പുരുഷനെഴുതുന്ന സുവിശേഷങ്ങളിൽ യേശു അടുക്കളയിൽ കയറാറില്ലല്ലോ? – ഷീലാടോമി / വി.കെ. ജോബിഷ്

ചില പുസ്‌തകങ്ങൾ വായിക്കുമ്പോൾ ഈ പുസ്‌തകം അടുത്തൊന്നും തീരരുതേ എന്നു പ്രാർഥിച്ചുപോവും. ഈ പുസ്‌തകം എനിക്കെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചുപോവും. എഴുതിയ ആളെ ഇടയ്‌ക്കിടെ എഴുന്നേറ്റുനിന്ന്‌ നമസ്‌കരിക്കാൻ തോന്നിപ്പോവും. കണ്ണുകൾ നമ്മളറിയാതെ നിറഞ്ഞ്‌ വായന പലവട്ടം തടസ്സപ്പെട്ടുപോവും. ഇത്‌ എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞു എന്ന്‌ അത്ഭുതപ്പെട്ടുപോവും.” ഷീലാ ടോമി എഴുതിയ ‘വല്ലി’ എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ എഴുത്തുകാരൻ അഷ്ടമൂർത്തി FB-യിൽ കുറിച്ച വരികളാണിത്. ‘വല്ലി’യുടെ വായന കഴിയുമ്പോൾ മിക്കവർക്കും അനുഭവിക്കാൻ കഴിയുന്ന ആ ഗാഢസംതൃപ്തിയെയാണ് സാന്ദ്രമായ ആ കുറിപ്പ് പ്രതിനിധാനം ചെയ്യുന്നതെന്നുറപ്പ്.


ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും രാഷ്ട്രീയാകാംക്ഷങ്ങളെ ഹൃദയത്തിലുൾവഹിച്ച  നോവൽ ആഖ്യാനമാണ് ‘വല്ലി’. എഴുപതുകളിൽ തിരുവിതാംകൂറിൽനിന്ന്‍ വയനാടിന്റെ ജൈവവൈവിധ്യങ്ങളിലേക്കും മനുഷ്യരിലേക്കും കുടിയേറിവന്നവരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും മുൻനിറുത്തിയുള്ള പാരിസ്ഥിതികമായ ഈ ഗ്രാമീണഭാഷ്യം ഇംഗ്ലീഷിലേക്കുകൂടെ മൊഴിമാറ്റി വന്നപ്പോൾ സാർവദേശീയമായ വായനാനുഭവങ്ങളിലേക്ക് പടർന്നുകഴിഞ്ഞു. 2022 ലെ ജെ.സി.ബി പുരസ്കാരത്തിന് ഖാലിദ് ജാവേദിനൊപ്പവും  ഗീതാഞ്ജലി ശ്രീയോടൊപ്പവും ഫൈനൽ റൗണ്ടിൽ പരിഗണിക്കപ്പെട്ട മൂന്നു നോവലുകളിലൊന്ന്. 2021-ലെ ചെറുകാട് പുരസ്കാരം കിട്ടിയത് ‘വല്ലി’ക്കാണ്. 2022-ലെ ആട്ടഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക് പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഇന്ത്യയിലെ പ്രശസ്തമായ അഞ്ച് രചനകള്‍ക്കൊപ്പം ‘വല്ലി’യെത്തി. ഇപ്പോളിതാ നമ്മുടെ അയല്‍രാജ്യത്ത്, ഭൂട്ടാൻ എക്കോസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പരിഗണിക്കപ്പെടുന്ന ആദ്യത്തെ മലയാളനോവൽ എന്ന ബഹുമതിയും ‘വല്ലി’യെ തേടിയെത്തിയിരിക്കുന്നു. ജയശ്രീ കളത്തിൽ ചെയ്ത  ഇംഗ്ലീഷ് പരിഭാഷയാണ് ‘വല്ലി’യെ അതിരുകള്‍ക്കപ്പുറം എത്തിച്ചത്. വായനയിൽ ഈ പുസ്തകം അതിന്റെ ആറാം പതിപ്പിലേക്ക് എത്തിനില്ക്കുന്നു. 2022-ലാണ് ഈ എഴുത്തുകാരിയുടെ രണ്ടാമത്തെ നോവൽ വരുന്നത്. സ്വന്തം ഭൂമിയിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ആദിവാസികളിൽനിന്നുമാറി കുറച്ചുകൂടി വിശാലമായ ക്യാൻവാസിൽ അതേനിലയിൽ, പിറന്നമണ്ണിലിടമില്ലാത്തവരെ അറിയലായിരുന്നു രണ്ടാമത്തെയും നോവൽ. വയനാട്ടിൽനിന്ന് ഇസ്രയേൽപലസ്തീൻ സംഘർഷങ്ങളുടെ ഭൂപടത്തിലെത്തിപ്പെടുന്നവളെ മുൻനിറുത്തിയുള്ള  എഴുത്ത്. അതേ; ‘ആ നദിയോട് പേരു ചോദിക്കരുത്‘. ജന്മനാട്ടിൽ സ്വന്തം അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന പലസ്തീനിലെ വേദനിക്കുന്ന മനുഷ്യരുടെ ജീവിതഗാഥ. അധികാരത്താൽ ആട്ടിയോടിക്കപ്പെടുന്ന നിരാലംബരും നിസ്സഹായരുമായ ജനതയുടെ പ്രതിനിധികളെ നേരിട്ടറിഞ്ഞതിന്റെ എഴുത്തുകാരിയുടെ അനുഭവസാക്ഷ്യം. ചരിത്രത്തിന്റെ സങ്കടങ്ങൾക്ക് കാല്പനികച്ഛായ പകരാതെയുള്ള കരുത്തുറ്റ ഈ ആഖ്യാനം ഇപ്പോൾ ഹാർപ്പർ കോളിൻസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റാനെടുത്തിരിക്കുന്നതിന്റെ സന്തോഷത്തിലുംകൂടിയാണ് ഷീലാ ടോമി. പ്രവാസവും എഴുത്തും കൂടിക്കലർന്ന ജീവിതത്തിൽനിന്ന് അവർ തന്നെക്കുറിച്ച് സംസാരിക്കുകയാണ്.


