കോവിഡനന്തര ക്ലാസ്സ് മുറിയിലെ ജ്ഞാനനിർമിതി – എം.വി.ഷാജി

കോവിഡനന്തര ക്ലാസ്സ് മുറിയിലെ ജ്ഞാനനിർമിതി  – എം.വി.ഷാജി

കോവിഡനന്തര ക്ലാസ്സ് മുറികളിലെ പഠന – ബോധനപ്രകിയ സങ്കീർണവും വൈരുധ്യാത്മകവുമാണ്. അത് കോവിഡനന്തരം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ നില സങ്കീർണമായതിനാലും അവരുടെ മനോഭാവങ്ങളിലും പഠനശീലങ്ങളിലുമുണ്ടായ മാറ്റങ്ങൾ അത്ര ആശാവഹമല്ലാത്തതുകൊണ്ടും ഒക്കെയാണ്. ബോധനപ്രക്രിയയിൽ ഇടപെടുമ്പോൾ അധ്യാപകർ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളും അവയെ നേരിടാൻ അനുവർത്തിക്കേണ്ട തന്ത്രങ്ങളും സിസ്റ്റത്തിൽ, നയരൂപീകരണത്തിൽ, കരിക്കുലം തയാറാക്കുന്നതിൽ,വിനിമയത്തിൽ ഒക്കെ പുലർത്തേണ്ട സൂക്ഷ്മതയും ജാഗ്രതയും ഏറെ പ്രധാനമാണ്. കോവിഡനന്തര ക്ലാസ്സ് മുറികളെക്കുറിച്ച് അനുഭവിച്ച യാഥാർത്ഥ്യങ്ങളുടെ വരണ്ട നിലത്തിൽ ചവിട്ടിനിന്ന് ഒരധ്യാപകൻ നടത്തുന്ന അന്വേഷണമായി ഈ ലേഖനത്തെ വായിക്കുക.


കോവിഡനന്തര ക്ലാസ്സ് മുറി ഒറ്റനോട്ടത്തിൽ


കോവിഡനന്തരം വലിയ ആസൂത്രണമോ തയാറെടുപ്പോ ഇല്ലാതെ സ്‌കൂളുകൾ തുറക്കപ്പെട്ടു. കുട്ടികളെ പുതിയ സാഹചര്യത്തിലേക്ക് ഒരുക്കിയെടുക്കാൻ വേണ്ട അവധാനത ഇല്ലാതെ പോയി. ഓൺലൈനിലേക്ക് മാറിയപ്പോൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചിട്ടകളും നിയമങ്ങളും കുട്ടികൾ പാലിക്കാതായി. ഓൺലൈൻ ക്ലാസ്സിന് ബെല്ലടിയില്ല, യൂണിഫോമില്ല, ടൈം ടേബിളില്ല, ക്ലാസ്സ് ടെസ്റ്റില്ല, കണ്ണുരുട്ടലില്ല, ചീത്തവിളിയില്ല, ഇഷ്ടവേഷം ധരിക്കാം, ഇഷ്ടമുണ്ടെങ്കിൽ ക്ലാസ്സിൽ കയറാം. ഇഷ്ടകാര്യങ്ങൾ ചെയ്തുകൊണ്ട് ക്ലാസ്സ് കേൾക്കാം- അതിരുകളില്ലാത്ത സ്വാതന്ത്ര്യം. നിയമമേയില്ല; അനോമി – അഥവാ അരാജകമായ സ്വാതന്ത്ര്യം. ഔപചാരികതളോട് താത്പര്യക്കുറവ് അല്ലെങ്കിൽ അജ്ഞത കുട്ടികളിൽ പ്രകടമായി. ലോക്ക് ഡൗണിന്റെ ആദ്യവർഷം കുട്ടികളെയെല്ലാം ഓൺലൈൻ ക്ലാസ്സിൽ കയറ്റാനായിരുന്നു വിദ്യാഭ്യാസവകുപ്പും വിദ്യാലയാധികൃതരും പ്രാദേശിക ഭരണകൂടവും സന്നദ്ധ സംഘടനകളുമെല്ലാം ആഞ്ഞുപിടിച്ചത്. ഇതിന്റെ ഫലമായി പഠന സഹായ സമിതികൾ എല്ലാ സ്‌കൂളുകൾ കേന്ദ്രീകരിച്ചുമുണ്ടായി. ഫോണില്ലാത്തവർക്ക് ഫോൺ, ടി.വി.യില്ലാത്തോർക്ക് ടി.വി. – എല്ലാ വിഭാഗവും കൈകോർത്ത് ഇതെല്ലാം ലഭ്യമാക്കി. പക്ഷേ, കുട്ടികൾ ക്ലാസ്സിൽ കയറുന്നുണ്ടോന്ന് ഉറപ്പിക്കാൻ സംവിധാനമുണ്ടായില്ല. വിക്‌ടേർസ്‌ ചാനലിൽ ഗംഭീര ക്ലാസ്സ് നടന്നു. പക്ഷേ, ഭൂരിപക്ഷം കളരിക്ക് പുറത്തായിരുന്നു. ഓൺലൈൻ ക്ലാസ്സിന് അനുബന്ധമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കേണ്ട ഓൺലൈൻ പിന്തുണാ ക്ലാസ്സുകൾ നടന്നില്ല. ഫലത്തിൽ ഒരു വർഷംകൊണ്ട് കുട്ടി പല വിഷയത്തിൽ നേടേണ്ട ശേഷികൾ പത്തു ശതമാനംപോലും കൈവരിച്ചില്ല. രണ്ടാംവർഷവും ലോക്ക്ഡൗൺ തുടർന്നു.


