മിലൻ കുന്ദേര വാക്കിന്റെ അനശ്വരത – ബെന്നി ഡൊമിനിക്

മലയാളി സ്വന്തമെന്നപോലെ കരുതി കൂടെക്കൂട്ടിയിരുന്ന എഴുത്തുകാരനാണ് മിലൻ കുന്ദേര. മാർക്കേസും കുന്ദേരയും മലയാളിക്ക് വിദേശ എഴുത്തുകാരായിരുന്നില്ല. മലയാള എഴുത്തുകാരോടോ അതിലപ്പുറമോ ഈ എഴുത്തുകാരെ അവർ മാറോടു ചേർത്തുപിടിച്ചു. സമഗ്രാധിപത്യവും അധികാരത്തോടുള്ള ആസക്തിയും എങ്ങനെയാണ് മർത്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്നും പടിപടിയായി അപമാനവീകരണത്തിലേക്കു തള്ളിവിടുന്നതെന്നും ഈ സാഹിത്യകാരൻ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ആ എഴുത്ത് പൊളിറ്റിക്കൽ എന്നതുപോലെ ഫിലോസഫിക്കലുമായിരുന്നു. എല്ലാവിധ സ്വേച്ഛാധിപത്യ പ്രവണതകളോടുമുള്ള പ്രതിരോധവും കലാപവുമാണ് ആ എഴുത്തിൽ സന്ധിയില്ലാത്തവിധം ഇടംപിടിക്കുന്നത്. പൗരസ്വാതന്ത്ര്യത്തെ എല്ലാറ്റിനുമുപരിയായി ഉയർത്തിപ്പിടിക്കുന്ന ഒരു ബൊഹീമിയൻ നിലപാട് ആദ്യന്തം ഈ എഴുത്തുകാരൻ സ്വീകരിച്ചിരുന്നു. അതിനാലാണ് കുന്ദേരയുടെ നോവലുകളിലെ പ്രധാന കഥാപാത്രങ്ങൾ, അവരിൽ സ്ത്രീകളും ഉൾപ്പെടുന്നു, ലൈംഗികമായി അരാജക സ്വഭാവമുള്ളവരായി പ്രത്യക്ഷപ്പെടുന്നത്. മാമൂലുകളെ ധ്വംസിക്കാനുള്ള ഒരു മാർഗം ലൈംഗികമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അത് അരാജകമെന്നതിനേക്കാൾ, നിലനില്ക്കുന്ന മൂല്യവ്യവസ്ഥയോടുള്ള ധിക്കാരവും മനുഷ്യനിലെ നൈസർഗികതയിലേക്കുള്ള സഞ്ചാരവുമാണ്. കുന്ദേര, മനുഷ്യനെക്കാണുന്നത് എല്ലാ തടവറകളെയും അപ്രസക്തമാക്കാൻ വെമ്പുന്ന വ്യക്തിയായാണ്. സര്‍ഗാത്മകതയാണ് ആ സ്വതന്ത്രമനുഷ്യന്റെ കൊടിയടയാളം. സര്‍ഗാത്മകതയെന്നാൽ വ്യക്തിയിലും സമൂഹത്തിലും വന്നു പെട്ടിട്ടുള്ള കെട്ടുപാടുകളെ പൊട്ടിച്ചു കളയലാണ്.