തീപിടിച്ച കാടിനായ്,ശബ്ദമില്ലാത്ത മനുഷ്യർക്കായ്‘,’പിറന്ന മണ്ണിൽ ഇടമില്ലാത്തവർക്ക്‘- താങ്കളുടെ രണ്ട് നോവലുകളും തുറക്കുമ്പോൾത്തന്നെ കാണുന്ന ഈ വാക്യങ്ങളിൽനിന്ന് എഴുത്തുകാരിയുടെ രാഷ്ട്രീയം വ്യക്തമാണ്. അല്ലെങ്കിൽ ആരുടെ ശബ്ദമാണ് താങ്കൾ കേൾപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നറിയാം. ആദ്യം നമുക്ക് ‘വല്ലി’യിൽനിന്നു തുടങ്ങാം. ‘വല്ലി’ എഴുതാനുള്ള പ്രേരണകൾ എന്തായിരുന്നു?


എന്നെ ഞാനാക്കിയ നാടിനെക്കുറിച്ച് എഴുതണമെന്നുതന്നെയായിരുന്നു എന്റെ ആഗ്രഹം. വയനാടിന്റെ  മിത്തുകളും ചരിത്രവും ജീവിതവുമെല്ലാം വരച്ചിടുന്ന ഒരു നോവൽ. വർഷങ്ങൾക്കുമുമ്പേയുള്ള ആഗ്രഹമായിരുന്നു അത്. രണ്ടായിരം മുതൽത്തന്നെ അങ്ങനെ ഒരു നോവൽ എഴുതണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ സ്വപ്നം അങ്ങനെ നീണ്ടുപോയതാണ്. തുടക്കത്തിൽ എനിക്ക് നോവൽ എഴുതാനുള്ള കോൺഫിഡൻസൊന്നും ഉണ്ടായിരുന്നില്ല. ചെറുകഥകളും ലേഖനങ്ങളുമൊക്കെ അക്കാലത്ത് എഴുതിയിരുന്നു. ശരിക്കും ‘വല്ലി’ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ചാച്ചനാണ്. നിർഭാഗ്യവശാൽ എഴുതിത്തുടങ്ങും മുമ്പ് ഒരുറക്കത്തിൽ ചാച്ചനങ്ങു പോയി. 2015-ലായിരുന്നു അത്. അതേവര്‍ഷംതന്നെ ‘വല്ലി’ക്ക് തുടക്കം കുറിച്ചു. എഴുതിത്തുടങ്ങിയപ്പോൾ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും ഞാനറിയാതെ എഴുത്തിലേക്ക്  ഒഴുകിവരികയായിരുന്നു. ഒരാളെ എഴുതുമ്പോഴാണ്‌ മറ്റു നൂറുപേർ ഇടയിലേക്ക് കയറി വരുന്നത്. അതൊരു പ്രത്യേക അനുഭവമായിരുന്നു. ഒരു എഴുത്തുകാരി എന്ന നിലയിൽ അവരോടൊക്കെ നീതിപുലർത്തേണ്ടേ, ദേശത്തോട് നീതിപുലർത്തേണ്ടേ, എന്ന തോന്നൽ കാരണം അവർക്കൊക്കെ ഇരിപ്പിടം കൊടുത്തു. അങ്ങനെ നോവൽ  വലുതാവുകയായിരുന്നു. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എഴുതുന്ന വേളയിൽ കേണൽ മരിച്ചെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ മാർക്കേസിനെപ്പോലെ പലകുറി മനം കലങ്ങി എഴുത്തു നിർത്തേണ്ടിവന്നിട്ടുണ്ട്. അങ്ങനെ മൂന്നു വർഷമെടുത്താണ് നോവൽ പൂർത്തിയായത്.


