കഥകളിപ്പെണ്ണിന്റെ തട്ടം. – സുധീഷ്‌ നമ്പൂതിരി.

കഥകളിയിലെ മിനുക്ക്‌ (സ്ത്രീ) വേഷങ്ങൾക്ക്‌ ശിരോലങ്കാരമായ തട്ടം (ഉറുമാൽ എന്നും പറയും) എങ്ങനെ കിട്ടി? ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ വരെ ഹൈന്ദവികവും അതിന്റെ ഭാവപരിസരങ്ങളും പ്രമേയമായി വരുന്ന കഥകളിലെ നായികമാർക്ക്‌ കേരളീയ മുസ്ലിം വനിതകൾ ഉപയോഗിച്ചിരുന്ന തലയിൽ തട്ടം എങ്ങനെയാണു ആഹാര്യമായി നടപ്പിലായത്‌? നാളിതുവരെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞ കഥകളിക്കാരോട്‌, പ്രത്യേകിച്ച്‌ ചമയവിദഗ്ദരോട്‌ ഈ ചോദ്യം ചോദിക്കാൻ ഒരു ഗവേഷകൻ എന്ന നിലയിൽ ഞാൻ മടികാണിച്ചിരുന്നില്ല.


കേരളീയ കലയായതിനാൽ ഒരു ഏകതാനതാ സ്വഭാവം (Uniformity) കിട്ടാൻ വേണ്ടി; ശിരോവസ്ത്രധാരണത്തിൽ ആ രീതി പിന്തുടരുന്ന കേരളീയ മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രധാരണ രീതി കഥകളിയിലെ സ്ത്രീവേഷങ്ങളുടെ ശിരോവസ്ത്രാലങ്കാരമായി സ്വീകരിച്ചതാവാനാണു സാധ്യത എന്ന് അവരിൽ ചിലർ മറുപടി പറഞ്ഞു.  അതിലെ ഏകതാനത എന്ന ഘടകത്തിനു യുക്തിയുടെ പിൻബലമുണ്ടെന്ന് സമ്മതിക്കാമെങ്കിലും കഥകളിയുടെ ഘടനയും ഘടനാനന്തര പാരമ്പര്യവും (structure, De-construction) അതിന്റെ സാംസ്കാരിക പരിപ്രേക്ഷ്യങ്ങളുടെ (cultural perspective) വേരാഴങ്ങൾ എത്തിനില്ക്കുന്നത്‌  തികച്ചും ക്ഷേത്രസംസ്കാരവും ജന്മി-നാടുവാഴി വ്യവസ്ഥിതിയുടെ തിണ്ണബലത്തിലുമായിരുന്നുവെന്നത്‌ സാമൂഹികശാസ്ത്രപരമായ വസ്തുതയാണ്.


നവോത്ഥാന ചിന്തകളുടെ വേരോട്ടം സമുദായങ്ങളിൽ നാമ്പിടുന്നതിനു മുൻപുതന്നെ, അഥവാ വിവിധ സമുദായങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ പ്രത്യക്ഷമായ രീതിയിൽ സാംസ്കാരിക രൂപ(ക)ങ്ങളിലേയ്ക്ക്‌ പകർന്നാട്ടം നടത്തുന്നതിനും എത്രയോ  വർഷങ്ങൾക്ക്‌ മുൻപു രൂപമെടുത്ത ഈ കലാരൂപം, (രാമനാട്ടം/കഥകളി) അതിന്റെ തനതായ സ്വത്വം നിർമിച്ചെടുക്കാൻ മടിയൊന്നും കാണിച്ചിരുന്നില്ല എന്നിരിക്കെ അന്യവത്കരണ സാധ്യതകളെ (alienation) സ്വീകരിച്ചിരുന്നില്ല എന്നുതന്നെ വേണം കരുതാൻ. സവിശേഷമായ ആ ഒരു സാമൂഹിക തലത്തിൽ നിലയുറപ്പിച്ചുകൊണ്ടുള്ള ഒരു നിരീക്ഷണം മാത്രമാണ് ഞാനിവിടെ ഉദ്ദേശിക്കുന്നതെന്ന മുഖവുരയോടെ എന്റെ അന്വേഷണ,നിരീക്ഷണ,മനന,നിഗമനങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.


