നിഴൽരൂപങ്ങളുടെ ഗ്രാഫിക്സ് – എൻ.ബി.സുരേഷ്
ഓര്‍മകളുടെ ഇടവഴികളിൽ
ഇരുട്ടും വെളിച്ചവും
സന്ധിചെയ്യുന്ന സന്ധ്യയിൽ
ഒരു കാലൊച്ചയ്ക്ക് പിന്നിൽ
നേർത്ത നിഴലായ് പതിയെ
നടന്നുനീങ്ങുമ്പോൾ
മുമ്പേ നടക്കുന്നൊരൊച്ചയുടെ
രൂപഭാവങ്ങളറിയാതെ ഇടയ്ക്കിടെ കുഴങ്ങുന്നു.
അതിന്റെ വേഗവും താളവും
ഏറിയുമിറങ്ങിയും
പോവതേതുദിക്കിലേക്കെന്ന്
ഉള്ളിലൊരു കലമ്പൽ കിലുങ്ങുന്നു.
പൊടുന്നനെ കാലൊച്ച നിലയ്ക്കുന്നത്
പിന്തിരിഞ്ഞു നോക്കാനോ
മറ്റൊരു വഴിയിലേക്ക് തിരിയാനോ?
കാലം കനക്കവേ
വഴി മറയവേ
ഏതോ മരച്ചോട്ടിൽവച്ചു
നിഴലിരുട്ടിൽ ലയിച്ചുപോം.
പകലിൽ നേർത്തുപോകുമാ
കാലൊച്ച
നെഞ്ചിൽ കനക്കുന്ന താളംപോലെ
രാത്രിയിലധികമായ് തുടിക്കവേ
നിഴലൊലിച്ചുപോകുന്നു ഇരുട്ടിൻ പെരുങ്കടലിൽ
പകൽ വരച്ചിട്ട രൂപം
വെറുമൊരോര്‍മയായ്.
അകലെ മുഴങ്ങുന്നൊരൊച്ചയായും
അരികിലെത്താനോടുന്ന നിഴലായും
രാവും പകലും വച്ചുമാറി
നിന്നും നിലയ്ക്കാതെയും
വരച്ചും മായ്ച്ചും തുടരുന്ന
ജീവന്റെ താളം
ആരുടേതാവാം?
നിഴൽ രൂപമാർന്നുയിർക്കുന്നതും
രൂപമൊരു നിഴലായലിയുന്നതും
ഉണർവിന്റെയും ഉറക്കത്തിന്റെയും
ഗ്രാഫിക്സിൽ പടരുന്നു.