ഗാസ… ഭൂമിയോളം കനമുള്ള വാക്ക് – ഷീല ടോമി

ഗാസ… ഭൂമിയോളം കനമുള്ള വാക്ക്    – ഷീല ടോമി

ഇസ്രായേൽ – പലസ്തീൻ സംഘർഷങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങൾ നല്കുന്നതും യാഥാസ്ഥിതികകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നതുമായ അബദ്ധജഡിലമായ വിവരങ്ങളിൽ കുടുങ്ങിപ്പോയിരിക്കുകയാണ് പലരും. വായിച്ചു രസിക്കാനോ സഹതപിക്കാനോ ഉളള കഥകളാണോ ആ ജീവിതങ്ങൾ?


ഗാസ വീണ്ടും പുകഞ്ഞുനീറുമ്പോൾ പലായനത്തിന്റെ ഉണങ്ങാത്ത മുറിവുകൾ കാണിച്ചുതന്ന എന്റെ സഹപ്രവര്‍ത്ത പലസ്തീന്‍കാരി മുനായെ ഞാൻ ഓര്‍ത്തുപോകുന്നു. ആയിടെയാണ് എന്റെ ജോലിസ്ഥലത്ത് ഒരു പിരിച്ചുവിടല്‍പട്ടിക തയാറാവുന്നത്. ചില കാലങ്ങളിൽ ചില രാജ്യങ്ങളില്‍നിന്നുള്ളവരെ കൂട്ടത്തോടെ ഒഴിവാക്കുന്ന രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങൾ ഗള്‍ഫിൽ പലയിടങ്ങളിലും സംജാതമാകാറുണ്ട്. അനഭിമതരുടെ കൂട്ടത്തിൽ ഒരുപക്ഷേ, നിങ്ങളും പെട്ടുപോയേക്കാം. ഓര്‍ക്കാപ്പുറത്ത് ഒരു പുലരിയിൽ നിങ്ങളുടെ കമ്പ്യൂട്ടർസിസ്റ്റത്തിൽ നിങ്ങൾക്കു ലോഗിൻചെയ്യാൻ പറ്റിയില്ലെന്നു വരാം. തലതാഴ്ത്തി, വര്‍ഷങ്ങളായ് ചവിട്ടിക്കയറിയ  പടികൾ ഇറങ്ങിപ്പോരേണ്ടതായി വന്നേക്കാം. തൊഴിലിൽ നിങ്ങൾ എത്ര കഴിവുറ്റവരാണ് എന്നിരുന്നാലും അതു സംഭവിക്കാം. ജോലിയുടെ അസ്ഥിരത ഗള്‍ഫിൽ സാധാരണമാണ്.


പിരിച്ചുവിടുന്ന ജീവനക്കാരുടെ ലിസ്റ്റിൽ മുനായുടെ പേരും ഉള്‍പ്പെട്ടു. (അവരുടെ സ്വകാര്യത മാനിച്ച് പേര് മാറ്റിയിട്ടുണ്ട്.)  ഇത്തിരി പരുക്കൻ പെരുമാറ്റക്കാരിയായ മുനായുമായി ഞാൻ അധികമൊന്നും അടുത്തിടപെട്ടിരുന്നില്ല. അവൾ പലപ്പോഴും ബഹളക്കാരിയായിരുന്നു. അഹങ്കാരിയെന്ന് ചിലരെങ്കിലും വെറുത്തിരുന്നവൾ. എന്നാൽ, അതൊന്നുമായിരുന്നില്ല മുനായെന്ന്‍ സത്യത്തിൽ തിരിച്ചറിഞ്ഞത് നോട്ടീസ് കിട്ടിയ ദിവസം അവൾ മനസ്സു തുറക്കുമ്പോഴാണ്. സങ്കല്പിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു അവൾ പിന്നിട്ട കനല്‍വഴികൾ. ഒരു ജനതയുടെ അചിന്ത്യമായ നോവുകൾ. നഷ്ടങ്ങളുടെ മനുഷ്യർ. തടങ്കലിലായവർ. അംഗഭംഗം വന്നവർ. ഉറ്റവര്‍ക്ക് എന്തു സംഭവിച്ചെന്നറിയാത്തവർ. പ്രിയമുള്ളവരെ നിമിഷാർധത്തിൽ നഷ്ടമായവർ. എല്ലാമെല്ലാം ഉപേക്ഷിച്ചോടേണ്ടിവന്നവർ. വര്‍ഷങ്ങളായി കണ്‍മുമ്പിൽ കണ്ടുകൊണ്ടിരുന്ന ഒരുവളുടെ ജീവിതം കേള്‍ക്കെ ചങ്കുരുകുകയായിരുന്നു. അഗ്നിപർവതം ഉള്ളിലൊതുക്കിക്കഴിയുന്ന മനുഷ്യരും നമുക്കിടയിലൂടെ നടന്നുപോകുന്നുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. കാഴ്ചയ്ക്കപ്പുറം മറഞ്ഞിരിക്കുന്ന മനുഷ്യവ്യഥകളെക്കുറിച്ച് എന്നെങ്കിലും ബോധമുദിച്ചാൽ നമുക്ക് സ്വാർഥതകളും മിഥ്യാധാരണകളും വലിച്ചെറിയേണ്ടിവരും.  നിശ്ചയം.


