ഉന്നതവിദ്യാഭ്യാസരംഗത്തെ കാതലായ മാറ്റങ്ങൾ
ഉന്നത വിദ്യാഭ്യാസരംഗത്ത് Equity, Access, Inclusion എന്നീ തത്ത്വങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാർ/എയ്ഡഡ് കോളെജുകളിൽ റൂസാ പദ്ധതി വഴി അടിസ്ഥാന സൗകര്യ വികസനത്തിനു വലിയ രീതിയിൽ ധനസഹായം നല്കിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റൂസാ വിഹിതമായ 40% ഇത്രയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നല്‍കാൻ കഴിഞ്ഞുവെന്നുള്ളത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിലും എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുദാഹരണമാണ്. വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റൂസ ധനസഹായത്തിൽ ഏറ്റവുമധികം സംസ്ഥാന സര്‍ക്കാർവിഹിതം നല്കിയതും നമ്മുടെ സംസ്ഥാനമാണെന്നുള്ള വസ്തുത ഓർമിക്കേണ്ടിയിരിക്കുന്നു. എയ്ഡഡ് /സര്‍ക്കാർ കോളെജുകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി 230 കോടി രൂപ അനുവദിച്ചതിൽ 92 കോടി രൂപ സംസ്ഥാന സര്‍ക്കാർ വിഹിതമയിരുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ദേശീയതലത്തിൽ റൂസ പദ്ധതിയിൽ ഏറ്റവും കൂടുതൽ അര്‍ഹത നേടിയ കോളെജുകൾ കേരളത്തിലാണെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു – 115 എണ്ണം.
അഫിലിയേറ്റഡ് കോളെജുകളിൽ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാർ കോളേജ് അദ്ധ്യാപക നിയമനത്തിനായുള്ള യു.ജി.സി. റെഗുലേഷന്‍സ് 2018 അപ്പാടെ നടപ്പിൽ വരുത്തുകയുണ്ടായി. ഇതുവഴി ഉയര്‍ന്ന യോഗ്യതകളുള്ള മികച്ച അദ്ധ്യാപകർ നിയമിക്കപ്പെടുന്നുവെന്നും ഉന്നത വിദ്യാഭ്യാസത്തിൽ ഗവേഷണത്തിലൂന്നിയ അദ്ധ്യയനം ഉറപ്പു വരുത്തുന്നതിനും സര്‍ക്കാരിനു സാധിച്ചു.
അസ്സിസ്റ്റന്‍റ് പ്രൊഫസ്സർ മുതൽ പ്രിന്‍സിപ്പൽ വരെയുള്ള നിയമനത്തിൽ അക്കാദമിക മികവ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി യു.ജി.സി. മാനദണ്ഡങ്ങൾ കൊണ്ടുവന്നതിനൊപ്പം നടപ്പു സാമ്പത്തികവര്‍ഷം ആയിരം തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അദ്ധ്യാപകരെ വിന്യസിക്കുന്ന വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാർ നിറവേറ്റാൻ പോവുന്നത്. ഈ സര്‍ക്കാർ അധികാരത്തിൽ വന്നതിനുശേഷം എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളിൽ 562 അദ്ധ്യാപക തസ്തികകളും സര്‍ക്കാർ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളിൽ 374 അദ്ധ്യാപക തസ്തികകളുംസര്‍ക്കാർ എഞ്ചിനീയറിംഗ് കോളെജുകൾ /പോളിടെക്നിക്കുകളിൽ 497 അധ്യാപക തസ്തികകളും അനുവദിക്കുകയുണ്ടായി എന്നത് ഉന്നതവിദ്യാഭ്യാസത്തിൽ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനു സര്‍ക്കാർ പ്രതിജ്ഞാബന്ധമാണെന്നതിന്റെ തെളിവുകളാണ്.
