സമകാലിക ഇന്ത്യൻ രാഷ്ട്രീയം: എങ്ങോട്ടാണീ പോക്ക്? – രാം പുനിയാനി

2023 ഓഗസ്റ്റ് 15-ാം തീയതി ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എങ്ങോട്ടാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ ചിന്തിക്കുക ഉചിതമാണ്. എഴുപത്താറ് വർഷം മുമ്പ് ഡൽഹിയിലെ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നുകൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചെയ്ത വിധിയുമായുള്ള ഒരു സമാഗമം എന്ന ചരിത്രപ്രസിദ്ധവും അവിസ്മരണീയവുമായ പ്രസംഗം ലോകം ശ്രവിച്ചു. വിഭജനത്തിന്റെയും തുടർന്നുള്ള ഹിംസയുടേയും വേദന സഹിക്കുകയായിരുന്നു ഇന്ത്യ. രാജ്യത്തെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത ബ്രിട്ടീഷുകാർ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ദുർബലമാക്കിയിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനം ബ്രിട്ടീഷ് കോളനിവത്ക്കരണത്തിനെതിരെ പോരാടുകയും ഇന്ത്യൻ സ്വത്വബോധത്തിൽ ഇന്ത്യക്കാരെ ഐക്യത്തിൽ കൊണ്ടുവരുകയും ചെയ്തു.


ജനങ്ങളുടെ ആശയാഭിലാഷങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ട് കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി, ഇന്ത്യയുടെ വിശിഷ്ടമായ ഭരണഘടന തയാറാക്കിയെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ഭരണഘടനയുടെ ആമുഖം സംക്ഷിപ്തമായി നല്കിയത്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കു പുറമേ, ആധുനികമാർഗത്തിൽ രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള മാർഗരേഖകൂടിയത്രേ. നെഹ്‌റുവിന്റെ നയങ്ങൾ ലക്ഷ്യംവച്ചത് ആധുനികരീതിയിലുള്ള അടിസ്ഥാന വ്യവസായസ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളുമാണ്. ഭക്രാനംഗൽ ഡാം ഉദ്ഘാടനം ചെയ്തുകൊണ്ട് നെഹ്‌റു ചെയ്ത പ്രസംഗത്തിൽ, ശാസ്ത്രഗവേഷണസ്ഥാപനങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, വൈദ്യുതിനിലയങ്ങൾ, ജലവൈദ്യുത പദ്ധതികൾ, ഡാമുകൾ എന്നിവയെ വിശേഷിപ്പിച്ചത് ആധുനികഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്നത്രേ. ശാസ്ത്രസാങ്കേതിക, വ്യാവസായിക, കാർഷികമേഖലകളിൽ സ്വാതന്ത്ര്യത്തിനുശേഷം ഒരു കുതിച്ചുചാട്ടം നടത്തുകയെന്ന ഇന്ത്യയുടെ ദൃഢനിശ്ചയമാണ് നെഹ്‌റുവിന്റെ നയങ്ങൾ പ്രതിഫലിപ്പിക്കുന്നത്.


വ്യവസായവത്കരണം, ആധുനികവിദ്യാഭ്യാസം, ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ, കാർഷിക വികസനം, പാലിന്റെ ഉത്പാദനം, ന്യൂക്ലിയർ – ശൂന്യാകാശ ഗവേഷണം എന്നീ മേഖലകൾക്കെല്ലാം മുൻഗണനകൾ നല്കി വലിയ തുടക്കമാണ് നെഹ്‌റു കുറിച്ചത്. ദലിതർക്ക് ഭരണഘടനയിൽ അർഹിക്കുന്ന പരിഗണന നല്കാനും അവരുടെ ഉന്നമനം ലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്‌ക്കരിക്കാനും അദ്ദേഹം തയാറായി. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ സ്ത്രീകൾക്ക് പ്രോത്സാഹനവും  പിന്തുണയും നല്കാനും അദ്ദേഹം മനസ്സുവച്ചു. ഏറെ കഠിനാദ്ധ്വാനം വേണ്ട ഒന്നായിരുന്നു ഈ യജ്ഞം. 1980-ൽ ആരംഭിക്കുന്ന ഒരു ദശവർഷം വരെ അതു തുടരുകയുണ്ടായി.