‘ഇനി എങ്ങു പോകും ഞാനും മക്കളും? ജന്‍മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ. ജോലി പോയാലും നിങ്ങള്‍ക്ക് പോകാനിടമുണ്ട്. കാത്തിരിക്കാൻ ആളുണ്ട്. ഞങ്ങള്‍ക്ക് മണ്ണില്ല. രാജ്യവുമില്ല. ഈ ലോകംതന്നെ ഞങ്ങള്‍ക്കെതിരാണ്.’ മുനായുടെ മിഴികൾ നിറഞ്ഞു. സങ്കടക്കടൽ താണ്ടുന്ന ഒരു സമൂഹം ആ കണ്ണുകളിലൂടെ എന്നെ നോക്കി.  ഉള്ളം തുറക്കാൻ വിമുഖയെങ്കിലും,  ചുരുങ്ങിയ വാക്കുകളിൽ യുദ്ധവും പലയാനവും പറയുകയായിരുന്നു അവൾ. കെടുതികളുടെ, യാതനകളുടെ, പഴയകാലത്തെക്കുറിച്ച്. വര്‍ത്തമാനത്തിലും നിലയ്ക്കാത്ത വേട്ടയാടലുകളെക്കുറിച്ച്. അവളുടെ പറച്ചിലിൽ ഒരു ചെങ്കടൽ ഞാൻ കണ്ടു. ഒരിക്കലും ഒരു ജനതയ്ക്ക് തരണംചെയ്യാൻ കഴിയാത്ത മഹാസാഗരം. കടല്‍പിളര്‍ന്ന്‍ മരുകരയെത്താൻ ഒരു ദൈവവും അവര്‍ക്ക് കൂട്ടാവുന്നില്ല. പിന്നാലെ ശത്രുസൈന്യം പാഞ്ഞടുക്കുകയും ചെയ്യുന്നു. ഉള്ളം കലങ്ങി ‘ആ നദി’ പയ്യെ ഒഴുകാൻ തുടങ്ങുകയായി… മുനായുടെ ഗ്രാമത്തില്‍നിന്ന്‍… (അങ്ങനെയാണ് ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന് ഞാൻ തുടക്കമിടുന്നത്.)


