മിത്തും സയന്റിഫിക് ടെമ്പറും – ബിനോയ്‌ പിച്ചളക്കാട്ട്

രണ്ടു ആനുകാലികസംഭവങ്ങളാണ് ഈ ലേഖനത്തിന് ആധാരം; ഒന്നാമത്, കേരളത്തിൽ ഇപ്പോൾ നടക്കുന്ന മിത്ത് വിവാദം. രണ്ടാമത്, ചന്ദ്രയാൻ-3 റോക്കറ്റ് വിക്ഷേപണത്തിനു മുന്നോടിയായി ജൂലായ് 13-ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ് തിരുപ്പതിക്ഷേത്രത്തിലെത്തി പ്രാർഥിച്ചതിന്റെ പേരിലുണ്ടായ വിവാദം. ശാസ്ത്രജ്ഞർക്ക് യുക്തിബോധം നഷ്ടപ്പെടുന്നോ എന്നതാണ് ചോദ്യം. ശാസ്ത്രവും മതവും ശത്രുക്കളെന്ന് കരുതുന്നവരും ഇവ രണ്ടും ഒരിക്കലും പൊരുത്തപ്പെട്ടുപോകില്ലെന്ന ധാരണയുള്ളവരും ഏറെയുണ്ടിന്ന്.


ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ ഈ രണ്ടു ശാഖകളും തമ്മിൽ പ്രോത്സാഹനജനകമായ ബന്ധം നിലനിന്നിരുന്നതായി കാണാം. ആർഷഭാരതസംസ്കാരത്തിൽ അറിവും ആത്മീയതയും പാരസ്പര്യം പുലർത്തിയിരുന്നു. ഈശ്വരാന്വേഷണത്തിനും ദേവപ്രസാദത്തിനുമുള്ള മാർഗങ്ങളിലൊന്നായിരുന്നു, ശാസ്ത്രം. അതുപോലെ, പാശ്ചാത്യശാസ്ത്രവും മതത്തെയോ വിശ്വാസത്തെയോ മാറ്റിനിറുത്തിയിട്ടില്ല. ആധുനികശാസ്ത്രത്തിന് ഗണ്യമായ സംഭാവന നല്കിയ കോപ്പർനിക്കസ്, ഗലീലിയോ, കെപ്ലർ, ന്യൂട്ടൺ തുടങ്ങിയ പ്രതിഭകൾ അടിയുറച്ച ഈശ്വരവിശ്വാസികളായിരുന്നു.


ശാസ്ത്രത്തിനും മതത്തിനുമിടയിൽ ഭിന്നതയുണ്ടായത് പില്ക്കാലത്താണ്. ശാസ്ത്രത്തിലെ കേവലവാദങ്ങളും മതപണ്ഡിതർ ശാസ്ത്രസിദ്ധാന്തങ്ങളോട് തുറവിയില്ലാതെ പ്രതികരിച്ചതും രണ്ടു ശാഖകൾക്കുമിടയിൽ ഭിന്നതയ്ക്ക് കാരണമായി. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ ശാസ്ത്ര-മത ബന്ധത്തിൽ പ്രത്യാശാജനകമായ മാറ്റങ്ങളുണ്ടായി. ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തവും ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം ബലതന്ത്രവും ശാസ്ത്രത്തിന്റെ കേവലവാദങ്ങളെ പൊളിച്ചെഴുതി. അനിശ്ചിതത്വവും കൃത്യതയില്ലായ്മയും ശാസ്ത്രീയനിഗമനങ്ങളിൽ അന്തർലീനമായിരിക്കുന്നുവെന്ന കണ്ടെത്തലിലൂടെ ശാസ്ത്രത്തിന് അതിന്റെ പരിമിതിയെക്കുറിച്ച് തിരിച്ചറിവുണ്ടായി. ശാസ്ത്രമണ്ഡലത്തിനുപുറത്തുള്ള ചക്രവാളങ്ങളിൽ അറിവിന്റെ സ്രോതസ്സുകളുള്ളതായി ശാസ്ത്രജ്ഞർ മനസ്സിലാക്കി. സമാനമായ മാറ്റം മതദർശനങ്ങളിലുമുണ്ടായി. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തിൽ വിശ്വാസസത്യങ്ങളെ വിശദീകരിക്കാൻ മതപണ്ഡിതർ തയാറായി.പുത്തൻ വിശദീകരണ തത്ത്വങ്ങൾ (Hermenuetics) ആവിര്‍ഭവിച്ചതോടെ മതഗ്രന്ഥങ്ങളെക്കുറിച്ചും വിശ്വാസസംഹിതകളെക്കുറിച്ചും നൂതനമായ ഉള്‍ക്കാഴ്ചകൾ ലഭിച്ചു. “മതം കൂടാതെയുള്ള ശാസ്ത്രം ബധിരമാണെന്നും ശാസ്ത്രം കൂടാതെയുള്ള മതം അന്ധമാണെന്നും”  ഐൻസ്റ്റൈൻ പറഞ്ഞത് ഈ അര്‍ഥത്തിലാണ്.