മനുഷ്യവ്യക്തിത്വത്തെ ഹനിക്കുന്ന ഏറ്റവും വലിയ തിന്മകളിൽ ഒന്നാണ് സമഗ്രാധിപത്യം. അധികാരം കുമിഞ്ഞുകൂടുന്നിടത്ത് നീതി അപഹരിക്കപ്പെടുന്നു. സ്വതന്ത്രമനുഷ്യരിൽ, എല്ലാത്തരം അധികാര വാസനയെയും, ആധിപത്യവാഞ്ഛകളെയും പൊട്ടിച്ചുകളയാൻ വെമ്പുന്ന കലാപകാരിയെ കണ്ടെത്താം. മനുഷ്യന് ഇതര മനുഷ്യരോടു മാത്രമല്ല, സഹജീവിയോട്, അതു മൃഗലോകമായാലും നല്കേണ്ട പരിഗണനയും തുല്യതയുമാണ് എഴുത്തുകാരനെന്ന നിലയിൽ കുന്ദേരയെ വേറിട്ടു നിറുത്തുന്നത്. ഏതു മനുഷ്യനിലും ആധിപത്യ സ്വഭാവമുണ്ടാകാം. മനുഷ്യന്റെ മൃഗങ്ങളോടുള്ള പെരുമാറ്റത്തിൽ ഈ ആധിപത്യവും അഹങ്കാരവും ദർശിക്കാമെന്ന് കുന്ദേര കരുതുന്നുണ്ട്.


‘ദ അൺബെയറബ്ൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ്’ എന്ന നോവലിൽ കരേനിൻ എന്ന നായയോട് റ്റോമാസിനുള്ള ആത്മബന്ധം ഈ മനോഭാവത്തിന് ഉത്തമ ദൃഷ്ടാന്തമാണ്. മനുഷ്യരോടു മാത്രം പോരാ അന്തസ്സുറ്റ പെരുമാറ്റ ശൈലി, അത് ജീവജാലങ്ങളിലേക്കുകൂടി വ്യാപിക്കേണ്ടതുണ്ടെന്ന് കുന്ദേര ചിന്തിക്കുന്നു. മൃഗങ്ങളോട് ഇടപെടുമ്പോഴാണ് മനുഷ്യന്റെ ശരിക്കുള്ള സ്വഭാവം പുറത്തു വരുന്നതെന്ന് കുന്ദേരയ്ക്ക് അഭിപ്രായമുണ്ട്. അവന്റെ തനി സ്വത്വം മൃഗങ്ങളോട് ഇടപെടുമ്പോൾ എളുപ്പം പുറത്തുവരും. കാരണം അവർ ശബ്ദമില്ലാത്തവരാണല്ലോ. ശബ്ദമില്ല എന്നാൽ അധികാരമില്ല എന്നാണർത്ഥം. നിശ്ശബ്ദരായ മനുഷ്യരെയാണ് സമഗ്രാധിപത്യം ആഗ്രഹിക്കുന്നത്. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യം നമുക്കും അപരിചിതമല്ല. അത്തരമൊരു സംവിധാനത്തിൽ ജനം ആടുമാടുകളെപ്പോലെയാണ് കഴിയുക.


സമഗ്രാധിപത്യം ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾ നല്കുകയും ചെയ്യുന്നു. ഇത്തരമൊരവസ്ഥയിൽ മനുഷ്യരെ മനസ്സിലാക്കുന്നതിലായിരിക്കില്ല, മറിച്ച് വിധികൾ പുറപ്പെടുവിക്കുന്നതിലായിരിക്കും ശ്രദ്ധ  കേന്ദ്രീകരിക്കുന്നത്. മനുഷ്യന്റെ അനിശ്ചിതത്വങ്ങളെയാണ് സാഹിത്യം കൈകാര്യം ചെയ്യുന്നത്. തീർച്ചയില്ലായ്മകൾക്കുപകരം തീർപ്പുകൾക്കു പ്രാധാന്യം വരികയും നോവൽ ഒരു കലാസൃഷ്ടി എന്ന നിലയിൽ ഉയർത്തുന്ന ശബ്ദം ഈ കോലാഹലത്തിൽ മുങ്ങിപ്പോവുകയും ചെയ്യുന്നു എന്ന് നോവലിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോൾ കുന്ദേര വിലപിക്കുന്നുണ്ട്.


