസ്ഗഡ് തിരഞ്ഞെടുപ്പുകളിലും സുവ്യക്തമായി കാണാനുണ്ട്. രാജസ്ഥാനിൽ മത്സരിച്ച പാർട്ടികളെ സ്ത്രീസ്ഥാനാർഥികളുടെ വിജയനിരക്ക് പുരുഷസ്ഥാനാർഥികളെക്കാൾ വളരെ കുറവായിരുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ത്രീകൾക്ക് കാര്യമായ സ്ഥാനാർഥിത്വ അവസരം കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ നൽകുകയുണ്ടായി. അതിൽ പലരും വിജയിച്ചെങ്കിലും അവിടെയും സ്ത്രീകളുടെ വിജയനിരക്ക് കുറവായിരുന്നു. നാരീശക്തിയെപ്പറ്റി ഏറെ വാചകമടിക്കുന്നെങ്കിലും ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടികയിൽ ഇക്കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പത്തിനും പതിനഞ്ചിനുമിടയിലുള്ള ശതമാനം സ്ത്രീകളെ ഉണ്ടായിരുന്നുള്ളൂ.
സമീപകാലത്ത് കേരളത്തിലെ മുഖ്യധാരാ ഫെമിനിസ്റ്റുകൾ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സ്ഥാനാർഥിത്വത്തിൽ മുപ്പത്തിമൂന്നു ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടുകൊണ്ട് പെൺമെമ്മോറിയൽ ഒരു ഭീമഹർജി തയാറാക്കിയിട്ടുണ്ട്. ഇതിനോട് ജനാധിപത്യവാദികൾ വിയോജിക്കുമെന്നു തോന്നുന്നില്ല. എന്നാൽ, ഈ ആഹ്വാനം ചെവിക്കൊള്ളുന്ന രാഷ്ട്രീയകക്ഷികൾ ജയിക്കുമെന്നുറപ്പായ സീറ്റുകൾ സ്ത്രീകൾക്ക് നൽകാൻ തയാറാകാത്തപക്ഷം അവർ മത്സരിക്കും, തോൽക്കും – 1950-കളിൽ നെഹ്രുവിന്റെ ആഹ്വാനത്തെ കാര്യമായി എടുത്ത സ്ഥലങ്ങളിൽപ്പോലും സ്ത്രീകൾക്കു പറ്റിയ മണ്ഡലങ്ങളിൽ അവരെ ഒതുക്കിനിർത്തിയ ചരിത്രമാണുള്ളത്. മാത്രമല്ല, സ്ത്രീസ്ഥാനാർഥികൾക്കെതിരെ നിലവിലുള്ള പഴകിയുറച്ച മുൻവിധികളെ സിവിൽസമൂഹത്തിൽനിന്ന് അടിയോടെ ഇളക്കിക്കളയാനുള്ള പ്രവർത്തനം – ഫെമിനിസ്റ്റ് രാഷ്ട്രീയപ്രവർത്തനത്തിൽ തീര്‍ച്ചയായും അതുൾപ്പെടും – തുടർച്ചയോടെയും ചിട്ടയായും നടത്താത്ത പക്ഷം സ്ത്രീകളുടെ തോൽവിസാധ്യതയെ കുറയ്ക്കാനും പ്രയാസമാണ്. പെൺമെമ്മോറിയൽ വെറുമൊരു ചടങ്ങായിത്തീരാതിരിക്കണമെങ്കിൽ ഈ തുടർപ്രവർത്തനം അനിവാര്യമാണ്. ഒരുപക്ഷേ, കേരളത്തിൽ തദ്ദേശഭരണവും സ്ത്രീസംവരണവും നിലവിൽവന്ന 1990-കൾമുതൽ ഈ പ്രവർത്തനം സജീവമായിരുന്നെങ്കിൽ നിയമസഭാതിരഞ്ഞെടുപ്പുകളിൽ സ്ത്രീസ്ഥാനാർഥികളോടു സമ്മതിദായകരുടെ സമീപനംതന്നെ ഒരളവുവരെയെങ്കിലും മാറിയേനെ.
മാത്രമല്ല, അധികാരത്തിലേറിയ ഉടൻ ശാക്തീകരിക്കപ്പെട്ടവരായി സ്ത്രീകളെ കരുതുന്ന രീതിയ്ക്കും പാളിച്ചകളുണ്ട്. അധികാരത്തിലേറിക്കഴിഞ്ഞ സ്ത്രീകൾക്കു നേരെ നടക്കുന്ന കൂട്ട ആക്രമണങ്ങൾ കേരളത്തിൽ പുതുമയേ അല്ല. ഭരണരീതികളെയും ചട്ടങ്ങളെയും കൃത്യമായി പാലിക്കണമെന്ന് വാശിയുള്ള സ്ത്രീകളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വളഞ്ഞിട്ടാക്രമിക്കുന്ന എത്രയെത്ര സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട് – അവയിൽ അവസാനത്തേതാണ് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ ആത്മഹത്യ. അധികാരത്തിലെത്തിയതിനാൽ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു, ഇനി പോരാട്ടങ്ങളെല്ലാം അവർ ഒറ്റയ്ക്കു വേണം നടത്താനെന്ന നിശ്ശബ്ദധാരണ കേരളത്തിലെ മുഖ്യധാരാ ഫെമിനിസം വച്ചു പുലർത്തുന്നത് നിർഭാഗ്യകരമാണ്. കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളിലൂടെ അധികാരത്തിലെത്തിയ സ്ത്രീകൾ പലപ്പോഴും നേരിടുന്ന സ്ത്രീവിരുദ്ധത പൊതുചര്ച്ചയിലെത്തിക്കാനോ അതിനെ നേരിടാനോ കേരളത്തിലെ മുഖ്യധാരാ ഫെമിനിസം കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടുമില്ല.
അവസാനമായി, ഫാസിസം ഇന്ത്യൻ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യത്തെ വിഴുങ്ങാൻ വാ പിളർന്നു നില്ക്കുന്ന ഈ തിരഞ്ഞുടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ, തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗങ്ങൾ നൂറു ശതമാനവും സ്ത്രീകളാണെങ്കിലും രാജ്യം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. അതുവഴി സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾ പൂർത്തീകരിക്കപ്പെടുമായിരിക്കും, പക്ഷേ, ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളകിയിരിക്കും അപ്പോഴേയ്ക്കും. ഇക്കാരണത്താലാണ് ഈ വിഷയമല്ല ഈ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ പ്രധാനമായും ഉയർത്തേണ്ടതെന്ന് എനിക്കു തോന്നുന്നത്.