ഗവേഷണത്തിലധിഷ്ഠിതമായ ബിരുദ,/ബിരുദാനന്തരബിരുദ വിദ്യാഭ്യാസം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബിരുദമായാലും ബിരുദാനന്തരബിരുദമായാലും വിദ്യാര്‍ത്ഥികളെ നൂതനാശയങ്ങൾ കണ്ടുപിടിത്തങ്ങളായി മാറ്റേണ്ടതെങ്ങനെയെന്നു പഠിപ്പിക്കുന്ന തലത്തിലേക്ക് കോളെജ് വിദ്യാഭ്യാസം വളരേണ്ടിയിരിക്കുന്നു.
എയ്ഡഡ് മേഖലയിൽ പുതിയ കോഴ്സുകൾ നല്കുകവഴി ചെലവ് കുറഞ്ഞ മികച്ച വിദ്യാഭ്യാസം കൂടുതൽ പേര്‍ക്ക് പ്രാപ്യമാക്കുന്നതിനാണ് സര്‍ക്കാർ ശ്രമിക്കുന്നത്.
ഗവേഷണത്തിനു കോളേജ് വിദ്യാഭ്യാസം മുന്‍തൂക്കം നല്കുമ്പോൾത്തന്നെ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം എന്ന സങ്കല്പം പ്രാവര്‍ത്തികമാവുന്നു. കണ്ടുപിടിത്തങ്ങൾ സമൂഹത്തിനുതകുന്നതാവുമ്പോൾ അവ വ്യവസായവത്കരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാവില്ല. നമ്മെ അത്ഭുതപ്പെടുത്തുന്ന തുലോം ചെലവ് കുറഞ്ഞ പല സംരംഭങ്ങളും ഇത്തരത്തിൽ ഉണ്ടായതാണെന്നു നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. നമുക്കു സങ്കല്പിക്കാൻ കഴിയാത്തവിധത്തിൽ ചെലവുകുറഞ്ഞ പല ഉത്പന്നങ്ങളും ചൈന പോലെയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നത് ഇത്തരത്തിൽ നമ്മുടെ മാനവ വിഭവശേഷിയെ പരിശീലനം നല്കി നയിക്കാത്തതുകൊണ്ടുതന്നെയാണ്.
ഉയര്‍ന്നതും ഉറപ്പുള്ളതുമായ തൊഴിൽസാധ്യതയായിരുന്നു പ്രഫഷണൽ പ്രോഗ്രാമുകളുടെ ആകര്‍ഷണീയതയെങ്കിൽ ഇന്ത്യപോലെ ജനസംഖ്യകൂടിയ രാഷ്ട്രത്തിൽ തൊഴിൽ നല്കാൻ ഉപയുക്തമായ സംരംഭങ്ങളും അത്രതന്നെ പ്രാധാന്യമുള്ളതാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ഭാവി വാഗ്ദാനംചെയ്യാൻ കഴിയാതെപോയതാണ് പല കോഴ്സുകള്‍ക്കും പഠിതാക്കളില്ലതാവുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ഇവിടെയാണ് തൊഴിൽസാധ്യതയെന്ന ലക്ഷ്യത്തിലുപരിയായി ഗവേഷണാഭിരുചി വളര്‍ത്തുകയും അതിലൂടെ വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുന്നതിനുതകുന്ന സമീപനം നാം സ്വീകരിക്കേണ്ടത്. ഉന്നതവിദ്യാഭ്യാസത്തിനുശേഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളെജുകളിൽ നിന്നും ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂര്‍ത്തിയാവുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ഒരു വര്‍ഷം ഇന്റേൺഷിപ്പിനു അവസരം ഒരുക്കാൻ സാധിച്ചിട്ടിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിനകത്ത് തന്നെ ബിരുദപഠനത്തിനുശേഷം തൊഴിലൊരുക്കുന്നതുവഴി സംസ്ഥാനത്തിനു പുറത്തേക്കുള്ള “ബ്രെയിൻ ഡ്രെയിൻ” ഒഴിവാക്കാൻ സാധിക്കുമെന്നു പ്രതീക്ഷയുണ്ട്.
