‘തീസിസ്സുകൾ എഴുതി കൊടുക്കപ്പെടും’ – സി.രാധാകൃഷ്ണൻ

കൊച്ചി-തിരുവിതാംകൂറിൽ ‘പ്രമാണം എഴുതപ്പെടും’ എന്നായിരുന്നു ബോർഡ് എങ്കിൽ മലബാർ പ്രദേശത്ത് ‘ആധാരം എഴുത്ത് ആപ്പീസ്’ എന്നുതന്നെ വ്യക്തമായി ബോർഡിൽ ഉണ്ടാകുമായിരുന്നു. രജിസ്ട്രേഷൻ ഓഫീസുകളെ ചുറ്റിപ്പറ്റിയായിരുന്നു ഇത്തരം പരസ്യപ്പലകകൾ.


ഇനി കുറച്ചുകഴിയുമ്പോൾ സർവകലാശാലകളെ ചുറ്റിപ്പറ്റി മറ്റൊരു ബോർഡ് പ്രത്യക്ഷപ്പെടും എന്ന് ഞാൻ കരുതുന്നു. ‘ഡോക്ടറേറ്റിനുള്ള പ്രബന്ധങ്ങൾ എഴുതപ്പെടും’ എന്നോ ‘ഗവേഷണ പ്രബന്ധരചന ആപ്പീസ്’ എന്നോ ആയിരിക്കും ആ ബോർഡുകളിൽ. കുറച്ചുകൂടികഴിഞ്ഞാൽ തീസിസ് എഴുത്തുകാരുടെ സംഘടന രൂപപ്പെടാം. അതും, മുന്നണികൾക്കു വേവ്വേറെ തന്നെ!


അറിവില്ലായ്മയുടെ ഇരുട്ടിൽനിന്ന് മനുഷ്യസമൂഹം കരകയറിയത് ഗവേഷണത്തിലൂടെ ആയിരുന്നു. ആദ്യമാദ്യം അത് വ്യക്തികൾ മുൻകൈയെടുത്ത് സ്വന്തംനിലയ്ക്ക് നടത്തുന്ന ഗവേഷണമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സർവകലാശാലകളിൽ ചെയ്യേണ്ട വ്യവസ്ഥാപിതവൃത്തിയായി ഇതു മാറി. ആൽബർട്ട് ഐൻസ്റ്റൈൻപോലും സര്വകകലാശാലയിൽ ഗവേഷണം നടത്തിയല്ല അദ്ദേഹത്തിന്റെ സാപേക്ഷികതാസിദ്ധാന്തം ആവിഷ്കരിച്ചത്. സ്വിസ് പാറ്റെൻറ് ഓഫീസിൽ ഒരു ഗുമസ്തനായി ഇരിക്കെയാണ്. പക്ഷേ, അതിനുമുമ്പുതന്നെ കേംബ്രിജ് പോലെയുള്ള സർവകലാശാലകളിൽ വ്യവസ്ഥാപിതമായ ഗവേഷണം നിലവിൽവന്നു. ഭൗതികത്തിൽ നാം ഇന്നറിയുന്ന പ്രധാന കണ്ടെത്തലുകളെല്ലാം അവിടെയാണ് ഉണ്ടായത്. അതോടെ ഗവേഷണമെന്നത് ഒരു നിശ്ചിത രൂപരേഖയുള്ള പദ്ധതിയായി മാറി. ഈ രൂപരേഖ സയൻസ് അല്ലാത്ത വിഷയങ്ങളിലെ ഗവേഷണങ്ങളിലേക്കും വ്യാപിച്ചു.


ഇന്ന് ലോകത്ത് കാക്കത്തൊള്ളായിരം സർവകലാശാലകൾ ഉണ്ട്. അവിടെയെല്ലാം ഗവേഷണവും നടക്കുന്നു. ഇവയുടെ മൊത്തം ഫലം പണ്ട് രണ്ടോ മൂന്നോ സര്വരകലാശാലകൾ മാത്രം ഗവേഷണം നടത്തിയിരുന്ന കാലത്ത് ഉണ്ടായതിനേക്കാൾ തുച്ഛമാണ്. കാരണം, ഗവേഷണം ഒരു ജോലി കിട്ടാനുള്ള ഒരുക്കമായി മാറി. അതിൽ എന്തെങ്കിലും പുതുമയുണ്ടാകണമെന്നോ ലോകത്തിനത് ഉപകാരമാകണമെന്നോ ഉള്ള നിർബന്ധബുദ്ധി പോയി. എങ്കിലും അതിന്റെ സാങ്കേതികതകൾ പാലിക്കാൻ മിക്ക സര്വകകലാശാലകളും നിർബന്ധബുദ്ധി പുലർത്തുന്നു.


