ആൾക്കൂട്ടമെന്ന ആയുധം – പി.എഫ്.മാത്യൂസ്

ആൾക്കൂട്ടമെന്ന ആയുധം  – പി.എഫ്.മാത്യൂസ്

സഹജീവികളോട് ആഭിമുഖ്യമില്ലാത്തത് ഒരു തിന്മയൊന്നുമല്ല. അന്യൻ നരകമെന്ന് എഴുത്തുകാരൻ എഴുതും മുമ്പേ അതുണ്ടായിരുന്നു. (നിലവിലുള്ളവയെ ഒളിവിടങ്ങളിൽനിന്നു കണ്ടെത്തി സൗന്ദര്യത്തോടെ  അവതരിപ്പിക്കുന്നയാളാണ് എഴുത്തുകാരൻ.) അന്യനിൽനിന്ന് ഒഴിഞ്ഞുമാറി തനിയെ  ധ്യാനിക്കുന്ന സര്‍ഗാത്മകതയെ ഞാൻ മാനിക്കുന്നു. അതിനെ ആക്രമിച്ച് ഇല്ലാതാക്കാനാണ് ആൾക്കൂട്ട മനസ്സ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. സഹജീവിതം അടിച്ചേല്പിക്കുന്നിടത്തെല്ലാം എതിർസ്വരം ഉയർന്നിട്ടുമുണ്ട്. ആ എതിർപ്പുകളില്ലെങ്കിൽ മനുഷ്യകുലത്തിനു ഭാവിയില്ല എന്നാണെന്റെ പക്ഷം. 


ഭയമാണ് മനുഷ്യനെ കൂട്ടായ്മകളിലേക്കെത്തിച്ചത്. മത,രാഷ്ട്രീയ സംഘടനകൾ അതിന്റെ യാഥാസ്ഥിതികത്വം പേറുന്ന കൂട്ടുകെട്ടും പ്രാർഥനകളും രാഷ്ട്രീയാഹ്വാനങ്ങളും ജാഥകളുംകൊണ്ട്  അടിസ്ഥാനപരമായി ഏകാകിയായ മനുഷ്യന്റെ സ്വാതന്ത്ര്യം അപഹരിക്കുക തന്നെയായിരുന്നു. എല്ലാവരുടേയും ഉന്നം ഒന്നുതന്നെ. ഒറ്റപ്പെട്ട മനുഷ്യനനുഭവിക്കുന്ന അരക്ഷിതത്വവും ഭയവും മുതലെടുത്തു നേട്ടമുണ്ടാക്കുക. ഒരുമിച്ചുനിന്നാൽ ശത്രുവിനെ കീഴടക്കുവാൻ എളുപ്പമാണെന്ന ആശയമാണവർ പ്രചരിപ്പിച്ചത്. ആരാണ് ശത്രു എന്ന ചോദ്യത്തിനവർക്ക് ഉത്തരമുണ്ട്. പ്രകൃതിയെയും അതിന്റെ ശക്തികളെയുമാണ് ആദ്യം അവർ ശത്രുവായിക്കണ്ടത്. എന്നാൽ, ഈ പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ എന്ന ലളിതമായ ആശയം ഒഴിവാക്കപ്പെട്ടു. തനിക്കു പുറത്തുള്ളതെല്ലാം തന്റെ വളർച്ചയ്ക്കും ഗുണത്തിനുംവേണ്ടി ഉണ്ടാക്കപ്പെട്ടതുമാത്രമാണെന്ന ചിന്ത വികസിപ്പിച്ചെടുത്തു. അങ്ങനെ പ്രകൃതി തന്നിൽനിന്ന് അന്യമായ ഒരു പ്രതിഭാസമാണെന്നും  മുന്നോട്ടുള്ള യാത്രയ്ക്ക് ഒന്നുകിൽ പ്രകൃതിയെ ഇല്ലായ്മ ചെയ്യുകയോ മെരുക്കുകയോ വേണമെന്നും അവർ ഉറപ്പിച്ചു.  