വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതിയുടെ ചരിത്ര-വര്‍ത്തമാന യാഥാര്‍ഥ്യങ്ങളും

അഭയാര്‍ഥികളാകുന്ന കേരള കടലോര ജനതയും


ഡോ. ജോണ്‍സൻ ജമെന്റ്‌


ഡോ. ലിസ്ബ യേശുദാസ്‌


പിറന്ന മണ്ണിൽ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നത്‌ മിക്കപ്പോഴും അരികു ജീവിതങ്ങളായിരിക്കും. തങ്ങളുടെ വാസയിടങ്ങളിൽ നിന്ന്‌, പാര്‍പ്പിടങ്ങളിൽ നിന്ന്‌ നിര്‍ബന്ധത്താലോ പ്രകൃതിക്ഷോഭത്താലോ കറുടിയൊഴിപ്പിക്കപ്പെട്ട്‌ താന്താങ്ങളൂടെ രാജ്യാതിര്‍ത്തികള്‍ക്കുളളില്‍ത്തന്നെ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നവരാണ്‌ ആഭ്യന്തര അഭയാര്‍ത്ഥികൾ. അത്തരത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം കാരണം സ്വന്തം ഇടങ്ങളിൽനിന്ന്‌ പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യർ ഇന്ന്‌ ഈ രാജ്യത്തെ ആഭ്യന്തര അഭയാര്‍ത്ഥികളല്ലേോ വിഴിഞ്ഞംപദ്ധതി ആരുടെയൊക്കെ സ്വപ്നമാണെന്നും ആരുടെയൊക്കെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്‌ തകര്‍ത്തുകളഞ്ഞതെന്നും കരാറിനുവേണ്ടിയുള്ള കളമൊരുക്കൽ മുതൽ നിരാഹാര സമരം വരെയുളള ചരിത്ര-വര്‍ത്തമാന വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ്‌ ഈ ലേഖനം.


1990-കളിലാണ്‌ കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്‌ ഒരു പോര്‍ട്ട്‌ വേണമെന്ന ആശയം രൂപമെടുക്കുന്നത്. അന്താരാഷ്ട കപ്പല്‍ച്ചാലിന്റെ സമീപപ്രദേശമെന്ന നിലയിൽ വിഴിഞ്ഞത്തിന്‌ കടൽവഴിയുള്ള ബിസിനസ്‌ സാധ്യതകൾ, പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അങ്ങനെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്ഘടനയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരു വികസനപദ്ധതിയായിരിക്കും എന്നൊക്കെ വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതി വിഭാവന ചെയ്യപ്പെട്ടു. എന്നാൽ, പദ്ധതിപ്രദേശത്തെ തീരക്കടൽ അതിനനുയോജ്യമാണെന്നോ തീരക്കടലിലെ മണലിന്റെ വിന്ന്യാസത്തെ നിർമാണപ്രവര്‍ത്തനങ്ങൾ എങ്ങനെ ബാധിക്കുമെന്നോ കാര്യമായി വിലയിരുത്തപ്പെട്ടില്ല. സംരക്ഷിതമേഖലയായി കരുതേണ്ട വെഡ്ജ്‌ ബാങ്ക്‌ സമീപമേഖലയായതുകൊണ്ടും ഇവിടത്തെ ജൈവവൈവിധ്യ സമ്പത്തുകാരണവും നൂറ്റാണ്ടുകളായി കടൽപ്പണി ചെയ്ത്‌ ജീവിക്കുന്ന മുക്കുവരുടെ തൊഴില്‍ജീവിതത്തെയും കടൽ സമ്പത്തിനെയും പദ്ധതി എങ്ങനെ ബാധിക്കുമെന്നുളള ചിന്തകള്‍ക്കും വലിയ പ്രാധാന്യമൊന്നും ഈ അവസരത്തിൽ നല്കിയിരുന്നില്ല.