ഒന്നാം വർഷമുണ്ടായ പരിമിതികൾ തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ജി.സ്യൂട്ട് പോലെ വിദ്യാലയതല പിന്തുണയ്ക്ക് ഒരു ഓൺലൈൻ പ്ലാറ്റ്ഫോം വികസിപ്പിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടേ ഒന്നാംവർഷം കളരിക്ക് പുറത്തായ കുട്ടികൾ രണ്ടാംവർഷവും അകത്തായില്ല, കാരണം, അവർക്ക് അധ്യയനത്തുടർച്ച നഷ്ടമായി. എല്ലാ വിഷയങ്ങളിലും അതിഭീകരമാംവിധം പഠനവിടവുണ്ടായി. മൂന്നാംവർഷം തിരക്കിട്ട് സ്‌കൂൾ തുറന്നപ്പോൾ ഈ വിടവടയ്ക്കാൻ പരിപാടിയുണ്ടായില്ല. അവധിക്കാല പരിശീലനമോ അധ്യാപക ശാക്തീകരണമോ ഫലപ്രദമായി നടന്നില്ല. കൂടുതുറന്നു വിട്ട കിളികളെ രണ്ടാമതും കൂട്ടിൽ അടച്ചു.


അരാജകമായ സ്വാതന്ത്ര്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളുമനുഭവിച്ചവർ വീണ്ടും കൂട്ടിലടച്ചപ്പോൾ കൂടുതൽ അപകടകാരികളായി. പഠനശീലത്തിലുണ്ടായ മാറ്റം വെല്ലുവിളിയായി. കുറുക്കുവഴി തേടാനുള്ള പ്രവണത വർധിച്ചു. പഠനം പരീക്ഷ പാസാവാൻ മാത്രമായി പരിമിതപ്പെട്ടു. ഗാഡ്ജറ്റുകളോടും ന്യൂജെൻ വ്ലോഗുകളോടും അമിതഭ്രമം പ്രകടമായി. അധ്യാപകരോട് അവിശ്വാസവും ബഹുമാനമില്ലായ്മയും വർധിച്ചു.


ലളിതമായ ആശയവിനിമയ ശേഷികളിലേക്ക് പരിമിതപ്പെടുന്നതായി അധ്യയനം (കാഴ്ച /കേൾവി) മാറി. റിസോഴ്സുകളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം കുട്ടികൾക്ക് ലഭിച്ചു. അനഭിലഷണീയമായ ശീലങ്ങൾ, മനോഭാവങ്ങൾ, പലതരം അഡിക്ഷൻ എന്നിവ പ്രകടമായി. ശാരീരികവും മാനസികവുമായി അനാരോഗ്യകരമായ ജീവിതശൈലികൾ രൂപപ്പെട്ടു. സ്‌കൂൾ സിസ്റ്റവും സമൂഹ ജീവിതവുമായി പൊരുത്തപ്പെടുന്നതിലുണ്ടായ പ്രശ്നങ്ങൾ കുട്ടികളെ പല തരത്തിൽ ബാധിച്ചു.