കൃഷ്ണനാട്ടമോ രാമനാട്ടമോ ആദ്യം ഉടലെടുത്തത്‌ എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഇപ്പോഴും ഏകാഭിപ്രായക്കാരല്ല. ഈ രണ്ടു കലാരൂപങ്ങളുടെയും പുരസ്കർത്താക്കളുടെ ജീവിതകാലഘട്ടം  സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുകയാണെങ്കിൽ രാമനാട്ടകർത്താവായ കൊട്ടാരക്കരത്തമ്പുരാന്റെ (1555-1605) കാലത്തിനു തൊട്ടു പുറകിലായിത്തന്നെ കൃഷ്ണഗീതികാരനായ മാനവേദൻ സാമൂതിരിയും (1585 -1658) ജീവിച്ചിരുന്നുവെന്ന് ലഭ്യമായ ചരിത്രരേഖകൾ വച്ച്‌ കണക്കുകൂട്ടിയെടുത്തിട്ടുണ്ട്‌. ഇതിൽ സാമൂതിരിയുടെ ജീവിതകാലം ഇതുതന്നെയായിരുന്നുവെന്നതിനു കൃത്യമായ രേഖകൾ ഉണ്ട്‌.1 അതേസമയം കൊട്ടാരക്കരത്തമ്പുരാന്റെ കാലഘട്ടത്തെപ്പറ്റി പറയുമ്പോൾ ‘ഏകദേശം’ എന്നൊരു സംശയാത്മകഘടകം അതിൽ വരുന്നുണ്ട്‌ എന്നത്‌ അടയാളപ്പെടുത്തേണ്ടുന്ന (notify) വസ്തുതയാണ്. അങ്ങനെ കണക്കുകൂട്ടുമ്പോൾ കൃഷ്ണഗീതിയും അതിന്റെ ദൃശ്യവ്യാഖ്യാനമായ കൃഷ്ണനാട്ടവും രാമനാട്ടത്തിനു മുൻപുതന്നെ ഉണ്ടായി എന്നു മനസ്സിലാക്കാൻ വിഷമമേതുമില്ല.


നാളിതുവരെ ഭാരതത്തിലും വിശിഷ്യാ കേരളമുൾപ്പെടുന്ന  ദക്ഷിണഭാരതത്തിലും ഉരുവംകൊണ്ട ക്ലാസിക്കലായ  എല്ലാ ദൃശ്യകലാരൂപങ്ങൾക്കും പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജയദേവരുടെ ഗീതഗോവിന്ദത്തിനോട്‌ ഒരു തരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ സാംസ്കാരിക ബന്ധമുണ്ട്‌. ശൃംഗാരപ്രധാനമായ ആ കാവ്യത്തിന്റെ സ്വാധീനം കൃഷ്ണഗീതിയിലും കാണാം.ശൃംഗാരത്തിന്റെ ഒപ്പംതന്നെ ഭക്തി എന്ന രസാനുഭൂതിതലവും2 തന്റെ രചനയിൽ മാനവേദൻ സാർഥകമാക്കിയതിലൂടെ ആ രചനയ്ക്ക്‌ അനുഭൂതിയുടെതായൊരു വൈകാരികതലം കൈവന്നു. ജയദേവരുടെ ജീവിതകാലത്തു തന്നെ ഗീതഗോവിന്ദത്തിനു രംഗപ്രയോഗം ഉണ്ടായിരുന്നുവെന്ന് എം.എൽ.വരദ്‌ പാണ്ഡെ നിരീക്ഷിക്കുന്നുണ്ട്‌.3 തന്റെ രചനയുടെ രംഗാവതരണത്തിനു മാനവേദൻ മാതൃകയാക്കിയത്‌ ഗീതഗോവിന്ദമായിരുന്നിരിക്കണമെന്ന് നിശ്ചയിക്കാൻ സാധ്യതകളേറെയാണ്. നാട്യശാസ്ത്രവഴക്കങ്ങൾ അനുസരിക്കുന്ന കൂടിയാട്ടത്തിന്റെ ആഹാര്യം ഈഷൽഭേദങ്ങളോടെ ഇതിലെ നായകനു (കൃഷ്ണൻ) സ്വീകരിച്ചപ്പോൾ നായികോപനായികമാരുടെ വേഷവിധാനം ഔത്തരാഹസമ്പ്രദായത്തിലും, പ്രതിനായകാദി ജീവജാലങ്ങൾക്ക്‌ മാർഗിയോടോപ്പം ദേശീപരമായ കലാരൂപങ്ങളിൽനിന്നു (പൊയ്മുഖ പാരമ്പര്യം, നാടൻ കലകൾ) മാതൃകകൾ ആദാനം ചെയ്യാൻ മാനവേദകവിയിലെ ഉത്പതിഷ്ണു മനസ്സിനു മടിയേതുമുണ്ടായില്ല. പ്രാദേശികമായ കാഴ്ചപ്പാടുകളുടെ ഉപദേശീയതയ്ക്കൊപ്പം ദേശീയമായൊരു കാഴ്ചയുടെ ദൃശ്യ-ഭാവ പരിസരവും തന്റെ രംഗപാഠത്തിന്റെ ആഹാര്യസാമഗ്രികളായി മാറ്റി എന്നുള്ള ധാരണാതലത്തിലാണ് കൃഷ്ണനാട്ടത്തിലെ സ്ത്രീവേഷങ്ങൾക്ക്‌ ഉറുമാൽ ധരിക്കുന്ന സമ്പ്രദായം മാനവേദൻ നടപ്പിലാക്കിയത്‌ / നടപ്പിലായത്‌ എന്ന് അനുമാനിക്കാം. ഈ വേഷവിധാന പാരമ്പര്യത്തെ ഏതാണ്ട്‌ അതേപടി സ്വീകരിക്കുകയായിരുന്നു രാമനാട്ടത്തിന്റെ ആദ്യ പരിഷ്കർത്താവായ, സാമൂതിരിയുടെ തട്ടകത്തിനകത്തു തന്നെയുള്ള ഇടപ്രഭുവായ വെട്ടത്തു തമ്പുരാൻ. ആദ്യകാലത്ത്‌ കഥകളിയിലെ സ്ത്രീവേഷങ്ങൾക്ക്‌ ചുട്ടിയുണ്ടായിരുന്നു. (കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണു അത്‌ ഇല്ലാതെയായത്‌ എന്ന് ഓർമയിലുണ്ടാവണം.)


