രാഷ്ട്രീയത്തിന്റെ ഭാവി – ശിവ് വിശ്വനാഥൻ

പഴയൊരു കഥയുണ്ട്. അതൊരു കഥ പറയുന്നവന്റെ കഥകൂടിയാണ്. ഹരികഥാകാരനാണയാൾ. ഒരിക്കൽ അയാൾ ക്ഷണിക്കപ്പെട്ടത്, ഓഗസ്റ്റ് 15-ാം തീയതിയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനാണ്. ചുക്കിച്ചുളിഞ്ഞ ഒരു ഷാൾ മാത്രം പുതച്ചിരുന്ന അയാൾ ഏറക്കുറെ നഗ്നനായിരുന്നു. ജനക്കൂട്ടത്തെ നമസ്‌കരിച്ചശേഷം അദ്ദേഹം നൃത്തച്ചുവടുകളോടെ ഫ്ലാഗ്‌പോസ്റ്റിന്റെ ചുവട്ടിലെത്തി. കൊടിമരത്തിന്റെ മുകളിൽനിന്ന് അല്പം താഴെയായി അയാൾ പതാക ഉയർത്തിക്കെട്ടി. അയാൾ പറഞ്ഞത്. അതൊരു ദുഃഖാചരണദിനമെന്നായിരുന്നു. സ്വാതന്ത്ര്യം മരിച്ചുകഴിഞ്ഞു. രാഷ്ട്രത്തെക്കുറിച്ചുള്ള കാല്പനിക സ്വപ്‌നങ്ങളെല്ലാം മൃതിയടഞ്ഞു. ഈ കാല്പനിക സ്വപ്‌നങ്ങളുടെ ചരമത്തോടെ, രാഷ്ട്രശരീരത്തിൽ ഒരു മരവിപ്പും കാഠിന്യവും ഉണ്ടായി. രീതിശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും മരവിപ്പായിരുന്നു അത്. ഏതാനും നിമിഷം നിശ്ശബ്ദനായി നിന്ന അദ്ദേഹത്തിന് ഒരു വിഗ്രഹത്തിന്റെ ഛായ ഉണ്ടായിരുന്നു. ഉടനെ അയാൾ അപ്രത്യക്ഷനായി. ജനാധിപത്യത്തിന് വലിയ ഭാവി ഇല്ലാത്തതിനാൽ രാഷ്ട്രീയത്തിനും ഭാവിയില്ലെന്നാണ് അയാൾ അവകാശപ്പെട്ടത്. വോട്ടിന്റെയും നോട്ടിന്റെയും (കറൻസി) രാഷ്ട്രീയം മനസ്സിന്റെ സർവ സർഗാത്മകതയെയും നശിപ്പിച്ചിരിക്കുന്നു.


ജനാധിപത്യത്തിൽ നിർണായകമായ മൂന്നു ഘടകങ്ങൾ ഉണ്ടെന്ന് ഈ വൃദ്ധനായ മനുഷ്യൻ പിന്നീട് അവകാശപ്പെടുകയുണ്ടായി. ഒന്നാമതായി, ജനാധിപത്യം ഒരു കഥയുടെ ആഖ്യാനമാണ്. ഓരോ രാഷ്ട്രീയകഥയ്ക്കും വ്യത്യസ്തമായ പരിസമാപ്തിയുണ്ട്. ബദലുകളും വ്യത്യസ്തതയുമില്ലാതെ രാഷ്ട്രീയമില്ല. അമൂർത്തമായ സങ്കല്പങ്ങളെ മൂർത്തവും യഥാർഥവുമായ കാഠിന്യമായി അവതരിപ്പിക്കുമ്പോൾ വൈവിധ്യങ്ങളുടെ നാശം സംഭവിക്കുന്നു. രണ്ടാമതായി, പരീക്ഷണം നടത്താൻ ഒരിടം ഉണ്ടാവണം. ചിന്തയിലുള്ള പരീക്ഷണങ്ങൾ രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കും. ജനാധിപത്യം ജന്മമെടുക്കുന്നത്, സ്വപ്‌നം, പരീക്ഷണം, സാധാരണക്കാരുടെ പഠനരീതിശാസ്ത്രം എന്നിവയുടെ മധ്യത്തിലാണ്. മൂന്നാമതായി രാഷ്ട്രീയത്തെ വധിക്കുന്നത് ഹിംസയാണ്. അത് സംവേദനക്ഷമതയെ ദുർബലമാക്കുന്നു, നശിപ്പിക്കുന്നു. 2023-ൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാഷ്ട്രീയ മസ്തിഷ്‌കമാണ്. രാഷ്ട്രീയത്തിന്റെ മണവും രുചിയും തിരിച്ചറിയാനുള്ള ഇന്ത്യയുടെ നൈപുണ്യമാണ് നഷ്ടമായത്. രാഷ്ട്രീയമായ മസ്തിഷ്‌കത്തിന്റെ അഭാവത്തിൽ ഒരു രാഷ്ട്രത്തിന് എന്തു ഭാവിയാണുണ്ടാവുക? ഇതിന്റെ ആദ്യത്തെ സൂചനയാണ്, കിംവദത്തികളുടെ കാര്യത്തിലുള്ള കുറവ്.