നമ്മൾ വെറും കാഴ്ചക്കാർ. ക്രിക്കറ്റ് സ്കോർ അറിയാനുള്ള കൗതുകത്തോടെ യുദ്ധവാര്‍ത്തകൾ സ്ക്രോൾ ചെയ്യുന്നവർ. യുദ്ധത്തിന്റെ ഭീകരതകൾ ഒരിക്കലും നമുക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. സോഷ്യൽമീഡിയയിൽ ഇന്നു കാണുന്ന പലസ്തീൻ പരിഹാസപോസ്റ്റുകൾ അതുതന്നെയാണ് പറയുന്നത്. ഇസ്രായേൽ – പലസ്തീൻ സംഘര്‍ഷങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങൾ നല്കുന്നതും യാഥാസ്ഥിതികകേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്നതുമായ അബദ്ധജഡിലമായ വിവരങ്ങളിൽ കുടുങ്ങിപ്പോയിരിക്കുകയാണ് പലരും. വായിച്ചു രസിക്കാനോ സഹതപിക്കാനോ ഉളള കഥകളാണോ ആ ജീവിതങ്ങൾ? പലസ്തീനികൾ അധികവും ഭീകരവാദികളല്ല, നിരന്തരമായ അധിനിവേശത്തിന്റെ ഇരകളാണ് എന്ന തിരിച്ചറിവിലേക്ക് എത്തുന്നതുപോലെതന്നെയാണ് ജൂതന്മാർ ഒന്നാകെ  സയണിസ്റ്റുകളല്ല, പലസ്തീനികളുടെ ശത്രുക്കളുമല്ല, എന്ന വെളിപാടും. ഇരുപക്ഷത്തെയും നല്ലവരായ മനുഷ്യർ ഒത്തുകൂടി യുദ്ധത്തിനും അധിനിവേശത്തിനമെതിരെ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ഒരുമിച്ചു പ്രവര്‍ത്തിക്കാൻ ‘റെഫ്യൂസിംഗ് ടു ബി എനിമീസ്’ പോലുള്ള പല സംഘങ്ങൾ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെല്ലാമിടയിലാണ് നിരപരാധികളുടെ കൂട്ടക്കൊല അഭംഗുരം തുടരുന്നത്. അളമുട്ടുമ്പോൾ ഭീകരമായി ഹമാസ് തിരിച്ചടിക്കുന്നത്. യുദ്ധം മുറുകുന്നത്. ആയുധക്കച്ചവടം പൊടിപൊടിക്കുന്നത്. അമേരിക്കയിലെയും മറ്റും ആയുധക്കമ്പനികളുടെ ലാഭം അനേക മടങ്ങായുയരുന്നത്. യുദ്ധത്തിൽ ആരും ജയിക്കുന്നില്ല എന്നു പറയുന്നതു വെറുതെയാണ്. യഥാർഥത്തിൽ ഏതു യുദ്ധത്തിലും ജയിക്കുന്നത് അവർ മാത്രമാണല്ലോ… ആയുധക്കച്ചവടക്കാർ.


ഗാസയുടെ ഉത്തരഭാഗത്തുനിന്നു പലായനം ചെയതവര്‍ക്കായ്‌  ‘ഖാൻ യൂനിസിൽ’ യുനൈറ്റഡ് നേഷന്‍സ് പണിത നൂറ്റി ഇരുപതിൽപ്പരം കൂടാരങ്ങൾ ചാനലിൽ കണ്ടു. അടുത്തടുത്തായ് അവ നിലകൊള്ളുന്നു. അവയിൽ കുത്തിനിറഞ്ഞ് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ. സ്ത്രീകൾ. രോഗികൾ. മുറിവേറ്റവർ. മനുഷ്യർ. അതെ, മനുഷ്യർ വെള്ളമില്ലാതെ, വിശപ്പടക്കാൻ  ഒന്നുമില്ലാതെ, മരുന്നില്ലാതെ. അവരിൽ എല്ലാമെല്ലാം  നഷ്ടമായവരുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം  നഷ്ടമായവരുണ്ട്. ഇതൊക്കെ വിവരിക്കുവാൻ ‘ഇന്നു ഭാഷയിതപൂര്‍ണമിങ്ങഹോ’ എന്ന്‍ സമ്മതിക്കാതെ വയ്യ. ക്യാമറയ്ക്ക് മുമ്പിൽ ഒരു പലസ്തീൻ സ്ത്രീ വിലപിക്കുകയാണ്. ‘സ്വന്തം വീടുകളിൽ സുരക്ഷിതമായിരുന്ന്‍ അവർ ഞങ്ങളുടെ വീടുകൾ തകര്‍ക്കുന്നു.  ടെന്റുകളിലെങ്കിലും  പേടിക്കാതെ കഴിയാൻ ഞങ്ങള്‍ക്ക് സാധിക്കുന്നില്ലല്ലോ. ഞങ്ങളുടെ കുട്ടികളെ ഇങ്ങനെ പട്ടിണിക്കിട്ട് കൊല്ലുന്നതെന്തിന്?’ തേങ്ങിക്കൊണ്ട്‌ ഒരു ബാലൻ ചോദിക്കുന്നു. ‘എന്റെ അനിയന് വല്ലാതെ മുറിവേറ്റു. ഭാഗ്യത്തിന് എനിക്കത്രയുമൊന്നും പറ്റിയിട്ടില്ല. എന്റെ മാമാ എവിടെയെന്നു പോലുമറിയില്ല. യാ… അള്ളാഹ്… മാമായെ അള്ളാഹു കാക്കട്ടെ. ഞങ്ങൾ കുട്ടികളല്ലേ. ഇതൊക്കെ ഞങ്ങൾ എങ്ങനെ താങ്ങാനാണ്?’  ആ ചോദ്യം ഭരണകൂടങ്ങളുടെ  ചങ്കിൽ തറയ്ക്കുന്നില്ലല്ലോ.. യു.എൻ പോലുംവെറും നോക്കുകുത്തിയാവുകയാണല്ലോ.


