കുഞ്ഞാമൻ  എന്ന ഇടതുപക്ഷം – സി.നാരായണന്‍

കുഞ്ഞാമൻ  എന്ന ഇടതുപക്ഷം – സി.നാരായണന്‍

പ്രശസ്ത തമിഴ്-മലയാളി എഴുത്തുകാരൻ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ എന്ന വിഖ്യാത നോവലിൽ ഒരു സന്ദര്‍ഭമുണ്ട്. ധര്‍മപാലൻ എന്ന കളക്ടർ തന്റെ ഐ.എ.എസ് യോഗ്യത അഭിമുഖത്തിൽ നേരിട്ട ഒരനുഭവം അദ്ദേഹം ഓര്‍ക്കുന്നത്. അഭിമുഖം നടത്തുന്നയാളിന്റെ ആദ്യ ചോദ്യംതന്നെ ധര്‍മപാലന്റെ ജാതിയെക്കുറിച്ചുള്ളതായിരുന്നു. നായാടി വിഭാഗക്കാരനായ ധര്‍മപാലന്റെ ഗോത്രജീവിതം ഒരു തമാശപോലെ ആസ്വദിച്ചശേഷം വന്നു മറ്റൊരു ചോദ്യം: ‘നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണ് എടുക്കുക?’ ചോദ്യകര്‍ത്താവ് മാത്രമല്ല ഇന്റര്‍വ്യൂ ബോര്‍ഡിലെ എല്ലാവരും ഈ ചോദ്യത്തിനുശേഷം കാണിച്ച ഉന്മേഷഭാവം ധര്‍മപാലൻ മനസ്സിലാക്കി.


കണ്ണിലും കാതിലും തലച്ചോറിലും ചുടുചോര ഇരച്ചു പാഞ്ഞുപോയ നിമിഷത്തിൽ ധര്‍മപാലൻ ഇങ്ങനെ മറുപടി നല്കി: ‘സർ, ന്യായം എന്നു വച്ചാൽ എന്താണ്. വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്. ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധര്‍മം ഉണ്ടായിരിക്കണം. ധര്‍മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കിൽ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണത്തിൽത്തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്’.


‘ അത് ഒരു കൊലപാതകമാണെങ്കിലോ? മിസ്റ്റർ ധര്‍മപാലൻ, നിങ്ങൾ എന്ത് പറയും?’


‘സാർ, കൊലപാതകംതന്നെയായാലും ഒരു നായാടിതന്നെയാണ് നിരപരാധി….അവനോടുതന്നെയാണ് അനീതി കാട്ടിയിട്ടുളളത്’- ധര്‍മപാലന്റെ ഈ മറുപടി ഇന്റര്‍വ്യൂ ബോര്‍ഡിലെ എല്ലാവരെയും കുറെനേരത്തേക്ക് നിശ്ശബ്ദരാക്കിക്കളഞ്ഞു. അത്ര വലിയ ആഘാതമായിരുന്നു അവര്‍ക്കത്.


74-ാം വയസ്സിൽ ജീവിതത്തിന് സ്വയം വിരാമമിട്ട എം.കുഞ്ഞാമന്റെ ജീവിതദര്‍ശനത്തെക്കുറിച്ച് എന്തോര്‍ക്കുമ്പോഴും ഓര്‍മയിൽ ഓടിവരുന്നത് ജയമോഹന്റെ നോവലിലെ ഈ ചോദ്യവും ഉത്തരവും ആണ്. എന്തുകൊണ്ടെന്നാൽ കുഞ്ഞാമൻ എന്ന ധിഷണാശാലി എക്കാലത്തും പറഞ്ഞുകൊണ്ടേയിരുന്നത് സമത്വത്തെക്കുറിച്ചും അതു നിഷേധിക്കുന്ന അനീതിയെക്കുറിച്ചുമായിരുന്നു.


