ഇരുള്‍ ജീവിതങ്ങള്‍ തണല്‍ തേടുമ്പോള്‍ – രാജേശ്വരി പി.ആര്‍

വികസനലോകത്തെ കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത പാര്‍ശ്വവത്കൃതരായ ഒരു ജനതകൂടി ഇവിടെയുണ്ട്. കാടിന്റെ ഇരുട്ടിലും ഒറ്റപ്പെടലിലും ഒതുങ്ങുന്ന മനുഷ്യര്‍. പാലക്കാട് കഞ്ചിക്കോട് അത്തരത്തില്‍ ഇരുളടഞ്ഞ ജീവിതവുമായി ആറു കുട്ടികളെ അടക്കിപ്പിടിച്ച് കഴിയുന്ന ഈ ഇരുള വിഭാഗത്തെ  കേരള ജനത അറിയണം.


വികസനച്ചിറകില്‍ പറന്നുയരാന്‍ വെമ്പുന്ന കേരളം. മെട്രോ നഗരങ്ങള്‍, കെ റെയില്‍, കെ ഫോണ്‍ തുടങ്ങി അഭിമാനിക്കാന്‍ തക്കവിധം ഒട്ടേറെ കാര്യങ്ങള്‍. ഇതില്‍ നിന്നെല്ലാം ദൂരെ, അങ്ങ് ഉള്‍ക്കാടുകളിലേക്ക് നീങ്ങിയാല്‍ പലര്‍ക്കും പറയാന്‍ ഒരുപാടുണ്ടാകും. പ്രത്യേകിച്ചും കദനങ്ങളുടെയും പട്ടിണിയുടെയും ചൂഷണത്തിന്റെയും നേര്‍സാക്ഷ്യങ്ങള്‍. ആഢംബരത്തിന്റെയും അംബരചുമ്പികളുടെയും ലോകത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ജീവിതങ്ങളുടെ ദൈന്യത നിറയുന്ന കണ്ണുകളില്‍ നിന്ന് ഒന്നും പറയാതെ തന്നെ ഒരുപാട് കഥകള്‍ വായിച്ചെടുക്കാനാകും. ഇവരുടെ വിറയാര്‍ന്ന ചുണ്ടുകള്‍ ഉരിയാടിയാല്‍ വികസനത്തിന്റെ അഹങ്കാരങ്ങളും അധികാരത്തിന്റെ ഗര്‍വുകളും വീണുടയും.


കാടിന്റെ ഇരുട്ടിനേക്കാള്‍, അധികാരികള്‍ കണ്ണടയ്ക്കുന്നതുകൊണ്ട് ജനവാസമേഖലയില്‍ നിന്നകന്ന് കഴിയാന്‍  വിധിക്കപ്പെട്ട അല്ലെങ്കില്‍ ഇരുട്ടിലേക്ക് തള്ളിവിടപ്പെട്ട പാര്‍ശ്വവത്കൃതരായ ചിലരുണ്ടിവിടെ. ഇരുളര്‍ അവരില്‍ ഒരു വിഭാഗം മാത്രമാണ്. അന്യം നിന്നുപോകുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് ഇരുളര്‍. പ്രധാനമായും പാലക്കാട് ജില്ലയിലും തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലയിലും കര്‍ണാടകയിലുമാണ് ഇവര്‍ അധിവസിക്കുന്നത്. ജാതിയും ഉച്ചനീചത്വങ്ങളില്‍ തരംതാഴ്ത്തപ്പെട്ട ജനതയാണ് ഇവര്‍. അടുത്തിടെ തരംഗമായ ജയ് ഭീം എന്ന ചിത്രം ഇരുള വിഭാഗത്തിന്റെ ജീവിതത്തെ വരച്ചുകാട്ടുന്നുണ്ട്.