2000 മുതലാണ്‌ വിഴിഞ്ഞം അന്താരാഷ്ട തുറമുഖം കേരളത്തിന്‌ അത്യാവശ്യമാണ്‌ എന്ന നിലയിലുള്ള ചര്‍ച്ചകൾ നടക്കുന്നത്‌. സിംഗപ്പൂർ, ദുബായ്‌ പോലെയാകും ഇവിടത്തെ ചരക്കുനീക്കങ്ങൾ എന്നൊക്കെ പ്രചാരണമുണ്ടായി. തിരുവനന്തപുരം കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ പോര്‍ട്ട്‌ സമൂലമായ മാറ്റമുണ്ടാക്കുമെന്നും അവർ “അതിസമ്പന്നരായി” മാറുമെന്നും പ്രവചനങ്ങൾ ഉണ്ടായി. അതിന്‍പ്രകാരം ജില്ലയിലെ തീരദേശങ്ങൾ കേന്ദ്രീകരിച്ച്‌ “ജനപക്ഷം” എന്ന സംഘടന ധാരാളം പ്രചരണപരിപാടികൾ സംഘടിപ്പിച്ചു;തിരുവനന്തപുരം ലത്തീൻ അതിരൂപതയെ വിശ്വസിപ്പിച്ചു. മാധ്യമങ്ങൾ പദ്ധതിക്ക് അനുകൂലമായി വാര്‍ത്തകൾ കൊടുക്കാൻ തുടങ്ങി. രാഷ്ട്രീയപ്പാര്‍ട്ടികൾ ഇവിടെ കക്ഷിചേരുകയും ഇതിനെ തിരഞ്ഞെടുപ്പ് വിഷയമാക്കുകയും തങ്ങൾ അധികാരത്തിൽ വന്നാൽ വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതി നടപ്പിലാക്കുമെന്ന്‌ വാഗ്ദാനം ചെയ്യുകയും ചെയ്തു.


2004-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയതിനുശേഷമാണ്‌ വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതി ഒരു രാഷ്ട്രീയ അജണ്ടയാക്കി ഉയര്‍ത്തപെട്ടത്‌. അതനുസരിച്ച്‌ പദ്ധതി പ്രദേശത്തിന്‌ CRZ (Coastal Regulation Zone) അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. 1991-ലെ CRZ നിയമമനുസരിച്ച്‌, വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതിപ്രദേശം നിർമാണപ്രവര്‍ത്തനങ്ങൾ നടത്താൻ പാടില്ലാത്ത, പരിസ്ഥിതി ലോലപ്രദേശങ്ങൾ (ecologicaly sensitive areas) അടങ്ങുന്ന CRZ സോൺ I (i) ലായിരുന്നു. CRZ അനുമതിക്കായി വിഴിഞ്ഞത്തെ സംരക്ഷിത മേഖലാ ലിസ്‌റ്റിൽ നിന്നു മാറ്റി നിർമാണത്തിന്‌ അനുയോജ്യമായ സ്ഥലം എന്ന നിലയിൽ കണ്ടെത്തുകയും CRZ നിയമങ്ങൾ ഈ മേഖലയ്ക്ക്‌ ബാധകമല്ല, അതായത്‌ നിർമാണങ്ങള്‍ക്ക്‌’ വിലക്കുള്ള CRZ I (i) വിഭാഗത്തിൽ വരുന്നതല്ല പദ്ധതിപ്രദേശം എന്നും വരുത്തിത്തീര്‍ത്തു. എന്നാൽ സോൺ മാറ്റാവുന്ന തരത്തിലുള്ള എന്തെങ്കിലും പാരിസ്ഥിതിക മാറ്റങ്ങൾ അവിടെയുണ്ടായോ എന്ന ചോദ്യത്തിന്‌ അധികൃതരിൽ നിന്നു വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.


