സ്വാതന്ത്ര്യത്തിന്റെ ഇടങ്ങൾ തേടുന്ന ചലച്ചിത്രോത്സവം – സ്വാതിലേഖ തമ്പി

എഴുപത് രാജ്യങ്ങളിൽനിന്ന് 184 സിനിമകൾ. എട്ട് രാപ്പകലുകളുടെ നിറവിൽ കേരളത്തിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊടിയിറങ്ങി. ഓടിനടന്നു കാണുന്നതിനേക്കാൾ സിനിമയുടെ അഗ്നി ആളിപ്പടർന്നത് തിയറ്ററുകൾക്കു വെളിയിൽ സൗഹൃങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വർണശബളമായ ഇടങ്ങളിലായിരുന്നു. ചലച്ചിത്രോത്സവത്തിന്റെ സൗന്ദര്യലഹരിയെക്കുറിച്ച് സ്വന്തം ഇടം തേടിയ ഒരു പെൺമനസ്സ് ഇങ്ങനെ കുറിക്കുന്നു.


പകുതിയിൽ ഒരു ഇടത്തെ ഇട്ടിട്ടുപോകുക എന്നത് അത്യന്തം ദുഃഖകരമാണ്. ഇനിയും ഇട്ടിട്ടില്ലാത്ത ഫെസ്റ്റിവലിനായി കരുതിയ പുത്തൻ ഉടുപ്പുകൾ കൂട്ടുകാരിയിൽനിന്നു ഇഷ്ടപ്പെട്ടു കടംവാങ്ങിയവ. അതെല്ലാംകൊണ്ട് തിരികെ തിരയിൽ സിനിമകൾ തുടരെ കളിക്കവെ, ആ വെട്ടംവിട്ട് ഒരു മഴയിൽ പതുക്കെ നാട്ടിലേക്ക് കയറി. അപ്പോഴും ഡെലിഗേറ്റ് പാസ്സ് കഴുത്തിൽനിന്നു മാറ്റിയില്ല. മൂന്നുദിവസം ബാക്കിനില്ക്കെ. ആഗ്രഹംകൊണ്ട് മടങ്ങിയതല്ല. മറ്റെന്തോ ഉൾവിളിയിൽ, തിരികെ തുഴഞ്ഞതാണ്.


കാണാൻ ബാക്കിയുള്ള സിനിമകളും, കണ്ടുമുട്ടേണ്ടിയിരുന്ന പുത്തൻ കൂട്ടുകളെയും വിസ്മൃതിയിലാക്കി കിട്ടിയ ഒരുകൂട്ടം സിനിമകളും ഒരു കുഞ്ഞ്  ഉത്സവകാലവും മാത്രം ഹൃദയത്തിൽ നിറച്ചു. ഇക്കൊല്ലത്തെ ചലച്ചിത്രോത്സവം കഴിഞ്ഞതവണത്തെപോലെ ആയിരുന്നില്ല. കഴിഞ്ഞകൊല്ലം ജനങ്ങൾ ഇരമ്പിയാർക്കുകയായിരുന്നു. രണ്ടുകൊല്ലത്തെ അടച്ചിരിപ്പിനുശേഷം ലോകം ഉണർന്നതായിരുന്നു. പൊടിയടഞ്ഞുപോയ തിയറ്ററുകൾ. സിനിമാലോകം മുഴുവനായി നിഗൂഢതയിലേക്ക് ആണ്ടുപോയൊരു ഇരുണ്ട കാലം. പുത്തനായി പുനർനിർമിക്കപ്പെട്ട് കാണികൾക്കായി കാത്തിരുന്ന കൈരളി, ശ്രീ, നിള സിനിമാശാലകൾ എല്ലായിടവും കാത്തിരിപ്പിന്റെ സൗന്ദര്യത്തിലായിരുന്നു. സിനിമാശാലയുടെ തണുപ്പിലേക്ക് നൂണ്ടുകയറുമ്പോൾ സിനിമ കാണുന്നതിനേക്കാളേറെ ആവേശം തിയറ്ററിന്റെ ഇരുട്ട്, തൊട്ടുതൊട്ടിരിക്കുന്ന കാണികൾ, മൊബൈലിന്റെ അഞ്ചിഞ്ച് വലിപ്പത്തിൽനിന്ന്‍ വലിയ തിരയിലേക്കുള്ള പകർന്നാട്ടം. സിനിമ വീണ്ടുമൊരു ആഘോഷമായത്, അനുഭവമായത്, നിർവൃതിയായത് തിരക്കിലും ലൈനിലും ആടിയുലഞ്ഞങ്ങനെ ക്ഷീണിച്ചപ്പോഴും 29 സിനിമകൾ വരെ കണ്ടു കൺകുളിർന്നു. സിനിമയോടും മനുഷ്യരോടും അടങ്ങാത്ത കൊതി മാനവീയത്തിന്റെ സ്വതന്ത്ര ഇടനാഴി, പാതിരാസിനിമകൾ, അത് ശരിക്കുമൊരു ചലച്ചിത്രോത്സവമായിരുന്നില്ല. മനുഷ്യന്റെ ചേർന്നുനില്ക്കലിന്റെ, കൂട്ടിന്റെ ഉത്സവമായിരുന്നു.


