ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം അപകടത്തിൽ – കെ.പി.ശങ്കരൻ

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആനുകാലിക ഭൂമിക, ഫാസിസത്തിന്റെ ഘടകങ്ങളെ പ്രതിബിംബിക്കുന്ന ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളുടെയെല്ലാം സങ്കീർണമായൊരു ശൃംഖലയാണ്. ദീർഘദർശിയായിരുന്ന മഹാത്മാഗാന്ധി ഇത്തരമൊരു സാഹചര്യം 1909-ൽത്തന്നെ വിഭാവനം ചെയ്തിരുന്നു. തന്റെ രാഷ്ട്രീയതത്ത്വസംഹിതയുടെ ആദിരൂപമായ ‘ഹിന്ദ്‌സ്വരാജി’ൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തന്റെ ഈ ഗ്രന്ഥത്തിൽ പാർലമെന്ററി ജനാധിപത്യസംവിധാനത്തെ സമഗ്രമായ വിമർശനത്തിനും വിലയിരുത്തലിനും അദ്ദേഹം വിധേയമാക്കുന്നുണ്ട്. സുപ്രധാനമായ ആ സന്ധിയിൽ, അദ്ദേഹത്തിന്റെ വാദമുഖങ്ങൾ ജനാധിപത്യഭരണസംവിധാനത്തിന്റെ ഹൃദയത്തെത്തന്നെയാണ് ലക്ഷ്യംവച്ചത്. അതായത് ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൃദയത്തെത്തന്നെ. ഇരട്ടമുഖമുള്ള, വഞ്ചകരായ വ്യക്തികളുടെ ഗണത്തിനെതിരെ അദ്ദേഹം ഏറെ വികാരവായ്‌പോടെ ആരോപണം ഉന്നയിക്കുകയുണ്ടായി. സ്വാർഥലാഭത്തിനായി ജനങ്ങളെ കൗശലംകൊണ്ട് സ്വാധീനിക്കാനുള്ളസാധ്യത അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് പാർലമെന്ററി സംവിധാനം ഇന്ത്യ സ്വീകരിക്കുന്നതിനെതിരെ ഗാന്ധിജി അതിശക്തമായി വാദിച്ചു.


എങ്കിലും, ഗാന്ധിജിയുടെ നിലപാട് വളരെ പ്രസക്തമായ ഒരു ചോദ്യം ഉയർത്തുന്നുണ്ട്. അദ്ദേഹം വാദിച്ചതുപോലെ പാർലമെന്ററി ജനാധിപത്യം ആശാസ്യമല്ലാതിരുന്നെങ്കിൽ സ്വേച്ഛാധിപത്യരാജ്യമായി മാറാനുള്ള സാധ്യതയെ ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുമായിരുന്നില്ലേ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈവന്ന 1947-ന്റെ ചരിത്രപശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാഷ്ട്രത്തിന് ഒന്നുകിൽ പാർലമെന്ററി ജനാധിപത്യം, അല്ലെങ്കിൽ സ്വേച്ഛാധിപത്യം എന്നീ രണ്ടു മാർഗങ്ങളേ തിരഞ്ഞെടുക്കാൻ ഉണ്ടായിരുന്നുള്ളു. അതീവസങ്കീർണമായ ഈ രാഷ്ട്രീയപ്രതിസന്ധിയെ ആഴത്തിൽ മനസ്സിലാക്കിയ, സൂക്ഷ്മദൃക്കായ മഹാത്മാജി നിർദേശിച്ച പരിഹാരം സമൂലമായതും അതേസമയം സാമ്പ്രദായികമല്ലാത്തതുമായിരുന്നു. ഹിന്ദ്‌സ്വരാജിൽ അദ്ദേഹം ധീരതയോടെ പ്രഖ്യാപിച്ചു: ‘ബ്രിട്ടീഷ് ഭരണവും ഇന്ത്യൻ ഭരണവും നമുക്കു വേണ്ട.’ അദ്ദേഹം നിർദേശിച്ചത്. അധികാരം കേന്ദ്രീകരിക്കുന്ന ഭരണകൂടമില്ലാത്ത നേരിട്ടുള്ള ജനാധിപത്യമാണ്. എന്നാൽ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഈ നിർദേശത്തെ തിരസ്‌കരിക്കുകയും പാർലമെന്ററി ജനാധിപത്യരീതിയെ സ്വീകരിക്കുകയുമാണുണ്ടായത്. ഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയെ അവർ മുൻകൂട്ടി സങ്കല്പിച്ചിരുന്നു. ഈ തീരുമാനം ഗാന്ധിജിയുടെ ദർശനത്തിൽനിന്നുള്ള പ്രകടമായ ഒരു വ്യതിയാനമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയഭൂമിക കഴിഞ്ഞ 75 വർഷത്തിനുള്ളിൽ അഭിമുഖീകരിക്കേണ്ടതായി വന്ന സങ്കീർണങ്ങളായ സാധ്യതകളെയും വെല്ലുവിളികളെയും അതിന്റെ സ്വഭാവസവിശേഷതകളെയും വിശദീകരിക്കാൻ പോന്നതാണ് ഈ തീരുമാനം.


