കലയാണ് മനുഷ്യന്റെ ആദ്യഭാഷ പിന്നീടേ മാതൃഭാഷപോലും വരുന്നുള്ളൂ അഭിമുഖം – കാനായി കുഞ്ഞിരാമൻ/ ഘനശ്യാം

മലയാളിയുടെ പ്രധാന വിശ്രമയിടങ്ങളിലെല്ലാം കാനായി കുഞ്ഞിരാമനുണ്ട്. യക്ഷിയിൽ തുടങ്ങുന്നു അദ്ദേഹത്തിന്റെ ശില്പയാത്ര തെക്ക് ശംഖുമുഖത്തും വേളിഗ്രാമത്തിലും, വടക്ക് പയ്യാമ്പലത്തും ഉയർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ ശില്പങ്ങളിലൂടെയായിരിക്കാം ശതാബ്ദങ്ങൾക്കുശേഷം മലയാളിയിടം അടയാളപ്പെടുക.


തെക്കിന്റെയും വടക്കിന്റെയും അതിർത്തികളിൽ കാനായി കുഞ്ഞിരാമന്റെ പെൺമക്കൾ ഉയർന്നുനിൽക്കുന്നുണ്ട്. ജനുവരിയിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിന് ഒരു മകൾകൂടി പിറക്കുന്നു.


? വൈവിധ്യങ്ങളുടെ നാടാണ് കാസർഗോഡ്. ഭിന്നസംസ്‌കാരങ്ങളുടേയും സപ്തഭാഷകളുടേയും നാടുകൂടിയാണത്. തെയ്യവും ഉത്സവങ്ങളുമെല്ലാം ജീവിതത്തോട് ചേർത്തുനിർത്തുന്ന കാസർഗോഡിൽനിന്നും കാനായി കുഞ്ഞിരാമൻ എന്ന ശില്പി പിറവിയെടുക്കുന്നതെങ്ങനെയാണ്.


ഞാൻ വടക്കനാണെങ്കിലും ചെറുപ്പത്തിൽ പഠിക്കാൻവേണ്ടി നാടുവിട്ടുപോയ ആളാണ്. വളരെ കഷ്ടപ്പെട്ടാണ് അന്ന് ജീവിച്ചിരുന്നത്. പഠിക്കാൻ അച്ഛൻ പൈസയൊന്നും തരുമായിരുന്നില്ല. ഹോട്ടലിൽ പണിയെടുത്ത കാശുകൊണ്ടാണ് ഞാൻ പഠിച്ചത്. മദ്രാസിലെയും ബ്രിട്ടനിലേയും പഠനമാണ് എന്റെ കണ്ണും മനസ്സും തുറപ്പിച്ചത്.


ബ്രിട്ടനിൽ, ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ശില്പിയുണ്ട്. ബട്‌ലർ അദ്ദേഹം അവിടെ പ്രൊഫസറാണ്. അദ്ദേഹത്തിന്റെ കീഴിൽ പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ബ്രിട്ടനിൽ പോയില്ലായിരുന്നുവെങ്കിൽ ഞാൻ ശില്പിയാവുമായിരുന്നില്ല. പഠനശേഷം അവിടെനിന്ന് എനിക്ക് തിരിച്ചുവരാൻ തോന്നിയിരുന്നില്ല. എല്ലാ സൗകര്യവും അവിടെയുണ്ടായിരുന്നു. പക്ഷേ എന്റെ ആത്മാവ് പറഞ്ഞു നീ ഇവിടത്തുകാരനല്ല. ഇന്ത്യക്കാരനാണ്. കേരളീയനാണ്. മലബാറുകാരനാണ്. എന്റെ അമ്മയുടെ നാടാണത്. ഞാൻ ഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. അദ്ദേഹം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയുമെല്ലാം പോയി ഒടുവിൽ ഇന്ത്യയിൽത്തന്നെ തിരിച്ചെത്തി നമ്മുടെ ശത്രുക്കളെ ഓടിച്ചുവിട്ടതാണ് എന്നെ ജീവിതത്തിൽ ആവേശം കൊള്ളിച്ചിട്ടുള്ളത്. ഞാൻ ബ്രിട്ടനിൽ വന്നത് ലോകം കണ്ട് പഠിക്കാനും മനസ്സിലാക്കാനുമാണ്. ഒരുപാട് കാര്യങ്ങൾ അവിടെനിന്നും പഠിച്ചു. ഇനി എന്റെ കർമം തിരിച്ചുപോയി സ്വന്തം നാടിനെ ഉണർത്തലാണ്. അതാണ് ഞാൻ ആദ്യമായി ചെയ്തത്.