ഇക്കൊല്ലം പതിഞ്ഞ താളത്തിലാണ് ആരംഭിച്ചത്. റിസർവേഷനുകൾ പരിമിതപ്പെടുത്തിയതിനാൽ വാശിയേറിയ സിനിമകാണലുകൾക്കൊന്നും തുനിയാൻ തോന്നിയില്ല. രാവിലെ പതുക്കെ ഉണർന്ന് ടാഗോറിലേക്ക് പോകും. എനിക്ക് ആ കൂട്ടത്തെ ഏറെയിഷ്ടമാണ് IFFK crowd. ഒരു സിനിമപോലും കണ്ടില്ലെങ്കിലും ആ കൂട്ടിന്റെ ഭാഗമാകുന്നതുതന്നെ ഒരു അപൂർവതയാണ്. എല്ലാ വേർതിരിവുകൾക്കുമപ്പുറം മനുഷ്യർ ഒന്നാകുന്ന ഇടം സമൂഹത്തിനുവേണ്ടി അണിയുന്ന മുഖംമൂടികളെല്ലാം അഴിച്ചുവച്ച് നമ്മുടെ യഥാർത്ഥ സ്വത്വത്തെ ആശ്ലേഷിക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന ഇടം. കേരളത്തിന്റെ മുൻവിധികളുടെയും യാഥാസ്ഥിതികസമൂഹത്തിന്റെ ശ്വാസംമുട്ടിപ്പുകൾക്കിടയിൽ ഇങ്ങനെയുള്ള നുറുങ്ങ് ഇടങ്ങൾ എത്ര പ്രതീക്ഷയാണ് നല്കുന്നത്?