ഇതിനുശേഷം 2004-മുതൽ മാറിമാറി വന്ന സര്‍ക്കാരുകൾ ബിഡിങ്‌, ടെണ്ടർ തുടങ്ങിയ നടപടികൾ തുടര്‍ന്നു. 2006-ൽ ഉമ്മന്‍ചാണ്ടി മാറി വി.എസ്‌.അച്യുതാനന്ദൻ സര്‍ക്കാർ വന്നു. (2007-ലെയും 2010-ലെയും ബിഡിങ്ങിനു ക്ഷണിച്ചുള്ള രേഖകളും പങ്കെടുക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും വിസിൽ – VISL: Vizhinjam International Transhipment Seaport Ltd) എന്ന സര്‍ക്കാർ വെബ്‌സൈറ്റിൽ ലഭ്യമാക്കി. 2011-ൽ വി.എസ്‌. സര്‍ക്കാർ മാറി വീണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാർ അധികാരത്തിൽ വന്നു. ഇതിനിടയിൽ മുഖ്യധാരാമാധ്യമങ്ങൾ ഇതിനെ കേരളത്തിന്റെ സ്വപ്നപദ്ധതിയാക്കി അവതരിപ്പിച്ചിരുന്നു; പലതും വ്യാജവാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണെന്നുമാത്രം. തിരുവനന്തപുരത്തുകാരുടെ പ്രത്യേക ആവശ്യമാക്കിയും ഇതിനെ ഉയര്‍ത്തുകയുണ്ടായി. ഈ പദ്ധതിയുടെ സാംഗത്യം ചോദ്യം ചെയ്തവരെയെല്ലാം കൊച്ചി, കൊളച്ചൽ, കൊളംബോ എന്നിവയുടെയും മറ്റ്‌ വിദേശ പോര്‍ട്ടുകളുടെയും ഏജന്റുമാരാക്കി മുഖ്യധാരാ മാധ്യമങ്ങൾ വാര്‍ത്തകൾ സൃഷ്ടിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളെക്കൊണ്ട്‌ ഈ പദ്ധതി വേണമെന്ന നിലയ്ക്ക്‌ പ്രസ്താവനകൾ ഇറക്കുകയും ആ പ്രസ്താവനകള്‍ക്ക്‌ വലിയ പ്രചാരം നല്കുകയും ചെയ്തു.


ഇതിനിടയിൽ രണ്ടുമൂന്നുതവണ ജയറാം രമേശ്‌ നേതൃത്വം നല്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരശോഷണമേഖലയിൽ (eroding beach) പോര്‍ട്ട്‌ നിർമാണം പാടില്ല എന്ന കാരണത്താൽ  പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി നിഷേധിച്ചു. ഈ സമയത്ത്‌ കേന്ദ്രവും കേരളവും ഭരിച്ചിരുന്നത്‌ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളായിരുന്നു. പക്ഷേ, പിന്നീട്‌ ലോക്‌സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള പല സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ്‌ വീരപ്പമൊയ്ലി പരിസ്ഥിതി മന്ത്രിയായപ്പോൾ വിഴിഞ്ഞം പദ്ധതിയ്ക്ക്‌ പാരിസ്ഥിതിക അനുമതി നേടിയെടുത്തത്‌. ഈ കാലയളവിൽ കേന്ദ്ര, സംസ്ഥാന ഭരണകര്‍ത്താക്കളിൽ പലരും പദ്ധതിക്കായി വഴിവിട്ട ചില ഇടപെടലുകൾ നടത്തിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ ലഭ്യമാണ്‌.


