എഴുത്തും കലയും – എം രാമചന്ദ്രൻ

ഭാഷയും ചിന്തയുമായി വേർപിരിക്കുക ആലോചിക്കാനാവാത്തതു കൊണ്ടു ഭാഷാധിഷ്ഠിതമല്ലാത്ത കലാസൃഷ്ടികളെക്കുറിച്ചുള്ള എഴുത്ത് അവയ്ക്കുമേലുള്ള ഒരു സാംസ്‌കാരിക ഇടപെടൽ ആകുന്നു. എങ്കിലും, കലാരചന നിര്‍വഹിക്കുന്നത്തിനുവേണ്ടി ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുടെ, മാധ്യമങ്ങളുടെ സ്വഭാവങ്ങളും സവിശേഷതകളും ഭാഷയിലേക്കു പരിഭാഷപ്പെടുത്തുക അതീവ ശ്രമകരവുമാണ്. അതുകൊണ്ടു തന്നെ ദൃശ്യസംവേദനം ഭാഷയിലൂടെ പകർന്നുനല്കുകയോ ഭാഷയിലൂടെ ദൃശ്യസംവേദനത്തിനു ശ്രമിക്കുകയോ സാധ്യവുമല്ല. ഈ വൈരുധ്യത്തെ ദൃശ്യാത്മകമായി അവതരിപ്പിച്ച ബെൽജിയൻ ചിത്രകാരൻ റെനേ മഗ്രിത്തിന്റെ “ദ ട്രെച്ചറി ഓഫ് ഇമേജസ്” (The Treachery of Images) എന്ന പെയിന്റിംഗ് ശ്രദ്ധേയമാണ്. ചിത്രിതവസ്തുവും ചിത്രവും അതിനു നല്കിയിട്ടുള്ള നാമവും തമ്മിലുള്ള അന്തരം അതിൽ ആലേഖിതമായ വാക്യത്തിലൂടെ (“ഇത് ഒരു പൈപ്പ് അല്ല”)  പ്രശ്നവത്കരിക്കുകയാണിതിൽ. ചിത്രം ശില്പം തുടങ്ങിയ കലകളുടെ പ്രാഥമിക സംവേദനതലം ദൃശ്യാത്മകം ആവുന്നതുകൊണ്ട് ഏതു തരത്തിലുള്ള കലയെഴുത്തും അവയുടെ ഭാഷാപാഠത്തിനതീതമായി ഉണ്ടാകുന്ന മറ്റൊരു പാഠമാണ്. എന്നുവച്ചാൽ കലയെഴുത്ത് ഒരു മെറ്റാ-റൈറ്റിങ് (meta-writing) ആണ് എന്നു പറയുന്നതാവും ശരി.


ഇന്ദ്രിയങ്ങൾ മുഖേന നമുക്ക് ലഭിക്കുന്ന അറിവിന്റെയും അനുഭൂതികളുടെയും ആധാരം ഭാഷ എന്ന മാധ്യമത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് നാം സാധിച്ചെടുക്കുന്ന സംവേദനങ്ങളിൽ എല്ലാം ഭാഷയുണ്ട്. ശാബ്ദികം മാത്രമല്ല ഭാഷ. ശാബ്ദികമായ ഭാഷ വികസിക്കുന്നതും ആക്കം നേടുന്നതും സ്പർശ – ശബ്ദ – ഗന്ധങ്ങളുമായി കടപ്പെട്ടുകൊണ്ടാണ്. ആ അറിവു നമുക്കു പങ്കുവച്ചു തരാൻ ആവുന്ന വാഹകം മാത്രമാണ് ഭാഷ എന്നു പറയാനാവില്ല. നമ്മൾ ആര്‍ജിച്ച ഭാഷയിലെ പദാവലി കാല-ദേശാനുസാരിയായ അർഥങ്ങളും അർഥഭേദങ്ങളും ധ്വനികളും ഉൾക്കൊള്ളുകയും, സന്ദർഭങ്ങൾക്കും വ്യക്തികൾക്കും അനുസൃതമായി അർഥങ്ങൾ കൈവരിക്കുകയോ നിഷ്ക്രമിക്കുകയോ ചെയ്യുന്നതുമായതിനാൽ നാമറിയുന്ന യാഥാർഥ്യംതന്നെ പ്രതിജനഭിന്നവിചിത്രമാണ് എന്നറിയണം. ആത്മനിഷ്ഠമായ അനുഭവങ്ങളെ മറ്റുള്ളവരിലേക്കു പകരുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഭാഷ അവയിൽ നിന്നു തികച്ചും വൈയക്തികമായ സൂക്ഷ്മാനുഭവങ്ങളെ അരിച്ചുമാറ്റി സാമൂഹികമായവയെമാത്രം ആവിഷ്കരിക്കുന്നതിനുള്ള ഉപാധിയാണ്. ഒരു ചിത്രത്തിന്റെയോ ശില്പത്തിന്റെയോ, കലാവതരണത്തിന്റെയോ (performance art) അനുഭൂതികളെ കലയെഴുത്തിൽ സൂചിപ്പിക്കുകയല്ലാതെ അനുഭവിപ്പിക്കാൻ ആകാത്തതിനാലും എഴുതുന്ന ആളിന്റെ അനുഭവവും ദൃശ്യത്തെ ഉപജീവിച്ചുള്ള ചിന്തയും ഭാഷ എന്ന മറ്റൊരു മാധ്യമത്തിലൂടെ കടന്നു വരുന്നതിനാലും എഴുത്തിലൂടെ നിര്‍മിച്ചെടുക്കുന്ന പുതിയ പാഠം മറ്റൊരു സാംസ്‌കാരിക ഉല്പന്നമാവാതെ തരമില്ല.