തന്റെ രചനകളിലൂടെ ഓര്‍മ, മറവി, അധികാരം, ചരിത്രം, രാഷ്ട്രീയം, കാമനകളുടെ പ്രഭാവം, പ്രണയം, വ്യക്തിസ്വാതന്ത്ര്യം എന്നീ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അവയാകട്ടെ, മനുഷ്യാസ്തിത്വത്തെ ആഴത്തിൽ നിർവചിക്കുന്നതിനുള്ള ആന്തരപ്രേരണ നിമിത്തം പുറപ്പെട്ട ചോദ്യങ്ങളായിരുന്നു. ജീവിതത്തിന്റെ ഭാരവും ഭാരമില്ലായ്മയും എന്തെന്ന ആലോചനയിലേക്കു നയിക്കുന്നതായിരുന്നു ദാർശനികമാനങ്ങളുള്ള ആ എഴുത്ത്. അധികാരത്തിന്റെയും അധീശവാഴ്ചയുടെയും കെടുതികൾ ജീവിതത്തെ ഭാരമുള്ളതാക്കിത്തീർക്കുമ്പോൾ എല്ലാ വിധ്വംസതകൾക്കിടയിലും സ്വാതന്ത്ര്യത്തെ പുല്‍കാനുള്ള വെമ്പൽ കുന്ദേരയിൽ കാണാൻ കഴിയും. ജീവിതത്തെ സംബന്ധിച്ചുള്ള ഈ തിരഞ്ഞെടുപ്പു തന്നെയാണ് അതിന്റെ ഭാരമില്ലായ്മ.


ഏകാധിപത്യം തെഴുക്കുന്നത് അതിനു വിധേയമായിത്തീരുന്ന ജനതയുടെ ഓര്‍മയെ നിഹനിച്ചുകൊണ്ടാണ്. ചെയ്തുകൂട്ടിയ അപരാധങ്ങൾ ദീർഘനാൾ ജനമനസ്സിൽ അവശേഷിപ്പിക്കാതിരിക്കുന്നതിൽ ഭരണാധികാരികൾ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തിൽ നടമാടപ്പെട്ട അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ ഓര്‍മയെ ഉജ്ജ്വലിപ്പിച്ചുകൊണ്ടു മാത്രമേ അതിനെ കുറച്ചെങ്കിലും പ്രതിരോധിക്കാനാവൂ. ഒന്നിനുപിന്നാലെ മറ്റൊന്നായി കടന്നുവരുന്ന അനിഷ്ടസംഭവങ്ങൾ തൊട്ടുപിന്നിലത്തെ തീവ്രയാഥാർത്ഥ്യത്തെ വിസ്മൃതിയിലേക്കു തള്ളും. “ചെക്കോസ്ലോവാക്കിയയിലെ റഷൻ അധിനിവേശം ബംഗ്ലാദേശിലെ രക്തരൂക്ഷിതമായ കൂട്ടക്കൊലയെ മറവിയിലാഴ്ത്തി. ബംഗ്ലാദേശിലെ ഞരക്കങ്ങൾക്കിടയിൽ അലെൻഡെയുടെ വധം മുങ്ങിപ്പോയി. സീനായ് മരുഭൂവിലെ യുദ്ധ നിർഘോഷങ്ങൾ അലെൻഡെ വധത്തെ അപ്രസക്തമാക്കി. കംബോഡിയൻ കൂട്ടക്കൊല നിമിത്തം സീനായ് സംഘർഷം മറക്കപ്പെട്ടു. അങ്ങനെ ഒടുവിൽ എല്ലാവരും എല്ലാ കാര്യങ്ങളും വിസ്മരിച്ചു.”പുറം: 7. ‘ദ ബുക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിംഗ്’.


ജോർജ് ഓർവെലും ഇസ്മായിൽ  കദാരെയും മിഗുവേൽ ഏയ്ഞ്ചൽ അസ്തൂരിയാസും മരിയൊ വർഗാസ് യോസയും ഒക്കെ ഭരണകൂടഭീകരതയെക്കുറിച്ച് രചനകൾ നിർവഹിച്ചിട്ടുള്ളവരാണ്. കുന്ദേരയുടെ കൃതികളിൽ ഇതേ വിഷയം വ്യത്യസ്ത തലത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.


