അറിവിന്റെ ജനകീയവത്കരണം നിർവഹിച്ച കൃതി – എം. തോമസ് മാത്യു

സംക്ഷേപവേദാർത്ഥം:


‘സംക്ഷേപവേദാർത്ഥ’മാണ് മലയാളത്തിൽ ആദ്യം അച്ചടിക്കുന്ന ഗ്രന്ഥം. 1772-ൽ റോമിലാണ് ഇത് അച്ചടിച്ചിരിക്കുന്നത്. 1678-ൽ ‘ഹോർത്തൂസ് മലബാറിക്കസ്’ ഇറങ്ങിയല്ലോ അതിൽ മലയാള ലിപികൾ ഉണ്ടല്ലോ, പിന്നെങ്ങനെ ‘സംക്ഷേപ വേദാർത്ഥം’ ആദ്യ അച്ചടിഗ്രന്ഥമാകും എന്നൊരു സംശയത്തിന് ഇടയുണ്ട്. ശരിയാണ്; പക്ഷേ, ‘ഹോർത്തൂസ് മലബാറിക്കസി’ലെ ഓരോ പുറവും എഴുതി ബ്ലോക്കുണ്ടാക്കി അച്ചടിക്കുകയായിരുന്നു. സംക്ഷേപവേദാർത്ഥത്തിലാകട്ടെ ഓരോ ലിപിക്കും അച്ചുകൾ ഉണ്ടാക്കി. ആ അച്ചുകൾ നിരത്തി വാക്കുകളും വാക്യങ്ങളും അച്ചടിക്കുകയായിരുന്നു. ഈ വ്യത്യാസം വളരെ വലുതാണ്. അച്ചുകളും അച്ചുകൂടവും ഈ ബിന്ദുവിലാണ് ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ അച്ചടിയുടെ ആരംഭം ഇവിടെയാണ്. മാറ്റിവയ്ക്കാവുന്ന അച്ചുകൾ (Movable Types) അച്ചടിയുടെ ചരിത്രത്തിൽ മാത്രമല്ല മാനവസംസ്‌കൃതിയുടെ ചരിത്രത്തിൽത്തന്നെ ഒരു ദിശാപരിണാമത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നു. അതുകൊണ്ടാണ് ആധുനിക-പാശ്ചാത്യമനുഷ്യന്റെ സംസ്‌കാരസങ്കല്പവും സാഹിത്യവും തമ്മിലുള്ള ബന്ധം അപഗ്രഥിച്ചു പഠിക്കാൻ ഉദ്യമിക്കുന്ന ജെ.ബി. പ്രിസ്റ്റ്ലി തന്റെ ഗ്രന്ഥം – Literature and the Western Man  ‘മാറ്റിവയ്ക്കാവുന്ന അച്ചുകൾ’ എന്ന അധ്യായത്തിൽ ആരംഭിക്കുന്നത്.


അച്ചടിക്കുമുമ്പും പുസ്തകങ്ങൾ ഉണ്ടായിരുന്നു. പുസ്തകങ്ങളല്ല ഗ്രന്ഥങ്ങൾ! ഇവ തമ്മിലുള്ള വ്യത്യാസം ‘ഇന്ദുലേഖ’ വായിച്ചിട്ടുള്ളവരോടു പറയേണ്ടതില്ല. കാരണവർ പഞ്ചുമേനോന് ഇന്ദുലേഖ വാത്സല്യഭാജനമാണ്; അവരുടെ ഏത് ആഗ്രഹവും സാധിച്ചുകൊടുക്കാൻ കാരണവർ ബദ്ധശ്രദ്ധനുമാണ്. എന്നിട്ടും, ഇന്ദുലേഖയെക്കുറിച്ച് ഒരു പരാതിയുണ്ട്. അരുതാത്തതായി അവർ ചെയ്യുന്നത് ഒറ്റക്കാര്യം – അവർ പുസ്തകം വായിക്കുന്നു! തറവാട്ടിലെ ഗ്രന്ഥപ്പുരയിൽ എത്രയോ ഗ്രന്ഥങ്ങളുണ്ട്. അവയെ തിരിഞ്ഞുനോക്കാതെ അവർ അച്ചടിപ്പുസ്തകങ്ങളുടെ പിന്നാലെ പോകുന്നു. തീർന്നില്ലേ, ചീത്തയാവാൻ വേറെ എന്തുവേണം?