മെല്ലെ ശത്രുക്കളുടെ എണ്ണം കൂടാനും തുടങ്ങി. തന്നിൽനിന്ന് അന്യമായതെല്ലാം നരകമായി. എന്റെ ദൈവമാണ് ശരി നിന്റേത് തെറ്റ് അതിനാൽ നീ എന്റെ ദൈവത്തിലേക്കു വന്നാൽ നിനക്കു രക്ഷ കിട്ടും എന്ന അപകടകരമായ സ്വാർഥചിന്ത പ്രചരിപ്പിക്കപ്പെട്ടു. എല്ലാ മതങ്ങളും തങ്ങളുടെ വിശ്വാസസമൂഹത്തിന്റെ എണ്ണം കൂട്ടുന്നത് അങ്ങനെയാണ്. രാഷ്ട്രീയസംഘടനകളും രാജ്യങ്ങളും ഇതേ പാറ്റേണിലാണ് മനുഷ്യരെ ആൾക്കൂട്ടമാക്കി തിരിച്ച്  വരുതിയിലാക്കിയത്. നിങ്ങളുടെ ഭാര്യയും കുഞ്ഞുങ്ങളും അപകടത്തിലാണ്, അവരെ രക്ഷിക്കാൻ മുറിമീശയും അമ്പത്താറിഞ്ച് നെഞ്ചളവും ഇരട്ടച്ചങ്കുമുള്ള കരുത്തനായ ഈ നേതാവുതന്നെ വേണമെന്ന പാഠം ആവർത്തിച്ചു പറയുമ്പോൾ അന്ധരായ ആൾക്കൂട്ടം അതു വിശ്വസിക്കാൻ തുടങ്ങുന്നു. പതുക്കെപ്പതുക്കെ ആ  നേതാവു ചൂണ്ടിക്കാണിക്കുന്ന വിഭാഗത്തെ നിങ്ങൾ ശത്രുക്കളാക്കുകയും ഒരു ന്യായം കണ്ടെത്തി അവർക്കെതിരെ കലാപം നടത്തുകയും വലിയൊരു കൂട്ടക്കുരുതിയുണ്ടാകുകയും ചെയ്യുന്നു. ഈ കുരുതിക്കുശേഷം കൂടുതൽ ഭയചകിതരായ ആൾക്കൂട്ടം അതേ നേതാവിനെത്തന്നെ കൂടുതൽ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുകയും വിധേയത്വത്തോടെ സ്തുതിപാടുകയും ചെയ്യുന്നു . ഇത്തരത്തിലുള്ള  സാമൂഹികകൂട്ടായ്മകളെ ഉപയോഗിച്ചാണ് ഫാഷിസ്റ്റുകൾ മനുഷ്യസമൂഹത്തെ നയിച്ചത് എന്നുകൂടി ഓർക്കണം. എതിർസ്വരങ്ങളില്ലാതെ വളർത്തപ്പെടുന്ന ആൾക്കൂട്ടം വലിയൊരു ആയുധമായിത്തീരുന്നു. എഴുപതുകളിൽ കേരളത്തിലെ വിദ്യാസമ്പന്നരായ ആൾക്കൂട്ടത്തെ ആകർഷിച്ചിരുന്ന ബുദ്ധിജീവിയായ പ്രഭാഷകൻ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ സ്തുതിപാഠകനായി മാറിയത് ഓർത്തുപോകുന്നു. സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ സര്‍ഗാത്മകമായ ചിലതരം സാമൂഹികകൂട്ടായ്മകൾ  തീർച്ചയായും മനുഷ്യപുരോഗതിക്ക് അവശ്യം വേണ്ടതു തന്നെയാണ്. പക്ഷേ, ആ കൂട്ടായ്മകൾ പതുക്കെപ്പതുക്കെ ഒരാളുടെ കൈപ്പിടിയിൽ അമരുകയും എതിർസ്വരങ്ങൾ അമർച്ച ചെയ്യപ്പെടുകയും അതു രൂപമില്ലാത്ത ഒരാൾക്കൂട്ടമായി മാറുകയും ചെയ്യുമെന്നുള്ളതാണ് അനുഭവം. പ്രത്യക്ഷത്തിൽ ഒരുതരം ജനാധിപത്യം പ്രകടമായി കാണുമെങ്കിലും സാവകാശം അതില്ലാതാകും. നമുക്കറിയാം, ഹിറ്റ്ലർപോലും ജനാധിപത്യ വ്യവസ്ഥയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ്. 