ഒരു വ്യാഖ്യാതാവ് എന്ന നിലയിൽ ഇവയുടെ ഒരു സംഗ്രഹം ഞാനിവിടെ അവതരിപ്പിക്കട്ടെ. മൂന്നു കാര്യങ്ങളാണിവിടെ ഒന്നിച്ചു ചരമമടഞ്ഞത്. സ്വതന്ത്രചിന്ത, സ്മൃതിരൂപത്തിലുള്ള ജനാധിപത്യത്തിന്റെ നാടോടിക്കഥ, ഭരണഘടനയെ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ, ഒരു ലീലയായി കാണാനുള്ള സിദ്ധി, എന്നിവയാണത്. ജനാധിപത്യമെന്നത് കാല്പനിക സ്വപ്‌നലോകത്തിനു പകരം ഒരു വോട്ടിംഗ് യന്ത്രമായി മാറി. വൈവിധ്യത്തിന്റെ സ്വപ്‌നവും ആഘോഷവുമില്ലാതായി പരിണമിച്ചു. ജനാധിപത്യം- ബഹുത്വാത്മകതയില്ലാത്ത ജനാധിപത്യം സംഖ്യകളുടെ വരൾച്ചയായി അധഃപതിച്ചു. സംഖ്യകൾ തണുത്തുറഞ്ഞ് ഭൂരിപക്ഷവർഗീയതയുടെ പ്രകടന പ്രകാശനങ്ങളായി വൈവിധ്യത്തിന്റെ വംശഹത്യയ്ക്കുതന്നെ പോന്നതാണത്.


രാഷ്ട്രീയം സംഖ്യകളുടെ ഒരു കളിയായി മാറിയതോടെ പ്രത്യയശാസ്ത്രങ്ങൾക്ക് ജനാധിപത്യവുമായുള്ള പൊക്കിൾക്കൊടി ബന്ധം ഇല്ലാതായി. നവമായ സങ്കല്പങ്ങളും പുതുതായ സ്ഥാപനങ്ങളും രാജ്യത്തുണ്ടായില്ല. യഥാർഥത്തിൽ, നവമായ ആശയങ്ങളും വസ്തുതകളുടെ കണ്ടെത്തലുകളും രാജ്യദ്രോഹപരമായിട്ടാണ് വിലയിരുത്തപ്പെട്ടത്. ഇടുങ്ങിയ ദേശീയതയാണ് ഭരണകൂടത്തെ നയിച്ചത്. ഒരു സന്യാസിവര്യൻ പ്രസ്താവിച്ചതുപോലെ, ഇന്ത്യയിൽ ഒരു യഥാർഥ പൗരനാകണമെങ്കിൽ നിങ്ങൾ ഒരു അർബൻ നക്‌സലാകണം. ദേശവിരുദ്ധനായാൽ മാത്രമേ ഇന്ന് ഇന്ത്യക്കാരനായി ജീവിക്കാൻ സാധിക്കുകയുള്ളൂ. ജനാധിപത്യത്തെ യഥാർഥത്തിൽ അർഥവത്താക്കുന്നത് വൈവിധ്യത്തെ വാഴ്ത്തുമ്പോഴാണ് മഹത്ത്വവത്കരിക്കുമ്പോഴാണ്. ഭരണകൂടത്തെ വിമർശിക്കുന്നതുപോലും രാജ്യദ്രോഹക്കുറ്റമായിത്തീരുന്ന കാലമാണിത്.