2013-നവംബർ 23-ന്‌ പോര്‍ട്ട്‌ പദ്ധതിയുമായി ബന്ധപ്പെട്ട അവസാന പബ്ലിക് ഹിയറിങ്‌ നടന്നു. എന്നാൽ, പദ്ധതിയാൽ ബാധിക്കപ്പെടാനിടയുള്ള മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്താതെയും പദ്ധതിപ്രദേശത്തല്ലാത്തവരെ പങ്കെടുപ്പിച്ചും തീരപ്രദേശത്ത്‌ വച്ചുമായിരുന്നില്ല ഇത്‌ നടത്തിയതെന്ന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം ആക്ഷേപം ഉന്നയിച്ചു. പക്ഷേ, മാധ്യമങ്ങൾ ഈ വിഷയം വലിയ വാര്‍ത്തയാക്കിയില്ലെന്ന്‌ മാത്രല്ല, അതിരൂപതയെ വികസനവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്തു. 2014 ജനുവരി 3-നാണ്‌ പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന്‍ വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതിക്ക്‌ പാരിസ്ഥിതിക അനുമതിയും CRZ അനുമതിയും ഔദ്യോഗികമായി ലഭിക്കുന്നത്‌. പക്ഷേ, അത്‌ നിരുപാധികമായിരുന്നില്ല. അനുമതിയിൽ ധാരാളം നിബന്ധനകൾ ഉണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടതാണ്‌ നിർമാണംകാരണം മീന്‍പിടിത്തത്തിന്‌ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ല എന്നത്. മാത്രവുമല്ല, പദ്ധതി മത്സ്യത്തൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ടുള്ളതും ആകണം. അതിനുവേണ്ടി പ്രത്യേക ഫണ്ട്‌ മാറ്റിവയ്ക്കണമെന്നും പുതിയ ഫിഷ്‌’ ലാന്‍ഡിംഗ്‌ സെന്ററിന്റെ ആവശ്യകതയും ഹാര്‍ബറിനുള്ളിൽ പ്രവേശിക്കാൻ മീന്‍പിടിത്തക്കാര്‍ക്ക്‌ തടസ്സങ്ങളൊന്നും ഉണ്ടാകാൻ പാടില്ല എന്നതുമൊക്കെ അനുമതി രേഖയിൽ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. മറ്റൊരു നിബന്ധന പോര്‍ട്ട്‌ നിർമാണംകാരണം ഉണ്ടായേക്കാവുന്ന തീരാരേഖാമാറ്റത്തെക്കുറിച്ച്‌ (തീരശോഷണവും തീരംവയ്ക്കലും) കൃത്യമായ മോണിറ്ററിങ്ങും സമയബന്ധിതമായ റിപ്പോര്‍ട്ടിങ്ങും ഉണ്ടാകണം എന്നതാണ്‌. കടലിൽ മലിനജലം ഒഴുക്കിവിടാനോ മലിനീകരണമുണ്ടാക്കാനോ പാടില്ല എന്നും കടലിലെ മണൽ, ബര്‍ത്ത്‌ നിർമാണത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നും പ്രത്യേക നിബന്ധനകൾ വച്ചിരുന്നു. എന്നാൽ, ഈ നിബന്ധനകൾ ഒന്നുംതന്നെ പാലിക്കാതെയാണ്‌ ഇന്നേവരെ പോര്‍ട്ട്‌ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്‌. ഇക്കാര്യങ്ങളിൽ നടപടി എടുക്കേണ്ട നിലവിലെ ഇടതുപക്ഷ സര്‍ക്കാരും സംവിധാനങ്ങളും നോക്കികുത്തിയായി നില്‍ക്കുന്നു.


2015-ൽ ഭരണം തീരാൻ ഒരു വര്‍ഷം ബാക്കിനില്ക്കെ അരുവിക്കര ഉപതിരഞ്ഞെടുപ്പിന്‌ (2015 ജൂൺ 30) തൊട്ടുമൂന്നേ “വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതി ആരും ഏറ്റെടുക്കാൻ തയാറല്ലെന്നും”, “ഇത്‌ വികസനത്തിന്റെ ലാസ്റ്റ്‌ ബസ്സാണെന്നും”, പദ്ധതിമൂലം ഒരാളുടെയും കണ്ണീർ വീഴില്ലെന്നും” ഒക്കെയുള്ള പുകമറ ഉണ്ടാക്കി അദാനിക്ക്‌ ബിഡ്‌ കൊടുക്കാൻ അന്നത്തെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാർ തീരുമാനിച്ചു. എന്നാൽ, ഈ ബിഡിൽത്തന്നെ ധാരാളം അഴിമതിയുള്ളതായി അന്ന്‌ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ആരോപിക്കുകയുണ്ടായി.