മികവുകൾ


രണ്ടുവർഷത്തെ ഓൺലൈൻ പഠനം വിദ്യാഭ്യാസസമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ ഉളവാക്കി. സ്വാഭാവികമായും ചില മുന്നേറ്റങ്ങളുണ്ടായി. 2025-ലേക്ക് ആർജിക്കേണ്ട ഐ.ടി. ശേഷികൾ 2022-നുള്ളിൽത്തന്നെ കുട്ടികൾ നേടി. പഠനത്തിന് സഹായകമായ സാങ്കേതികവിദ്യകൾ, പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്പുകൾ ഇവ ഉപയോഗിക്കാനും മെച്ചപ്പെടുത്താനുമുള്ള അറിവ് കുട്ടികൾ ആർജിച്ചു. പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവന്നു. പഠനത്തോടൊപ്പം യൂ ട്യൂബ്, വ്ലോഗുകൾ എന്നിവയിൽ പുതിയ പരിശ്രമങ്ങൾവഴി വരുമാനമുണ്ടാക്കാവുന്ന നിലയിലേക്ക് ചിലരെങ്കിലും വളർന്നു. ആത്മാവിഷ്കാരത്തിനും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാനും സമൂഹമാധ്യമങ്ങൾവഴി സാധിച്ചു. പഠനത്തിന്റെ പുതിയ മേഖലകളും സങ്കേതങ്ങളും കണ്ടെത്തി ഉപയോഗിക്കുകവഴി പുതിയ തലങ്ങളിലേക്ക് അതിനെ വികസിപ്പിക്കാൻ കഴിഞ്ഞു.


പ്രതിസന്ധികൾ


കോവിഡനന്തര ക്ലാസ്സ്മുറിയിലെ പ്രതിസന്ധികളെ വ്യത്യസ്തമേഖലകളായി വർഗീകരിക്കാം


  • 1. പഠനശീലങ്ങൾ 2. മനോഭാവങ്ങൾ 3. വൈകാരികവും മാനസികവുമായ നില 4. സാമൂഹിക ബന്ധങ്ങൾ 5. ശാരീരികവും ജീവിതശൈലീപരവുമായ മാറ്റങ്ങൾ.


    പഠനശീലങ്ങൾ (അക്കാദമികപ്രശ്നങ്ങൾ) : ആശയഗ്രഹണത്തെക്കാൾ കുറുക്കുവഴി തേടാനുള്ള പ്രവണത കുട്ടികളിൽ വർധിച്ചു. കൂടുതൽ നേരത്തേക്ക് ശ്രദ്ധ/ക്ഷമ/ഏകാഗ്രത നിലനിറുത്താൻ കുട്ടിക്കാവുന്നില്ല. ക്ലാസ്സിൽനിന്ന് പുറത്തുചാടാനുള്ള പ്രവണത കൂടി. ചിട്ടകളും നിയമങ്ങളും അംഗീകരിക്കാൻ വിമുഖതയുള്ളവരായി കുട്ടികൾ മാറി. എഴുത്ത്, വായന, പ്രായോഗികപഠനം ഇവയിൽ പിന്നാക്കം പോയി. ദീർഘപാഠങ്ങൾ, ദർശനങ്ങൾ, സിദ്ധാന്തങ്ങൾ ഇവ ഉൾക്കൊള്ളാൻ വിമുഖതയുള്ളവരായി. ഭാഷാ വ്യവഹാരങ്ങളിൽ പരിചയക്കുറവ് ദൃശ്യമായി. ശാസ്ത്രവിഷയങ്ങളിലും മറ്റും പ്രക്രിയാശേഷികൾ നേടുന്നതിലെ കാലവിളംബം വലിയ പ്രശ്നം സൃഷ്ടിച്ചു. ഗണിതംപോലുള്ള വിഷയങ്ങളിൽ അടിസ്ഥാനാശയങ്ങൾ നേടുന്നതിലുണ്ടായ വിടവ് തുടർപഠനത്തെ ബാധിച്ചു. ഹിന്ദി പോലുള്ള ചുരുങ്ങിയ അധ്യയനവർഷംകൊണ്ട് അക്ഷരജ്ഞാനംമുതൽ ഉയർന്ന ഭാഷാശേഷിവരെ കൈവരിക്കേണ്ട വിഷയങ്ങളിലെ പഠനവിടവ് സൃഷ്ടിച്ച പ്രശ്നം വലുതായിരുന്നു. ഇംഗ്ലീഷിൽ ഭാഷാശേഷികൾ പ്രയോഗിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ പ്രശ്നങ്ങൾ രൂക്ഷമായി. ലളിതമായ ശേഷികൾ (അറിവ്, ഗ്രഹണം) എന്നിവയിലേക്ക് പരിമിതപ്പെട്ട ഓൺലൈൻ പഠനം ഉയർന്ന ശേഷികൾ (അനാലിസിസ്, സിന്തസിസ്, ഇവാല്വേഷൻ, മെറ്റാ കോഗ്നിഷൻ etc.) വികസിക്കാൻ തടസ്സമായി. പഠനം പരീക്ഷയ്ക്കു മാത്രമായി പരിമിതപ്പെട്ടു. തുടർ പ്രവർത്തനങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ഡംപ് ചെയ്യപ്പെട്ട PDF-കളിലേക്ക് ചുരുങ്ങി. നോട്ട്ബുക്ക്, ടെക്സ്റ്റ് ബുക്ക്, മറ്റു പഠനസാമഗ്രികൾ ഇവ കൈകാര്യം ചെയ്യുന്നതിലെ അലസത, പല വിഷയങ്ങൾക്കുകൂടി ഒറ്റ നോട്ടുപുസ്തകമെന്ന സ്ഥിതി വരെയെത്തി.


