കാണാൻ പോണ പൂരം! – സി. രാധാകൃഷ്ണൻ

സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രസംഗിക്കവേ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു, അടുത്ത വർഷവും ഈ ദിവസം ഇവിടെ പതാക ഉയർത്താൻ താൻ തന്നെ ഉണ്ടായിരിക്കും എന്ന്. പാർലമെന്റിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴും അദ്ദേഹം പറഞ്ഞു, ഇനിയൊരു തിരഞ്ഞെടുപ്പു കഴിഞ്ഞു വരാൻ പോകുന്ന പാർലമെന്റിലും പ്രധാനമന്ത്രിയായി താൻ ഉണ്ടാകും എന്നും കൂടുതൽ മെച്ചപ്പെട്ട ഒരു അവിശ്വാസപ്രമേയം കൊണ്ടു വരാൻ പ്രതിപക്ഷം ശ്രമിക്കണം എന്നും.


ആദ്യത്തേത് അനാവശ്യമായ അളവിൽ ആത്മവിശ്വാസം, രണ്ടാമത്തെതോ ശൗര്യമുള്ളവർ ദുർബലനായ എതിരാളിയുടെ നേർക്ക് നടത്തരുതാത്ത ക്രൂര പരിഹാസം.


അദ്ദേഹം പറഞ്ഞത് തന്നെ സംഭവിച്ചേക്കാം. പക്ഷേ, ഇതൊക്കെ ഇങ്ങനെ പറയാമോ? ദൈവവിശ്വാസി ആണല്ലോ അദ്ദേഹം, GOD WILLING എന്നെങ്കിലും അതിന്റെ കൂടെ ചേർക്കേണ്ടതായിരുന്നില്ലേ? മിത്തനുസരിച്ച് അദ്ദേഹമല്ലല്ലോ ജനങ്ങളല്ലേ തീരുമാനിക്കേണ്ടത്?

ഈ ശങ്ക അസ്ഥാനത്ത് ആവാം. പക്ഷേ, വെറുതെ മോഹിക്കുവാൻ മോഹം എന്ന് പറഞ്ഞപോലെ വെറുതെയെങ്കിലും ശങ്കിക്കേണ്ടേ എന്നൊരു ശങ്ക!


ഉവ്വ്, വോട്ടുബാങ്കുകളുടെ ചേരുവകൾ അറിഞ്ഞു കളിക്കാൻ കഴിവുള്ള ആർക്കും എളുപ്പത്തിൽ കൈപ്പറ്റാവുന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ അധികാരം എന്നായിട്ടുണ്ട്. കാരണം, ജാതിമതങ്ങളുടെ ധ്രുവീകരണത്തിൽ വോട്ടുബാങ്കുകൾ പാറപോലെ ഉറച്ചു നില്ക്കുന്നു. അഥവാ എല്ലാ പാർട്ടികളും കൂടി അവരെ അങ്ങനെ നിർത്തി പോരുന്നു.


ഇതുകൊണ്ടുണ്ടായ ഒരു കുഴപ്പം ഇന്ത്യയിൽ ഭരിച്ച ഒരു സർക്കാറിനും കേന്ദ്രത്തിലോ സംസ്ഥാനങ്ങളിൽ ഏതിലെങ്കിലുമോ ഇന്നേവരെ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യം ഉണ്ടായിട്ടില്ല എന്ന ദുരന്തമാണ്.


ആദ്യകാലത്ത് സാക്ഷരത പോലും 25 ശതമാനത്തിൽ കുറവായിരുന്നതുകൊണ്ടുകൂടിയാവാം ആകെ വോട്ടർമാരുടെ 30 ശതമാനത്തിൽ താഴെയേവോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. അതിനാൽ ജയിക്കുന്ന സ്ഥാനാർഥിക്ക് ആകെ വോട്ടർമാരിൽ 15 ശതമാനത്തിൽ താഴെയായിരുന്നു പിന്തുണ. ഈ പിന്തുണയോടെ ജയിക്കുന്നവരിൽ പാതിയിൽ അല്പം കൂടുതൽ പേർ ഒരു കൊള്ളസംഘം ഉണ്ടാക്കിയാൽ അവരാണല്ലോ ഭരിക്കുക. അതായത്, ഭരിക്കുന്നവർക്ക് ആകെയുള്ള ജനപിന്തുണ വോട്ടർമാരിൽ 10 ശതമാനത്തിൽ താഴെ.