ശാസ്ത്ര-മത സംവാദത്തിന്റെ ആദ്യപടി ഓരോ ശാഖയും അതിന്റെ അനന്യത അംഗീകരിക്കുകയെന്നതാണ്. ശാസ്ത്രത്തിനും മതത്തിനും പൊതുവായുള്ള തലം സത്യാന്വേഷണത്തിന്റേതാണ്. എന്നാൽ, സമീപനത്തിലും രീതിശാസ്ത്രത്തിലും രണ്ടിനും വ്യത്യാസമുണ്ട്. പ്രമാണങ്ങളിൽ അധിഷ്ഠിതവും പരീക്ഷണവിധേയവുമാണ് ശാസ്ത്രം. മതമാകട്ടെ, ദൈവിക വെളിപാടുകളിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. ശാസ്ത്രം ഭൗതിക കാര്യങ്ങൾ തേടുമ്പോൾ, മതം അന്വേഷിക്കുന്നത് അവയുടെ അർഥതലങ്ങളാണ്. ഉദാഹരണമായി, പ്രപഞ്ചം എങ്ങനെ ഉണ്ടായിയെന്ന് ശാസ്ത്രം വിശദീകരിക്കുമ്പോൾ എന്തുകൊണ്ട് പ്രപഞ്ചം ഉണ്ടായിയെന്ന് മതം അന്വേഷിക്കുന്നു. ‘എന്തുകൊണ്ട്’ എന്നതിന് വിശകലനം നല്കാൻ ശാസ്ത്രത്തിന് കഴിയില്ല. അത് ശാസ്ത്രത്തിന്റെ ആവൃതിയിൽപ്പെടുന്ന ചോദ്യമല്ല. ശാസ്ത്രത്തിന് ഉത്തരം നല്കാൻ സാധിക്കാത്ത ഇത്തരം ചോദ്യങ്ങളെ മതങ്ങൾ മിത്തുകൾ ഉപയോഗിച്ച് വിശദീകരിക്കുന്നു. പ്രപഞ്ചോത്പത്തിയെ വിശദമാക്കുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തവും ബൈബിളിലെ ഉല്പത്തിപുസ്തകവും മിത്തുകളിലൂടെ പ്രതിപാദിക്കുന്നു. മിത്തുകള്‍ കേവലം കെട്ടുകഥകൾ അല്ല. അത് മനുഷ്യന്റെ ആത്മീയ- അസ്തിത്വ- വൈകാരിക മേഖലയിൽ വ്യാപരിക്കുന്നു. മിത്തുകളിലൂടെ മനുഷ്യൻ പരബ്രഹ്മത്തോടു സംവദിക്കുന്നു. സയന്റിഫിക് ടെമ്പർ കൊണ്ടുമാത്രം ഇതു സാധ്യമാകില്ല. ചുരുക്കത്തിൽ, ശാസ്ത്രം അറിവ് തേടുന്നു; മതം അർഥവും. ശാസ്ത്രത്തിനും മതത്തിനും യാഥാർഥ്യത്തെ ഭാഗികമായി വിശദീകരിക്കാനേ കഴിയൂ. എന്നാൽ, ശാസ്ത്രവും മതവും തുറവിയോടെ സംവദിക്കുമ്പോൾ കൂടുതൽ സമഗ്രമായ അറിവും ജ്ഞാനവും ലഭിക്കുന്നു. അതുകൊണ്ടാണ് വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ ഫ്രിജോഫ് കാപ്ര ഇപ്രകാരം പറഞ്ഞത്: “ശാസ്ത്രത്തിന് മതത്തെ ആവശ്യമില്ലായിരിക്കാം, മതത്തിനു ശാസ്ത്രത്തെയും. എന്നാൽ, മനുഷ്യന് ഇവ രണ്ടും ആവശ്യമാണ്.”


