തടവറയിലെ ഇടിമുഴക്കം – നീന ജോസഫ്

തടവറയിലെ ഇടിമുഴക്കം – നീന ജോസഫ്

നർഗീസ് മുഹമ്മദി എന്ന അസർബൈജാൻ വേരുകളുള്ള ഇറാൻകാരിയാണ് 2023-ലെ സമാധാന നൊബേൽപുരസ്‌കാര ജേതാവ്. നീതിക്കുവേണ്ടിയുള്ള നിതാന്തമായ പോരാട്ടമാണ്, ഈ 51 കാരിയുടെ മുഖമുദ്ര. പുരസ്‌കാര പ്രഖ്യാപനസമയം, ഇനിയും എട്ടു വർഷംകൂടി ബാക്കിയുള്ള, 15 വർഷ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു നർഗീസ്. നർഗീസിനെ വിവിധ കേസുകളിലായി ഇറാനിയന്‍ സർക്കാർ 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.  കടുത്ത രോഗാവസ്ഥകാരണം പുറത്തുവിടും. പക്ഷേ, ഈ ഇടവേളകളിലും വിപ്ലവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ആക്ടിവിസ്റ്റ് ആയ താഗി റഹ്മാനിയെ 1999-ൽ വിവാഹം ചെയ്തു. പതിനാലുവർഷത്തെ ജയിൽജീവിതത്തിനുശേഷം ഇദ്ദേഹം 2012-ൽ ഫ്രാൻസിലേക്ക് കുട്ടികളോടൊപ്പം കുടിയേറി.


നൊബേൽ സമാധാന സമ്മാനം ലഭിക്കുന്ന 19-ാമത്തെ വനിതയാണ് നർഗീസ്, രണ്ടാമത്തെ ഇറാനിയൻ വനിതയും. ഇറാനിലെ ഭരണകൂടം ഈ പുരസ്‌കാരദാനത്തെ നിശിതമായി വിമർശിച്ചു എന്നത് പറയേണ്ടതില്ലല്ലോ.


ഇറാനിലെ ഷായുടെ മർദകഭരണത്തിനെതിരെ, ഇറാൻ ജനത, തങ്ങളുടെ പ്രത്യയശാസ്ത്രബോധ്യങ്ങൾക്കതീതമായി പൊരുതി. 1979-ൽ ഷാ രാജ്യം വിട്ടോടി. താമസിയാതെ അയത്തൊള്ള ഖൊമേനി ഭരണം ഏറ്റെടുത്തു. ഇറാൻ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആയി. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പ്രസിഡന്റ് ഉണ്ടെങ്കിലും മതപുരോഹിതർക്കായി മേൽക്കോയ്മ. നിർബന്ധിത ഡ്രസ്‌കോഡ് നിലവിൽ വന്നു, പ്രത്യേകിച്ചും സ്ത്രീകൾക്ക്. സാമ്പത്തികരീതിയും മതപരമായ മാർഗവും വാഗ്ദാനങ്ങളായപ്പോൾ നാട്ടിൻപുറത്തുകാർ ആകൃഷ്ടരായി. പക്ഷേ, ഇടത് ചിന്താഗതിക്കാർ ചെറുത്തുനിന്നു. അറസ്റ്റുകൾ വഴി ഭരണകൂടം എതിർപ്പിനെ പ്രതിരോധിച്ചു. നർഗീസിന്റെ വേണ്ടപ്പെട്ടവർ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. നർഗീസിന് അപ്പോൾ വയസ്സ് ഏഴ്. വിപ്ലവവീര്യമുള്ള സഹോദരനും ജയിലിലായി. അമ്മയുടെകൂടെ നർഗീസും അടിക്കടി ജയിൽ സന്ദർശനം നടത്തുമായിരുന്നു. ജയിൽവാസികളായ വിപ്ലവകാരികളെ കൊലപ്പെടുത്തുന്ന വാർത്തകൾ ആശങ്കാകുലയായി ടെലിവിഷനിൽ നോക്കിയിരുന്ന അമ്മയെക്കണ്ടാണ് നർഗീസ് വളർന്നത്. നർഗീസിന്റെ പോരാട്ടവീര്യം നാമ്പെടുത്തത് ഈ പശ്ചാത്തലത്തിലാണ്.