ആഖ്യാനചൈതന്യത്തോടൊപ്പംതന്നെ രണ്ട് നോവലും കൃത്യമായ രാഷ്ട്രീയം ഉൾവഹിക്കുന്നുണ്ട്. ?


തീർച്ചയായും. നോവലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞാൽ പ്രത്യക്ഷമായി അത്‌ എക്സ്പ്രസ് ചെയ്യണം എന്ന് വിചാരിച്ചെഴുതുതിയതല്ല ഒന്നും. പക്ഷേ നമ്മളെയെല്ലാം നമ്മളാക്കുന്ന പലതരം അനുഭവങ്ങൾ ഉണ്ടല്ലോ. അതെപ്പോഴും നമ്മുടെ കൂടെയുണ്ടാവും. ഞങ്ങളുടെ കുടുംബം വർഷങ്ങൾക്കുമുമ്പ് മൂവാറ്റുപുഴയിൽനിന്ന് വയനാട്ടിലേക്ക് കുടിയേറിയതാണ്. അതിൽ എന്റെ അച്ഛനും അമ്മയും അധ്യാപകരായിരുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം കൃഷിക്കാരായിരുന്നു.  അവരുടെയെല്ലാം കഥകൾ എന്റെ ഉള്ളിൽ ഇപ്പോഴുമുണ്ട്. കഷ്ടപ്പാടുകളറിഞ്ഞുവളര്‍ന്ന ബാല്യമായിരുന്നു ഞങ്ങളുടെയൊക്കെ. തീർച്ചയായും അതില്‍നിന്നുതന്നെയാണ് എന്റെ രാഷ്ട്രീയവും രൂപപ്പെട്ടത്. ‘വല്ലി’യിൽ കടന്നുവരുന്ന വയനാടൻകര്‍ഷകരുടെ ദുരിതങ്ങളും ആദിവാസികളുടെ ജീവിതവും പെടാപ്പാടുകളും ചെറുപ്പംമുതൽ കണ്ടറിഞ്ഞതാണ്. എന്തുകൊണ്ട് അവര്‍ക്ക് വീടില്ല, സ്വന്തമായി മണ്ണില്ല, അവരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല എന്നതൊക്കെ അന്നു കുട്ടിയായിരുന്ന എന്നെ അലട്ടിയിരുന്നു. അതൊക്കെയാണ് ഈ നോവലിന്റെ എഴുത്തിനിടയിലും കയറിവന്നത്. പിന്നീട് വിദേശത്തേക്ക് പോയപ്പോൾ എന്റെ രാഷ്ട്രീയ അവബോധം പിന്നെയും ബലപ്പെട്ടു. പുറത്തേക്ക് പോകുമ്പോൾ നമ്മൾ പലപല രാജ്യങ്ങളില്‍നിന്നുള്ള വിവിധ സംസ്കാരങ്ങളുള്ള ആളുകളുമായി ഇടപെടുന്നു. അവരുടെ അനുഭവങ്ങൾ നേരിട്ട് കേള്‍ക്കുന്നു. വാർത്തകളിലും മറ്റും കണ്ട കാര്യങ്ങൾ പലതും നേരിട്ട് അനുഭവിക്കാനും മറ്റും അവസരമുണ്ടാകുന്നു.  ഇസ്രയേൽ-പലസ്തീൻ പ്രശ്നമൊക്കെ അതിലൊന്നായിരുന്നു. പലതരം ദുരന്തങ്ങളിൽപ്പെട്ട് വീട് ചുമന്ന് ഭൂമിയുടെ അറ്റത്തോളം പോകുന്നവർ അക്കൂട്ടത്തിലുണ്ടായിരുന്നു. അവരനുഭവിച്ച വേദനകൾ നേരിട്ട് കേൾക്കുമ്പോൾ അതിന്റെ തീവ്രത വായിച്ചറിഞ്ഞതിനെക്കാൾ ഭീകരമായിരുന്നു. ഇത്തരം വിനിമയങ്ങളിൽനിന്നൊക്കെയാണ് എന്റെ നോവലുകളുടെ രാഷ്ട്രീയവും രൂപപ്പെട്ടത്.