കുഞ്ഞാമൻ ശരിക്കും ആരായിരുന്നു?  മരണവാര്‍ത്തയിൽ അദ്ദേഹം ദളിത് ചിന്തകൻ, ഇടതുവിമര്‍ശകൻ, എതിര്‍പ്പിന്റെ അവധൂതൻ, സാമ്പത്തികശാസ്ത്രചിന്തകൻ എന്നിങ്ങനെ പലവിധം വിശേഷിപ്പിക്കപ്പെട്ടു. ഏതുകളത്തിലാണ് കുഞ്ഞാമൻ നിറയുന്നത് അല്ലെങ്കിൽ നിറയ്‌ക്കേണ്ടത്. അദ്ദേഹം ദളിത് ചിന്തകൻ എന്ന വിലാസത്തിനുടമയാണോ. ദളിത ജാതിയിലാണ് ജനനം എന്നതു കൊണ്ട്, കീഴാളജീവിതത്തിന്റെ ഇരുള്‍ഗുഹാന്തരങ്ങളിലൂടെ ഏകാന്തസഞ്ചാരംചെയ്ത വ്യക്തിയായതുകൊണ്ടു മാത്രം അദ്ദേഹം ദളിത് ചിന്തകൻ മാത്രമായിത്തീരുമോ. കുഞ്ഞാമൻ എപ്പോഴും വ്യക്തമാക്കിയിട്ടുള്ള കാര്യം താൻ മനുഷ്യരെക്കുറിച്ച് ചിന്തിച്ച ആളാണെന്നാണ്. ദളിത് ചിന്തകൻ എന്ന ഒരു ചുരുക്കസ്ഥലത്ത് കുഞ്ഞാമനെ തളയ്ക്കുന്നവരുടെ ലക്ഷ്യത്തിൽ കുഞ്ഞാമന്റെ ചിന്തയെ അപരവത്കരിക്കുക എന്ന ലക്ഷ്യം ഉണ്ടോ?


കുഞ്ഞാമനെ നിങ്ങള്‍ക്ക് പല രീതിയിൽ വായിക്കാനാവുമായിരിക്കാം. എന്നാൽ സാക്ഷാൽ കുഞ്ഞാമൻ ആരാണ്. അദ്ദേഹം അടിസ്ഥാനപരമായി ഇടതുപക്ഷമാണ്. എന്നാൽ ഏതാണ് ആ ഇടതുപക്ഷം. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ തോട്ടിക്കോലിനെ അനുസരിക്കാത്ത ഒരു ഒറ്റയാന്റെ ചിന്നംവിളി കുഞ്ഞാമന്റെ ചിന്തയിലും പ്രവൃത്തിയിലും തെളിഞ്ഞുതന്നെ കാണാം. അദ്ദേഹം ഇടതുപക്ഷത്തിലെ വലതുപക്ഷവും വലതുപക്ഷത്തിലെ ഇടതുപക്ഷവും ആണെന്നു വേണമെങ്കിൽ പറയാം. കുഞ്ഞാമന്റെ ഇടതുപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിത്തിൽനിന്നു തളിര്‍ത്തതാണെങ്കിലും മനുഷ്യലോകത്തിന്റെ സമത്വാഭിവാഞ്ഛയുടെയും വ്യവസ്ഥിതിയിൽ പടര്‍ന്നുനില്‍ക്കുന്ന ഫ്യൂഡൽ മൂല്യങ്ങള്‍ക്കെതിരായ എതിര്‍പ്പിന്റെയും സൂര്യപ്രകാശത്തിൽ വളര്‍ന്നിട്ടുള്ളതാണ്. വ്യവസ്ഥകളുടെ അനീതിക്കിരയായ കുഞ്ഞാമൻ പിന്നീട് വ്യവസ്ഥകളെ വെല്ലുവിളിച്ച ആശയങ്ങളിൽ ആകൃഷ്ടനാവുകയും എന്നാൽ ആശയങ്ങളുടെ വ്യവസ്ഥകളിൽനിന്നു സ്വയം മോചിതനായി യാത്ര തുടരുകയും ചെയ്തു എന്നു കാണാം.


