നയതന്ത്ര വിജയവും നയതന്ത്ര ഭൂകമ്പവും – ടി.പി.ശ്രീനിവാസൻ

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിൽ സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി, ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ നേതൃപാടവവും സംഘാടനശേഷിയും അടയാളപ്പെടുത്തിയ ഒന്നായിരുന്നു. മാത്രവുമല്ല, ഇന്ത്യയുടെ സംസ്കാരം, സാമ്പത്തികം, വിനോദസഞ്ചാരം, വ്യാപാരം എന്നിവ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു എന്നതും ഇന്ത്യയുടെ ഒരു വലിയ നേട്ടമാണ്. ഇത് അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അപൂർവമാണ്. ഇത്തരം കൂട്ടായ്മകളുടെ അജണ്ടകൾ തീരുമാനിക്കാൻ നാം പ്രാപ്തരാണ് എന്ന്  ഇത് തെളിയിച്ചു. മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിലെ വിവിധ തീരുമാനങ്ങളിലും ഭൗമരാഷ്ട്രീയത്തെക്കുറിച്ചുള്ള ഖണ്ഡികകളിലും ഇന്ത്യയുടെ മുദ്ര പതിഞ്ഞ സമ്മേളനമായിരുന്നു ഡല്‍ഹിയിൽ നടന്നത്.


ഡൽഹി ഉച്ചകോടി ലോകത്തെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ചരിത്രപ്രധാനമായ ചുവടുവയ്പ്പാണ്. ഉച്ചകോടിയുടെ അജൻഡയിലെ വികസന പ്രശ്നങ്ങളിൽ പലതിലും സമവായം സൃഷ്ടിച്ചതിന്റെ ഫലമായി  ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാങ്കേതിക, ആരോഗ്യ പ്രശ്നങ്ങൾ വളരെ വിശദമായി ചർച്ച ചെയ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, മഹാമാരി സൃഷ്ടിച്ച പ്രശ്നങ്ങൾ, സാമ്പത്തികവ്യവസ്ഥിതി എന്നിവയിൽ വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ‘ഡൽഹി പ്രഖ്യാപന’ത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.


പഴയ ആഗോളക്രമത്തിന്റെ അസ്ഥിരതയും പുതിയ ക്രമത്തിന്റെ അസാന്നിധ്യവും നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജി 20-യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. പുതിയ ലോകക്രമത്തിന്റെ സുസ്ഥിരതയ്ക്കായി, പരിഷ്കരിച്ച ബഹുമുഖവാദത്തിന്റെ വികസനം അത്യന്താപേക്ഷിതമാണ്. ജി 20 അധ്യക്ഷസ്ഥാനത്തിരുന്ന് കഴിഞ്ഞ ഒരു വർഷമായി, ആഗോളവളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും, സമഗ്രവും സുസ്ഥിരവും പക്ഷപാതരഹിതവുമായ വളർച്ചയ്ക്കായുള്ള വഴി സുഗമമാക്കുന്നതിനും ഇന്ത്യ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന നിരവധി യോഗങ്ങളിലൂടെ, നിരവധി പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ അഭിപ്രായ ഐക്യം നേടാൻ കഴിഞ്ഞു. ഉച്ചകോടി ബഹുമുഖവാദ സങ്കല്പങ്ങളെ പരിഷ്കരിച്ചും നയതന്ത്രത്തെ ജനകീയവത്കരിച്ചും  ലോകത്തിന് ഒരു പുതിയ മാതൃക സൃഷ്ടിച്ചുവെന്ന് പറയാം. ഈ പുതിയ സംസ്കാരം എല്ലാകാലത്തും നിലനില്ക്കുന്ന ഒന്നായി തീരും. സുപ്രധാന ആഗോള കൂട്ടായ്മയായി ജി 20 വളര്‍ന്നുവെന്നതും പ്രതീക്ഷ നല്കുന്നതാണ്. കോവിഡ് മഹാമാരിയുടെ സമയത്ത്, യു.എൻ സുരക്ഷാ കൗൺസിലിന് ഒന്നും ചെയ്യാൻ കഴിയാതെ നിന്നപ്പോൾ, ജി 20 രാജ്യങ്ങൾ വാക്‌സിൻ നിർമാണത്തിലെ ആഗോളസഹകരണം പോലുള്ള നിർണായക ഇടപെടലുകൾ നടത്തുകയുണ്ടായി.


