ദിനവൃത്താന്തം

ദിനവൃത്താന്തം

അധികാരത്തിന്റെ കുന്തമുന

സുപ്രീംകോടതിയിൽനിന്ന് വിരമിച്ചതിനുശേഷം ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ എറണാകുളം നഗരത്തിലായിരുന്നു താമസം. ഏകാന്തവൃദ്ധൻ. വീട്ടുകാര്യങ്ങൾ നോക്കാൻ ജോലിക്കാരുണ്ട്. ലോകംമുഴുവൻ ബന്ധങ്ങളുള്ള ന്യായാധിപനാണ്. അസാമാന്യമായി വായിച്ചിട്ടുമുണ്ട്. വായിച്ചതുമുഴുവൻ ഓർമയിലുമുണ്ട്. ആർക്കും എന്ത് സംശയവും ചോദിക്കാം, ചോദിക്കുന്ന ആളുടെ നിലവാരമനുസരിച്ചു മറുപടിയും നല്കും. 


അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച രാജ്യങ്ങളിൽ കോടതിയലക്ഷ്യനിയമം ആവശ്യമുണ്ടോ എന്നതായിരുന്നു ഒരിക്കൽ സായാഹ്നചർച്ച. കൃഷ്ണയ്യർ നല്കിയ മറുപടി ഇപ്പോഴും ഓര്‍മയുണ്ട്, ‘അധികാരത്തിന്റെ ഏറ്റവും മൂർച്ചയുള്ള കുന്തമുനകൾ സേനയും പണവുമാണ്. അതുരണ്ടും കോടതികളുടെ കൈയിലല്ല. അതു കൈയിലുള്ളവർക്ക് കോടതിവിധികൾ എതിരാകുമ്പോൾ കോടതികളെ അപമാനിക്കണമെന്നു തോന്നും. അത്തരക്കാരുടെ ദയാദാക്ഷിണ്യത്തിനുമുന്നിൽ കോടതികളെ വിട്ടുകൊടുക്കാൻ പറ്റില്ല. അതുകൊണ്ടാണ് കോടതിയലക്ഷ്യനിയമം ജനാധിപത്യരാജ്യങ്ങളിലും ആവശ്യമായി വരുന്നത്.’


സേനയും പണവുമാണ് അധികാരത്തിന്റെ പ്രധാന ആയുധങ്ങൾ. അതിൽ, സേനയ്ക്കു മുകളിലാണ് പണം. സേനയെ വിപുലീകരിക്കണമെങ്കിലും പണം വേണമല്ലോ. അവസാനവിശകലനത്തിൽ ധനകാര്യംതന്നെയാണ് അധികാരം. വിതരണം ചെയ്യാനാണെങ്കിലും സ്വരൂപിക്കാനാണെങ്കിലും പണം വേണം.


പണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചില പണമൊഴികളും ഉണ്ട്. ‘പണമില്ലാത്തവൻ പിണം!’ എന്നുനമ്മളും ‘പണം ലോകത്തെ ചുറ്റിക്കറക്കുന്നു’ എന്ന് പാശ്ചാത്യരും പറയും. പണമില്ലാത്തവന്റെ ജീവിതം ദുസ്സഹമാണ്. ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും യാത്രയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണംവേണം. കൈയിൽ പണമില്ലെങ്കിൽ മാന്യമായി ജീവിക്കാൻ കഴിയില്ല. ആഹാരവും വസ്ത്രവും പാർപ്പിടവും യാത്രയും വിദ്യാഭ്യാസവും ചികിത്സയും സർക്കാർ സൗജന്യമായി നല്കുമെന്ന് പറഞ്ഞാലും   പണം വേണം. പണം കൈയിലുണ്ടെങ്കിൽ തുറക്കാത്ത വാതിലുകളും നിങ്ങളുടെ മുന്നിൽ തുറക്കും.