ഞാൻ വീണ്ടും മുനായെ ഓർക്കുന്നു. ഈ വാര്‍ത്തകൾ അവൾ എങ്ങനെയായിരിക്കും ഉള്‍ക്കൊള്ളുക? ദശകങ്ങള്‍ക്കുമുമ്പ്, മറ്റൊരു യുദ്ധകാലത്ത്, പേടിച്ചരണ്ട് ഒളിച്ചിരുന്ന കൂടാരങ്ങൾ  അവളുടെ ഓര്‍മയിൽ ഉണര്‍ന്നിട്ടുണ്ടാവില്ലേ? അന്നത്തെ വിശപ്പും ഭയവും അവൾ വീണ്ടും അറിഞ്ഞുകാണില്ലേ? ഇന്തിഫാദയുടെ കാലം അവൾ വീണ്ടും ഓര്‍ത്തുകാണില്ലേ? പുറത്തിറങ്ങിപ്പോയാൽ വെടിയേല്‍ക്കുമെന്നും പ്രക്ഷോഭകാരിയെന്ന് സംശയിക്കപ്പെടുമെന്നും ഭയന്ന നാളുകൾ. ഭക്ഷണമൊക്കെ വാങ്ങാൻ വെളിയിലിറങ്ങാൻ രണ്ടുമൂന്നു മണിക്കൂർമാത്രം പട്ടാളം അനുവദിച്ചിരുന്ന കാലം. മുനാ പറഞ്ഞത് ഓര്‍ക്കുന്നു. അങ്ങനെയൊരു രാത്രിയിലാണ് അനുജത്തി കണ്‍മുമ്പിൽ തളര്‍ന്നുവീണു മരിക്കുന്നത്. വിശപ്പും വ്യാധിയും താങ്ങാൻ അവളുടെ ദുര്‍ബലശരീരത്തിനു സാധിച്ചില്ല. ജീവനറ്റ അനുജത്തിക്ക് കാവലിരുന്ന മണിക്കൂറുകൾ… ഹോ! ആ രാത്രി അവള്‍ക്ക് ജീവിതത്തിലെ ദൈര്‍ഘ്യമേറിയ രാത്രിയായിരിക്കില്ലേ? കുഞ്ഞുമക്കളുടെ ജീവൻ പിടിച്ചുവയ്ക്കാൻ ഒരു കഷണം കുബൂസ് തേടി രാത്രിയിൽ  ഒളിച്ചുംപാത്തും പുറത്തിറങ്ങുന്ന അമ്മമാരുടെ നെഞ്ചിലെ തീ എന്നെങ്കിലും നമുക്ക് മനസ്സിലാകുമോ?  ഭൂമിയേക്കാൾ കനം ഉണ്ടായിരുന്നിരിക്കില്ലേ അവരുടെ മനസ്സുകള്‍ക്ക്? ഇന്ന്‍ മുനായെപ്പോലെ അനേകായിരങ്ങൾ ആ മഹാദുരിതപര്‍വം താണ്ടുന്നു. ഇവിടെയാണ് ഒരു  ബൈബിൾ വാചകം അന്വർഥമാകുന്നത്. വാളുകൊണ്ട് മരിക്കുന്നവർ വിശന്നുമരിക്കുന്നവരെക്കാൾ എത്രയോ ഭാഗ്യവാന്മാർ!


ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഒരേ മുഖമാണ്. ഭയംകൊണ്ട് ജനതയെ നിശ്ശബ്ദരാക്കുന്ന ഭരണകൂടങ്ങള്‍ക്കും ഒരേ മുഖം. പലസ്തീൻ എന്നോ തുര്‍ക്കിയെന്നോ ഇന്ത്യയെന്നോ മ്യാന്‍മാറെന്നോ മാറ്റമില്ല. ദേശങ്ങളും ഭാഷകളും മാറിയാലും അധിനിവേശത്തിന്റെ ബുള്‍ഡോസറുകള്‍ക്ക് ഒരേ രൂപം.  ലോകത്തിന്റെ ഓരോ കോണിലും അധികാരവും തീവ്രവാദവും  വേട്ടയാടുന്ന, നിരാലംബരാക്കുന്ന, ആട്ടിയോടിക്കുന്ന എത്രയോ സമൂഹങ്ങൾ. ലോകപോലീസും പാശ്ചാത്യലോകവും വേട്ടക്കാരനു കോപ്പുകൾ നല്കുമ്പോൾ, മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശബ്ദങ്ങൾ കേവലം വനരോദനങ്ങളായി മാറുമ്പോൾ, ചെറുത്തുനില്പുകൾ വീണ്ടും തുടരാതിരിക്കുമോ?


ക്രിസ്തുവിനും പതിനൊന്നു നൂറ്റാണ്ടു മുമ്പ് മുതൽ ഇന്നോളമുള്ള  ഇസ്രായേൽ ചരിത്രം നോക്കിയാൽ പിടിച്ചടക്കലുകളുടെ ആവര്‍ത്തനങ്ങൾ അനവധി കാണാം. അവയ്ക്കിടയിൽ പലായനങ്ങളുടെ പരമ്പരകൾ കടലുപോലെ കാണാം. ലോകമെങ്ങും നടന്ന ജൂതപീഡനങ്ങൾ കാണാം. ഒടുവിൽ 1948-ൽ പലസ്തീനിൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിനു പിന്നിലെ അജണ്ടകൾ കാണാം. നഖ്ബ എന്ന ഏഴുലക്ഷം മനുഷ്യരുടെ കൂട്ടപ്പലായനം കാണാം. ശേഷം തുടര്‍ക്കഥയായ അറബ് – ഇസ്രായേൽ യുദ്ധങ്ങൾ കാണാം. ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായ പലസ്തീൻ കാണാം. അതിനെല്ലാം മുകളിൽ സ്വാതന്ത്ര്യം നഷ്ടമായ മനുഷ്യന്റെ ചെറുത്തുനില്പ് കാണാം.  


ഹമാസിനെ ഇല്ലാതാക്കാൻ അമേരിക്കയും ഇസ്രായേലും ഇപ്പോൾ ശ്രമിക്കുകയാണല്ലോ. പക്ഷേ, ഇരുപക്ഷത്തും പിടഞ്ഞുവീഴുന്നതും നരകിക്കുന്നതും സാധാരണ മനുഷ്യരാണ്. അവർ ഭീകരവാദികളല്ല. പലസ്തീനി ആയാലും ജൂതൻ ആയാലും അവർ യുദ്ധത്തിന്റെ ഇരകളായ മനുഷ്യർ മാത്രം. യുദ്ധത്തിൽ തോല്‍ക്കുന്നത് എന്നും അവരാണ്. യുദ്ധം ചെയ്യാത്ത മനുഷ്യർ. യുദ്ധം ആഗ്രഹിക്കാത്ത മനുഷ്യർ. തീവ്ര സയണിസ്റ്റുകളല്ലാത്ത  ജൂതന്മാർ ഈ യുദ്ധത്തിനെതിരെ അലമുറയിടുന്നുണ്ട്. ‘We don’t want to witness another Nakba. We don’t want another mass ethnic cleansing. We know what our ancestors had experienced’ എന്ന്‍ നല്ല ജൂത മനസ്സുകൾ മുറവിളി കൂട്ടുന്നുണ്ട്.