ഇത് ഒരു പഞ്ചുമേനോന്റെ പാവത്തമോ വിഡ്ഢിത്തമോ അല്ല. ചന്തുമേനോൻ രണ്ടു ലോകങ്ങളും അവയുടെ ജീവിതസങ്കല്പങ്ങളും എവിടെവച്ചാണ് വേർപിരിയുന്നതെന്ന് അടയാളപ്പെടുത്തുകയായിരുന്നു. മാറ്റിവയ്ക്കാവുന്ന അച്ചുകളാണ് മാറ്റത്തിനു കാരണമായത്. സാധാരണ മനുഷ്യരുടെ കൈകളിൽ പുസ്തകങ്ങൾ എത്തി. സമ്പന്നരായ പ്രഭുക്കന്മാർ കൈയക്ഷരവടിവു തികഞ്ഞവരെ കൂലിക്കിരുത്തി പകർത്തി സൂക്ഷിച്ച ഗ്രന്ഥങ്ങൾ അപ്രാപ്യമായിരുന്നു. അവ വരേണ്യവർഗത്തിന് – അവരിൽ പാതിരിമാരും പെടും – കുത്തക. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യകാല പതിപ്പുകളിൽ പുസ്തകത്തിന്റെ വിവരണത്തോടൊപ്പം ചങ്ങലയ്ക്കിട്ട ഗ്രന്ഥത്തിന്റെ പടമാണ് ചേർത്തിരുന്നത്. ചോരനപഹരിക്കാതെ സംരക്ഷിക്കേണ്ട നിധിയാണ് ഗ്രന്ഥം എന്നാണ് സങ്കല്പം. പിൽക്കാലത്ത് ചിത്രം മാറ്റി; പകരം വന്നത് തുറന്ന പുസ്തകത്തിന്റെ പടമാണ്. പത്തായത്തിൽ പൂട്ടിവച്ചു സൂക്ഷിക്കാനുള്ളതല്ല, വായിക്കാനും അറിവുനേടാനുമുള്ളതാണ് പുസ്തകം എന്ന് അർത്ഥം. കോൺസ്റ്റാന്റിനോപ്പിളിലെ ഗ്രന്ഥപ്പുര തുർക്കികൾ കൊള്ളയടിച്ചപ്പോഴാണ് യൂറോപ്പിൽ നവോത്ഥാനം ഉണ്ടായതെന്ന് പറയാറില്ലേ? പ്രതീകാത്മകമാണ് ഈ സംഭവവും പറച്ചിലും. മൊണാസ്ട്രിയിലെ നിലവറപോലത്തെ ഭദ്രകേന്ദ്രങ്ങളിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങൾ തെരുവിലെ സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിയപ്പോൾ നവോത്ഥാനം ഉണ്ടായി എന്നാണ് ഇത് പറയുന്നത്. അത് മനുഷ്യനെക്കുറിച്ചുള്ള സങ്കല്പത്തിൽ വന്ന മാറ്റമാണ്. കുത്തകകൾ ഉടഞ്ഞ് നവമാനവീയതയുടെ മുത്തുകൾ വിരിയാൻ ആരംഭിച്ചു. കേരളത്തിൽ ഈ മാറ്റത്തിന്റെ വിളംബരം നിർവഹിച്ചത് ‘സംക്ഷേപവേദാർത്ഥമാണ്.


