ചന്ദ്രയാൻ, ആദിത്യ, പിന്നെ സയന്റിഫിക് ടെമ്പറും – എസ്.രാമകൃഷ്ണൻ

1969 ജൂലൈ 20- ന് മനുഷ്യൻ ആദ്യം ചന്ദ്രനിൽ ഇറങ്ങിയ വാർത്ത ആൾ ഇന്ത്യ റേഡിയോയിലൂടെയാണ് ഇന്ത്യക്കാർ അറിഞ്ഞത്.  ആകാശവാണിയിൽ വാർത്ത വായിക്കുമ്പോൾ തിയതി 21 ആയിരുന്നു എന്നാണ് ഓർമ.  ഒരു രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കെ ആ വാർത്ത കേൾക്കാൻ ഉള്ള ഭാഗ്യം ഈയുള്ളവന് ഉണ്ടായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളൊന്നും ഓർത്തുവയ്ക്കാനുള്ള പ്രായമില്ല അന്ന്. പക്ഷേ, ആ വാർത്ത പകർന്ന ആവേശമാണ് ഇന്ന് ഓർമയിൽ തങ്ങിനില്ക്കുന്നത്. പിന്നെ നീൽ ആംസ്ട്രോങ് എന്ന പേരും, അപ്പോളോ എന്ന വാക്കും.


ആ വാർത്ത അന്നത്തെ മനുഷ്യരിൽ കോരിനിറച്ച ശാസ്ത്രാഭിമുഖ്യം ഏറെ ത്രസിപ്പിക്കുന്നതാണ്. പൊതുവെ ചെറുപ്പക്കാരും അത്യാവശ്യം പഠിപ്പും അറിവും ഉള്ള ആളുകളും ആ വർഷങ്ങളിൽ ശാസ്ത്രത്തിന്റെ കുതിപ്പിനെ വാഴ്ത്തുകയും നമ്മുടെ നാട്ടിലെ അന്ധവിശ്വാസങ്ങളും മറ്റും മാറേണ്ട ആവശ്യകതയെ പറ്റി വാചാലരാകുകയും ചെയ്തു. ലോകമെങ്ങും മനുഷ്യരുടെ ശാസ്ത്രാഭിമുഖ്യത്തെയും ശാസ്ത്രബോധത്തെയും ഉത്തേജിപ്പിച്ച ഒരു സംഭവമായിരുന്നു അത്. അതിന്റെ അനുരണനങ്ങൾ തമിഴ്,  മലയാളം ചലച്ചിത്ര ഗാനങ്ങളിൽ വരെ ഉണ്ടായി.


തങ്കത്താഴിക കുടമല്ല, താരാപഥത്തിലെ രഥമല്ല, ചന്ദ്രബിംബം

കവികൾ പുകഴ്ത്തിയ സ്വർണമയൂരമല്ല”  

എന്നു വയലാർ എഴുതിയതും

വാനത്തിൽ ഏറി ചന്ദിര മണ്ഡല വാസലൈ തൊടലാമാ ?

മാണ്ടു കിടക്കും മനിതനിൻ മേനി മറുപടി എഴലാമാ ?

എൻട്രൊരു കാലം ഏങ്കിയതുണ്ട് ഇൻട്രു കിടൈത്തതു  ബതിൽ ഒൻട്രു

ഞാനം പിറന്തു, വാനിൽ പറന്തു, മീണ്ടു  വന്താൻ ഉയിർ കൊണ്ട്.”

എന്നു കണ്ണദാസൻ എഴുതിയതും ആ പശ്ചാത്തലത്തിലായിരുന്നു.


അതിനുശേഷം  അതേ അളവിൽ അല്ലെങ്കിലും അതേ രീതിയിൽ ഉള്ള ആവേശം പകർന്ന രണ്ടു വാർത്തകൾ, 1974 മെയ് 18-ലെ പൊഖ്‌റാൻ അണുവിസ്ഫോടനവും 1975 ഏപ്രിലിൽ 19 ലെ ആര്യഭട്ട കൃത്രിമോപഗ്രഹവിക്ഷേപണവുമാണ്.


എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ ചന്ദ്രയാൻദൗത്യം ശാസ്ത്രബുദ്ധിയെക്കാൾ കൂടുതലായി ഉത്തേജിപ്പിക്കുന്നത് ദേശാഭിമാനത്തെ ആണ് എന്നത് ഒരേസമയം കൗതുകകരവും നിരാശാജനകവും ആണ്. ഐ.എസ്.ആർ.ഒയുടെ നേട്ടം രാജ്യത്തിന് അഭിമാനകരം തന്നെയാണ്. എന്നാൽ, അത്തരത്തിലല്ല ഇപ്പോൾ ഈ വിഷയം ആഘോഷിക്കപ്പെടുന്നത്.


ആഗസ്റ്റ് 23-ന് ബംഗളുരുവിലെ നെഹ്‌റു പ്ലാനറ്റോറിയത്തിൽ സൗരയൂഥത്തെ കുറിച്ച് ഒരു ഷോ കാണാൻ കാത്തിരിക്കുകയായിരുന്നു. ധാരാളം സ്‌കൂൾ കുട്ടികൾ സംഘങ്ങളായി എത്തിയിരുന്നു. ഒരു ടി.വി ചാനൽ പ്രവർത്തക മൈക്കുമായി വന്ന് ചന്ദ്രയാനെ കുറിച്ച് എന്നോടു ചോദിച്ചു. ഞാൻ ചന്ദ്രയാന്റെ ശാസ്ത്രദൃഷ്ട്യാ ഉള്ള കാര്യങ്ങളെപ്പറ്റി  ഏതാനും വാക്കുകൾ പറയുകയുംചെയ്തു. പറഞ്ഞു നിറുത്തിയതും എനിക്കുചുറ്റും താത്പര്യപൂർവം നിന്നിരുന്ന കുട്ടികൾ ഒരു സംഘമായി വിളിച്ച മുദ്രാവാക്യം ‘ഐ ലവ് ഇന്ത്യ’ എന്നായിരുന്നു. ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുകയായിരിക്കണം അവർ.  അവരിലൊരാളെ ഞാൻ അടുത്തു വിളിച്ച് നീൽ ആംസ്‌ട്രോങ് എന്ന പേര് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല, എന്നാണ് കിട്ടിയ  ഉത്തരം. 54 കൊല്ലം മുൻപ് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് എന്നറിയാമോ എന്നു ചോദിച്ചു. അറിയില്ല എന്നായിരുന്നു ഉത്തരം. ആ സമയത്ത്  ചന്ദ്രയാൻ ദൗത്യം രണ്ടു ദിവസമായി വാർത്തകളിൽ നിറഞ്ഞു നില്ക്കുകയായിരുന്നു. പക്ഷേ, അതിൽനിന്നെല്ലാം അവർക്കു കിട്ടിയ സന്ദേശം ‘ഐ ലവ് ഇന്ത്യ’ എന്നും ‘മേരാ ഭാരത് മഹാൻ’ എന്നും ആയിരുന്നു.


ചാന്ദ്രദൗത്യം


2023 ആഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയത് തീർച്ചയായും ജ്യോതിശ്ശാസ്ത്ര രംഗത്ത് വലിയ മുന്നേറ്റം തന്നെയാണ്. പ്രത്യേകിച്ചും ഐ.എസ്.ആർ.ഒയെ സംബന്ധിച്ച്. വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പ്രഗ്യാൻ റോവറിനു  കഴിയും എന്നാണ് പ്രതീക്ഷ. ഇതിനോടകം ഏതാനും പ്രധാനപ്പെട്ട വിവരങ്ങൾ വിക്രം ലാൻഡറിൽ നിന്നും റോവറിൽ നിന്നും  ലഭിക്കുകയും ചെയ്തിട്ടുണ്ട്.


