ദലിത് ക്രൈസ്തവരുടെ സങ്കടങ്ങൾ – ഷർമിന

പരിണാമവും പരിവർത്തനവും മനുഷ്യചരിത്രത്തിനോളം പഴക്കമുള്ളതാണ്.  ആശയങ്ങളിൽനിന്നും ഭൗതിക പരിസരങ്ങളിൽനിന്നും സംഭവിക്കുന്ന മാറ്റം മനുഷ്യസഹജമാണ്. നിലനില്പിന്റെ ഭാഗമായി മതങ്ങളിൽനിന്നു മതങ്ങളിലേക്ക് മനുഷ്യർ മാറിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ച മതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ സംഘംചേർന്നുള്ള നിലനില്പിന്റെ അടിസ്ഥാനഘടകം മതങ്ങൾ ആയിരുന്നെന്ന് ചുരുക്കം. 


ബ്രാഹ്മണ്യാധിപത്യത്തിന്റെ ഭാഗമായ മതം പിന്നീട് ശ്രേണീവ്യവസ്ഥയിലേക്ക് പരിണമിച്ചു. കേവലം ഒരു ഘടനയിലേക്ക് മാറി എന്നതിനേക്കാൾ, ഈ ഘടനയുടെ മേൽത്തട്ടിലെ മനുഷ്യർക്ക് താഴെത്തട്ടിലെ മനുഷ്യരെ അനിയന്ത്രിതമായി ചൂഷണംചെയ്യാനുള്ള ഒരു അവസരം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു ഈ പരിണാമം. ആഗോളതലത്തിൽത്തന്നെ സംഭവിച്ച മതപരിവർത്തനങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്  ചൂഷണം.


ദലിതർ ക്രൈസ്തവരായത് ?


ദലിതരുടെ പരിവർത്തന ചരിത്രത്തിലേക്ക് കടക്കുമുൻപ്  അവരെ  മതപരിവർത്തനത്തിന് പ്രേരിപ്പിച്ച കേരളത്തിലെ സാമൂഹിക, സാമ്പത്തിക അവസ്ഥകളെ സാമാന്യമായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. മനുധർമം അനുസരിച്ച്, ചാതുർവർണ്യം പാലിച്ചുപോകുന്ന ഹിന്ദു മതക്കാരായിരുന്നു മറ്റു മതങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഭൂരിപക്ഷം. ചാതുർവർണ്യമനുസരിച്ച് ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രൻ എന്നീ നാലു ജാതിയിലും ഉൾപ്പെടാത്തവരാണ് ദലിതർ. അവരുമായി നടത്തുന്ന എല്ലാ തരത്തിലുമുള്ള ബന്ധം മറ്റു നാലു ജാതികളെയും അശുദ്ധമാക്കിയിരുന്നു. ഈ അയിത്തം മതത്തിലും ജാതികൾക്കിടയിലും  കാലങ്ങളോളം  നിലനിന്നു. സമൂഹത്തിലെ ഉത്പാദനോപാധികളായ ഭൂമി, പണം, മനുഷ്യവിഭവങ്ങൾ തുടങ്ങിയവ ന്യൂനപക്ഷമായിരുന്ന സവർണരുടെ ആധിപത്യത്തിന് കീഴിലായിരുന്നു. ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ പ്രധാന കാരണമായി കേരളത്തിലെ സാമൂഹികസ്ഥിതിയെ കണക്കാക്കാം.


കേരളത്തിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വ്യവഹാരമണ്ഡലം മതവുമായും  ജാതിശ്രേണിയുമായും  ഇഴപിരിക്കാൻ ആകാത്തവിധം ചേർന്നിരിക്കുന്നു. ഉപനിഷത്തുകളെയും വേദങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് സവർണർ കിരാതവാഴ്ച നടത്തി. അറിവും സമ്പത്തും സവർണർക്കുമാത്രം പ്രാപ്യമായ ഒന്നായിരുന്നു. സവർണരുടെ ഉത്പാദനോപാധികളായി മാത്രം അധഃസ്ഥിതർ  നിലനിന്നു.