മികച്ച മാതൃകകൾ സ്വീകരിക്കൽ
മേജർ വിഷയത്തോടൊപ്പം ഇഷ്ടമുള്ള മൈനർ വിഷയവും പഠിക്കുന്നതിനുള്ള അവസരം മേൽ പറഞ്ഞ ആശയത്തിലേക്കുള്ള ചവിട്ടു പടിയാണ്. വിദേശ സര്‍വകലാശാലകളിലെ ഡ്യുവൽ ഡിഗ്രി സങ്കല്പം ഇതിലൂടെ ഫലപ്രദമായി നടപ്പിലാക്കാൻ നമുക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു സര്‍വകലാശാലകളുടെ ഓണ്‍ലൈൻ പ്രോഗ്രാമുകൾ പഠിക്കുന്നതിനുള്ള അവസരം നല്കുകയും അവയ്ക്ക് നിശ്ചിത ക്രെഡിറ്റ് നല്കുകയും ചെയ്യുന്നത് ഇത്തരത്തിൽ മൈനർ ഡിഗ്രികൾ പഠിക്കുന്നതിനു പ്രോത്സാഹനം നല്കും. നമ്മുടെ കോളെജുകളിലെ ബിരുദ,/ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിഷയങ്ങളിൽ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും നടപ്പിലാക്കാവുന്നതും ഇത്തരം പ്രോഗ്രാമുകൾ മികച്ച നാക് ഗ്രേഡ്/ എൻ.ഐ.ആർ.എഫ് റാങ്ക് ലഭിച്ച കോളെജുകൾക്കു മാത്രം നല്കാവുന്നതുമാണ്. പുതിയ കോഴ്സുകൾ നല്കുന്നതിന്റെ മാനദണ്ഡം ഇത്തരം ദേശീയ റാങ്കിങ്ങുകളാക്കുകവഴി അഫിലിയേറ്റഡ് സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉറപ്പു വരുത്തുന്നതിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം കോഴ്സുകൾ നടപ്പിലാക്കുകവഴി വിദേശ സര്‍വകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനാവശ്യമായ ഗവേഷണപരിചയവും പരിശീലനവും നല്കുന്നതിനു സാധിക്കും. ഒപ്പംതന്നെ നമ്മുടെ കോഴ്‌സുകള്‍ക്കാവശ്യമയ അന്താരാഷ്ട്ര അംഗീകാരവും ഉറപ്പാക്കാനാവുന്നതാണ്.
ഗ്രോസ് എന്‍റോള്‍മെന്‍റ് റേഷ്യോ
പൊതു വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ മുന്‍പിൽ നില്ക്കുന്ന നമ്മുടെ സംസ്ഥാനം ഉന്നത വിദ്യാഭ്യാസമേഖലയിലും ദേശീയതലത്തിൽ ഒന്നാംസ്ഥാനത്തു തന്നെ വരണം എന്ന സങ്കല്പത്തിലാണ് മേല്‍പ്പറഞ്ഞ പദ്ധതികളൊക്കെയും സര്‍ക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസം സാര്‍വത്രികമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എയ്ഡഡ് /ഗവണ്മെന്റ് കോളെജുകളിൽ ഇത്തരത്തിൽ ലക്ഷ്യമിട്ടുള്ള കോഴ്സുകൾ നല്കുക വഴി ഗ്രോസ് എന്‍റോള്‍മെന്‍റ് റേഷ്യോ (Gross Enrolment Ratio- G.E.R) വര്‍ദ്ധിപ്പിക്കുന്നതിനു നമുക്ക് സാധിക്കും. കുറഞ്ഞ ചെലവിലുള്ള മികച്ച വിദ്യാഭ്യാസത്തിനു മാത്രമേ ജി.ഇ.ആർ വര്‍ദ്ധിപ്പിക്കുവൻ സാധിക്കുകയുള്ളു. ദേശീയ ശരാശരിയായ 26.30% ലും വളരെ മുന്‍പിൽ നില്ക്കുന്നു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ജി.ഇ.