റഷ്യ – യുക്രൈൻ യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന ജി-20 ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദേശം ആഗോള സമാധാന ശ്രമങ്ങൾക്ക് ഊർജം നല്കുന്നതാണ്.  എങ്കിലും, ലോകത്തെ ഏറ്റവും ഗുരുതര വിഷയമായ യുദ്ധത്തിന്റെ കാര്യത്തിൽ ഉച്ചകോടിയിൽ വേണ്ടത്ര ചര്‍ച്ച നടക്കാതെ പോയത്  ഒരു കോട്ടം തന്നെയാണ്‌. ഡൽഹി ഉച്ചകോടി യുദ്ധത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ബാലി സമ്മേളനത്തിനുശേഷം യുദ്ധരംഗം വളരെ സങ്കീർണമായി. യുദ്ധത്തിൽ ഇരുവശങ്ങളും തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് മുമ്പ്, അവർ യുദ്ധവിരാമമോ ചർച്ചകളോ നടത്താൻ സാധ്യതയില്ല എന്ന്  മനസ്സിലാക്കിയാകണം ഇന്ത്യ ഉച്ചകോടിയിൽ മറ്റ് അജൻഡയ്ക്ക് പ്രാധാന്യം നല്‌കിയത്.


ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെക്കുറിച്ച് ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായിരുന്നുവെങ്കിലും, അവരുടെ നിലപാടുകൾ സംയുക്ത പ്രസ്താവനയിൽ പ്രതിഫലിച്ചു. ബലപ്രയോഗത്തിലൂടെയല്ല, ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നു നിർദേശിക്കുന്ന സംയുക്തപ്രഖ്യാപനം നീണ്ട ചർച്ചകൾക്കൊടുവിലാണ് അംഗീകരിച്ചത്.  


അമേരിക്കൻ ചേരി ശക്തമായ സമ്മർദം ചെലുത്തിയിട്ടും റഷ്യയെ നേരിട്ട് അപലപിക്കാൻ സാധിക്കാതെ പോയത് ഇന്ത്യയുടെ നിലപാടിന്റെ കൂടി ഫലമാണ്. റഷ്യയുമായി ഊർജരംഗത്തും തന്ത്രപരമായ മേഖലയിലും സഹകരണം നിലനിറുത്തിക്കൊണ്ടുതന്നെ യുദ്ധവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുക എന്ന സമീപനമാണ് ഇന്ത്യയ്ക്കുള്ളത്. ഉക്രൈൻ അധിനിവേശത്തിന്റെ അടിസ്ഥാനകാരണം നാറ്റോ സഖ്യത്തിന്റെ വിപുലീകരണമാണ് എന്ന് ഇന്ത്യ വിശ്വസിക്കുന്നു. അതുകൊണ്ട്, റഷ്യയെ പിണക്കാതെ ഉക്രൈൻ അധിനിവേശത്തെ അപലപിച്ച ജി 20 സംയുക്തപ്രസ്താവന ഇന്ത്യയുടെ നിലപാട് ഉയർത്തിപ്പിടിക്കുന്നുവെന്ന് പറയാം. യുഎൻ ചാർട്ടറിൽനിന്ന് ആർക്കും എതിർക്കാൻ കഴിയാത്ത വാക്കുകളും വാക്യങ്ങളും ബുദ്ധിപരമായി തിരഞ്ഞെടുത്താണ് യുദ്ധത്തെക്കുറിച്ചുള്ള സമവായം നേടിയത്.


ദക്ഷിണഗോളരാജ്യങ്ങൾ (Global South) എന്നറിയപ്പെടുന്ന വികസ്വര ദരിദ്രരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന കിട്ടിയതാണ് ഈ ഉച്ചകോടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ചേരിചേരാ പ്രസ്ഥാനവും ജി 7 ഉം വെവ്വേറെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇവിടെ വികസിത രാജ്യങ്ങളുമായി ചേർന്ന് തീരുമാനങ്ങൾ എടുക്കുകയാണ്. റഷ്യയും ചൈനയും ഗ്ലോബൽ സൗത്തിന്റെ ഭാഗമാകുന്നത് അഭികാമ്യമല്ല.  അംഗരാജ്യങ്ങൾക്ക് ധാരാളം സഹായം നല്കി ചൈന അതിന്റെ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അഭാവവും ഇന്ത്യയുടെ നയതന്ത്ര വിജയവും ഇപ്പോൾ നമുക്ക് മുൻ‌തൂക്കം നല്കുന്നു.