ഗാന്ധിജിയെ സംബന്ധിച്ച്, അടിസ്ഥാനപരമായ ഒരു സത്യം ദൃഢമായിരുന്നു. ഭരണഘടനയിൽ ഓരോ വ്യക്തിയുടെയും സമത്വം പ്രതിഷ്ഠിതമാണെങ്കിലും പ്രാവർത്തികജീവിതത്തിൽ, മറനീക്കി നമുക്ക് കാണാനാവുന്നത്, വ്യാപകമായി വ്യക്തികൾ തമ്മിൽ തുടർന്നുനിൽക്കുന്ന അസമത്വമത്രേ. ഒരു രാഷ്ട്രസംവിധാനങ്ങളുടെ ചട്ടക്കൂട്ടിൽ, സമത്വം എന്ന സങ്കല്പം സാക്ഷാത്കരിക്കപ്പെടുന്നതിന് നിരന്തരമായ സമരവും യജ്ഞവും വേണ്ടിവരുമെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ഈയൊരു യുക്തിപരമായ ചിന്തയാണ്, അധികാരം കേന്ദ്രീകരിക്കപ്പെടുന്ന സംവിധാനത്തെ ഗാന്ധിജി ശക്തമായി എതിർത്തതിനെ അടവരയിടുന്നത്. ഗാന്ധിജി ക്രാന്തദർശിത്വത്തോടെ മുമ്പിൽക്കണ്ട, ഇന്ത്യയുടെ ഹിംസയിലേക്കുള്ള ഈ പതനത്തിനു കാരണം ഇന്ത്യ സ്വീകരിച്ച പാർലമെന്ററി ജനാധിപത്യമാണെന്ന വസ്തുത ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ സഹജമായ ഒരു പരിമിതി, അല്ലെങ്കിൽ ദൗർലഭ്യം, വോട്ടുബാങ്കുകൾ ഉടലെടുക്കാനുള്ള സാധ്യതയത്രേ. വോട്ടർമാരുടെ സ്വഭാവസവിശേഷതകളിലെ ഏകത്വമില്ലായ്മയും വൈവിധ്യവുമാണതിനു കാരണം.