ആർ(ദ7%). ഇതിൽത്തന്നെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തും രാജ്യത്താകെയായി ആറാം സ്ഥാനത്തുമാണ് നാം നില്ക്കുന്നത്. ഗ്രോസ് എന്‍റോള്‍മെന്‍റ് റേഷ്യോ കുറയുന്നതിന്റെ കാരണങ്ങളിലൊന്ന് സയജന്യമോ ചെലവു കുറഞ്ഞതോ ആയ വിദ്യാഭ്യാസം സാര്‍വത്രികമല്ലാത്തതാണ്. മറ്റൊന്നു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും. കഴിഞ്ഞ അക്കാദമിക വര്‍ഷങ്ങളിൽ തുടര്‍ച്ചയായി സീറ്റ് വര്‍ദ്ധനവ് നല്കുക വഴി അഫിലിയേറ്റഡ് എയ്ഡഡ്/സര്‍ക്കാർ കോളെജുകളിൽ 20000-ലധികം അധിക സീറ്റ് ഉറപ്പു വരുത്തുന്നതിനും അതുവഴി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉറപ്പു വരുത്തുന്നതിനും സാധിച്ചു.
ജി.ഇ.ആർ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യംവച്ചുള്ള വിദൂരവിദ്യാഭ്യാസത്തിനായി ഓപ്പൺ സര്‍വകലാശാല സ്ഥാപിച്ചു. പുതിയ എയ്ഡഡ് കോഴ്സുകൾ അനുവദിക്കുകവഴി ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനു വഴിയൊരുക്കുകയാണ് സര്‍ക്കാർ. കേന്ദ്രീകൃത പ്രവേശനത്തിലൂടെ മെറിറ്റ്/ സംവരണ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുന്നതിനും പ്രവേശനം സുതാര്യമാക്കുന്നതിനും സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരോ വര്‍ഷവും എയ്ഡഡ് കോളെജുകളിലെ മെറിറ്റ് സീറ്റുകളിൽ പ്രവേശനംലഭിക്കാതെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിന്നു ഒഴിവായിപ്പോവുന്ന നിരവധി കൂട്ടികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. മെറിറ്റ് സീറ്റുകൾ പരമാവധി വര്‍ദ്ധിപ്പിക്കുകയും ഓണ്‍ലൈൻ കോഴ്സുകൾ /മൈനർ ഡിഗ്രി സങ്കല്പം എന്നിവ നടപ്പിൽവരികയും പുതിയ എയ്ഡഡ് കോഴ്‌സുകൾ അനുവദിക്കുകയും ചെയ്യുന്നതോടെ മികച്ച ജി. ഇ. ആറിനുള്ള വലിയൊരു കടമ്പ നാം കടക്കുകയാണ്.
ഇന്‍സിറ്റ്റു ക്ലാസ്സ് മുറികൾ വഴി മികച്ച അദ്ധ്യാപകരുടെ ക്ലാസ്സുകൾ എല്ലാവര്‍ക്കും ലഭ്യമാക്കുക, സര്‍വകലാശാല ലൈബ്രറികളിലെ ഇ-പുസ്തകങ്ങൾ, ഇ-ജേണലുകൾപോലെയുള്ള ലൈബ്രറി സൗകര്യങ്ങൾ വെര്‍ച്ചൽ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് വഴി എല്ലാ അഫിലിയേറ്റഡ് കോളെജുകള്‍ക്കും ലഭ്യമാക്കുക എന്നിവ അത്തരത്തിലുള്ള ചില ആശയങ്ങളാണ്. ആഗോളതലത്തിൽ ആദ്യ 500 റാങ്കിൽ പ്പെടുന്ന സര്‍വകലാശാലകളുടെ സൗജന്യ ഓണ്‍ലൈൻ കോഴ്സുകൾ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാക്കുകയും അവക്കു നിശ്ചിത ക്രെഡിറ്റ് ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാഭ്യാസത്തിലെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനു ലക്ഷ്യം വയ്ക്കുന്നു.
