മൊഴിയാഴം – എൻ.ഇ. സുധീർ 

കവർ പ്രകാശനം എന്ന ആഭാസത്തരം 


പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി ജുംപ ലാഹിരി  ‘The Clothing of Books’ എന്ന പേരിലൊരു പുസ്തകമെഴുതിയിട്ടുണ്ട്. പുസ്തകങ്ങളുടെ കവറുകളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചെറിയ പുസ്തകം. എഴുപത് പേജോളം വരുന്ന ഒരു ദീർഘ ലേഖനം എന്നും പറയാം. പുസ്തകങ്ങളെ അലങ്കരിച്ചെടുക്കൽ ഒരു കലയാണെന്നും രണ്ടു പുറംചട്ടകൾക്കിടയിലാണ് എഴുത്തുകാരുടെ  സർഗാവിഷ്ക്കരണം കുടികൊള്ളുന്നതെന്നും അവരതിൽ ഭംഗിയായി  വിശദീകരിച്ചിട്ടുണ്ട്. മറ്റെല്ലാ വായനക്കാരെയുംപോലെ പുറംചട്ടകളുടെ ഭംഗിയാൽ  ആകൃഷ്ടയായി  പല പുസ്തകങ്ങളും അവരും വാങ്ങിയിട്ടുണ്ട്. കവറുകൾ പലപ്പോഴും വെറും മുഖസ്തുതിപോലെയാവാറുള്ള കാര്യവും അവർ ഓർക്കുന്നു. പൊതുവിൽ യഥാർത്ഥ പുസ്തക സ്നേഹികളുടെ മനസ്സാണ് അവർ ഈ ചെറിയ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. നമ്മുടെ മനസ്സിലുള്ളതാണല്ലോ അവർ എഴുതിയിരിക്കുന്നത് എന്ന് വായനക്കാർക്കും  തോന്നിപ്പോകും.


പുസ്തകത്തിന്റെ പുറംചട്ടകളെപ്പറ്റി ഗൗരവമായി എഴുതിയ മറ്റൊരാൾ ഓർഹൻ പാമുക്കാണ്.  “പുസ്തക പുറംചട്ടകളെക്കുറിച്ച് ഒമ്പത് അറിയിപ്പുകൾ’ എന്ന ലേഖനം. അദ്ദേഹത്തിന്റെ ‘Other Colors’ എന്ന ഗ്രന്ഥത്തിലാണുള്ളത്. അതിലദ്ദേഹമെഴുതി: “പുസ്തക പുറംചട്ടകൾ മനുഷ്യരുടെ മുഖങ്ങൾപോലെയാണ്. ഒന്നുകിൽ അത് ഒരിക്കൽ നമ്മൾ അറിഞ്ഞ സന്തോഷത്തെ ഓർമിപ്പിക്കുന്നു; അല്ലെങ്കിൽ, നമ്മൾ അന്വേഷിച്ചു കണ്ടെത്താനുള്ള നിർവൃതിയുടെലോകം വാഗ്ദാനംചെയ്യുന്നു. അതുകൊണ്ടാണു മനുഷ്യരുടെ മുഖങ്ങളിൽ ഉറ്റുനോക്കുന്നതുപോലെ നമ്മൾ ആവേശത്തോടെ പുസ്തക പുറംചട്ടകളിൽ ഉറ്റുനോക്കുന്നത്… പുസ്തകത്തിന്റെ പുറംചട്ടയെക്കുറിച്ചു സ്വപ്നം കാണാതെ ഒരു നോവലിസ്റ്റിനു പുസ്തകം പൂർത്തിയാക്കാൻ സാധിക്കുമെങ്കിൽ അദ്ദേഹം ബുദ്ധിമാനും വിവേകമതിയും പക്വതയാർന്ന വ്യക്തിത്വമുള്ളവനുമായിരിക്കും.” 