ചാതുർവർണ്യത്തിന്റെ തീവ്രമായ പ്രയോഗം ദലിതർക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ചു. അറിവ് നേടുന്നത് തടഞ്ഞു. വിദ്യാലയങ്ങൾ സവർണർക്ക് മാത്രമുള്ളതായിരുന്നു.അറിവ് നേടുന്ന ദലിതന്റെ ചെവിയിൽ ഈയം  ഉരുക്കി ഒഴിക്കുന്ന തരത്തിൽ, ക്രൂരമായ ശിക്ഷാവിധികൾ ആയിരുന്നു നിലനിന്നിരുന്നത്. വേദങ്ങളിൽനിന്നും ഉപനിഷത്തുകളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും ദലിതരെ വിലക്കി. പൊതുവഴി ഉപയോഗം നിഷേധിച്ചു. നടുനിവർന്ന് നടക്കാൻപോലും ചാതുർവർണ്യം അനുവദിച്ചിരുന്നില്ല. സ്ത്രീകൾക്കു നേരെയുള്ള  ലൈംഗിക അതിക്രമം സവർണരുടെ അവകാശമായി കണ്ടിരുന്നു. മാറുമറയ്ക്കാനും മാന്യമായ രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശം ദലിതർക്ക് ഉണ്ടായിരുന്നില്ല. സാമൂഹികമായ ഇത്തരം ക്രൂരമായ ആചാരങ്ങൾ നിലനില്ക്കുമ്പോൾത്തന്നെ സാമ്പത്തികമായ അനീതികളും   നിലനിന്നിരുന്നു. കാളയുടെയും പോത്തിന്റെയും കൂടെ പണിയെടുത്തിരുന്നവർക്ക് കൂലി നിഷേധിച്ചു. സ്വത്തവകാശം ഉണ്ടായിരുന്നില്ല. ഏതു നേരത്തും ഇറക്കി വിടാവുന്ന കുടികിടപ്പുകാരായിരുന്നു ദലിതർ.ജാതിവ്യവസ്ഥയുടെ  പ്രധാനഘടകമായ സമ്പത്തിന്റെ നിഷേധത്തിലൂടെയാണ് സവർണർ ചാതുർവർണ്യം നടപ്പിലാക്കിയത്. മാനുഷിക പരിഗണനപോലും ഇല്ലാതെ മൃഗതുല്യരായി കണ്ടിരുന്ന ഭൂരിപക്ഷം വരുന്ന ദലിതരുടെ ഇടയിലേക്കാണ് ക്രൈസ്തവമതവുമായി മിഷനറിമാർ കടന്നുവരുന്നത്.


മതാടിസ്ഥാനത്തിൽ കേരളത്തിൽ സംഭവിക്കുന്ന ആദ്യ പരിവർത്തനം ക്രൈസ്തവമതത്തിലേക്ക് അല്ല. സംഘകാലത്ത് ജൈനമതത്തിലേക്കും ബുദ്ധമതത്തിലേക്കും  പരിവർത്തനം നടത്തിയവരുണ്ട്. പ്രാചീന കേരളവുമായി വാണിജ്യബന്ധത്തിൽ ഏർപ്പെട്ടിരുന്ന അറബികളുടെ സ്വാധീനംകൊണ്ട് ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്തവരും ഉണ്ട്.   സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളിൽനിന്നുള്ള മോചനത്തിനും ഭൗതികജീവിതത്തിലുള്ള ഉന്നമനത്തിനുമായാണ് കേരളത്തിലെ ദലിതർ ക്രൈസ്തവമതത്തിലേക്ക് മാറിയത്. വാണിജ്യ ആവശ്യത്തിനുവേണ്ടി കേരളത്തിലേക്ക് എത്തിയ പോർച്ചുഗീസുകാരുടെ വരവോടുകൂടിയാണ് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കേരളസമൂഹം  ക്രിസ്ത്യൻ മതപരിവർത്തനത്തിന് വിധേയമാകുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയോടൊപ്പം കേരളത്തിൽ വന്ന മിഷനറിമാരാണ്  വലിയൊരു മാറ്റത്തിന് കാരണമാകുന്നത്. കാലാകാലങ്ങളായി സാമ്പത്തികമായും സാമൂഹികമായും വിവേചനം നേരിട്ട ദലിതർക്ക് വിദേശ മിഷനറിമാരുടെ പ്രവർത്തനത്തിലൂടെ ആത്മധൈര്യം കൈവരുകയും തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധ്യം ഉണ്ടാകുകയും ചെയ്തു.