    മനോഭാവങ്ങൾ: എന്തിനോടും ഏതിനോടുമുള്ള നിഷേധ പ്രവണതയും അക്രമണോത്സുകതയും വർധിച്ചു. മറ്റു കുട്ടികളെ ശാരീരികമോ മാനസികമോ ആയി വേദനിപ്പിക്കുന്നതിന് മടിയില്ല എന്ന നിലയായി. ക്ലാസ്സ്റൂം പ്രവർത്തനങ്ങളിൽ പങ്കുചേരാതിരിക്കൽ, പിൻവലിയൽ, നിസ്സംഗത, അലസത, നിഷ്ക്രിയത്വം, ഉറക്കംതൂങ്ങൽ എന്നീ പ്രശ്നങ്ങൾ ദൃശ്യമായി. പരമ്പരാഗത ക്ലാസ്സ്റൂം പെരുമാറ്റച്ചട്ടങ്ങളോടുള്ള അസഹിഷ്ണുത എല്ലാ കുട്ടികളിലും കാണപ്പെട്ടു. ഔപചാരിക പഠനതന്ത്രങ്ങൾ, രീതികൾ ഇവയോട് നിർമമത പൊതുവായി തിരിച്ചറിയാൻ കഴിഞ്ഞു.


    വൈകാരികവും മാനസികവുമായ നില : മാറുന്ന സൗഹൃദ നിർവചനങ്ങൾ, എതിർ ലിംഗത്തോടുള്ള അനഭിലഷണീയമായ പെരുമാറ്റം, ലൈംഗികതയോട് അമിതഭ്രമം സദാചാരസങ്കല്പങ്ങളിലെ വിസ്ഫോടനകരമായ മാറ്റം ഇവയല്ലാം കോവിഡനന്തര ക്ലാസ്സ്മുറികളുടെ മുഖമുദ്രയായി. അനാരോഗ്യകരമായ വിർച്വൽ സൗഹൃദങ്ങൾ – സോഷ്യൽ മീഡിയ, (വാട്സാപ് , ഷെയർ ചാറ്റ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം,ടെലിഗ്രാം) സ്മാർട്ട്ഫോൺ അഡിക്ഷൻ ഇവ സ്ക്രീൻടൈമിൽ വലിയ വർധനയുണ്ടാക്കി. (8 – 10 മണിക്കൂർ ഒക്കെയായി ശരാശരി സ്ക്രീൻ സമയം) ഫോൺ കൊടുക്കാതിരുന്നാൽ അക്രമം കാണിക്കുന്ന നിലയിലെത്തി. പണം ഉപയോഗപ്പെടുത്തുന്ന പലതരം മൊബൈൽ ഗെയിമുകൾ ആത്മഹത്യാപ്രവണതയിലേക്കുവരെ കുട്ടികളെ നയിച്ചു. (ചില ആത്മഹത്യകളും) മുഖത്തെ മാസ്ക് പലതിനും മാസ്കാവുന്ന അവസ്ഥ. വയലൻസ് കൂടി, ച്യൂയിംഗ് ഗം, നാക്കിനടിയിൽ വയ്ക്കുന്ന ലഹരിയായ സ്റ്റിക്കർ മുതലായവയ്ക്ക് മാസ്ക് മറയായി.