സ്വന്തം ചുറ്റുപാടുകളെ എഴുതിക്കൊണ്ടാണ് പലരും തങ്ങളുടെ ആദ്യനോവലിലേക്ക് വന്നതെന്നുകാണാം. താങ്കളും അങ്ങനെത്തന്നെ. എന്നാൽ ചെറിയ പ്രായത്തിൽത്തന്നെ പ്രവാസിയായ ഒരാളാണ് നിങ്ങൾ. അതുകൊണ്ടുതന്നെ വിദേശത്തുനിന്ന്  വയനാടിനെ ഒരു നോവലിലേക്ക് കൊണ്ടുവരുക എന്നു പറഞ്ഞാൽ എഴുത്തുകാരി ഓർമകളിലേക്ക് കൂടി തിരിച്ചുപോവുകയാണ്. ആ ഒരനുഭവം എങ്ങനെയായിരുന്നു?


ഓര്‍മകളാണ് എന്റെ ബലം. ഓര്‍മകളെയെല്ലാം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അവധിക്ക് നാട്ടിൽ വരുമ്പോൾ വയനാട്ടിലെ പല സ്ഥലങ്ങളും പിന്നെയും സന്ദർശിച്ചിരുന്നു. ‘വല്ലി’യിൽ പലയിടങ്ങളിൽ പണിയഭാഷ ആവശ്യമായി വന്നിരുന്നു. എന്റെ ചെറുപ്പത്തിൽ ഈ ഭാഷ ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്. അതിൽ പലതും മറന്നുപോയിരുന്നു. അതിലേക്ക് വീണ്ടും വരാൻ എന്നെ സഹായിച്ചത് ‘മാറ്റൊലി’ റേഡിയോയിൽ പണിയഭാഷയിൽ ന്യൂസ് വായിക്കുന്ന സരിത ചന്ദ്രനായിരുന്നു. വാട്സാപ്പിൽ സരിതയുമായി കണക്ട് ചെയ്തത്  വലിയ സഹായമായി. പിന്നെ നാട്ടിൽവന്നപ്പോൾ പണിയക്കോളനിയിൽപ്പോയി മുതിര്‍ന്ന ചിലരിൽനിന്ന് പല കാര്യങ്ങളും, ഭാഷയും പ്രയോഗങ്ങളും പാട്ടുകളുമൊക്കെ, പഠിച്ചെടുത്തു. ആദിവാസി ജീവിതവും പാട്ടുകളും പറയുന്ന നിരവധി പഠനഗ്രന്ഥങ്ങളും റെഫര്‍ ചെയ്തു. ആദ്യമെഴുതിയ മൂന്നുനാല് അധ്യായങ്ങൾ നോവലിൽ ഉപയോഗിച്ചിട്ടേയില്ല. അതൊന്നും സംതൃപ്തി തന്നിരുന്നില്ല. തീർച്ചയായും പലതരം ഓര്‍മകളിലൂടെയുള്ള സഞ്ചാരം കൂടിയാണ് നോവൽ.