കഥകളിപ്പദം കഥകളിക്ക് സഹായകം എന്നതുപോലെ, ഹിന്ദുസ്ഥാനി സംഗീതത്തിലെ ബന്ദിഷ് സംഗീതത്തിന്റെ ഭാവവൈവിധ്യത്തിന് ഉപകരിക്കുന്നതുപോലെ, ഭാഷാപരമോ ദൃശ്യാത്മകമല്ലാത്ത മറ്റു മാധ്യമങ്ങളോ ചിത്ര-ശില്പ കലകളുടെ സഹായികളായി പ്രവർത്തിക്കുന്നുണ്ടാവം. പക്ഷേ, സംഗീതത്തിൽ ശബ്ദവിന്യാസംപോലെ, നൃത്തത്തിൽ ചലനഗമഗങ്ങൾപോലെ, ഭോജ്യങ്ങളിലും പാനീയങ്ങളിലും അന്തരീക്ഷത്തിലും ഗന്ധങ്ങളുണ്ടാക്കുന്ന ശ്വാസവേഗങ്ങൾപോലെ, ദൃശ്യപ്രധാനമായ കലകൾ ദൃശ്യഘടകങ്ങളുടെ, ദൃശ്യഭാഷയുടെ, ദൃശ്യഭാവനയുടെ അരങ്ങാണ്. എങ്കിലും, ഇന്ദ്രിയസംവേദനങ്ങളുടെ പാരസ്പര്യം ഭാഷയിലും അർഥോല്പാദനത്തിലും സുവ്യക്തമാണ് എന്നതിനാലാവാം നാടൻ/പാരമ്പര്യ കലകളിലൊന്നിലും ശാബ്ദികം, വാചികം, ദൃശ്യാത്മകം, എന്നിങ്ങനെയുള്ള വേർതിരിവുകളൊന്നും ഉണ്ടാവാതിരുന്നത്. മുഖത്തെഴുത്തുകളും, അലങ്കാരങ്ങളും, നൃത്തവും, താളവും മേളവും വാചികാംശങ്ങളും ഒത്തുചേരുന്നതും, സാമൂഹിക പങ്കാളിത്തത്തോടെ ആവിഷ്കൃതമാക്കുകയും ചെയ്യുന്നതാണ് പൂര്‍വ സംസ്കൃതികളുടെ മിക്കവാറും കലാരീതികൾ എല്ലാം. എന്നുവച്ചാൽ, കല എന്നാൽ കഴിയുന്നത്ര ദൃശ്യ-വാചിക-സംഗീത ബന്ധിയായിട്ടാണ് പുരാതനസമൂഹങ്ങളിലെല്ലാം നിലനിന്നത്. വ്യഷ്ടി-സമഷ്ടി പ്രശ്നങ്ങളെ അഭിസംബോധനചെയ്ത നവോത്ഥാന കാലഘട്ടത്തോടടുപ്പിച്ചു മാത്രമേ കലകളുടെ വിഭജനവും സാധ്യമായിരുന്നുള്ളു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, രേഖീയ കാഴ്ചവട്ടം (vanishing point perspective) മനുഷ്യർ കണ്ടെത്തിയ കാലത്തോടെയാണ് വ്യക്തിയും സമൂഹവും തമ്മിൽ, വ്യക്തിയും വസ്തുവും തമ്മിൽ, വ്യക്തിയും വ്യക്തിയും തമ്മിലെല്ലാമുള്ള ‘അകല’ ത്തെ കുറിച്ച് സമൂഹം ചിന്തിച്ചു തുടങ്ങിയത്. അതായത് അപഗ്രഥനാത്മകമായ ചിന്ത അഥവാ ശാസ്ത്രീയചിന്താപദ്ധതിയാണ് പ്രപഞ്ചത്തെ സൂക്ഷ്മപഠനങ്ങൾക്കുവേണ്ടി വിഭജിച്ചും വിഘടിപ്പിച്ചും കാണുന്നതിനു പ്രേരിപ്പിച്ചതും സഹായിച്ചതും. വൈജ്ഞാനികശാഖകളായി നാം വികസിപ്പിച്ചെടുത്ത ഓരോ മേഖലയും ആത്മനിഷ്ഠമായ കാഴ്ചയിൽ നിന്നു അകന്നുമാറി നിരീക്ഷിച്ചു പഠിക്കുക എന്ന തത്ത്വത്തിൽ അധിഷ്ഠിതമാണ്. ആത്മനിഷ്ഠമായ അനുഭവങ്ങളോ, വിശ്വാസങ്ങളോ, ധാരണകളോ അപഗ്രഥനാത്മകമായ പഠനങ്ങൾക്ക് ഉപയുക്തമാവില്ല. വസ്തുവിൽനിന്ന് വ്യക്തിയെ അകറ്റിനിറുത്തിയുള്ള