വ്യവസ്ഥാപിത ഇടതുപക്ഷത്തെ ചോദ്യംചെയ്യുന്നിടത്തുവച്ച് കുഞ്ഞാമൻ ഇടതുവിമര്‍ശകനെന്നോ വിമതദലിത് ചിന്തകനെന്നോ ഉള്ള പ്രതിനിധാനങ്ങളിലേക്ക് മാറ്റപ്പെടുന്നു. കീഴാളരുടെ ജീവിതത്തിലെ അഗാധമായ ദുരിതങ്ങൾ തന്റെ ബാല്യത്തെ മാത്രമല്ല പില്‍ക്കാലത്തു തനിക്കു കൈവന്ന അനുകൂല സാഹചര്യങ്ങളെപ്പോലും നിരന്തരമായി വേട്ടയാടുകയും പ്രതികൂലമാക്കുകയും ചെയ്തു എന്ന് കുഞ്ഞാമൻ തന്റെ ജീവിതത്തെ നിർവചിക്കുന്നു. തന്റെ സമൂഹം തനിക്കു തന്നത് ദാരിദ്ര്യം, ഭയം, ആത്മവിശ്വാസമില്ലായ്മ എന്നിവ മാത്രമാണ് എന്നു കുഞ്ഞാമൻ പറയുന്നു. എന്നാൽ, അവിടെ അവസാനിക്കുന്നില്ല ആ വിലയിരുത്തൽ. സമൂഹത്തിലെ ജാതിബോധം കീഴാളനായൊരു മനുഷ്യനെ നിരന്തരം വേട്ടയാടിയതിന്റെ പൂര്‍ണസാക്ഷ്യമായി കുഞ്ഞാമൻ തന്നെത്തന്നെ അടയാളപ്പെടുത്തുന്നു. സമത്വം എന്ന ആശയം ഇടതുപക്ഷത്തുനിന്നുപോലും ചോര്‍ന്നുപോയി എന്ന വിമര്‍ശനം അദ്ദേഹം ഉറക്കെപ്പറയുന്നു.


തന്റെ ആത്മകഥയിൽ കുഞ്ഞാമൻ ഇങ്ങനെ പറയുന്നു: ‘സത്യത്തിൽ എന്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളായിരുന്നു. ദാരിദ്ര്യം, ഭയം, അപകര്‍ഷതാബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ. പിന്നീട് പഠിച്ചു ജോലി കിട്ടി ദാരിദ്ര്യത്തിൽനിന്നു മുക്തനായി, സാമ്പത്തികമായി സ്വതന്ത്രനായി. ധാരാളം എഴുതുന്നു. എഴുത്ത് ആളുകൾ ശ്രദ്ധിക്കുന്നു. എന്നാലും എന്റെ അധഃകൃത സമൂഹം പൈതൃകമായിത്തന്ന ഭയത്തിൽനിന്നും അപകര്‍ഷതാബോധത്തിൽനിന്നും ധൈര്യമില്ലായ്മയിൽനിന്നും ഇന്നും മുക്തനായിട്ടില്ല. അന്നത്തെ അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. ഇന്നെനിക്ക് എന്തുതരം ഭക്ഷണവും കഴിക്കാനാകുമെങ്കിലും ഭക്ഷണം കാണുമ്പോൾ ഇന്നും ഒരു തരം പ്രത്യേക മാനസികാവസ്ഥയാണ്.’

കുഞ്ഞാമന്റെ ജീവിതം കീഴാളന്റെ നിസ്സഹായമായ ബാല്യത്തിന്റെ ഒരു ആധുനികമായ തുടര്‍ച്ച മാത്രമായിത്തീരുന്നത് അദ്ദേഹത്തിന്റെ ആത്മകഥനത്തിലുടനീളം കാണം. ഓര്‍മകൾ ഒരിക്കലും മരിക്കില്ലെന്നും തനിക്ക് ഓര്‍മകളെ ഭയമാണെന്നും ചെറുപ്പത്തിലെ ഓര്‍മകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്നും അതിന്റെ ക്രൂരതയിൽ താൻ നിസ്സഹായനാകുന്നുവെന്നും കുഞ്ഞാമൻ പറയുന്നു.