മറ്റൊരാൾ സാക്ഷ്യപ്പെടുത്തിയത്, ഭരണഘടന മരിക്കുന്നത്, ഭാഷയുടെ പരാജയത്തോടെയെന്നാണ്. വ്യാഖ്യാനവും വിമർശനവും വ്യത്യസ്തതയുമില്ലാത്ത സമൂഹം ഉണങ്ങിയ വൃക്ഷശിഖരമാണ്, തടിയാണ്. ബജ്‌റംഗ്ദൾ എന്നു വിളിച്ചുകൊണ്ട് അതിനെ നമുക്കു വീണ്ടെടുക്കാനാവില്ല. ഏകരൂപത്തിന്, അടിസ്ഥാനമാതൃകയ്ക്ക് അനുരൂപമാക്കുന്നതിന് ഒത്തിരി ദുഃഖം സഹിക്കേണ്ടിവരും. കഴിഞ്ഞകാല സംഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക് അതു വ്യക്തമായി മനസ്സിലാക്കാനാവും. തിരുത്തി വീണ്ടുമെഴുതുന്നതിലൂടെ മാത്രമേ ഭരണഘടന സജീവമായി നിലനില്ക്കുകയുള്ളൂ. തണുത്തുമരവിച്ച ലോകം നിയമത്തിന്റെ ഭാഷയെയല്ല, സൂചിപ്പിക്കുന്നത്. അതാവശ്യപ്പെടുന്നത് കൂടുതൽ ക്രമസമാധാനമത്രേ. നിരന്തര നിരീക്ഷണത്തിന്റെ കാഠിന്യമാണത് പ്രകടമാക്കുന്നത്. ടൈംടേബിൾ ക്രമപ്പെടുത്തിയ ലോകത്ത് സമയത്തിന്റെ യഥാർഥമൂല്യം നഷ്ടപ്പെടുകയാണ്. ഒരു വനവാസിയുടെ പരാതി ഇതായിരുന്നു. രേഖീയ സമയക്രമത്തിൽ എങ്ങനെയാണ് സുസ്ഥിരത കൈവരിക്കാനാവുക? എന്റെ ഗോത്രത്തിന് 15 തരം സമയമുണ്ട്. ദുരന്തം ആരംഭിക്കുന്നത് ജനാധിപത്യത്തിന് സമയബോധം നഷ്ടപ്പെടുമ്പോഴാണ്.


മതനിരപേക്ഷതയുടെ ഒരു വരണ്ട മാതൃക രൂപപ്പെടുത്തുന്നതിനിടയിൽ നമുക്ക് നഷ്ടമായത് പ്രകൃതിയെക്കുറിച്ചും അതിന്റെ വിശുദ്ധിയെക്കുറിച്ചുമുള്ള അവബോധമാണ്. വംശഹത്യയും പീഡനവും മൂലം മനുഷ്യശരീരത്തിന്റെ വിശുദ്ധത നഷ്ടമാക്കി. പ്രകൃതിയെ ഒരു വില്പനച്ചരക്കാക്കിക്കാണാനും അതിടയാക്കി. ബ്രസീലിലെ ഒരു ആദിവാസി ഭംഗിയായി അക്കാര്യം പറഞ്ഞതിങ്ങനെ: ആധുനിക രാഷ്ട്രീയം വനത്തെ കാണുന്നത് തടിയും വിറകുമായാണ്. എന്റെ സങ്കല്പത്തിലെ കാനനം രഹസ്യാത്മകമായ ഒരസ്തിത്വമത്രേ. ഇലകളുടെ മർമരം, അർഥത്തിന്റെ ഗാനമേളയാണ്. പ്രകൃതിക്ക് വേണ്ടത് വൈവിധ്യമാണ്. നാം വർണങ്ങളെ സ്വപ്‌നം കാണുമ്പോഴാണ്, പ്രകൃതി ജനിക്കുന്നത്. വൃദ്ധനായ ഒരു മത്സ്യത്തൊഴിലാളിയുടെ പരാതി ഇതായിരുന്നു: നമ്മുടെ ഭരണഘടനയ്ക്ക് സമുദ്രത്തെക്കുറിച്ച് അവബോധമില്ല. സമുദ്രജലത്തിന്റെ ഒഴുക്കിനെക്കുറിച്ച് ഒരു ദർശനമില്ല. സമയത്തിന്റെ താളലയത്തെക്കുറിച്ചും വിത്തുകളുടെ വൈവിധ്യത്തെക്കുറിച്ചും ഭരണഘടനയ്ക്ക് അറിവില്ല.