    സാമൂഹികം സഭ്യമല്ലാത്ത പുതിയൊരു വിനിമയഭാഷ ക്ലാസ്സ്മുറിയിൽ കുട്ടികൾക്കിടയിൽ രൂപപ്പെട്ടു വന്നു. മറയില്ലാത്ത, തുറന്ന, പരിധിവിട്ട സൗഹൃദങ്ങൾ,കൂട്ടംചേർന്ന് അധോതല പ്രവർത്തനം, സംഘം ചേർന്ന് അക്രമം, ഗ്യാങ്ങുകൾ, ക്ലിക്കുകൾ ഇവ രൂപപ്പെടുത്തൽ, ഗ്യാങ് വയലൻസ് ഒക്കെ വർധിച്ചു നേരിട്ടുള്ള പഠനം നിഷേധിക്കപ്പെട്ടതിനാൽ വൈകാരികബുദ്ധി (ഇമോഷണൽ ഇന്റലിജൻസ്) വികസിക്കുന്നതിൽ തടസ്സമുണ്ടായി. ഇത് മറ്റുള്ളവരോട് അമിത സ്വാതന്ത്ര്യത്തോടെ പെരുമാറാൻ കാരണമായി. ശാരീരിക അകലം പാലിക്കുമ്പോഴും പലതരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും മറ്റും കുട്ടികൾ തമ്മിലുള്ള ബന്ധം ദൃഢമായി. ഇത്തരം ബന്ധങ്ങൾ സമൂഹവിരുദ്ധ പ്രവണതയിലേക്കും ലഹരി ഉപഭോഗം-വിതരണത്തിലേക്കുംവരെ വളർന്നു. പരസ്പരവിനിമയത്തിന്റെ എല്ലായിടങ്ങളിലും അച്ചടക്കരാഹിത്യം പ്രകടമായി. രക്ഷിതാക്കൾ, മുതിർന്നവർ, അധ്യാപകർ എന്നിവരോട് ഒട്ടും ബഹുമാനമില്ലാതെയും പരിഹാസത്തോടെയും ധിക്കാരത്തോടെയും പെരുമാറാൻ തുടങ്ങി. തലമുറ-വിടവ് (ജനറേഷൻ ഗ്യാപ്പ്) കൂടുതൽ പ്രകടമായി.


    ശാരീരികവും ജീവിതശൈലീപരവുമായ മാറ്റങ്ങൾ: ഭക്ഷണശീലങ്ങളിലും ചിട്ടയിലുമുണ്ടായ മാറ്റം പൊണ്ണത്തടിക്കും, സ്ക്രീൻടൈമിലെ വർധന നേത്ര സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായി. മൊബൈൽ അഡിക്ഷൻ മാനസിക പിരിമുറുക്കത്തിനും വൈകാരികമായ പക്വത, ഇമോഷണൽ ബാലൻസ് ഇല്ലായ്മയ്ക്കും കാരണമായി. കോവിഡ് കാലത്ത് വീടുകൾ പലതരം പാചകപരീക്ഷണങ്ങൾക്ക് വേദിയായി. എണ്ണ,കൊഴുപ്പ് ഇവ അമിതമായി അടങ്ങിയതും കൃത്രിമ ഭക്ഷ്യവസ്തുക്കൾ അടങ്ങിയതും, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗവും ഭക്ഷണശൈലിയിൽ വലിയ മാറ്റം ഉണ്ടാക്കി. വൈകി ഉറങ്ങൽ, വൈകി ഉണരൽ ഇവ കുട്ടികൾക്ക് ശീലമായി. അമിതമായ ഫോൺ ഉപയോഗം ഉറക്കക്കുറവിന് കാരണമായി. കോവിഡ് പോസിറ്റീവായവരിൽ നീണ്ടു നില്ക്കുന്ന പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. അമിതമായ ഇന്റർനെറ്റ് ഉപയോഗം പല തരത്തിലുള്ള Psycho-neurotic പ്രശ്നങ്ങൾക്ക് കാരണമായി.