എ്ന്നാൽ വ്യവസ്ഥിതിയോട് ഓച്ഛാനിച്ചു നില്ക്കാനാവാത്ത എതിരാളിയെ കുഞ്ഞാമനിൽ സൃഷ്ടിച്ചതും ഇതേ നിസ്സഹായതയും ഭയവും അപകര്‍ഷതാബോധവും ആയിരുന്നു. എതിര്‍പ്പ് എന്നു പറഞ്ഞാൽ എതിര്‍പ്പു തന്നെ, തനിക്ക് ഇഷ്ടമില്ലാത്ത എന്തിനോടും ഒരു കൂസലുമില്ലാത്ത എതിര്‍പ്പ്. മലയാളി അക്കാദമികലോകത്തിലെ അപുർവങ്ങളിൽ അപൂർവമായ റിബലായിരുന്നു കുഞ്ഞാമൻ. കുഞ്ഞാമനിലെ ഇടതുപക്ഷക്കാരനെ കൊണ്ടു നടത്തിയതും കൊള്ളരുതാത്തതാക്കിയതും ഈ റിബലിസം തന്നെയായിരുന്നു. കേരള സർവകലാശാലാ വൈസ്ചാന്‍സലർ പദവി തൊട്ട് രാജ്യസഭാംഗത്വവാഗ്ദാനംവരെ ഖേദമെന്യേ തിരസ്‌കരിച്ചതിലൂടെ കുഞ്ഞാമൻ തെളിയിച്ചത് സന്ധിചെയ്യാത്ത റിബലിസമായിരുന്നു. തന്റെ ജീവിതകഥയ്ക്ക് പോലും അദ്ദേഹം തിരഞ്ഞെടുത്ത പേര് ‘എതിര്’ എന്നായിരുന്നു. എന്നുമാത്രമോ ഈ ആത്മകഥയ്ക്ക് സമ്മാനിക്കപ്പെട്ട കേരളസാഹത്യ അക്കാദമി പുരസ്‌കാരവും അദ്ദേഹം തിരസ്‌കരിക്കുകയും ചെയ്തു. ഇതിനു സമാനമായൊരു തിരസ്‌കാരം നാം മലയാളികള്‍ക്കിടയിൽ സാഹിത്യത്തിൽ എം.പി.നാരായണപിള്ളയും രാഷ്ട്രീയത്തിൽ ഇ.എം.എസും മാത്രമാണ് നടത്തിയിട്ടുള്ളത്. തന്റെ പരിണാമം എന്ന നോവലിന് സമ്മാനിച്ച പുരസ്‌കാരം അദ്ദേഹം തിരസ്‌കരിച്ചു. ഇ.എം.എസ്. ആവട്ടെ തനിക്ക് വച്ചുനീട്ടിയ പത്മ പുരസ്‌കാരമാണ് നിരാകരിച്ചത്. തന്റെ തിരസ്‌കാരങ്ങളിലൂടെ ഓരോരുത്തരും അവരുടെ നിലപാടുകൾ ചര്‍ച്ചചെയ്യിച്ചു. ഒരുപക്ഷേ, കുഞ്ഞാമനെ കേരളീയസമൂഹം വ്യാപകമായി തിരിച്ചറിഞ്ഞത് എതിര് എന്ന ആത്മകഥയിലൂടെയാണ്. ഈ ആത്മകഥ മലയാളികളാൽ ഇത്രയധികം വായിക്കപ്പെട്ടതോ അതിനുലഭിച്ച പുരസ്‌കാരം ഗ്രന്ഥകാരൻതന്നെ നിരാകരിച്ചപ്പോഴും. വ്യവസ്ഥിതിയോടുളള പ്രതിഷേധമാണ് തന്നെ സ്ഥാനമാനങ്ങളിൽനിന്നു മാറി നില്ക്കാൻ കുഞ്ഞാമനെ നിരന്തരം പ്രേരിപ്പിച്ചത്. വിവേചനമില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.