55 രാജ്യങ്ങൾ ഉള്‍പ്പെടുന്ന ആഫ്രിക്കൻ യൂണിയന് ജി20 കൂട്ടായ്മയിൽ സ്ഥിരാംഗത്വം ലഭിച്ചത് ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ്. ഇതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവുംതന്നെ മാറുകയാണ്. ഇത് ജി 20-യെ കൂടുതൽ ജനകീയവും  വിശാലവുമാക്കി. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി  ഈ ശ്രമങ്ങള്‍ക്ക്  ഇന്ത്യ നേതൃത്വം നല്കി. എന്നാൽ, ഒരേ സ്വരത്തിൽ സംസാരിക്കുന്ന ഒരു ഏകീകൃത ശക്തിയായി മാറിയാൽ മാത്രമേ ജി-20യിലെ ആഫ്രിക്കയുടെ  പങ്കാളിത്തം ഫലപ്രദമാകൂ.  വികസ്വരരാജ്യങ്ങളെ പ്രതിനിധീകരിക്കാൻ ഇന്ത്യ നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ ചൈനയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍സൗത്തിനെ പ്രതിനിധീകരിക്കുന്ന ‘ബ്രിക്‌സി’ൽ ചൈനയ്ക്ക് ആധിപത്യമുള്ളതിനാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എന്നിരുന്നാലും, ഒരു പുതിയ ആഗോളക്രമത്തിന്റെ അടിത്തറ നാം രൂപപ്പെടുത്തിയിട്ടുണ്ട്. അത് സ്ഥിരപ്പെടുത്തുന്നതിനുള്ള വിഭവങ്ങൾ കണ്ടെത്തുക എന്നതാണ് ഇനി നമുക്ക് മുന്നിലുള്ള വെല്ലുവിളി.


ഇന്ത്യയിലെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചും  മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും പാശ്ചാത്യർക്കുള്ള മുൻകരുതൽ കണക്കിലെടുക്കുമ്പോൾ, ഈ വിഷയങ്ങളിൽ വിമർശനവും ഉപദേശവും വഴി ചില ശബ്ദങ്ങൾ കേൾക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ‘ഭാരതമണ്ഡപ’ത്തിലെ ചര്‍ച്ചകളുടെ ബഹളത്തിനിടയിൽ അത്തരം ശബ്ദങ്ങളൊന്നും കേട്ടില്ല. സ്വതന്ത്ര മാധ്യമപ്രവർത്തനവും മനുഷ്യാവകാശ സംരക്ഷണവും ജനാധിപത്യത്തിൽ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ താൻ പറഞ്ഞതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിക്കുകയുണ്ടായി. എന്നാൽ, കൗതുകകരമെന്നു പറയട്ടെ, മതസഹിഷ്ണുതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയങ്ങളിലൊന്നിൽനിന്നുള്ള ഒരു ഖണ്ഡിക നേതാക്കളുടെ പ്രഖ്യാപനത്തിന്റെ 78-ാം ഖണ്ഡികയായി കാണാം. ആരാണ് ഇത് നിർദേശിച്ചതെന്നും എങ്ങനെയാണ് ഇത് സ്വീകരിച്ചതെന്നും വ്യക്തമല്ല.


വാണിജ്യ ഇടനാഴി അടക്കമുള്ള പദ്ധതികള്‍ക്ക് നേരിട്ടല്ലെങ്കിലും ജി-20 കാരണമായിട്ടുണ്ട്. ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണീ സംയുക്ത വ്യാപാര-സാമ്പത്തിക ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, യൂറോപ്യൻ യൂനിയൻ നേതാക്കൾ എന്നിവർ ചേര്‍ന്നാണ് കരാർ പ്രഖ്യാപിച്ചത്. കടൽമാര്‍ഗവും റെയിൽമാര്‍ഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ബദലെന്നാണ് ചിലർ ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.  ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണിത്. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് അറേബ്യവഴി അമേരിക്കയുടെ സഹായത്തോടെ നിര്‍മിക്കുന്ന പാതയ്ക്ക് വളരെ പ്രധാന്യമുണ്ട്. ഇത് വലിയ വാണിജ്യ സാധ്യതകൾ നമുക്ക് തുറന്നുനല്കും.