ഞങ്ങളുടെ കുട്ടിക്കാലത്തെ പാട്ടുകാരനായിരുന്നു മെഹബൂബ്. കഴിഞ്ഞ തലമുറയിലെ പാട്ടുകാരൻ. തീവണ്ടിയെ കുറിച്ചും മെഹബൂബ് പാടിയിട്ടുണ്ട്, ‘ചക്രത്തിന്മേൽ നിന്റെ കറക്കം ചക്രം കിട്ടാനെന്റെ കറക്കം…! ചക്രം കിട്ടാനാണ് എല്ലാവരും കറങ്ങിനടക്കുന്നത്. ചക്രംവരുന്ന ഒരു കാർട്ടൂൺ ഒ.വി.വിജയനും വരച്ചിട്ടുണ്ട്. ചക്രമെന്ന് കേൾക്കുമ്പോൾ സുദർശനചക്രമല്ല, ചക്രമെന്ന നാണയമാണ് കാർട്ടൂണിലെ ഭക്തന്റെ മനസ്സിൽ. സ്വാഭാവികമായും  ഭഗവാനോടുള്ള ഭക്തന്റെ ഭക്തികൂടും, കൈയിൽ ചക്രമുണ്ടല്ലോ. ലോകാരംഭം മുതൽ ‘ചക്ര’ത്തിന് പിന്നാലെയാണ് മനുഷ്യർ. മനുഷ്യപരിണവും പണപരിണാമവും കൈകോർക്കുന്നതാണ് ലോകചരിത്രം. കൈമാറ്റക്കച്ചവടത്തിലൂടെ ആരംഭിച്ച ക്രയവിക്രയങ്ങൾ ലോഹമുദ്രകളായും, പേപ്പർ കറൻസികളായും, ബാങ്കിടപാടുകളായും ക്രിപ്റ്റോ കറൻസികളായും സഞ്ചാരം തുടരുന്നു. സ്വർണം,വെള്ളി,ഭൂമി തുടങ്ങി മൂല്യമുള്ളതായി മനുഷ്യൻ സങ്കല്പിക്കുന്ന വഴികളിലൂടെയെല്ലാം ധനവിനിമയം തുടരുന്നു.


ഭൂമിയിൽ മതങ്ങൾ ഉത്ഭവിക്കുന്നതിനു മുമ്പ് ധാർമിക ബോധമുള്ള മനുഷ്യർ ഉണ്ടായിരുന്നുവെന്ന് ജ്യൂതപണ്ഡിതനായ യുവാൽ നോഹ ഹരാരി പറയുന്നുണ്ട്. എങ്കിലും ഭൂമിയിൽ മനുഷ്യർക്ക് ധാർമിക ബോധം പകർന്നുനല്കിയത് മതങ്ങളാണെന്ന് വിശ്വാസികളും കരുതുന്നു. പണവും ധാർമികതയും പരസ്പരം പൊരുത്തപ്പെടാൻ വിഷമമുള്ള വിഷയങ്ങളാണെങ്കിലും ധാർമികതയിലൂന്നിയ ധനവിനിമയമാണ് മതങ്ങൾ ആദർശമായി കരുതിയത്. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ രാഷ്ട്രീയനിലപാടുകളോട് പൊരുത്തപ്പെടുന്ന സാമ്പത്തികകാഴ്ച്ചപ്പാടുകളുമുണ്ട്. സാഹിത്യമായാലും കലയായാലും മനുഷ്യഭാവന പ്രവർത്തിച്ച എല്ലായിടങ്ങളിലും ധനചിന്തയുടെ അടയാളങ്ങൾ കോറിയിട്ടിട്ടുണ്ട്. 


പാശ്ചാത്യരും പൗരസ്ത്യരും പരസ്പരം അഭിമുഖീകരിച്ച ചരിത്രസന്ധിയായിരുന്നല്ലോ കൊളോണിയൽ കാലം. പാശ്ചാത്യർ, ഷേക്സ്പിയർകൃതികൾ ഇങ്ങോട്ടും പൗരസ്ത്യർ, കാളിദാസകൃത്രികൾ അങ്ങോട്ടും വിനിമയം ചെയ്തു. കാളിദാസൻ നമുക്കും ഷേക്സ്പിയർ അവർക്കും അഭിമാനമുദ്രകളായിരുന്നു. ഷേക്സ്പിയറുടെ ‘മർച്ചന്റ് ഓഫ് വെനീസി’ൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഷെയ്ലോക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ശാകുന്തളത്തിൽ, കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്ന പോലീസുകാരനെയും കാണാം.