കാഴ്ച (എല്ലാത്തരം കാഴ്ചകളുടെയും) അതിന്റെ വ്യാപ്തിയും ദൂരവും മാത്രമല്ല പ്രത്യേകമായ സ്വഭാവസവിശേഷതകളും അളവുകോലുകൾക്കനുസൃതമായി മനസ്സിലാക്കുന്നതിന് ഉപകരിച്ചു. സാകല്യതയിൽ നിന്ന്‍ അടർത്തിമാറ്റിയുള്ള അത്തരം പരിശോധന എന്തിന്റെയും അനന്യതയും, മറ്റൊന്നിൽ നിന്നുള്ള ഒരു വസ്തുവിന്റെ, വ്യക്തിയുടെ അകൽച്ചയും വ്യത്യസ്തതയും വസ്തുനിഷ്ഠമായി വിലയിരുത്താൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം ഈ “വസ്തുനിഷ്ഠത” എന്ന സങ്കല്പനത്തിൽ, പലപ്പോഴും, അധികാരത്തിന്റെ, വംശത്തിന്റെ, ശക്തിയുടെ, മുൻവിധികൾ നിര്‍ണയിച്ച മൂല്യങ്ങളും അടങ്ങിയിരുന്നു എന്നതും സംശയരഹിതമാണ്. വിഭജിച്ചും വിഘടിപ്പിച്ചുമുള്ള ശാസ്ത്രീയയുക്തി രാഷ്ട്രീയവും സാംസ്കാരികവുമായ രംഗങ്ങളിലും ഉപയുക്തമാക്കിയത് മനുഷ്യചരിത്രഗതിയിൽ നമുക്കു നിരീക്ഷിക്കാനാവും.


കലയെഴുത്ത്


ഒരു കലാവസ്തു നമ്മെ ആകർഷിക്കുന്നത് അതിലെ നിറങ്ങളുടെ, അവയുടെ സാമഞ്ജസ്യത്തിന്റെയോ, രൂപങ്ങളുടെയോ, ശില്പമെങ്കിൽ അതിന്റെ ഘനമാനങ്ങളുടെ ശൈലീകരണംകൊണ്ടോ, പരമ്പരാഗത സംവേദനരീതികളോടുള്ള ആഭിമുഖ്യമോ വിമര്‍ശനപരമായ നിലപാടുകൾകൊണ്ടോ ആവാം. കലയെക്കുറിച്ചു എഴുതുക എന്നാൽ ആ വസ്തുവിന്റെ സഹജവും സാമൂഹികവും സാംസ്കാരികവുമായ സംവാദങ്ങളെ ലോകവ്യവഹാരങ്ങളുടെ വിസ്തൃതിയിലേക്കു തുറന്നിടുക എന്നതാണ്. കലാവസ്തുവിന്റെ കാലികപ്രസക്തി നിര്‍ണയിക്കുന്നത് നിലവിലുള്ള ദൃശ്യസംസ്കാരത്തിൽ, രൂപ-രൂപക സംവിധാനങ്ങളിൽ, കല എന്ന വ്യവസ്ഥയിൽത്തന്നെ അത് ഇടപെടുന്ന രീതികളുമായി ബന്ധപ്പെട്ടിട്ടാണ്. ഉപയോഗിക്കുന്ന മാധ്യമം, അവയുടെ സംവിധാനക്രമം, അതു പ്രദർശിപ്പിക്കുന്ന സ്ഥലം എല്ലാം അതിന്റെ അർഥോല്പാദനത്തിൽ, വൈകാരിക സംവേദനത്തിൽ പങ്കെടുത്തുകൊണ്ടാണ് കല എന്ന വ്യവസ്ഥ നിലനില്ക്കുന്നത്. അത്തരം ഇടപെടലുകളെ നിർധാരണംചെയ്ത് വിശദീകരിക്കുകയോ വിമർശവിധേയമാക്കുകയോ ആണ് കലയെഴുത്തിന്റെ മേഖല. കലാവസ്തു എന്നത് ഒരു വ്യവസ്ഥയുടെ നിര്‍മിതി അല്ലെങ്കിൽ കുറെ സാമൂഹികധാരണകളുടെ അടിസ്ഥാനത്തിൽ ചില മൂല്യങ്ങൾ ആരോപിക്കപ്പെടുന്ന ഒന്നായതുകൊണ്ട് ആ മൂല്യങ്ങളെക്കുറിച്ചുള്ള സംവാദമാണ് കലയെഴുത്തിന്റെ ലക്ഷ്യം. കലാവസ്തുവിനെ സംബന്ധിച്ചുള്ള സാമൂഹിക ധാരണകളിലെ ഘടനാക്രമങ്ങളിലുണ്ടാവുന്ന മാറ്റം കലയെക്കുറിച്ചുള്ള