    ഇനിയെന്ത്


    രണ്ടുവർഷം ഏറക്കുറെ പൂർണമായും എല്ലാ മേഖലയിലും ഔപചാരികതകൾ ഇല്ലാതാക്കിയ ഓൺലൈൻ വിദ്യാഭ്യാസത്തിനുശേഷം വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സ്‌കൂളുകൾ തുറന്നത്. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപക ശാക്തീകരണം, അവധിക്കാല പരിശീലനം ഇവ ഫലപ്രദമായി നടന്നില്ല. പഠനവിടവ് നികത്താൻ പ്രത്യേക പാക്കേജോ പരിപാടികളോ ഉണ്ടായില്ല. ഔപചാരിക പഠനരീതികളിൽനിന്ന് മുഖംതിരിഞ്ഞ് ബദൽമാർഗങ്ങൾ (ന്യൂജെൻ ചാനലുകൾ മുതലായവ) പഠനത്തിനായി തിരഞ്ഞെടുക്കുന്നു. ഇത്തരം ചാനലുകളിലെ വിനിമയരീതി നാമിതുവരെ വളർത്തിക്കൊണ്ടുവന്ന മനഃശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ തിരിച്ചറിവുകൾക്ക് എതിരാണ്. ശിശുകേന്ദ്രിതവും, പ്രക്രിയാ ബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമായ, ജ്ഞാനനിർമിതിവാദത്തിലധിഷ്ഠിതമായ നമ്മുടെ ക്ലാസ്സ്മുറികൾ തിരിച്ചുപിടിച്ച് മെച്ചപ്പെടുത്തി ഈ ഭീഷണിയെ ചെറുക്കണം.


    നിർമിത ബുദ്ധി, ചാറ്റ് ജി.പി.ടി. പോലുള്ള പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ അറിവുനിർമാണത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞ് അവ പോസിറ്റീവായി പ്രയോജനപ്പെടുത്താൻ കഴിയണം. സാങ്കേതികവിദ്യ, ഗാഡ്ജെറ്റ്സ്, ആപ്പുകൾ, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഇവയിൽ കുട്ടി ആർജിച്ച അവബോധം നിലനിറുത്തിക്കൊണ്ടു തന്നെ വൈകാരികവും മാനസികവും മനോഭാവപരവും സാമൂഹിക പരവുമായി കുട്ടി ആർജിക്കേണ്ട ശേഷികൾ പാഠ്യപദ്ധതി നവീകരിക്കുമ്പോൾ പരിഗണിക്കപ്പെടണം. പുതിയ കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാനും അവയെ അഭിമുഖീകരിക്കാനും പുതിയ പാഠ്യപദ്ധതിക്ക് കഴിയണം.


    ചാറ്റ് ജി.പി.ടി.യും ന്യൂജെൻ വ്ലോഗർമാരും ജ്ഞാനനിർമിതിയിൽ ഇടപെടുമ്പോൾ


    സമീപഭാവിയിൽ ഔപചാരിക വിദ്യാഭ്യാസമേഖലയിൽ സംഭവിക്കാവുന്ന ചില മാറ്റങ്ങളെ ഒരു സാമാന്യാവലോകനത്തിനു വിധേയമാക്കേണ്ടതുണ്ട്. നിർമിതബുദ്ധി യാഥാർത്ഥ്യവും സാധാരണക്കാരനുപോലും പ്രാപ്യവും ജനകീയവുമായിക്കഴിഞ്ഞു. ഏതു വിഷയത്തിലും ഏറ്റവും കൃത്യവും പുതിയതുമായ വിവരങ്ങൾ (സ്രോതസ്സുകളുടെ ലഭ്യതയ്ക്കനുസരിച്ച്) ചാറ്റ് ജി.പി.ടി.വഴി ലഭ്യമാകുന്ന ഒരു പുതിയ സാഹചര്യത്തിൽ വിവരശേഖരണം,ഗവേഷണം,പ്രോജക്റ്റ്,അസൈൻമെന്റ് ഒക്കെ ഇനി എളുപ്പവും യാന്ത്രികവുമാവും.  ഇപ്പോൾ (കോവിഡനന്തരം) കുട്ടികൾ പഠനത്തിനായി ആശ്രയിക്കുന്നത് ന്യൂജൻ വ്ലോഗുകളാണ്.