ഷേക്സ്പിയർ കൃതികൾ സംസ്കാരവിമർശനത്തിന്റെ ഭാഗമായി ഇപ്പോൾ വ്യാപകമായി വായിക്കപ്പെടുന്നുണ്ട്. നീതികിട്ടാതെപോയ കഥാപാത്രങ്ങൾ പുനർവായനയിൽ വിശകലന വിധേയരാകുന്നുമുണ്ട്. അത്തരം കഥാപാത്രങ്ങളെ മനസ്സിലാക്കാൻ ആഗ്രഹമുള്ളവർ ‘Post-Colonial Shakespeare’s’ വായിക്കുക. കാളിദാസൻ കാലത്തിന്റെയും ദാസനാണെന്ന് ജോസഫ് മുണ്ടശ്ശേരി പറഞ്ഞതും ഓർമിക്കണം. ഷേക്സ്പിയറോ കാളിദാസനോ അല്ല നമ്മുടെ വിഷയം, അവരുടെ രചനകളിലെ ധനകാര്യമാണ്.


ധാര്‍മികമായ ശരിതെറ്റുകൾ ഉൾച്ചേർന്നുകിടക്കുന്ന മേഖലയാണ് ധനകാര്യം. എല്ലാ നാടുകളിലും അതിന്റെ അനുരണനങ്ങളുണ്ട്. കള്ളപ്പണം സൂക്ഷിച്ചുവയ്ക്കുന്ന സ്വിസ്സ് ബാങ്കുകളുടെ പരിസരത്ത് രണ്ടാം ലോകമഹായുദ്ധം നടന്നില്ല. ബുദ്ധിജീവികളായി മേനിനടിക്കുന്ന മലയാളികൾ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളിൽ വീണുപോകുകയും ചെയ്തു. കരുവന്നൂർ ഉൾപ്പെടെ തകരാറിലായ സഹകരണബാങ്കുകളിൽ പണം നിക്ഷേപിച്ച് കൈപൊള്ളിയവരിൽ ഒരുപക്ഷേ, നിങ്ങളും ഉണ്ടായേക്കാം. പണം തൊടുമ്പോഴാണ് നമുക്ക് ലോകത്തെ മനസ്സിലാകുന്നത്. പണത്തെ തൊട്ടതുകൊണ്ടുമാത്രമാണ് സഹകരണബാങ്കുകളും ന്യൂസ് ക്ലിക്ക് പോർട്ടലും നമുക്ക് മനസ്സിലായത്.


സഹകരണമേഖലയിലെ ചില ബാങ്കുകൾ പൊളിഞ്ഞു എന്നത് ഇപ്പോഴൊരു വാർത്തയല്ല. നിക്ഷേപിച്ച പണം പിൻവലിക്കാൻ നിക്ഷേപകന് കഴിഞ്ഞില്ലെങ്കിൽ ബാങ്കിൽ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലാകും. നിക്ഷേപം എപ്പോഴെങ്കിലും തിരിച്ചുതരും എന്ന് ബാങ്ക് അധികൃതർ പറഞ്ഞാലും ആ ബാങ്കിൽ പ്രശ്നമുണ്ടെന്നാണ് നിക്ഷേപകൻ മനസ്സിലാക്കുക.


കരുവന്നൂർ ഉൾപ്പെടെ ചില സഹകരണബാങ്കുകളിലെ അത്തരം പ്രശ്നങ്ങൾ ഇനി ആർക്കും ഒളിച്ചുവയ്ക്കാൻ കഴിയില്ല. അതൊക്കെ അന്വേഷിക്കാൻ ചുമതലപ്പെട്ടവർ അന്വേഷിക്കട്ടെ.അതോടൊപ്പം മറ്റൊരു കാര്യവും ശ്രദ്ധിക്കണം. ഇതാണ് നിക്ഷേപകർക്ക് പരിഭ്രാന്തി ഉണ്ടാകാൻ ഇടയുള്ള സന്ദർഭം. സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ പ്രകമ്പനങ്ങൾ പൊളിയാത്ത ബാങ്കുകളെയും പൊളിക്കും. അങ്ങനെ സംഭവിച്ചാൽ കണ്ണീരിലായ കേരളം കൂടുതൽ  കണ്ണീരിലാകും. പൊളിഞ്ഞ ബാങ്കുകളിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നതുപോലെ പ്രധാനമാണ് പൊളിയാത്ത ബാങ്കുകളെ സംരക്ഷിക്കണമെന്നതും.


വഴിയിൽ പണം കിടക്കുന്നതുകണ്ട് ‘ആളെക്കൊല്ലി’ എന്ന് അലറിവിളിച്ച് പാക്കനാർ ഓടിയ പഴയൊരു കഥയുണ്ട്. പണം ചിലപ്പോൾ ആളെക്കൊല്ലിയും ആകും. ധാര്‍മികതയും ധനകാര്യവും സമരസപ്പെട്ടില്ലെങ്കിൽ സംഭവിക്കുന്നത് പാപ്പരായ ബാങ്കുകൾ പഠിപ്പിക്കുന്നു.