നിർഭാഗ്യവശാൽ കവർപ്രകാശനം സ്വപ്നം കണ്ടുകൊണ്ടാണ് കേരളത്തിലെ എഴുത്തുകാർ ഇക്കാലത്ത് പുസ്തകത്തെപ്പറ്റി ചിന്തിക്കുന്നതുപോലും. കേരളത്തിൽ  നടന്നുകൊണ്ടിരിക്കുന്ന കവർപ്രകാശനങ്ങൾ എന്ന ആഭാസത്തരം സമൂഹമാധ്യമങ്ങളിൽനിന്നു പുറത്തേക്കു പ്രവേശിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നടക്കുന്നതു പോരാഞ്ഞിട്ട് വലിയ ഹാളുകളിൽ ആൾക്കൂട്ടത്തോടെ പ്രത്യേക ചടങ്ങുകളായി കവർ പ്രകാശിപ്പിക്കുന്നതും ഇന്നിപ്പോൾ പതിവായിട്ടുണ്ട്. ഒരു മാർക്കറ്റിങ്ങ് പ്രക്രിയ എന്നതിൽക്കവിഞ്ഞ് അതിനെയാരും ഗൗരവമായെടുക്കുന്നുമില്ല. ഒരു ആർട്ട് വർക്ക് എന്ന നിലയിലോ, പുസ്തകത്തിലേക്കുള്ള ഒരു പ്രവേശിക എന്ന നിലയിലോ  കവറിനെ വിലയിരുത്താനൊന്നും പുതിയകാല എഴുത്തുകാരും വായനക്കാരും  ശ്രമിച്ചുകാണുന്നില്ല. അത്തരത്തിലുള്ള ഗൗരവമായ കവറുകൾ അത്രയധികമൊന്നും മലയാളത്തിൽ ഇപ്പോൾ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു  യാഥാർഥ്യം. കവറിന്റെ സൗന്ദര്യത്തെ  ആസ്വദിച്ചുകൊണ്ട് ആരെങ്കിലുമിപ്പോൾ  സംസാരിക്കാറുണ്ടോ എന്നെനിക്ക് സംശയമാണ്. എന്തുകൊണ്ടോ കവർ റിലീസ് എന്നത് കേവലമൊരു  അല്പത്തരമായി മാറുന്ന കാഴ്ചയായാണ്  എനിക്കനുഭവപ്പെടുന്നത്. അതുകൊണ്ടാണ്  കവർ പ്രകാശനങ്ങളിൽനിന്നു  വ്യക്തിപരമായി ഞാൻ അകന്നു നില്ക്കുന്നത്. ഒരുപാട് സുഹൃത്തുക്കൾ അതാവശ്യപ്പെടാറുണ്ട്. 


എഡിത് ഗ്രോസ്സ്മാൻ

പരിഭാഷയെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട മികച്ച പുസ്തകമേത് എന്നാരെങ്കിലും ചോദിച്ചാൽ എന്റെ  ഉത്തരം എഡിത്ത് ഗ്രോസ്സ്മാന്റെ   ‘Why Translation Matters’ എന്നായിരിക്കും. പരിഭാഷയെപ്പറ്റി ഇത്രയും വ്യക്തതയോടെ ചിന്തിക്കുകയും എഴുതുകയുംചെയ്ത മറ്റൊരാൾ ലോകസാഹിത്യത്തിൽ വേറെയുണ്ടാവില്ല. വിശ്വപ്രസിദ്ധമായ പല നോവലുകളും  സ്പാനിഷിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത അമേരിക്കൻ വിവർത്തകയായിരുന്നു ഗ്രോസ്സ്മാൻ.  വിവർത്തനകലയുടെ പൊരുളാണ് അവർ ആ രചനയിലൂടെ വായനക്കാർക്ക് മുന്നിൽ കാണിച്ചുതന്നത്. വ്യക്തമായ നിലപാടുകളോടെയാണ് അവർ എപ്പോഴും  വിവർത്തനത്തിൽ ഏർപ്പെട്ടത്. 