സയൻസിൽപോലും മഹാ അബദ്ധങ്ങൾ കണ്ടെത്തുന്ന ഗവേഷകർ ഉണ്ടായിട്ടുണ്ട്. എനിക്ക് നേരിട്ട് അനുഭവമുള്ള രണ്ടുദാഹരണങ്ങൾ പറയാം. ഒരാൾ കണ്ടുപിടിച്ചത് മാഞ്ചസ്റ്ററിലെ കാലാവസ്ഥയും ബാംഗ്ലൂരിലെ ഉരുളക്കിഴങ്ങ് കൃഷിയും തമ്മിൽ ഒരുപാട് ബന്ധമുണ്ട് എന്നാണ്. രണ്ടു കാര്യങ്ങൾ തമ്മിൽ കോറിലേഷൻ കോയഫീഷ്യന്റ് (correlation coefficient) കണ്ടുകിട്ടിയാൽ രണ്ടുംതമ്മിൽ ബന്ധമുണ്ട് എന്നാണ് വിവക്ഷ. മാഞ്ചസ്റ്ററിലെ കാലാവസ്ഥ നന്നായിരുന്നപ്പോളൊക്കെ ഉരുളക്കിഴങ്ങിന് ബാംഗ്ലൂരിൽ നല്ല വിളവുണ്ടായി. തള്ളിക്കളയാൻ ആവാത്തത്ര ഉയർന്ന കോറിലേഷൻ കൊയഫിഷ്യന്റ്. അപ്പോൾ ബാംഗ്ലൂരിൽ നല്ല വിളവുണ്ടാവാൻ മാഞ്ചസ്റ്ററിലെ കാലാവസ്ഥ മെച്ചപ്പെടുത്തിയാൽ മതി എന്ന് നിഗമനം!


മറ്റൊരു ഗവേഷകന്റെ കണ്ടെത്തൽ ഇതിലേറെ വിചിത്രമായിരുന്നു. വിവിധ കാലാവസ്ഥാവിശേഷങ്ങളിൽ കരിമ്പ് എത്ര ഉയരെ വളരുന്നു എന്നായിരുന്നു പഠനം. പത്തിരുപത് കൊല്ലത്തെ ഡാറ്റ പരിശോധിച്ചു. ചൂടും ഈർപ്പവും മർദവും അനുസരിച്ച് ഉയരം വ്യത്യാസപ്പെടുന്നത് ഒരു ഗ്രാഫ് ആക്കി. ആ ഗ്രാഫ് നീട്ടി വരച്ചപ്പോൾ കണ്ടെത്തിയത് മാതൃകാപരമായ കാലാവസ്ഥയിൽ കരിമ്പ് നൂറു മീറ്റർ വളരും എന്നാണ്!


ഐ.ടി.എമ്മിലെ (Institute of Tropical Meteorology) ഡയറക്ടർ ആയിരുന്ന സുപ്രസിദ്ധ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ.പി.ആർ.പിഷാരടി ഈ പ്രബന്ധം വായിച്ച് അതിന്റെ അടിയിൽ ഇങ്ങനെ കുറിച്ചു: ‘നമ്മുടെ ഭാഗ്യം, ഇക്കാര്യത്തിൽ കരിമ്പിന് കൂടുതൽ വിവരമുണ്ട്!’ (Fortunately for us, sugarcane knows better!)


നമ്മുടെ സർവകലാശാലകളിൽ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നാണമായി പോകുന്നു. കഷ്ടമേ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. രാഷ്ട്രാന്തരീയ നിലവാരമുള്ള ഒരു സര്വeകലാശാലപോലും നമുക്ക് ഇല്ലാതായി. ഇതേസമയം, നിലവാരമുള്ള ഗവേഷണം നടക്കുന്ന പല കേന്ദ്രങ്ങൾ നമുക്ക് ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം. എന്തു ചെയ്യാൻ, ആയിരം പറ അരിക്ക് അര കുനിയൻ മതിയല്ലോ!!


അക്ഷരം ആശാനുതന്നെ പിഴയ്ക്കുന്നതാണ് മുഖ്യമായ നാശഹേതു. അപ്പോൾ ശിഷ്യന് അക്ഷരം അമ്പത്തിയൊന്നും പിഴയ്ക്കുന്നു!!! പഴമൊഴിയിൽ പാതിരില്ല എന്നതും വിശ്വസനീയമായ ഒരു പഴമൊഴിതന്നെ!