സാമ്പത്തിക കേരളം: പ്രതിസന്ധിയും പ്രതിവിധിയും – ഡോ. കൊച്ചുറാണി ജോസഫ്

സാമ്പത്തിക കേരളം: പ്രതിസന്ധിയും പ്രതിവിധിയും  – ഡോ. കൊച്ചുറാണി ജോസഫ്

കേരളത്തിന്റെ സാമ്പത്തികഭൂമികയിൽ ഏറെ പ്രഘോഷിക്കപ്പെട്ട പദമാണ് ‘കേരള വികസന മോഡൽ’. ഈ സാമ്പത്തിക മോഡലിൽ മലയാളികളുടെ ജീവിതത്തിന്റെ ഗുണമേന്മ ചില സൂചികകളാൽ അളക്കപ്പെടുന്നു. അതിൽ പ്രധാനപ്പെട്ടത് ഉയർന്ന വിദ്യാഭ്യാസ നിരക്കും, സാക്ഷരതയും ജീവിത ഗുണനിലവാരവും താഴ്ന്ന ശിശുമരണ നിരക്കും ആയുർദൈർഘ്യംപോലുള്ള മറ്റ് ആരോഗ്യ സൂചകകളുമാണ്. ഈ സാമൂഹ്യക്ഷേമ സൂചികകൾ  പരിഗണിക്കപ്പെട്ടുകൊണ്ട് ഇതര സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന് ഒന്നാംസ്ഥാനം നല്കപ്പെട്ടിരുന്നു. “താഴ്ന്ന ആളോഹരി വരുമാനമുള്ള ഒരു സംസ്ഥാനം നേടിയെടുത്ത ഉയർന്ന മാനവവികസനം” എന്ന രീതിയിലാണ് കേരളവികസനത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്.


      എന്നാൽ ഇന്നു വർദ്ധിച്ചുവരുന്ന പൊതുകടം കേരളത്തെ വല്ലാതെ ഉലക്കുകയാണ്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുത കടഭാരത്തെ അളക്കേണ്ടത് കേവലം സംഖ്യാപരമായി നമുക്കു ലഭ്യമാകുന്ന കടത്തിന്റെ തുകയെ അടിസ്ഥാനപ്പെടുത്തിയല്ല,  മറിച്ച് മൊത്തത്തിലുള്ള ആഭ്യന്തര ഉത്പന്നത്തിന്റെ അളവുമായി (ജി.എസ്.ഡി.പി – ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) ബന്ധപ്പെടുത്തിയാണ്. ഇത് ഒരു അടിസ്ഥാന സാമ്പത്തിക മെട്രിക്  സൂചികയാണ്.  ഈ സൂചിക ലഭ്യമാകുന്നത് ഒരു സംസ്ഥാനത്തിലെ ആകെ കടത്തെ അവിടത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അളവുകൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ച് ശതമാനമായി കിട്ടുന്ന തുകയിലൂടെയാണ്. ഈ സൂചികയെ അടിസ്ഥാനമാക്കി കടവും ഉത്പാദനവും തമ്മിലുള്ള ബന്ധം, ബജറ്റ് ആസൂത്രണം, സാമ്പത്തിക വിശകലനങ്ങൾ എന്നിവ നിർണയിക്കപ്പെടുന്നു.          ഇത് ശതമാനത്തിൽ 30-ൽ താഴെ ആയിരിക്കുന്നതാണ് ഉചിതമായ അവസ്ഥ. എന്നാൽ ഫോർബ്സ് ഇന്ത്യ  പ്രസിദ്ധപ്പെടുത്തിയ കണക്കുപ്രകാരം കേരളത്തിൽ ഇപ്പോൾ ഇത്  37 ശതമാനത്തിലേക്ക്  എത്തി എന്നതാണ് ദയനീയകരമായ അവസ്ഥ. ഈ ഏറ്റവും ഉയർന്ന കടം – ജി.ഡി.പി നിരക്ക് മൂലം പലിശ പേയ്‌മെന്റുകൾ വർധിപ്പിച്ചു,  അതുകൊണ്ട് അതിനെ മറികടക്കാനുള്ള പോംവഴിയായി ആഭ്യന്തര ഉത്പന്നം വർധിപ്പിക്കുക എന്നത് പൊതുകടം കുറയ്ക്കുക എന്നതിനോടൊപ്പം തന്നെ ഏറെ പ്രധാനപ്പെട്ടതാണ്.        ശ്രീലങ്കൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കനത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങൾക്ക് ഊന്നൽ നല്കിക്കൊണ്ട്, ഇന്ത്യയിലെ സംസ്ഥാനസർക്കാരുകൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക അപകടസാധ്യതകളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവലോകനം ചെയ്യുകയുണ്ടായി. അതനുസരിച്ച് ബിഹാർ,കേരളം,പഞ്ചാബ്,രാജസ്ഥാൻ,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് കടുത്ത സമ്മർദം നേരിടുന്ന സംസ്ഥാനങ്ങൾ. സ്വന്തം നികുതിവരുമാനത്തിലെ മാന്ദ്യം, പ്രതിബദ്ധതയുള്ള ചെലവുകളുടെ ഉയർന്ന വിഹിതം, വർധിച്ചുവരുന്ന സബ്‌സിഡി ഭാരങ്ങൾ എന്നിവ കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളോടൊപ്പം ശ്രദ്ധേയമായ കാരണങ്ങളായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.