 “ഒരു പുസ്തകത്തെ ഒരു  ഭാഷയിൽനിന്ന് മറ്റൊന്നിലേക്ക്,  വായനക്കാർക്ക് കലാപരമായും വൈകാരികമായും  മനസ്സിലാകുന്നവിധം, ആ പുസ്തകം എഴുതപ്പെട്ട ഭാഷയിലെ വായനക്കാർ അനുഭവിച്ച സൗന്ദര്യാനുഭവത്തിന് സമാന്തരമായും സദൃശ്യമായും ഞങ്ങൾ പുനരാവിഷ്ക്കരിക്കുന്നു. ഇതായിരിക്കണം പരിഭാഷകന്റെ മഹത്തായ അഭിലാഷം. നല്ല പരിഭാഷകർ ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നു. അല്ലാത്തവരോ, ആദ്യവരിയിൽത്തന്നെ  തറഞ്ഞു പോവുകയും ചെയ്യുന്നു.”  


ബോർഹസ്സ് തന്റെ പരിഭാഷകരോട് പറഞ്ഞ ഒരു കാര്യം അവരീ പുസ്തകത്തിൽ ആദരവോടെ വിശദീകരിക്കുന്നുണ്ട്. ബോർഹസ്സ് പറഞ്ഞത് ഇതായിരുന്നു: “ഞാൻ പറഞ്ഞതല്ല നിങ്ങളെഴുതേണ്ടത്. മറിച്ച് ഞാൻ പറയുവാൻ ഉദ്ദേശിച്ചതെന്തോ അതായിരിക്കണം. ” ഗോസ്സ്മാൻ ചെയ്തതും അതായിരുന്നു. 


സ്പാനിഷ് വായിക്കാനറിയില്ല എന്നതുകൊണ്ടു മാത്രം നിങ്ങൾക്കാർക്കും ഒന്നും നഷ്ടമാവരുത് എന്നാണ് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് എന്നും അവർ പറഞ്ഞു. അതിനായി ശ്രമിക്കുകയും ചെയ്തു. ഗബ്രിയേൽ ഗാർസിയ മാർകേസ്, മരിയോ വർഗാസ് യോസ, കാർലോസ് ഫ്യുവന്തസ്,  അൽവാരോ മ്യൂട്ടീസ്, ജൂലിയൻ റിയോസ് എന്നീ പ്രശസ്തരായ സ്പാനിഷ് എഴുത്തുകാരുടെ രചനകൾ മിക്കവയും ഇവരാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മാർകേസ് അവരെപ്പറ്റി പറഞ്ഞത് നിങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ എന്റെ ശബ്ദമാണ് എന്നാണ്.  ഡോൺ ക്വിയോട്ടിന്റെ ഗോസ്സ്മാൻ പരിഭാഷ സെർവാന്റസിന്റെ ലോകസാഹിത്യത്തിലെ സ്ഥാനം ഷെയ്ക്സ്പിയറിനു മുകളിലാക്കി എന്നാണ് പ്രശസ്ത സാഹിത്യനിരൂപകനായ ഹരോൾഡ് ബ്ലൂം അഭിപ്രായപ്പെട്ടത്. പതിനാറാംനൂറ്റാണ്ടിലെ ആ ക്ലാസിക് രചനയെ ആധുനികമാക്കുകയായിരുന്നു ഗ്രോസ്സ്മാൻ. 


ലാറ്റിനമേരിക്കൻ സാഹിത്യത്തെ ലോകത്തിന്റെ മുന്നിലെത്തിച്ചതിൽ ഇവർചെയ്ത സേവനം എക്കാലവും ഓർമിക്കപ്പെടും. സെപ്റ്റംബർ 4ന് 88ാം വയസ്സിൽ അവർ അന്തരിച്ചു. പരിഭാഷ എന്നത് ഒരു സർഗാത്മകകലയാണെന്ന് മികച്ച പരിഭാഷകളിലൂടെ കാണിച്ചുതന്ന എഡിത്ത് ഗ്രോസ്സ്മാന്റെ വിയോഗം ലോകസാഹിത്യത്തിന് വലിയൊരു നഷ്ടം തന്നെയാണ്. മലയാളത്തിലെ പ്രധാന മാധ്യമങ്ങളെല്ലാം ഗ്രോസ്സ്മാന്റെ ഓർമ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വിവർത്തനത്തിന്റെ മഹത്ത്വം അനുഭവിച്ചറിഞ്ഞ സമൂഹമാണ് നമ്മുടേത്. 


ലീലാവതി ടീച്ചറും കവിതയും


സാഹിത്യവിമർശക എന്ന നിലയിൽ ഡോ.എം.ലീലാവതി മലയാളസാഹിത്യചരിത്രത്തിൽ നേടിയെടുത്ത സ്ഥാനം എല്ലാവർക്കും അറിയാവുന്നതാണ്. അസാധാരണമായ പാണ്ഡിത്യവും അസൂയാവഹമായ  വിശകലനപാടവവുംകൊണ്ട് അവർ മലയാളസാഹിത്യത്തെ സമ്പന്നമാക്കി. മലയാളകവിതയാണ് അവരുടെ പ്രിയ വിഷയം. ടീച്ചർ കവിതയെ ആഴത്തിൽ പഠിക്കുകയും അതിന്റെ ചരിത്രമെഴുതുകയും ചെയ്തു.  ഇടയ്ക്കൊക്കെ കവിതയെഴുതുകയും ചെയ്തുകൊണ്ടിരുന്നു. 


ജീവിതാസ്തമയത്തിന്റെ പരിസരത്തിരുന്നുകൊണ്ട്,  വിസ്മയംതീരാതെ തനിക്കു ചുറ്റുമുള്ള ലോകത്തെ നോക്കി ലീലാവതി ടീച്ചറെഴുതിയ മനോഹരമായ കവിതയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘സ്പർശഗംഗ’. 


“ജീർണ വാസസ്സിൻ കുരുക്കിൽ കുടുങ്ങിയീ – 

ദണ്ഡനമൊട്ടു സഹിക്കാവതല്ല മേ.

കണ്ണൊന്നടയ്ക്കാനുമാവാത്ത രാവുകൾ 

എണ്ണിയെണ്ണിക്കഴിക്കാനിനി വയ്യ മേ. 

ഇന്നു രാപ്പാതി, നിമിഷങ്ങളെണ്ണി ഞാൻ 

പിന്നിട്ടു, ജാലക പാളിപ്പഴുതിലൂ –

ടാകാശ സീമയിൽ കണ്ണുനട്ടപ്പൊഴാ –

രാകാശശാങ്കൻ കരം നീട്ടിയെന്നുടെ

നീറിച്ചുളിഞ്ഞ തൊലിക്കുമേൽ ചന്ദന-

ച്ചാറു പുരട്ടിത്തലോടുന്നു മെല്ലവേ.

അമ്മ നിലാവെന്നെയുമ്മവെക്കും പൊഴു-

തെന്മനം വീണ്ടും പുണരുന്നു ശൈശവം.”

(മാതൃഭൂമി ആഴ്ചപ്പതിപ്പ് – സെപ്റ്റംബർ 17)