ഹിന്ദുമഹാസഭയും ആർ.എസ്.എസ്. പോലുള്ള സംഘടനകളും 1936-ൽത്തന്നെ ഒരു ഹിന്ദുവോട്ടുബാങ്ക് സ്ഥാപിക്കാനുള്ള സാധ്യതയെ മുമ്പിൽ കണ്ടിരുന്നു. ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന മൂഞ്ഞ്‌ജെ, 1934-ൽ ഈ സാധ്യതയ്ക്ക് നിയതമായ ഒരു ഭാഷ്യം ചമയ്ക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ അത് വ്യക്തമാക്കി: ‘നമുക്ക്  നമ്മുടേതായ സ്വരാജ്യം ചരിത്രപുരുഷനായ ശിവജി, ആധുനികരിലെ മുസ്സോലിനി, ഹിറ്റ്‌ലർ എന്നിവരുടെ സ്വഭാവസവിശേഷതകളുമുള്ള ഒരു ഹിന്ദുനേതാവുമില്ലെങ്കിൽ… എന്നിരുന്നാലും, അത്തരമൊരു നേതാവ് ഇന്ത്യയിൽ ഉയർന്നുവരുന്നതുവരെ നാം അലസരായി കഴിയണമെന്ന് ഇതുകൊണ്ട് അർഥമാക്കുന്നില്ല. പകരം, സുചിന്തിതമായ ഒരു തന്ത്രം നാം ആവിഷ്‌ക്കരിച്ച് അതിനു വമ്പിച്ച പ്രചാരണം നല്കണം. ‘ആർഎസ്എസ്, ഹിന്ദുമഹാസഭ ബന്ധപ്പെട്ട മറ്റു സംഘടനകൾ എന്നീ കൂട്ടർ സഹകരിച്ചുകൊണ്ട്, അത്തരമൊരു വോട്ടുബാങ്ക് ഉണ്ടാക്കിയെടുക്കാൻ അക്ഷീണം പ്രയത്‌നിച്ചു. 2014, 2019 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പ് അതിന്റെ പരിസമാപ്തിയും പരിണതഫലവുമാണെന്നത്  ചരിത്രസത്യം. തത്ഫലമായി, ഇന്ത്യൻ ജനാധിപത്യം ഒരു ഭൂരിപക്ഷ ജനാധിപത്യമായി പരിണമിച്ചു. സാരാംശത്തിൽ അത് ഭൂരിപക്ഷവർഗീയതയുടെ ഒരു രാഷ്ട്രീയ സംവിധാനമായി മാറി. ഈ പ്രബലവിഭാഗം ഭൂരിപക്ഷ ഏകാധിപത്യത്തിന്റെ രൂപഭാവങ്ങളും സ്വഭാവസവിശേഷതകളും പ്രകടമാക്കുന്ന ഒരു സംവിധാനമായിത്തീർന്നു.


ഇന്ത്യ നേരിടുന്ന അപകടങ്ങളും ഹിംസാസിദ്ധാന്തത്തിന്റെ മുന്നേറ്റവും.


സമാധാനപ്രേമികളായ വ്യക്തികളുടെ ഒരു രാജ്യമാണ് ഇന്ത്യയെന്ന ഒരു പൊതുവായ ധാരണ നിലനില്ക്കുന്നുണ്ടെങ്കിലും യാഥാർഥ്യം കാഴ്ചവയ്ക്കുന്ന ചിത്രം വളരെ വ്യത്യസ്തമാണ്. രാജ്യത്തിന്റെ വിഭജനത്തെത്തുടർന്നുള്ള കൂട്ടക്കൊലകൾ മുതൽ ഇന്ത്യയിൽ മന്നു തവണ വലിയ തോതിലുള്ള വംശഹത്യകൾക്ക് സാക്ഷ്യം വഹിച്ചു. ഇതിനു പുറമേയാണ് നിരവധിയായ ഹിംസയും കൊലപാതകങ്ങളും നടന്നിട്ടുള്ളത്. ഏറെ ആകാംക്ഷയുണ്ടാക്കുന്ന ഈ യാഥാർഥ്യം. ഇന്ത്യയുടെ സമാധാന സ്വഭാവത്തെ അടിത്തറ തോണ്ടുന്നതാണ്. ഈ നിരാശപ്പെടുത്തുന്ന ദുഃസ്ഥിതിയെ ഏറെ വഷളക്കാൻ പോന്നതാണ്, 2014 മുതൽ ഭരണകക്ഷി നേതാക്കൾ അവലംബിച്ചുപോരുന്ന ‘ഹിന്ദുത്വം’ എന്ന പ്രത്യയശാസ്ത്രം. ഇന്ത്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും ഒരന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ ഇത്തരം ചിന്തകളുടെ പ്രചാരണവും സംഭാവന നല്കിയിട്ടുണ്ട്.