പുകയുന്ന പശ്ചിമേഷ്യ


ഹമാസിന്റെ ഇസ്രായേൽ ആക്രമണവും ഇസ്രായേലിന്റെ പ്രത്യാക്രമണവും ഭീകരമായിരുന്നു. ഇരുഭാഗത്തുമുള്ള നിരപരാധികളായ പരേതർക്ക് ആദരാജ്ഞലികൾ. ജോൺ ഡൺ കവിതയിൽ എഴുതിയതുപോലെ, മനുഷ്യവംശം കുറഞ്ഞത് അറിയിക്കാനാണ് പള്ളിമണികൾ മുഴങ്ങുന്നത്.


പശ്ചിമേഷ്യൻ പ്രശ്നം ഇന്നലെ ഉണ്ടായതല്ല. എന്നവസാനിക്കുമെന്ന് പറയാനും കഴിയില്ല. ജൂത, കൃസ്ത്യൻ, ഇസ്ലാം മതവിഭാഗങ്ങൾക്ക് വൈകാരിക പ്രാധാന്യമുള്ള പ്രദേശമാണ് ജെറുസലേം. എല്ലാവർക്കും അവിടെ അനുയായികളുമുണ്ട്. മേൽക്കൈ നേടാൻ എല്ലാവരും ആഗ്രഹിച്ചതുമാണ്. അതുകൊണ്ടൊക്കെയിരിക്കണം പശ്ചിമേഷ്യയിൽ ജൂതരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം സഹകരിച്ചതിനെക്കാൾക്കൂടുതൽ കലഹിച്ചത്. ആൾബലവും സമ്പത്തും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും കൂടുതലായിരുന്നെങ്കിലും ബുദ്ധിയും സമ്പത്തും ജൂതന്മാർക്കും കുറവായിരുന്നില്ല. ശരിതെറ്റുകളുടെ കുത്തകാവകാശം ഏതെങ്കിലും മതം ഏറ്റെടുക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ വംശീയതയിലേക്ക് വഴിമാറും. നമ്മളിൽപ്പെടാത്തയാളെ അപരനായി കാണുന്നതാണ് വംശീയത. അപ്പോഴാണ് രണ്ടാം ലോകമഹായുദ്ധം. അതിന്റെ പരിസമാപ്തിയിൽ ജൂതന്മാർക്ക് ഇസ്രായേൽ ലഭിച്ചു. ഫാഷിസം തകർന്നതോടെ വെറുപ്പിന്റെ കാലം അവസാനിച്ചെന്ന് എല്ലാവരും ആശ്വസിക്കുകയും ചെയ്തു. പക്ഷേ, അണയാത്ത നെരിപ്പോടുകൾ ബാക്കിയുണ്ടായിരുന്നു. ജൂതന്മാരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കലും ഊഷ്മളമായില്ല. പുകയുന്ന പശ്ചിമേഷ്യ എന്ന സ്ഥിരം തലവാചകം പത്രങ്ങളിൽ അതോടെ സ്ഥാനപ്പെട്ടു.


ഇതൊന്നും ഇന്ത്യൻ ഹിന്ദുക്കളുടെ വിഷയമല്ലാതിരുന്നതുകൊണ്ട് ഇസ്രായേൽ ഉണ്ടാകുംമുമ്പ് ഇന്ത്യയിൽ വന്ന ജൂതർ ഇവിടെ ശാന്തമായി ജീവിച്ചു. പിന്നീട് ഇസ്രായേൽ സ്ഥാപിതമായപ്പോൾ തിരിച്ചുപോയ ജൂതന്മാർക്ക് യാത്രാമംഗളം നേർന്നുകൊണ്ട് മഹാകവി വൈലോപ്പിള്ളി, ‘കേരളത്തിലെ യഹൂദർ ഇസ്രായേലിലേക്ക്’ എന്ന കവിതയും എഴുതി. തെങ്ങോലകൾ കൈവീശി ജൂതരെ യാത്രയാക്കുന്ന മനോഹരദൃശ്യം കവിതയിലുണ്ട്. ഒഫീറ ഗംലിയേലും സ്കറിയ സക്കറിയയും ജെറുസലേമിൽ പ്രസിദ്ധപ്പെടുത്തിയ ‘കാർകുഴലി’ വിദേശങ്ങളിലും പരിഭാഷചെയ്തു പ്രസിദ്ധീകരിച്ചതുകൊണ്ട് ലോകപ്രശസ്തമാണ്. മലയാളി ജൂതരും ലോകപ്രശസ്തരാണ്.