ലീലാവതി ടീച്ചർ മുമ്പും കവിതകളെഴുതിയിട്ടുണ്ട്.  അധികമാരും അറിഞ്ഞില്ലെന്നു മാത്രം. നാല്പതിലേറെ കവിതകൾ ചേർത്തുള്ള ഒരു സമാഹാരംപോലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസിക്കൽ പാരമ്പര്യത്തിൽ പദ്യങ്ങളായി രചിക്കപ്പെട്ട കവിതകൾ. ഭക്തി,വിരഹം,ആരാധന,മാനവികത  തുടങ്ങി പല വിഷയങ്ങളെപ്പറ്റിയുമുള്ള കവിതകൾ ഈ സമാഹാരത്തിലുണ്ട്. അതിലെ ഒന്നിനെക്കുറിച്ച് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ‘അരുന്ധതിയുടെ ചിരി’ എന്ന കവിത. സുപ്രീംകോടതിയുടെ ചോദ്യംകേട്ട് അരുന്ധതി റോയ് ചിരിച്ചുവെന്ന പത്രവാർത്ത അറിഞ്ഞുകൊണ്ട് ടീച്ചറെഴുതിയതാണ് ഈ കവിത. ടീച്ചറുടെ ആശയലോകത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന ഒന്ന്. നർമ്മദാ ബചാവോ ആന്തോളൻ സുപ്രീംകോടതിയുടെ മുന്നിൽ നടത്തിയ ധർണയുടെ പേരിൽ 2000-ത്തിൽ അരുന്ധതി റോയിക്കെതിരെ കേസെടുത്തിരുന്നു.   ആ കേസിന്റെ വിചാരണ സമയത്തുവന്ന ഒരു പത്രവാർത്തയാണ് ടീച്ചർ ഈ കവിതയ്ക്ക് പ്രമേയമാക്കിയത്. (ലീലാവതിയുടെ പദ്യകൃതികൾ – ഡോ. എം. ലീലാവതി – ഗയ പുത്തകച്ചാല- തൃശ്ശൂർ) 


വടക്കൻ കൊറിയയുടെ വേറിട്ട ചിത്രം


“തികച്ചും മാലിന്യമുക്തമായ രാജ്യമാണ്…. ശുദ്ധവായു, ശുദ്ധജലം. ഒച്ചയില്ല, ബഹളമില്ല. കടും നീലനിറത്തിലുള്ള ആകാശവും കടും പച്ചനിറമുള്ള പ്രകൃതിയും. അതിമനോഹരമായ  പ്രകൃതിസ്നേഹികളുടെ പറുദീസയാണീരാജ്യം. ഇത്രയും പരിശുദ്ധമായ പ്രകൃതി ഒരുപക്ഷേ, അന്റാർട്ടിക്കയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. പച്ചപുതച്ച പർവതങ്ങളും താഴ്‌വരകളും കണ്ണാടിപോലെ തിളങ്ങുന്ന നീല ജലമുള്ള തടാകങ്ങളും സ്വർണവർണമണിഞ്ഞ പഞ്ചാരമണൽ നിറഞ്ഞ കടൽത്തീരങ്ങളും ഇന്ദ്രനീലം കലക്കിയൊഴിച്ച ലഗൂണുകളും നിറഞ്ഞതാണ് ….”