‘വല്ലി’ക്കു മുമ്പിൽ വയനാടിനെക്കുറിച്ച് എഴുതപ്പെട്ട മറ്റു നോവലുകളും കഥകളുമൊക്കെയുണ്ടായിരുന്നു. വയനാടിനെക്കുറിച്ച് പിന്നെയുമൊരു നോവൽ എന്നാലോചിക്കുമ്പോൾത്തന്നെ ഇതൊരു പ്രതിസന്ധിയായി മുന്നിലുണ്ടായിരുന്നില്ലേ.?


വളരെ ശരിയാണ്. ഞാൻ എഴുത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതുതന്നെയാണ്. നമ്മുടെ മുന്നിൽ ഹിമാലയംപോലെ നില്ക്കുന്ന എസ്.കെ.പൊറ്റക്കാടും പി.വത്സലയുമൊക്കെ എഴുതിയ കൃതികളുണ്ട്. അതിനിടയിലേക്ക് വയനാടിനെക്കുറിച്ച് ഞാനെന്തു പറഞ്ഞാണ് വരിക. അതൊരു പ്രശ്നം തന്നെയായിരുന്നു. അവർ പറയാത്ത എന്തെങ്കിലും പറയണം. എങ്കിലേ കാര്യമുള്ളൂ. അതുകൊണ്ടുതന്നെ നോവൽ എഴുതണമെന്നാലോചിച്ചപ്പോൾ ഞാൻ ആദ്യം ചെയ്തത് വയനാടിനെക്കുറിച്ചെഴുതപ്പെട്ട കൃതികളെല്ലാം ഒരിക്കൽക്കൂടി വായിക്കുകയായിരുന്നു. അതിനകത്ത് ഫിക്ഷനും ചരിത്രവും പഠനങ്ങളും പാട്ടുകളുമൊക്കെയുണ്ടായിരുന്നു. ശേഷം ഷീലയ്ക്ക് എന്താണ് പുതുതായി പറയാനുള്ളത് എന്ന് തിരിച്ചറിഞ്ഞു. അത് ഷീല അനുഭവിച്ച വയനാടാണ്. അതാണ് സൂസനിൽനിന്നുതന്നെ ‘വല്ലി’ തുടങ്ങിയത്. സത്യത്തിൽ എന്റെ ബാല്യത്തിൽനിന്ന് തുടങ്ങി ഇന്നുവരെയുള്ള വയനാടിനെയും അനുഭവങ്ങളെയും നോവലിൽ ചേർത്ത് വയ്ക്കുകയായിരുന്നു എന്നു പറയാം.


അവരുടെ വിയർപ്പിനാൽ നമ്മൾ കൊട്ടാരങ്ങൾ പണിതു.അവരുടെ കാടുകട്ട് നാട് പണിതു. കാലം പണിതു. അവരുടെ ഭാഷ കട്ടെടുത്ത് സ്വന്തമാക്കി. എമണ്ടൻ വാക്കുകൾ കാട്ടി അവരെ പേടിപ്പിച്ചു. ഒരിക്കൽ, ഒരിക്കലവർക്ക് തിരിച്ചറിവുണ്ടായാൽ ചുട്ടെരിക്കുമവർ എല്ലാമെല്ലാം. ഒരു കാലം വരും, മണ്ണിനും മനുഷ്യർക്കും വേണ്ടി അവർ ആയുധമേന്തുന്ന കാലം. അവർ തന്നെയാവും അന്ന് നിയമവും കോടതിയും” നോവലിൽ പലയിടത്തായി നീതിയെ സംബന്ധിച്ചുയരുന്ന ഇത്തരം വാക്യങ്ങൾക്കെല്ലാം യു.പി. ജയരാജിന്റെയും മറ്റും കഥകളിലെ തീവ്രവാദ രാഷ്ട്രീയത്തിന്റെ സ്വഭാവമുണ്ട്. മാത്രമല്ല  കെ.ജെ. ബേബിയും വർഗീസുമൊക്കെ തെളിഞ്ഞും മറഞ്ഞും വരുന്നുണ്ട്.