സോവിയറ്റ് റഷ്യയിലെ സ്റ്റാലിൻ ഭരണകാലത്തെ ക്രൂരതകൾ നമ്മൾ അറിഞ്ഞത് എത്ര വൈകിയാണ്. ആ കാലത്തെല്ലാം നമ്മുടെ കവികൾ ആ ഭരണകൂടത്തെ വാഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു. കറുത്ത അധ്യായങ്ങൾ തെളിഞ്ഞു കാണാതിരിക്കാനും ഭാവിയിൽ ഓർമിക്കപ്പെടാതിരിക്കാനും ഭരണകൂടത്തിന്  സംവിധാനങ്ങളുണ്ട്. അതിനുവേണ്ടി ചരിത്രത്തിൽ ചില സംഭവങ്ങൾക്കു നേരെ  കണ്ണുകളടയ്ക്കാനും ചിലയിടങ്ങളിൽ  മിനുക്കുപണികൾ നടത്താനും അവർക്കു പ്രചാരണയന്ത്രമുണ്ട്. അതുകൊണ്ടാണല്ലോ എതിർസ്വരങ്ങളെ ഇല്ലായ്മചെയ്ത സ്റ്റാലിനെപ്പോലെയുള്ള നേതാക്കളെ കേരളസമൂഹത്തിലെ വലിയൊരു വിഭാഗം ഇന്നും ആരാധിക്കുന്നത്. സ്റ്റാലിനെ ആരാധിക്കുന്നവർക്ക് തീർച്ചയായും ഹിറ്റ്ലറെയും ആരാധിക്കാവുന്നതാണ്. 


ആളുകൾ സംഘടിച്ച് വലിയ കൂട്ടായ്മകളുണ്ടാക്കിയാലും ഭയം മാറാൻ പോകുന്നില്ല എന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ടെങ്കിലും അതു വായിക്കാനും മനനംചെയ്യാനും മനുഷ്യൻ തയാറല്ല. അതുകൊണ്ടാണ് നമ്മളിന്നും ആളുകളുടെ കൂട്ടായ്മ നഷ്ടപ്പെട്ടതിനേക്കുറിച്ചു ചിന്തിച്ചും വിലപിച്ചും കൊണ്ടിരിക്കുന്നത്. വ്യക്തികളുടെ സ്വരങ്ങളെ അടിച്ചമർത്തുന്ന ആൾക്കൂട്ടം തീർച്ചയായും അപകടകരമായ ആയുധം തന്നെയാണ്. പഴയമട്ടിലുള്ള കൂട്ടായ്മകൾ പരാജയപ്പെട്ടുകഴിഞ്ഞു എന്നതിനു തെളിവാണ് ഇന്നത്തെ നമ്മൾ. ആ പഴയ ആൾക്കൂട്ടം എക്കാലത്തും നേതാവു വിളിച്ചുപറയുന്ന മുദ്രാവാക്യം ഏറ്റുപറയുക മാത്രമാണ് ചെയ്തിട്ടുള്ളത്.  ഒരുകാര്യം മാത്രം ഓർത്താൽ മതി. ലോകത്തിലെ എല്ലാ ഏകാധിപത്യങ്ങളും ആൾക്കൂട്ടത്തിന്റെ  പിന്തുണയോടെയാണുണ്ടായിട്ടുള്ളത്.  സമൂഹത്തെ ഒരുമിപ്പിച്ചുനിറുത്തിയ ഒരു നേതാവ് അല്ലെങ്കിൽ ഒരു സംഘടന അവരെ തങ്ങളുടെ ഇഷ്ടത്തിനൊത്ത്  അടക്കി ഭരിക്കുന്ന കാഴ്ച മാത്രമാണ് മുന്നിലുള്ളത്. പ്രാചീനമായ ചില പുസ്തകങ്ങൾ അനന്തകാലവും നിലനില്ക്കുമെന്നും ഏതു കാലത്തും മനുഷ്യജീവിതം അതനുസരിച്ചായിരിക്കണമെന്നുമുള്ള അന്ധത പ്രചരിപ്പിച്ചുകൊണ്ടല്ലേ മതങ്ങളിപ്പോഴും ആൾക്കൂട്ടത്തെ പിടിച്ചുനിറുത്തുന്നത്. മതങ്ങളോളം ഏകാധിപത്യപ്രവണതകളും പുരുഷാധിപത്യവും ഒരു പ്രസ്ഥാനത്തിനുമില്ല എന്നാണ് അനുഭവം. കൂട്ടത്തിൽനിന്നു മാറി ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു മനസ്സിനു മാത്രമേ ഈ വലിയ ചതിക്കുഴി കാണാനും തിരിച്ചറിയാനും ചൂണ്ടിക്കാണിക്കാനും കഴിയൂ. ആൾക്കൂട്ടം എക്കാലത്തും മാസ് ഹിസ്റ്റീരിയയ്ക്ക് അടിപ്പെട്ടാണ് പ്രവർത്തിച്ചിട്ടുള്ളതെന്നതിന് ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങളുണ്ട്.  