ഈ ഉദ്ബോധനത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിന് വരുന്ന ദലിതർ  പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ  ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ മതംമാറിയ ദലിതരെ, ദലിത് ക്രൈസ്തവരെന്ന് വിളിച്ചു പോന്നു. ആദ്യകാലങ്ങളിൽ ഇവർ  ഹരിജൻ ക്രൈസ്തവർ, പുലയ ക്രൈസ്തവർ, പറയ ക്രൈസ്തവർ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അധഃസ്ഥിതർ ദലിത് എന്ന നാമം സ്വീകരിച്ചപ്പോൾ, ക്രിസ്തുമതക്കാരായ പട്ടികജാതിക്കാർ സ്വയം തിരഞ്ഞെടുത്ത പേരാണ് ദലിത്ക്രൈസ്തവർ. ഇന്ത്യയിലുള്ള ആകെ വരുന്ന 20 ദശലക്ഷം ക്രൈസ്തവരിൽ ഏകദേശം 70% ദലിത് ക്രൈസ്തവരാണ്. പതിനെട്ടാം നൂറ്റാണ്ടോടുകൂടിയുള്ള കൂട്ടപരിവർത്തനമാണ് ഇതിനു കാരണം എന്ന് കാണാൻ സാധിക്കും. കേരളത്തിൽ എത്തിയ മിഷനറിമാർ ആദ്യം ചെയ്തത് ദലിതർക്ക് വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു. ഇതിനായി തങ്ങളുടെ പ്രവർത്തനമേഖലകളിൽ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. ക്രിസ്ത്യൻ മിഷനറിമാർ പാശ്ചാത്യവിദ്യാഭ്യാസം പ്രചരിപ്പിച്ചതോടുകൂടി ജനങ്ങളുടെ ഇടയിൽ സ്വതന്ത്രചിന്തകൾ കടന്നുവന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽത്തന്നെ ഈ മുന്നേറ്റം സ്കൂളുകൾ സ്ഥാപിച്ചതിലൂടെ സാധ്യമായി. നാഗർകോവിലും തെക്കൻ തിരുവിതാംകൂറിലും കോട്ടയത്തും മട്ടാഞ്ചേരിയിലും തുടങ്ങി കേരളത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്കൂളുകളിലൂടെ നേടിയ വിദ്യാഭാസം, ദലിതരുടെ സാമൂഹിക ഉന്നമനത്തിനു കാരണമായി. ദലിതരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തിനായി അടിമപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. ഇത്തരം പള്ളിക്കൂടങ്ങൾ സവർണർ തീയിട്ട് നശിപ്പിച്ച സംഭവങ്ങളും ഉണ്ടായി.


1571-ലാണ് എറണാകുളത്തെ പള്ളുരുത്തി ലാറ്റിൻ സഭ പുലയരെ പോർച്ചുഗീസ് പാതിരിമാരുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ ആക്കുന്നത്. 1806-ൽ തെക്കൻ കേരളത്തിൽ എത്തിയ ലണ്ടൻ മിഷനറി പ്രസ്ഥാനവും, 1816-ൽ  മധ്യകേരളത്തിൽ വന്ന ചർച്ച് മിഷനറി പ്രസ്ഥാനവും, 1830-ൽ  മലബാറിൽ എത്തിയ ബാസൽ മിഷൻ പ്രസ്ഥാനവുമാണ് ക്രിസ്തുമതത്തിനെ  ജനാധിപത്യവത്കരിച്ചതെന്ന് പൊതുവെ പറയാം.