അടിയന്തിരമായി വേണ്ട മാറ്റങ്ങൾ
നമ്മുടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യപരമായ മത്സരം ഉണ്ടാവേണ്ടതുണ്ട്. അഫിലിയേറ്റഡ് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാവുന്ന തരത്തിൽ ദേശീയ/അന്തർ ദേശീയ റാങ്കിങ്ങുകൾ നമ്മുടെ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കും. പുതിയ കോഴ്സുകൾ നല്കുമ്പോൾ ഇത്തരത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്കാവും മുന്‍ഗണന. നിലവിൽ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഔട്ട്‌കം ബേസ്ഡ് സിലബസ് ആണ്. ഇത് ചില സര്‍വകലാശാലകൾ ബിരുദാനന്തര ബിരുദ തലത്തിൽ നടപ്പിലാക്കി കഴിഞ്ഞു. ഗവേഷണത്തിനും ഔട്ട്‌കം ബേസ്ഡ് വിദ്യാഭ്യാസത്തിനും മുന്‍തൂക്കം നല്കുന്ന സമീപനമാവും സ്വീകരിക്കുക.
ഇതിനു മുന്നോടിയായി നിലവിൽ എല്ലാ സര്‍വകലാശാലകളിലെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് ഔട്ട്‌കം ബേസ്ഡ് എജൂക്കേഷനിൽ പരിശീലനം നല്കിക്കഴിഞ്ഞിട്ടുണ്ട്.
പരമ്പരാഗത പരീക്ഷാസങ്കല്പത്തിൽനിന്നു വൃതിചലിച്ചുകൊണ്ട് കണ്ടിന്യുവസ് ഇവാല്യുവേഷൻ നടപ്പിലാക്കുന്നതിനും അസ്സൈൻമെന്‍റുകൾ, പ്രൊജക്റ്റുകൾ, ക്രിയാത്മക രചനാമികവ്, ക്ലാസ്സ് മുറിയിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിനു ശ്രമിക്കും.
ആഗോളതലത്തിൽ മറ്റു വിദേശരാജ്യങ്ങളുമായി കിടപിടിക്കുന്നതരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഒപ്പം ഉന്നത വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കുന്നതിനും മുൻഗണന നല്കുന്നതാണ്. വ്യത്യസ്തമായ കോഴ്സുകൾ തേടിയും സംസ്ഥാനത്തിനകത്ത് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലുമാണ് പലപ്പോഴും വിദ്യാര്‍ത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് പോവുന്നത്. എന്നാൽ സര്‍ക്കാർ എയ്ഡഡ് /സര്‍ക്കാർ കോളെജുകളിൽ നൂതന കോഴ്‌സുകൾ നല്കുകയും നിലവിലുള്ള കോഴ്സുകളുടെ സീറ്റ് ഗണ്യമായ രീതിയിൽ വര്‍ദ്ധിപ്പിക്കുകയും ചെയ്യതിലൂടെ വിദ്യാര്‍ത്ഥികൾ സംസ്ഥാനത്തിനു പുറത്ത് പോവുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.
കോടിക്കണക്കിനു രൂപയുടെ ആഗോള മാര്‍ക്കറ്റ് നമ്മുടെ സംസ്ഥാനത്തിന്റെ ഉത്പാദനങ്ങളിലേക്ക് കൊണ്ടുവരുന്നതിനു ഫലപ്രദവും ഗുണമേന്മയുള്ളതുമായ സംരംഭങ്ങള്‍ക്ക് സാധിക്കും എന്നത് നിസ്തർക്കമാണ്. ഈ സാഹചര്യത്തിലാണ്, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഗവേഷണ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതരത്തിൽ ഒരു അക്കാദമിക് സിറ്റിയും സയന്‍സ് പാര്‍ക്കും സ്ഥാപിക്കുന്നതിനുള്ള ആശയം രൂപപ്പെട്ടുവരുന്നത്.