പ്രശ്നാധിഷ്ഠിത വിശകലനത്തെക്കാപ്പുറം പ്രതിവിധികളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അസന്നമായിരിക്കുന്നതിനാൽ എല്ലാവരും കരുതലോടെ സമീപിക്കേണ്ട ചില വഴികൾ പരാമർശിക്കുന്നത് ഉചിതമായിരിക്കും. ഓരോ പ്രശ്നത്തിലും അതി തന്നെ പ്രതിവിധികളും കിടപ്പുണ്ട് എന്ന പൊതുതത്ത്വം ഈ മേഖലയിലും അർഥവത്താണ്


 1. ഉത്പാദനം വർധിപ്പിക്കുക:  ഉത്പാദനക്ഷമത വർധിപ്പിക്കുകയും വൈവിധ്യമാർന്ന തൊഴിൽമേഖലകൾ വിപണിയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതുമായ അവസ്ഥ സംജാതമാകണം. സംരംഭകരാണ് വികസനമന്ത്രത്തിന്റെ ഹീറോ.  സംരംഭകൻ എന്ന നായകനിൽ ചുറ്റിത്തിരിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുക എന്നതാണ് പ്രധാന പ്രതിവിധി. സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രഡ്റിച്ച് വോൺ  റിച്ചിന്റെ അഭിപ്രായത്തിൽ മെച്ചപ്പെട്ട തീരങ്ങളിലേക്ക് അടുക്കുവാൻ ഒരു വ്യക്തി എടുക്കുന്ന നേതൃത്വത്തിന്റെ ധീരമായ കാൽവയ്പാണ് സംരംഭങ്ങൾ. സംരംഭകത്വം തുടങ്ങാനും നിലനിറുത്താനും പറ്റിയ അന്തരീക്ഷമാണോ എന്ന മറുചോദ്യം പ്രസക്തമാണ്.


കേരളത്തിനോട് പ്രതിബദ്ധതയില്ലാത്ത ജനം: ‘കേരളത്തിൽനിന്നാൽ രക്ഷപ്പെടില്ല’ എന്നത് നമ്മുടെ പൊതുബോധത്തിൽ ആഴമായി വേരോടിക്കഴിഞ്ഞു. ലോകചരിത്രം എന്നും കുടിയേറ്റങ്ങളുടേതുകുടിയാണ്. സമൃദ്ധമായ ഭക്ഷണവും സുരക്ഷിതത്വവും തേടി ആദിമകാലങ്ങളിൽ മനുഷ്യൻ നടത്തിയ പ്രാദേശിക കുടിയേറ്റങ്ങൾ പിൽക്കാലത്തു വ്യാവസായികവത്കരണം, ആഗോളവത്കരണം, നഗരവത്കരണം,  ഗതാഗതത്തിന്റെയും ആശയവിനിമയത്തിന്റെയും വളർച്ച, ആധുനിക സാമ്പത്തികമാർഗങ്ങളുടെ വികസനം എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യാന്തരകുടിയേറ്റങ്ങളായി പരിണമിച്ചു. കേരളത്തോടും അതിന്റെ സാമ്പത്തിക സ്ഥിതിയോടും പ്രതിബദ്ധതയുള്ള യുവതലമുറയുടെ അസാന്നിധ്യവും പ്രശ്നത്തെ രൂക്ഷമാക്കുന്നു. കുടിയേറ്റത്തിലൂടെ വിദേശനാണ്യത്തിന്റെ ഒഴുക്കും അതുവഴി സാമ്പത്തികവളർച്ചയും  നമ്മുടെ നാടിനു കൈവന്നു എന്ന സത്യം തമസ്കരിക്കാനാവില്ല. എന്നാൽ, കഴിവുള്ള ഒരു യുവതലമുറയുടെ മസ്തിഷ്കചോർച്ച അഥവാ ബ്രെയിൻ ഡ്രയിൻ നിരവധി സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.