അവസാനം ഒരുചോദ്യം ബാക്കിയാകുന്നു. വ്യത്യസ്ത മതങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഒന്നിച്ച് ഒരേമനസ്സോടെ എന്തുകൊണ്ട് പശ്ചിമേഷ്യയിൽ ജീവിക്കാൻ കഴിയുന്നില്ല. എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും ഭേദം നമ്മളാണെന്ന് പറയേണ്ടിവരും.


മറക്കരുതാത്ത ചിലർ


ബി.എ ക്ലാസിൽ ഞങ്ങളുടെ സഹപാഠിയായിരുന്നു ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്. നര്‍മവും സ്നേഹവും ചാലിച്ച് ദൈവം സൃഷ്ടിച്ചതാണ് സിദ്ദിഖിനെ. സ്നേഹമുള്ള സുഹൃത്ത്. നാല്പതുവർഷം നീണ്ട സൗഹൃദമാണ്. അതേ ക്ലാസിൽ എഴുത്തുകാരനായിരുന്ന അധ്യാപകനായിരുന്നു സി.ആർ. ഓമനക്കുട്ടൻ. നർമം എഴുതുകയും സംസാരിക്കുകയും ചെയ്യും. കഥയും ലേഖനങ്ങളും ഒരുപാട് എഴുതിയിട്ടുണ്ട്. സാഹിത്യം മാത്രമല്ല രാഷ്ട്രീയചലനങ്ങളും നിശ്ചയമുണ്ട്. എറണാകുളം നഗരത്തിൽ കഴിഞ്ഞിരുന്നതുകൊണ്ട് ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിനെയും പരിചയമുണ്ടായിരുന്നു. മലയാളിയുടെ മാറുന്ന മാനസികലോകം ചലച്ചിത്രങ്ങളിൽ സമർഥമായി കെ.ജി.ജോർജ് ആലേഖനം ചെയ്തു. സംവിധാനകലയിൽ പെരുന്തച്ചൻ ആയിരുന്നു അദ്ദേഹം.      


വ്യക്തിപരമായ പരിചയമില്ലെങ്കിലും മറക്കാൻ പാടില്ലാത്ത ഒരു മരണംകൂടി രേഖപ്പെടുത്തണം, ഡോ. എം. എസ്.സ്വാമിനാഥൻ. സ്വതന്ത്രഭാരതത്തിൽ അത്ഭുതംസൃഷ്ടിച്ച, രാഷ്ട്രീയക്കാരല്ലാത്ത, രണ്ടു മലയാളികളായിരുന്നു വർഗീസ് കുര്യനും എം.എസ്.സ്വാമിനാഥനും. അർധപട്ടിണിക്കാരായ ഇന്ത്യാക്കാരെ  നിവർന്നുനില്ക്കാൻ പ്രാപ്തരാക്കിയത് അവർ രണ്ടുപേരുമാണ്. ഇന്ത്യയുടെ പാൽക്കാരനായിരുന്നു ഡോ. വർഗീസ് കുര്യൻ. അദ്ദേഹമാണ് ധവളവിപ്ലവത്തിന് നേതൃത്വം നല്കി, രാജ്യത്ത് പാൽലഭ്യത ഉറപ്പുവരുത്തിയത്. പണ്ട്, പാൽ ഉപയോഗിക്കാൻ ചില പ്രത്യേക സമുദായങ്ങൾക്ക് ഇന്ത്യയിൽ അനുവാദമുണ്ടായിരുന്നില്ല. ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തിൽ പി.ഭാസ്കരനുണ്ണി ആ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.