ദലിതർ അനുഭവിച്ചിരുന്ന ചൂഷണത്തെ വേദങ്ങൾകൊണ്ടും ഉപനിഷത്തുകൾകൊണ്ടും ന്യായീകരിക്കുകയായിരുന്നു ഹിന്ദുമതം.  ഇതിൽനിന്നൊരു മോചനമാണ് പരിവർത്തിത ക്രൈസ്തവർ ആഗ്രഹിച്ചത്. പക്ഷേ,  ജാതീയത തികച്ചും അക്രൈസ്തവ  ആചാരമായിരുന്നിട്ടും ദലിത് ക്രൈസ്തവർ ക്രൈസ്തവ മതത്തിനുള്ളിലും വിവേചനങ്ങൾ അനുഭവിച്ചിരുന്നു.    സുറിയാനി ക്രിസ്ത്യാനികൾ ദലിത് ക്രിസ്ത്യാനികളെ അംഗീകരിക്കുന്നതിനെക്കാൾ സവർണഹൈന്ദവരെ അംഗീകരിക്കുന്നതായി കാണാം. അവർ സാമൂഹിക, സാമ്പത്തിക മേൽക്കോയ്മയ്ക്ക് വേണ്ടി ശ്രമിക്കുന്നതാണ് ഇതിന് കാരണം. ദലിത് ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ സ്ഥാപിച്ചതുപോലും ഇവർ അധമാരാണെന്ന ചിന്തയിലാണ്.


 ‘എരിതീയിൽനിന്ന് വറചട്ടിയിലേക്ക് വീണ’ അവസ്ഥയാണ് കേരളത്തിലെ ദലിത് ക്രൈസ്തവരുടെത്. ഹിന്ദുമതത്തിനുള്ളിൽ അനുഭവിച്ചിരുന്ന ക്രൂരമായ ശിക്ഷാ നടപടികളും അനാചാരങ്ങളും ഒഴിവാക്കിയാൽ, ക്രിസ്തുമതത്തിലും ജാതിപരമായ  ഒറ്റപ്പെടൽ   അനുഭവിച്ചു. ഇത്തരത്തിലുള്ള  അധഃസ്ഥിതരുടെ ഉന്നമനത്തിനായി പ്രയത്നിച്ച വ്യക്തിയാണ് പൊയ്കയിൽ കുമാരു.1954-ലാണ് കുമാരു, പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ മാണിക്കൽ പൊയ്കയിൽ കണ്ടൻ-ഒളച്ചി എന്ന അധഃകൃത ദമ്പതികളുടെ മകനായി ജനിക്കുന്നത്. ജാതീയമായ ചൂഷണങ്ങൾ സഹിക്കാൻ വയ്യാതെ മതപരിവർത്തനംചെയ്ത ക്രിസ്ത്യാനികൾ ക്രൈസ്തവ മതത്തിനുള്ളിലും  ചൂഷണം അനുഭവിക്കുന്നുണ്ട് എന്ന് അറിഞ്ഞ്, അവർക്കു വേണ്ടി പ്രത്യക്ഷരക്ഷാ ദൈവസഭ എന്ന സ്വതന്ത്ര മതപ്രസ്ഥാനം സ്ഥാപിച്ചു.


 മതപരിവർത്തനം  ചൂഷണങ്ങളെ ഇല്ലാതാകുമോ ?


മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ജനാധിപത്യം ഇപ്പോഴും ദലിത് ക്രൈസ്തവർക്ക് മറ്റും പട്ടികജാതിക്കാർക്ക് കൊടുക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നുണ്ട്. പട്ടികജാതി ലിസ്റ്റിൽ ദലിത് ക്രൈസ്തവരെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്   അവ്യക്തത നിലനില്ക്കുകയാണ്. സമീപകാലത്ത് ദേവികുളത്ത് സി.പി.എം എം.എൽ.എ  എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത് ഇതിന്റെ ഭാഗമായാണ്. സംവരണ സീറ്റിൽ മത്സരിക്കാൻ എ.രാജ അയോഗ്യനാണെന്ന്  വിധി പുറപ്പെടുവിച്ചത് ഹൈക്കോടതിയാണ്. സവർണ  ഭരണകൂടം  സംവരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളെ  അധികാരം ഉറപ്പിക്കാനായുള്ള ഉപകരണങ്ങളാക്കി നിലനിറുത്താൻ  ശ്രമിക്കുന്നു. ഭരണഘടനാ നിർമാണസഭയിൽ സംവരണത്തിന്റെ അടിസ്ഥാനം ജാതിയായിരിക്കണം മതമല്ല എന്നു വാദിച്ച വ്യക്തിയാണ് ഡോ. അംബേദ്കർ. അദ്ദേഹത്തിന്റെ അഭിപ്രായത്തിനു വിരുദ്ധമായി, പട്ടികജാതി – പട്ടികവർഗ ലിസ്റ്റ്, ഹിന്ദു ലിസ്റ്റ് മാത്രമായി നിലനിറുത്താൻ  ബോധപൂർവം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ദലിത് ക്രൈസ്തവരെ പട്ടികജാതി – പട്ടികവർഗ സംവരണത്തിൽ ഉൾപ്പെടുത്താത്തത്.  ഈ ലിസ്റ്റിൽ ക്രൈസ്തവ ദലിതരെ ഉൾപ്പെടുത്തിയാൽ, മതപരിവർത്തന വിലക്കിനും പരിവർത്തനം ചെയ്തവരെ തിരിച്ചു ഹിന്ദുമതത്തിലേക്ക് വരുത്താനുള്ള സംവരണ പ്രലോഭത്തിനും ഇടിവ് സംഭവിക്കും. ജാതിയായിരിക്കണം സംവരണത്തിന്റെ ഏക മാനദണ്ഡം. മതപരിവർത്തനം ദലിതരെ  ചൂഷണങ്ങളിൽനിന്നു രക്ഷപ്പെടുത്തിയെങ്കിലും അവരുടെ അവകാശമായ സംവരണത്തെ അത് നിലവിൽ  നിഷേധിക്കുകയാണ് ചെയ്യുന്നത്.


പ്രത്യക്ഷത്തിൽ കൊളോണിയൽ ഭരണകൂടം ദലിതർക്ക് അനുകൂലമായി നിലനിന്നുവെങ്കിലും സൂക്ഷ്മമായി  പരിശോധിക്കുകയാണെങ്കിൽ അവർക്കിടയിൽ നിന്നു ഉയർന്നു വരേണ്ടിയിരുന്ന വിപ്ലവത്തിന്റെ ഷണ്ഡീകരണമാണ്  സംഭവിച്ചത്. കാലങ്ങളായി അവർ നേരിട്ട ചൂഷണങ്ങൾക്കെതിരെയായി ഉയർത്തെഴുന്നേല്ക്കേണ്ടിയിരിക്കുന്ന ജനതയെ ആത്മീയപാതയിലേക്ക് വഴിതിരിച്ചു വിടുകയാണ് യഥാർഥത്തിൽ സംഭവിച്ചത്. പോരാട്ടത്തിലൂടെ നേടിയെടുക്കാൻ കഴിയുമായിരുന്ന സമത്വത്തിന്റെ വഴികളെയാണ് ഇവിടത്തെ സവർണാധിപത്യവും കൊളോണിയൽ ഭരണകൂടവും മതത്തിൽ പൊതിഞ്ഞില്ലാതാക്കിയത്. സംവരണം വഴി അധികാരമല്ല , അധികാരമുണ്ടെന്ന തോന്നലാണ്  ലഭിക്കുന്നത്. ഇന്നും ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അധികാരം എന്നത്  ഭൂമി,പണം, എന്നീ ഉത്പാദനോപാധികളിലും ജാതിയിലും കേന്ദ്രിതമാണ്. ഉത്പാദനോപാധിയായ ഭൂമിയുടെ പുനർവിതരണത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവർക്ക് അധികാരം പൂർണമായും ലഭിക്കുകയുള്ളൂ.


റഫറൻസ് :

പോൾ ചിറക്കോട് -ദളിത് ക്രൈസ്തവർ കേരളത്തിൽ -2018

ഡോ.മാത്യു ഏർത്തയിൽ-മലബാറിലെ ദളിത് പ്രസ്ഥാനങ്ങൾ -2016

വിനിൽ പോൾ -അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം -2021

ക്രൈസ്തവ ദളിത് സംവരണം -മുരളി