കേരളസർവകലാശാലയിലെ സേവനം ഉപേക്ഷിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ തുല്‍ജാപ്പൂരിലെ കാമ്പസിൽ എത്തിയപ്പോൾ കുഞ്ഞാമൻ തന്റെ വിദ്യാര്‍ഥികളോട് ആദ്യമായി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാൻ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്. അത് എനിക്കിഷ്ടമല്ല.’ ബഹുമാനമെന്നത് ഒരു ഫ്യൂഡൽ മൂല്യമാണെന്ന കുഞ്ഞാമന്റെ ബോധ്യത്തിന് അടിസ്ഥാനം അദ്ദേഹത്തിന്റെ ബാല്യാനുഭവങ്ങൾ തന്നെയായിരുന്നു.


കമ്മ്യൂണിസത്തിലെ തീവ്രവാദികളായ നേതാക്കൾ വിദ്യാര്‍ഥിയായ കുഞ്ഞാമനെ ആകര്‍ഷിച്ചിരുന്നു. എന്നാൽ കുഞ്ഞാമൻ നക്‌സലൈറ്റായില്ല. കുഞ്ഞാമന്റെ നേരെ മൂത്ത ജ്യേഷ്ഠന് അക്ഷരാഭ്യാസമില്ലായിരുന്നെങ്കിലും അദ്ദേഹം ഇ.എം.എസ്.ഭക്തനായിരുന്നു. ഇ.എം.എസിന്റെ പ്രസംഗം എവിടെയുണ്ടെങ്കിലും എത്ര ദൂരെയായാലും നടന്നുപോയി കേള്‍ക്കും. കുഞ്ഞാമനെയും ജ്യേഷ്ഠൻ കൊണ്ടുപോകുമായിരുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാമൻ ഇ.എം.എസിനെ കേട്ടു നില്ക്കും. പിന്നീട് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്റ്റഡി ക്ലാസുകള്‍ക്കു പോയിത്തുടങ്ങി. തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ എം.ഫിൽ ചെയ്യുമ്പോഴും പിന്നീട് കേരള സർവകലാശാലയിൽ അധ്യാപകനായിരിക്കുമ്പോഴും എ.കെ.ജി. സെന്ററിലെ നിത്യ സന്ദര്‍ശകനായിരുന്നു കുഞ്ഞാമൻ. താൻ എ.കെ.ജി. സെന്ററിൽ പഠിക്കുകയും കേരള സർവകലാശാലയിൽ പഠിപ്പിക്കുകയുമായിരുന്നു എന്ന് കുഞ്ഞാമൻ പിന്നീട് എഴുതി. എന്നാൽ സി.ഡി.എസിൽ ഗവേഷണവിദ്യാര്‍ഥിയായിരിക്കെ കേരളസര്‍വകലാശാലയിലെ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ച കുഞ്ഞാമനെ കാത്തിരുന്നത് വലിയ ചില തിരിച്ചറിവുകളായിരുന്നു. 32 അപേക്ഷകരിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്നിട്ടും നിയമനം കിട്ടിയില്ല. പൊതു ഒഴിവാണ്, അതിൽ ദലിതൻ  അപേക്ഷിക്കാൻ പാടില്ലായിരുന്നു എന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. പിന്നീട് ഈ നടപടി വിവാദമായപ്പോൾ സര്‍ക്കാർ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് കുഞ്ഞാമന് ജോലി നല്കിയത്. ജാതി എല്ലാക്കാലത്തും തന്റെ കഴിവിന്റെ മേലുള്ള കനത്ത ജഡഭാരമാണെന്ന് അന്നു കുഞ്ഞാമന് മനസ്സിലായി.


