മൊഴിയാഴം – എൻ.ഇ. സുധീർ
മുകുന്ദന്റെ 'നിങ്ങൾ'
“…നിങ്ങളുടെ ജന്മത്തിൽ നിങ്ങൾക്ക് യാതൊരു പങ്കുമില്ലായിരുന്നു. ആണായി ജനിക്കണമെന്നോ പെണ്ണായി ജനിക്കണമെന്നോ എപ്പോൾ ജനിക്കണമെന്നോ നിങ്ങളുമായി ആലോചിക്കാതെയാണ് ഗോയിന്ദൻ വെണ്ടർ നിങ്ങൾക്ക് ജന്മംനല്കിയതും ലക്ഷ്മിക്കുട്ടിയമ്മ നിങ്ങളെ പെറ്റതും വളർത്തിയതും. എന്നാൽ മരണത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് നിങ്ങൾ തയാറല്ല. എപ്പോൾ മരിക്കണമെന്നും എങ്ങനെ മരിക്കണമെന്നും നിങ്ങൾ തീരുമാനിക്കും. മരണം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമെങ്കിലും തനിക്കുണ്ടെന്ന് നിങ്ങൾ ശഠിക്കുന്നു.”
എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവലായ ‘നിങ്ങൾ’ എന്ന കൃതിയിലെ ഒരു ഭാഗമാണിത്. ജീവിതത്തിന്റെ സ്വത്വത്തെ ഏതാനും വാക്കുകളിലൂടെ അടയാളപ്പെടുത്തുകയാണ് നോവലിസ്റ്റ്. ജീവശാസ്ത്രപരമായ ഏക സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഒരോർമപ്പെടുത്തൽ കൂടിയാണിത്. ആ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പോരാട്ടം ആധുനികമനുഷ്യരെന്ന നിലയിൽ നമ്മളെല്ലാം ഏറ്റെടുക്കേണ്ടതുണ്ട് എന്ന ചിന്തയും നോവൽ മുന്നോട്ടു വയ്ക്കുന്നു.
തികച്ചും സാധാരണമായ ഒരു ജീവിതപശ്ചാത്തലത്തിൽനിന്ന് അസാധരണമായ ചില അനുഭവങ്ങളെ വാർത്തെടുക്കുന്ന ഒരു രചനയാണ് മുകുന്ദന്റെ ഈ നോവൽ. ഏതൊരു ജീവിതത്തിൽനിന്നും അപരിചിതമായ പലതും കണ്ടെത്താൻ കഴിയും എന്നു കാണിച്ചുതരികയാണ് നോവലിസ്റ്റ്. എം.മുകുന്ദൻ എന്ന എഴുത്തുകാരന്റെ മാനസികയൗവനം എന്നെ എപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. അതൊരിക്കൽക്കൂടി മലയാളിവായനക്കാർ ഈ രചനയിലൂടെ അടുത്തറിയുകയാണ്. ഇതു തരുന്നത് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ്.
കഥാനായകനെ ‘നിങ്ങൾ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ആരാണ് ഈ നിങ്ങൾ? കഥയിലെ നായകനയായ ഉണ്ണികൃഷ്ണനോ? അതോ നോവൽ വായനക്കാരനോ? ഓരോ വായനക്കാരനെയും കഥയോടു ചേർത്തുനിറുത്തുന്നതരത്തിലുള്ള ശ്രദ്ധേയമായ ഒരു നവീനകൗശലത്തിനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. നോവലിന്റെ കാലപരിഗണനയിൽ ജീവിച്ചുപോയ ആർക്കും സ്വയം ഏറ്റെടുക്കാവുന്ന ഒരു വിശേഷണമായി അത് വികാസം കൊള്ളുന്നു. വാർധക്യത്തിലേക്കു കടന്നുനില്ക്കുന്ന നിങ്ങൾ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നു എന്ന തോന്നലിലേക്ക് നോവൽ വായനക്കാരെ നയിക്കുന്നു.
