സുന്ദരമായ അത്ഭുതം – സി. രാധാകൃഷ്ണൻ

ഈയിടെ ഒരു വൈകുന്നേരം ഞങ്ങളുടെ പൊതുമൈതാന  വയോവൃദ്ധക്കൂട്ടായ്മയിൽ ചന്ദ്രയാൻ ചർച്ചാവിഷയമായി. ചന്ദ്രൻ വരെ ചെന്ന് ‘തടി കേടാകാതെ’ ഉദ്ദേശിച്ചേടത്ത് തന്നെ ഇറങ്ങിയും, കണ്ടും നോക്കിയും പരീക്ഷിച്ചും ചുറ്റുവട്ടത്തെ എല്ലാം അറിഞ്ഞും,  എല്ലാ വിവരങ്ങളും അപ്പപ്പോൾ സചിത്രം ഭൂമിയിൽ എത്തിച്ചും, ഒരിടത്തുനിന്ന് പറന്നു പൊങ്ങി മറ്റൊരിടത്ത് ഇറങ്ങിയും, ഒരു പതിന്നാലു ദിവസം കഴിഞ്ഞ് രാത്രിയായപ്പോൾ ഉറങ്ങിയും മറ്റും അത്ഭുതകരമായ വിരുതും നിഷേധിക്കാനാവാത്ത താൻപ്രമാണിത്തവും സ്ഥാപിച്ചിരിക്കയായാണല്ലോ ആ നിർമിതബുദ്ധി യന്ത്രം.


‘അപ്പോൾ, നമുക്ക് ബുദ്ധിയില്ലാത്ത കുഴപ്പമല്ല!’, ‘വേണ്ടിവന്നാൽ ചക്ക വേരിലും കായ്ക്കും!’ എന്നിങ്ങനെ അനുമോദനസ്വരങ്ങളും മുനക്കൂർപ്പുള്ള ഫലിതങ്ങളും ഉയർന്നു.


അതുകഴിഞ്ഞ് അല്പനേരത്തെ മൗനത്തിനുശേഷം അഞ്ചാറുപേരുള്ള കൂട്ടായ്മയിൽ മിക്കവരും മനസ്സുകൊണ്ട് മറ്റെന്തെങ്കിലും ചർച്ചാവിഷയം തപ്പിത്തിരയെ ഒരു ചോദ്യം വന്നു: ‘മനുഷ്യൻ വൈകാതെ തന്നെ മൊത്തം പ്രപഞ്ചത്തിന്റെ അധീശനാകുമോ?’


ഈ ചോദ്യത്തിന് ഉണ്ടായ ആദ്യ പ്രതികരണം ഒരു വലിയ ചിരി: ‘നികുതിയോ നിരോധനമോ പരിമിതിയോ ഇല്ലാത്ത ഒരു കാര്യമല്ലേ ഉളളൂ ഭൂമിയിൽ – ആഗ്രഹം!’


‘മനുഷ്യൻ ആഗ്രഹിച്ചത് ഒന്നും കിട്ടാതിരുന്നിട്ടില്ലല്ലോ ഇതുവരെ. ശരീരത്തിന്റെ പരിമിതികളൊക്കെ ഏതാണ്ടും പരിഹരിച്ചില്ലേ? ഇപ്പോൾ അതിവേഗം ബഹുദൂരം! കടൽ കടക്കാൻ, കടലിനടിയിലൂടെ ഊളിയിടാൻ, ശബ്ദത്തെക്കാൾ വേഗത്തിൽ പറക്കാൻ, എത്ര കരുത്തുള്ള ഏത് ജന്തുവിനെയും കീഴ്പ്പെടുത്താൻ, എന്തും കെട്ടിപ്പൊക്കാൻ, നശിപ്പിക്കാൻ, ഗോളാന്തരയാത്ര നടത്താൻ, രോഗങ്ങളെ അതിജീവിക്കാൻ – വന്നുവന്ന് ഇതാ ഇതുവരെ ആയി ഇപ്പോൾ. ഇങ്ങനെ അങ്ങ് പോയാൽ ഏറെ താമസിയാതെ…:

‘പണ്ടൊരാൾ ഉടലോടെ സ്വർഗത്തിൽ പോകാൻ ആഗ്രഹിച്ചപോലെ ആകുമോ.’ ഒരു സംശയാലു രംഗത്ത് വന്നു.


‘ഒത്താൽ ഒത്തില്ലേ, എന്തിന് മോഹിക്കാതിരിക്കണ’മെന്നായീ മറ്റൊരാൾ.


ഇങ്ങനെ പക്ഷവും പ്രതിപക്ഷവും മധ്യസ്ഥവും  ഉരുത്തിരിഞ്ഞപ്പോൾ ആ മൂന്നുപേർ തമ്മിലായി ചർച്ച.