ധാരണകൾക്കും മാറ്റംവരുത്തുന്നു. ആ മാറ്റം കലാവസ്തുക്കളിലൂടെ മൂർത്തവത്കരിക്കുകയോ കലാവസ്തുക്കളുടെ ഘടനാക്രമത്തിൽ മാറ്റംവരുത്തി കലാധാരണകളെ പുനർനിര്‍വചിക്കുകയോ ചെയ്തുകൊണ്ടാണ് എല്ലാക്കാലത്തും കല സ്വയം നവീകരിക്കുന്നത്. ഈ ഉൾക്കാഴ്ച്ചയ്ക്ക് തെളിച്ചംനല്കുക എന്നതുകൊണ്ട് ഭാഷയിലൂടെ സമൂഹത്തിലേക്ക് തുറന്നിടുന്ന മൂല്യവിചാരങ്ങളെ സ്ഥലകാലാപേക്ഷിതമായിത്തന്നെ സാമൂഹികഘടനയെ നവീകരിക്കുന്നതിനു സാധ്യമാക്കുന്നു.


കലകളിലെ പ്രധാനഘടകങ്ങൾ, അവയുടെ സ്വഭാവ സവിശേഷതകൾ, മാധ്യമങ്ങൾ, ലക്ഷ്യങ്ങൾ എന്നിങ്ങനെ വേർതിരിച്ചുകൊണ്ട് അവയിലെ പ്രമേയ – പ്രതിപാദനങ്ങൾ, അവയിലെ തുടർച്ചയുള്ള ആവിഷ്കരണങ്ങൾ, ദൃശ്യഭാഷയുടെ വ്യാകരണം, സമൂഹത്തിന്റെ നിലവിലുള്ള അഭിരുചി, കല അഭിസംബോധന ചെയ്യുന്ന സാമൂഹികക്രമം അല്ലെങ്കിൽ രാഷ്ട്രീയദർശനം, എന്നിവയെല്ലാം വിമർശന ബുദ്ധിയോടെയും യുക്ത്യധിഷ്ഠിതമായും നിരീക്ഷിക്കുക എന്നിവ കലാപഗ്രഥനത്തിന്റെ കാഴ്ചവട്ടത്തിലുള്ള സംഗതികളാണ്. കലാചരിത്രഗതിയിൽ അവയിൽത്തന്നെയുള്ള ഏതെങ്കിലും അംശത്തിന്റെ പ്രാമുഖ്യത്തെ (ഉദാഹരണമായി മനുഷ്യരൂപം, പ്രകൃതി ദൃശ്യം, അല്ലെങ്കിൽ കാഴ്ചവട്ടം, വര്‍ണസങ്കലനം തുടങ്ങിയവ) നിരാകരിക്കുന്നതടക്കമുള്ള രചനാപദ്ധതികൾ ആസൂത്രണംചെയ്തത് കാണാനാവും. ഇങ്ങനെ കലയിലെ സൈദ്ധാന്തികപ്രശ്നങ്ങളെ അപഗ്രഥിച്ചപഗ്രഥിച്ച് ആത്മനിഷേധത്തിൽവരെ എത്തിച്ചേർന്ന കലയെ മുന്നിൽ കണ്ടിട്ടുവേണം കലയെഴുത്തിനു മുൻപിലുള്ള ചോദ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടത്. മൂർത്തമായ രൂപങ്ങളിൽനിന്ന്‍ അമൂർത്ത രൂപങ്ങളിലേക്കും അവിടെനിന്ന്‍ രൂപ/വര്‍ണരാഹിത്യത്തിലേക്കും പിന്നീട് അവയെയും ഉപേക്ഷിച്ചു കല എന്നത് സങ്കല്പനം (concept) മാത്രമാണെന്ന യുക്തിയിൽ എല്ലാ രൂപ വർണങ്ങളെയും നിരാകരിക്കുകവഴി എന്തും കലയാണ് എന്ന യുക്തിയിലേക്ക് എത്തിച്ചേർന്ന കലാധാരണകൾ കലാവിമർശത്തിന്റെ മേഖലയിലും സാധുതയുള്ളതുകൊണ്ട് കലയെഴുത്തിനെത്തന്നെ റദ്ദു ചെയ്യുന്നു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ, കലയ്ക്ക് സ്ഥാപിതധാരണകളെ നിഷേധിക്കാൻ അവകാശമുള്ളപ്പോൾ കലാവിമർശം അങ്ങനെയാവരുത് എന്നു വാദിക്കാൻ അവകാശമില്ലാത്ത തരത്തിൽ സ്വതന്ത്രമായി നിലനില്പുള്ള ഒന്നാണ് കലയെഴുത്തിന്റെ മേഖല.