1980-കളിൽ രാജ്യം സാക്ഷ്യം വഹിച്ചത് വിഭാഗീയ രാഷ്ട്രീയത്തിനാണ്. ഷബാനു കേസിലെ  വിധിയെ മറപിടിച്ചുകൊണ്ട് ന്യൂനപക്ഷ പ്രീണനം എന്ന ആശയത്തിന് സമൂഹമനസ്സിൽ ഇടംകൊടുക്കാൻ പ്രചാരണം കൊണ്ട് സാധിച്ചു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതും വിഘടന ദേശീയതയ്ക്ക് ഉത്തേജനം നല്കി ‘ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ’ എന്ന സങ്കല്പത്തെ ഒന്നാകെ തകിടം മറിക്കാൻ അതിടയാക്കി. തുടർന്ന് മുസ്ലീംപള്ളികൾക്കടിയിലുള്ള ക്ഷേത്രങ്ങൾ അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായി. ബാബ്‌റി മസ്ജിദ് നശിപ്പിക്കുന്നതിൽവരെ ഈ ശ്രമം ചെന്നെത്തി. ഇതിന് വലിയ ശ്രദ്ധയും പ്രചാരണവും നല്കപ്പെട്ടു. ഇവയെല്ലാം സാമൂഹികപുരോഗതിയെ തളർത്തി. സാധാരണ മനുഷ്യർക്ക് നീതിയും ക്ഷേമവും ഉറപ്പാക്കുന്നതിന് ഇതു വിഘാതമായി. മഹാത്മാഗാന്ധിയുടെ ഏറ്റവും പാവപ്പെട്ടവന് പ്രാമുഖ്യം എന്ന സങ്കല്പം അപ്രധാനമായി മാറി.


ക്ഷേത്രരാഷ്ട്രീയം സമൂഹത്തെ വിഭജിക്കാനും ഹിസംയിലൂടെ വർഗീയശക്തികൾക്ക് ശക്തിപ്രാപിക്കാനും അവസരം നല്കുകയും ചെയ്തു. ഇതിന് രാഷ്ട്രീയമാനങ്ങളുമുണ്ടായിരുന്നു. മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണത്തോടൊപ്പം ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഗ്രാഫും ഉയരുന്നതാണ് പിന്നീട് രാജ്യം കണ്ടത്. ഇതോടൊപ്പം വർഗീയ രാഷ്ട്രീയപ്പാർട്ടിയുടെ വളർച്ചയും ഉണ്ടായി.


ക്ഷേത്രവിഷയത്തോടൊപ്പം ‘വിശുദ്ധപശു’ എന്ന ആശയത്തിന് പ്രചാരം സിദ്ധിച്ചതോടെ, മുസ്ലീങ്ങളുടെയും ദലിതരുടെയും ജീവിതമാർഗം നശിപ്പിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ ഏറെയുണ്ടായി. ‘ഘർവാപസി’ മറ്റൊരു വിഷയമായി മാറി. ‘ലൗ ജിഹാദ്’ എന്ന വിഷയം മുസ്ലീം യുവാക്കളെ ലക്ഷ്യമിട്ട് നടത്തിയതിനു പുറമേ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മേലുള്ള നിയന്ത്രണം കൂടി ലക്ഷ്യം വച്ചുള്ളതായിരുന്നു.