മനുഷ്യാസ്തിത്വത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിച്ച ചുരുക്കംചില എഴുത്തുകാരിലൊരാളാണ് കുന്ദേര. തത്ത്വചിന്തയും ശാസ്ത്രവും മനുഷ്യന്റെ സത്തയെ വിസ്മരിച്ചകാലത്ത് തെർവാന്റിസിലൂടെ യൂറോപ്യൻകല രൂപപ്പെട്ടു എന്നും അത് വിസ്മൃതമായ മാനവസത്തയെക്കുറിച്ചുള്ള അന്വേഷണമല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നും കുന്ദേര പ്രസ്താവിക്കുന്നുണ്ട്.


“ഒരു കഥാപാത്രത്തെ ജീവസ്സുറ്റതാക്കിത്തീർക്കുക എന്നതിനർത്ഥം അവന്റെ അസ്തിത്വസംബന്ധമായ പ്രശ്നത്തിന്റെ അടിത്തട്ടു വരെയെത്തുക എന്നാണ്.”പുറം:35. ‘ദ ആർട്ട് ഓഫ് ദി നോവൽ’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.


ചെക്ക് – ഫ്രഞ്ച് എഴുത്തുകാരൻ മിലൻ കുന്ദേര വിടപറയുന്നത് കുനിയാത്ത ശിരസ്സുമായി അന്തസ്സാർന്ന ജീവിതം നയിച്ചതിനു ശേഷമാണ്. ഒരു പക്ഷത്തോടും വിധേയത്വം പുലർത്താതെ സ്വന്തം മനഃസാക്ഷിയുടെ സ്വരം ശ്രവിച്ചുകൊണ്ട് ധീരമായി തൂലിക ഉപയോഗിച്ചു കുന്ദേര. നൊബേൽ പുരസ്കാരത്തിനു പലകുറി നിർദേശിക്കപ്പെട്ടെങ്കിലും പലരുടെയും കണ്ണിലെ കരടായിരുന്നതിനാൽ തഴയപ്പെട്ടു. കുന്ദേര പുരസ്കൃതനായിരുന്നെങ്കിൽ നൊബേൽ പ്രൈസിന് ഒന്നുകൂടി അന്തസ്സ് കൈവരുമായിരുന്നു. എത്രയോ അനർഹർക്ക് നൊബേൽ കിട്ടിയിരിക്കുന്നു. കുന്ദേര ഇന്നും അന്തസ്സാർന്ന എഴുത്തിന്റെ പ്രതീകമായി നിലനില്ക്കുന്നു. അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറവിക്കെതിരെ ഓര്‍മയുടെ സമരമാണെന്ന മിറെക്കിന്റെ പ്രസിദ്ധമായ വാക്കുകൾ ആ എഴുത്തിന്റെ അനന്യതയെ പ്രകാശിപ്പിക്കും. ധീരവും യുഗനിർമാണ ക്ഷമവുമായിരുന്നു ആ വിരലുകളിൽ നിന്നുതിർന്നുവീണ വാക്കുകൾ. ചരിത്രത്തിൽ സൗകര്യപൂർവം വിസ്മരിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് പേർത്തും പേർത്തും ഈയെഴുത്തുകാരൻ ഓര്‍മിപ്പിച്ചു.