ജീവജാലങ്ങളിൽ നൈസർഗികമായിത്തന്നെ കൂട്ടം ചേരാനുള്ള വാസനയുണ്ടെന്നത് നേരാണെങ്കിലും ഒറ്റതിരിഞ്ഞ മനസ്സുകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതെന്നാണ് എന്റെ പക്ഷം. (ഒരു റോബിൻസൺ ക്രൂസോ ജീവിതം ജീവിക്കുവാൻ ആഗ്രഹിക്കുന്നയാളല്ല ഞാനെന്നുകൂടി പറയട്ടെ.)   കൂട്ടായ്മകളാകാം, എന്നാൽ, അവയുടെ അടിസ്ഥാനശില പരമാവധി സ്വാതന്ത്ര്യം ഉപയോഗിക്കാനാകുന്ന സര്‍ഗാത്മകതയ്ക്ക് മാത്രമായിരിക്കണമെന്നു മാത്രം. ആയുധമായിത്തീരാത്ത കൂട്ടങ്ങളാണ് വേണ്ടത്. പഴയ തലമുറ ആരോപിക്കുന്നപോലെ പുതിയകാലത്തെ മനുഷ്യർ തന്നിലേക്കു ചുരുങ്ങിയവരാണെന്നു ഞാൻ കരുതുന്നില്ല. എതിർവാക്കില്ലാത്ത ആൾക്കുട്ടങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രസംഗപീഠങ്ങൾക്കു മുന്നിൽ അവരെ കണ്ടെന്നു വരില്ല. സര്‍ഗാത്മകവും സംവാദാത്മകവുമായ പുത്തൻവഴികളിലും ഇടനാഴികളിലും ഒന്നെത്തി നോക്കൂ. നിങ്ങൾക്കവരെ കാണാനാകും. ബംഗ്ലൂരുവിൽ വലിയൊരു കാർപാർക്കിംഗ് ലോട്ടിലാണ് പുതിയൊരു അണ്ടർഗ്രൗണ്ട് നൃത്തസംഘം യോഗം ചേർന്നതും നൃത്തമാടിയതും സംവദിച്ചതും. ഡിജിറ്റൽ പെയിന്‍റേഴ്സിന്റെ കൂട്ടായ്മയിൽ കൊച്ചിയിൽ നടന്ന  ‘ഉട്ടോപ്യൻ ഡിസ്റ്റോപ്പ്യ’ സര്‍ഗാത്മകതയുടെ പൊളിച്ചെഴുത്തു തന്നെയാണ്. പഴയ മട്ടിലുള്ള ചിത്രപ്രദർശനം നിങ്ങൾക്കവിടെ കാണാനാകില്ല. സ്വരമുണ്ടാക്കാനും കൂകിവിളിക്കാനും പാട്ടുപാടാനും നൃത്തംചെയ്യാനും അവനവനെ പരമാവധി സ്വാതന്ത്ര്യത്തോടെ ആവിഷ്ക്കരിക്കാനും അവർക്കവിടെ സാധിക്കുന്നു. ‘ഹനുമാൻ കൈൻഡ്’ പോലെയുള്ള റാപ് സംഗീകാരന്മാരുടെ ഒത്തുചേരൽ അത്തരത്തിലൊന്നാണ്. കുറച്ചുകാലം മുമ്പ് ആഷിക് അബുവിന്റെ നേതൃത്വത്തിൽ റാപ് കലാകാരൻമാരുടെ ഒരു കൂട്ടായ്മ കൊച്ചിയിലുണ്ടായിരുന്നു. ഒരിക്കൽ ടാറ്റു ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയ്ക്കിടയിൽ കാണാനെത്തിയവർപോലും മേലാസകലം പൂക്കളും പക്ഷികളും വരച്ച് ആഘോഷിച്ചിരുന്നു. ലോകംമുഴുവൻ ഹിച്ച്ഹൈക്ക് ചെയ്തു സഞ്ചരിച്ച യുവാവ് അയാളുടെ അനുഭവം പറയുമ്പോൾ കേൾക്കാൻ തീർച്ചയായും ആളുണ്ടാകും. ഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഇടം എന്ന കോഫി ഷോപ്പിൽ അടിയാളപ്രേതം എന്ന നോവലിന്റെ നോവൽ ഭാഗം വായിച്ചതും അവിടെ കൂടിയവരോടു സംസാരിച്ചിരുന്നതും സംവാദമുണ്ടായതും വളരെ മനോഹരമായ ഓർമ്മയാണെനിക്ക്. അതും ആ കോവിഡ് കാലത്ത്. അത്തരം കൂട്ടങ്ങൾ പഴയമട്ടിലുള്ള ആൾക്കൂട്ടമായിത്തീരുകയില്ല എന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് ഇത്രയും പറയുന്നത്.