നോവലിലെ ‘നിങ്ങളാ’യ ഉണ്ണികൃഷ്ണൻ മലബാറിന്റെ സാമൂഹികപരിസരത്ത് ജീവിക്കുന്ന ഒരു സാധാരണ ഗ്രാമീണനാണ്. സ്വാഭാവികമായി അയാൾ കടന്നുപോകാനിടയുള്ള ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് മുകുന്ദൻ ഒന്നു രണ്ടു വലിയ പ്രഹേളികകളെക്കൂടി ഭംഗിയായി ചേർത്തുവയ്ക്കുന്നു. അതിലൊന്ന് ചരിത്രത്തോടുള്ള സൂക്ഷ്മമായ അനുകമ്പയാണ്. അതിനായി ഉണ്ണികൃഷ്ണനെക്കൊണ്ട് ഒരു നോവലെഴുതിക്കുന്നു. ആ നോവൽ മലബാർ കലാപത്തെക്കുറിച്ചുള്ളതാണ്. അയാൾ എഴുതാനാഗ്രഹിച്ച രണ്ടാമത്തെ നോവൽ തലശ്ശേരി കലാപത്തെക്കുറിച്ചും. അങ്ങനെ സ്വന്തം നാടിന്റെയും ആ കാലഘട്ടത്തിന്റെ ചരിത്രത്തെയും മുകുന്ദൻ നോവലിൽ ചേർത്തുവയ്ക്കുന്നു. ഇതിലെ ഭാഷ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഭാഷയിലൂടെ മുകുന്ദൻ സൃഷ്ടിക്കുന്ന ഗൃഹാതുരത്വം വിസ്മയിപ്പിക്കുന്നു.
ഉണ്ണികൃഷ്ണൻ തന്നാലാവുന്ന പലതും ചെയ്യാതെയും ചിലതൊക്കെ ചെയ്തും ഒരുനാൾ ജീവിതത്തിൽ നിന്നു ഒളിച്ചോടുന്നു. അയാൾ ജീവിതത്തിൽനിന്നു അവധിയെടുക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം നാട്ടിലേക്ക് തിരിച്ചുവന്ന അയാളുടെ ജീവിതവും ഓർമയും ചേർത്താണ് ഈ നോവൽ മുന്നേറുന്നത്. ഒരുനാൾ ഉണ്ണികൃഷ്ണൻ സ്വന്തം മരണം പ്രവചിക്കുന്നു. ഇന്ന ദിവസം ഇന്ന സമയത്ത് താൻ മരിക്കുമെന്ന് അയാൾ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. ഇതിന്റെ രഹസ്യം തേടിയെത്തുന്ന ഒരു യുവപത്രപ്രവർത്തകയാണ് കഥയെ മുന്നോട്ടു കൊണ്ടുപോവുന്നത്. നോവലിന്റെ അവസാന ഭാഗത്തെത്തുമ്പോഴാണ് അയാൾ ദയാവധത്തിന് വിധേയനാവുകയാണെന്ന് വായനക്കാർക്ക് മനസ്സിലാവുക. വാർധക്യവും രോഗങ്ങളും ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്നുകൂടി കാണിച്ചു തരികയാണ് നോവലിസ്റ്റ്. മരണത്തിലേക്കടുക്കുമ്പോൾ ജീവിതം എത്രമാത്രം അർഥശൂന്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തീർച്ചയായും ഇത് മുകുന്ദന്റെ സമ്പന്നമായ സാഹിത്യസമ്പത്തിലെ പ്രധാനരചനകളിലൊന്നായി ഉയർന്നുനില്ക്കുന്നു. (നിങ്ങൾ – എം.മുകുന്ദൻ,ഡി.സി. ബുക്സ് , കോട്ടയം)
കാലത്തെ അറിയാത്ത കഥ