ഒരു വിദ്യാർഥി ഡോക്ടറോ എൻജിനീയറോ ആകുമ്പോൾ സർക്കാർ ആ വ്യക്തിക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്നു. എന്നാൽ തിരിച്ച് സംസ്ഥാനത്തിന് ഒന്നും നല്കാതെ സ്വന്തം കാര്യംമാത്രം ചിന്തിച്ച് നാടുവിടുമ്പോൾ അത് ഖജനാവിനെ പ്രതികൂലമായി ബാധിക്കുന്നു. ഫലദായകമായ മനുഷ്യവിഭവശേഷിയുടെ അഭാവം ഇവിടത്തെ വ്യാവസായിക, കോർപറേറ്റ്  ലോകത്തെ പ്രതികൂലമായി ബാധിക്കുന്നു. അടുത്ത നിക്ഷേപസാധ്യത ഓൾഡ് ഏജ് ഹോമുകൾക്കാണ് എന്ന  തരത്തിൽ കേരളം വൃദ്ധരുടെ നാടായി മാറുന്നു. ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണവും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.  ആകെ രസകരമായതു  ജോലി എന്താണെന്നു ചോദിച്ചാൽ സ്ഥലപ്പേര്  പറയുന്ന ഏക ആളുകൾ മലയാളികളാണ് എന്നതാണ്. ഉദാഹരണത്തിന്:  “എന്താ ജോലി”?  “ഞാൻ യു.കെയിലാണ്.” 


ഗുണമേന്മയുള്ള ചെലവുരീതികൾ അവലംബിക്കുക:. ചെലവുചുരുക്കുക എന്നത് നല്ല പ്രതിവിധിയായി പറയാറുണ്ട്. എന്നാൽ ഒരു ഇക്കോണമിയെ പിടിച്ചുനിറുത്തുന്നത് അവിടുത്തെ ചെലവ് അഥവാ കൺസപ്ഷൻ ആണ്. ഒരാളുടെ ചെലവ് മറ്റൊരാളിന്റെ വരുമാനമാണ്. മിതവ്യയവും പിശുക്കും രണ്ടാണ്. ഉള്ളതിൽ സംതൃപ്തിപ്പെട്ടുകൊണ്ടിരിക്കുന്നതു നല്ലതാണെങ്കിലും വികസനം മന്ദീഭവിക്കാതിരിക്കാൻ മെച്ചപ്പെടാനുള്ള  പരിശ്രമം ആവശ്യമാണ്.  ‘പാരഡോക്സ് ഓഫ് ത്രിഫ്റ്റ്’ അഥവാ ‘മിതവ്യയത്തിന്റെ വിരോധാഭാസം’ എന്ന സാമ്പത്തികശാസ്ത്ര സിദ്ധാന്തമനുസരിച്ച്   സമ്പാദ്യത്തിന്റെ വർധനവ്  മൊത്തത്തിലുള്ള ഡിമാൻഡ്  കുറയുന്നതിനും  അതുവഴി  മൊത്ത ഉത്പാദനം  കുറയുന്നതിനും കാരണമാകുന്നു .  വ്യക്തിഗത മിതവ്യയം വ്യക്തിക്ക് നല്ലതാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുമ്പോൾ, കൂട്ടായ മിതവ്യയം സമ്പദ്‌വ്യവസ്ഥയ്ക്ക് മോശമാണെന്ന് “മിതവാദത്തിന്റെ വിരോധാഭാസം” അവകാശപ്പെടുന്നു.