ഇ.എം.എസുമായി ഇഴയടുപ്പുമുളള ബന്ധമായിരുന്നു കുഞ്ഞാമന്. എ.കെ.ജി സെന്ററിലെ ചര്‍ച്ചകളിൽ ഇ.എം.എസിനെ നിശിതമായി വിമര്‍ശിക്കുന്നത് കുഞ്ഞാമന്റെ പതിവായിരുന്നു. എന്നാൽ വിയോജിപ്പുകളോട് ഇ.എം.എസ്. വളരെ സംവാദാത്മകമായ, സൗഹൃദപരമായ നിലപാടായിരുന്നു സ്വീകരിച്ചത്. ‘ എന്നെയും വിമര്‍ശിക്കണം, വിമര്‍ശിക്കാതിരിക്കാൻ താൻ ദൈവമല്ല’ എന്ന് ഇ.എം.എസ്. തന്നോട് പ്രതികരിച്ചത് കുഞ്ഞാമൻ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. താൻ അധ്യാപകരെ ബഹുമാനിക്കുന്ന ആളല്ലെങ്കിലും ഇ.എം.എസ്. തന്റെ ഗുരുനാഥനാണെന്ന് കുഞ്ഞാമൻ പറയുന്നുണ്ട്. എന്നാൽ പാർട്ടിയിൽ ഇപ്പോഴുള്ളത് കുറേ ഭരണാധികാരികളാണെന്ന് അദ്ദേഹം തുറന്നെഴുതിയിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റുകാരായ സൈദ്ധാന്തികരിൽ പലപ്പോഴും വഴി കുതിമാറിയ പി.ഗോവിന്ദപിള്ളയെ കുഞ്ഞാമൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ മനസ്സിൽ തോന്നുന്നത് തുറന്നു പറയുന്ന കുഞ്ഞാമനെ അക്കാദമിക് ഇടതുപക്ഷക്കാരിലെ പല തലപ്പൊക്കക്കാരും തള്ളിക്കളഞ്ഞു. ചവിട്ടിത്താഴ്ത്തിയവരിൽ വലതുപക്ഷക്കാരെക്കാൾ കൂടുതൽ ഇടതുപക്ഷക്കാരാണെന്ന് അദ്ദേഹം തുറന്നെഴുതി. ‘ ഞാൻ മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രവും ആശയവും അംഗീകരിക്കുന്നയാളാണ്. എന്നാൽ ഇടതുപക്ഷക്കാരിൽനിന്ന്, മാര്‍ക്‌സിസ്റ്റുകാരിൽനിന്നാണ് ഏറെയും പ്രതിബന്ധങ്ങളുണ്ടായിട്ടുള്ളത് ദളിതർ കൂലിക്കൂടുതലിനുവേണ്ടി സമരംചെയ്താൽ ഇടതുപക്ഷം പിന്തുണയ്ക്കും. എന്നാൽ കൃഷിഭൂമിക്കുവേണ്ടി സമരംചെയ്യട്ടെ, അപ്പോൾ കാണാം ഇടതുപക്ഷമേലാളന്റെ വലതുരാഷ്ട്രീയം അനാവൃതമാകുന്നത്’ എന്നാണ് കുഞ്ഞാമൻ എഴുതിയത്.