ഇപ്പോൾ കാര്യങ്ങൾ കുറെക്കൂടി മെച്ചമാണ്. എന്നുവച്ചാൽ, ശരാശരി പോളിംഗ് ശതമാനം അറുപതായിട്ടുണ്ട്. അതായത് തിരഞ്ഞെടുക്കപ്പെടുന്നവരുടെ  ജനപിന്തുണ 25 ശതമാനത്തോളം വരും. അടിതടവോ, ചാക്കിട്ട് പിടുത്തമോ, ഭീഷണിയോ ഒക്കെ ഉപയോഗിച്ച് അന്യപക്ഷങ്ങളിൽ ജയിച്ച ചിലരെ കൂടി കൂട്ടത്തിൽ കൂട്ടാൻ പണമോ തന്ത്രമോ ഒക്കെ മതിയാവുന്നതുകൊണ്ട് ഈ പിന്തുണതന്നെ അടിസ്ഥാനപരമായി സത്യസന്ധമല്ല.


ജനാധിപത്യം ശരിയായി നടപ്പിലാവുന്ന നാടുകളിൽ രണ്ടു സ്ഥാനാർത്ഥികളേ ഉണ്ടാകാറുള്ളൂ. ചിലയിടങ്ങളിൽ മൊത്തം വോട്ടർമാരുടെ 50 ശതമാനത്തിൽ ഒട്ടും കുറഞ്ഞ ഭൂരിപക്ഷം പോരാ ജയിക്കാൻ.


ഒരു സർക്കാർ ജനങ്ങളുടെ യഥാർത്ഥ താല്പര്യങ്ങളുടെ സംരക്ഷകരാകണം എങ്കിൽ അതിന് ജനപിന്തുണ ഇങ്ങനെ തട്ടിക്കൂട്ടാൻ അനുവദിക്കുന്ന സംവിധാനം ആകരുത്. ഈ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോ മറ്റോ ഫലപ്രദമായി വല്ലതും ചെയ്തിട്ടു പോരേ നമുക്ക് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ?


ജാതിയുടെയോ മതത്തിന്റെയോ വികാരം മുൻനിറുത്തി വോട്ട് ചോദിച്ചു വരുന്നവർ തങ്ങളെ ചതിക്കുന്നവരാണ് എന്ന യാഥാർഥ്യം ഇന്ത്യയിലെ പൗരാവലി തിരിച്ചറിയുന്നതുവരെ ഇവിടെ എന്ത് ജനാധിപത്യം പുലരാനാണ്? അടുത്ത തിരഞ്ഞെടുപ്പിലും കാണാൻ പോകുന്നത് നിരങ്കുശമായ ജാതിമതപ്രീണന വാഗ്ദാനങ്ങൾ അല്ലേ?


ഈ ചെപ്പും പന്തും കളിയിൽ അതിവിദഗ്ധരായ പ്രൊഫഷണലുകൾ ഇപ്പോഴേ കരാർപണി തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. രഹസ്യ സർവേകളും കമ്പ്യൂട്ടർ ഗെയിം മോഡലുകളുമായി അവർ ജനവഞ്ചന പ്ലാൻ ചെയ്യൂന്നു. ഇപ്പുറത്തിരുന്ന് ശുദ്ധാത്മാക്കളായ നമ്മൾ എന്തിനു വെറുതെ ഉറക്കമിളച്ചു സിദ്ധാന്തവത്കരണം നടത്തുന്നു.


ഏത് പൂരത്തെയും ഇങ്ങനെ നിർവചിക്കാം: ഒന്നിനുമല്ലാതെ വെറും വെറുതെ ഒരു ബഹളം. പൂരമായി തീർന്ന നമ്മുടെ ജനാധിപത്യത്തിനും ഇതല്ലേ ചേരുക. എന്തിന്നു ഭാരതധരേ കരയുന്നു?