അശോകൻ ചരുവിലിന്റെ ‘പടിപ്പുരക്കൊട്ടിലിൽ ഒരു പ്രണയകാലത്ത്’ എന്ന കഥയിൽ ഇങ്ങനെയൊരു വാചകമുണ്ട്. “ഓരോ കാലത്തിനും അതിന്റെതായ ചോദ്യങ്ങളും മറുപടികളുമുണ്ട്. ” കഥ വായിച്ചു കഴിഞ്ഞപ്പോൾ കഥാകൃത്തിനോട് പറയാൻ എന്റെ മനസ്സിലും ഒരു വാചകം വന്നു. അതിതായിരുന്നു: “ഓരോ കാലത്തിനും അതിന്റെതായ കഥകളും നോവലുകളുമുണ്ട്.” അപൂർവം ചിലപ്പോൾ എല്ലാ കാലത്തിനും ചേർന്നവ ഉണ്ടാകപ്പെടാം. അവയെ നമ്മൾ ക്ലാസിക്കുകൾ എന്നു വിശേഷിപ്പിക്കും. നിർഭാഗ്യവശാൽ അശോകൻ ചരുവിലിന്റെ ഈ കഥ ഈ കാലത്തിനു ചേർന്നതായില്ല. അതുകൊണ്ടുതന്നെ അതിന്റെ വായന സമയനഷ്ടത്തിന് കാരണമായിത്തീർന്നു. അതിന്റെ പ്രമേയത്തെപ്പറ്റി വിശദീകരിച്ച് ഞാൻ വീണ്ടും സമയനഷ്ടമുണ്ടാക്കാൻ മുതിരുന്നില്ല. നമ്മുടെ എഴുത്തുകാരിൽ പലരും സാഹിത്യാനുഭവത്തിലെ ഭാവുകത്വപരിണാമങ്ങൾ അറിയുന്നില്ല. എഡിറ്റർമാരുടെ കാര്യം പറയാനുമില്ല.(കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒക്ടോബർ – 15-21 ലക്കത്തിൽ)
എന്തിനെഴുതുന്നു?
“തന്റെ എഴുത്തുകൊണ്ട് ലോകത്തെ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നത് ഒരു എഴുത്തുകാരിയുടെ ധിക്കാരവും അഹങ്കാരവും അല്പം മണ്ടത്തരവുമാവാം. പക്ഷേ, അതിനുള്ള ശ്രമം നടത്തുന്നില്ലെങ്കിൽ അതു ദയനീയമായിരിക്കും.” 2023-ലെ യൂറോപ്യൻ ലേഖനപുരസ്കാരം സ്വീകരിച്ചുകൊണ്ട് അരുന്ധതി റോയ് നടത്തിയ ഗംഭീര പ്രഭാഷണത്തിലെ ഒരു വാചകമാണിത്. ലേഖനങ്ങളെ ഒരു പോരാട്ടമായി അരുന്ധതി റോയ് ഉപയോഗിക്കുന്നു എന്ന് പുരസ്കാര പ്രശംസാപത്രത്തിൽ പുരസ്കാരം ഏർപ്പെടുത്തിയ ചാൾസ് വെയ്ലോൺ ഫൗണ്ടേഷൻ എടുത്തു പറയുന്നുണ്ട്. അരുന്ധതി പറയുന്നത് ഈ കാലഘട്ടത്തിലെ ഓരോ എഴുത്തുകാരും ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന്റെ ആത്യന്തികമായ ഉത്തരം കൂടിയാണത്. കാലത്തിന്റെ സ്വഭാവത്തെ അറിയാനും രേഖപ്പെടുത്താനും. അതാണ് എഴുത്തുകാരി എന്ന നിലയിൽ അരുന്ധതി ഏറ്റെടുത്ത ദൗത്യം. എഴുത്തിലൂടെയാണ് അവർ തന്റെ കാലത്തിന്റെ പ്രശ്നങ്ങളോട് പോരാടുന്നത്.
ചുറ്റിനുമുള്ള ലോകത്തിന്റെ മാറ്റങ്ങൾക്കുവേണ്ടിയുള്ള ശ്രമം എഴുത്തിലൂടെ ഓരോ എഴുത്തുകാരും നടത്തേണ്ടതുണ്ട്. കാരണം അത്രമാത്രം കലുഷിതമായ ഒരു കാലത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോവുന്നത്. ഈ കാലത്തിന്റെ യഥാർഥശബ്ദം വരുംകാലത്തിനായി അടയാളപ്പെടുത്തുക എന്നത് എഴുത്തിന്റെ ധർമമാണ്. മാനവരാശിയെ ഇത്രത്തോളമെത്തിച്ചതിൽ എഴുത്തിനും വായനയ്ക്കുമുള്ള പങ്ക് വളരെ വലുതാണ്. ആശയങ്ങളിലൂടെയുള്ള ആ പോരാട്ടത്തെ ഓർമിപ്പിക്കുകയായിരുന്നു അരുന്ധതി റോയ്. (അരുന്ധതിയുടെ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ പച്ചക്കുതിര മാസികയുടെ ഒക്ടോബർ ലക്കത്തിൽ വായിക്കാം).