ചെക്കോസ്ലോവാക്യയുടെ ചരിത്രത്തിലെ നിർണായമായ ഒരു നിമിഷത്തെ അവതരിപ്പിച്ചുകൊണ്ടാണ് കുന്ദേരയുടെ ‘ചിരിയുടെയും മറവിയുടെയും പുസ്തകം’ എന്ന നോവലിന്റെ തുടക്കം. 1948-ൽ കമ്യൂണിസ്റ്റ് നേതാവ് ക്ലെമന്റ് ഗോട്‌വാൾഡ്, പ്രാഗിൽ ആയിരക്കണക്കിനു വരുന്ന ശ്രോതാക്കളെ അഭിസംബോധനചെയ്തു സംസാരിക്കുകയാണ്. കമ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയുടെ ചരിത്രം ആ നിമിഷത്തിൽ ആരംഭിക്കുകയാണ്. അവിടെ അന്നേരം മഞ്ഞുവീഴ്ചയും കൊടിയ തണുപ്പും അനുഭപ്പെട്ടിരുന്നു. ഗോട്‌വാൾഡ് തൊപ്പി ധരിച്ചിരുന്നില്ല. ആവേശംമൂത്ത് ക്ലെമന്റിസ് തന്റെ രോമത്തൊപ്പിയൂരി ഗോട്‌വാളിന്റെ തലയിൽ അണിയിക്കുന്നു. ഈ സംഭവത്തിനു നാലു വർഷങ്ങൾക്കുശേഷം വ്ളാഡിമിർ ക്ലെമന്റിസ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് കഴുമരത്തിൽ തൂങ്ങിയാടി. പിന്നീട് ശേഷിച്ചത് ക്ലെമന്റിസ് അന്ന് ഗോട്‌വാളിന്റെ തലയിൽ അണിയിച്ച രോമത്തൊപ്പി മാത്രമാണ്. ഈയൊരു ചെറിയ വിവരണത്തിലൂടെ അധികാരമാളുന്നവരുടെ കൃതഘ്നതയും ഏകാധിപത്യ ഭരണകൂടങ്ങളുടെ പൊതുസ്വഭാവവും ഭംഗ്യന്തരേണ ധ്വനിപ്പിക്കാൻ കുന്ദേരയ്ക്കു കഴിയുന്നുണ്ട്. അധികാരത്തിനു വശപ്പെടുന്ന മനുഷ്യന്റെ മനോനിലയെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതിനുള്ള ശ്രമം ഇവിടെ ഉണ്ടാകുന്നുണ്ട്. ജീവിതത്തിന്റെ ഭാരത്തെ ചിരികൊണ്ട് ലഘുവാക്കി മാറ്റാനുള്ള കഴിവാണ് കുന്ദേരയെ കൂടുതൽ പ്രസക്തനാക്കുന്നത്. ‘ഉണ്മയുടെ അസഹനീയമായ ലഘുത്വം’ എന്ന നോവലിലും ‘ചിരിയുടെയും മറവിയുടെയും പുസ്തക’ത്തിലും ഈ നിലയ്ക്കുള്ള നീക്കം നിരീക്ഷിക്കാം. ഒരു കഥാസമാഹാരത്തിന്റെ പേരുതന്നെ ‘ലാഫബ്ൾ ലൗവ്സ്’ എന്നാണ്. ഏഴു കഥകളുടെ സമാഹാരമാണ് ‘ലാഫബ്ൾ ലൗവ്സ്’. ലൈംഗികതയും ഹ്യൂമറുമാണ് ഈ പുസ്തകത്തിന്റെ സവിശേഷത. കളിപറയുന്ന മട്ടിൽ അനായാസമായി കഥ പറഞ്ഞുപോവുന്നു ഇതിൽ. ‘ദ ജോക്ക്’ എന്ന നോവലിൽ ചെക് കമ്യൂണിസ്റ്റ് പാർട്ടിയുടെ മർദക സ്വഭാവത്തെ ഉപഹാസത്തിന് (സറ്റയർ) വിധേയമാക്കുകയാണ്.


ഏയ്ഞ്ചൽസ് എന്ന അധ്യായത്തിൽ ഇപ്രകാരമെഴുതുന്നു: ഒരു ജനതയെ ഇല്ലാതാക്കുന്നതിനുള്ള ആദ്യചുവട്, അവരുടെ ഓര്‍മയെ ഇല്ലാതാക്കുകയെന്നതാണ്. അതിന്റെ പുസ്തകങ്ങളെയും സംസ്കാരത്തെയും നശിപ്പിക്കുക. അതിനുശേഷം ആരെങ്കിലും പുതിയ പുസ്തകമെഴുതണം, ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കണം. അധികം വൈകാതെ രാഷ്ട്രം അത് എന്താണെന്നും എന്തായിരുന്നെന്നും മറന്നു തുടങ്ങും. ചുറ്റുമുള്ള ലോകം കൂടുതൽ വേഗത്തിൽ മറക്കും.