പ്രതിപക്ഷം തടസ്സവാദം ഉന്നയിച്ചു: ‘ചൂട്, വെളിച്ചം, മർദം, ഗുരുത്വം എന്നു തുടങ്ങി നൂറായിരം കാര്യങ്ങളിലുള്ള സമതുലനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയിൽ ജീവൻ നിലനില്ക്കുന്നത്. ഇപ്പോൾ നമ്മുടെ കണ്ണെത്താവുന്നിടത്തോളം അകലങ്ങളിൽ ഒന്നും ഈ പരിസ്ഥിതി ഇതേപടി കണ്ടുകിട്ടിയിട്ടില്ല. എന്നുവച്ചാൽ ഏതാനും കോടി പ്രകാശവർഷങ്ങൾ അകലെ വരെ. ശരിയാണ്, പ്രപഞ്ചത്തിന്റെ മൊത്തം വിസ്തൃതി കണക്കിലെടുക്കുമ്പോൾ, വെറും ശരാശരി കണക്ക് വച്ച് നോക്കിയാലും, ഭൂമിപോലെ ഒരു ഗ്രഹം എന്നല്ല എത്രയെണ്ണവും വേറെയും ഉണ്ടാവാം. പക്ഷേ, ആ മഹാദൂരങ്ങളിൽ കുടിയേറാൻ ഇന്നുള്ള അറിവും സാങ്കേതികവിദ്യയും മതിയാവില്ല.’


‘സയൻസിന്റെ പുരോഗതിയുടെ വേഗം നോക്കിയാൽ അതിനൊക്കെ മതിയായ നേട്ടങ്ങൾ ഉണ്ടാകാൻ ഏറെ  കാലം വേണോ?’


‘അതിരിക്കട്ടെ, പ്രപഞ്ചത്തിൽ ബുദ്ധിയുള്ള ജീവികൾ നാം മാത്രമേയുള്ളൂ എന്ന് കരുതാൻ ന്യായമുണ്ടോ?’


‘വിശേഷബുദ്ധിയുള്ള ആരെങ്കിലും വേറെ എങ്ങാനും ഉണ്ടെങ്കിൽ എന്താണ് ഇതിലെയൊന്നും ഇന്നോളം വരാത്തത്?’


‘അതിന് മറുപടി ഞാൻ പറയാം,’ കൂട്ടായ്മയിലെ സ്ഥിരാംഗം അല്ലെങ്കിലും അന്നേരം കേൾവിപ്പുറത്തുണ്ടായിരുന്ന ഒരാൾ (കാഴ്ചയിൽ  ഒരു പ്രഫസർ ആണെന്ന് തോന്നിച്ചു) പറഞ്ഞു, ‘അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് കരുതിയാൽത്തന്നെ അവർ മൂന്നു തരക്കാർ അല്ലേ ആകൂ? ഒന്നുകിൽ നമ്മോളംമാത്രം ബുദ്ധിയുള്ളവർ. അല്ലെങ്കിൽ, നമ്മെക്കാൾ ബുദ്ധികുറഞ്ഞവരോ അതുമല്ലെങ്കിൽ ബുദ്ധി നമ്മെക്കാൾ കൂടിയ ഇനമോ. നമ്മെക്കാൾ കുറവോ നമ്മോടൊപ്പം മാത്രമോ ബുദ്ധി വികസിച്ചവരാണെങ്കിൽ അവർക്ക് നമ്മുടെ അരികിലേക്ക് വരാൻ നിവൃത്തി ഉണ്ടാകില്ലല്ലോ, സ്വാഭാവികമായും. നമുക്ക് അവരുടെ അരികിലേക്ക് പോകാൻ ഇപ്പോഴും കഴിയാത്തതുപോലെ തന്നെ. പിന്നെ കൂടിയ വിവേകം ഉള്ളവരാണെങ്കിൽ നമ്മിൽനിന്ന് അകലംപാലിക്കുകയാണ് സ്വന്തം സുസ്ഥിതിക്ക് നല്ലത് എന്ന് അവർ കരുതിക്കാണും. കഴിഞ്ഞുകൂടാൻ കിട്ടിയ ഭൂമി ഏതാണ്ട് നാശകോശ ആക്കിയിരിക്കുകയാണല്ലോ നാം. ഇവിടത്തെ മനഃസ്ഥിതിയും പരിസ്ഥിതിയും ഒപ്പം അപകടത്തിൽ ആയിട്ടില്ലേ? ഈ പോക്ക് പോയാൽ രണ്ടുമൂന്നു  പതിറ്റാണ്ടിനകം ഭൂമുഖത്ത് ജീവനുതന്നെ വംശനാശം സംഭവിക്കും എന്നല്ലേ അവസ്ഥ.


