മലയാള സിനിമയില്‍ ലൈംഗിക ചൂഷണമുണ്ടോ ? – വിധു വിന്‍സെന്റ്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെറും പ്രഹസനമോ ?


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രസ്താവിച്ചത് അടുത്തിടെയാണ്. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരമല്ല പ്രസ്തുത കമ്മിറ്റിയുടെ നിയമനം എന്നതിനാല്‍ അതിന്റെ ആവശ്യമില്ലത്രെ. നിയമപരമായി അത് ശരിയായിരിക്കാം. പക്ഷേ, ഇതിനുമുമ്പും ഇത്തരം ചില കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. കേരളത്തിലെ ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച കമ്മിറ്റി അവതരിപ്പിച്ച ‘സമാഗതി’ പോലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലും മറ്റും പല നിലകളിലും ചര്‍ച്ചയ്ക്ക് വന്നിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനും ആ മാതൃക സ്വീകരിക്കാവുന്നതാണ്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ പേരുകളും മറ്റും ഒഴിവാക്കിക്കൊണ്ട് പ്രസ്തുത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് തെറ്റ്?


തൊഴിലിടങ്ങളില്‍ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് സംഭവിക്കുന്നത്? അതിന്റെ കാര്യകാരണങ്ങള്‍ എന്തായിരിക്കും? ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇത്തരമൊരു റിപ്പോര്‍ട്ടിലൂടെ പുറത്തുവരേണ്ടതുണ്ട്. ഈ മേഖലയില്‍ അനിവാര്യമായി നടക്കേണ്ട ജനാധിപത്യവത്കരണത്തിന് ഈ മേഖല സംബന്ധിച്ച വിവരങ്ങള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഡബ്ല്യു.സി.സി. അംഗങ്ങള്‍ ഉന്നയിച്ചതുപോലെ ഇത്തരമൊരു റിപ്പോര്‍ട്ട് മൂടിവയ്ക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു രണ്ടു കോടിക്കടുത്ത് തുക ചെലവാക്കി ഇത്തരമൊരു കമ്മിറ്റിയെ ഈ പണി ഏല്‍പ്പിച്ചത്? ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ആര്‍ക്കൊക്കെയോ താല്പര്യമുണ്ടെന്ന് നമ്മള്‍ സംശയിച്ചാല്‍ ആ സംശയം അസ്ഥാനത്തല്ല.


ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ ഹേമ കമ്മീഷന് മുമ്പാകെ സംസാരിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതില്‍ സംസാരിച്ചവരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനല്‍ക്കുന്നുണ്ട്. പലര്‍ക്കും സ്വന്തം പേര് പുറത്ത് വരുന്നതിനോട് താത്പര്യമുണ്ടാകില്ല. പിന്നെ ഉള്ളത് കുറ്റാരോപിതരുടെ പേരുകളാണ്. അതും ആരോപണങ്ങളുടെ സ്ഥാനത്ത് നില്‍ക്കുന്നതുകൊണ്ട് സ്വാഭാവികമായും അത്തരം പേരുകളും ചിലപ്പോള്‍ നിയമപരമായി ഒഴിവാക്കേണ്ടി വരാം. അതുകൊണ്ടു തന്നെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞത്.


ഒരാളുടെ  പേര് ഒഴിവാക്കുകയാണെങ്കിലും അയാള്‍ എന്ത് പറഞ്ഞു എന്നത് പ്രസക്തമാണ്. അത്തരത്തില്‍ ഓരോരുത്തരും പറഞ്ഞ വിഷയങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കേണ്ടതാണ് എന്ന അര്‍ത്ഥത്തില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് തന്നെയാണ് കമ്മിറ്റിക്ക് മുന്‍പില്‍ സംസാരിച്ച ഓരോരുത്തരും  ആഗ്രഹിക്കുന്നത്. റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാത്രമല്ല സംസാരിച്ചിരിക്കുന്നത്. വേതനത്തെ കുറിച്ചും, സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന അധികാരക്രമത്തെ കുറിച്ചും, തൊഴിലിടം എന്ന നിലയില്‍ അനുഭവിക്കാന്‍ കഴിയാതിരിക്കുന്ന അവകാശ നഷ്ടങ്ങളെക്കുറിച്ചും എല്ലാമുള്ള കാര്യങ്ങള്‍ വിശദമായിത്തന്നെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അത്തരം വിഷയങ്ങള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ചയ്ക്ക് വരുകയും എന്തുകൊണ്ടാണ് സിനിമാ മേഖല ഇപ്പോഴും വേതനമടക്കമുള്ള വിഷയങ്ങളില്‍  തുല്യതയുടെ കാര്യത്തിലേക്ക് കടക്കാത്തതെന്നുമെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.


ഇന്റേണല്‍ കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക, മാക്ട അടക്കമുള്ള സംഘടനകളും മുന്‍കൈ എടുക്കണം. ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ധാരണയും തീരുമാനവുമുണ്ടാകണം. അത് നടത്തേണ്ടത് കേവലം ഒരു സംഘടന മാത്രമല്ല. എല്ലാവരും ഒരുമിച്ച് നിര്‍വഹിക്കേണ്ടതാണ്. ഡബ്ല്യു.സി.സി അവരുടെ ആവശ്യമായി മാത്രമല്ല ഇതുന്നയിക്കേണ്ടത്. അതിനെ ഒരു ഗ്രൗണ്ട് ലെവലിലേക്കുള്ള പ്രശ്നമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ ഇതിനെ ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്നം എന്ന നിലയിലാണ് പലരും കാണുന്നത്. അതിന് മാറ്റം വരണം.


 റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് തന്നെ വളരെ വൈകിയാണ്. ആറ് മാസമെന്ന് പറഞ്ഞ് രണ്ടുവര്‍ഷത്തോളം സമയം എടുത്ത് 2019 ഡിസംബര്‍ 31 നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിച്ചത്. സിനിമാ വ്യവസായത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളും സ്ത്രീകളുടെ പ്രശ്നങ്ങളും പരിശോധിക്കാന്‍ ഇന്ത്യയില്‍തന്നെ ഇത്തരമൊരു കമ്മിറ്റി നിലവില്‍ വന്നതും ഇത്തരമൊരു റിപ്പോര്‍ട്ടും ഇതാദ്യമായിട്ടാണ്.


ഇതിലെ കണ്ടെത്തലുകളെ ക്രോഡീകരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാര്‍ മറ്റൊരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായാണ് മനസ്സിലാക്കുന്നത്. പ്രസ്തുത കമ്മിറ്റി ഏതാനും ചില നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് കൈമാറിയതായും അറിഞ്ഞിട്ടുണ്ട്.


തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമപരിധിയില്‍ സിനിമയും ഉള്‍പ്പെടുത്തും. ഓരോ സിനിമയ്ക്കും ആഭ്യന്തര പരാതി പരിഹാര സമിതി വേണം. സിനിമാ നിര്‍മാണത്തിന് അനുമതി തേടുമ്പോള്‍ പരാതി പരിഹാര സമിതിയുടെ വിവരങ്ങള്‍ നല്‍കണം. സിനിമാ നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും സമിതി ഇടപെടണം. ഈ നിര്‍ദേശങ്ങളടങ്ങിയ  കരടുരേഖ സാംസ്‌കാരിക വകുപ്പിന്റെ പരിശോധനയ്ക്കയച്ചിരിക്കയാണ്.