ഗ്രന്ഥവും ഗ്രന്ഥകാരനും


ക്ലമന്റ് പിയാനിയസ് ആണ് സംക്ഷേപവേദാർത്ഥത്തിന്റെ കർത്താവ്. 1731 ഏപ്രിൽ 7-ാം തീയതി ഇറ്റലിയിലെ പീദ്‌മോങ്ങ് എന്ന സ്ഥത്ത് അദ്ദേഹം ജനിച്ചു. 1755-ൽ പൗരോഹിത്യം സ്വീകരിച്ച ക്ലമന്റ് മതപ്രചാരക ശുശ്രൂഷയ്ക്കു വേണ്ട പരിശീലനം നേടാൻ റോമിൽ എത്തിയ അദ്ദേഹം ഗ്രീക്ക്, അറബി തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടി. ഭാഷാപഠനത്തിൽ അദ്ദേഹത്തിന് സവിശേഷമായ പ്രാഗത്ഭ്യം ഉണ്ടായിരുന്നു. മതപഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം 1757-ൽ, കേരളത്തിൽ എത്തിച്ചേർന്നു. വരാപ്പുഴ ‘വികാരിയത്തി’ന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. വരാപ്പുഴയിൽ സ്ഥാപിതമായ വൈദികപഠനകേന്ദ്രം ഫാദർ ക്ലമന്റിന്റെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യമാണ്. ആ പഠനകേന്ദ്രങ്ങളാണ് മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയായി വളർന്നത്. വൈദിക പാഠശാലകളിലെ അധ്യാപനം ഭാഷാപഠനത്തിന് ഉത്തേജകമായിത്തീരുകയും ബഹുഭാഷാപണ്ഡിതൻ എന്ന പദവിയിൽ അദ്ദേഹത്തെ അവരോധിക്കുകയും ചെയ്തു. ഒരു ദശവർഷത്തിലേറെ നീണ്ട പഠനകാലത്ത് അക്ഷരമാല, വ്യാകരണം, നിഘണ്ടു എന്നിവയുടെ രചനയിൽ വ്യാപൃതനായി.


റോമിലെ പ്രൊപ്പഗന്താ അപ്പസ്റ്റൊലേറ്റ് മിഷനറിമാരായി വിവിധ ദേശങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഭാഷാഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ ക്ലമന്റിനെ റോമിലേക്കു ക്ഷണിച്ചു. 1769-ൽ അദ്ദേഹം അവിടെ എത്തി – കൈയിൽ അനേകം കൈയെഴുത്തു കൃതികളും കരുതിയിട്ടുണ്ടായിരുന്നു. റോമിൽവച്ച് മലയാള അക്ഷരങ്ങളുടെ അച്ചുകൾ അദ്ദേഹം നിർമിച്ചു. 1722-ൽ രണ്ടു ഗ്രന്ഥങ്ങൾ അച്ചടിക്കുകയും ചെയ്തു. ‘നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷേപ വെദാർത്ഥം” അവയിൽ ഒന്ന്. രണ്ടാമത്തേത് ‘ആൽഫബറ്റം ഗ്രന്ഥൊനിക്കൊ മലബാറിക്കം’ എന്ന കൃതിയുമാണ്.


മലയാള ഭാഷയിൽ 51 അക്ഷരങ്ങൾ എന്നു നിജപ്പെടുത്തി അവയുടെ പെരുക്കങ്ങളും ചേർത്ത് 1128 അച്ചുകളാണ് അദ്ദേഹം നിർമിച്ചത്. പേരു സൂക്ഷിക്കുന്നതുപോലെ സംക്ഷേപ വേദാർത്ഥം ക്രിസ്തുമതസാരം സംക്ഷിപ്തമാക്കി വിവരിക്കുന്ന ഗ്രന്ഥമാണ്. മതപഠനം, ഏതു മതത്തിന്റെ കാര്യത്തിലായാലും, നാലു ഘടകങ്ങളെ മുൻനിറുത്തിയാണ് നടത്താറുള്ളത്. ഏതു മതത്തിനുമുണ്ടാകും വിശ്വാസസത്യങ്ങളുടെ (Creed) ഒരു മണ്ഡലം. അനേകം ആചാരാനുഷ്ഠാനങ്ങ (Cult) ളിലൂടെയാണ് വിശ്വാസസത്യങ്ങളുടെ ആവിഷ്‌കരണം സാധ്യമാവുക. ഒരേതരം അനുഷ്ഠാനസംഘാതത്തിലൂടെ വിശ്വാസസത്യത്തെ ആവിഷ്‌കരിക്കുന്നവരുടെ സമൂഹം (Community) ആണ് മൂന്നാമത്തെ ഘടകം. ഇവയിലൂടെ ലക്ഷ്യംവയ്ക്കുന്ന ആധ്യാത്മികത (Spirituality) നാലാമത്തെ ഘടകവും. ഈ നാലു ഘടകങ്ങളിലേക്കും ദൃഷ്ടി പതിക്കുന്നു എന്നതാണ് സംക്ഷേപവേദാർഥം എന്ന ഗ്രന്ഥത്തിന്റെ സവിശേഷത. ഇവയിലെല്ലാം നിഷ്‌ണാതമായ ഒരു മനസ്സ് ശ്രദ്ധാപൂർവം രചിച്ചതാണ് ഈ കൃതി എന്ന് സംശയലേശമില്ലാതെ പറയാൻ കഴിയും. സംക്ഷിപ്തമെങ്കിലും സമഗ്രമാണ് ഈ കൃതിയുടെ ഉള്ളടക്കം.