    ടെലിവിഷൻ റേഡിയോ ജോക്കികളെ (ആങ്കർമാർ)പോലെ എല്ലാ വിഷയവും ഏറ്റവും രസകരമായി (?) പരീക്ഷകൾക്ക് മാർക്ക് വാങ്ങാൻ ഏറ്റവും അനുയോജ്യമായ തന്ത്രങ്ങൾ ഉപയോഗിച്ച്, ന്യൂജൻ ഭാഷയിൽ (കിടു, പൊളി, തേപ്പ്, മരണമാസ്, പഠിപ്പി) പഠിപ്പിക്കുന്ന പയ്യൻസ് / പെൺപിള്ളാർസിനെ കാണുമ്പോൾ കുട്ടികൾക്ക് നിലവിലെ അധ്യാപകരെ – തലനരച്ച പഴം’ജെൻ’ (പഴഞ്ചൻ) ഒക്കെ -എടുത്ത് തോട്ടിലിടാൻ തോന്നും.


    ക്വസ്റ്റ്യൻ ബാങ്ക്, റാങ്ക് ഫയൽ, ട്യൂഷൻ/കോച്ചിംഗ് സെന്റർ സംസ്കാരം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ പുനർനിർവചിക്കുകയോ തകർക്കുകയോ ചെയ്ത സാഹചര്യത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെയൊക്കെ നേതൃത്വത്തിൽ ജനകീയവിദ്യാഭ്യാസക്യാമ്പയിനുകളും, പുതിയമാതൃകകളുടെ പരീക്ഷണങ്ങളുമൊക്കെ നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കപ്പെട്ടത്. ശിശുകേന്ദ്രിതവും, പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവും (child centred, activity based and process oriented ) ആയ ക്ലാസ്സ്മുറി ഒക്കെ ഒരു പരിധിവരെ യാഥാർത്ഥ്യമായത്. (എ.സുകുമാരൻ നായർ കമ്മീഷൻ ഓർക്കുക) അതിന്റെ തുടർച്ചയാണ് മാർക്കിനുപകരം ഗ്രേഡ് ഉൾപ്പെടെ മൂല്യനിർണയത്തിൽ പരിഷ്കാരം വന്നത്. നിരന്തരവും സമഗ്രവും (Continuous & Comprehensive) ആയ മൂല്യനിർണയം പരിമിതികളോടെയെങ്കിലും നടപ്പാക്കിയത്. അതിന്റെ തുടർച്ചയായാണ് പഴയ ബിഹേവിയറിസ്റ്റ് കാഴ്ചപ്പാടിൽനിന്ന് പിയാഷെയുടെ ജ്ഞാനനിർമിതിയിലേക്കും അതിനുമപ്പുറം വിഗോട്സ്കിയുടെ സാമൂഹിക ജ്ഞാനനിർമിതിയിലേക്കും ക്ലാസ്സ്മുറികൾ മാറണമെന്ന വിഭാവനത്തിന്റെ അടിസ്ഥാനത്തിൽ കേരള കരിക്കുലം ഫ്രെയിംവർക്ക് -2007 തയാറാക്കിയത്. യാഥാർത്ഥ്യം ഇതാണെങ്കിലും കോച്ചിങ്ങ് സെന്റർ, റാങ്ക് ഫയൽ സംസ്കാരത്തിന് മാറ്റമുണ്ടായില്ല. പകരം അത്തരം പ്രവണത മൂർദ്ധന്യത്തിലെത്തി.