ഒരാളാലും വിധിക്കപ്പെടാതെ, പെരുമാറ്റത്തിന്റെ പേരിൽ, നിറത്തിന്റെ, പ്രണയത്തിന്റെ, ലഹരിയുടെ, വസ്ത്രത്തിന്റെ പേരിലൊന്നും സൂചിമുനയുള്ള നോട്ടങ്ങളൊന്നും സഹിക്കാതെ സമാധാനമായി ശ്വാസംവിടാം. ഒരു അരമണിക്കൂറിനു മുകളിൽ ഒരാൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാൽ അസ്വസ്ഥമാകുന്ന സമൂഹക്കണ്ണുകൾ. ഇവിടെ ഒരാൾ തന്റെ സ്വപ്‌നലോകത്ത് അങ്ങനെ ഒരു ദിവസം മുഴുവൻ ഇരുന്നാലും  ഒരാളും അയാളെ ശല്യപ്പെടുത്തില്ല, പേടിപ്പിക്കുകയില്ല. ഇക്കാലത്ത് ഏറ്റവും കുറഞ്ഞുപോകുന്ന ഒന്നാണ് ഇടങ്ങൾ. സ്വയം സ്വതന്ത്രമാകാൻ കഴിയുന്ന, താൻ തന്നെയായി വിരഹിക്കാൻകഴിയുന്ന ഇടങ്ങൾ ഇവിടെ എവിടെയാണുള്ളത്? അതുകൊണ്ടുതന്നെയാണ് ചലച്ചിത്രോത്സവങ്ങളുടെ ഇടങ്ങൾ അത്രമേൽ അമൂല്യമാകുന്നത്. ഏതൊരു പാതിരാവിന്റെ തുറിച്ചുനോട്ടത്തെയും ഈ ടാഗിന്റെ ബലത്തിലങ്ങനെ ദഹിപ്പിച്ച് കളയാം. നഗരം ഒരുവർഷം മുഴുവൻ സദാചാരക്കൂട്ടം കയ്യേറുമ്പോൾ അതിലൊരു എട്ടുദിവസം കുറച്ച് സ്വപ്‌നമനുഷ്യരങ്ങനെ കുടിയേറും. നഗരം പതിയെ സാധാരണ മനുഷ്യർക്ക് സ്വതന്ത്രമായി നടക്കാനും, പാടാനും, കനവുകൾ നിറഞ്ഞൊരു ഇടമായി മാറും. ഈ എട്ടു ദിവസം ഒരു സിനിമപോലും കണ്ടില്ലെങ്കിൽത്തന്നെയും അർത്ഥവത്താകുന്നത് അങ്ങനെയാണ്. അതിലേറ്റവും മനോഹരം പാതിരാസിനിമ സ്‌ക്രീനിംഗ് നിശാഗന്ധിയിൽ കഴിഞ്ഞതിനുശേഷം കനകക്കൊട്ടാരമങ്ങനെ തിളങ്ങുന്നതാണ്. കമിതാക്കളുടെ, സുഹൃത്തുക്കളുടെ, ഒറ്റയിരുപ്പുകാരുടെ ഹബ്ബായി അതങ്ങനെ പരിണമിക്കും. ചിലയിടങ്ങളിൽനിന്ന് വായ്ത്താരികളുയരും. അതിൽ പരസ്പരം അറിയാത്ത ഒരുപാടാളുകൾ ഒരുമിച്ച് പാടുന്നുണ്ടാകും. മറ്റൊരറ്റത്ത് കൊട്ടാരത്തിന്റെ പുൽമൈതാനിയിൽക്കിടന്ന് നക്ഷത്രങ്ങളെണ്ണുന്ന സുഹൃത്തുക്കളെ കാണാം. തുറിച്ചുനോട്ടങ്ങളുടെ ഭയമില്ലാതെ, ഒരു മറയും തേടി പോകേണ്ടെന്ന ധൈര്യത്തിൽ ചുംബിച്ച് പ്രണയത്തിൽ ഉണരുന്നവരുണ്ട്. അങ്ങനെ, പ്രണയവും സൗഹൃദവും സ്‌നേഹവും കലർന്നൊരു കൂട്ടം. അതുതന്നെയാണ് ചലച്ചിത്രോത്സവത്തിന്റെ തിളക്കം. ഒരു കർഫ്യൂവിനെയും ഭയക്കാതെ, ഒരു പോലീസ് നോട്ടത്തിലും ചൂളിപ്പോകാതെ, സമയത്തെയോർത്ത് ഒരുതരിപോലും വ്യാകുലപ്പെടാനില്ലാത്തൊരു സുരക്ഷിതകാലം.