സംവാദരൂപത്തിലാണ് സംക്ഷേവേദാർഥം രചിക്കപ്പെട്ടിരിക്കുന്നത്. ഗുരു ചോദിക്കുകയും ശിഷ്യൻ ഉത്തരം പറയുകയും ചെയ്യുന്നതാണ് രൂപം. പഠിച്ച വേദപാഠങ്ങൾ സൂക്ഷ്മമായി സാരം ചോരാതെ ശിഷ്യൻ പഠിച്ചിട്ടുണ്ടോ എന്ന് ഗുരു പരീക്ഷിക്കുന്നതാണ് ഇതിന്റെ രീതി. ഒന്നുരണ്ട് ഉദാഹരണങ്ങൾ:


1.ഗുരു: കുംപസാരിപ്പാൻ പൊകുംപൊൾ ദൊഷത്തിന്മെൽ പടാത്തയായ നൊൻപരം നമ്മുക്കുണ്ടാകെണംയെന്ന വളരെ ശ്രമിച്ചാൽ ദൃഷ്ടതിയുന്നൊ


ശി: എല്ലാറ്റിനെക്കാൾ സാരമായ വസ്തു നൊൻപരമാകുന്നതിനെകൊണ്ടും പട്ടാണായ നൊൻപരമമാകുന്നതിനെകൊണ്ടും പട്ടാണയായ നൊൻപരം കൂടാതെ കുംപസാരം വാസ്തവമല്ലയെന്നതിനെകൊണ്ടും ദൊഷത്തിന്മെൽ വഴിയെ തെറി മുഴുവൻ ഉള്ള നൊൻപരം നമുക്കുണ്ടാകുവാൻ വളരെ വളരെ ശ്രമിച്ചുകൊൾകയും വേണം.


2.ഗുരു: ചാവദൊഷത്തിന്ന എന്തൊര ശിക്ഷയുള്ളൂര ശിക്ഷയുള്ളൂ


ശി: എന്നന്നെക്കുമായ നരകത്തിലെ ദുഷ്‌കർമ്മങ്ങൾ ചാവദൊഷത്തിനടുത്ത ശിക്ഷായത…


3.ഗുരു: എല്ലാ ദൊഷത്തിന്മെൽ ഉറപ്പ വെണംയെന്നതിന്റെ അര്‍ത്ഥം എന്തന്ന


ശി: ചാവദൊഷവും ചാവദൊഷത്തിൽ വെന്ധിച്ചതൊക്കയും ഷത്തിൽ വെന്ധിച്ചതൊക്കയും ദ്വെഷിച്ച ഉപേക്ഷിച്ച തുണി ഒരു നാളും ഒരപ്രകാരത്തിലും ഒരു സംഗതിക്കും ഞാൻ പിഴക്കില്ലന്ന മനസ്സിൽ വഴിയെ ഉറപ്പുണ്ടാകയും വെണമെന്ന തിന്റെ അർത്ഥമായത….