? കുട്ടിക്കാലത്തെ കലയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പുകളും സ്‌കൂൾ പഠനകാലത്തെ ഓർമകളും പങ്കുവയ്ക്കാമോ?


ഒരു കുഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛൻ ഒരു പ്രഭുവായിരുന്നു. സമ്പത്തും അധികാരവും ഒക്കെയുണ്ട്. അദ്ദേഹം വലിയൊരു കൃഷിക്കാരനാണ്. സ്‌കൂളിൽ പോവുന്നതിനുമുൻപും ശേഷവും ഞങ്ങൾ പറമ്പിൽ പണിയെടുക്കാറുണ്ടായിരുന്നു. ചെറുപ്പത്തിലേ എനിക്ക് വരയോട് താത്പര്യമുണ്ട്. എങ്ങനെ കിട്ടിയെന്ന് എനിക്കറിയില്ല. കരിയെടുത്ത് വീട്ടുചുമരിലെല്ലാം വരിച്ചിടും. അച്ഛൻ കലയുടെ ശത്രുവായിരുന്നു. വരച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടാൽ അടി ഉറപ്പാണ്. ഒരു ദിവസം അച്ഛൻ കോടതിയിൽ കേസും കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ചുവരിൽ കരികൊണ്ടുള്ള ചിത്രം കണ്ടു. എന്റെ നിഴൽതന്നെ നോക്കി വരച്ച ഒരു ചിത്രമായിരുന്നു അത്.


അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു അതാരാണ് വരച്ചതെന്ന്. രാമൻ ചെക്കനാണെന്ന് ആരോ പറഞ്ഞുകൊടുത്തു. പിന്നെ ഭീകരമായ മർദ്ദനമായിരുന്നു. എന്റെ കരച്ചിൽ കേട്ട അമ്മ ഓടിവന്നു. അമ്മയോട് അച്ഛൻ പറഞ്ഞു ”കണ്ടില്ലേ ചെക്കൻ ചുവര് മുഴുവൻ കലയാക്കി (വൃത്തികേടാക്കി) അപ്പോൾ അമ്മ തിരിച്ചു പറഞ്ഞത് ”അതവന്റെ കലയല്ലേ എന്നാണ് (കല-കലാസൃഷ്ടി)


അച്ഛന്റെയും അമ്മയുടെയും കലകൾ രണ്ടായിരുന്നു. അമ്മയുടെ നാവിൽ നിന്ന് അതുകേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. വിദ്യാഭ്യാസം തീരേയില്ലാത്ത അമ്മയിൽനിന്ന് എങ്ങനെയാണ് ഇതുവന്നത്. ശരിക്കും എന്റെയുള്ളിലെ കലയെ ഉണർത്തിയത് ആ സന്ദർഭമായിരുന്നു. പാടാത്താണ് ഞാൻ ആദ്യമായി ശില്പം ചെയ്യുന്നത്. പണിയെടുക്കുന്നവരുടെ ഇടയിൽ, അവിടെനിന്ന് ചെളിയെടുത്ത് ശാന്തമായ അന്തരീക്ഷത്തേക്ക് മാറിനിന്ന് ഞാൻ ശില്പങ്ങളുണ്ടാക്കി. അത് പണിക്കാരുടെതന്നെ ശില്പങ്ങളായിരുന്നു. അവരാണെന്നെ പിന്നീട് പ്രോത്സാഹിപ്പിക്കുന്നത്. എന്റെ ആദ്യത്തെ ആസ്വാദകർ അവരായിരുന്നു. അവർക്കുവേണ്ടിയിട്ടാണ് ഞാനിന്ന് ജീവിക്കുന്നതും പബ്ലിക് ആർട്ട് ചെയ്യുന്നതും.


ഒരിക്കൽ, പാടത്തെ ചെളികൊണ്ട് കയ്പയും പാവയ്ക്കയും വെണ്ടയുമെല്ലാം ഉണ്ടാക്കി എന്നിട്ട് പെയ്ന്റ് ചെയ്ത് ഉണങ്ങാൻ വേണ്ടി കളത്തിൽവച്ചു. അച്ഛൻ പുറത്തുപോയി തിരിച്ചുവരുമ്പോൾ ഇതാണ് കാണുന്നത്. ശരിക്കുള്ള പച്ചക്കി വെയിലത്തിട്ടതാണെന്ന് കരുതി അച്ഛൻ അമ്മയെ ചീത്തപറഞ്ഞു. ഞാൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയതാണെന്ന് അമ്മ മറുപടി പറഞ്ഞു. പിന്നെ അദ്ദേഹം മിണ്ടിയില്ല. ചെറുപ്പം മുതലേ എന്റെ കലയുടെ ശത്രു അച്ഛനായിരുന്നു. അമ്മ നേരേ തിരിച്ചും. വരയും കളിമൺ ശില്പവുമൊന്നും എന്നെ ആരും പഠിപ്പിച്ചിരുന്നില്ല. അപ്പോഴാണെനിക്ക് മനസ്സിലായത് കല ജന്മഭാഷയാണ്, അത് പഠിപ്പിക്കാൻ കഴിയില്ല എന്നത്.