ഇതിനോടകം, സാമൂഹികവികസനത്തിന്റെ മാർഗത്തിൽ മുന്നോട്ടുപോകാതെ പിന്നാക്കം പോകാനിടയായി. സാമ്പത്തികസൂചകങ്ങളെല്ലാം താഴോട്ടുപോയി. വിശപ്പിന്റെ അളവും തോതും സൂചകങ്ങളും വർധിച്ചു. അഭിപ്രായസ്വാതന്ത്ര്യം എന്നിവയിലും വലിയ കടന്നുകയറ്റമുണ്ടായി. അമൂല്യമായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവ്യക്തികൾക്ക് വിൽക്കുകയുണ്ടായി. ഇതെല്ലാം തുച്ഛമായ വിലയ്ക്കും പ്രിയപ്പെട്ട വ്യക്തികൾക്കുമാണെന്നത് പകൽപോലെ വ്യക്തമാണ്. ശതകോടീശ്വരൻമാർ ഭരണകൂടവുമായുള്ള അടുത്തബന്ധം മുതലാക്കി സമൂഹത്തിന്റെ പണവുമായി രാജ്യംവിട്ട് വിദേശത്തു സുഖമായി താമസിക്കുകയാണ്. കോടിക്കണക്കിനു രൂപയാണങ്ങനെ ബാങ്കുകൾക്കും രാജ്യത്തിനും നഷ്ടമായത്. ഉള്ളവനും ഇല്ലാത്തവനും, ധനികനും ദരിദ്രനും തമ്മിലുള്ള വിടവ് ഏറെ വലുതായി. ശാസ്ത്രചിന്തയ്ക്ക് വലിയ തിരിച്ചടിയേറ്റു. പുരാതന ഇന്ത്യയിലെ പ്ലാസ്റ്റിക് സർജറി മൂലം ആനയുടെ തല മനുഷ്യശരീരത്തിൽ തുന്നിച്ചേർക്കാൻ കഴിഞ്ഞിരുന്നുവെന്ന്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. അതൊരു തുടക്കം മാത്രം. തുടർന്ന്‍ യോഗ്യരായ പലരും നടത്തിയ പ്രഭാഷണ വിഷയം എല്ലാ ശാസ്ത്രവും ഇന്ത്യയിലെ പുരാതനവിജ്ഞാനത്തിന്റെ ഭാഗമാണെന്നതായിരുന്നു.


ഈ സംഭവങ്ങളോടൊപ്പം തന്നെ ഭരണഘടന ഭേദഗതി എന്ന ആവശ്യം കൂടുതൽ പ്രകടമായും ശക്തമായും ഉയർന്നു. ഇടുങ്ങിയ ദേശീയതയുടെ വക്താക്കൾ പറയുന്നുത്, ആവശ്യപ്പെടുന്നത് ഭരണഘടനാ മൂല്യങ്ങളെക്കാൾ പ്രാമുഖ്യം നല്കേണ്ടത് ഭാരതസംസ്‌കാരത്തിനാണെന്നത്രേ. ബ്രാഹ്മണമൂല്യങ്ങളാണ് ഭാരതത്തിന്റെ സവിശേഷ സംസ്‌കാരമെന്നാണ് ഇവരുടെ വാദം. ഇതൊരു ഫ്യൂഡൽ ചിന്തയാണ്. നീതിയുടെ ഭീകരമായ ഒരു ദുരുപയോഗമാണ് ഈ അടുത്ത കാലത്ത്, നോട്ടീസുപോലും നല്കാതെ ബുൾഡോസർ ഉപയോഗിച്ച് ചില സംസ്ഥാന സർക്കാരുകൾ മുസ്ലീങ്ങളുടെ കെട്ടിടങ്ങൾ തകർക്കുകയുണ്ടായി. വർഗീയലഹളയിൽ പങ്കെടുത്തതായി ആരോപണമുള്ള ഇവരുടെ കെട്ടിടങ്ങൾ തകർത്തത് നിയമപരമല്ലാത്ത നിർമാണമാണവയെന്ന കാരണത്താലാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആസ്സാം എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ‘ബുള്‍ഡോസർ നീതി’ നടത്തിയത്.


മണിപ്പുർ അതിക്രമം പോലെതന്നെ, ഹരിയാനയിലെ മേവാത് – നൂഹ് ജില്ലയിലെ അക്രമവും ഹിംസയും ഇപ്പോൾ നമ്മുടെ മനസ്സിലുണ്ട്. നാല്പതുശതമാനം മുസ്ലീങ്ങളുള്ള വളരെയധികം പിന്നാക്കം നില്ക്കുന്ന ഒരു ജില്ലയാണിത്. നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മുമ്പിലുള്ള മാർഗം ഏതാണ്? ഇതിന് രാഷ്ട്രീയമായ ഒരു മാനം മാത്രമല്ല ഉള്ളത്. ഇന്ന് വെറുപ്പിന്റെ രാഷ്ട്രീയമാണിവിടെ പ്രാമുഖ്യം നേടിയിരിക്കുന്നത്. ബില്‍ക്കീസ് ബാനുവിനെപ്പോലെയുള്ള അനേകർക്ക് നീതിനിഷേധിക്കപ്പെട്ടിരിക്കുന്നു. ആക്രമണത്തിന് ഇരയാക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നില്ല. കുറ്റകൃത്യങ്ങൾക്ക് ശിക്ഷയില്ല; ശിക്ഷ വേണ്ട എന്ന സംസ്‌കാരം സജീവമാണ്. നമ്മുടെ മുഖത്തുനോക്കി ഓളിയിടുകയാണതു ചെയ്യുന്നത്. പുതിയ ഭരണഘടന, സാംസ്‌കാരികമൂല്യങ്ങൾ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പുരാതനസംസ്‌കാരത്തെ പുനർജീവിപ്പിക്കുകയാണ് അതിന്റെ പിറകിലെ അജണ്ട.