    ഹയർ സെക്കണ്ടറി പഠനവും എൻട്രസ് കോച്ചിംഗും (Two in one offer) എന്ന പാക്കേജുമായി കോർപറേറ്റ് റസിഡൻഷ്യൻ കോച്ചിംഗ് മാഫിയകൾ വിദ്യാഭ്യാസത്തിൽ പിടിമുറുക്കി. അത്തരം സ്ഥാപനങ്ങളിൽ സ്വന്തം മക്കളെ ചേർക്കുന്നതിൽനിന്ന്‍ നമ്മുടെ പുരോഗമനചിന്ത നമ്മെ വിലക്കിയില്ല. വീട്ടിൽ കയറുമ്പോൾ അഴിച്ചുവയ്ക്കുന്ന ചെരുപ്പാണല്ലോ നമുക്ക് പുരോഗമനവും ആദർശവും. ഈയൊരു സംസ്കാരത്തിന്റെ മാരക വേർഷനാണ് ഓൺലൈൻ കോച്ചിങ്ങ് – ഫീസ് വാങ്ങിയും അല്ലാതെയും നല്കുന്ന ന്യൂജെൻ യൂട്യൂബ് ചാനലുകൾ. ഫീസ് വാങ്ങിയില്ലെങ്കിലും റേറ്റിങ്ങ് കൂടിയാൽ, സബ്സ്ക്രൈബേഴ്സ് കൂടിയാൽ അവർക്ക് കാശു കിട്ടും. ജ്ഞാനനിർമിതിയെക്കുറിച്ചോ ABC (Activity Based, Chid centred, Process oriented) യെക്കുറിച്ചോ, A.S.N (A. Sukumaran Nair Commision) SC ( Social Constructivism – Lev Vygotsky) യെക്കുറിച്ചോ ഇപ്പോൾ നമുക്ക് യാതൊരുവിധ വ്യാകുലതയുമില്ല. ഗാഡ്ജറ്റുകളിലാണ്, ടെക്നോളജിയിലാണ് ശ്രദ്ധയും ഊന്നലും മുഴുവൻ. ഹോംവർക്ക് ഒക്കെ എത്രയെളുപ്പം. ചാറ്റ് ജി.പി.ടി. ചെയ്തുതരും, വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യും – ഇതാണ് സോഷ്യലിസ്റ്റ് (സോഷ്യൽ അല്ല) കൺസ്ട്രക്റ്റിവിസം.


    ക്ലാസ്സ്റൂം പ്രോസസ്സ്, ജ്ഞാനനിർമിതി, പ്രായോഗികപാഠങ്ങൾ, പ്രക്രിയാശേഷികൾ, ലാംഗ്വേജ് ഡിസ്കോഴ്സസ് – ഒക്കെ വിചക്ഷണൻമാരുടെ വയറ്റുപിഴപ്പ് പ്രശ്നം മാത്രമായി ഒടുങ്ങും. പഠനം ഗാഡ്ജറ്റ്സിൽ ഒതുങ്ങും. ചാറ്റ് ജി.പി.ടി/നിർമിതബുദ്ധിയുടെ ഏറ്റവും പുതിയ അപ്ഡേഷൻസ് വരികയും ന്യൂജൻ വ്ലോഗര്‍മാർ ക്ലാസ്സ്റൂം ബോധനപ്രക്രിയിൽ വ്യാപകമായി ഇടപെടുകയും ചെയ്താൽ, ഗവേഷണമേഖലയിലും ഉപരിവിദ്യാഭ്യാസ-സാങ്കേതികവിദ്യാഭ്യാസമേഖലയിലുമടക്കം നിർമിതബുദ്ധി സ്വാധീനം ചെലുത്തിത്തുടങ്ങിയാൽ, നമ്മുടെ പരമ്പരാഗത ക്ലാസ്സ്റൂം ടീച്ചിംഗും ടീച്ചർമാരും അപ്രസക്തമാവും. വിർച്വൽ ക്ലാസ്സുകൾ അവയു(രു)ടെ സ്ഥാനമേറ്റെടുക്കും. നാമിതുവരെ ബോധനശാസ്ത്രപരമായും മനഃശാസ്ത്രപരമായും വിദ്യാഭ്യാസത്തിൽ കൈവരിച്ച ഉൾക്കാഴ്ചകൾ അപ്രസക്തമാവും. കാത്തിരുന്നു കാണാം.