‘ബൗദ്ധികമായി നമ്മെക്കാൾ മുന്നേറിയ ആരെങ്കിലും ഒക്കെ ഇവിടെ ഇപ്പോഴേ വന്നു പോകുന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കാം?’


‘കുറച്ചുകൂടി കടന്ന് ആലോചിച്ചാൽ ഏതോ അന്യനക്ഷത്രകുലത്തിലെ അതിബുദ്ധിമാന്മാരായ ചില ശാസ്ത്രജ്ഞന്മാർ വിദൂരനിയന്ത്രണത്തിലൂടെ നടത്തുന്ന ഒരു വലിയ പരീക്ഷണമാണ് നമ്മുടെ ഈ ലോകവും അതിലെ സംഭവവികാസങ്ങളും എന്നുവരെ കരുതാൻ ന്യായമുണ്ടല്ലോ?’


‘അതിരിക്കട്ടെ, അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ പറയൂ: ഒരു കാൽനൂറ്റാണ്ട് കഴിഞ്ഞാൽ കാര്യങ്ങൾ എങ്ങനെയിരിക്കും?’


 സംശയാലു വീണ്ടും ഇടപെട്ടു, ‘പ്രപഞ്ചമഹാസാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന നാം സ്പേസിന്റെ ആഴങ്ങളിൽ മഹായുദ്ധങ്ങൾ അരങ്ങേറ്റുമോ? പ്രപഞ്ചം മൊത്തമായി നശിപ്പിക്കാൻ മതിയായ ആയുധങ്ങൾ ഉണ്ടാക്കി വയ്ക്കുമോ? അതോ സർവ പ്രപഞ്ചത്തിനും ശാന്തിയും സന്തോഷവും സാധിക്കാനുള്ള വഴികൾതേടി ആയിരിക്കുമോ നമ്മുടെ ഗോളാന്തരയാത്ര?’


നെറ്റിയിലെ വിയർപ്പ് വെറും കൈകൊണ്ട് തുടച്ച് ‘പ്രഫസർ’ ആരോടുമല്ലാതെ പറഞ്ഞു: ‘ചില കാര്യങ്ങൾ തീർച്ച പറയാം. ഇപ്പോൾ മനുഷ്യർ ചെയ്യുന്ന ഭൂരിഭാഗം ജോലികളും കൃത്രിമബുദ്ധി റോബോട്ടുകൾ ഏറ്റെടുക്കും. കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽനഷ്ടം വരും. മനുഷ്യബന്ധങ്ങൾ കൂടുതൽ തേഞ്ഞുമായും. കല,സാഹിത്യം,സംസ്കാരം എന്നിവയുടെ ഒക്കെ അർഥങ്ങൾ മാറും. മനുഷ്യന്റെ അക്രമാസക്തിയും അത്യാർത്തിയും ഇതോടൊപ്പം വളരുമോ തളരുമോ എന്നുള്ളതാണ് യഥാർഥപ്രശ്നം. തളരും എന്നാണ് എനിക്ക് തോന്നുന്നത്. വിവരം അറിവായും അറിവ് വിവേകത്തിനുള്ള ഉപാധിയായും തീരും. ജീവൻ യഥാർഥത്തിൽ എന്തെന്ന് തിരിച്ചറിയുന്നതോടെ ബലം, ഊർജം, ദ്രവ്യം, ആകാശം, അഗ്നി, മനസ്സ്, ബുദ്ധി എന്നിവയുടെ യഥാർഥ പ്രകാരങ്ങൾ മനസ്സിലാവും. ജീവിതം എന്തിനുള്ളതാണ് എന്ന് തീരുമാനമാവും. ഇതിനിടെ കുറെ അത്യാഹിതങ്ങൾ സംഭവിക്കാം, അതൊന്നുമില്ലാതെയും  ശരിയായ തിരിച്ചറിവിലേക്ക് കടക്കുകയും ആവാം. ഏതു രീതിയിലായാലും വലിയ മാറ്റത്തിന് സമയമായിരിക്കുന്നു. അതിനുശേഷമേ നമുക്ക് മനസ്സിലാവൂ ഈ പ്രപഞ്ചം അതിസുന്ദരമായ ഒരു മഹാത്ഭുതമാണ് എന്ന്.’


വിയോജിക്കാൻ ആരും ഉണ്ടായില്ല. ഞങ്ങൾ വീടുകളിലേക്ക് മൂവന്തിക്കു മടങ്ങിയത് വലിയ പ്രത്യാശയോടെയാണ്.