സൂചകങ്ങളും സൂചിതങ്ങളും ഉപേക്ഷിക്കുക; രേഖകൾക്കും വര്‍ണങ്ങൾക്കും വ്യവച്ഛേദിതമായ അർഥങ്ങൾ ഇല്ലാതിരിക്കുക; സൂചകങ്ങളിൽനിന്ന് സൂചിതങ്ങൾ വിമുക്തമാവുകയോ വിമുക്തമാക്കുകയോ ചെയ്യുക; കലാവസ്തുവിന്റെ ഏതുതരം ലക്ഷ്യങ്ങളെയും നിരാകരിക്കുക എന്നീ ദൃശ്യഭാഷാപരവും കലാചരിത്ര ബന്ധിയുമായ സങ്കീര്‍ണപ്രശ്നങ്ങൾകൂടി കണക്കിലെടുക്കുമ്പോൾ, കലാരംഗത്തെ സംബന്ധിച്ചിടത്തോളവും കലാകാരന്മാരെ സംബന്ധിച്ചിടത്തോളവും കലാവിമർശനം നിരർഥകമായ പ്രവൃത്തിയായി മനസ്സിലാക്കപ്പെട്ടാൽ അത്ഭുതമില്ല. സത്താംശം തേടിയുള്ള ആധുനികതയുടെ യാത്രയിൽ, അതിന്റെ യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ മേച്ചിൽപ്പുറങ്ങളിൽ ഉപേക്ഷിക്കപ്പെട്ടത് പ്രപഞ്ചത്തിൽ മനുഷ്യരെ പരസ്പരം സംവദിക്കാൻ പ്രേരിപ്പിക്കുന്ന വൈകാരികതയും അർഥസാന്ദ്രമായ പ്രതിപാദ്യങ്ങളും പ്രതിപാദനങ്ങളുമാണ്. ഈ തിരിച്ചറിവിലൂന്നിയ കലാരചനാതന്ത്രങ്ങൾക്കു മാത്രമേ വരുംകാലങ്ങളിൽ സാംസ്കാരിക സാംഗത്യം, സംവേദനക്ഷമത, പരസ്പര വിനിമയസാധ്യത എന്നിവ ഉണ്ടാവുകയുള്ളു. കലയെക്കുറിച്ച്, തങ്ങളുടെ മാത്രമല്ല തങ്ങൾക്കു മുമ്പും തങ്ങളോടൊപ്പവുമുള്ള കലാകാരന്മാരുടെ രചനകളെക്കുറിച്ച് ചിന്തിക്കുന്ന കലാകാരന്മാർക്കു മാത്രമേ ചിന്താധാരകളും വൈകാരികാംശങ്ങളും ഉൾക്കൊള്ളിക്കാനാവുന്ന മാധ്യമങ്ങളുടെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി സാമൂഹികമായി അർഥവ്യാപ്തിയുള്ള രചനയ്ക്കുവേണ്ട പ്രാപ്തി നേടാനാവൂ.