ഇതേതു രാജ്യം എന്ന ചോദ്യം സ്വഭാവികമായും  വായനക്കാരിലുണ്ടാകും.  നോർത്ത് കൊറിയ എന്നത് തീർച്ചയായും പ്രതീക്ഷിച്ച ഉത്തരമാവില്ല.  പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ ഡോ.എൻ.ജെ.നടരാജൻ എഴുതിയ ‘ഒരു വടക്കൻ കൊറിയൻ യാത്ര’ എന്ന പുസ്തകത്തിൽ ഇത്തരം അപ്രതീക്ഷിതമായ വിവരങ്ങൾ ധാരാളമുണ്ട്. സഞ്ചാരികൾ പോകാനിഷ്ടപ്പെടുന്ന ഒരിടമല്ല ഉത്തര കൊറിയ. ഒരു സ്വതന്ത്രയാത്ര ആ രാജ്യത്ത് സാധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. കടുത്ത നിയന്ത്രണങ്ങളാൽ പരിമിതപ്പെട്ട ഒന്നാവും അതെന്ന് തീർച്ച. ഫോണും ഇന്റർനെറ്റും സന്ദർശകന് വിലക്കപ്പെട്ട രാജ്യം.  ഇവയൊന്നുമില്ലാതെയാണ് ഗ്രന്ഥകാരനായ  നടരാജൻ പത്തുദിവസം അവിടെ കഴിഞ്ഞുകൂടിയത്. വീടും നാടുമായി ബന്ധപ്പെടാൻ സാധിക്കാത്തതിന്റെ അസ്വസ്ഥതയോടെ. സന്ദർശനത്തിനെത്തുന്ന ഓരോരുത്തരും എവിടെ പോകണം, എന്തൊക്കെ കാണണം, എവിടെ ഉറങ്ങണം, എന്ത് കഴിക്കണം എന്നതൊക്കെ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കും. രണ്ടു ഗൈഡുകൾ നിഴലുപോലെ നിങ്ങളോടൊപ്പമുണ്ടാകും. ഇങ്ങനെയൊക്കെയുള്ള ഒരു രാജ്യമായിട്ടുപോലും അവിടം സന്ദർശിക്കാൻ തീരുമാനിച്ച സാഹസികനായ യാത്രികനാണ് ഡോ.നടരാജൻ. അന്റാർട്ടിക്ക ഉൾപ്പെടെ ഏഴ് ഭൂഖണ്ഡങ്ങളിലായി 73 രാജ്യങ്ങൾ അദ്ദേഹം ഇതിനകം  കണ്ടുകഴിഞ്ഞു. മൂന്നര പതിറ്റാണ്ടായി അദ്ദേഹം ഈ യാത്ര തുടങ്ങിയിട്ട്. ഇതുൾപ്പെടെ ആറ് യാത്രാവിവരണ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. നടരാജൻ സോക്ടറുടെ യാത്രാവിവരണങ്ങൾ  അതത് സ്ഥലത്തിന്റെ വേറിട്ടൊരു ചിത്രം എപ്പോഴും  കാഴ്ചവയ്ക്കുന്നു. 


ഉത്തര കൊറിയയെപ്പറ്റി പുറംലോകത്തിന് ഒരുപാട് ആശങ്കകളുണ്ട്. സമഗ്രാധിപത്യം അതിന്റെ പരിപൂർണതയിൽ നിലനില്ക്കുന്ന രാജ്യമാണത്. ലോകപ്രശസ്ത ട്രാവൽഗൈഡ് പ്രസാധകരായ ലോൺലി പ്ലാനറ്റിന് ഉത്തര കൊറിയൻ ട്രാവൽ ഗൈഡില്ല എന്നറിയുമ്പോൾ ഊഹിക്കാമല്ലോ അവിടെയെത്ര സന്ദർശകർ എത്താറുണ്ടെന്ന്. അവിടെയുള്ള ഓരോ പൗരനും മേൽവസ്ത്രത്തിൽ കിം കുടുബത്തിന്റെ ഫോട്ടോയുള്ള ലേബൽ പിൻ കുത്തിയിരിക്കണം. അത്രമാത്രം Kim Cult നിലനില്ക്കുന്ന ഒരു രാജ്യം. രാജ്യത്താകെ കിം ഉൽ സുങ്ങിന്റെയും  മകൻ കിം-ന്റെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. 


ആ രാജ്യത്ത് ഇപ്പോൾ നിലനില്ക്കുന്ന  സാമൂഹികജീവിതത്തിന്റെ വലിയൊരു ചിത്രം ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്. സാഹിത്യം അവിടെ ശൂന്യമാണെന്നുതന്നെ പറയാം. പുസ്തകക്കടകളിൽ നിരത്തി വച്ചിരിക്കുന്നത് വെറും പ്രൊപ്പഗാൻഡ കൃതികളാണ്.  എന്തായാലും നിഗൂഢതയുടെ ഒരു ആവരണം ഉത്തര കൊറിയയ്ക്കു ചുറ്റും ഇക്കാലത്തും പൊതിഞ്ഞു നില്ക്കുന്നു.