2015, ജൂലൈ 31-ന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ അധ്യക്ഷൻ സൂസൈപാക്യം മെത്രാപോലീത്ത പദ്ധതിയെ സംബന്ധിച്ച ആശങ്കകൾ ഒരു ഇടയലേഖനംവഴി പങ്കുവച്ചു. 2015, ഓഗസ്റ്റ്‌ 14- ന്‌ (കരാർ ഒപ്പിടുന്നതിന്‌ തൊട്ടുമുന്‍പ്‌) തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ പദ്ധതിക്കെതിരെ സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തി. ഇതേസമയത്തുതന്നെ പോര്‍ട്ട്‌ വേണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വിഴിഞ്ഞത്തും പോര്‍ട്ട്‌ പദ്ധതിക്കെതിരെ സമരം ചെയ്യാൻ എത്തിയവരെ തടഞ്ഞുകൊണ്ട്‌ മറ്റു തീരപ്രദേശങ്ങളിലും (പുതിയതുറ, പൊഴിയൂർ) കോണ്‍ഗ്രസ്സിന്റെയും പദ്ധതിയെ സ്വാഗതം ചെയ്ത ചില വൈദികരുടെയും നേതൃത്വത്തിൽ ചില ഇടപെടലുകൾ ഉണ്ടായി. പദ്ധതിക്കെതിരായി ശക്തമായ നിലപാടെടുത്ത അന്നത്തെ അടിമലത്തുറ ഇടവകവികാരിയെ ഭീഷണിപ്പെടുത്തിയും അദ്ദേഹത്തിനെതിരെ നോട്ടീസ്‌ അച്ചടിച്ചിറക്കിയും ചില പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കൾ പ്രതിഷേധിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ചു. അവസാനം അദ്ദേഹത്തിന്‌ ജീവഭയത്താൽ നാടുവിടേണ്ടി വന്നു. ഇതോടുകൂടി അതിരൂപതാവൈദികരിൽ കൂടുതൽ ഭയവും സ്വാഭാവികമായ ഭിന്നിപ്പും രൂപപ്പെട്ടു. ഇതിനിടയിൽ ഉമ്മൻചാണ്ടി രൂപതാ അധികൃതരെ ചര്‍ച്ചയ്ക്ക്‌ വിളിച്ചു. രൂപതയുടെ ആശങ്കകള്‍ക്കനുസരിച്ച്‌ മത്സ്യത്തൊഴിലാളികളുടെ തൊഴിൽജീവിതത്തെ ബാധിക്കുന്ന തരത്തിൽ പോര്‍ട്ട്‌ നിർമാണംകാരണം പ്രശ്നങ്ങളുണ്ടായാൽ അതും തീരശോഷണവും പരിഹരിക്കാൻ ചര്‍ച്ചയുടെ ഭാഗമായി 45 കോടിയുടെ ഒരു പാക്കേജ്‌ പ്രഖ്യാപിച്ചു. രൂപത സമരം അവസാനിപ്പിച്ചു. അതേസമയം, തിരുവനന്തപുരം തീരദേശം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ കോസ്റ്റൽ വാച്ചിന്റെ നേതൃത്വത്തിൽ സമരങ്ങളും ബോധവത്കരണ പരിപാടികളും ജില്ലയുടെ പല ഇടങ്ങളിലായി നടന്നുകൊണ്ടിരുന്നു. പത്രമാധ്യമങ്ങൾ പദ്ധതിയുടെ സുതാര്യതയെയും ആവശ്യകതയെയും ചോദ്യം ചെയ്തിരുന്നവരെ വികസനവിരോധികളായും രാജ്യദ്രോഹികളായും മുദ്രകുത്തുന്നത്‌ തുടര്‍ന്നു. ഇതിനെ ഭയപ്പെട്ടും തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കുള്ളിലുള്ളവര്‍ക്ക്‌ പോര്‍ട്ട്‌ നിർമാണത്തെ സംബന്ധിച്ച്‌ ഏകാഭിപ്രായത്തിൽ എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടും പ്രത്യക്ഷസമരങ്ങളിൽ നിന്ന്‌ പലരും പിന്‍വാങ്ങി, എന്നാൽ ഒറ്റപ്പെട്ട സമരങ്ങൾ തുടര്‍ന്നും നടന്നു.