തിരികെ പോരുന്നതിനു മുമ്പ് അവസാനം കണ്ടൊരു ഫ്രഞ്ച് ചിത്രവും അങ്ങനെയുള്ളത് തന്നെയായിരുന്നു. Camille Clavel ന്റെ Bir’em എന്ന ചിത്രം. സ്വന്തം സ്വത്വത്തോട് നീതിപുലർത്താനാകുന്ന ഇടത്തെ കണ്ടെത്തുന്ന ഒരു പെൺകുട്ടിയുടെയും സഹൃത്തുക്കളുടെയും കഥ. 1948-ൽ യുദ്ധത്തിൽ നഷ്ടപ്പെട്ട തന്റെ കുടുംബഗ്രാമവും, അതിലെ തന്റെ വീടിനെയും കണ്ടെത്താനായി പോകുന്ന ഇസ്രയേലിലെ ഒരു പലസ്തീൻ പെൺകുട്ടി. അവൾ തന്റെ സുഹൃത്തിനൊപ്പം ഇടിഞ്ഞുപൊളിഞ്ഞ് നാമാവശേഷമായി തുടങ്ങിയ ആ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിക്കുന്നു. വർണക്കടലാസ് തൂക്കി അലങ്കരിക്കുന്നു. മെഴുകുതിരിവെട്ടത്തിൽ ഒരു രാത്രി സുഹൃത്തിനൊപ്പം കാപ്പികുടിച്ച് ചെലവഴിക്കുന്നു. അവളുടെ ബാല്യകാലത്തിന്റെ ആനന്ദം നുകരുന്നു. പിന്നീട് അവളുടെ മുത്തച്ഛനെയും, മറ്റു പലസ്തീൻ കൂട്ടുകാരെയും കൊണ്ടുവരുന്നു. ഒരു മേൽക്കൂര പോലുമില്ലാത്ത ഒരു വീട്ടിൽ അവർ എന്തെന്നില്ലാത്ത സുരക്ഷിതത്വം അനുഭവിക്കുന്നു. ചിത്രത്തിന്റെ അവസാനം അവരങ്ങനെ കെട്ടിപ്പൊക്കിയ കളിവീട് പോലീസ് തകർത്തുകളയുന്നു. മാനവീയമെല്ലാം ചലച്ചിത്രോത്സവത്തിന്റെ പിറ്റേന്ന് ശൂന്യമാകും പോലെ, അനാഥമാകും പോലെ.


പ്രിയനന്ദന്റെ ‘ധബാരി ക്യൂരുവി’യിലും ഇടത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയം തികച്ചും പ്രത്യക്ഷമാണ്. ഒരു കാടും, അവിടുത്തെ അന്തേവാസികളും മാത്രം അഭിനയിച്ചിരിക്കുന്ന ചിത്രം. മലയാള സിനിമാചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ. തന്റെ ‘കാട്’ എന്ന വീടിനെ ഹൃദയംകൊണ്ട് തൊട്ടറിയുന്ന പെൺകുട്ടി. അവരുടെ വേഷം, ആചാരങ്ങൾ, ചികിത്സ, എല്ലാം വ്യക്തമായി അവതരിപ്പിക്കുന്നു.


ഓരോ സിനിമയും മതിപ്പുള്ളതാകുന്നത് അതിന്റെ ഇടംകൊണ്ട് കൂടിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ജീവിതവും സിനിമയുമെല്ലാം അനന്യമാകുന്നത് അപ്പോഴാണ്. നമ്മെ തൊടുന്ന, നമ്മെ വിടരാൻ പ്രചോദിപ്പിക്കുന്ന, പൂക്കാൻ സൗന്ദര്യമുള്ള പരിസരങ്ങൾകൂടി സൃഷ്ടിക്കപ്പെടുമ്പോഴാണ്. ചലച്ചിത്രോത്സവത്തിലെ ചിത്രങ്ങളല്ല, അതൊരുക്കിയ ക്യാൻവാസ് തന്നെയാണ് എന്നെ, പിന്നെയും പിന്നെയും അവിടേക്ക് തിരികെ വിളിക്കുന്നത്.


അടുത്ത വർഷത്തെ എന്റെയെന്നു ചേർത്തുവയ്ക്കാനുള്ള എട്ടുദിനങ്ങൾക്കായി കാത്തിരിക്കുന്നു. അതെത്ര ഹ്രസ്വമാണെങ്കിലും, എന്നെന്നും പ്രചോദിപ്പിക്കും, തീർച്ച!