കാനഡയിലെ നയതന്ത്രഭൂകമ്പം


അന്തരാഷ്ട്ര നയതന്ത്രത്തിൽ വളരെ കാര്യക്ഷമമായി പര്യവസാനിച്ച ജി-20ക്കുശേഷം  ഇന്ത്യ – കാനഡ ശീതയുദ്ധം ഉണ്ടായത്  വളരെ ദൗര്‍ഭാഗ്യകരമാണ്.  ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18-ന് കാനഡയിൽ കൊല്ലപ്പെടുകയുണ്ടായി. നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈയിടെ അവിടത്തെ പാർലമെന്റിൽ പ്രഖ്യാപിച്ചതോടെയാണ്‌  ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഭൂകമ്പം ഉണ്ടായത്.  ജി 20 ഉച്ചകോടിയിൽ കാനഡയിൽ വളർന്നുവരുന്ന ഖാലിസ്ഥാൻവാദികളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.


നിലവിൽ ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾക്ക് വേഗം തന്നെ ഒരു പരിഹാരം ഇരു രാജ്യങ്ങളും കണ്ടെത്തും. നിരവധി വാണിജ്യ താത്പര്യങ്ങളും ഉണ്ട്. നിലവിലെ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഈ വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. ബന്ധം വഷളാകുന്നത് കാനഡയ്ക്കും ഗുണകരമല്ല. ഈ പ്രതിസന്ധി വിദ്യാര്‍ഥികളെ യാതൊരു തരത്തിലും ബാധിക്കുന്നതല്ല. ഇന്ത്യ-കാനഡ നയന്ത്രബന്ധത്തിന് കനിഷ്‌ക വിമാനദുരന്തമുണ്ടായപ്പോൾപോലും ഉലച്ചിൽ സംഭവിച്ചിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കിടയിൽ ഇതിനു മുന്‍പും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തിൽ വിദ്യാര്‍ഥികളോ ഇന്ത്യൻ കുടിയേറ്റക്കാരോ ആശങ്കപ്പെടേണ്ടതില്ല. നയതന്ത്രപ്രതിനിധികളെ പുറത്താക്കുന്നത് സാധാരണസംഭവമാണ്. ഒരുതരത്തിൽ അതൊരു  ഡിപ്ലോമാറ്റിക് ഗെയിമാണ്.


ജസ്റ്റിൻ ട്രൂഡോയുടെ ഖാലിസ്ഥാൻ വിഷയത്തിലെ നിലപാട് ഒരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണ്. കാനഡയിലെ സിഖ് വംശജരുടെ വോട്ട് ട്രൂഡോയ്ക്ക് നിർണായകമാണ്, അതിനാൽ അവരെ പ്രീണിപ്പിക്കാനുള്ള ശ്രമമായി ഈ നിലപാടിനെ കാണാം. ഇന്ത്യ നിരവധി തവണ ഖാലിസ്ഥാൻ വാദികളെ കാനഡ പിന്തുണയ്ക്കുന്നത് എതിർത്തിട്ടുണ്ട്. ഈ വിഷയം ഇരു രാജ്യങ്ങളും ഒരുമിച്ച് പരിഹരിക്കേണ്ട ഒന്നാണ്. മറ്റു രാജ്യങ്ങളെയോ സംഘടനയെയോ വിഷയത്തിൽ ഇടപെടുത്താൻ ശ്രമിക്കുന്നത് സ്ഥിതി വഷളാക്കും.


ഇന്ത്യയും കാനഡയും പലകാര്യങ്ങളിലും ഒരുമിച്ചുനില്ക്കുന്ന രാജ്യങ്ങളാണ്. സൗഹൃദരാജ്യങ്ങള്‍ക്കിടയിലുണ്ടായ ചെറിയ പ്രതിസന്ധി എന്നതിനു പകരം ഇതൊരു അന്താരാഷ്ട്ര വിഷയമാക്കുന്നത് ഒട്ടും അഭികാമ്യമല്ല. അല്പസമയമെടുത്താലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ചര്‍ച്ചചെയ്ത് പരിഹരിക്കുകയും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.