അമേരിക്ക മറക്കുന്ന ഒരു കാര്യമുണ്ട്. ഹമാസ് ഒരു ആശയം മാത്രമാണ്. അതിനെ ഇല്ലാതാക്കുവാൻ ആയുധങ്ങള്‍ക്ക് കഴിയുമോ? എത്ര ഇല്ലായ്മ ചെയ്താലും ചെറുത്തുനില്പുകൾ പുതുരൂപങ്ങളിൽ, കൂടുതൽ ഭീകരമായി, പ്രത്യക്ഷപ്പെടുമെന്നാണല്ലോ ലോകത്തിലെ യുദ്ധചരിത്രങ്ങൾ പറയുന്നത്. ആയിരക്കണക്കിന്  മനുഷ്യജീവനുകൾ പൊലിയുകയും ഒരു ദേശംതന്നെ നശിച്ചുപോവുകയും ചെയ്യും എന്നുമാത്രം. ലക്ഷക്കണക്കിന്‌ അഭയാര്‍ഥികൾ വീണ്ടും കൂടാരങ്ങളിലേക്ക് തള്ളപ്പെടുമെന്നുമാത്രം. പണ്ട് നല്കിയ പോലെ ഈജിപ്തോ ജോര്‍ദാനോ ഇനി അവര്‍ക്ക് അഭയമേകുവാൻ മുന്നോട്ടു വരികയില്ലെന്നു മാത്രം.  ഇസ്രായേലിന് പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അത് നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടാവരുത് എന്നുമാത്രം. ‘പല്ലിനു പകരം പല്ല്, കണ്ണിനു പകരം കണ്ണ്’ എന്ന പഴയനിയമം അവർ തിരുത്തിയെഴുതുന്നത് ഒരു ഇസ്രായേൽ പൗരന്റെ ജീവനുപകരം ആയിരം പലസ്തീനികൾ എന്ന തോതിലാണ്‌. അതല്ലെങ്കിൽ നൂറു കല്ലിനുപകരം ആയിരം മിസൈലുകൾ എന്ന കണക്കിലാണ്. ഇവിടെ പലസ്തീനികൾ എറിയുന്ന കല്ലുകൾ കാലങ്ങളായി സ്വാതന്ത്ര്യം നിഷേധിച്ചവനെതിരെ അവരുടെ അവസാന ആയുധമാണെന്നും ഓര്‍ക്കണം. അതുകൊണ്ടുതന്നെ അത് നീതീകരിക്കപ്പെടുമെന്ന് മുനായെപോലുള്ളവർ, അവരെ മനസ്സിലാക്കുന്ന ചിലരെങ്കിലും, കരുതുന്നുമുണ്ട്.


പലസ്തീൻ കവി മുരീദ് ബര്‍ഗൂതിയുടെ ഹൃദയസ്പര്‍ശിയായ ആത്മകഥയിൽ (ഐ സോ റാമല്ല) ജന്മദേശമായ റാമല്ലയിലേക്ക് മടങ്ങാനാവാതെ നീണ്ട മൂന്നു ദശകങ്ങൾ പല രാജ്യങ്ങളിലും ജീവിച്ച കവി ഒടുവിൽ റാമല്ലയിൽ കാലുകുത്തുകയാണ്. കവി ‘മടക്കത്തിന്റെ പാലം’ കടക്കുന്ന രംഗം നാം ഒരിക്കലും മറക്കില്ല.  മുനായെപ്പോലെ ആയിരങ്ങൾ ഇനിയും ആ മണ്ണിൽ കാലുകുത്താൻ ഭാഗ്യം സിദ്ധിക്കാത്തവരാണ്. മതിയായ രേഖകൾ ഇല്ലാത്തവരാണ്. അല്ലെങ്കിൽ പിറന്നമണ്ണിലെ അടയാളങ്ങൾ എല്ലാം തുടച്ചുനീക്കപ്പെട്ടവരാണ്. അതുമല്ലെങ്കിൽ പട്ടാളക്കാരാൽ ചോദ്യം ചെയ്യപ്പെടാതെ, സ്വതന്ത്രമായ് സഞ്ചരിക്കാൻ കഴിയുന്ന ഒരു നല്ലകാലം സ്വപ്നം കാണുവാൻപോലും കഴിയാത്തവരാണ്‌. ലോകത്തിലെ ആറായിരത്തിലധികം ഭാഷകള്‍ക്കും അവരുടെ കഥകൾ ഉള്‍ക്കൊള്ളാനാവില്ല.