അത് ശരിക്കും എന്റെ രാഷ്ട്രീയം തന്നെയാണ്. കെ.ജെ.ബേബിച്ചേട്ടൻ എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു. കുട്ടിക്കാലം മുതൽ അറിയാം. ബേബിച്ചേട്ടന്റെയും സഹധർമിണി ഷേര്‍ളിച്ചേച്ചിയുടെയും പ്രവർത്തനങ്ങൾ ചെറുപ്പത്തിലേ കണ്ടറിഞ്ഞതാണ്. അന്നുതന്നെ വലിയ ആരാധനയോടുകൂടിയാണ് ഞാൻ അവരെയൊക്കെ കണ്ടത്. അവരുടെ ‘കനവ്’ എന്ന വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ് നോവലിൽ കാടോരം സ്കൂളായി ഭാവന ചെയ്യുന്നത്. തീവ്രഇടതുപക്ഷത്തിന്റെ മാർഗം ശരിയല്ലെങ്കിലും അവരുടെ ലക്ഷ്യം നല്ലതായിരുന്നു. ഉന്മൂലനംകൊണ്ട് എല്ലാം നേടാം എന്ന ആശയത്തോട് തീര്‍ച്ചയായും എതിർപ്പുണ്ട്.


ഉണരാത്ത വിപ്ലവകാരിയായ ഒരു അജിതയെ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു എഴുത്തുകാരിയാണ് താങ്കൾ എന്ന് പറഞ്ഞാൽ?


(ചിരിക്കുന്നു.) അതേ. അവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ അവരുടെ പ്രായമായിരുന്നു എനിക്കെങ്കിൽ ചിലപ്പോൾ അവരുടെകൂടെ ഞാനും ഉണ്ടാകുമായിരുന്നിരിക്കാം. ആയുധമെടുത്തില്ലെങ്കിലും ചിലപ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നേനെ.


പ്രകൃതിയോട് എഴുത്തുകാർ പുലർത്തുന്ന കാല്പനികസമീപനങ്ങളെല്ലാം വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്ന ഒരു കാലംകൂടിയാണ് ഇത്. കുടിയേറ്റക്കാർ കൈയേറ്റക്കാരും തദ്ദേശവാസികൾ നിഷ്കളങ്കരും ആണെന്ന ദ്വന്ദനിർമിതി കാലങ്ങളായുണ്ട്. യഥാർഥത്തിൽ അടിമയായി ജീവിച്ചവരെ കൂലിയുള്ള തൊഴിലാളികളായി മാറ്റുകയാണ് കുടിയറ്റക്കാർ ചെയ്തതെന്ന പഠനങ്ങൾ ഇപ്പോഴുണ്ട്. എഴുതുമ്പോൾ ഇതൊരു വലിയ ചോദ്യമായി മുന്നിലുണ്ടായിരുന്നില്ലേ?


ഇങ്ങനെയൊരു സെൻസ് പലപ്പോഴും പല ചർച്ചകളിലും കാണാറില്ല കേട്ടോ. ഈ സമീപനമാണ് എനിക്ക് ശരിയായിത്തോന്നുന്നത്. കുടിയേറ്റക്കാർ വരുന്നതിനുമുമ്പ് വയനാട്ടിലെ ആദിവാസികൾ ജന്മിമാരുടെ അടിമകൾ തന്നെയായിരുന്നു. അവരെക്കൊണ്ട് പണിയെടുപ്പിക്കുന്ന ജന്മികളുടെ കീഴിൽ കഷ്ടം സഹിച്ച് തൊഴിലെടുത്തിരുന്നവരാണ് അവർ. ‘മാവേലി മന്‍റ’ത്തിലെ കൈപ്പാടനെയൊക്കെ മലയാളിക്ക്  മറക്കാനാവുമോ. കൂടുതൽ മെച്ചപ്പെട്ട അവസ്ഥയായിരുന്നു  കുടിയേറ്റകര്‍ഷകരുടെ കീഴിൽ ജോലിചെയ്യുമ്പോൾ അവര്‍ക്കുണ്ടായത്. അതിനുകാരണം മാറിവന്ന രാഷ്ട്രീയസാഹചര്യവും പ്രക്ഷോഭങ്ങളുമൊക്കെത്തന്നെയാണ്. എങ്കിലും മദ്യമടക്കമുള്ള പ്രലോഭനങ്ങൾ നല്കി  പാടത്തും ഇഞ്ചിപ്പാടത്തും പണിയാൻ മാത്രമുള്ളവരായി അവരെ നിലനിറുത്തിക്കൊണ്ടുവരാൻ കുടിയേറ്റക്കാര്‍ അറിഞ്ഞും അറിയാതെയും കാരണമാകുന്നുണ്ട് എന്നതും മറക്കുന്നില്ല.