നമ്മുടെ ആദ്യഭാഷ കലയാണ്. മാതൃഭാഷ രണ്ടാം ഭാഷയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.


? സ്‌കൂൾ പഠനത്തിനുശേഷം എപ്പോഴാണ് മദ്രാസിൽ ഫൈൻആർട്‌സ് പഠിക്കാൻ പോവുന്നത്. അവിടെ നേരിട്ട പ്രതിസന്ധികൾ എന്തൊക്കെയായിരുന്നു?


എന്റെ ഹൈസ്‌കൂൾ പഠനം നീലേശ്വരം രാജാസ് ഹൈസ്‌കൂളിലായിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിച്ചത് അവിടെ നിന്നാണ്. കൃഷ്ണൻകുട്ടി മാഷായിരുന്നു ഡ്രോയിംഗ് ടീച്ചർ. അദ്ദേഹമെന്ന പരമാവധി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പഠനത്തിൽ ഞാൻ വളരെ പിറകിലായിരുന്നു. മാർക്ക് കൂട്ടിയിട്ട് എന്നെ ജയിപ്പിക്കും. കാരണം, ഞാനൊരു കലാകാരനാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അദ്ധ്യാപകരുടെ ചിത്രമെല്ലാം വരച്ച് സ്‌കൂളിൽ ഞാൻ പോപ്പുലറായിരുന്ന സമയമായിരുന്നു അത്.


1957-ൽ അച്ഛനറിയാതെയാണ് ഞാൻ മദ്രാസിൽ ഫൈൻ ആർട്‌സിന് പോവുന്നത്. എന്റെ അമ്മാവൻ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കൂടെയാണ് അവിടേയ്ക്ക് പോവുന്നത്. അമ്മയ്ക്കും അമ്മാവനുമല്ലാതെ മറ്റാരും ഇക്കാര്യമറിയുമായിരുന്നില്ല. അന്ന് റോയ് ചൗധരിയാണ് ഫൈൻ ആർട്‌സിലെ പ്രിൻസിപ്പൽ. കെ.സി.എസ്. പണിക്കർ വൈസ് പ്രിൻസിപ്പലും. എൻട്രൻസ് ടെസ്റ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പണിക്കർ സാറാണ് പറഞ്ഞുതരുന്നത്. ടെസ്റ്റ് കഴിഞ്ഞപ്പോൾ എനിക്ക് ഫസ്റ്റ് കിട്ടി. അത് മഹാഭാഗ്യമായി ഞാൻ കരുതുന്നു.


ആദ്യത്തെ രണ്ടുമാസത്തെ ഫീസടച്ചത് അമ്മാവന്റെ സുഹൃത്താണ്. എന്റെ കയ്യിൽ ഭക്ഷണത്തിനുള്ള പണംപോലുമില്ലായിരുന്നു. സാമ്പത്തികം ഒരു വലിയ പ്രശ്‌നമായിവന്നപ്പോൾ പണിക്കർസാർ അവിടെയൊരു കാന്റീനിൽ ജോലി ശരിയാക്കിത്തന്നു. കിടപ്പും അവിടെത്തന്നെയായിരുന്നു. ഹോട്ടലുടമയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.


ചിത്രകല പഠിക്കാൻ പോയ എന്നെ ശില്പകലയിലേക്ക് വഴിതിരിച്ചുവിടുന്നത് കെ.സി.എസ്. പണിക്കരാണ്. ടെസ്റ്റിൽ ഉണ്ടായിരുന്ന എന്റെ ശില്പം കണ്ടിട്ടായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത്. ഇന്നാലോചിക്കുമ്പോൾ അത് അത്ഭുതമായി തോന്നുന്നു. കാരണം, പെയ്ന്റിംഗ് മാത്രം അഭ്യസിച്ചിരുന്നെങ്കിൽ എനിക്ക് ഇത്രയൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.