അപ്ലെഡ് ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്ത നർഗീസ് എൻജിനീയറിംഗ് മേഖലയിലാണ് തൊഴിൽ ചെയ്തിരുന്നത്. വിദ്യാർഥിജീവിതകാലത്ത് Illuminating Student Group എന്ന സംഘടന രൂപീകരിച്ചു. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പോരാടി. കോളെജ് ജീവിതത്തിനുശേഷം ഒരു വനിതാമാസികയ്ക്കുവേണ്ടി എഴുതിത്തുടങ്ങി. വനിതകളുടെ വിഷയങ്ങളും, ഭരണപരിഷ്‌കാരങ്ങളും ആയിരുന്നു നർഗീസ് കൈകാര്യം ചെയ്തിരുന്നത്. തന്റെ എഴുത്തിലൂടെ, നർഗീസ് മതേതരരാഷ്ട്രമെന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയും, ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആശയത്തെ തിരസ്‌കരിക്കുകയും ചെയ്തു.


2001-ൽ ഭർത്താവ് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം, നർഗീസ് അവകാശപോരാട്ടങ്ങളിലും പൗരസമൂഹ പ്രസ്ഥാനങ്ങളിലും വ്യാപൃതയായി. രണ്ടായിരത്തിമൂന്നിലെ സമാധാന നൊബേൽ പുരസ്‌കാര ജേതാവായ ഷിരിൻ എബാദി സ്ഥാപിച്ച Defenders of Human Rights Center എന്ന സംഘടനയിൽ അംഗമായി. അതിന്റെ വനിത കമ്മിറ്റിയുടെ തലപ്പത്തെത്തി, വൈസ് പ്രസിഡന്റ് ആയി. പല വിദേശ കോൺഫറൻസുകളിലും പങ്കെടുത്തു 2007-ൽ National Peace Council എന്ന സംഘടനയിൽ അംഗമായി. സമാധാനപ്രവർത്തനങ്ങൾ തുടങ്ങി. യുദ്ധത്തിനെതിരായി പ്രവർത്തിച്ചു. മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്ന മുന്നേറ്റങ്ങളിൽ ഏർപ്പെട്ടു.


ഏകാന്തതടവനുഭവിക്കുന്ന വനിതകൾക്കെതിരെയുള്ള അതിക്രമങ്ങളാണ്, 2002-ൽ പ്രസിദ്ധീകരിച്ച White Torture എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം. ജയിലിലായിരിക്കുമ്പോൾ, നർഗീസ് 12 വനിതകളുമായി അഭിമുഖ സംഭാഷണം നടത്തിയാണ് ഇതു തയാറാക്കിയത്. ഏകാന്തതടവ്, വധശിക്ഷ എന്നിവ മനുഷ്യത്വരഹിതവും ക്രൂരവുമായ ശിക്ഷയാണ്. അത് നിരോധിക്കുന്നതുവരെ തനിക്ക് വിശ്രമമില്ല എന്നും അവർ പറയുന്നു. ഈ ആവശ്യം കേന്ദ്രീകരിച്ചുള്ള അവരുടെ പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും കാരണം ഇറാന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അവർ മാറുകയും ചെയ്തു. 2022-ൽ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് പിടികൂടിയ മഹ്‌സ അമിൻ എന്ന 22 കാരി, പോലീസ് മർദനത്തെത്തുടര്‍ന്ന്‍ ആശുപത്രിയിൽവച്ച് മരണപ്പെടുകയുണ്ടായി. ഇതിനെതിരെയുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന്‍ നർഗീസ് വീണ്ടും അറസ്റ്റിലായി. ജയിലിനകത്തിരുന്നും, നർഗീസ് തന്റെ അവകാശപോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.


ഇറാൻ പാർലമെന്റ്, 2023 സെപ്റ്റംബറിൽ, പാസ്സാക്കിയ ഡ്രസ്‌കോഡ് പാലിക്കാത്തവർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതിനെ Gender Aparthied എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രാകൃതമായ ഈ നിയമത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, നർഗീസിന്റെ പ്രസക്തി എത്ര വലുതാണെന്ന് നമുക്ക് ബോധ്യം വരും. ഷിരിൻ എബാദിയുടെ അഭിപ്രായത്തിൽ, ഈ പുരസ്‌കാരം ജനാധിപത്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടിയുള്ള, നർഗീസിന്റെ പോരാട്ടത്തിനുളള അംഗീകാരമാണ്. നർഗീസ് ഉറച്ചബോധ്യത്തോടെ പറയുന്നു: ”വിജയം, ദുഷ്‌കരമാണ്, പക്ഷേ, സുനിശ്ചിതമാണ്.”