നാല്പത് വർഷം പ്രവാസിയായി കഴിയേണ്ടിവന്നു ഈ സാഹിത്യകാരന്. പ്രാഗ് ഫിലിം അക്കാദമിയിൽ ലോകസാഹിത്യം പഠിപ്പിക്കുന്ന ലക്ചറർ ആയി 1952-ൽ ജോലിയിൽ പ്രവേശിച്ചു ഈ പ്രതിഭാശാലി. 1979-ൽ ചെക്കോസ്ലോവാക്കിയ കുന്ദേരയുടെ പൗരത്വം റദ്ദാക്കുകയും പാരീസിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു അദ്ദേഹം. ജന്മനാടിനെ ഉപേക്ഷിച്ച്, കൂടുതൽ സുഖസൗകര്യങ്ങളുള്ള നാട്ടിലേക്കു പോയവൻ എന്ന ആക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട് കുന്ദേരയ്ക്ക്.  കുന്ദേരയെപ്പോലെ ഒരു എഴുത്തുകാരനെ ദേശീയതയുടെ വൃത്തത്തിനുള്ളിൽ ഒതുക്കുന്നത് ശരിയല്ല. രാജ്യത്തെ ഒറ്റുകൊടുത്തിട്ടൊന്നുമല്ലല്ലോ കുന്ദേര പ്രവാസജീവിതം നയിച്ചത്. അതിനുള്ള സാഹചര്യം ഉണ്ടായിട്ടുള്ളതുകൊണ്ടാണ്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന ഇടംതേടി ഒരാൾ പുറപ്പെട്ടുപോയാൽ അതൊരു അക്ഷന്തവ്യമായ കുറ്റമല്ലെന്നോർക്കണം നാം. വ്യക്തിയുടെ സുഖവും സൗകര്യവും നോക്കുന്നത് തെറ്റല്ലല്ലോ. അദ്ദേഹത്തിന്റെ എഴുത്താണ് ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ചിട്ടുള്ളത്.


അതിരുകവിഞ്ഞ ലൈംഗികതയുടെ പേരിലും കുന്ദേര വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആവരണങ്ങളിൽനിന്ന്‍ ഉടലിന്റെ സ്വാതന്ത്ര്യമാണ് ആ എഴുത്തിനെ ശ്രദ്ധേയമാക്കിത്തീർക്കുന്നത്. “Barbara’s living room with full of naked men and women” ബർബരയുടെ സ്വീകരണമുറിയിൽ നഗ്നരായ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരിക്കുന്നതായി അയാൾ സങ്കല്പിക്കുന്നുണ്ട്. ദ ബോർഡർ എന്ന അവസാന അധ്യായത്തിൽ യാൻ എഡ്വിഗെ നഗ്നനായി കടപ്പുറത്തേക്കു നടക്കുന്നു. അവിടെ കുട്ടികൾ, അമ്മമാർ, മുത്തശ്ശിമാർ എല്ലാവരും നഗ്നരാണ്.


ചെക്കോസ്ലാവാക്കിയ എന്ന രാഷ്ട്രം ഭൂപടത്തിൽനിന്നു മാഞ്ഞു. പൗരത്വം റദ്ദാക്കി മാതൃരാജ്യത്തുനിന്ന്‍ ഭ്രഷ്ടനാക്കപ്പെട്ട കുന്ദേരയുടെ നോവലുകൾ കാലത്തിന്റെ കനലിൽ എരിഞ്ഞുതീരാതെ അവശേഷിക്കുകതന്നെ ചെയ്യും, അവയിലൂടെ കടന്നുപോകുന്നവരെ ആസകലം നീറ്റിപ്പുതുക്കിക്കൊണ്ട്. മഹാനായ ആ സാഹിത്യകാരനു വിട !