വാസ്തവത്തിൽ, സ്ത്രീകൾ തല മറയ്ക്കുന്ന സമ്പ്രദായം വടക്കേ ഇന്ത്യയിൽ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്‌. കേരളത്തിലെ സമുദായത്തിലും ഈ ശിരോവേഷ്ടന പാരമ്പര്യം ഉണ്ടായിരുന്നു. വിവാഹാവസരങ്ങളിലും മറ്റും അന്തർജനങ്ങൾ തലമറച്ചിരുന്നു. ഇക്കാലത്ത്‌ പരക്കെ ആക്ഷേപങ്ങൾക്ക്‌ ശരവ്യമായ പദമാണല്ലൊ ‘കുലസ്ത്രീ’. അസ്ഥാനത്ത്‌ പ്രസ്താവ്യമായതിനാലാണു ആ പദം ധാരാളം തെറ്റുധാരണകൾ ഉണ്ടാക്കിയെടുത്തത്‌. എന്നിരിക്കിലും  ധാർമികമായൊരു പന്ഥാവിൽ സത്യദീക്ഷയോടെ ജീവിക്കുന്നവൾ എന്ന നിലയിൽ ആ പദം ഉത്പാദിപ്പിക്കുന്ന അർഥധ്വനികൾ അനേകമുണ്ട്‌. ആ ധ്വനിവിശേഷങ്ങൾ അധ്യാരോപിക്കപ്പെടുന്ന പുരാണകഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും അത്തരത്തിലുള്ള വർഗീകരണപ്രക്രിയയിൽ ഉൾപ്പെട്ടതിൽ അതിശയമില്ല. ആചാര്യമര്യാദകൾ പാലിക്കുന്നതിൽ കേരളത്തെക്കാൾ ഒരുപടി മുന്നിൽ നില്ക്കുന്ന ഉത്തരദേശങ്ങളിൽ ഈ സമ്പ്രദായം ഇന്നും നിലനില്ക്കുന്നുണ്ട്‌ എന്നതുംകൂടി കണക്കിലെടുത്തുവേണം ഇതിന്റെ രൂപകാനനന്തരപരിപ്രേക്ഷ്യമായ കലാരൂപങ്ങളിലെ സ്ത്രീവേഷങ്ങളുടെ ആഹാര്യങ്ങളെപ്പറ്റി നിരൂപണം ചെയ്യേണ്ടത്‌. അത്തരമൊരു വിചാരധാരകൾക്ക് ചരിത്രപരമായ സാമൂഹികയുക്തിയുണ്ട്‌.