സാമൂഹ്യചിന്തകർ പലരും ഉപഭോഗസംസ്കാരത്തെ നിഷേധാന്മകമായി പറയുമെങ്കിലും സാമ്പത്തിക  ശാസ്ത്രജ്ഞർ  ഉപഭോഗത്തെ ഏറ്റവും പ്രധാന ഘടകമായാണ് പരിഗണിക്കുന്നത്. കാരണം, ഉപഭോഗമാണ് സാമ്പത്തിക വ്യവസ്ഥിതിയെ  ചലനാന്മകമാക്കുന്നത്. ഉപഭാഗം ഉത്പാദനത്തെ പ്രചോദിപ്പിക്കുന്നു.  ഉത്പാദനം തൊഴിലിനെയും തൊഴിൽ വരുമാനത്തെയും സൃഷ്ടിക്കുന്നു. വരുമാനം വീണ്ടും ഉപഭോഗത്തിലേക്കു വഴിതുറക്കുന്നു.  1930-കളിലുണ്ടായ ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ പ്രധാനകാരണം മൊത്ത ഉപഭോഗത്തിലുണ്ടായ  കുറവായിരുന്നു. അത് ആഗോള ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് പണപ്പെരുപ്പവും ക്ഷാമവും രൂക്ഷമായി. 


നികുതി സമാഹരണരീതി മെച്ചപ്പെടുത്തുക : സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനത്തിന്റെ മുഖ്യസ്രോതസ്സുകൾ സംസ്ഥാന ചരക്ക് സേവന നികുതി, പെട്രോളിയത്തിന്റെയും മദ്യത്തിന്റെയും വില്പനനികുതി, സ്റ്റാമ്പ്ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാഹനനികുതി, ഭൂനികുതി തുടങ്ങിയവയാണ്. ശേഖരിക്കാനുള്ള നികുതി കുടിശ്ശിക ഉൾപ്പെടെ അപര്യാപ്തമായ നികുതി സമാഹരണരീതിയാണ് നമുക്കുള്ളത്. ജി. എസ്. ടി. നടപ്പിലാക്കിയതിലുള്ള തകരാറുകൾ പരിഹരിക്കണം. പൊതുവിഭവ മാനേജ്മെന്റിന്റെ കാര്യക്ഷമതയും ഫെഡറൽ സംവിധാനത്തിലെ കേന്ദ്ര -സംസ്ഥാന ബന്ധവും മെച്ചപ്പെടുത്തണം


