നോട്ടം – വിനോദ് നാരായണന്‍

നോട്ടം – വിനോദ് നാരായണന്‍

പംക്തി

കുറ്റപത്രം തയാറാവുന്നുണ്ട്

നിങ്ങൾ നിലവിളി കേൾക്കുന്നുണ്ടോ?

ഇല്ല.


പേടിക്കേണ്ട

നിങ്ങൾ കുറ്റക്കാരല്ല,

ഇതുവരെയല്ല.

പക്ഷേ, 

നിങ്ങൾ ആ ചെവിയെന്തിന് പൊത്തി? 


എനിക്കറിയാം

ആ കരച്ചിൽ,

ദൂരെയുള്ള ആ നിലവിളികൾ

അതെ! 

അവ അടുത്തു വരുന്നുണ്ട്


ഇല്ല, നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ല

പേടിക്കേണ്ട.

ഇതുവരെ ആയിട്ടില്ല.


ഒരഭ്യർത്ഥനയുണ്ട്.

കണ്ണുകൾ അടയ്ക്കരുത്

ചെവി പൊത്തരുത്.

തുറക്കുക, കേൾക്കുക, കാണുക,

പ്രതികരിക്കുക

നിങ്ങളവരുടെ കൂടെയുണ്ടെന്ന് പറയുക,

കൂടെയുണ്ടെന്ന് മാത്രം.


അന്യായമുണ്ടെന്നെങ്കിലും സമ്മതിക്കുക.

നിങ്ങളും അവരിൽ ഒരാളാണെന്ന്

ഒരുവേള അവരോട് പറയുക.


നിങ്ങൾ കുറ്റക്കാരാവും….

നിങ്ങളുടെ സമയവും വരും


ഈ നിലവിളികൾ ഇല്ലാതാവുമ്പോൾ

ശവപ്പെട്ടികളും കുഴിമാടങ്ങളും കവിഞ്ഞൊഴുകുമ്പോൾ

ആരും അറിയാതെ എല്ലാവരും പോയിക്കഴിയുമ്പോൾ

നാളെയൊരു ദിവസം 

നിങ്ങളും കുറ്റക്കാരാകും.


ഇന്ന് നിങ്ങൾ ചെവിപൊത്തുമ്പോൾ

പ്രതികരിക്കാതെ നിങ്ങളിലേക്കുതന്നെ ചുരുങ്ങുമ്പോൾ 

അവർ നിങ്ങളുടെ കുറ്റപത്രം തയാറാക്കുകയാണ്.


പേടിക്കേണ്ട,

നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ല,

നിങ്ങളുടെ സമയം വരും.


അതുവരെ, ആ നിലവിളികൾ 

നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റമാണ്,

നിങ്ങളിലെ മനുഷ്യത്വം. അതു മാത്രമാണ്.