കോ ഉൻ കവിതകൾ
കൊറിയയിലെ മഹാനായ കവി കോ ഉൻ (Ko Un) എഴുതിയ ഏതാനും കവിതകളുടെ ഒരു സമാഹാരമാണ് ‘First Person Sorrowful’. അതിലെ ‘Untitled’ എന്ന കവിതയിൽനിന്നുള്ള ഏതാനും വരികൾ കാണുക:
” You’re my past
I’am your future.
Life in this world is a bitter thing.
Thus far my greatest failure
is that I’ve not become someone else,
that I’ve remained no one but me
desperately, to the end. ”
മനുഷ്യാവസ്ഥയുടെ ആഴങ്ങളിലേക്കു കടന്നുചെല്ലുന്ന ഭാവനയാണ് ഈ കവിയുടേത്. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം ഒപ്പിയെടുക്കാനാണ് അദ്ദേഹം ഇതിലെ കവിതകളിലൂടെ ശ്രമിച്ചിരിക്കുന്നത്. വ്യക്തിയുടെ മൗലികത അംഗീകരിക്കുമ്പോഴും അയാളും കാലവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റിയും അയാളെ നിർമിച്ച സമൂഹത്തെപ്പറ്റിയും കവി ചിന്തിക്കുന്നു. വ്യക്തിയുടെ താത്പര്യങ്ങൾ രാഷ്ട്രീയതലത്തിലേക്ക് ഉയരുന്നതും അവ ദേശീയവും അന്തർദേശീയവുമായ തലത്തിലേക്ക് വികാസംകൊള്ളുന്നതും കോ ഉൻ തിരിച്ചറിയുന്നു. കാലത്തെക്കുറിച്ചുള്ള വിശാലബോധം ഈ കവിയുടെ രചനകളെ ഉയർന്നതലത്തിലേക്കെത്തിക്കുന്നു. കാലവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയാണ് കവി ചിന്തിക്കുന്നത്. പ്രകൃതിയുടെയും കാലത്തിന്റെയും ആഖ്യാനങ്ങൾ എന്നാണ് അവ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. സവിശേഷമായ ഒരാത്മീയതലവും കോ ഉന്നിന്റെ രചകളിൽക്കാണുന്നുണ്ട്. ദീർഘകാലം ബുദ്ധമതസന്യാസിയായി ജീവിച്ചതിന്റെ അനുരണനങ്ങളാവാം ഇതിനു കാരണം. ഒരോ നിമിഷത്തെയും എല്ലാ നിമിഷത്തിലേക്കും ഇണക്കിച്ചേർക്കുന്ന ഒരു ഭാവാത്മകതയാണ് ഈ കവിതകളെ വേറിട്ടുനിറുത്തുന്നത്. എന്നാൽ പലതും രാഷ്ട്രീയം പറയുന്നുമുണ്ട്.