ഏകകൃഷി (Monoculture) എന്നത് പ്രകൃതിയുടെ അന്തമല്ല; അത് രാഷ്ട്രീയത്തിന്റെ അന്തമാണ്. വനത്തിൽ അനേകം അദ്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്നതുപോലെ വാക്കുകളുടെ ഓരോ ചെടിക്കും പുതുതായൊരു രഹസ്യമുണ്ട്. വൈവിധ്യവും വ്യത്യസ്തതയുമില്ലാതെയുള്ള ഒരേ ഭാഷയിലും ശൈലിയിലുമുള്ള ആശയവിനിമയത്തിന് യാതൊരു ചടുലതയും ചലനാത്മകതയുമില്ല. അത് ആത്മഭാഷണത്തിനു സദൃശമാണ്. 2014-നുശേഷം ബി.ജെ.പിക്ക് ഇതു മനസ്സിലാക്കാനായിട്ടില്ല. രാഷ്ട്രീയം മരിക്കാനാരംഭിച്ചത് ആദിവാസിഗോത്രജീവിതം മാഞ്ഞുപോയപ്പോഴാണ്. രാഷ്ട്രീയം എന്ന ആശയാദർശവും വ്യത്യസ്തതയുടെ ഒരു പ്രസ്താവനം എന്നതിന്റെ പ്രതീകമായി മരവും ഒന്നിച്ചാണ് അപ്രത്യക്ഷമായത്. ദിവ്യശക്തിയുണ്ടെന്ന് കരുതുന്ന ‘മന്ത്രവാദി’കളുടെ അഭിപ്രായമാണിത്. ഇത്തരം പ്രതിഭാസത്തെക്കുറിച്ചുള്ള നയത്തെ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് വിശ്വസനീയതയില്ല. ഏതാനും മന്ത്രവാദികള്‍ക്ക് ഇതുപിടികിട്ടി. എന്നാൽ, അവർ നിശ്ശബ്ദത പാലിച്ചു. പുതിയ ബദലുകൾ കാലഘട്ടത്തിന് ആവശ്യമാണെന്ന തിരിച്ചറിവ് രാഷ്ട്രീയത്തിനുണ്ടായില്ല. ഭാവിയെ സ്വപ്‌നം കാണുകയെന്നാൽ പുതിയ ഒരു രാഷ്ട്രീയത്തെ സ്വപ്‌നം കാണുകയെന്നതുതന്നെയാണ്.വിത്തുകൾക്ക് ജലസേചനം നല്കുന്നതുപോലെ ഉട്ടോപ്പിയകളെയും നനച്ചു വളർത്തേണ്ടതുണ്ട്. പുതിയ സാധ്യതകൾ തേടുകയാണ് നവീനാശയങ്ങൾ മാനിഫെസ്റ്റോകളും സ്വപ്‌നങ്ങളും ഉട്ടോപ്പിയകളും മരിച്ചുവീണത് കാഠിന്യത്തിന്റെ സ്വപ്‌നത്തിലാണ്. യഥാർഥത്തിൽ ഔദ്യോഗിക കടുംപിടിത്തം ബി.ജെ.പി ഭരണകൂടത്തിന്റെ ശൈലിയായിരുന്നു. എല്ലാറ്റിന്റെയും സൂചകമായി ഇതുമാറി. ആശയാദർശങ്ങളുടെ നൃത്തം എന്ന നിലയിൽ രാഷ്ട്രീയം മരിച്ചു. ഭാവി എന്നത് പ്രവചിക്കാനാവുന്നതും വിരസവുമായിത്തീർന്നു. രാഷ്ട്രീയത്തിനു സന്തോഷം പകർന്ന ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾ ഭാവനാശക്തി ഉപയോഗിക്കാൻ കുട്ടികൾ മറന്നു. പണ്ട് അങ്ങനെ ഒന്നുണ്ടായിരുന്നു എന്ന പ്രയോഗം ദേശവിരുദ്ധമായി. യഥാർഥത്തിൽ പ്രവാചകനെപ്പോലെ സ്വപ്‌നം കണ്ട ഒന്നാമത്തെ ശിശുവിനെ കല്ലെറിയുകയുണ്ടായി.