5. ടൂറിസം എക്കണോമിക്സ്: കേരളം നേരിടുന്ന കടക്കെണിയിൽനിന്ന് കരകയറുവാനുള്ള ഒരു മാർഗം  ടൂറിസം സെക്ടർവഴി നമ്മുടെ വരുമാനസ്രോതസ്സുകൾ വർധിപ്പിക്കുക എന്നതാണ്. നമ്മുടെ പ്രകൃതിഭംഗിയും അനുകൂലകാലാവസ്ഥയും സംസ്കാരവും നാടൻകലകളും നാട്ടുവൈദ്യവും വിവിധ ഭക്ഷണരുചിക്കൂട്ടുകളും ഉപയോഗിച്ച് ടൂറിസത്തിന്റെ അനന്തസാധ്യതകൾ കൊയ്യാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.   ചില രാജ്യങ്ങളിൽ  കൃത്രിമമായി സൃഷ്ടിച്ചുവച്ചിരിക്കുന്ന തടാകങ്ങളുംമറ്റും കാണുമ്പോൾ നമ്മുടെ നാട്ടിൽ  പ്രകൃതിദത്തമായി ലഭ്യമായ ഇവയൊക്കെ ഇതിനെക്കാൾ എത്രയോ    ശ്രേഷ്ടം എന്ന് ചിന്തിച്ചുപോയിയിട്ടുണ്ട്.  വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ  കണ്ടെത്തലിൽ  എഴുപതു ശതമാനം വിനോദസഞ്ചാരികളും പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ മുപ്പതു ശതമാനം പേർ മറ്റു ലക്ഷ്യസ്ഥാനങ്ങൾ കണക്കാക്കുന്നു. അതിനാൽ      കോൺഫറൻസ് ടൂറിസം, അഡ്വഞ്ചർ ടൂറിസം ,ആരോഗ്യ ടൂറിസം. തീർത്ഥാടന  ടൂറിസം. പാക്കേജ് ടൂറിസം, പരിസ്ഥിതി ടൂറിസം, ഹണിമൂൺ ടൂറിസം, ഇക്കോ ടൂറിസം, അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷൻ ടൂറിസം തുടങ്ങി ടുറിസത്തിന്റെ വിവിധ മേഖലകൾ കണ്ടെത്തുന്നത് ഉചിതമായിരിക്കും. ടൂറിസം മേഖലയിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ    ത്വരിതപ്പെടുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, വിദ്യാഭ്യാസം ആരോഗ്യപരിപാലനം തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുടെ വളർച്ചയും പരിഗണനാർഹമാണ്.6. ധനനയവും കടവികേന്ദ്രീകരണവും: മോണിറ്ററി, ഫിസ്ക്കൽ പോളിസികളുടെ  സന്തുലിതമായ സമന്വയമാണ് ആവശ്യമായിരിക്കുന്നത്. പുതിയ കടപ്പത്രങ്ങൾ നിശ്ചിതകാലത്തേക്ക് പുറപ്പെടുവിക്കുക, സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുക പബ്ലിക്-പ്രൈവറ്റ് പാർട്ടിസിപ്പേഷൻ സ്കീമുകൾ നടപ്പിൽ വരുത്തുക, അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക എന്നിവ അടിസ്ഥാന സാമ്പത്തിക നയത്തിന്റെ ഭാഗമാകണം.


     ചുരുക്കത്തിൽ ചെലവ് കുറച്ച് വരുമാനസ്രോതസുകൾ വർധിപ്പിച്ച് സാമ്പത്തിക അച്ചടക്കവും, കടത്തിന്റെ മെച്ചപ്പെട്ട വികേന്ദ്രീകരണവുംവഴി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ  ലക്ഷ്യമാക്കി ആർട്ടിഫിഷ്യൽ ഇന്റിലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ നൂതന അവസരങ്ങളും, സുസ്ഥിര കാർഷികരീതികൾ, പാരിസ്ഥിതിക സുസ്ഥിരത, ആരോഗ്യ, സാമൂഹികക്ഷേമ പദ്ധതികൾ, ഉൽപാദനത്തിന്റെ നീതിപൂർവകമായ വിതരണം എന്നിവയും സമയോചിതമായി ഉൾപ്പെടുത്തണം. ഒപ്പറാ ഹൗസുകൾ ഇവിടെയും ഉണ്ടാകും. ബാലിക്ക് പോകുന്നവർ ഇവിടെയും തേടിയെത്തും. മനുഷ്യവിഭവശേഷിയുടെ പുറത്തോട്ടുള്ള ഒഴുക്ക് അകത്തോട്ടാകും. അപ്പോൾ, തൊഴിൽഘടനയും ജീവിതസമവാക്യങ്ങളും വ്യത്യാസപ്പെടും. ഈ ഉണർത്തുപാട്ടിനായി കേരളത്തെ സമീപിക്കാൻ ആർജവമുള്ള ജനതയാണ് ആവശ്യമായിരിക്കുന്നത്. അപ്പോൾ കേരളത്തിന് മറ്റൊരു ടേക്ക് ഓഫിന് സാധ്യതകൾ തെളിയുന്നു.


(ലേഖിക സാമ്പത്തിക ശാസ്ത്ര അധ്യാപികയും ഗവേഷണ ഗൈഡും സാമ്പത്തികശാസ്ത്ര  ഗ്രന്ഥകർത്താവും കോളമിനിസ്റ്റും പേഴ്സണൽ  ഫിനാൻസിംഗ് ട്രെയിനറുമാണ് )