ചന്ദ്രന്റെ അന്തരീക്ഷം ഭൂമിയുടെതിനെ അപേക്ഷിച്ച് വളരെ നേർത്തതും മർദം കുറഞ്ഞതും ആണെന്ന് അറിയാമല്ലോ. അന്തരീക്ഷത്തിന്റെ ഏറ്റവും ഉയരത്തിൽ ഉള്ള ഭാഗമാണ് അയണോസ്‌ഫിയർ. ഈ മേഖലയിൽ സൂര്യപ്രകാശത്തിന്റെ ആഘാതത്താൽ തന്മാത്രകൾ അയോണുകളായും ഇലക്ട്രോണുകളായും വിഘടിക്കുന്നു. ഓരോ ക്യൂബിക് മീറ്ററിലും 50 ലക്ഷം മുതൽ 3 കോടി വരെ അയോണുകളും ഇലക്ട്രോണുകളും ചന്ദ്രന്റെ അയണോസ്‌ഫിയറിൽ കണ്ടെത്തി എന്നതാണ് ഇപ്പോഴത്തെ ചാന്ദ്രദൗത്യത്തിൽനിന്നു ലഭിച്ച ആദ്യവിവരങ്ങളിൽ ഒന്ന്. ഇലക്ട്രോണുകളുടെ സാന്ദ്രത കുറഞ്ഞിരുന്നാൽ റേഡിയോ തരംഗങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം എന്നതാണ് ഇതിലെ പ്രാധാന്യമാർന്ന വസ്തുത.


ചന്ദ്രോപരിതലത്തിലെ ഊഷ്മാവ് മുൻപ് രേഖപ്പെടുത്തപ്പെട്ടതിനേക്കാൾ ഉയർന്നതാണ് എന്നതാണ് മറ്റൊരു കണ്ടെത്തൽ. പ്രഗ്യാൻ റോവർ ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് വെറും 8 സെമീ ആഴത്തിൽ രേഖപ്പെടുത്തിയ ഊഷ്മാവ്, ഉപരിതലത്തിലെ ഊഷ്മാവിനെക്കാൾ 60 ഡിഗ്രി സെൽഷ്യസ് കുറവാണ്. ഇതു  നല്കുന്ന സൂചന, താപചാലകത വളരെ കുറവാണ് എന്നാണ്.


ഭൂമികുലുക്കം പോലെ ഒരു ചന്ദ്രകുലുക്കം അല്ലെങ്കിൽ ഭൂചലനം പോലെ നാലു സെക്കൻഡ് നീണ്ടുനിന്ന  ഒരു ചന്ദ്രചലനം രേഖപ്പെടുത്തുകയുണ്ടായി എന്നതാണ് മറ്റൊരു പ്രധാന വിവരം.


അലൂമിനിയം, സിലിക്കൺ, കാൽസ്യം, ഇരുമ്പ് തുടങ്ങിയവ കൂടാതെ സൾഫർ അഥവാ ഗന്ധകത്തിന്റെ സാന്നിധ്യം കണ്ടെത്തി എന്നത് മറ്റൊരു സുപ്രധാന വിവരമാണ്. ഓക്സിജൻ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.


ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ ഏകദേശം 14 ദിവസത്തിനു  തുല്യമാണ്. രാത്രിയും അതുപോലെതന്നെ. സെപ്റ്റംബർ 22-നാണ് ഇനി റോവർ ഇരിക്കുന്ന ചന്ദ്രന്റെ  ദക്ഷിണ ധ്രുവത്തിൽ “നേരം പുലരുക”. അതുവരെ സ്ലീപ്പിങ് മോഡിൽ ഉള്ള റോവർ, അതിനുശേഷം വീണ്ടും സജീവമാക്കാൻ സാധിക്കും എന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.


ഭൂമിക്കു വെളിയിൽ, മനുഷ്യന് എത്തിപ്പെടാവുന്ന ഏറ്റവുമടുത്ത ആകാശഗോളമാണ് ചന്ദ്രൻ. ഒരുപക്ഷേ, സാങ്കേതികവിദ്യ വേണ്ടത്ര വളർന്നാൽ ചന്ദ്രനിൽ മനുഷ്യവാസം ആരംഭിക്കുന്നതിനെ കുറിച്ചു  സ്വപ്നംകാണുന്ന ധാരാളം മനുഷ്യരുണ്ട്. അത്തരം സാധ്യതകൾ ആരായുക എന്നത് ചാന്ദ്ര ദൗത്യങ്ങളുടെ കാര്യത്തിൽ പൊതുജന താത്പര്യം വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്.