ഇരയാക്കപ്പെടുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന സാമൂഹികപ്രസ്ഥാനങ്ങൾക്കും ഗ്രൂപ്പുകൾക്കും ചെയ്യാവുന്ന പരിശ്രമങ്ങളിലാണ് പ്രത്യാശയുള്ളത്. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള -സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് – ററീസ്റ്റ സെതൽവാദ് ആണ് ഈ സംഘടനയ്ക്ക് നേതൃത്വം നല്കുന്നത്. പ്രബുദ്ധരായ പല അഭിഭാഷകരും നിയമജ്ഞരും നീതിനിഷേധിക്കപ്പെട്ടവർക്കായി നിരവധി കേസുകളിലൂടെ ധീരമായി പ്രവർത്തിക്കുന്നുണ്ട്. ഹർഷ് മന്ദർ നേതൃത്വം നല്കുന്ന ‘കാരവൻ-ഇ-മൊഹബത്’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളും ഏറെ പ്രതീക്ഷ നല്കുന്നവയാണ്.  സംഘർഷങ്ങളിലും ആക്രമണങ്ങളിലും കെടുതികളനുഭവിച്ചവർക്ക് സമാശ്വാസം എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ശബ്‌നംആസ്മി നേതൃത്വം നല്കുന്ന (മേരെ ഖർ ആ കേ തോ ദേഖോ) വരൂ, എന്റെ വീടു വന്നു കാണൂ എന്ന സംരംഭവും സാമുദായിക സുസ്വരത ഉറപ്പാക്കാനുള്ള ആശാവഹമായ ഒരു പദ്ധതിയാണ്.


നാമിന്നൊരു നാൽക്കവലയിലാണ് നിലകൊള്ളുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം എന്ന വിഭാഗീയചിന്ത ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് തികഞ്ഞ ബോധ്യമുണ്ട്. ഭരണഘടനയെയും അതിന്റെ പാവനമായ ജനാധിപത്യമൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് കൂട്ടായ ഐക്യത്തോടെയുള്ള ഒരു പൊതുവായ ഇടം അവർ തേടുന്നുണ്ട്. ‘ഭാരത് ജോഡോ അഭിയാൻ’ തുടങ്ങിയ സാമൂഹിക ഗ്രൂപ്പുകൾ ഇതിനുവേണ്ട അടിത്തറ നല്കിക്കൊണ്ടിരിക്കുന്നു. സമാധാനസന്ദേശമാണ് അവർ അക്ഷീണം നല്കിവരുന്നത്. കർണാടക പരീക്ഷണം നല്കുന്നത്, ജനാധിപത്യത്തിന് ഭാവിയുണ്ട് എന്ന പ്രത്യാശയും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നം പങ്കുവയ്ക്കുന്നവർക്ക് വലിയ ആവേശവുമാണ്. ഇന്ത്യ എന്ന ആശയത്തെ വിഘടനവാദികൾ എതിർക്കുന്നുണ്ട്. അവരുടെ വിഭജനതന്ത്രങ്ങൾക്ക് ഭരണഘടന ഒരു തടസ്സമാണെന്നവർ കരുതുന്നു. മുഖ്യധാരയിൽനിന്ന് സാധാരണക്കാരെ മാറ്റി നിർത്തുന്ന അജണ്ടയാണവരുടേത്.


മാനുഷികമൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഏവരുടെയും ജീവിതത്തെയും ആത്മാഭിമാനത്തെയും ആദരിക്കുന്ന, മതം, ജാതി, ലിംഗം എന്ന ഭേദചിന്തയില്ലാത്ത പ്രത്യശയുടെ ഒരു കാലം ആസന്നഭാവിയിൽ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ.


മൊഴിമാറ്റം : മാത്യ കുരിശുംമൂട്ടിൽ