കൃഷ്ണഗീതി കർത്താവായ സാമൂതിരിയുടെ കാലത്തിനു മുൻപുതന്നെ ഗീതഗോവിന്ദം പ്രമേയമായ ‘അഷ്ടപദിയാട്ടം’ എന്നൊരു കലാരൂപം മലബാറിൽ ഉണ്ടായിരുന്നുവെന്ന് വിദൂരമായ സൂചനകളുണ്ട്‌.  ആ ദൃശ്യകാവ്യത്തിലെ സ്ത്രീവേഷരചനകളായിക്കൂടേ അതിനു പുറകിൽ വന്ന കൃഷ്ണനാട്ടത്തിലും സ്വീകരിച്ചിട്ടുണ്ടാവുക? തഞ്ചാവൂർ സരസ്വതിമഹാൾ ഗ്രന്ഥശാലയിൽ പ്രസ്തുത അഷ്ടപദിയാട്ടത്തിന്റെ ഒരു ആട്ടപ്രകാരം ഉണ്ടെന്ന് അറിയാം. ഈ ലേഖകൻ നേരിൽ കണ്ടിട്ടില്ല. ആ ഗ്രന്ഥത്തിന്റെ നിഷ്കർഷമായ വായനകൾ ഒരുപക്ഷേ, ഇപ്പറഞ്ഞ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സമാധാനം നല്കിയേക്കും ഉറപ്പ്‌. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച കൃഷ്ണഗീതി വ്യാഖ്യാനത്തിന്റെ നാതിദീർഘമായ അവതാരികയിൽ പ്രഫ.പി.സി.വാസുദേവൻ ഇളയത്‌ ഇപ്പറഞ്ഞ ഗ്രന്ഥത്തിനെ ആനുഷംഗികമായി പരാമർശിക്കുന്നുണ്ട്‌.


അപ്പോൾ പറഞ്ഞുവന്നതിന്റെ രത്നച്ചുരുക്കം ഇതാണ്.


(1) ഗീതഗോവിന്ദത്തിന്റെ സാംസ്കാരികപശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൃഷ്ണഗീതിക്ക് രംഗപാഠമുണ്ടായപ്പോൾ മാർഗിയും ദേശിയുമായ ആഹാര്യക്രമങ്ങൾ ദേശീയവീക്ഷണങ്ങളുടെ ആദാനപ്രൗഡിയോടെ അതിൽ സ്വീകരിക്കപ്പെട്ടു. ഗീതഗോവിന്ദത്തിന്റെ തന്നെ മുൻകാല അരങ്ങുമാതൃകയും ഇതിനുവേണ്ടി ഉപയുക്തമാക്കി.


(2) അങ്ങനെയുണ്ടായൊരു ആഹാര്യപാരമ്പര്യത്തെ പക്ഷപാതങ്ങളൊന്നുമില്ലാതെ പിന്തുടരുന്നതിൽ പിന്നീടുദയം ചെയ്ത രാമനാട്ടത്തിന്റെ സംസ്കൃതരൂപമായ (purified) കഥകളിക്ക് വിഷമമേതുമുണ്ടായില്ല.


(3) കഥകളിയുടെ ആമൂലാഗ്രഘടനയിൽ പിന്നീട്‌ പല പരിഷ്കാരങ്ങളും പൊളിച്ചെഴുത്തുകളും ഉണ്ടായപ്പോളും സ്ത്രീവേഷങ്ങളുടെ ഘടനയിലും പരിചരണങ്ങളിലും വലുതായൊരു മാറ്റം കടന്നുവന്നില്ല. പ്രത്യേകിച്ച്‌ തലയിൽ തട്ടമിടുന്ന കാര്യത്തിൽ. അല്പം ചില മാറ്റങ്ങൾ പരീക്ഷണരൂപത്തിൽ ഉണ്ടായെങ്കിലും വ്യക്തികേന്ദ്രിതസ്വഭാവമുള്ള അവ സ്ഥാപനവത്കരിക്കപ്പെട്ടില്ല.


പരിശിഷ്ടം: കേരള കലാമണ്ഡലം നവതിയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെബിനാറുകളിലൊന്ന് ആഹാര്യവുമായി ബന്ധപ്പെട്ടതായിരുന്നു. ആഹാര്യവിദഗ്ദനും ഗ്രന്ഥകാരനും ഗവേഷകനുമായ കലാമണ്ഡലം രാം മോഹനായിരുന്നു ആ വെബിനാർ നയിച്ചത്‌. അന്ന്, ഈ വിഷയം ചോദ്യരൂപത്തിൽ ഉന്നയിച്ച എനിക്ക് അദ്ദേഹം തന്ന വിശദീകരണവും ഈ ഉറുമാലിന്റെ ഉത്തരേന്ത്യൻ സാമൂഹികസാംസ്കാരിക പരിസരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.


  • The Zamorins of Calicut – K. V. Krishna Iyer
  • ഭക്തി രസായനം – മധുസൂദനസരസ്വതി
  • The History of Indian Theatre- M. L. Varadpande.