ശാസ്ത്രജ്ഞരെ സംബന്ധിച്ച്, ചന്ദ്രന്റെ മാത്രമല്ല, ഭൂമിയുടെയും സൗരയൂഥത്തിന്റെയും  പ്രപഞ്ചത്തിന്റെ ആകെത്തന്നെയും ഘടനയെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ഉള്ള കൂടുതൽ ഉൾക്കാഴ്ചകൾ ലഭിക്കുമോ എന്നതാണ് പ്രധാന താത്പര്യം.


ചില ലോകരാഷ്ട്രങ്ങൾക്കെങ്കിലും സൈനികതാത്പര്യങ്ങൾ ഉണ്ടാവും എന്നത് ഊഹിക്കാവുന്ന കാര്യമാണല്ലോ.


ഇങ്ങനെ പലനിലയ്ക്കുള്ള  മാനവതാത്പര്യങ്ങൾ ചാന്ദ്രദൗത്യങ്ങൾക്കു  പിന്നിൽ ഉണ്ട്. വരും നാളുകളിൽ ചന്ദ്രയാൻ ദൗത്യത്തിൽനിന്നു  ലഭിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള ആകാംക്ഷയും ജിജ്ഞാസയും ഇതിനനുസൃതമാണ്.


സൗരപഠനം


സൗര പര്യവേക്ഷണാർത്ഥം വിക്ഷേപിച്ച ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിൽനിന്നു  വിക്ഷേപിച്ചത് സെപ്തംബർ  2-നാണ്. സൂര്യനെ നിരീക്ഷിക്കാൻ നാല്  ഉപകരണങ്ങളും പേടകത്തിനു സമീപമുള്ള പ്രദേശങ്ങളിലെ സൗരപ്രഭാവം പഠിക്കാൻ മൂന്ന്‍  ഉപകരണങ്ങളും ആണ് പേടകത്തിൽ ഉള്ളത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള L-1 ലഗ്രാൻജ് പോയിന്റിൽ പേടകം നിലയുറപ്പിക്കാനാണ്  ഉദ്ദേശിക്കുന്നത്. (വലിയ പിണ്ഡം ഉള്ള രണ്ട് വസ്തുക്കൾക്കിടയിൽ ഗുരുത്വാകർഷണം ഏതാണ്ട് പരസ്പരം റദ്ദു ചെയ്യപ്പെടുന്ന  ഇടങ്ങളാണ് ലഗ്രാൻജ് പോയിന്റുകൾ).  ഈ പ്രക്രിയ ഡിസംബർ അവസാന വാരത്തോടെ ആണ് നടക്കുക. ഇതുവരെ നാസയും (1994) യൂറോപ്യൻ സ്പേസ് ഏജൻസിയും (1997) മാത്രമാണ്  L-1 പോയിന്റിൽനിന്ന് സൗരപഠനം നടത്താൻ പേടകങ്ങൾ വിക്ഷേപിച്ചിട്ടുള്ളത്.


ആദിത്യ എൽ-1 മിഷന്റെ  പ്രധാന ലക്ഷ്യങ്ങൾ  സൂര്യന്റെ  പുറം പാളികളുടെയും, ഏറ്റവും പുറംഭാഗത്ത് ആളുന്ന അഗ്നിയായി കാണപ്പെടുന്ന കൊറോണയുടെയും സങ്കീർണതകളെ  നിരീക്ഷിച്ചു പഠിക്കുക,  സൗര കൊടുങ്കാറ്റുകളുടെ ഉത്ഭവകാരണങ്ങളും  ഗ്രഹങ്ങൾക്കിടയിലെ ബഹിരാകാശത്തും   ഭൂമിയുടെ കാലാവസ്ഥയിലും അവയുണ്ടാക്കുന്ന  സ്വാധീനവും പര്യവേക്ഷണം ചെയ്യുക,   കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ), സൗരജ്വാലകൾ, മറ്റു  സൗരസംഭവങ്ങൾ, ഇവയ്ക്ക്  ഭൂമിയിലെ ആശയവിനിമയത്തെയും വൈദ്യുതി സംവിധാനങ്ങളെയും തടസ്സപ്പെടുത്തുന്ന ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകളുമായുള്ള  ബന്ധം തുടങ്ങിയവ മനസ്സിലാക്കുക  എന്നിവയാണ്.