സ്വാതന്ത്ര്യം കിട്ടിയെങ്കിലും കഴിക്കാൻ ആഹാരമില്ലാത്ത ജനകോടികളായിരുന്നു ഇന്ത്യയിൽ. അന്നം വിളയിക്കാനുള്ള എളുപ്പപ്പണിയൊന്നും ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. കഴിക്കാൻ ആഹാരമില്ലാത്ത സ്വാതന്ത്ര്യത്തിന് അർഥമില്ലല്ലോ. അപ്പോഴാണ് എം.എസ്. സ്വാമിനാഥൻ പുതിയതരം നെൽവിത്തുകൾ വികസിപ്പിച്ചെടുത്ത് ഇന്ത്യയിൽ ഹരിതവിപ്ലവം സാധ്യമാക്കിയത്. അവർ രണ്ടുപേരോടും ഇന്ത്യൻ ജനത കടപ്പെട്ടിരിക്കുന്നു. വർഷങ്ങൾക്കുമുമ്പ് വർഗീസ് കുര്യൻ ഓര്‍മയായി, ഇപ്പോൾ സ്വാമിനാഥനും. നമ്മൾ ഒരിക്കലും മറക്കരുതാത്ത മനുഷ്യരുടെ പട്ടികയിൽ ആ പേരുകളും രേഖപ്പെടുത്തുക.


ഒറ്റമരത്തണൽ  


1964-ൽ, സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഴാങ്ങ് പോൾ സാർത്ര് നിരസിച്ചപ്പോൾ സാംസ്കാരികലോകം സ്തബ്ദമായി, എഴുത്തുകാർക്ക് ആഗോളപ്രശസ്തിയും ഭാരിച്ച പ്രതിഫലവും ലഭിക്കുന്ന പുരസ്കാരമാണ് നൊബേൽ സമ്മാനം. അതിനുംമുമ്പ്, ഫ്രഞ്ച് സർക്കാരിന്റെ സമുന്നത പുരസ്കാരം ‘ലീജിയൺ ഓഫ് ഓണറും’ 1945-ൽ അദ്ദേഹം നിരസിച്ചു. അവാർഡ് എന്ന ആശയത്തോട് മൗലികമായി വിയോജിച്ച എഴുത്തുകാരനായിരുന്നു സാർത്ര്. അദ്ദേഹത്തിന്റെ അസ്തിത്വവാദ ദർശനം നമ്മുടെ സാഹിത്യത്തെയും സ്വാധീനിച്ചിരുന്നു.


എഴുത്തുകാരി സിമോൺ ദി ബുവാ, വിവാഹം കഴിക്കാതെ സാർത്രിനോടൊപ്പമാണ് ജീവിച്ചത്. അവരൊക്കെ ആഗോള പ്രശസ്തരുമായിരുന്നു. വിവാഹം കഴിക്കാതെ ആണുംപെണ്ണും ഒരുമിച്ച് താമസിക്കുന്നത് മോശം കാര്യമായാണ് സമൂഹം കണക്കാക്കിയിരുന്നത്. പഴയ മലയാളസിനിമകളിലെ പോലീസ് റെയിഡും അനുബന്ധ കുഴപ്പങ്ങളും ഓര്‍മയുണ്ടാകുമല്ലോ.


സിമോൺ ദി ബുവാ രചിച്ച ‘ദ സെക്കൻഡ് സെക്സ്’ എന്ന ബൃഹദ് ഗ്രന്ഥം സ്ത്രീവാദത്തിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിച്ചു. തുല്യനീതിയെക്കുറിച്ച് സംസാരിക്കുന്നവർപോലും സ്ത്രീകളുടെ കാര്യത്തിൽ തുല്യനീതി അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് എഴുത്തുകാരി ചോദിച്ചു. ഇപ്പോൾ ലിവിങ് ടുഗെദർ കേരളത്തിലും പ്രചാരമുള്ള ആശയമാണെങ്കിലും ഞങ്ങളുടെ കോളെജ് വിദ്യാഭ്യാസകാലത്ത് അതായിരുന്നില്ല ലോകം. അതുകൊണ്ട്, ഫെമിനിസ്റ്റ് അല്ലെങ്കിലും ‘ദ സെക്കൻഡ് സെക്സ്’ ഒരുകോപ്പി ഞാനും വാങ്ങി. പുരുഷന്മാർ നിയന്ത്രിക്കുന്ന ലോകക്രമത്തിൽ എങ്ങനെയെല്ലാമാണ് സ്ത്രീകൾ അധികാരകേന്ദ്രങ്ങളിൽ ബഹിഷ്കൃതരാകുന്നതെന്ന് പുസ്തകം വിശദീകരിച്ചു. മതം, പാർട്ടി, വേഷം, ഭാഷ, ജോലി തുടങ്ങി അധികാരത്തിന്റെ സമസ്ത മേഖലകളിലും ലിംഗവിവേചനം നിലവിലുണ്ടെന്ന് എഴുത്തുകാരി വാദിച്ചു.