ഫൈൻ ആർട്‌സ് പഠനം കഴിഞ്ഞപ്പോൾ എനിക്ക് കോമൺവെൽത്ത് സ്‌കോളർഷിപ്പ് ലഭിച്ചു. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് അപേക്ഷയൊക്കെ അയച്ചത്. ബ്രിട്ടീഷ് കൗൺസിലിലെ ഉദ്യോഗസ്ഥരും ധൻരാജ് ഭഗത് എന്ന ഒരിന്ത്യൻ ശില്പിയുമായിരുന്നു ബോർഡിലുണ്ടായിരുന്നത്. അദ്ദേഹം എന്റെ ശില്പങ്ങളൊക്കെ കണ്ടിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് റിസൽട്ട് വന്നത്. പഠനത്തിന് പുറമേ യൂറോപ്പ് മുഴുവൻ യാത്ര ചെയ്യാനുള്ള സ്‌കീമും അതിലുണ്ടായിരുന്നു. കഴിവുമാത്രമല്ല ഭാഗ്യം കൂടിയുണ്ടായിട്ടാണ് എനിക്ക് ഇതൊക്ക ലഭിച്ചത്. ഞാൻ ഒന്നും തേടിപ്പോയിട്ടില്ല. യക്ഷിയും ജലകന്യകയുമെല്ലാം എന്നെ തേടിവന്നതാണ്.


? മദ്രാസിലെ പഠനവും ചോളമണ്ഡലം കലാഗ്രാമ ജീവിതവും ഒരു കലാകാരൻ എന്ന നിലയിൽ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത്?


കെ.സി.എസ്. പണിക്കർ കലാഗ്രാമം ഉണ്ടാക്കിയത് കലാകാരന്മാർക്കുവേണ്ടിയാണ്. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പുറത്തുപോയാൽ ജോലി കിട്ടില്ല. അവർക്കും ജീവിക്കേണ്ടേ? എന്തെങ്കിലുംക്രാഫ്റ്റും മറ്റുമൊക്കെ ചെയ്തു പഠിക്കാം എന്ന ഉദ്ദേശത്തിലാണ് അവിടെ സ്ഥലം വാങ്ങിയിടുന്നത്. പത്തിരുപത് ആർട്ടിസ്റ്റുകൾ ചേർന്നാണത് തുടങ്ങുന്നത്. അപ്പോഴേക്കും സ്‌കോളർഷിപ്പ് കിട്ടി ഞാൻ ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. തിരിച്ച് വരുമ്പോഴേക്ക് അവിടം വലിയ കലാഗ്രാമമായി മാറിയിട്ടുണ്ടായിരുന്നു. ധാരാളം ടൂറിസ്റ്റുകൾ അവിടേക്ക് വന്നു സ്ഥലം കാണാനും ശില്പങ്ങൾ വാങ്ങാനുമെല്ലാം. ഇത് കെ.സി.എസ്. പണിക്കരുടെ നിർബന്ധമായിരുന്നു. ആർട്ടിസ്റ്റുകൾ ആരുടേയും പിന്നാലെ പോയി കഷ്ടപ്പെടരുതെന്ന്. അത്രയേറെ അദ്ദേഹം കുട്ടികളെ സ്‌നേഹിച്ചിരുന്നു. ഇതുപോലൊരു മനുഷ്യസ്‌നേഹിയായ അദ്ധ്യാപകനെ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.


കലാഗ്രാമത്തിൽ വച്ചാണ് കെ.സി.എസ്. പണിക്കർ പാലക്കാട് ഒരു ശില്പം ചെയ്യാമോ എന്നാവശ്യപ്പെട്ടത്. വലിയ ശില്പങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഞാൻ ചെയ്യാമെന്നേറ്റു. അങ്ങനെയാണ് മലമ്പുഴ യക്ഷി ചെയ്യുന്നത്.


? മദ്രാസിലെ പഠനത്തിനുശേഷം ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പോവുന്നു. അവിടുത്തെ ഓർമകളും സൗഹൃദവുമൊക്കെ വിശദീകരിക്കാമോ?


അവിടുത്തെ ക്ലാസിന്റെ തുടക്കത്തിൽ ഒരു പാർട്ടിയുണ്ടായിരുന്നു. പ്രൊഫസർ റെങ് ബട്‌ലറൊക്കെ അതിൽ പങ്കെടുത്തിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കീഴിൽ പഠിക്കാൻ. ‘സർ’ എന്ന് വിളിച്ചപ്പോൾ അദ്ദേഹമെന്നെ തിരുത്തി. മിസ്റ്റർ ബട്‌ലർ എന്നു വിളിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻ ചെയ്ത ശില്പങ്ങളുടെ ഫോട്ടോ അദ്ദേഹത്തെ കാണിച്ചു. അതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ‘രാമന് പഠിക്കാൻ ഇവിടെ ഒന്നുമില്ലല്ലോ’ ചെയ്യുന്ന ശില്പങ്ങൾ അപ്റ്റുഡേറ്റ് ആണെന്നും മോഡേൺ ആണെന്നും അദ്ദേഹം പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ഒരംഗീകാരമായിരുന്നു.