150 ഓളം കവിതാസമാഹാരങ്ങൾ അദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയുടെ വിസ്ഫോടനം എന്നുപോലും നിരൂപകരാൽ വിശേഷിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളും അത് ശരി വയ്ക്കുന്നു. ഒരു കാവ്യസമാഹാരത്തിന്റെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “If someone opens my grave a few years after my death, they will find full, not of my bones, but of poems written in that tomb’s darkness…” കവിതയിൽ ജീവിക്കുന്ന ഒരു മനസ്സാണ് കോ ഉന്നിന്റേത്. എഴുതിയവയെക്കാളേറെ എഴുതാനിരിക്കുന്നു എന്നാണ് തൊണ്ണുറിലെത്തി നില്ക്കുന്ന കവി പറയുന്നത്. അദ്ദേഹം അടുത്തകാലത്തായി (മിക്കവയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ) എഴുതിയ150-ലധികം കവിതകളാണ് ‘First Person Sorrowful’ എന്ന സമാഹാരത്തിലുള്ളത്. വിപുലമായ ആ കാവ്യലോകത്തിലേക്കുള്ള ഒരു പ്രവേശികയായി ഇതിനെ കണക്കാക്കാം. കോ ഉൻ കവിതകളുടെ പൊതുസ്വഭാവം പേറുന്നവയാണ് ഇതിലെ കവിതകളെല്ലാം. നൊബേൽ സമ്മാനമൊക്കെ കിട്ടുമെന്ന് വായനാലോകം വർഷങ്ങളായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന കവികൂടിയാണദ്ദേഹം. (‘First Person Sorrowful ‘ – Ko Un – Translated by Brother Anthony of Taize & Lee Sang- Wha- Bloodaxe Books Ltd).
പെഡ്രോ പരാമോയുടെ പുതിയ പരിഭാഷ.
ഹുവാൻ റൂൾഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലിനെപ്പറ്റി ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞത് ഇപ്രകാരമാണ് : “ഒരു ദിവസം ആൽവാറോ മുതീസ് പുസ്തകത്തിന്റെ ഒരു കെട്ടും പേറിക്കൊണ്ടു ഞാൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഏഴാംനിലയിലേക്കു ചാടിക്കയറി വന്നു. പുസ്തകങ്ങളുടെ ആ കെട്ടിൽ നിന്ന് ഏറ്റവും ചെറുതു തിരഞ്ഞുപിടിച്ച്, ഉയർത്തിക്കാട്ടിക്കൊണ്ട് ഇത് പറയുമ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ട് ചാഞ്ചാടുകയായിരുന്നു: ഈ സാധനം വായിക്കൂ, ചങ്ങാതീ! വായിച്ചു പഠിക്കൂ!-
ആ പുസ്തകം ‘പെഡ്രോ പരാമോ’ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം പുസ്തകം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ബോഗോട്ടയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഒരു വൃത്തികെട്ട ലോഡ്ജിൽ വച്ച് കാഫ്കയുടെ ‘ മെറ്റമോർഫസിസ്’ വായിച്ച ആ ഗംഭീര രാത്രിക്കുശേഷം അതുപോലൊരു മാനസികവിക്ഷോഭം ഞാനനുഭവിച്ചിട്ടില്ല…. പുസ്തകം മുഴുവൻ കാര്യമായ ഒറ്റ തെറ്റും വരുത്താതെ തുടക്കംമുതൽ ഒടുക്കംവരെ, അല്ലെങ്കിൽ തിരിച്ച് – ഒടുക്കംമുതൽ തുടക്കംവരെ, ഓർമയിൽനിന്നുദ്ധരിക്കാൻ എനിക്കു കഴിവുണ്ടായിരുന്നു. അതിലെ ഓരോ സംഭവവും എന്റെ പുസ്തകത്തിലെ ഏതു പേജിലാണെന്ന് എനിക്കറിയാമായിരുന്നു.”