സംക്ഷേപവേദാർത്ഥത്തിന്റെ ആവിഷ്‌കരണരീതിയും ഭാഷാരീതിയും കാണിക്കാൻവേണ്ടി ഇത്രയും ഉദ്ധരിച്ചുവെന്നേയുള്ളൂ. ഈ കൃതിയുടെ ഉള്ളടക്കത്തിലേക്ക് ഏറെ ഇറങ്ങിച്ചെല്ലേണ്ട കാര്യമില്ല. മതബോധത്തിനോ ദൈവശാസ്ത്രപഠനത്തിനോവേണ്ടി സംക്ഷേപവേദാർഥം ഇന്ന് പഠിക്കപ്പെടുന്നില്ല. എങ്കിലും ക്രൈസ്തവ വേദശാസ്ത്രത്തിലെ രഹസ്യ (Mystery) ങ്ങളിലേക്കുപോലും ദൃഷ്ടിചെല്ലുന്നതാണ് അതിന്റെ സ്വഭാവം എന്നു കാണാതിരിക്കാനും വയ്യ. ഭാഷാപരിണാമചരിത്രത്തിലെ പരിഗണനീയമായ ഒരു രേഖയായും ഇത് കണക്കാക്കപ്പെടുന്നില്ല. കാരണം, പതിനെട്ടാം നൂറ്റാണ്ടിനുമുമ്പുതന്നെ മലയാളഭാഷ പ്രൗഢമായ അവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നുവല്ലോ.


എന്നാൽ, ചരിത്രപരമായ പ്രാധാന്യം ഒട്ടും കുറഞ്ഞുപോകുന്നുമില്ല. ക്രൈസ്തവമിഷനറിമാരുടെ പ്രാഥമിക പരിഗണന മതപ്രചാരണത്തിനുതന്നെ ആയിരുന്നു. അതിനാണ് അവർ ഇന്ത്യയിൽ വന്നത്, അതു നിറവേറ്റാതെ അന്യവ്യഗ്രതകളിൽ മുഴുകാൻ അവർക്ക് അവകാശമില്ല. എന്നാൽ, ആശയവിനിമയം നടക്കണമെങ്കിൽ ഭാഷ പഠിക്കണം. അതു പഠിക്കാൻവേണ്ട പ്രാഥമിക സൗകര്യങ്ങൾപോലുമില്ല. വ്യാകരണഗ്രന്ഥങ്ങളുമില്ല, ശബ്ദകോശമില്ല, ഒന്നുമില്ല. അതുകൊണ്ട് മതപ്രചാരണലക്ഷ്യം നേടണമെങ്കിൽ ഇവയെല്ലാം ഉണ്ടാകണം. ഭാഗ്യവശാൽ, ഭാഷാപഠനത്തിലും വ്യാകരണാദിഗ്രന്ഥങ്ങൾ നിർമിക്കുന്നതിലും ഉത്സുകരായിരുന്നു മിഷനറിമാരിൽ നല്ലൊരു വിഭാഗം. അവരിലൂടെയാണ്, അവർ അറിയാതെ മലയാള ഭാഷയുടെ വളർച്ചയ്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ മിക്കതും ഉണ്ടാകുന്നത്. റോമിൽ അച്ചടിച്ച സംക്ഷേപവേദാർഥത്തിന്റെ കോപ്പികൾ കൊണ്ടുവന്നപ്പോൾ അച്ചടി എന്ന ആശയം കൂടെയാണ് കൊണ്ടുവന്നത്. പള്ളിയോടു ചേർന്ന പള്ളിക്കൂടങ്ങളാണ് മനുഷ്യത്വത്തിന്റെ സന്ദേശം കേരള സമൂഹത്തിന് ലഭിച്ചത്. മിഷനറിപ്രവർത്തനം ഊർജിതമായ ഇടങ്ങളിലാണ് അവകാശസമരങ്ങൾ നടന്നത്. ഇത് യാദൃശ്ചികസംഭവമല്ല. തങ്ങളും മനുഷ്യരാണെന്ന ബോധമാണ് പടർന്നുപന്തലിച്ചത്. മേൽമുണ്ടുസമരം മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായിരിക്കെത്തന്നെ തങ്ങളും മനുഷ്യരാന്നെന്ന് അംഗീകരിച്ചുകിട്ടണം എന്ന ആവശ്യവും അത് മുന്നോട്ടുവച്ചു. മാനവസംസ്‌കാരത്തിന്റെ സന്ദേശമാണ് അത് നല്കിയത്. സംക്ഷേവേദാർത്ഥം മതബോധനഗ്രന്ഥം എന്ന പരിമിതിയിൽ ഒതുങ്ങാതെ മനുഷ്യത്വപൂർണമായ ഒരു സമൂഹത്തിന്റെ പിറവി ആഘോഷിക്കുകകൂടി ആയിരുന്നു.