ഇന്നോവേഷൻ ഹബ്
ഇന്നോവേഷൻ ഹബ് എന്ന ആശയം ഐ.ഐ.റ്റി മദ്രാസ് പോലെയുള്ള മികച്ചസ്ഥാപനങ്ങൾ നടപ്പിലാക്കി രാഷ്ട്രത്തിനാകെ മാതൃകയായി എന്നുള്ളത് ഈ സാഹചര്യത്തിൽ നാം കാണേണ്ടതുണ്ട്. നൂതനവും ഫലപ്രദവുമായ ആശയങ്ങൾ സംരംഭകത്വത്തിലേക്ക് വളര്‍ത്തിയെടുക്കാൻ ഇന്നൊവേഷൻ ഹബ്ബിലൂടെ സാധിക്കും. ഇത്തരത്തിൽ വിജയിക്കുന്ന സംരംഭങ്ങളെ സയന്‍സ് പാര്‍ക്കിൽത്തന്നെ കമ്പനികളായി രജിസ്റ്റർ ചെയ്യ് പ്രസ്തുത കമ്പനിയുടെ ഒരു ലാഭവിഹിതം ഇന്നോവേഷൻ ഹബ്ബിന്റെ വളര്‍ച്ച ഉപയോഗപ്പെടുത്താനുമാവും.
അക്കാദമിക് സിറ്റി
വര്‍ദ്ധിച്ചുവരുന്ന ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങളെ മുൻനിര്‍ത്തി വിദേശസര്‍വകലാശാലകൾ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയും ഗവേഷണസ്ഥാപനങ്ങളേയും നിര്‍ദ്ദിഷ്ട അക്കാദമിക് സിറ്റിയിലേക്ക് ക്ഷണിച്ച് അത്തരക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ പ്രാദേശിക വികസനവും മണ്ഡലത്തിലെ മാത്രമല്ല സംസ്ഥാനത്തേയും യുവതലമുറക്ക് എളുപ്പത്തിൽ ലോകോത്തര വിദ്യാഭ്യാസം ലഭ്യമാകുന്നതിനു സാധിക്കുകയും ചെയ്യുന്നു. നിര്‍ദ്ദിഷ്ട അക്കാദമിക് സിറ്റിയിൽ വിവിധ സര്‍ക്കാർവകുപ്പുകള്‍ക്ക് അവരവരുടെ വിഷയമേഖലകളിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള സൗകര്യവും നല്കാനാവും.
സയന്‍സ് പാര്‍ക്ക്
ഇന്നോവേഷൻ ഹബ്ബിലൂടെയും അക്കാദമിക് സിറ്റിയിലെ അക്കാദമിക-ഗവേഷണ സ്ഥാപനങ്ങളിലൂടെയും മികച്ചതരത്തിൽ ഉന്നയിക്കപ്പെടുന്ന ആശയങ്ങളെ കമ്പനികളുടെ രൂപത്തിൽ സാങ്കേതികവിദ്യയെ വ്യവസായവത്കരിക്കുന്ന തരത്തിലാവും സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. തുടക്കത്തിൽ ഒന്നോ രണ്ടോ സ്റ്റാര്‍ട്ട്‌അപ്പുകളോടെ ആരംഭിക്കുന്ന പാര്‍ക്കിൽ മുന്‍പോട്ട് പോവും തോറും വൈവിധ്യമാര്‍ന്ന മേഖലകളിലുള്ള വിവിധ കമ്പനികള്‍ക്ക് അവസരം നല്‍കാനാവും.