റൂൾഫോയുടെ മാസ്റ്റർപീസിന്റെ പുതിയൊരു ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട് . ബ്രിഗാം യങ്ങ് സർവകലാശാലയിലെ പ്രഫസറായ ഡഗ്ലസ് ജെ. വെതർഫോർഡ് ആണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. ഈ പതിപ്പിന്റെ ആമുഖമായി മാർകേസിന്റെ ‘പെഡ്രോ പരാമോ’യെക്കുറിച്ചുള്ള മനോഹരമായ ലേഖനവും കൊടുത്തിട്ടുണ്ട്. അതിലെ ഭാഗങ്ങളാണ് മുകളിൽക്കൊടുത്തത്. ആധുനിക ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ ഗതി മാറ്റിമറിച്ച നോവലാണ് 1955-ൽ പ്രസിദ്ധീകരിക്കപ്പെട്ട പെഡ്രോ പരാമോ. ഇതിനകം രണ്ടു പരിഭാഷകൾ ഇംഗ്ലീഷിൽ വന്നിട്ടുണ്ട്. 1959-ൽ ലെയ്സാൻഡർ കെംപിന്റെ പരിഭാഷയും 1994-ൽ മാർഗരറ്റ് സായേഴ്സ് പേഡേന്റെ പരിഭാഷയും. മൂന്നാമതായാണ് വെതർഫോർഡിന്റെ പരിഭാഷയെത്തുന്നത്. (Pedro Parama – Juan Rulfo- Translated by Douglas J. Weatherford- Serpents Tail Publishers). ഇത് ഏറെ മനോഹരവും താരതമ്യേന ലളിതവുമാണ്. പുതിയ പരിഭാഷയിലെ ആദ്യഭാഗം ഞാനിവിടെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് കൊടുക്കുന്നു:
“പെഡ്രോ പരാമോ എന്ന പേരുള്ള എന്റെ അച്ഛൻ ഇവിടെ ജീവിച്ചു എന്നു പറഞ്ഞു കേട്ടതുകൊണ്ടാണ് ഞാൻ കൊമാലയിലേക്ക് വന്നത്. അമ്മയാണ് അതെന്നോട് പറഞ്ഞത്. ഇവിടെ വന്ന് അദ്ദേഹത്തെ കണ്ടുകൊള്ളാമെന്ന് മരണസമയത്ത് ഞാനമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. ഉറപ്പിക്കാനായി ഞാനവരുടെ കൈ പതുക്കെ ഞെക്കുകയും ചെയ്തു. മരണത്തോടടുത്ത അവരോട് എന്തും സമ്മതിക്കുന്ന ഒരു മാനസികാവസ്ഥയിലായിരുന്നു, ഞാനപ്പോൾ. ‘ചെന്നു കാണുന്നതിൽ അലംഭാവം അരുത്.’ അമ്മ നിർബന്ധിച്ചു. ‘ചിലർ അദ്ദേഹത്തെപ്പറ്റി ചിലതൊക്കെ പറയും. വെറെ ചിലർ വേറെന്തെങ്കിലും. തീർച്ചയായും നിന്നെ കാണുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരിക്കും.’ ഇതൊക്കെ കൊണ്ടാണ് എനിക്കവരോട് പറ്റില്ലെന്ന് പറയുവാൻ കഴിയാതിരുന്നത്. ഒരുപാടു തവണ ഉറപ്പുകൊടുത്തതിനു ശേഷവും എന്റെ കൈകൾ ഞാനവരുടെ കൈകളിൽ ചേർത്തുവച്ചു. പിന്നീട് അവർക്ക് ജീവനില്ലാതായതിനുശേഷം ഏറെ ക്ലേശിച്ചാണ് ഞാനെന്റെ കൈകൾ അവരുടേതിൽനിന്നു സ്വതന്ത്രയാക്കിയത്.”
പിതാവിനെത്തേടി ഹുവാൻ പ്രേസിയാദോ എന്ന യുവാവ് കൊമാല എന്ന ഗ്രാമത്തിലേക്കു ചെല്ലുന്നതും അവിടെ അയാളെ കാത്തിരുന്ന അസാധാരണമായ അനുഭവങ്ങളുമാണ് ഈ നോവലിന്റെ പ്രമേയം.
പെഡ്രോ പരാമോയെപ്പറ്റി പറയുമ്പോൾ നമ്മൾ വിലാസിനിയെ (എം.കെ.മേനോൻ) ഓർക്കേണ്ടതുണ്ട്. 1986-ൽ വിലാസിനി ഈ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതും മാർകേസിന്റെ ലേഖനത്തിന്റെ പരിഭാഷയോടൊപ്പം. ലോകസാഹിത്യത്തിൽ താത്പര്യമുള്ള ഓരോരുത്തരും നിശ്ചയമായും വായിച്ചിരിക്കേണ്ട ഒന്നാണ് ‘പെഡ്രാ പരാമോ.’ (പെഡ്രോ പരാമോ – വിവർത്തനം വിലാസിനി – പൂർണ്ണ പബ്ലിക്കേഷൻസ് – കോഴിക്കോട്)