ഓര്‍ത്തുപോകുന്നു, ഇപ്പോഴെങ്ങാനും പൊന്നുതമ്പുരാൻ അവതരിച്ചാൽ ടെമ്പിള്‍മൗണ്ടിന്റെ കവാടങ്ങൾ എട്ടിലും അവരവനെ തടഞ്ഞുവയ്ക്കും. പുരാതനനഗരത്തിലെ കല്‍പ്പാതകൾ ഒരിക്കൽപ്പോലും അവൻ ചവിട്ടില്ല. കുരിശുമരണമായിരിക്കില്ല  ഇനി അവനു കിട്ടുക. അതൊരു ഡ്രോണ്‍ ആക്രമണം തന്നെയായിരിക്കും. പലസ്തീനിൽ നൂറുകണക്കിനു മൃതദേഹങ്ങൾ കൂടിക്കിടക്കുമ്പോൾ, പകർച്ചവ്യാധികൾ പടരുമ്പോൾ, റഫാ ക്രോസിങ്ങിനപ്പുറം ആഹാര-മരുന്നു വണ്ടികൾ തടഞ്ഞുവയ്ക്കപ്പെടുമ്പോൾ, ഇരുപതുലക്ഷം മനുഷ്യർ മതിലിനപ്പുറം തുറന്നജയിലിൽ വെള്ളവും വെളിച്ചവുമില്ലാതെ നരകിക്കുമ്പോൾ, കൂനകൂട്ടിയ അവശിഷ്ടങ്ങള്‍ക്കിടയിൽ അവശേഷിച്ച ഒരു ജീവനുവേണ്ടി സന്നദ്ധപ്രവര്‍ത്തകർ അന്വേഷണം തുടരുമ്പോൾ, എന്റെ തമ്പുരാനോട്‌ ഞാൻ കലഹിച്ചു പോകുന്നു, ആയുധപരീക്ഷണത്തിനുവേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസ?


 ‘ആൻ ഫ്രാങ്ക് ഏതെങ്കിലും വംശത്തിന്റെ പ്രതിനിധിയല്ല. അവർ സാര്‍വലൗകികമായ വിലാപമാണ്‌, പ്രതീകമാണ്’ എന്ന്‍ പറഞ്ഞത് ഒ.വി. വിജയനാണ്. മുനാ, സാറാ, പേര് എന്തുതന്നെയായാലും അവർ വേട്ടയാടപ്പെടുന്ന സമൂഹത്തിന്റെ രോദനമാണ്. മലയാളിയുടെ യുദ്ധകാലചിന്തകൾ മനുഷ്യപക്ഷത്ത്  നില്ക്കുന്നതാകട്ടെ. യുദ്ധങ്ങൾ കണ്ടിട്ടില്ലാത്ത, കൂടാരങ്ങൾ ചുമന്ന്‍ അതിര്‍ത്തികൾ താണ്ടി പാഞ്ഞിട്ടില്ലാത്ത, നമ്മൾ സ്വതന്ത്രമനുഷ്യർ എഴുതാൻ മടിക്കുന്ന സത്യമാണ് അവർ. തീവ്രവലതുപക്ഷരാഷ്ട്രീയത്തിന്റെ വംശീയതാമന്ത്രങ്ങൾ ഏറ്റുപാടുന്ന ഭരണകൂടങ്ങളാണ് ഇവിടെ യഥാർഥ യുദ്ധകുറ്റവാളികൾ.  കൈയേറിയ ഭൂമി അവകാശിക്ക് തിരിച്ചേല്പിച്ച് ഇരുപക്ഷവും സമാധാനത്തിന്റെ പാതയിലേക്ക് എന്നെങ്കിലും എത്തിച്ചേരുമോ?