സാമൂഹിക അർഥവ്യാപ്തി


ആധുനിക സങ്കല്പങ്ങളെ, ഭാവുകത്വത്തെ, പൂര്‍ണമായും സ്വീകരിക്കുന്ന കലകൾ (പരമ്പരാഗത-ക്ലാസ്സിക്കൽ കലകൾ ഒഴികെയെല്ലാം) അവയുടെ കാലത്തിനും സംസ്കാരത്തിനും അനുസരിച്ചു അനുസ്യൂതമായ പരിവർത്തനം സംഭവിക്കുന്നവയാണ്. അവയ്‌ക്കാണ്‌ സമകാലിക സംസ്കാരത്തോടു വിമർശനാത്മകമായി പ്രതികരിക്കാനും നവീനതകളെ ഉൾക്കൊള്ളാനും കഴിയുക. നാടൻ, ക്ലാസ്സിക്കൽ, ആധുനികം എന്നൊക്കെ നാം വ്യവഹരിക്കുന്ന കലകളെല്ലാംതന്നെ ‘കല’ എന്ന സങ്കല്പത്തിന്റെ, വ്യവസ്ഥയുടെ സാധുതയും സാധൂകരണവുമാണ് സാധ്യമാക്കുന്നത്. പക്ഷേ, ആധുനിക ഇന്ത്യൻകലയെക്കുറിച്ചു എഴുതുക എന്നു പറയുമ്പോൾ ഏതാണ്ട് എഴുപത്തഞ്ച് കൊല്ലമായി വികസിപ്പിച്ചെടുത്ത രാഷ്ട്രീയ ദേശീയതയുടെയും ദേശഭാവനയുടെയും കാഴ്ചപ്പാടിന്റെ പരിധിക്കും പരിമിതികൾക്കും അകത്തുനിന്നാണ് നാമത് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. അതായത് ബ്രിട്ടീഷിന്ത്യയുടെ വിഭജനത്തെ തുടർന്നുണ്ടായ ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങളുടെ സാംസ്‌കാരികചരിത്രത്തിൽ നവനിര്‍മിതിയായ കലാചരിത്രം എങ്ങനെ ഉടലെടുത്തു എന്ന് കാണാനാവും. ആധുനിക ഇന്ത്യൻകല എന്ന് വ്യവഹരിക്കുമ്പോൾ രാഷ്ട്രീയമായി നിശ്ചയിക്കപ്പെട്ട ഭൂമിശാസ്ത്രപരിധിയും അതിന്റെ രാഷ്ട്രീയനിലപാടുകളും നയങ്ങളുംകൂടി നിശ്ചയിച്ച സാംസ്കാരികധുനികതയാണ് സൂചിതമാകുന്നത്. ഉദാഹരണമായി, ആധുനിക ഇന്ത്യൻകലാചരിത്രം പ്രതിപാദിക്കുമ്പോൾ വിഭജനകാലത്തു പാകിസ്ഥാനിലായിപ്പോയ സെയ്നുൽ അബദീനോ (Zainul Abedin), സുബൈദ ആഘയോ (Zubeida Agha) ചർച്ചചെയ്യപ്പെടാറില്ല. അതോടൊപ്പം പൗരസ്ത്യവാദവും കൊളോണിയൽ വ്യവസ്‌ഥയും സംഘർഷഭരിതമാക്കിയ ഇന്ത്യൻ മാനസികാവസ്ഥയും കലയിലെ ആധുനികത എന്നാൽ യൂറോപ്പിൽ നിന്ന്‍ ഇറക്കുമതി ചെയ്തതോ, ചെയ്യേണ്ടതോ ആണെന്ന കീഴാള മനോഭാവവും ഇവിടെ ചിത്ര/ശില്പ രചയിതാക്കളിലും കാഴ്‌ചക്കാരിലും ഒരുപോലെ രൂഢമൂലമായി.


യന്ത്രവത്കൃതമല്ലാത്ത സമൂഹങ്ങളിൽ ഉപയോഗിച്ചിരുന്ന വർണങ്ങളും, ചിത്ര/ശില്പങ്ങൾക്കുള്ള മറ്റു സാമഗ്രികളും ദേശീയവും, കാൻവാസ്‌, എണ്ണച്ചായം, രേഖീയ കാഴ്ചവട്ടം (linear perspective) മനുഷ്യരൂപങ്ങളുടെ യഥാതഥ ചിത്രീകരണം എന്നിവ ദേശീയവും വിദേശീയവുമായി നാം ദ്വന്ദ്വവത്കരിച്ചു. അതേസമയം, ഒരു സംസ്കാരം ഉരുവപ്പെടുത്തുന്ന ഉല്പാദനവ്യവസ്ഥയെ, അതിനെ രൂപപ്പെടുത്തുന്ന സാങ്കേതികവും അല്ലാത്തതുമായ ഉപകരണങ്ങളെ, സാമൂഹിക ക്രമങ്ങളെ അവഗണിച്ച് ദേശത്തിനു ഒരു പാരമ്പര്യമുണ്ടെന്നും അതിനെ മാറാനോ മാറ്റാനോ പാടില്ലെന്നു ശഠിക്കുന്ന വികലമായ വിശ്വാസങ്ങൾ കലയെഴുത്തിന് ആധാരമായി. അച്ചടിയോ, ഉച്ചഭാഷിണിയോ, തീവണ്ടിയോ, വൈദ്യുതിയോ, വൈദ്യുതോപകരണങ്ങളോ, മോട്ടോർക്കാറോ, പൊതുവിദ്യഭ്യാസ രീതിയോ ഒന്നുംതന്നെ “പാശ്ചാത്യമോ”, “വിദേശീയമോ” ആയി കാണാതെ എണ്ണച്ചായവും, ശാസ്ത്രീയവീക്ഷണരീതിയും, യഥാതഥചിത്രീകരണ ശൈലിയും സ്‌കൂൾ ഓഫ് ആർട്ടുകളിലെ കലാശിക്ഷണരീതികളും ഇന്ത്യൻകലയുടെ പാരമ്പര്യം അല്ലെന്നു വാദിക്കുകയും “ആധുനികത”യെ പാശ്ചാത്യമെന്നു വിളിച്ചു തള്ളിക്കളയാനുമാണ് പഴയ കലയെഴുത്തുകാർ ശ്രമിച്ചത്. മാത്രമല്ല, കലയുടെ രംഗത്ത്, ആധുനികത എന്ന സങ്കല്പത്തെ രൂപപരമായിമാത്രം കണ്ട് (അതായത് അതിന്റെ സാമൂഹിക സങ്കല്പത്തിലുറച്ച രാഷ്ട്രീയവും, സാംസ്കാരികവും, ദാർശനികവുമായ അടിത്തറയെ മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയാതെ) ആധുനികരാവാനുള്ള മോഹങ്ങൾ ഒട്ടേറെ കലാകാരൻമാർക്കുണ്ടായി. കലാകാരന്റെ ദൃശ്യപരതയ്ക്കും കലയുടെ സാമൂഹിക വ്യാപനത്തിനും കച്ചവടത്തിനും കലയെഴുത്ത് അത്യന്താപേക്ഷിതമായതിനാലും ഒട്ടുമിക്ക കലാകാരന്മാർക്കും ഭാഷ കൈകാര്യം ചെയ്യാനുള്ള താത്പര്യമോ അറിവോ ഇല്ലാതിരുന്നതിനാലും കലാകുതുകികളുടെ കൂത്തരങ്ങായിത്തീർന്ന ഇന്ത്യയിലെ കലയെഴുത്തു മിക്കവാറും ദർശനരഹിതമോ, പ്രത്യയശാസ്ത്രവിമുഖമോ ആയിരുന്നു. കലയ്ക്ക് ശക്തിയും ദൃഢതയും നല്കേണ്ട ചിന്താധാരകളെ അത് വിഗണിച്ചതുമൂലം സംസ്കാരങ്ങളുടെ ചരിത്രഗതികളെ പഠിക്കാൻകഴിയാതെ ആത്മരതിയിലും ഉപരിപ്ലവ ധാരണകളിലും കുടുങ്ങി കലാരംഗം കൂടുതൽ മലീമസമാകുകയാണുണ്ടായത്. സാംസ്‌കാരിക സംവാദങ്ങൾക്കു വഴിയൊരുക്കാത്ത കലയെഴുത്തുകൾ കലാസൃഷ്ടികളുടെ വിപണനത്തിനും കലാകാരന്മാരുടെ പ്രസിദ്ധിക്കും മാത്രമേ ഉപകരിച്ചുള്ളു. അതുവഴി കലയും കലയെഴുത്തും കലാമാഫിയകളുടെ വാണിജ്യതന്ത്രങ്ങൾക്കു സമ്പൂര്‍ണമായും കീഴ്പ്പെട്ടു.


ചിത്രശില്പകലകൾ ദൃശ്യാത്മകം എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി അവയെ രൂപപരമായിമാത്രം കണ്ടിരുന്ന കലാകാരന്മാർ തങ്ങളുടെ രചനകളുടെ സാംസ്കാരികമോ, സാമൂഹ്യശാസ്ത്രപരമോ രാഷ്ട്രീയമോ ആയ ഘടകങ്ങളെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ, കലാരചനയെ ചിന്താരഹിത പ്രവൃത്തിയാക്കിയതുകൊണ്ടോ, സ്വന്തം രചനകളെക്കുറിച്ചു തങ്ങൾ സംസാരിക്കുന്നതോ, എഴുതുന്നതോ അനുചിതമോ അനാവശ്യമോ ആയിട്ടാണ് കണ്ടത്. തങ്ങളുടെ കല ദൃശ്യാത്മകമായി സംവദിക്കുന്നതാണെന്നും അതിനെക്കുറിച്ചു മറ്റൊന്നും പറയേണ്ടതില്ലെന്നും ആയിരുന്നു അവരുടെ കാഴ്ചപ്പാട്. അതേസമയം, ആ രചനകളെക്കുറിച്ചു കലയെഴുത്തുകളും വിമർശപഠനങ്ങളും ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് അവർക്കു തോന്നിയിരുന്നു. ദൃശ്യാത്മകം എന്ന് കരുതുന്ന മാധ്യമത്തെ എഴുത്തിലൂടെ സംവാദാത്മകമാക്കണം എന്ന് പറയുന്നതിലെ അയുക്തിപോലും അവർ തിരിച്ചറിഞ്ഞില്ല. യഥാർഥത്തിൽ കലയും കലയെഴുത്തും മറ്റേതൊരു സാംസ്കാരികപ്രവൃത്തിയുംപോലെ സാമൂഹികസംവിധാനങ്ങളിലുള്ള, മൂല്യങ്ങളിലുള്ള ഇടപെടലുകളാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ, കാലത്തിന്റെ സംവേദനരീതികളെ, ഭാവുകത്വത്തെ പരിവർത്തിപ്പിക്കുക എന്ന ക്രിയയാണ് കല നിര്‍വഹിക്കുന്നത്. അതുകൊണ്ട് എല്ലാ കലകളും പരസ്പരപൂരകങ്ങളായി മാത്രമേ സമൂഹത്തിൽ പ്രവർത്തിക്കുന്നുള്ളു എന്ന് തിരിച്ചറിയാം.