കേട്ട കഥയിലെ വേഷങ്ങളേക്കാള്‍ അവശതയിലാണ് യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍. അത്തരമൊരു ജീവിതത്തെ കേരള ജനത പരിചയപ്പെടേണ്ടതാണ്. പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ അഞ്ചു പെണ്‍മക്കളേയും ചേര്‍ത്തുപിടിച്ച് ഒരു പിതാവ് ജീവിക്കുന്നുണ്ട്. പുറംലോകത്തിന്റെ തിരക്കുകളും ആള്‍ക്കൂട്ടങ്ങളും വര്‍ണങ്ങളും എല്ലാം ഇവര്‍ക്ക് അന്യമാണ്. കാടതിര്‍ത്തിയിലെ പുറമ്പോക്ക് ഭൂമിയില്‍ വനമേഖലയിലാണ് ഇവരുടെ താമസം. ആ അതിര്‍ത്തി തന്നെ അവര്‍ക്കായി ഒരു ചോദ്യം ചോദിക്കുന്നതായി തോന്നും. നിയമങ്ങള്‍ക്കും അതു നല്‍കുന്ന പരിരക്ഷകള്‍ക്കും അകത്തോ പുറത്തോ എവിടെയാണ് അവരുടെ സ്ഥാനം എന്ന ചോദ്യം.


രാജേന്ദ്രന്‍-മാസിലാമണി ദമ്പതികള്‍ക്ക് ആറു കുട്ടികളാണ്. അതില്‍ അഞ്ചും പെണ്‍കുട്ടികള്‍. മൂത്തമകള്‍ മാരിയമ്മ കഞ്ചിക്കോട് ഗവണ്‍മെന്റ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകന് ഒന്നര വയസ്സുമാത്രമാണ്. തുടര്‍ച്ചയായുള്ള പ്രസവവും പോഷകാഹാരക്കുറവും മാസിലാമണിയുടെ മരണത്തിനു തന്നെ ഇടയാക്കി. മാസിലാമണിയുടെ മരണത്തോടെ ഉള്‍ക്കാടാണ് ഈ ആറു കുട്ടികള്‍ക്കും മാതാവ്. അച്ഛന്‍ രാജേന്ദ്രന് ഔഷധ സസ്യങ്ങളുടെ വേരുകള്‍ ശേഖരിക്കലാണ് പണി.


തൊട്ടടുത്ത് സമാനമായ ഒരു കുടിലുണ്ടെന്നല്ലാതെ അടുത്തൊന്നും ജനവാസമില്ല. കുടിയിലേക്കുള്ള വഴികള്‍ പോലും തീര്‍ത്തും വിജനം. മണ്ണും പനയോലയും കൊണ്ടുണ്ടാക്കിയ കഷ്ടിച്ച് കുനിഞ്ഞു മാത്രം കയറാനാകുന്ന കുടിലുകള്‍. കിടന്നുറങ്ങാനും ഭക്ഷണം കഴിക്കാനും കുട്ടികള്‍ക്ക് പഠിക്കാനും ഒറ്റമുറിയിലെ സൗകര്യം മാത്രം. അടച്ചുറപ്പുള്ള ശുചിമുറിയോ വെള്ളമോ ലഭ്യമല്ല. ചുറ്റും കാടുമൂടിയ ഉള്‍വനമായതിനാല്‍ ഇഴജന്തുക്കള്‍ വീട്ടിലെ നിത്യസന്ദര്‍ശകരാണ്. വര്‍ഷങ്ങളായി ഇവരിവിടെയാണ് ജീവിക്കുന്നത്. മതിയായ രേഖകളുണ്ടെങ്കിലും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇവര്‍ക്കില്ല. അടച്ചുറപ്പുള്ള വീടിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുമെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇനിയും ദൂരെയാണ്.


മൂത്ത മകള്‍ മാരിയമ്മ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും എത്തിച്ചു നല്‍കുന്നത്. താമസിക്കുന്നിടത്തു നിന്നും അഞ്ചു കിലോമീറ്റര്‍ അകലത്തിലാണ് ഇവരുടെ സ്‌കൂള്‍. പുതുശ്ശേരി പഞ്ചായത്തിലെ കൊട്ടാമുട്ടിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്ന് ചുള്ളിമട എന്ന സ്ഥലത്തെത്തിയാല്‍ മാത്രമേ ബസ് കിട്ടൂ. യാത്രാക്ലേശം രൂക്ഷമായതുകൊണ്ടുതന്നെ ദിവസവും സ്‌കൂളില്‍ പോകാന്‍ ഇവര്‍ക്ക് കഴിയാറില്ല. സ്‌കൂളില്‍ നിന്നും ഭക്ഷണം ലഭിക്കുന്ന പ്രതീക്ഷയാണ് ഇവരെ പലപ്പോഴും സ്‌കൂളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. അമ്മ മാസിലാമണി മരിച്ച് ദിവസങ്ങള്‍ മാത്രമായതുകൊണ്ട് കുട്ടികള്‍ സ്‌കൂളിലേക്ക് പോകാറില്ല. എസ്എസ്എല്‍സി പരീക്ഷ അടുക്കുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാരിയമ്മയെക്കൊണ്ട് എങ്ങനെയെങ്കിലും പരീക്ഷയെഴുതിപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകര്‍. വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയാത്തതുകൊണ്ടുതന്നെ പിതാവ് രാജേന്ദ്രനെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമവും കഠിനമാണ്.