ശാസ്ത്ര-മതമണ്ഡലത്തിൽ വിവാദമുണ്ടാകുന്നത് ശാസ്ത്രദർശനങ്ങളെയും മതദർശനങ്ങളെയും കൂട്ടിക്കുഴയ്ക്കുമ്പോഴാണ്. 2019-ൽ പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ നടന്ന 106ാമത് ദേശീയ സയൻസ് കോൺഗ്രസിൽ ഉന്നയിക്കപ്പെട്ട പൗരാണിക ശാസ്ത്രവാദങ്ങൾ ആശ്ചര്യകരമാണ്. വിത്തുകോശ ഗവേഷണത്തിന് മഹാഭാരതത്തിൽ തെളിവുകളുണ്ടെന്നും ഒരു മാതാവില്‍നിന്ന് നൂറ് കൗരവർ ഉണ്ടായത് സ്റ്റെം സെല്‍ റിസേര്‍ച്ചും (Stem Cell Research) ടെസ്റ്റ്യൂബ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് എന്നും ആന്ധ്ര യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറായിരുന്ന പ്രഫ.ജി. നാഗേശ്വരറാവു പറയുകയുണ്ടായി. പുഷ്പകവിമാനത്തിനു പുറമേ വിമാനത്താവളങ്ങളും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. പൗരാണികഭാരതത്തിൽ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നതായി രാജ്യത്തിന്റെ പ്രധാനമന്ത്രിയും പ്രഖ്യാപിക്കുകയുണ്ടായി. നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ പുരാതന യൂണിവേഴ്സിറ്റികളും സർ സി.വി. രാമൻ, ജെ. സി. ബോസ്, വിക്രം സാരാഭായി, ഇ. കെ.ജാനകിയമ്മാൾ. എസ്.രാമാനുജൻ, എസ്.ചന്ദ്രശേഖർ, എ,പി,ജെ, അബ്ദുൽ കലാം തുടങ്ങിയ ശാസ്ത്രപ്രതിഭകളുമടങ്ങിയ കുലീനമായ ഒരു ശാസ്ത്രപാരമ്പര്യം ഉണ്ടായിട്ടും ഭാരതമനസ്സിന് ശാസ്ത്രബോധം അന്യമാകുന്നില്ലേയെന്ന് ഗൗരവപൂർവം ചിന്തിക്കേണ്ടിയിരിക്കുന്നു. മിത്ത് വിവാദം ഈ ഒരു ശൃംഖലയിലെ ഏറ്റവും അടുത്ത കണ്ണിയാണ്.


പൗരാണിക മിത്തുകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളല്ല. അവ സത്യത്തിന്റെ സൂചന നല്കുമെങ്കിലും അവയുടെ സാധുത ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതിനാൽ മിത്തുകളെ ശാസ്ത്രമണ്ഡലത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. എന്നാൽ, വിശ്വാസമണ്ഡലത്തിലും വൈകാരികതലത്തിലും അവയ്ക്ക് കൃത്യമായ അർഥങ്ങളുണ്ടുതാനും. അതുകൊണ്ട് ശാസ്ത്രസംബന്ധമായ കാര്യങ്ങളിൽ തീർപ്പുകല്പിക്കാൻ മതത്തിനോ മതസംബന്ധമായ കാര്യങ്ങളിൽ വിധിനടത്താൻ ശാസ്ത്രത്തിനോ അവകാശമില്ല. ശാസ്ത്രമണ്ഡലത്തിൽ വരുന്നവ ശാസ്ത്രജ്ഞർ കൈകാര്യംചെയ്യണം. മതത്തിന്റെ മണ്ഡലത്തിൽ വരുന്നവ മതപണ്ഡിതരും. രീതിശാസ്ത്രം മറന്ന് ശാസ്ത്രസിദ്ധാന്തങ്ങളും മതദർശനങ്ങളും സംവദിക്കുമ്പോഴാണ് കലഹം ഉണ്ടാകുന്നത്.


ചാന്ദ്രയാന്‍-3 ദൗത്യത്തിന്  മുന്‍പും പിന്‍പും  ക്ഷേത്രദർശനം നടത്തി പ്രാർഥിച്ച ഐ.എസ്.ആർ.ഒ. ഡയറക്ടറുടെ ശാസ്ത്രബോധത്തെ ആരും സംശയിക്കേണ്ടതില്ല. ശാസ്ത്ര പരീക്ഷണ-നിരീക്ഷണങ്ങളിൽ സയന്റിഫിക് ടെമ്പറിനു ഊന്നൽനല്കൂന്ന ഡോ.സോമനാഥിനെപ്പോലുള്ള വിശ്വാസികളായ ശാസ്ത്രജ്ഞരില്‍ അവർ ജീവിച്ചുപോരുന്ന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മതാത്മകതയുടെയും വേരുകളുണ്ട്. വിവാദത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ്. “വിശ്വാസം എന്റെ വ്യക്തിപരമായ ഇടമാണ്. ശാസ്ത്രം തൊഴില്‍പരമായ ഇടവും.” രണ്ടും രണ്ടാണെന്ന്.   മിത്ത് വിവാദക്കാരുടെ വൈകാരികക്ഷോഭത്തിനോ യുക്തിവാദികളുടെ കേവല ചിന്താഗതിക്കോ അടിമപ്പെടാതെ ശാസ്ത്രവും വിശ്വാസവും സമന്വയിപ്പിക്കാൻ കഴിയുമ്പോഴാണ് ജീവിതം കൂടുതൽ ധന്യമാവുന്നത്. ശാസ്ത്രവും മതവും ശത്രുക്കളല്ല, മറിച്ച്, പരസ്പര പൂരകങ്ങളാണെന്ന ബോധ്യം ശാസ്ത്ര-മത സംവാദത്തിന്റെ നൂതനസാധ്യതകളിലേക്കാണ് വെളിച്ചം വീശുന്നത്.