രണ്ടുതവണയാണ് ഇന്ത്യയ്ക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടത്. ഒന്നാമത് കഥപറച്ചിലുകാരൻ അപ്രത്യക്ഷനായി. വാമൊഴിയും ഓർമയും മരവിച്ചു. ദർശനമില്ലാതായി; ബദൽ ദർശനങ്ങൾക്കിടമില്ലാതായി. സമൂഹത്തിലെ മധ്യവിഭാഗത്തിന് അനിശ്ചിതത്വം നിറഞ്ഞ ഭാവി സ്വീകാര്യമോ സഹനീയമോ ആയില്ല. രാഷ്ട്രീയമെന്നത്, റോക്കറ്റിന്റെ ശാസ്ത്രംപോലെ മനസ്സിന്റെ, പുതിയ തുമ്പയെപ്പോലുള്ള, വിക്ഷേപണകേന്ദ്രങ്ങൾക്കുവേണ്ടിയുള്ളതായി മാറി.


വ്യാഖ്യാതാവ് വ്യാഖ്യാനം നിർത്തി. അയാൾ ഏങ്ങിക്കരയുവാനാരംഭിച്ചു. ജീവിതത്തിന്റെ മനോഹരമായ വാക്കുകൾ – വൈവിധ്യം, ചർച്ച, സംഭാഷണം – പുതിയ എന്നെ ഉപയോഗിക്കേണ്ട എന്നു പറയുന്ന മനസ്സിന്റെ നിഘണ്ടുവിന്റെ ഭാഗമായി. അങ്ങനെ മൃതമായ ഭാഷയും മരിച്ചുകൊണ്ടിരിക്കുന്ന അധ്യാപനശാസ്ത്രവും രാഷ്ട്രീയത്തെ നശിപ്പിച്ചു. അങ്ങനെ രാഷ്ട്രീയമെന്നത് നയമായിമാറിയപ്പോൾ അത് ചുക്കിചുളിഞ്ഞുപോയി. എങ്കിലും ചിലർ പ്രത്യാശയുടെ ചിന്തയും ബോധവും പ്രവചിച്ചു. പുതിയ രാഷ്ട്രീയത്തിന്റെ ആരംഭം ഒരു കിംവദന്തിയായിരുന്നു. അത്തരമൊന്നാണ് ഛത്തീസ്ഘഡിലെ ബസ്താറിൽ നിന്നും കേരളത്തിൽനിന്നുമുള്ള ആദിവാസികളായ രണ്ടുപേർ ഭൂരിപക്ഷ വർഗീയതയിൽനിന്നു വേർപെട്ടു നില്ക്കുകയാണെന്ന് പ്രസ്താവിച്ചതായി കേട്ടത്. ഒരു പ്രാർഥന പുതിയൊരു രാഷ്ട്രീയത്തിനുള്ള ആദ്യസൂചനയായി മാറിയെന്നത് ഏറെ വിചിത്രമാണ്. അനിശ്ചിതത്വമാണ്  നവരാഷ്ട്രീയത്തിന്റെ മിത്തുകൾ സൃഷ്ടിക്കുന്നത്. പണ്ട്, വ്യത്യാസമുണ്ടായിരുന്നു. എങ്കിൽ, എന്നാൽ എന്നീ സാധ്യതകൾ വീണ്ടും ജീവൻ നല്കുന്നതായി മാറി. മന്ത്രവാദി അത്യാനന്ദത്തോടെ പുഞ്ചിരിച്ചു.


(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)