അച്ഛന്‍ രാവിലെ പണിക്കു പോയാല്‍ സന്ധ്യമയങ്ങിയേ വീടണയൂ. അമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ ആറു കുട്ടികള്‍. മൂത്തകുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ ഇളയ മൂന്നു മക്കളെ ആരു നോക്കുമെന്നതും ഇവര്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. നാലാമത്തെയും അഞ്ചാമത്തെയും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ട പ്രായവും കഴിഞ്ഞു. അമ്മയില്ലാത്ത അഞ്ചു പെണ്‍കുട്ടികളുടെയും ഒന്നരവയസ്സു മാത്രമുള്ള ആണ്‍കുഞ്ഞിന്റെയും സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തങ്ങളെക്കൊണ്ടാവുംവിധം ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുകയാണ്. കാടും കാട്ടുസംസ്‌കാരവും വിട്ട് പുറംലോകത്തേക്ക് വരാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല.


പനമ്പു ഷെഡില്‍ നിന്നും അടച്ചുറപ്പുള്ള മറ്റൊരിടത്തേക്ക് എങ്കിലും ഇവരെ മാറ്റാനുള്ള ശ്രമത്തിലാണ്  പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീദ. വനഭൂമിയായതിനാല്‍ ഫോറസ്റ്റിന്റെ അനുമതി വേണം. കുട്ടികളുടെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിക്ക് കത്തയച്ചെങ്കിലും കുട്ടികളെ മാറ്റിത്താമസിപ്പിക്കാന്‍ പിതാവ് രാജേന്ദ്രന്‍ തയ്യാറാകാത്തതും പറക്കമുറ്റാത്ത ഈ കുട്ടികളുടെ  ജീവിതത്തെ ഇരുട്ടിലാക്കുന്നതായി പ്രസീദ പറയുന്നു.


ഗോത്ര മേഖലയിലെ വികസനത്തിനും മറ്റുമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെയുണ്ട്. പക്ഷേ, ഇതിന്റെയൊന്നും യാതൊരു പ്രയോജനവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം കുടുംബങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നിടത്താണ് വികസനം എന്നത് വെറും വാക്കല്ലാതാകുന്നത്.


ഇരുള വിഭാഗമായിട്ടും ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന റേഷന്‍കാര്‍ഡ് വെള്ളക്കളറിലുള്ള പൊതുവിഭാഗത്തിന്റെതാണ്. ഈ കാര്‍ഡ് മാറ്റി ബിപിഎല്‍ കാര്‍ഡാക്കാന്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ പല തവണ ശ്രമങ്ങള്‍ നടത്തി.  കാര്‍ഡ് മാറ്റത്തിനായി തിരുവനന്തപുരത്തുനിന്നും അനുമതി ലഭിക്കണമെന്നും ഒരു നിശ്ചിത എണ്ണം കാര്‍ഡ് മാത്രമേ ദാരിദ്ര്യ രേഖയ്ക്ക് താഴേക്ക് മാറ്റാന്‍ സാധിക്കൂ എന്നുമാണ് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പറയുന്നത്.


അനര്‍ഹരായ നിരവധി ആളുകള്‍ പ്രത്യേക പരിഗണന ലഭിക്കുന്ന മഞ്ഞയും ചുവപ്പും റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച് ആനുകൂല്യങ്ങള്‍ പറ്റുമ്പോള്‍ അര്‍ഹരായ ഒട്ടേറെപ്പേരാണ് നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് പുറന്തള്ളപ്പെടുന്നത്.