ദളിത് പണ്ഡിതരോടും ചിന്തകരോടും മാത്രമല്ല, സ്വതന്ത്രബുദ്ധിയുള്ള എല്ലാ വ്യക്തികളോടും എക്കാലത്തും ശത്രുതാ മനോഭാവമാണ് ഇടതുപക്ഷത്തിന് എന്ന് കുഞ്ഞാമൻ ഉറച്ചു വിശ്വസിച്ചു. തന്റെ ആത്മകഥയിൽ ഇത് അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനം സ്വന്തം ജീവിതംതന്നെയാണെന്ന് കുഞ്ഞാമൻ പറഞ്ഞു. ആദിവാസി, ദളിത് വിഭാഗങ്ങളിൽനിന്നു ധിഷണാശാലികളായ വ്യക്തികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും തനിക്കുതന്നെ ഏറ്റവും അധികം ഏറ്റുമുട്ടേണ്ടിവന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരുമായിട്ടാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇടതുപക്ഷത്തിനൊപ്പം ജനകീയാസൂത്രണത്തിനു പിന്തുണ നല്കി പ്രവര്‍ത്തിച്ചിരുന്ന കാലത്തുതന്നെയാണ് കേരളസര്‍വകലാശാലയിൽ പ്രഫസർ തസ്തികയിൽ തനിക്ക് നിയമനം നിഷേധിക്കപ്പെട്ടതെന്ന് കുഞ്ഞാമൻ ഓര്‍മിക്കുന്നുണ്ട്. ശത്രു എന്നു പറയാതെ അവർ(ഇടതുപക്ഷക്കാർ) ശത്രുത കാണിക്കുമെന്നും ഇത്തരക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം തുറന്നു വിമര്‍ശിച്ചു. ‘ശത്രു ഓപ്പണ്‍ ആകുന്നതാണ് നല്ലതെ’ന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ആത്മകഥയിലെ ഒരു അധ്യായത്തിന്റെ പേരുതന്നെ ‘ഓപ്പണ്‍ അല്ലാത്ത ശത്രു’ എന്നാണ്.


മാര്‍ക്‌സിസം ഒരിക്കലും വിമോചനശാസ്ത്രമല്ലെന്ന് കുഞ്ഞാമൻ വാദിച്ചു. ഭൂപരിഷ്‌കരണത്തെക്കുറിച്ച് അംബേദ്കറിന്റെ പരിപ്രേക്ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടികളുടേതിനേക്കാൾ വിപ്ലവകരമായിരുന്നു എന്ന് അദ്ദേഹം കരുതി. അംബേദ്കറിസവും മാര്‍ക്‌സിസവും സമാന്തരധാരകളാണ്. അവയ്ക്ക് ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഒന്നിക്കാനാവില്ല. ലോകത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽപ്പോലും അതിനു സാധിച്ചിട്ടില്ല. എന്നാൽ, ഇന്ത്യയിൽ മാര്‍ക്‌സിസ്റ്റ് ആശയങ്ങൾ ദുര്‍ബലമാകുകയും അംബേദ്കറിസത്തിന് വളര്‍ച്ചയുണ്ടാവുകയും ചെയ്ത ഘട്ടത്തിൽ ഇപ്പോൾ അംബേദ്കറിസവുമായി യോജിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കുകയാണ്-ഇതൊക്കെയായിരുന്നു കുഞ്ഞാമന്റെ ഏറ്റവും പുതിയ വിലയിരുത്തലുകൾ.


വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും കുഞ്ഞാമനെ നിരാകരിക്കുകയും അവഗണിക്കുകയും ചെയ്തതിന് ഇതിലുമധികം കാരണങ്ങൾ നമ്മൾ തിരയേണ്ടതില്ല. തിരസ്‌കൃതനായ ഇടതുപക്ഷക്കാരനെന്നോ വിമത ദളിത് ഇടതുപക്ഷക്കാരനെന്നോ പ്രഫ.കുഞ്ഞാമനെ നമുക്ക് വര്‍ഗീകരീക്കാവുന്നതാണ്. ദളിത് ഇടതുപക്ഷത്തിന്റെ സ്വത്വ സന്ദേഹങ്ങളുടെ ചിന്തകനായിരുന്നു കുഞ്ഞാമൻ മാഷ്. പ്രസ്ഥാനവത്കൃത ഇടതുപക്ഷത്തുനിന്നു ബഹിഷ്‌കൃതനായ ഒരു ഇടതുപക്ഷക്കാരൻ – മറ്റെന്തു കുപ്പായമാണ് അദ്ദേഹത്തിനു ചേരുക. ജീവിതത്തിലും ചിന്തയിലും മാത്രമല്ല മരണത്തിലും നിഷേധിയുടെ ഉറച്ച ചുവടുകളുമായി നടന്നുപോയ ഒരു മനുഷ്യനെ നമ്മൾ മറ്റെന്താണു വിളിക്കേണ്ടത്.