ഇരുപതാം നൂറ്റാണ്ടിൽ ആവിർഭവിച്ച ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കു സമാനമായി ഇപ്പോഴത്തെ ഭരണകൂടവും പ്രവർത്തിക്കുന്നത് വഞ്ചനയും അക്രമവും ചേർത്തുപിടിച്ചുകൊണ്ടാണ്. എന്നാൽ, ശ്രദ്ധേയമായ ഒരു വ്യതിയാനം, ഇപ്പോഴത്തെ ഭരണകൂടം പാർലമെന്ററി ജനാധിപത്യം സ്വീകരിച്ചിരിക്കുന്നുവെന്നതാണ്. ഇതൊരു തന്ത്രമാണ്. അതിന്റെ അടിസ്ഥാനം, 37.7 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായം, ഹിന്ദുവോട്ടുബാങ്ക്, വളർന്നുകൊണ്ടിരിക്കുമെന്ന ചിന്തയും കണക്കുകൂട്ടലുമാണ്. പാർലമെന്ററി സമ്പ്രദായത്തെ സ്വീകരിക്കാൻ അവർക്ക് ധൈര്യം പകരുന്നത്, തങ്ങളുടെ രാഷ്ട്രീയസ്വാധീനം ഊട്ടിയുറപ്പിക്കാനും നിലനിറുത്താനും കഴിയുമെന്ന കാഴ്ചപ്പാടാണ്.


നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പതു വർഷത്തെ ഭരണകാലത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യംവച്ചുകൊണ്ട് അവരെ ഉന്മൂലനം ചെയ്യാനുള്ള രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയുണ്ടായി. ഇത് ആസൂത്രണം ചെയ്തു നടപ്പിലാക്കുകയായിരുന്നു. ആർ.എസ്.എസിന്റെ മുൻമേധാവി എം.എസ്. ഗോൾവാൾക്കറുടെ  ‘ഒരു കൂട്ടം ചിന്തകൾ’ എന്ന ഗ്രന്ഥത്തിലെ ആശയമാണ് ഭരണകൂടത്തെ ഇതിലേക്കു നയിച്ചതെന്നു വ്യക്തമാണ്. 1966-ലാണ് ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യാ രാജ്യത്തിനു വലിയ ഭീഷണിയാണെന്ന ആശയമാണ്, ആഖ്യാനമാണ് ഇതിലൂടെ പ്രചരിപ്പിച്ചത്. അതുപോലെ ഹിന്ദുത്വം എന്ന പദത്തിനു ആരംഭം കുറിച്ച വിനായക് ദാമോദർ സവർക്കരും, മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയെ തങ്ങളുടെ വിശുദ്ധനാടായി കാണാത്തവരാണെന്ന അഭിപ്രായക്കാരനായിരുന്നു. ‘ഹിന്ദുത്വ’ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ച ഇദ്ദേഹം മഹാത്മാഗാന്ധി വധക്കേസിൽ കുറ്റാരോപിതനായിരുന്നു ഇന്ത്യയുടെ പ്രഥമപൗരന്മാരായി പരിഗണിക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യത മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇല്ലായെന്ന ചിന്തയായിരുന്നു സവർക്കർ വച്ചു പുലർത്തിയിരുന്നത്. മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടുമുള്ള പ്രകടമായ ശത്രുതയിലേക്ക് വെളിച്ചം വീശാൻ പോന്നതാണ് ഈ കാഴ്ചപ്പാട്.


എന്നിരുന്നാലും, ഉയർന്നുവരുന്ന സുപ്രധാനമായ ഒരു ചോദ്യമിതാണ്: ഹിന്ദുത്വത്തിന്റെയും ഗോൾവാൾക്കറുടെയും പ്രത്യയശാസ്ത്രം പിന്തുടരുന്ന ഇപ്പോഴത്തെ ഭരണകൂടം, ഇന്ത്യാരാജ്യത്തിന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭീഷണിയാണെന്നു പറയുമ്പോൾ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അംഗീകരിക്കുന്ന ഇന്ത്യൻ ഭരണഘടന തിരഞ്ഞെടുപ്പിൽ പങ്കാളികളാവാൻ അവരെ അനുവദിക്കുമോ? ഇരയാക്കപ്പെടുന്ന ഈ സമുദായങ്ങളിലെ ഏതെങ്കിലും ഒരംഗം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുകയും അതിനെക്കുറിച്ച് ഒരു വിശദീകരണം നല്കാൻ ആവശ്യപ്പെടുന്നതും ഉചിതമാണ്. ആരെങ്കിലും അതു ചെയ്യുമെന്നാണ് എന്റെ പ്രത്യാശ.