കാലാകാലങ്ങളായി നാം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വസ്തുതയാണ് കലാവസ്തു അനുവാചകരിൽ ഉണർത്തുന്ന വിചാരങ്ങളും വികാരങ്ങളും അർഥങ്ങളും അവയുടെ ധ്വന്യാത്മകവും കാലാനുസാരിയുമായ ഭാവ/അർഥ വ്യതിയാനങ്ങളും. അതാകട്ടെ, അരാജകമായ അർഥവ്യാപാരം ആയിത്തീർന്നാൽ, ആ സ്വതന്ത്ര്യം വൈയക്തികമായ ഒന്നു മാത്രമായാൽ, മേഘങ്ങളിൽ കണ്ടെത്തുന്ന രൂപസാദൃശ്യങ്ങൾപോലെ നൈമിഷികവും സാമൂഹികപ്രസക്തി ഇല്ലാത്തതുമായ ഒന്നായി കല മാറിത്തീരും. ഒരു കലാവസ്തു പാഠം (text) ആണെന്നും കലയെഴുത്ത് മെറ്റാ-റൈറ്റിങ്ങ് അല്ലെങ്കിൽ അതിനെപ്പറ്റിയുള്ള വ്യവഹാരം (discourse) ആണെന്ന ഉത്തരാധുനിക ധാരണയും കലാവസ്തുവിനുള്ള അർഥപരമായ ബന്ധനരാഹിത്യവും ദ്രഷ്ടാവിന് വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യം നല്കുന്നുണ്ട്. അതേസമയം, അപരിമിതമായി അർഥവ്യാപാരങ്ങളും അനുഭവങ്ങളും ആരോപിക്കപ്പെടാവുന്ന വസ്തുവല്ല കലാസൃഷ്ടി. കാരണം, കലാകാരനടക്കം എല്ലാ ദ്രഷ്ടാക്കൾക്കും വൈയക്തികമായ അനുഭവ-അർഥ സ്വീകരണങ്ങൾക്കുള്ള സ്വാതന്ത്ര്യം കലാവസ്തു നല്കുന്നത് സൂചകങ്ങൾക്കും സൂചിതങ്ങൾക്കും സാമൂഹികമായ പരിധിക്കകത്തു മാത്രമേ വിനിമയ സാധ്യത ലഭ്യമാവുന്നുള്ളു എന്നതിനാലാണ്. അർഥവ്യവസ്ഥയെ പാടേ നിഷേധിക്കുന്ന വൈയക്തിക ഭാവനയെ, വൈയക്തികാർഥങ്ങളെ മാത്രം ഉപജീവിക്കുന്ന കലാസൃഷ്ടികൾ സൂചകത്തിന്റെയും സൂചിതത്തിന്റെയും സാമൂഹിക അർഥങ്ങൾക്കും ധ്വനിസാധ്യതകൾക്കും വിധേയമല്ലാതിരിക്കുമ്പോൾ അവ സമൂഹത്തിന് അപ്രസക്തങ്ങളാകുന്നു. കലാകാരൻ മാധ്യമം, പ്രമേയം, ആവിഷ്കരണം എന്നിവകളെ സാംസ്കാരികമായി സമഞ്ജസിപ്പിക്കുന്നതിനു ശ്രമിക്കാതെ വസ്തുക്കളെ തുറസ്സായ ഒരു സ്ഥലത്ത് വിന്യസിപ്പിച്ച് അത് കലാത്മകമാണ് എന്ന് തന്റെ സാമൂഹികമായി സ്ഥാപിതമായ സ്വത്വമുപയോഗിച്ച് ശഠിക്കുകയും ഏതുതരം അഭ്യൂഹങ്ങളും കലയിൽ സാധ്യമാണ് എന്ന രീതിയിൽ കലാരചനയിൽ ഏർപ്പെടുകയും ചെയ്യുക എന്നാൽ കലയ്ക്കു സാംസ്‌കാരികസാംഗത്യം ഇല്ലാതാവുന്നു എന്നുകൂടി മനസ്സിലാക്കാനാവും.